കൊടുങ്കാറ്റിനെ അതിജീവിക്കാൻ ദാമ്പത്യത്തിനു കഴിയുമോ?
“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”—മത്തായി 19:6.
ഉറപ്പും ബലവുമുള്ളതായി കാണപ്പെട്ട വീടുകൾ പൂർണമായും തകർന്നടിഞ്ഞു. അടുത്തയിടെ അതിശക്തമായ കൊടുങ്കാറ്റുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഹാരതാണ്ഡവമാടിയപ്പോൾ അനേകം കെട്ടിടങ്ങളുടെയും കെട്ടുറപ്പ് കടുത്ത പരീക്ഷണത്തിനു വിധേയമായി.
എന്നാൽ മറ്റൊരു തരം കൊടുങ്കാറ്റ് ഇന്ന്, ദാമ്പത്യമെന്ന യുഗപ്പഴക്കമുള്ള ക്രമീകരണത്തിന്റെ അടിത്തറയും ഘടനയും തകർക്കുംവിധം ആഞ്ഞടിക്കുകയാണ്. “പരിണതഫലം എന്തുതന്നെ ആയിരുന്നാലും, സ്വകാര്യവും സാമൂഹികവുമായ ജീവിതത്തിൽ ദാമ്പത്യത്തിനുള്ള കേന്ദ്രസ്ഥാനത്തിനു ഭ്രംശം ഭവിച്ചിരിക്കുന്നു” എന്ന് കുടുംബ ക്രമീകരണത്തെക്കുറിച്ചു പഠനം നടത്തുന്ന സ്റ്റിഫാനി കൂൺഡ്സ് പ്രസ്താവിക്കുന്നു.
ഇത്തരം പ്രവണതയുടെ ഫലം നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? സമൂഹത്തിൽ വിവാഹ ക്രമീകരണത്തിനുള്ള ആദരണീയ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ദാമ്പത്യം സന്തുഷ്ടമാക്കി നിലനിറുത്താൻ ഇന്ന് ഒരു വ്യക്തിക്ക് എന്തു പ്രത്യാശയാണുള്ളത്? എന്നാൽ ആദ്യംതന്നെ, ദാമ്പത്യത്തിനു ഭീഷണി ഉയർത്തുന്നത് എന്താണെന്ന് നമുക്കു നോക്കാം!
ദാമ്പത്യം ഭീഷണി നേരിടുന്നു
ദാമ്പത്യത്തിനുനേരെയുള്ള ആക്രമണങ്ങൾ ഒരു പുതിയ സംഭവമല്ല, മാനുഷ ചരിത്രത്തിന്റെ തുടക്കംമുതൽ അതുണ്ട്. നമ്മുടെ ആദ്യമാതാപിതാക്കളിൽ വികാസംപ്രാപിച്ച അനഭികാമ്യ ഗുണങ്ങളും മനോഭാവങ്ങളും ഇന്നു നാം അനുഭവിക്കുന്ന ദാമ്പത്യ പ്രശ്നങ്ങൾക്കു വഴിവെച്ചു. സ്വാർഥ മോഹങ്ങൾക്കു വഴിപ്പെട്ടുകൊണ്ട് ആദാമും ഹവ്വായും പാപംചെയ്യുകയും അങ്ങനെ ‘പാപം ലോകത്തിൽ കടക്കുകയും’ ചെയ്തു. (റോമർ 5:12) ബൈബിളിലെ ചരിത്രരേഖ പ്രകടമാക്കുന്നതുപോലെ അതിനുശേഷം വളരെ പെട്ടെന്നുതന്നെ, മനുഷ്യന്റെ “ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും . . . ദോഷമുള്ള”തായിത്തീർന്നു.—ഉല്പത്തി 6:5.
ഇന്നുവരെയും ആ സ്ഥിതിയിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ദാമ്പത്യത്തിന്റെ അടിത്തറ മാന്തുന്ന വിനാശകമായ ‘നിരൂപണങ്ങളിൽ’ ഒന്നാണ് സ്വാർഥ മോഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള മനുഷ്യന്റെ അശ്രാന്തപരിശ്രമം. ‘പുത്തൻ ധാർമികത’ അരങ്ങുവാഴുന്ന ഈ യുഗത്തിൽ വിവാഹവും ദാമ്പത്യവുമെല്ലാം തികച്ചും അപ്രായോഗികമായ ഒരു പഴംപുരാണമായി വീക്ഷിക്കപ്പെടുന്നു. വിവാഹമോചനങ്ങൾക്കു കടിഞ്ഞാണിടുന്ന നിയമങ്ങളിൽ ഉണ്ടായിട്ടുള്ള ഇളവുകൾ നിമിത്തം, വിവാഹമോചനവുമായി ബന്ധപ്പെട്ട് മുമ്പ് അനുഭവപ്പെട്ടിരുന്നതുപോലുള്ള നാണക്കേടൊന്നും ഇന്ന് ആളുകൾക്കില്ല.
ഏതു കാര്യവും എത്രയും പെട്ടെന്നു നടക്കണം എന്ന മനോഭാവമുള്ള അക്ഷമരായ വ്യക്തികൾ വിവാഹമോചനത്തിന്റെ പരിണതഫലങ്ങളെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ലാത്ത ഒരു സ്വതന്ത്ര ജീവിതം എന്ന വഞ്ചനാത്മക വാഗ്ദാനത്തിൽ ആകൃഷ്ടരാകുന്ന അവർ, വിവാഹബന്ധം പൊട്ടിച്ചെറിയുന്നതു തങ്ങളെ സന്തുഷ്ടരാക്കുമെന്നു വിശ്വസിക്കുന്നു.
വിവാഹ ജീവിതം കാറും കോളും നിറഞ്ഞതാകുമ്പോൾ മറ്റു ചിലർ ചികിത്സാ വിദഗ്ധരിലേക്കും വിവാഹ ഉപദേഷ്ടാക്കളിലേക്കും അല്ലെങ്കിൽ അവർ എഴുതിയിട്ടുള്ള പുസ്തകങ്ങളിലേക്കും തിരിയുന്നു. ദാമ്പത്യകാര്യങ്ങിൽ ഉപദേശം നൽകുന്ന ചില “വിദഗ്ധന്മാർ” ബന്ധങ്ങൾ കരുപ്പിടിപ്പിക്കുന്നതിനു പകരം വിവാഹമോചനം ശുപാർശ ചെയ്യുന്നതിൽ സമർഥരാണെന്നതു സങ്കടകരമാണ്. ദ കേസ് ഫോർ മാര്യേജ് എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ഒരുപക്ഷേ മാനുഷ ചരിത്രത്തിൽ ആദ്യമായിട്ട് ദാമ്പത്യമെന്ന ആദർശഭദ്രമായ ക്രമീകരണം നിരന്തര ആക്രമണം നേരിടുകയാണ്. അതിന്റെ ഫലം അമ്പരപ്പുളവാക്കുന്നു. ചിലപ്പോഴൊക്കെ അത്തരം ആക്രമണങ്ങൾ, ആജീവനാന്തം വൈവാഹിക വിശ്വസ്തത കാക്കുകയെന്നത് അപ്രായോഗികവും അന്യായവുമാണെന്നു വിശ്വസിക്കുന്ന ‘വിദഗ്ധരിൽ’നിന്നുതന്നെ വരുന്നു.”
മാറിമറിയുന്ന കാഴ്ചപ്പാടുകൾ
ദാമ്പത്യത്തിന്റെ പ്രകൃതവും ഉദ്ദേശ്യവും സംബന്ധിച്ച വീക്ഷണങ്ങൾക്കും മാറ്റംഭവിച്ചിരിക്കുന്നു. വിശ്വസ്തതയോടെ പരസ്പരം പിന്തുണച്ചിരുന്ന ദമ്പതികളുടെ സ്ഥാനത്ത്, ഇണയുടെ ക്ഷേമം അപകടത്തിലാക്കിക്കൊണ്ടുപോലും ആത്മനിർവൃതി തേടുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. സ്വാർഥതാത്പര്യത്തിലധിഷ്ഠിതമായ ഈ മനോഭാവം “1960-കളിൽ രംഗപ്രവേശം ചെയ്യുകയും 1970-കളിൽ പ്രബലപ്പെടുകയും” ചെയ്തുവെന്ന് ജേർണൽ ഓഫ് മാര്യേജ് ആൻഡ് ഫാമിലി പറയുന്നു. വിവാഹം കഴിക്കുന്നതിനുള്ള പരമ്പരാഗതമായ കാരണങ്ങൾ—സ്നേഹിക്കപ്പെടാനും കുളിർമ പകരുന്ന സൗഹൃദം ആസ്വദിക്കാനുമുള്ള ആഗ്രഹം, ഇണയുടെ വിശ്വസ്തതയ്ക്ക് ഉറപ്പു ലഭിക്കാനും പരസ്പരം തൃപ്തിപ്പെടുത്താനും മക്കളെ വളർത്താനുമുള്ള അഭിലാഷം തുടങ്ങിയവ—ഏറെക്കുറെ അപ്രസക്തമായിത്തീർന്നിരിക്കുന്നു.
അടുത്ത കാലത്തുണ്ടായ മറ്റു ചില സ്ഥിതിവിശേഷങ്ങൾ അനേകം നാടുകളിലും ദാമ്പത്യത്തിൽ കൂടുതൽ പുഴുക്കുത്തുകൾ വീഴ്ത്തിയിരിക്കുന്നു. ഭർത്താവ് ഉപജീവനമാർഗം തേടുകയും ഭാര്യ വീട്ടുകാര്യങ്ങൾ നോക്കിനടത്തുകയും ചെയ്യുകയെന്ന പരമ്പരാഗത രീതിക്കു മാറ്റം ഭവിച്ചിരിക്കുന്നുവെന്നതാണ് ഒരു സംഗതി. സ്ത്രീകൾ അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽനിന്ന് ഓഫീസിന്റെ പടവുകൾ ചവിട്ടിത്തുടങ്ങിയതോടെ ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായുള്ള കുടുംബങ്ങളുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. രണ്ടാമതായി, വിവാഹം കൂടാതെയുള്ള ബന്ധത്തിലൂടെ മക്കളുണ്ടാകുന്നത് കൂടുതൽ സ്വീകാര്യമായിത്തീർന്നിരിക്കുന്നതിനാൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരുന്നു. മൂന്നാമതായി, വിവാഹം കൂടാതെ പുരുഷനും സ്ത്രീയും ഒരുമിച്ചു പാർക്കുന്ന രീതി എങ്ങും വർധിച്ചുവരുകയാണ്. (“സ്ഥിരതയുടെ കാര്യത്തിൽ ദാമ്പത്യത്തെക്കാൾ പിന്നിൽ” എന്ന ചതുരം കാണുക) നാലാമതായി, സ്വവർഗബന്ധങ്ങളും അവ നിയമപരമാക്കാനുള്ള നീക്കങ്ങളും വ്യാപകമായ അംഗീകാരം നേടിയിരിക്കുന്നു. ഇത്തരം ആധുനിക പ്രവണതകൾ, ദാമ്പത്യം സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ?
വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു
വിവാഹമോചനത്തിന്റെ ഏറിവരുന്ന പ്രചാരം പല രാജ്യങ്ങളിലും ദാമ്പത്യം ശിഥിലമാകുന്നതിന് ഇടയാക്കിയിരിക്കുന്നു. അടുത്തകാലത്തെ ഒരു റിപ്പോർട്ടനുസരിച്ച് “വിവാഹമോചനം നേടിയ ദമ്പതികളുടെ എണ്ണം [ഐക്യനാടുകളിൽ] 1970-നും 1996-നും ഇടയിൽ നാലിരട്ടിയായിത്തീർന്നിരുന്നു.” ഏകദേശം, പ്രായപൂർത്തിയായ 5 പേരിൽ ഒരാൾ വീതം വിവാഹമോചനമാകുന്ന കൊടുങ്കാറ്റിന്റെ കെടുതികൾ അനുഭവിച്ചിരിക്കുന്നു. ദാമ്പത്യത്തകർച്ച ഏറ്റവുമധികം സംഭവിക്കാൻ സാധ്യതയുള്ളത് ആർക്കിടയിലാണ്? ഏകദേശം 60 ശതമാനം വിവാഹമോചനങ്ങളും നടക്കുന്നത് ആദ്യത്തെ പത്തു വർഷത്തിനുള്ളിലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു.
മറ്റു രാജ്യങ്ങളിലും വേർപിരിയുന്ന ദാമ്പത്യങ്ങളുടെ ഗ്രാഫ് കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വിവാഹമോചനങ്ങളുടെ മൊത്തം എണ്ണം 2004-ൽ 1,53,490 ആയിത്തീർന്നു. ഓസ്ട്രേലിയയിലെ വിവാഹങ്ങളിൽ 40 ശതമാനവും ഈ വിധത്തിൽ തകരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൊറിയൻ റിപ്പബ്ലിക്കിൽ ഒറ്റ വർഷത്തിനുള്ളിൽ—2002-നും 2003-നും ഇടയിൽ—വിവാഹമോചനങ്ങളുടെ എണ്ണത്തിലുണ്ടായ വർധന 21,800 ആയിരുന്നു; ഈ കാലയളവിൽ ആകെ 1,67,100 ദമ്പതികൾ വിവാഹമോചനം നേടി. 4 വിവാഹങ്ങളിൽ ഒന്നു വീതം മോചനത്തിൽ കലാശിക്കുന്ന രാജ്യമായ ജപ്പാൻ യൂറോപ്പിലെ വിവാഹമോചനനിരക്കിനോട് അടുത്തുവന്നുകൊണ്ടിരിക്കുന്നു. ജപ്പാനിലെ റെഡ് ക്രോസ് യൂണിവേഴ്സിറ്റിയിൽ കുടുംബ ക്രമീകരണത്തെക്കുറിച്ചു പഠനം നടത്തുന്ന ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മുമ്പൊക്കെ അങ്ങേയറ്റം മോശമായ നിലയിലുള്ള വിവാഹങ്ങൾ മാത്രമായിരുന്നു മോചനത്തിൽ കലാശിച്ചിരുന്നത്. പക്ഷേ ഇന്നിപ്പോൾ ഏതു തരത്തിലുള്ള ജീവിതരീതിയാണ് ഒരു വ്യക്തിക്കു താത്പര്യം എന്നതിനെ ആശ്രയിച്ച് തിരഞ്ഞെടുക്കാവുന്ന ഒന്നായിത്തീർന്നിരിക്കുകയാണ് അത്.”
പരമ്പരാഗതമായ മതസ്ഥാപനങ്ങളും സാമൂഹിക പാരമ്പര്യങ്ങളും പല രാജ്യങ്ങളിലും ദാമ്പത്യഭദ്രതയ്ക്കു തുണനിന്നിരുന്നു. എന്നാൽ, വിവാഹമോചനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹികാംഗീകാരത്തിന്റെ തിരത്തള്ളൽ ചെറുത്തുനിൽക്കാൻ ഇവയ്ക്കാകുന്നില്ല. ഉദാഹരണത്തിന് വിവാഹത്തെ പരിപാവനമായി വീക്ഷിക്കുന്ന റോമൻ കത്തോലിക്കാ സഭയുടെ കാര്യമെടുക്കുക. 1983-ൽ സഭ, വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുവരുത്തിക്കൊണ്ട് വിവാഹമോചനം നേടുക വിശ്വാസികൾക്ക് എളുപ്പമാക്കിത്തീർത്തു. അങ്ങനെ അന്നുമുതൽ അതു കൂടുതൽ വിവാഹമോചനങ്ങൾക്കു സാക്ഷ്യംവഹിച്ചിരിക്കുന്നു.
വ്യക്തമായും ദാമ്പത്യത്തെ വിളക്കിച്ചേർക്കുന്ന മൂല്യങ്ങൾ തകരുകയാണ്. എന്നാൽ അതിന്റെ എല്ലാ കാരണങ്ങളും വ്യക്തമല്ല. യഥാർഥത്തിൽ, ശിഥില ദാമ്പത്യത്തിന്റെ അടിവേരുകൾ തേടിയാൽ പൊതുവിലുള്ള സാമൂഹിക അധഃപതനത്തിനു പുറമേ മനുഷ്യവർഗത്തിൽ ഏറെപ്പേരുടെയും കാഴ്ചയിൽപ്പെടാതെ മറഞ്ഞിരിക്കുന്ന മറ്റൊരു സുപ്രധാന ഘടകം കണ്ടെത്താൻ നമുക്കു കഴിയും.
കൊടുങ്കാറ്റിനു പിന്നിലെ സംഹാരമൂർത്തി
സ്വാർഥതയുടെ മൂർത്തിമദ്ഭാവമായ പിശാചായ സാത്താൻ മനുഷ്യരുടെമേൽ അദൃശ്യ സ്വാധീനം ചെലുത്തുന്നതായി ബൈബിൾ നമ്മോടു പറയുന്നു. അത്യന്തം വിനാശകമായ ആ സ്വാധീനം നാൾക്കുനാൾ വർധിച്ചുവരുകയാണ്. സ്വർഗത്തിൽനിന്നു ഭൂമിയുടെ പരിസരത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നതിനാൽ അവൻ അങ്ങേയറ്റം കുപിതനാണ് എന്നതാണ് അതിനു കാരണം. കഴിയുന്നത്ര “കഷ്ടം” അല്ലെങ്കിൽ കുഴപ്പം സൃഷ്ടിക്കാൻ അവൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ്. കോപവെറിപൂണ്ട അവന്റെ ലക്ഷ്യങ്ങളിൽ ഒന്നുമാത്രമാണ് ദാമ്പത്യമെന്ന ദിവ്യ ക്രമീകരണം.—വെളിപ്പാടു 12:9, 12.
സാത്താന്റെ നിഷ്കാസനത്തിനുശേഷമുള്ള ഭൂമിയിലെ അവസ്ഥയെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.” (മത്തായി 24:12) സമാനമായി പൗലൊസ് അപ്പൊസ്തലൻ പിൻവരുംവിധം എഴുതി: “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.” (2 തിമൊഥെയൊസ് 3:2-5) അധമമായ ഇത്തരം സ്വഭാവഗുണങ്ങൾ മനുഷ്യരിൽ എന്നും പ്രകടമായിരുന്നിട്ടുണ്ടെങ്കിലും മിക്കവരും സമ്മതിക്കുന്നതുപോലെ, അവ ഇന്ന് അവരുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നതായി കാണപ്പെടുന്നു.
ദാമ്പത്യത്തിനുനേരെ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കവേ സ്വയം സംരക്ഷിക്കാനും ദീർഘവും യഥാർഥ സന്തുഷ്ടി നിറഞ്ഞതുമായ ഒരു വിവാഹ ജീവിതം ആസ്വദിക്കാനും നമുക്ക് എന്തു ചെയ്യാനാകും? അടുത്ത ലേഖനം ഈ ചോദ്യം പരിചിന്തിക്കും.
[5-ാം പേജിലെ ആകർഷക വാക്യം]
“ആവശ്യമില്ലാത്ത വസ്തുക്കൾ എറിഞ്ഞുകളയാൻ ശീലിച്ചിരിക്കുന്ന ആധുനിക സമൂഹത്തിൽ, മാനുഷബന്ധങ്ങളുടെ കാര്യത്തിലും സമാനമായ ഒരു മനോഭാവം വെച്ചുപുലർത്താൻ മനുഷ്യർ ചായ്വു കാണിക്കുന്നു.”—സാൻഡ്ര ഡേവിസ്, കുടുംബ നിയമവിദഗ്ധ
[4-ാം പേജിലെ ചതുരം/ചിത്രം]
സ്ഥിരതയുടെ കാര്യത്തിൽ ദാമ്പത്യത്തെക്കാൾ പിന്നിൽ
അനേകരും വിവാഹത്തിന്റെ പ്രതിബദ്ധത കൂടാതെ ഒരുമിച്ചു പാർക്കുന്നു. പക്ഷേ സ്ഥിരതയുടെ കാര്യത്തിൽ അത്തരം ബന്ധങ്ങൾ ദാമ്പത്യത്തെക്കാൾ പിന്നിലാണെന്ന് യു.എസ്. രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങളുടെ ഒരു റിപ്പോർട്ട് പ്രകടമാക്കുന്നു. വിവാഹശേഷം തങ്ങൾക്കു പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാനാകുമോയെന്നു പരിശോധിച്ചറിയുക എന്നതാണ് ഇങ്ങനെ ഒരുമിച്ചു പാർക്കുന്ന ചില ദമ്പതികളുടെ ലക്ഷ്യം. ചേർച്ചയില്ലാത്ത ബന്ധങ്ങൾ ഒഴിവാക്കാനും എന്നാൽ പൊരുത്തമുള്ളവരുടെ തുടർന്നുള്ള ദാമ്പത്യജീവിതം ശോഭനമാക്കാനും ഈ ഇടപാട് സഹായകമാണോ? അല്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അതു സംബന്ധിച്ച് ജേർണൽ ഓഫ് മാര്യേജ് ആൻഡ് ഫാമിലി ഇങ്ങനെ പറയുന്നു: “കുറഞ്ഞ ദാമ്പത്യ സംതൃപ്തി, . . . കൂടുതൽ ദാമ്പത്യ പ്രശ്നങ്ങൾ, . . . ദാമ്പത്യത്തകർച്ചയ്ക്കുള്ള വർധിച്ച സാധ്യത എന്നിവയെല്ലാം വിവാഹത്തിനുമുമ്പ് ഇണകൾ ഒരുമിച്ചു പാർക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.”
[5-ാം പേജിലെ ചതുരം/ചിത്രം]
ദീർഘായുസ്സും ദാമ്പത്യവും
ഇന്ന് ആളുകൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നു. അത്തരം ഒരു നല്ല കാര്യംപോലും ദാമ്പത്യം കൂടുതൽ സമ്മർദപൂരിതമാകാൻ ഇടയാക്കിയിരിക്കുന്നു. മുൻകാലങ്ങളിൽ മരണം വേർപിരിക്കുമായിരുന്ന പല ദാമ്പത്യബന്ധങ്ങൾക്കും ഇന്നു വിവാഹമോചനം അന്ത്യംകൽപ്പിക്കുന്നു. ദീർഘകാലം ദാമ്പത്യജീവിതം നയിച്ചിരിക്കുന്ന ജപ്പാനിലെ സ്ത്രീകളെ പിടികൂടുന്ന അസാധാരണമായ ഒരു ദാമ്പത്യ വ്യാധിയെക്കുറിച്ചു ചിന്തിക്കുക. ദ വാഷിങ്ടൺ പോസ്റ്റ് പറയുന്നതനുസരിച്ച് വിദഗ്ധർ അതിനെ “ആർഎച്ച്എസ്,” അഥവാ “റിട്ടയേഡ് ഹസ്ബൻഡ് സിൻഡ്രൊം” എന്നു പേർവിളിക്കുന്നു. ഭർത്താവ് തൊഴിലിൽനിന്നു വിരമിച്ചതിനെത്തുടർന്ന് തന്റെ ഉള്ളിൽ തോന്നിയ കാര്യത്തെക്കുറിച്ച്, 40 വർഷം വിവാഹജീവിതം നയിച്ച ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഇനിയിപ്പോൾ വിവാഹമോചനം നേടുകയല്ലാതെ തരമില്ല. ദിവസവും ജോലി കഴിഞ്ഞെത്തുമ്പോൾ അദ്ദേഹത്തിനു വേണ്ടുന്നതെല്ലാം ചെയ്തുകൊടുക്കുന്നത് ഒരു വല്ലാത്ത തലവേദനയായിരുന്നു. അതുകൊണ്ടുതന്നെ സദാസമയവും അദ്ദേഹം വീട്ടിലുണ്ടായിരിക്കുന്നത് എനിക്ക് അങ്ങേയറ്റം അസഹ്യമായിത്തീർന്നിരുന്നു.”