ബൈബിളിന്റെ വീക്ഷണം
ശാസ്ത്രം ഉല്പത്തി വിവരണത്തിനു വിരുദ്ധമോ?
സൃഷ്ടിക്രിയകളെക്കുറിച്ചുള്ള ബൈബിൾ വിവരണം ശാസ്ത്രം അംഗീകരിക്കുന്നില്ലെന്നു പലരും അവകാശപ്പെടുന്നു. എന്നാൽ ശാസ്ത്രത്തിന് യഥാർഥത്തിൽ വൈരുധ്യമുള്ളത് ക്രിസ്ത്യൻ മൗലികവാദികൾ എന്നു വിളിക്കപ്പെടുന്നവരുടെ കാഴ്ചപ്പാടുകളുമായിട്ടാണ്, അല്ലാതെ ബൈബിളുമായിട്ടല്ല. ഏതാണ്ട് 10,000 വർഷങ്ങൾക്കുമുമ്പ് 24 മണിക്കുർ വീതമുള്ള 6 ദിവസങ്ങൾകൊണ്ട് ഭൗതിക പ്രപഞ്ചം ഉളവാക്കപ്പെട്ടു എന്നു ബൈബിൾ പഠിപ്പിക്കുന്നതായി ഇങ്ങനെയുള്ള ചില സംഘടനകൾ തെറ്റായി നിഗമനം ചെയ്തിരിക്കുന്നു.
എന്നാൽ ബൈബിൾ അങ്ങനെയൊരു നിഗമനത്തെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ ചെയ്താൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നടന്ന അനേക ശാസ്ത്രീയ കണ്ടെത്തലുകൾ ബൈബിളിന്റെ കൃത്യതയിൽ സംശയം ജനിപ്പിക്കും. ബൈബിളിന്റെ ഒരു സൂക്ഷ്മ പഠനം, സുസ്ഥാപിതമായ ശാസ്ത്രീയ വസ്തുതകൾക്ക് എതിരായതൊന്നും അതിലില്ലെന്നു തെളിയിക്കും. അതുകൊണ്ടുതന്നെ, യഹോവയുടെ സാക്ഷികൾ “ക്രിസ്ത്യൻ” മൗലികവാദികളുമായും പല സൃഷ്ടിവാദിസംഘടനകളുമായും വിയോജിക്കുന്നു. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന് തുടർന്നുവരുന്ന ഭാഗങ്ങളിൽ കാണാം.
എന്നായിരുന്നു ദൈവം ‘ആകാശവും ഭൂമിയും സൃഷ്ടിച്ചത്’?
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന ലളിതവും ശക്തവുമായ പ്രസ്താവനയോടെയാണ് ഉല്പത്തി വിവരണം ആരംഭിക്കുന്നത്. (ഉല്പത്തി 1:1) 3-ാം വാക്യംമുതൽ പ്രതിപാദിക്കുന്ന സൃഷ്ടിദിവസങ്ങളിലെ ക്രിയകളിൽനിന്നു വ്യത്യസ്തമായ ഒരു പ്രവർത്തനത്തെയാണ് ഇവിടെ പരാമർശിക്കുന്നത് എന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്ക് ഒരേ സ്വരമാണ്. ഈ വ്യത്യാസം തിരിച്ചറിയുന്നതു വളരെ പ്രധാനമാണ്. ബൈബിളിന്റെ ആമുഖ പ്രസ്താവനയനുസരിച്ച് സൃഷ്ടിപ്പിൻ ദിവസങ്ങൾ തുടങ്ങുന്നതിനു മുമ്പുതന്നെ നമ്മുടെ ഭൂമി ഉൾപ്പെടുന്ന ഈ പ്രപഞ്ചം അനിശ്ചിത കാലത്തോളം സ്ഥിതിചെയ്തിരുന്നു.
ഭൂമിക്ക് ഏതാണ്ട് 400 കോടി വർഷം പഴക്കമുണ്ടെന്ന് ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അതുപോലെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ അനുമാനത്തിൽ പ്രപഞ്ചത്തിന് ഏതാണ്ട് 1500 കോടി വർഷം പഴക്കമുണ്ട്. ഈ കണക്കുകളോ അതിൽ ഉണ്ടായേക്കാവുന്ന പൊരുത്തപ്പെടുത്തലുകളോ ഉല്പത്തി 1:1-ലെ പ്രസ്താവന സത്യമല്ലെന്നു തെളിയിക്കുമോ? ഇല്ല. “ആകാശവും ഭൂമിയും” യഥാർഥത്തിൽ എത്ര പഴക്കമുള്ളതാണന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല. അതുകൊണ്ട് ബൈബിളിന്റെ പ്രസ്താവന തെറ്റാണെന്നു ശാസ്ത്രം തെളിയിക്കുന്നില്ല.
സൃഷ്ടിദിവസങ്ങൾ എത്ര ദൈർഘ്യമുള്ളവ ആയിരുന്നു?
സൃഷ്ടിദിവസങ്ങൾക്ക് യഥാർഥത്തിൽ 24 മണിക്കൂർ ദൈർഘ്യമാണോ ഉണ്ടായിരുന്നത്? ഉല്പത്തിയുടെ എഴുത്തുകാരനായ മോശെ ആറു സൃഷ്ടിദിവസങ്ങളെ തുടർന്നുവന്ന ദിവസത്തെ വാരംതോറുമുള്ള ശബത്തിനു മാതൃകയാക്കി പരാമർശിക്കുന്നതുകൊണ്ട് ചിലർ അവകാശപ്പെടുന്നത് ഓരോ സൃഷ്ടിദിവസവും അക്ഷരാർഥത്തിൽ 24 മണിക്കൂർ ദൈർഘ്യമുള്ളവയാണെന്നാണ്. (പുറപ്പാടു 20:11) ഉല്പത്തി പുസ്തകത്തിന്റെ ആഖ്യാനശൈലി ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുണ്ടോ?
തീർച്ചയായും ഇല്ല. വാസ്തവത്തിൽ “ദിവസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന് 24 മണിക്കൂർ കാലയളവിനെ മാത്രമല്ല വ്യത്യസ്ത സമയദൈർഘ്യങ്ങളെ കൂടി അർഥമാക്കാൻ കഴിയും. ഉദാഹരണത്തിന് ദൈവത്തിന്റെ സൃഷ്ടിക്രിയകളെക്കുറിച്ചു സംസാരിക്കവേ മോശെ ആറു സൃഷ്ടി ദിവസങ്ങളെയും ഒരുമിച്ച് ഒരു “നാൾ” (“ദിവസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ എബ്രായ പദം തന്നെ ഇവിടെ ഉപയോഗിച്ചിരിക്കുന്നു) എന്നു പരാമർശിക്കുന്നുണ്ട്. (ഉല്പത്തി 2:4) കൂടാതെ ഒന്നാമത്തെ സൃഷ്ടിദിവസം “ദൈവം വെളിച്ചത്തിന്നു പകൽ [എബ്രായയിൽ, “ദിവസം”] എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു.” (ഉല്പത്തി 1:5) ഇവിടെ 24 മണിക്കൂർ കാലയളവിന്റെ ഒരു ഭാഗത്തെയാണ് എബ്രായയിൽ “ദിവസം” എന്നു വിളിച്ചിരിക്കുന്നത്. തീർച്ചയായും, ഓരോ സൃഷ്ടിദിവസവും 24 മണിക്കുർ ദൈർഘ്യമുള്ളവയാണെന്നു കണ്ണുമടച്ചു വിശ്വസിക്കുന്നതിനു തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ല.
അങ്ങനെയെങ്കിൽ സൃഷ്ടിദിവസങ്ങൾ എത്ര ദൈർഘ്യമുള്ളവ ആയിരുന്നു? ഉല്പത്തി പുസ്തകം ഒന്നും രണ്ടും അധ്യായങ്ങളിലെ ആഖ്യാനശൈലി സൂചിപ്പിക്കുന്നത് വളരെ ദീർഘമായ കാലഘട്ടം ഉൾപ്പെട്ടിട്ടുണ്ടെന്നാണ്.
സൃഷ്ടികൾ ക്രമേണ പ്രത്യക്ഷമാകുന്നു
എബ്രായ ഭാഷയിലാണ് മോശെ വിവരണം എഴുതിയത്. കൂടാതെ ഭൂമിയിൽ നിൽക്കുന്ന ഒരാളുടെ വീക്ഷണത്തിലൂടെയാണ് അദ്ദേഹം വിവരങ്ങൾ രേഖപ്പെടുത്തിയത്. ഈ രണ്ടു വസ്തുതകളും, സൃഷ്ടിപ്പിൻ ‘ദിവസങ്ങൾക്ക്’ അഥവാ കാലഘട്ടങ്ങൾക്കു മുമ്പുതന്നെ പ്രപഞ്ചം നിലനിന്നിരുന്നു എന്ന അറിവും, ഉല്പത്തി വിവരണത്തെക്കുറിച്ചുള്ള മിക്കവാറും വിവാദങ്ങളെ നിരർഥകമാക്കും. അത് എങ്ങനെ?
ഒരു ‘ദിവസത്തിലെ’ സൃഷ്ടിക്രിയകൾ ഒന്നോ അതിലധികമോ ദിവസങ്ങളിലേക്കു തുടർന്നതായി ഉല്പത്തി പുസ്തകത്തിന്റെ ഒരു സൂക്ഷ്മ പരിശോധന വെളിവാക്കുന്നു. ഉദാഹരണത്തിന്, സൃഷ്ടിപ്പിന്റെ ഒന്നാം “ദിവസം” ആരംഭിക്കുന്നതുവരെ സൂര്യന്റെ വെളിച്ചം ഏതോ കാരണത്താൽ—കനത്ത മേഘപാളികൾ മൂലമായിരിക്കാം—ഭൂമിയിൽ എത്തിയിരുന്നില്ല. (ഇയ്യോബ് 38:9) ഒന്നാം “ദിവസം” ഈ തടസ്സം ക്രമേണ മാറി നേരിയ വെളിച്ചം അന്തരീക്ഷത്തിലൂടെ കടന്നുവരാൻ തുടങ്ങി.a
തെളിവനുസരിച്ച് രണ്ടാം ‘ദിവസവും’ അന്തരീക്ഷം ക്രമേണ തെളിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ കനത്ത മേഘപാളികൾക്കും താഴെയുള്ള സമുദ്രത്തിനും മധ്യേ ഒരു വിതാനം ഉണ്ടായി. നാലാം “ദിവസം” “ആകാശവിതാനത്തിൽ” സൂര്യനെയും ചന്ദ്രനെയും കാണാൻ കഴിയുന്ന അളവോളം അന്തരീക്ഷം പിന്നെയും തെളിഞ്ഞു. (ഉല്പത്തി 1:14-16) മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭൂമിയിൽനിന്നു നോക്കുന്ന ഒരു മനുഷ്യന് സൂര്യചന്ദ്രന്മാരെ വ്യതിരിക്തമായി കാണാൻ കഴിയുമായിരുന്നു. ഇതെല്ലാം ക്രമേണയാണു സംഭവിച്ചത്.
അഞ്ചാം “ദിവസം” അന്തരീക്ഷം കൂടുതൽ തെളിഞ്ഞതോടുകൂടി ചെറു കീടങ്ങളും സുതാര്യമായ ചിറകുള്ള ജീവികളും ഉൾപ്പെടെയുള്ള പറവജാതികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും ഉല്പത്തി വിവരണം പറയുന്നു. എന്നിരുന്നാലും ആറാം ‘ദിവസവും’ “യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മി”ച്ചുകൊണ്ടിരുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു.—ഉല്പത്തി 2:19.
വ്യക്തമായും ഓരോ സൃഷ്ടിദിവസത്തിലെയും അല്ലെങ്കിൽ കാലഘട്ടത്തിലെയും പ്രധാനപ്പെട്ട ചില സൃഷ്ടിക്രിയകൾ ക്ഷണത്തിൽ പ്രത്യക്ഷപ്പെടുന്നതിനു പകരം ക്രമേണ—ഒരുപക്ഷേ മറ്റു സൃഷ്ടിദിവസങ്ങളിലേക്കുപോലും ദീർഘിച്ചുകൊണ്ട്—പ്രത്യക്ഷപ്പെട്ടിരിക്കാമെന്നു വിശ്വസിക്കാൻ ബൈബിളിന്റെ ആഖ്യാനശൈലി അനുവദിക്കുന്നു.
അതതു തരമനുസരിച്ച്
സസ്യങ്ങളും മൃഗങ്ങളും ക്രമാനുഗതമായി പ്രത്യക്ഷപ്പെട്ടുവെന്നു പറയുമ്പോൾ, പരിണാമപ്രക്രിയയിലൂടെയാണ് ദൈവം നാനാതരം ജീവജാലങ്ങളെ ഉളവാക്കിയത് എന്ന ധ്വനി നൽകുന്നുണ്ടോ? ഇല്ല. ദൈവം “അതതു തരം” അടിസ്ഥാന സസ്യ-ജന്തുജാലങ്ങളെ സൃഷ്ടിച്ചു എന്ന് ഉല്പത്തി പുസ്തകം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. (ഉല്പത്തി 1:11, 12, 20-25) മാറ്റംവരുന്ന പരിസ്ഥിതിക്കനുസരിച്ച് അനുരൂപപ്പെടാനുള്ള പ്രാപ്തി സസ്യ-ജന്തുജാലങ്ങളിലെ ഈ അടിസ്ഥാന “തര”ങ്ങളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടായിരുന്നോ? ഒരു “തര”ത്തിന് എത്രത്തോളം മാറ്റംവരാൻ സാധിക്കും? ബൈബിൾ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. എന്നിരുന്നാലും “അതതുതരം” ജീവജാലങ്ങൾ “കൂട്ടമായി” സൃഷ്ടിക്കപ്പെട്ടുവെന്ന് അതു വ്യക്തമാക്കുന്നു. (ഉല്പത്തി 1:21) ജീവജാലങ്ങളുടെ ഒരു “തര”ത്തിനു സംഭവിക്കാവുന്ന മാറ്റത്തിനു പരിധിയുണ്ട് എന്ന് ഈ പ്രസ്താവന സൂചിപ്പിക്കുന്നു. യുഗങ്ങൾ കഴിഞ്ഞിട്ടും സസ്യ-ജന്തുജാലങ്ങളുടെ അടിസ്ഥാന വർഗങ്ങൾക്കു മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന ആശയത്തിന് ഫോസിൽ രേഖയും ആധുനിക ഗവേഷണവും പിന്തുണ നൽകുന്നു.
ഭൂമിയും അതിലെ ജീവജാലങ്ങളും ഉൾപ്പെടെയുള്ള പ്രപഞ്ചത്തിന് കാര്യമായ പഴക്കമില്ലെന്നും അവയെല്ലാം ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടുവെന്നും ചില മൗലികവാദികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഉല്പത്തി പുസ്തകം അങ്ങനെ പഠിപ്പിക്കുന്നില്ല. മറിച്ച് പ്രപഞ്ച സൃഷ്ടിയെക്കുറിച്ചും ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള ഉല്പത്തി വിവരണം അടുത്ത കാലത്തെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുമായി യോജിപ്പിലാണ്.
തത്ത്വശാസ്ത്രപരമായ വിശ്വാസങ്ങൾ കാരണം, സകലവും ദൈവം സൃഷ്ടിച്ചു എന്ന ബൈബിളിന്റെ പ്രസ്താവനയെ അനേകം ശാസ്ത്രജ്ഞന്മാർ തള്ളിക്കളയുന്നു. എന്നിരുന്നാലും, പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും ജീവജാലങ്ങൾ ഘട്ടംഘട്ടമായും ക്രമാനുഗതമായും ഒരു ദീർഘകാലംകൊണ്ട് ഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും മോശെ പ്രാചീന ബൈബിൾ പുസ്തകമായ ഉല്പത്തിയിൽ എഴുതിയെന്നതു ശ്രദ്ധേയമാണ്. ഇത്ര കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ ഏതാണ്ട് 3500 വർഷങ്ങൾക്കുമുമ്പ് മോശെക്ക് എങ്ങനെ ലഭിച്ചു? യുക്തിപൂർവകമായ ഒരു വിശദീകരണമേ അതിനുള്ളൂ. ആകാശവും ഭൂമിയും സൃഷ്ടിക്കാൻ പ്രാപ്തിയും ജ്ഞാനവുമുള്ള ഒരുവൻ കൃത്യമായ ഈ ശാസ്ത്രീയ അറിവു മോശെക്കു പകർന്നു കൊടുത്തു. ഇത് ബൈബിൾ “ദൈവശ്വാസീയ”മാണെന്ന അവകാശവാദത്തിനു മാറ്റുകൂട്ടുകയും ചെയ്യുന്നു.—2 തിമൊഥെയൊസ് 3:16.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ എത്ര നാളുകൾക്കുമുമ്പാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചത്?—ഉല്പത്തി 1:1.
◼ 24 മണിക്കൂർ വീതമുള്ള 6 ദിവസങ്ങൾകൊണ്ടാണോ ഭൂമി സൃഷ്ടിക്കപ്പെട്ടത്?—ഉല്പത്തി 2:4.
◼ ഭൂമിയിലെ സൃഷ്ടിക്രിയകളുടെ ആരംഭത്തെക്കുറിച്ച് മോശെക്ക് എങ്ങനെ ശാസ്ത്രീയ കൃത്യതയോടെ എഴുതാൻ കഴിഞ്ഞു?—2 തിമൊഥെയൊസ് 3:16.
[അടിക്കുറിപ്പ്]
a ഒന്നാം ‘ദിവസത്തെ’ സൃഷ്ടിക്രിയ വിവരിക്കുമ്പോൾ വെളിച്ചത്തെ പരാമർശിക്കാൻ ഉപയോഗിച്ച എബ്രായപദം, പൊതുവായ അർഥത്തിൽ വെളിച്ചത്തെക്കുറിക്കുന്ന ഓർ എന്ന വാക്കാണ്. എന്നാൽ നാലാം ‘ദിവസത്തെ’ വിവരണത്തിൽ ഉപയോഗിച്ചത് പ്രകാശസ്രോതസ്സിനെ അർഥമാക്കുന്ന മാ’ഓർ എന്ന വാക്കാണ്.
[19-ാം പേജിലെ ആകർഷക വാക്യം]
പ്രപഞ്ചത്തിന് കാര്യമായ പഴക്കമില്ലെന്നും അത് ചുരുങ്ങിയ ഒരു കാലത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടുവെന്നും ഉല്പത്തിപ്പുസ്തകം പഠിപ്പിക്കുന്നില്ല
[20-ാം പേജിലെ ആകർഷക വാക്യം]
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉല്പത്തി 1:1
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പ്രപഞ്ചം: IAC/RGO/David Malin Images
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
NASA photo