ബൈബിളിന്റെ വീക്ഷണം
നിങ്ങളുടെ സംസാരരീതി പ്രധാനമാണോ?
വളരെ മര്യാദയോടും ആദരവോടും കൂടിയാണ് പ്രായമായ ആ സ്ത്രീയോട് പ്രധാനമന്ത്രി സംസാരിച്ചത്. പക്ഷേ അൽപ്പം കഴിഞ്ഞ്, മൈക്രോഫോൺ ഓഫാക്കിയിട്ടില്ല എന്നോർക്കാതെ, അദ്ദേഹം അവർക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും അവരെ തന്റെ അടുത്തേക്കു വിട്ടതിന് കൂടെയുള്ള ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ആ സ്ത്രീയെ ഇത്തരത്തിൽ ആക്ഷേപിച്ചതുകേട്ട് രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ ഞെട്ടിത്തരിച്ചുപോയി. അദ്ദേഹത്തിന്റെ സത്പേരിന് അത് കളങ്കം ചാർത്തി; എട്ടുദിവസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിപദം നഷ്ടമായി.
ഒരു മനുഷ്യനും തന്റെ നാവിനെ പൂർണമായി നിയന്ത്രിക്കാനാവില്ല. (യാക്കോബ് 3:2) എങ്കിലും നാവിനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുന്നതാണ് മേൽപ്പറഞ്ഞ അനുഭവം. നിങ്ങളുടെ സത്പേരും തിരഞ്ഞെടുക്കുന്ന ജീവിതവൃത്തിയും മറ്റുള്ളവരുമായുള്ള ബന്ധവും എല്ലാം നിങ്ങൾ എങ്ങനെ സംസാരിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
നിങ്ങളുടെ സംസാരത്തിൽ മറ്റുചില കാര്യങ്ങൾകൂടി ഉൾപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ ഉള്ളിലേക്കു തുറക്കുന്ന ജാലകമാണ് സംസാരം എന്ന് ബൈബിൾ വിശദീകരിക്കുന്നു. അതായത് നിങ്ങളുടെ സംസാരം നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തും. “ഹൃദയത്തിന്റെ നിറവിൽനിന്നല്ലയോ വായ് സംസാരിക്കുന്നത്” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 12:34) നിങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യതിരിക്തരാക്കുന്നത് നിങ്ങളുടെ ചിന്തകളും വികാരങ്ങളുമൊക്കെയാണ്. അത് നിങ്ങളുടെ സംസാരത്തിൽ പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങളുടെ സംസാരരീതി ശ്രദ്ധിക്കേണ്ടത് അതിപ്രധാനമാണ്. ഇക്കാര്യത്തിൽ ബൈബിളിന് നമ്മെ സഹായിക്കാൻ കഴിയുമോ? നമുക്കു നോക്കാം.
സംസാരരീതി മെച്ചപ്പെടുത്താൻ
ചിന്തകളിൽനിന്നാണ് വാക്കുകൾ രൂപംകൊള്ളുന്നത്. സംസാരം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം നിങ്ങളുടെ ചിന്തകൾ നേരെയാക്കണം. ഇക്കാര്യത്തിൽ നമ്മെ സഹായിക്കാൻ ദൈവവചനത്തിന് കഴിയുന്നത് എങ്ങനെയെന്ന് നോക്കുക. ദൈവവചനം നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുമ്പോൾ അത് നിങ്ങളുടെ സംസാരത്തിലും നിഴലിക്കും.
സത്ചിന്തകളാൽ നിങ്ങളുടെ മനസ്സുനിറയ്ക്കുക. മനസ്സിൽ നിറയ്ക്കേണ്ട സത്കാര്യങ്ങൾ എന്തെല്ലാമാണ്? ബൈബിൾ പറയുന്നു: “സത്യമായതൊക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമലമായതൊക്കെയും സ്നേഹാർഹമായതൊക്കെയും സത്കീർത്തിയായതൊക്കെയും ഉത്കൃഷ്ടവും പ്രശംസാർഹവുമായതൊക്കെയും ചിന്തിച്ചുകൊള്ളുവിൻ.”—ഫിലിപ്പിയർ 4:8.
ഈ ഉപദേശം അനുസരിക്കുന്നെങ്കിൽ തെറ്റായ ചിന്തകളെ പിഴുതെറിയാൻ നിങ്ങൾക്കു കഴിയും. കാണുന്നതും വായിക്കുന്നതുമായ കാര്യങ്ങൾ നിങ്ങളുടെ ചിന്തകളെ ശക്തമായി സ്വാധീനിക്കും എന്നോർക്കുക. അതുകൊണ്ട് കൊള്ളരുതാത്ത ചിന്തകളെ മനസ്സിൽനിന്ന് അകറ്റിനിറുത്തുന്നതിന് അക്രമവും അശ്ലീലവും നിറഞ്ഞ വിനോദപരിപാടികൾ ഉൾപ്പെടെ മോശമായ സകല സ്വാധീനങ്ങളും നാം ഒഴിവാക്കണം. (സങ്കീർത്തനം 11:5; എഫെസ്യർ 5:3, 4) പകരം, പ്രയോജനകരവും നിർമലവുമായ കാര്യങ്ങളിലേക്ക് മനസ്സുതിരിക്കുക. ബൈബിൾ നിങ്ങളെ അതിനു സഹായിക്കും. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 4:20-27; എഫെസ്യർ 4:20-32; യാക്കോബ് 3:2-12 എന്നീ തിരുവെഴുത്തുകൾ വായിച്ച് നിങ്ങളുടെ സംസാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുക.a
വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം” എന്ന് സദൃശവാക്യങ്ങൾ 12:18 പറയുന്നു. “വാളുകൊണ്ടു കുത്തുംപോലെ” വേദനിപ്പിക്കുന്ന തരത്തിലുള്ളതാണോ പലപ്പോഴും നിങ്ങളുടെ സംസാരം? എങ്കിൽ നല്ലതുപോലെ ചിന്തിച്ച് സംസാരിക്കാൻ ശ്രമംചെയ്യുക. സദൃശവാക്യങ്ങൾ 15:28-ലെ ബുദ്ധിയുപദേശം എപ്പോഴും മനസ്സിൽപ്പിടിക്കണം: “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.”
അടുത്ത ഒരു മാസത്തേക്ക് ഇങ്ങനെയൊരു ലക്ഷ്യം വെക്കാനാകുമോ? മനസ്സിൽ തോന്നുന്നത് എന്തും അപ്പോൾത്തന്നെ വിളിച്ചുപറയില്ലെന്ന് തീരുമാനിക്കുക; വിശേഷിച്ചും, നിങ്ങൾ ദേഷ്യപ്പെട്ടിരിക്കുമ്പോൾ. പകരം, ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് ചിന്തിക്കാനാകും. എന്നിട്ട്, വിവേകത്തോടെയും സ്നേഹത്തോടെയും ശാന്തമായി സംസാരിക്കാൻ ബോധപൂർവം ശ്രമിക്കുക. (സദൃശവാക്യങ്ങൾ 15:1-4, 23) പക്ഷേ, അതുകൊണ്ടു മാത്രമായില്ല.
സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക. ബൈബിൾ എഴുത്തുകാരിൽ ഒരാൾ ഇങ്ങനെ പ്രാർഥിക്കുകയുണ്ടായി: “യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” (സങ്കീർത്തനം 19:14) യഹോവയാംദൈവത്തിനു പ്രസാദകരവും മറ്റുള്ളവർക്ക് ഹൃദ്യവും ആയ വിധത്തിൽ സംസാരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ദൈവത്തെ അറിയിക്കുക. ബൈബിൾ പറയുന്നു: ‘നല്ല കാര്യങ്ങൾ പറഞ്ഞാൽ നിങ്ങൾക്കു നന്മ സംഭവിക്കും. മരണമോ ജീവനോ കൊണ്ടുവരാൻ കഴിയുന്ന വാക്കുകൾ നാവിൽനിന്നു വരും.’—സദൃശവാക്യങ്ങൾ 18:20, 21, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
ഒരു കണ്ണാടിയായി ദൈവവചനം ഉപയോഗിക്കുക. ബൈബിൾ ഒരു കണ്ണാടിപോലെയാണ്. ആത്മപരിശോധന നടത്താൻ അതു നിങ്ങളെ സഹായിക്കും. (യാക്കോബ് 1:23-25) താഴെ കൊടുത്തിരിക്കുന്ന മൂന്നു ബൈബിൾതത്ത്വങ്ങൾ പരിചിന്തിക്കുമ്പോൾ സ്വയം ചോദിക്കുക: ‘എന്റെ സംസാരം എങ്ങനെയുള്ളതാണ്? എങ്ങനെയുള്ള ഒരു പേരാണ് എനിക്കുള്ളത്?’
“മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) ശാന്തമായി, സമാധാനപരമായാണോ നിങ്ങൾ സംസാരിക്കാറുള്ളത്?
“കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്, ആത്മീയവർധനയ്ക്ക് ഉതകുന്നതും സന്ദർഭോചിതവുമായ നല്ല വാക്കുകളല്ലാതെ ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.” (എഫെസ്യർ 4:29) മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണോ നിങ്ങൾ സംസാരിക്കുന്നത്?
“നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.” (കൊലോസ്യർ 4:6) ദുഷ്കര സാഹചര്യങ്ങളിൽപ്പോലും ദയയോടെയും ഹൃദ്യമായും കാര്യങ്ങൾ പറയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
ഒരു കണ്ണാടിയിൽ നോക്കി പോരായ്മകൾ പരിഹരിച്ചു കഴിയുമ്പോൾ നിങ്ങൾ കൂടുതൽ ആകർഷണീയരാകും; നിങ്ങൾക്കുതന്നെയും ഒരു ആത്മവിശ്വാസം തോന്നും. ദൈവവചനം എന്ന കണ്ണാടിയിൽനോക്കി നിങ്ങളുടെ സംസാരം മെച്ചപ്പെടുത്തുന്നെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് സമാനമായ പ്രയോജനങ്ങളാണ്! (g11-E 06)
[അടിക്കുറിപ്പ്]
a www.watchtower.org എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് ബൈബിൾ വായിക്കാനാകും.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● നിങ്ങളുടെ സംസാരം എന്തു വെളിപ്പെടുത്തുന്നു?—ലൂക്കോസ് 6:45.
● മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം?—എഫെസ്യർ 4:29; കൊലോസ്യർ 4:6.
● സംസാരരീതി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും?—സങ്കീർത്തനം 19:14; ഫിലിപ്പിയർ 4:8.
[32-ാം പേജിലെ ചിത്രം]
സത്പേരിനെയും മറ്റുള്ളവരുമായുള്ള ബന്ധത്തെയും ബാധിക്കാൻ സംസാരത്തിനാകും!