കുടുംബജീവിതം സന്തോഷമുള്ളതാക്കാൻ. . .
കുടുംബവും കുട്ടികളും ഒക്കെ സ്രഷ്ടാവിന്റെ ഒരു സമ്മാനമാണ്. നമ്മുടെ കുടുംബജീവിതം ഏറ്റവും സന്തോഷമുള്ളത് ആയിരിക്കാനാണ് ആ സ്രഷ്ടാവ് ആഗ്രഹിക്കുന്നത്. അതിനുവേണ്ട നിർദേശങ്ങൾ ഒരു പുരാതന വിശുദ്ധഗ്രന്ഥത്തിലൂടെ സ്രഷ്ടാവ് നമുക്കു തന്നിട്ടുണ്ട്. അവയിൽ ചിലത് നമുക്കു നോക്കാം.
ഭർത്താക്കന്മാരേ, ഭാര്യമാരെ സ്നേഹിക്കുക
“ഭർത്താക്കന്മാരും ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. . . . വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്?”—എഫെസ്യർ 5:28, 29.
ഭർത്താവാണ് കുടുംബത്തിന്റെ നാഥൻ. (എഫെസ്യർ 5:23) എന്നാൽ നല്ലൊരു ഭർത്താവ് പരുക്കനോ കടുംപിടുത്തക്കാരനോ ആയിരിക്കില്ല. അദ്ദേഹം ഭാര്യയെ വിലയുള്ളവളായി കാണും. ഭാര്യയുടെ വികാരങ്ങൾ മനസ്സിലാക്കും, ആവശ്യങ്ങൾ നടത്തിക്കൊടുക്കും. തനിക്ക് ഇഷ്ടമുള്ളതുപോലെ കാര്യങ്ങൾ എപ്പോഴും നടക്കണമെന്ന് അദ്ദേഹം ശഠിക്കില്ല. പകരം ഭാര്യയെ സന്തോഷിപ്പിക്കാൻ എപ്പോഴും ശ്രമിക്കും. (ഫിലിപ്പിയർ 2:4) നല്ലൊരു ഭർത്താവ് ഭാര്യയോട് കാര്യങ്ങൾ തുറന്ന് സംസാരിക്കും. ഭാര്യ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യും. അദ്ദേഹം ഭാര്യയോട് ‘വല്ലാതെ ദേഷ്യപ്പെടില്ല.’ ശാരീരികമായി വേദനിപ്പിക്കുകയോ ദയയില്ലാതെ സംസാരിക്കുകയോ ഇല്ല.—കൊലോസ്യർ 3:19.
ഭാര്യമാരേ, ഭർത്താക്കന്മാരെ ബഹുമാനിക്കുക
‘ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കണം.’—എഫെസ്യർ 5:33.
ഒരു ഭാര്യ ഭർത്താവിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയാണെങ്കിൽ കുടുംബത്തിൽ സമാധാനം ഉണ്ടായിരിക്കും. ഭർത്താവിന് എന്തെങ്കിലും പാകപ്പിഴ പറ്റിയാൽത്തന്നെ അദ്ദേഹത്തെ ഇടിച്ചുതാഴ്ത്തി ഒരിക്കലും ഭാര്യ സംസാരിക്കില്ല. അപ്പോഴും സൗമ്യതയോടെയും ആദരവോടെയും തന്നെ ഇടപെടും. (1 പത്രോസ് 3:4) എന്തെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് ഭർത്താവിനോടു സംസാരിക്കണമെങ്കിൽ ഭാര്യ അതിനുപറ്റിയ ഉചിതമായ സമയം കണ്ടെത്തി ആദരവോടെ സംസാരിക്കും.—സഭാപ്രസംഗകൻ 3:7.
വിവാഹ ഇണയോട് വിശ്വസ്തരായിരിക്കുക
“പുരുഷൻ . . . ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.”—ഉൽപത്തി 2:24.
ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുന്നതോടെ അവർക്കിടയിൽ കരുത്തുറ്റ ഒരു ബന്ധമുണ്ടാകുന്നു. പരസ്പരം ഹൃദയം തുറന്ന് സംസാരിച്ചുകൊണ്ടും കൊച്ചുകൊച്ചു സഹായങ്ങളും സമ്മാനങ്ങളും ഒക്കെ നൽകിക്കൊണ്ടും അവർ ആ ബന്ധം ശക്തമാക്കിത്തന്നെ നിറുത്തണം. വിവാഹബന്ധത്തിന് പുറത്ത് മറ്റാരെങ്കിലുമായി അവർ ലൈംഗികബന്ധത്തിൽ ഏർപ്പെടില്ല. ഇണയോട് വിശ്വാസവഞ്ചന കാണിക്കുന്നത് വളരെ ക്രൂരമാണ്. അത് പരസ്പരമുള്ള വിശ്വാസം നശിപ്പിക്കും, കുടുംബം തകർക്കും.—എബ്രായർ 13:4.
മാതാപിതാക്കളേ, കുട്ടികളെ പരിശീലിപ്പിക്കുക
“ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.
മക്കളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം ദൈവം മാതാപിതാക്കൾക്കാണ് നൽകിയിരിക്കുന്നത്. മറ്റുള്ളവരോട് എങ്ങനെ ഇടപെടണമെന്ന് അവരെ പഠിപ്പിക്കുന്നത് അതിൽ ഉൾപ്പെടുന്നു. അതുപോലെ കുട്ടികൾക്കു കണ്ടുപഠിക്കാൻ മാതാപിതാക്കൾ നല്ലൊരു മാതൃകയും ആയിരിക്കണം. (ആവർത്തനം 6:6, 7) കുട്ടി എപ്പോഴെങ്കിലും മോശമായി പെരുമാറിയാൽ ജ്ഞാനമുള്ള മാതാപിതാക്കൾ എടുത്തുചാടി പ്രതികരിക്കില്ല. അവർ ‘കേൾക്കാൻ തിടുക്കമുള്ളവരും സംസാരിക്കാൻ തിടുക്കം കൂട്ടാത്തവരും പെട്ടെന്നു കോപിക്കാത്തവരും’ ആയിരിക്കും. (യാക്കോബ് 1:19) എന്നാൽ കുട്ടിക്ക് ശിക്ഷണം വേണമെന്ന് മാതാപിതാക്കൾക്ക് തോന്നുകയാണെങ്കിൽ സ്നേഹത്തോടെയായിരിക്കണം അതു നൽകേണ്ടത്. ദേഷ്യം തീർക്കാനായിരിക്കരുത്.
മക്കളേ, മാതാപിതാക്കളെ അനുസരിക്കുക
‘മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.”’—എഫെസ്യർ 6:1, 2.
മക്കൾ മാതാപിതാക്കളെ അനുസരിക്കുകയും അവരോട് ആഴമായ ബഹുമാനത്തോടെ ഇടപെടുകയും ചെയ്യണം. അപ്പോൾ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടായിരിക്കും. മുതിർന്ന മക്കൾക്ക് മാതാപിതാക്കളെ നന്നായി നോക്കിക്കൊണ്ട് അവരെ ബഹുമാനിക്കാൻ കഴിയും. വീട്ടിലെ കാര്യങ്ങളിൽ മാതാപിതാക്കളെ സഹായിക്കുന്നതും അവർക്കുവേണ്ട സാമ്പത്തിക പിന്തുണ നൽകുന്നതും അതിൽ ഉൾപ്പെടും.—1 തിമൊഥെയൊസ് 5:3, 4.