പാഠം 1
സത്യത്തിന്റെ ഇമ്പമായുളള വാക്കുകൾ സംസാരിക്കുന്നു
1-3. മനുഷ്യസംസാരം എങ്ങനെ ഉളവായി, അത് എങ്ങനെ വികസിതമായി?
1 യഹോവ സംസാരത്തിന്റെ വലിയ സ്രഷ്ടാവാണ്. ബുദ്ധിശക്തിയുളള സൃഷ്ടികളുടെ ഇടയിലെ ഈ അത്യത്ഭുതകരമായ ആശയവിനിമയമാർഗത്തിന്റെ സകല ബഹുമതിയും അവിടുത്തേക്കു കൊടുക്കേണ്ടതാണ്. ദൈവം ചെയ്യുന്ന സകലവും നല്ലതാകയാൽ, അവിടുന്നു മനുഷ്യന് ആദിയിൽ കൊടുത്ത സംസാരത്തിന്റെ വരം ബൈബിളിൽ യാക്കോബ് 1:17-ൽ പരാമർശിച്ചിരിക്കുന്ന ‘തികഞ്ഞ വരങ്ങളിൽ’ ഒന്നായിരുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. വാക്കുകൾ സംബന്ധിച്ചുളള ഒരു വിദഗ്ധനായ ലഡ്വിഗ് കോഹ്ലർ മനുഷ്യസംസാരത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “സംസാരത്തിൽ യഥാർഥത്തിൽ സംഭവിക്കുന്നത്, സംസാരിക്കപ്പെട്ട വാക്കായിത്തീരുന്നതിനു ഗ്രഹണത്തിന്റെ സ്ഫുലിംഗം അന്തഃസത്തയെ ഉത്തേജിപ്പിക്കുന്ന വിധം, . . . നമ്മുടെ ഗ്രാഹ്യത്തിൽനിന്നു തെന്നിമാറുകയാണ്. മനുഷ്യസംസാരം ഒരു രഹസ്യമാണ്; അത് ഒരു ദിവ്യവരമാണ്, ഒരു അത്ഭുതം.”
2 അങ്ങനെ ആദാമിന്റെ സൃഷ്ടിയുടെ സമയത്ത് അവന് ഒരു പദസമ്പത്തു കൊടുക്കപ്പെട്ടു. പുതിയ വാക്കുകൾ നിർമിക്കുന്നതിനുളള പ്രാപ്തിയും ആദാമിനുണ്ടായിരുന്നു. തീർച്ചയായും ഫലപ്രദമായി ആശയവിനിയമം ചെയ്യുന്നതിനുളള പ്രാപ്തിയും അവനു സമ്മാനിക്കപ്പെട്ടിരുന്നു. അവനു തന്റെ ചിന്തകളെ നല്ല സംസാരത്തിലൂടെ പ്രകാശിപ്പിക്കുന്നതിനു കഴിയുമായിരുന്നുവെന്നു മാത്രമല്ല, സംസാരം മനസ്സിലാക്കുന്നതിനുളള പ്രാപ്തിയും ഉണ്ടായിരുന്നു. ദൈവം ആദാമിനു നിർദേശങ്ങൾ കൊടുത്തുകൊണ്ട് അവനോടു സംസാരിച്ചുവെന്ന വസ്തുതയിൽനിന്നു നാം ഇതു മനസ്സിലാക്കുന്നു. ക്രമത്തിൽ, ആദാമിനു ഹവ്വായോട് ആശയവിനിമയംചെയ്യാൻ കഴിയുമായിരുന്നു.—ഉല്പ. 1:27-30; 2:16-20.
3 എന്നിരുന്നാലും, ഭൂമിയിൽ വലിയ ദുഷ്ടത ഉണ്ടായിരുന്ന ഒരു സമയത്ത്, ബാബേൽ ഗോപുരത്തിങ്കൽ, ദൈവം മനുഷ്യരുടെ ഭാഷ കലക്കി. (ഉല്പ. 11:4-9) ഇന്ന് അനേകം ഭാഷകൾ ഉളളതിന്റെ കാരണം ഇതാണ്, അവയിൽ മിക്കതിനും വിവിധ ഉപഭാഷകളുണ്ട്. ഈ ഭാഷകളിൽ ചിലതു സംസാരിക്കുന്നതു ചെറിയ ഗോത്രസമൂഹങ്ങളാണ്, മററുളളവ ദശലക്ഷക്കണക്കിനാളുകൾ സംസാരിക്കുന്നു. മനുഷ്യനെപ്പോലെതന്നെ മമനുഷ്യന്റെ ഭാഷയും അതിന്റെ ആദിമപൂർണതയിൽനിന്നു വളരെയധികം അധഃപതിച്ചുപോയിരിക്കുന്നു. പലപ്പോഴും അവന്റെ സംസാരം ഉപയോഗിക്കുന്നതു വ്യാജം പരത്തുന്നതിനും ആളുകളെ ദൈവത്തിൽനിന്ന് അകററുന്നതിനുമാണ്.
4. നാം നമ്മുടെ സംസാരപ്രാപ്തി എങ്ങനെ ഉപയോഗിക്കണം?
4 മറിച്ച്, യഹോവയുടെ ശുശ്രൂഷകരെന്ന നിലയിൽ, നാം സംസാരപ്രാപ്തി ഉചിതമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. നമുക്കു സത്യദൈവത്തെക്കുറിച്ച് ആളുകളോടു സംസാരിക്കുന്നതിനും നീതിയുളള ഒരു പുതിയ ലോകത്തിലെ നിത്യജീവന്റെ പുളകപ്രദമായ സന്ദേശം അവർക്കു പങ്കുവെക്കുന്നതിനുമുളള പദവി ഉണ്ട്. ഇതു ഫലപ്രദമായി ചെയ്യുന്നതിനു നമ്മെ സഹായിക്കാൻ ഈ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്ക് പ്രദാനംചെയ്തിരിക്കുന്നു.
5, 6. നാം സംസാരിക്കുന്നതു സത്യമായിരിക്കേണ്ടതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 സത്യത്തിന്റെ വാക്കുകൾ സംസാരിക്കുന്നു. സംസാര പ്രാപ്തിയുടെ ഉചിതമായ ഉപയോഗം, നാം സംസാരിക്കുന്നതു ദൈവവചനത്തോടുളള പൂർണയോജിപ്പിൽ എല്ലായ്പോഴും സത്യം ആയിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. കേൾവിക്കാർക്ക് ആത്മീയാരോഗ്യം പ്രദാനംചെയ്യാൻ വ്യാജത്തിനു കഴിയില്ല. തന്നിമിത്തം “എന്നോടു കേട്ട പത്ഥ്യവചനം . . . മാതൃകയാക്കിക്കൊൾക” എന്ന് അപ്പോസ്തലനായ പൗലോസ് ജ്ഞാനപൂർവം ഉപദേശിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആ “പത്ന്യവചനം” ദൈവത്തിൽനിന്നായിരുന്നു വന്നത്. (2 തിമൊ. 1:13) ചിലർ “സത്യത്തിനു ചെവി കൊടുക്കാ”തിരിക്കുമെന്നു പൗലോസ് മുന്നറിയിപ്പുനൽകി, എന്നാൽ ഉചിതമായ സംഗതി ദൈവത്തിന്റെ “വചനം പ്രസംഗിക്കുക” എന്നതാണ് എന്ന് അദ്ദേഹം പ്രകടമാക്കി. അതുകൊണ്ടു നാം ചെയ്യുന്ന സകല പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും അടിസ്ഥാനമായി സത്യത്തിന്റെ ദൈവവചനം ഉപയോഗിച്ചുകൊണ്ട് അതിനോടു നാം പററിനിൽക്കണം.—2 തിമൊ. 4:1-5.
6 തക്കസമയത്തു പറയുന്ന ഉചിതമായ വാക്കിനു നിത്യജീവനിലേക്കുളള മാർഗത്തിൽ ഒരുവനു തുടക്കമിട്ടുകൊടുക്കാനോ ജീവന്റെ മാർഗത്തിൽ നിലനിൽക്കാൻ അയാളെ സഹായിക്കാനോ കഴിയുമെന്നു നമുക്കു നല്ല അറിവുണ്ട്. (സദൃ. 18:21; യാക്കോ. 5:19, 20) അതുകൊണ്ട്, വാക്കുകളുടെ ശരിയായ ഉപയോഗം ശുശ്രൂഷകരായ നമുക്ക് ഓരോരുത്തർക്കും വലിയ പ്രാധാന്യമുളളതാണ്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഈ വസ്തുതക്ക് അടിവരയിടാൻ ശ്രമിക്കുന്നു.
7-9. ഏതുതരം വാക്കുകളാണു സാധാരണയായി അത്യന്തം ഫലപ്രദം?
7 വാക്കുകളുടെ തിരഞ്ഞെടുപ്പ്. വാക്കുകളുടെ ഉദ്ദേശ്യം സംസാരിക്കുന്ന ആളുടെ ചിന്തകൾ അല്ലെങ്കിൽ ആശയങ്ങൾ അയാളുടെ കേൾവിക്കാരുടെ മനസ്സിലേക്ക് എത്തിക്കുകയാണ്. സംസാരിക്കുന്ന ആൾ തന്റെ ചിന്തകളെ കൃത്യമായി പ്രകടമാക്കുന്നതും തന്റെ കേൾവിക്കാർക്ക് അറിയാവുന്നതും അല്ലെങ്കിൽ എളുപ്പം തിരിച്ചറിയാവുന്നതുമായ വാക്കുകൾ തിരഞ്ഞെടുക്കുന്നുവെങ്കിൽ മാത്രമേ ഇതു വിജയകരമായി ചെയ്യാൻ കഴികയുളളു. വാക്കുകളുടെ ഫലകരമായ തിരഞ്ഞെടുപ്പ് ആദ്യമൊക്കെ എളുപ്പമല്ല. ഇസ്രയേലിന്റെ സഭാസംഘാടകനായ, ജ്ഞാനിയായ ശലോമോൻരാജാവുപോലും ‘ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെച്ചു.’ “ഇമ്പമായുളള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുളള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.” (സഭാ. 12:9, 10) അതുകൊണ്ട് അഭികാമ്യമായ വാക്കുകൾ കണ്ടുപിടിക്കാൻ മാനസികമായ ശ്രമവും അന്വേഷണവും നല്ല വിവേചനയും ആവശ്യമാണ്. അതേ ബൈബിളധ്യായത്തിന്റെ പതിനൊന്നാം വാക്യത്തിൽ നന്നായി തിരഞ്ഞെടുത്ത വാക്കുകളുടെ ഫലപ്രദത്വം സൂചിപ്പിക്കപ്പെടുന്നു. “ജ്ഞാനികളുടെ വചനങ്ങൾ” ആളുകളെ ജീവന്റെ വഴിയിൽ ഉത്തേജിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്യുന്ന “മുടിങ്കോലി”നോട് ഉപമിക്കപ്പെട്ടിരിക്കുന്നു.
8 വാക്കുകളുടെ ലാളിത്യം പഠിക്കേണ്ട ആദ്യ തത്ത്വങ്ങളിൽ ഒന്നാണ്. സംസാരത്തെ ഫലപ്രദമാക്കുന്നതിനു വാക്കുകൾ സങ്കീർണമോ കഠിനമോ ആയിരിക്കേണ്ടതില്ല. യഥാർഥത്തിൽ, ലാളിത്യം ഗ്രാഹ്യത്തിന്റെ ഒരു താക്കോലും അങ്ങനെ ഓർമയ്ക്കുളള ഒരു വലിയ സഹായവുമാണ്. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന ബൈബിൾരേഖയിലെ ഈ പ്രാരംഭവാക്കുകളെക്കാൾ ലളിതവും അതേസമയം ഗംഭീരവുമായിരിക്കാൻ എന്തിനു കഴിയും? നിങ്ങൾക്ക് അവ മറക്കാൻ കഴിയുകയില്ല. ജ്ഞാനിയായ സഭാസംഘാടകൻ തന്റെ സകല വിചിന്തനത്തിനുംശേഷം എത്തിച്ചേർന്ന നിഗമനവും അങ്ങനെതന്നെ: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”—സഭാ. 12:13.
9 ദൈവിക സത്യത്തിന്റെ വ്യക്തമായ ധ്വനിയെ അമർത്തുന്ന വാക്കുകൾ ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നു. ‘അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കാൻ’ നാം ആഗ്രഹിക്കുന്നില്ല. (ഇയ്യോ. 38:2) എന്തെന്നാൽ “കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ” ആർ കേട്ടു മനസ്സിലാക്കും?—1 കൊരി. 14:8.
10, 11. യേശു സംസാരത്തിൽ നമുക്കു മാതൃകയായിരിക്കുന്നതെങ്ങനെ?
10 നമുക്കെല്ലാം ക്രിസ്തുയേശുവിന്റെ നല്ല മാതൃകയിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും. യേശുവിന്റെ ലളിതമായ പദപ്രയോഗങ്ങൾക്കും സാധാരണ ജീവിതസംഭവങ്ങളിൽനിന്ന് അടർത്തിയെടുത്ത ദൃഷ്ടാന്തങ്ങൾക്കും കേൾവിക്കാരുടെമേൽ ശക്തമായ ഫലമുണ്ടായിരുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ അഞ്ചുമുതൽ ഏഴുവരെയുളള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന, കഫർന്നഹൂമിനു സമീപമുളള പർവതത്തിൽവെച്ച് അവിടുന്നു ചെയ്ത പ്രസംഗം ഓർമിക്കുക. അലങ്കാരസമൃദ്ധമായ പ്രസംഗധോരണിയോ? അല്ല. ദ്വയാർഥങ്ങളോടുകൂടിയ വാക്കുകളോ? ഒന്നുംതന്നെയില്ല. ആളുകളുടെ ഹൃദയങ്ങളെ സ്വാധീനിക്കത്തക്കവണ്ണം സത്യം മനസ്സുകളിൽ എത്തിക്കുന്നതിൽ യേശു തത്പരനായിരുന്നു. യേശുവിനു സത്യത്തിൽ തന്റെ പിതാവായ യഹോവയുടെ മനസ്സുണ്ടായിരുന്നു. യേശുവിന്റെ സംസാരമാണു സംസാരംസംബന്ധിച്ചു യഹോവയുടെ ശുശ്രൂഷകർക്കെല്ലാം അതിവിശിഷ്ട മാതൃകയായിരിക്കുന്നത്.
11 വ്യക്തമായ, ലളിതമായ, നന്നായി തിരഞ്ഞെടുത്ത, സത്യത്തിന്റെ വാക്കുകളുടെ ശക്തമായ ഫലത്തെ നമുക്ക് ഒരിക്കലും താഴ്ത്തി മതിക്കാതിരിക്കാം. അവയ്ക്ക് ഇമ്പം പകരാൻ കഴിയും, അവയ്ക്കു പ്രചോദിപ്പിക്കാൻ കഴിയും, അവയ്ക്കു പ്രവർത്തനത്തിനു പ്രേരിപ്പിക്കാൻ കഴിയും. ലൂക്കൊസ് 4:22-ലെ വിവരണം യേശുവിന്റെ സംസാരത്തെക്കുറിച്ച്, കേൾവിക്കാരായ “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു” എന്നു പറയുന്നു. അദ്ദേഹത്തിന്റെ അപ്പോസ്തലൻമാർക്കും ആകാംക്ഷാഭരിതരായ അനേകം കേൾവിക്കാർ ഉണ്ടായിരുന്നു. ആ അപ്പോസ്തലൻമാർ “പഠിപ്പില്ലാത്തവരും സാമാന്യരുമായ” മനുഷ്യർ ആണെന്ന് അക്കാലത്തെ പ്രമുഖ യഹൂദൻമാർ മനസ്സിലാക്കിയെന്ന വസ്തുതയുണ്ടായിരുന്നിട്ടും ഇതു വാസ്തവമായിരുന്നു. (പ്രവൃ. 4:13) കാരണമെന്തായിരുന്നു? അവർ തങ്ങളുടെ നായകനായ ക്രിസ്തുവിൽനിന്നു തങ്ങളുടെ രീതി പഠിച്ചിരുന്നു. അത് ഇന്നു ചെറുപ്പക്കാരും പ്രായമുളളവരുമായ ദൈവശുശ്രൂഷകർക്കെല്ലാം വലിയ പ്രോത്സാഹനമല്ലേ?
12. നന്നായി ആശയവിനിയമം ചെയ്യാൻ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?
12 നന്നായി ആശയപ്രകടനം നടത്താൻ തങ്ങളുടെ മക്കളെ സഹായിക്കുന്നതിനു മാതാപിതാക്കൾക്കു വളരെയധികം ചെയ്യാൻ കഴിയും. ഭവനത്തിൽ മാതൃകയിലൂടെയും പഠിപ്പിക്കലിലൂടെയും നല്ല ദൈനംദിന സംസാരം ഉൾനടാൻ കഴിയും. ഒരുവന്റെ സംസാരത്തിനു മാർഗനിർദേശം നൽകേണ്ട ബൈബിളിലെ തത്ത്വങ്ങൾ ഇളംമനസ്സുകളിൽ രൂഢമൂലമാക്കാൻ കഴിയും. (ആവ. 6:6-9) അനേകം കുടുംബങ്ങൾ ദൈനംദിനം തിരുവെഴുത്തുകൾ പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പ്രതിദിന ബൈബിൾവാക്യം ചർച്ചചെയ്യുന്നതിന് ഓരോ പ്രഭാതത്തിലും ഏതാനും മിനിററുകൾ എടുക്കുന്നു. മററു സമയങ്ങളിൽ അവർ ഒരുമിച്ചു വീക്ഷാഗോപുരത്തിൽനിന്നോ ഉണരുക!യിൽനിന്നോ വായിക്കുന്നു. ഇതു കുടുംബത്തിനു വിശിഷ്ടമായ പരിശീലനമാണ്, തങ്ങളുടെ പദസമ്പത്തിനോടു പുതിയ വാക്കുകൾ കൂട്ടുന്നതും മററുളളവരോടു കൂടുതൽ ഫലപ്രദമായി ആശയവിനിയമം ചെയ്യുന്നതിന് ഈ വാക്കുകൾ എങ്ങനെ ഇമ്പകരമായി പ്രയോഗിക്കാമെന്നു പ്രകടമാക്കുന്നതും തന്നെ. ഈ വിധത്തിലും, കുടുംബാംഗങ്ങൾക്കു കാര്യങ്ങൾസംബന്ധിച്ചുളള യഹോവയുടെ മനസ്സു ലഭിക്കുന്നു, അവരുടെ സംസാരം അതിനെ പ്രതിഫലിപ്പിക്കും.
13-16. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പൂർണപ്രയോജനം കിട്ടുന്നതിനു നാം വ്യക്തിപരമായി എന്തു ചെയ്യേണ്ടതാണ്?
13 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുത്തുകൊണ്ടു പുരോഗമിക്കൽ. ഈ ഗൈഡ്ബുക്കിൽ വിവരിച്ചിരിക്കുന്ന പഠനപദ്ധതിയുടെ സഹായത്തോടെ ശുശ്രൂഷയിൽ പുരോഗമിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന നമ്മളെല്ലാം “ഇമ്പമായുളള വാക്കുകളും . . . നേരായി എഴുതിയിരിക്കുന്ന സത്യമായ വചനങ്ങളും” ഉപയോഗിക്കാൻ സഹായിക്കപ്പെടും. പ്രായമോ വിദ്യാഭ്യാസനിലയോ പരിഗണിക്കാതെ, നിങ്ങൾ യഹോവയുടെ മാർഗനിർദേശത്തിലും അവിടുത്തെ ആത്മാവിലും ആശ്രയിക്കുന്നുവെങ്കിൽ, നിങ്ങൾക്കു പുരോഗമിക്കാനും ക്രിസ്തീയ ശുശ്രൂഷയിൽ മുന്നേറാനും കഴിയും. എന്നാൽ നിങ്ങൾ ആവശ്യമായ ശ്രമം ചെലുത്തേണ്ടതുണ്ട്. “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽതന്നേ ഇരുന്നുകൊൾക” എന്നു നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.—1 തിമൊ. 4:15.
14 നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തെ ശ്രമത്തിൽ യഹോവയുടെ ജനത്തിന്റെ സഭാപരമായ എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തീരുമാനിക്കുന്നതും അനന്തരം ആ തീരുമാനമനുസരിച്ചു പ്രവർത്തിക്കുന്നതും ഉൾപ്പെടുന്നു. പ്രത്യേകിച്ചു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ പ്രതിവാരയോഗങ്ങളിൽ അപ്പോസ്തലനായ പൗലോസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം നിങ്ങൾക്കു നടപ്പിലാക്കാൻ കഴിയത്തക്കവണ്ണം സഹായം നൽകപ്പെടും: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊളളാകുന്നവനായി നില്പാൻ ശ്രമിക്ക.”—2 തിമൊ. 2:15.
15 പുരുഷനായാലും സ്ത്രീയായാലും, പ്രായം കുറഞ്ഞ ആളായാലും പ്രായമുളള ആളായാലും, സഭാമീററിംഗുകൾക്കു ഹാജരാകുന്ന ഓരോ വ്യക്തിക്കും പേർചാർത്താവുന്നതും ഈ സ്കൂളിന്റെ പ്രയോജനങ്ങൾ അനുഭവിക്കാവുന്നതുമാണ്. നിങ്ങൾ സ്നാപനമേററ ആളാണെങ്കിലും അല്ലെങ്കിലും പേർചാർത്താവുന്നതാണ്. ഒരു ജഡികവിധത്തിൽ ജ്ഞാനികളായ, ശ്രേഷ്ഠകുലജാതരായ, ഒരു ലൗകികനിലപാടിൽ ഉന്നത വിദ്യാഭ്യാസമുളള, അനേകർ രാജ്യസന്ദേശം കേട്ടിട്ടു പ്രതികരണമില്ലാതിരിക്കുമെന്നു ദൈവം മുൻകൂട്ടിക്കണ്ടുവെന്ന് ഒരുപക്ഷേ സ്കൂൾവിദ്യാഭ്യാസം അല്പം കുറവായിരിക്കുന്നവർ ഓർത്തിരിക്കണം. (1 കൊരി. 1:26-29) എന്നാൽ ലോകത്തിന്റെ വീക്ഷണത്തിൽ നിന്ദിതരായ അനേകർ അതു ശ്രദ്ധിക്കുമെന്നും സത്യത്തിനായി വിശക്കുന്ന മററുളളവർക്ക് അതു കൈമാറിക്കൊടുക്കുമെന്നും കൂടെ അവിടുന്നു മുൻകൂട്ടിക്കണ്ടു. ഈ സ്കൂളിൽ പേർചാർത്തുന്നതിനാലും അതിന്റെ പാഠങ്ങൾ വിശ്വസ്തമായി പഠിക്കുന്നതിനാലും പരമാർഥഹൃദയികളോടു സത്യത്തിന്റെ ഇമ്പകരമായ വാക്കുകൾ സംസാരിക്കാൻ നിങ്ങളെ യഥാർഥമായി പ്രാപ്തരാക്കുന്ന പരിജ്ഞാനത്തിലേക്കു നിങ്ങൾ നയിക്കപ്പെടും. ഇതു നിങ്ങളുടെ സ്വന്തം നവോൻമേഷത്തിനും അതുപോലെതന്നെ നിങ്ങളെ കേൾക്കുന്നവരുടെ നവോൻമേഷത്തിനും വേണ്ടിയായിരിക്കും.
16 എല്ലാററിനുമുപരി, ഈ പഠനപദ്ധതിയുടെ ഒരു ഉത്സുകനായ വിദ്യാർഥിയായിരിക്കുന്നതിനാൽ, ഇസ്രയേലിലെ ദാവീദുരാജാവ് എന്തിനെക്കുറിച്ചു പ്രാർഥിച്ചുവോ അതു നേടാൻ നിങ്ങൾ വാക്കിനാലും പ്രവൃത്തിയാലും ശ്രമിക്കുന്നതായിരിക്കും: “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” (സങ്കീ. 19:14) സ്രഷ്ടാവിനു പ്രസാദകരമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് എല്ലാ അവസരങ്ങളിലും നന്നായി സംസാരിക്കാൻ പ്രാപ്തനായിരിക്കുന്നതിനുളള ശക്തമായ ആഗ്രഹം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടായിരിക്കണം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ആ ലക്ഷ്യം നേടുന്നതിനു വിലപ്പെട്ട സഹായം നിങ്ങൾക്കു നൽകുന്നു.