അധ്യായം 30
ജൻമദിനം ആഘോഷിച്ച രണ്ടു മനുഷ്യർ
നിനക്കു വിരുന്നുകൾ ഇഷ്ടമാണോ?—അവ നല്ല വിരുന്നുകളാണെങ്കിൽ അവ വലിയ രസമായിരിക്കാൻ കഴിയും.
എന്നാൽ എല്ലാ വിരുന്നുകളും നല്ലതല്ല. ചില വിരുന്നുകൾ അയൽക്കാരെ കോപിപ്പിക്കത്തക്കവണ്ണം അത്ര ശബ്ദായമാനമാണ്. ദൈവംപോലും അംഗീകരിക്കാത്ത ചില വിരുന്നുകളുണ്ട്. നിനക്കതറിയാമായിരുന്നോ?—ദൈവം അംഗീകരിക്കുന്നില്ലെന്നു നിനക്കറിയാവുന്ന ഒരു വിരുന്നിനു പോകാൻ നീ ആഗ്രഹിക്കുമോ?—
ബൈബിൾ വിരുന്നുകളെക്കുറിച്ചു പറയുന്നുണ്ട്. മഹദ്ഗുരു ഒരിക്കൽ ഒരു വലിയ വിരുന്നിനു പോയി, അവന്റെ അപ്പോസ്തലൻമാരും പോയി. അത് ആരോ വിവാഹിതനായപ്പോൾ നടത്തിയ ഒരു വിരുന്നായിരുന്നു. നീ എന്നെങ്കിലും അത്തരം വിരുന്നിൽ സംബന്ധിച്ചിട്ടുണ്ടോ?—
ബൈബിൾ രണ്ടു ജൻമദിനവിരുന്നുകളെക്കുറിച്ചും പറയുന്നുണ്ട്. അതിലൊന്നു മഹദ്ഗുരുവിന്റെ ജൻമദിനം ആഘോഷിക്കാനുളളതായിരുന്നോ?—അല്ലായിരുന്നു. ഈ രണ്ടു ജൻമദിനവിരുന്നുകളും യഹോവയെ സേവിക്കാഞ്ഞ മനുഷ്യർക്കുവേണ്ടിയുളളതായിരുന്നു.
ജൻമദിനവിരുന്നുകളിലൊന്നു ഹെരോദ് അന്തിപ്പാസ് രാജാവിനുവേണ്ടിയുളളതായിരുന്നു. അവൻ യേശു ജീവിച്ചകാലത്തു ഗലീലാ പ്രവിശ്യയിലെ ഭരണകർത്താവായിരുന്നു.
ഹെരോദാരാജാവ് അനേകം ദുഷ്കാര്യങ്ങൾ ചെയ്തു. അദ്ദേഹം തന്റെ സഹോദരന്റെ ഭാര്യയെ സ്വന്തമാക്കി. അവളുടെ പേർ ഹെരോദ്യാസ് എന്നായിരുന്നു. അദ്ദേഹം അതു ചെയ്യുന്നതു തെററാണെന്നു ദൈവദാസനായ യോഹന്നാൻ സ്നാപകൻ ഹെരോദാവിനോടു പറഞ്ഞു. ഹെരോദാവിന് അത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അദ്ദേഹം യോഹന്നാനെ ഒരു കാരാഗൃഹത്തിൽ അടപ്പിച്ചു.—ലൂക്കോസ് 3:19, 20.
യോഹന്നാൻ കാരാഗൃഹത്തിലായിരുന്നപ്പോൾ ഹെരോദാവിന്റെ ജനനം ഓർക്കുന്നതിനുളള ദിവസം വന്നു. ഹെരോദാവ് ഒരു വലിയ വിരുന്നു നടത്തി. അദ്ദേഹം പ്രമുഖരായ അനേകം ആളുകളെ ക്ഷണിച്ചു. അവരെല്ലാം തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ചെയ്തു.
അപ്പോൾ ഹെരോദ്യാസിന്റെ മകൾ വന്ന് അവർക്കുവേണ്ടി നൃത്തംചെയ്തു. എല്ലാവരും അവളുടെ നൃത്തത്തിൽ പ്രസാദിച്ചതുകൊണ്ടു ഹെരോദാരാജാവ് അവൾക്ക് ഒരു വലിയ സമ്മാനം കൊടുക്കാനാഗ്രഹിച്ചു. അദ്ദേഹം അവളെ വിളിച്ച്, ‘നീ എന്നോട് എന്തുതന്നെ ചോദിച്ചാലും ഞാൻ അതു നിനക്കു തരും, എന്റെ രാജ്യത്തിൽ പകുതിപോലും തരും’ എന്നു പറഞ്ഞു.
അവൾ എന്തു ചോദിക്കും? പണമായിരിക്കുമോ? മനോഹരവസ്ത്രങ്ങളായിരിക്കുമോ? സ്വന്തമായ ഒരു കൊട്ടാരമായിരിക്കുമോ? എന്തു പറയണമെന്നു ബാലികയ്ക്ക് അറിയാൻ പാടില്ലായിരുന്നു. അതുകൊണ്ട് അവൾ അമ്മയായ ഹെരോദ്യാസിന്റെ അടുക്കൽ ചെന്ന്, “ഞാൻ എന്തു ചോദിക്കണം?” എന്നു ചോദിച്ചു.
ഹെരോദ്യാസ് യോഹന്നാൻ സ്നാപകനെ വളരെയധികം ദ്വേഷിച്ചിരുന്നു. അതുകൊണ്ട് അവന്റെ തല ചോദിക്കാൻ അവൾ മകളോടു പറഞ്ഞു. ബാലിക രാജാവിന്റെ അടുക്കൽ തിരിച്ചുചെന്ന് ‘അങ്ങ് ഉടൻതന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ എനിക്ക് തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞു.
യോഹന്നാൻ ഒരു നല്ലമനുഷ്യനാണെന്നു ഹെരോദാരാജാവിന് അറിയാമായിരുന്നതുകൊണ്ടു യോഹന്നാനെ കൊല്ലാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാൽ ഹെരോദാവ് ഒരു വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം തന്റെ മനസ്സു മാററിയാൽ വിരുന്നിൽ സംബന്ധിച്ച മററുളളവർ എന്തു വിചാരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹം യോഹന്നാന്റെ തല ഛേദിക്കുന്നതിനു കാരാഗൃഹത്തിലേക്ക് ഒരു മനുഷ്യനെ അയച്ചു. പെട്ടെന്ന് ആ മനുഷ്യൻ തിരിച്ചുവന്നു. അയാൾ യോഹന്നാന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു. അദ്ദേഹം അതു ബാലികയ്ക്കു കൊടുത്തു. അപ്പോൾ ബാലിക ഓടിച്ചെന്നു തന്റെ അമ്മയ്ക്ക് അതു കൊടുത്തു. അതു ഭീകരമല്ലായിരുന്നോ?—മർക്കോസ് 6:17-29.
എന്നാൽ ബൈബിൾ പറയുന്ന മറേറ ജൻമദിനവിരുന്നിനെ സംബന്ധിച്ചെന്ത്? അതു മെച്ചമായിരുന്നോ?—
ഈ വിരുന്ന് ഈജിപ്തിലെ ഒരു രാജാവിനുവേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ വിരുന്നിലും അദ്ദേഹം ഒരുവന്റെ തല ഛേദിക്കുവാനിടയാക്കി. അനന്തരം അദ്ദേഹം അയാളെ പക്ഷികൾക്കു തിന്നാൽ തൂക്കിയിട്ടു.—ഉല്പത്തി 40:20-22.
ആ വിരുന്നുകളെ ദൈവം അംഗീകരിച്ചുവെന്നു നീ വിചാരിക്കുന്നുവോ?—നീ അവയിൽ സംബന്ധിക്കാനൻ ആഗ്രഹിക്കുമായിരുന്നോ?—
ബൈബിളിലുളളതെല്ലാം ഒരു ഉദ്ദേശാർഥമാണെന്നു നമുക്കറിയാം. നമുക്ക് അനുകരിക്കാൻ കഴിയത്തക്കവണ്ണം അതു നല്ല ആളുകളെ സംബന്ധിച്ചു നമ്മോടു പറയുന്നു. ചീത്തയാളുകൾ ചെയ്തതു നാം ചെയ്യാതിരിക്കാൻ അതു ചീത്തയാളുകളെക്കുറിച്ചും നമ്മോടു പറയുന്നു. ബൈബിൾ രണ്ടു ജൻമദിനവിരുന്നുകളെക്കുറിച്ചു മാത്രമേ പറയുന്നുളളു; രണ്ടും വഷളായിരുന്നു. അതുകൊണ്ടു ജൻമദിനവിരുന്നുകളെക്കുറിച്ചു ദൈവം നമ്മോട് എന്തു പറയുന്നുവെന്നാണു നീ പറയുന്നത്? നാം ജൻമദിനങ്ങളാഘോഷിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ?—
ഇന്ന് അങ്ങനെയുളള വിരുന്നുകളിൽ ആളുകൾ ആരുടെയും തല ഛേദിക്കുന്നില്ലെന്നുളളതു സത്യംതന്നെ. എന്നാൽ ജൻമദിനങ്ങൾ ആഘോഷിക്കുന്നതു സംബന്ധിച്ച മുഴു ആശയവും അങ്ങനെയുളള കാര്യങ്ങൾ ചെയ്ത ആളുകളിൽ ആരംഭിച്ചതാണ്. അവർ പുറജാതികളായിരുന്നു. അവർ യഹോവയെ സേവിക്കാഞ്ഞ ആളുകളായിരുന്നു. നാം അവരെപ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നുവോ?—
മഹദ്ഗുരുവിനെ സംബന്ധിച്ചെന്ത്? അവൻ തന്റെ ജൻമദിനമാഘോഷിച്ചോ?—ഇല്ല. യേശുവിനുവേണ്ടിയുളള ഒരു ജൻമദിനവിരുന്നിനെക്കുറിച്ചു ബൈബിളിൽ ഒരു സ്ഥലത്തും പറയുന്നില്ല.
യേശുവിന്റെ മരണശേഷംപോലും അവന്റെ സത്യാനുഗാമികൾ അവന്റെ ജൻമദിനം ആഘോഷിച്ചില്ല. അവർ പുറജാതികളെപ്പോലെയായിരിക്കാൻ ആഗ്രഹിച്ചില്ല. എന്നാൽ പിന്നീടു യേശുവിന്റെ ജൻമദിനമാഘോഷിക്കാനാഗ്രഹിച്ച മനുഷ്യരുണ്ടായിരുന്നു. അവർക്കു യേശുവിന്റെ ജനനത്തിന്റെ യഥാർഥതീയതി ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ ബൈബിൾ അത് എപ്പോഴായിരുന്നുവെന്നു പറയുന്നില്ല. അതുകൊണ്ട് അവർ പുറജാതികൾക്കു വിശേഷദിവസമുണ്ടായിരുന്ന ഒരു തീയതി തെരഞ്ഞെടുത്തു. അതു ഡിസംബർ 25 ആയിരുന്നു. ഇന്നുപോലും ആളുകൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് അന്നാണ്. ദൈവം അത് അംഗീകരിക്കുന്നുണ്ടെന്നു നീ വിചാരിക്കുന്നുവോ?—
ക്രിസ്തുമസ്സ് യേശുവിന്റെ ജൻമദിനമല്ലെന്നു മിക്കയാളുകൾക്കുമറിയാം. ഏതായാലും അനേകർ അത് ആഘോഷിക്കുന്നുണ്ട്. അവർ ദൈവം വിചാരിക്കുന്നതിനെക്കുറിച്ചു യഥാർഥത്തിൽ ശ്രദ്ധിക്കുന്നില്ല. എന്നാൽ നാം യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നു, ഇല്ലയോ?—
അതുകൊണ്ട് നമുക്കു വിരുന്നുകളുളളപ്പോൾ അവ നല്ലതാണെന്നു തിട്ടപ്പെടുത്താൻ നാം ആഗ്രഹിക്കുന്നു. നമുക്കു വർഷത്തിന്റെ ഏതു സമയത്തും അവ ആകാവുന്നതാണ്. നമുക്കു ഒരു പ്രത്യേകദിവസത്തിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. നമുക്ക് എന്തെങ്കിലും വിശേഷണഭക്ഷണം കഴിക്കുകയും കളികളിലേർപ്പെട്ടു രസിക്കുകയും ചെയ്യാവുന്നതാണ്. നീ അതു ചെയ്യാനാഗ്രഹിക്കുന്നുവോ?—എന്നാൽ നാം ആസൂത്രണംചെയ്യുന്നതിനു മുൻപ് അതു ദൈവം അംഗീകരിക്കുന്നതരം വിരുന്നാണെന്നു നമുക്ക് ഉറപ്പാക്കാം.
(ദൈവം അംഗീകരിക്കുന്നത് എല്ലായ്പോഴും ചെയ്യുന്നതിന്റെ പ്രാധാന്യം യോഹന്നാൻ 8:29; റോമർ 12:2; സദൃശവാക്യങ്ങൾ 12:2; 1 യോഹന്നാൻ 3:22 എന്നിവിടങ്ങളിലും പ്രകടമാക്കപ്പെട്ടിരിക്കുന്നു.)