കഥ 18
യാക്കോബ് ഹാരാനിലേക്കു പോകുന്നു
യാക്കോബ് ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അനേക ദിവസത്തെ യാത്രയ്ക്കു ശേഷം യാക്കോബ് അവരെ ഒരു കിണറ്റുകരയിൽവെച്ച് കണ്ടുമുട്ടിയതാണ്. അവർ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ യാക്കോബ് അവരോടു ചോദിച്ചു: ‘നിങ്ങൾ എവിടുന്ന് ഉള്ളവരാണ്?’
‘ഹാരാനിൽനിന്ന്,’ അവർ മറുപടി പറഞ്ഞു.
‘നിങ്ങൾ ലാബാനെ അറിയുമോ?’ യാക്കോബ് ചോദിച്ചു.
‘അറിയാം,’ ‘അതാ നോക്കൂ, ലാബാന്റെ മകൾ റാഹേൽ അവന്റെ ആടുകളുമായി വരുന്നുണ്ട്,’ അവർ പറഞ്ഞു. റാഹേൽ ദൂരെനിന്നു വരുന്നത് ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ടോ?
തന്റെ അമ്മാവനായ ലാബാന്റെ ആടുകളുമായി റാഹേൽ വരുന്നതു യാക്കോബ് കണ്ടപ്പോൾ അവൻ ഉടനെ കിണറ്റിൻകരയിൽ ചെന്ന് അവയ്ക്കു വെള്ളം കുടിക്കാൻ തക്കവണ്ണം കല്ല് ഉരുട്ടിമാറ്റി. എന്നിട്ട് യാക്കോബ് റാഹേലിനെ ചുംബിക്കുകയും താൻ ആരാണെന്നു പറയുകയും ചെയ്തു. അവൾക്കു വളരെ സന്തോഷമായി. അവൾ വീട്ടിലേക്ക് ഓടിപ്പോയി തന്റെ അപ്പനായ ലാബാനോട് നടന്നതെല്ലാം പറഞ്ഞു.
യാക്കോബിനെ കൂടെ താമസിപ്പിക്കാൻ ലാബാനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. റാഹേലിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് യാക്കോബു ചോദിച്ചപ്പോൾ ലാബാൻ വളരെയധികം സന്തോഷിച്ചു. എന്നിരുന്നാലും, റാഹേലിനുവേണ്ടി തന്റെ വയലിൽ ഏഴുവർഷം വേലചെയ്യാൻ ലാബാൻ യാക്കോബിനോട് ആവശ്യപ്പെട്ടു. യാക്കോബ് റാഹേലിനെ വളരെയധികം സ്നേഹിച്ചിരുന്നതിനാൽ അങ്ങനെ ചെയ്തു. എന്നാൽ വിവാഹത്തിനുള്ള സമയം വന്നപ്പോൾ എന്തു സംഭവിച്ചുവെന്നോ?
റാഹേലിനു പകരം തന്റെ മൂത്ത മകളായ ലേയയെ ആണ് ലാബാൻ യാക്കോബിനു നൽകിയത്. പിന്നെയും ഏഴുവർഷം വേലചെയ്യാമെന്നു യാക്കോബു സമ്മതിച്ചപ്പോൾ ലാബാൻ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. അക്കാലത്ത് ഒരാൾക്ക് ഒന്നിലധികം ഭാര്യമാരെ ദൈവം അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഒരാൾക്ക് ഒരു ഭാര്യയെ ആകാവൂ എന്നു ബൈബിൾ കാണിക്കുന്നു.