കഥ 93
യേശു അനേകർക്ക് ആഹാരം നൽകുന്നു
ഒരു ഭയങ്കര സംഭവം നടന്നിരിക്കുകയാണ്. യോഹന്നാൻ സ്നാപകൻ കൊല്ലപ്പെട്ടു. രാജാവിന്റെ ഭാര്യയായ ഹെരോദ്യക്ക് അവനെ ഒട്ടും ഇഷ്ടമില്ലായിരുന്നു. എങ്ങനെയും അവനെ കൊന്നുകളയണം, അതായിരുന്നു അവളുടെ ആഗ്രഹം. അവസാനം അവൾ ആ ആഗ്രഹം സാധിച്ചെടുക്കുന്നു, യോഹന്നാന്റെ തല വെട്ടാൻ രാജാവ് കൽപ്പിക്കുന്നു.
യോഹന്നാൻ സ്നാപകന്റെ മരണത്തെക്കുറിച്ചു കേൾക്കുമ്പോൾ യേശുവിനു വളരെ സങ്കടം തോന്നുന്നു. അൽപ്പനേരം തനിയെ ഇരിക്കണമെന്നു വിചാരിച്ച് ആരുമില്ലാത്ത ഒരു സ്ഥലത്തേക്ക് അവൻ പോകുന്നു. എന്നാൽ ആളുകൾ അവനെ വെറുതെ വിടുന്നില്ല, അവർ അവന്റെ പിന്നാലെ ചെല്ലുന്നു. ജനക്കൂട്ടത്തെ കാണുമ്പോൾ യേശുവിന് അവരോടു സഹതാപം തോന്നുന്നു. അതുകൊണ്ട് അവൻ അവരോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും അവരുടെ ഇടയിലെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്നു.
വൈകുന്നേരം ആയപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്ന് ഇങ്ങനെ പറയുന്നു: ‘ഇപ്പോൾത്തന്നെ വളരെ വൈകിയിരിക്കുന്നു; ഇതാണെങ്കിൽ വളരെ ഒറ്റപ്പെട്ട ഒരു സ്ഥലവുമാണല്ലോ. ആളുകൾ അടുത്തുള്ള ഗ്രാമങ്ങളിൽ പോയി ഭക്ഷണം വാങ്ങേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം.’
‘അവർ പോകേണ്ട ആവശ്യമില്ല. നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുപ്പിൻ’ എന്ന് യേശു ഉത്തരം പറയുന്നു. ഫിലിപ്പൊസിന്റെ നേർക്കു തിരിഞ്ഞ് യേശു ചോദിക്കുന്നു: ‘ഈ ആളുകൾക്കെല്ലാം കൊടുക്കാൻ ആവശ്യമായ ഭക്ഷണം നമുക്ക് എവിടെനിന്നു വാങ്ങാൻ കഴിയും?’
‘ഓരോരുത്തർക്കും കുറേശ്ശെ ആഹാരം കൊടുക്കണമെങ്കിൽപ്പോലും വളരെയധികം പണം വേണ്ടിവരും’ എന്നു ഫിലിപ്പൊസ് ഉത്തരം പറയുന്നു. അന്ത്രെയാസ് അപ്പോൾ പറയുന്നു: ‘ഈ ബാലന്റെ കയ്യിൽ അഞ്ചപ്പവും രണ്ടു മീനുമുണ്ട്. എന്നാൽ ഇത്രയുമാളുകൾക്ക് അതു മതിയാകില്ലല്ലോ.’
‘ജനത്തോട് പുൽപ്പുറത്ത് ഇരിക്കാൻ പറയുവിൻ’ എന്ന് യേശു പറയുന്നു. അതിനുശേഷം അവൻ ഭക്ഷണത്തിനായി ദൈവത്തിനു നന്ദി നൽകിയശേഷം അതു നുറുക്കാൻ തുടങ്ങുന്നു. അടുത്തതായി ശിഷ്യന്മാർ അപ്പവും മീനും സകല ആളുകൾക്കും കൊടുക്കുന്നു. അവിടെ 5,000 പുരുഷന്മാരും വേറെ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമുണ്ട്. അവരെല്ലാം വയറു നിറയുവോളം ഭക്ഷിക്കുന്നു. ബാക്കി വരുന്നത് ശിഷ്യന്മാർ ശേഖരിക്കുമ്പോൾ അത് 12 കൊട്ടകൾ നിറയെ ഉണ്ട്!
യേശു ഇപ്പോൾ ശിഷ്യന്മാരോട് വള്ളത്തിൽ കയറി ഗലീലാക്കടലിന്റെ മറുകരയിലേക്കു പോകാൻ പറയുന്നു. രാത്രിയിൽ ഒരു കൊടുങ്കാറ്റ് അടിക്കുന്നു; തിരമാലകൾ വള്ളത്തെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കുകയാണ്. ശിഷ്യന്മാർ വല്ലാതെ പേടിക്കുന്നു. അങ്ങനെയിരിക്കെ ആ പാതിരാത്രി സമയത്ത് ആരോ തങ്ങളുടെ നേരെ വെള്ളത്തിന്റെ മുകളിലൂടെ നടന്നു വരുന്നത് അവർ കാണുന്നു. തങ്ങൾ കാണുന്നത് എന്താണെന്നു മനസ്സിലാകാത്തതുകൊണ്ട് അവർ പേടിച്ചു നിലവിളിക്കുന്നു.
‘പേടിക്കേണ്ട, ഇതു ഞാനാണ്!’ എന്ന് യേശു പറയുന്നു. എന്നിട്ടും അവർക്കു വിശ്വാസം വരുന്നില്ല. അതുകൊണ്ട് പത്രൊസ് പറയുന്നു: ‘കർത്താവേ, ഇതു വാസ്തവത്തിൽ നീ തന്നെയാണെങ്കിൽ ഞാൻ വെള്ളത്തിന്മേൽ നടന്നു നിന്റെ അടുക്കൽ വരാൻ പറയേണം.’ ഉത്തരമായി യേശു, ‘വരിക!’ എന്നു പറയുന്നു. അപ്പോൾ പത്രൊസ് വള്ളത്തിൽ നിന്നിറങ്ങി വെള്ളത്തിന്റെ മുകളിലൂടെ നടക്കുന്നു! പക്ഷേ പെട്ടെന്ന്, അവനു പേടി തോന്നുകയും അവൻ മുങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ യേശു അവനെ രക്ഷിക്കുന്നു.
പിന്നീട് യേശു വീണ്ടും ആയിരങ്ങൾക്ക് ആഹാരം നൽകുന്നു. ഈ പ്രാവശ്യം അവൻ ഏഴ് അപ്പവും ചെറിയ കുറച്ചു മീനും ഉപയോഗിച്ചാണ് അങ്ങനെ ചെയ്യുന്നത്. എല്ലാവർക്കും ഇത്തവണയും ഇഷ്ടംപോലെ ലഭിക്കുന്നു. യേശു ആളുകളെ പരിപാലിക്കുന്ന വിധം അത്ഭുതകരമല്ലേ? അവൻ ദൈവരാജ്യത്തിന്റെ രാജാവായി ഭൂമിമേൽ ഭരണം നടത്തുമ്പോൾ നമുക്കു യാതൊന്നിനെക്കുറിച്ചും ഓർത്തു വിഷമിക്കേണ്ടിവരില്ല!