അധ്യായം 12
തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നത് നാശത്തിനോ അതിജീവനത്തിനോ?
1. ഏതു ചോദ്യങ്ങൾ പരിചിന്തിക്കാൻ ഈ പാഠം നമ്മെ പ്രോൽസാഹിപ്പിക്കുന്നു?
ഇന്നു നിലവിലിരിക്കുന്ന മതപരമായ സാഹചര്യം നമ്മുടെ ഹൃദയത്തിൽ യഥാർത്ഥത്തിൽ എന്താണ് ഉളളതെന്ന് വെളിപ്പെടുത്തുന്നത് ആവശ്യമാക്കിത്തീർക്കുന്നു. നാം യഥാർത്ഥത്തിൽ യഹോവയെയും അവന്റെ വഴികളെയും സ്നേഹിക്കുന്നുണ്ടോ? നാം അവന്റെ പുത്രനായ യേശുക്രിസ്തുവിനെപ്പോലെയാണോ? അവനോടായി ഇപ്രകാരം പറയപ്പെട്ടു: “നീ നീതിയെ സ്നേഹിക്കുകയും നിയമരാഹിത്യത്തെ വെറുക്കുകയും ചെയ്തു.” (എബ്രായർ 1:9) നാം എവിടെ നിൽക്കുന്നുവെന്ന് മററുളളവർ മനസ്സിലാക്കാൻ തക്കവണ്ണം ഇതു തുറന്നു പ്രകടമാക്കാൻ നാം ഒരുക്കമാണോ? യേഹുവിനെയും രേഖാബിന്റെ മകനായ യോനാദാബിനെയും സംബന്ധിച്ചുളള ബൈബിൾ രേഖ നമ്മുടെ നിലപാട് പരിശോധിക്കാൻ നമ്മെ സഹായിക്കുന്നു.
2. യേഹുവും യോനാദാബും ആരായിരുന്നു?
2 പൊ. യു. മു. പത്താം നൂററാണ്ടിൽ ശമര്യ തലസ്ഥാനമാക്കിയിരുന്ന പത്തുഗോത്ര യിസ്രായേലിന് രാജാവായിരിക്കാൻ യേഹു അഭിഷേകം ചെയ്യപ്പെട്ടു. ബാലാരാധനക്ക് പ്രോൽസാഹനം കൊടുക്കുകയും യഹോവയുടെ ആരാധന പാടേ ഇല്ലെന്നാക്കാൻ ശ്രമിക്കുകയും ചെയ്ത ഈസബേൽ രാജ്ഞി ഉൾപ്പെടെ ദുഷ്ടനായ ആഹാബ് രാജാവിന്റെ ഗൃഹത്തിലുളള സകലരെയും നശിപ്പിക്കാൻ അവൻ നിയോഗിക്കപ്പെട്ടു. ഒരു കേന്യനായ യോനാദാബ് (അതുകൊണ്ട് ഒരു യിസ്രായേല്യനല്ലായിരുന്നു) യേഹുവിനെ എതിരേൽക്കാൻ പുറപ്പെട്ടുചെന്നപ്പോൾ വധശിക്ഷ നടപ്പാക്കാനുളള യേഹുവിന്റെ പരിപാടിയേക്കുറിച്ച് അവനറിയാമായിരുന്നു. എന്നാൽ യഹോവയോടുളള യോനാദാബിന്റെ സ്നേഹം എത്ര ശക്തമായിരുന്നു? സത്യദൈവമായ യഹോവ മാത്രമേ ആരാധിക്കപ്പെടാവൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുവനായി അയാൾ തന്നെത്തന്നെ തുറന്നു തിരിച്ചറിയിക്കുമോ?
“നിന്റെ ഹൃദയം എന്നോടൊപ്പം നീതിനിഷ്ഠമാണോ?”
3. യോനാദാബ് എങ്ങനെയാണ് യഹോവയുടെ ആരാധന സംബന്ധിച്ച തന്റെ നിലപാട് പരസ്യമായി വെളിപ്പെടുത്തിയത്?
3 ഈ രണ്ടു പുരുഷൻമാർ അന്യോന്യം അഭിവാദനങ്ങൾ അർപ്പിച്ചശേഷം തന്റെ നിലപാട് വ്യക്തമാക്കാൻ യേഹു യോനാദാബിനോടാവശ്യപ്പെട്ടു. “എന്റെ സ്വന്ത ഹൃദയം നിന്റേതിനോട് ആയിരിക്കുന്നതുപോലെ നിന്റെ ഹൃദയം എന്റേതിനോട് നീതിനിഷ്ഠമാണോ” എന്ന് യേഹു ചോദിച്ചു. “അതെ” എന്ന് യോനാദാബ് മടിക്കാതെ മറുപടി പറഞ്ഞു. “അങ്ങനെയെങ്കിൽ, കൈ തരിക,” യേഹു പ്രതിവചിച്ചു. അങ്ങനെ അവൻ യോനാദാബിനെ രഥത്തിൽ കയററി. “എന്നോടൊപ്പം വന്ന് യഹോവയെക്കുറിച്ചുളള എന്റെ ശുഷ്ക്കാന്തി കാണുക” എന്ന് അവൻ പറഞ്ഞു. യോനാദാബ് ഭയപ്പെട്ട് മാറിനിന്നില്ല.—2 രാജാക്കൻമാർ 10:15, 16; ആവർത്തനം 6:13-15 കാണുക.
4, 5. (എ) യേഹു എങ്ങനെയാണ് ബാലാരാധകർ തങ്ങളെത്തന്നെ തിരിച്ചറിയിക്കാൻ ഇടയാക്കിയത്? (ബി) പിന്നീട് യേഹു എന്തു നടപടി സ്വീകരിച്ചു, യോനാദാബ് എവിടെയായിരുന്നു? (സി) ബാലാരാധകരുടെ ആ നശിപ്പിക്കലിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
4 ശമര്യയിലെത്തിയപ്പോൾ ബാലിന്റെ ആരാധകരെല്ലാം തങ്ങളെത്തന്നെ തിരിച്ചറിയിക്കാനിടയാക്കുന്ന നടപടികൾ യേഹു സ്വീകരിച്ചു. ബാലിന്റെ പ്രവാചകൻമാരും പുരോഹിതൻമാരും എല്ലാ ആരാധകരും ബാലിന്റെ ആലയത്തിലേക്ക് ഒരു വലിയ ബലിക്കായി ക്ഷണിക്കപ്പെട്ടു. സന്നിഹിതരാകാത്ത ഏതൊരാൾക്കും ജീവൻ നഷ്ടമാകും എന്ന് അവർക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നു. ബാലിന്റെ ആരാധകരെ വ്യക്തമായി തിരിച്ചറിയാൻ കഴിയേണ്ടതിന് അവർക്ക് വിശേഷവസ്ത്രങ്ങൾ നൽകാനും യേഹു നിർദ്ദേശിച്ചിരുന്നു. യഹോവയെ ആരാധിക്കുന്നതായി അവകാശപ്പെട്ടിരുന്നവരും തങ്ങൾ യഥാർത്ഥത്തിൽ ആരെയാണ് സേവിക്കുന്നത് എന്ന് പ്രകടമാക്കാൻ ഇടയായി. ബാലിനും ബാൽ യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്ത വ്യാജദൈവമായ പിശാചായ സാത്താനും അത് മഹത്വപൂർണ്ണമായ ഒരു സമയമായി തോന്നി.
5 ഇത് യഹോവയുടെ സത്യാരാധകർക്ക് പററിയ ഒരു സ്ഥലമായിരുന്നില്ല. ബാലിന്റെ ആരാധകർ മാത്രമേ അവിടെ ഉണ്ടായിരുന്നുളളു എന്ന് ഉറപ്പുവരുത്താൻ ഒരു പരിശോധന നടത്തപ്പെട്ടു. ആരാധനാപരമായ ചടങ്ങുകൾ തുടങ്ങി. അതേസമയം പുറത്ത് യേഹുവിന്റെ ആളുകൾ തയാറെടുത്തുനിന്നു, അവൻ അടയാളം നൽകിയപ്പോൾ അവർ തങ്ങളുടെ ജോലി ആരംഭിച്ചു. “അവരെ വെട്ടിവീഴ്ത്തുവിൻ! ഒരുത്തൻപോലും രക്ഷപെടരുത്” എന്ന് അവൻ കൽപ്പിച്ചു. ബാലിന്റെ എല്ലാ ആരാധകരും നശിപ്പിക്കപ്പെട്ടു. ബാലിന്റെ ആലയം പൊളിച്ചുനീക്കപ്പെട്ടു. “അങ്ങനെ യേഹു യിസ്രായേലിൽനിന്ന് ബാലിനെ നിശേഷം നശിപ്പിച്ചുകളഞ്ഞു.” ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ യോനാദാബ് യേഹുവിനോടൊപ്പമുണ്ടായിരുന്നു. (2 രാജാക്കൻമാർ 10:18-28) ഈ സംഭവങ്ങളോടുളള നിങ്ങളുടെ വ്യക്തിപരമായ പ്രതികരണമെന്താണ്? നമ്മിലാരും മററുളളവരുടെ, ദുഷ്ടൻമാരുടെ പോലും, മരണത്തിൽ സന്തോഷിക്കയില്ല എന്നിരിക്കെ അത് ആവശ്യമായിരുന്നതെന്തുകൊണ്ടെന്നും നാമിന്ന് അതു വായിക്കാൻ അതു ബൈബിളിന്റെ ഭാഗമായിരിക്കുന്നതെന്തുകൊണ്ടെന്നും വിലമതിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?—യെഹെസ്ക്കേൽ 33:11 താരതമ്യം ചെയ്യുക.
6. (എ) മഹാബാബിലോൻ എങ്ങനെയാണ് നശിപ്പിക്കപ്പെടുക? (ബി) യഹോവക്കെതിരെയുളള യാതൊരു മൽസരവും താൻ വച്ചുപൊറുപ്പിക്കില്ല എന്ന് യേശു എങ്ങനെയാണ് ഭൂമിയിലായിരുന്നപ്പോൾ പ്രകടമാക്കിയത്?
6 ഈ വിവരണം മതസമൂഹങ്ങളുടെ കെട്ടിടങ്ങളെയോ വ്യാജാരാധനയിൽ ഭക്തികാട്ടുന്ന ആളുകളെയോ നശിപ്പിക്കാൻ നമ്മെ അധികാരപ്പെടുത്തുന്നില്ല. തന്റെ നീതിപൂർവകമായ ന്യായവിധികൾ നടപ്പാക്കാൻ വലിപ്പമേറിയ യേഹു എന്ന നിലയിൽ യഹോവ നിയോഗിച്ചിരിക്കുന്നത് ആധുനിക നാളിലെ തന്റെ സാക്ഷികളെയല്ല മറിച്ച് മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനെയാണ്. സംയുക്ത രാഷ്ട്രീയശക്തികൾ മഹാബാബിലോനോടുളള തങ്ങളുടെ വിദ്വേഷം പ്രകടമാക്കാൻ അനുവദിക്കുന്നതിനാൽ ഈ സ്വർഗ്ഗീയ രാജാവ് വ്യാജമതലോകസാമ്രാജ്യത്തിന്റെ സമൂലനാശം കൈവരുത്തും. (വെളിപ്പാട് 6:2; 17:16; 19:1, 2) ഭൂമിയിലായിരുന്നപ്പോൾ പിശാചിന് ബഹുമാനം കൊടുക്കുംവിധം ആരാധനയുടെ ഒരു ക്രിയപോലും ചെയ്യാൻ യേശു വിസമ്മതിച്ചു. മാനുഷപാരമ്പര്യങ്ങൾക്കുവേണ്ടി യഹോവയുടെ വചനം മാററുന്നതിനെയും ദൈവാരാധന വ്യാപാരപരമായ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനെയും അവൻ കുററം വിധിച്ചു. യഹോവയ്ക്കെതിരെയുളള യാതൊരു മത്സരവും അവൻ വച്ചുപൊറുപ്പിച്ചില്ല.—ലൂക്കോസ് 4:5-8; മത്തായി 15:3-9; 21:12, 13.
7. (എ) ബാലാരാധനയുടെ ആധുനികകാല തെളിവുകളിൽ ചിലത് എന്തൊക്കെയാണ്? (ബി) രാജാവെന്ന നിലയിൽ യേശുക്രിസ്തു എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ പൊറുത്തിരിക്കുന്നത്?
7 എങ്കിൽ പിന്നെ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന യേശുക്രിസ്തു എന്തുകൊണ്ടാണ് ആധുനിക ബാലാരാധന ബാഹ്യദൃഷ്ട്യാ ശക്തിപ്പെടാൻ അനുവദിച്ചിരിക്കുന്നത്? യഹോവയുടെ നിബന്ധനകൾ തളളിക്കളഞ്ഞുകൊണ്ട് ഈ വ്യവസ്ഥിതിയുടെ ദൈവത്തെ ബഹുമാനിക്കുന്നവരെ അവൻ ശിക്ഷിക്കാതെ വിട്ടിരിക്കുന്നതെന്തുകൊണ്ടാണ്? തങ്ങളുടെ ലൈംഗിക അധാർമ്മികതയോടും ഒരു ഭൗതിക ജീവിതഗതിയെ തങ്ങൾ മഹത്വീകരിക്കുന്നതിനോടും തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുമ്പോൾതന്നെ ആത്മവിദ്യാനടപടികളിൽ ഏർപ്പെടുന്നതിനോടും ദൈവവചനമാണെന്ന മട്ടിൽ ബാബിലോന്യവിശ്വാസങ്ങൾ പഠിപ്പിക്കുന്നതിനോടും ദൈവത്തിന് യാതൊരു വിരോധവുമില്ല എന്ന രീതിയിൽ അവർ പ്രവർത്തിക്കുന്നത് അവൻ എന്തുകൊണ്ടാണ് പൊറുക്കുന്നത്? ഇത് ആളുകളെ പരിശോധിക്കാനും അതുവഴി അവർ ഏതു ദൈവത്തെയാണ് ആരാധിക്കുന്നതെന്നും അവർ വധശിക്ഷയാണോ സംരക്ഷണമാണോ അർഹിക്കുന്നത് എന്ന് പ്രത്യക്ഷമാകാനും ആണെന്ന് ഈ പുരാതന നാടകം പ്രകടമാക്കുന്നു.
8. നാം എന്തു ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കണം?
8 നിങ്ങൾ ഏതു ഗതിയാണ് തെരഞ്ഞടുത്തിരിക്കുന്നത്? ആധുനിക ബാലാരാധനയിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളായി നിങ്ങളെ തിരിച്ചറിയിച്ചേക്കാവുന്ന എല്ലാ ആചാരങ്ങളും നിങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടോ? നിങ്ങൾ നിങ്ങളെത്തന്നെ ലോകത്തിൽനിന്ന് വേർപെടുത്തുകയും യഹോവയുടെ ഒരു സത്യാരാധകനെന്ന നിലയിൽ ഒരു നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ?—2 കൊരിന്ത്യർ 6:17.
9. (എ) നാം യഥാർത്ഥത്തിൽ യോനാദാബിനെപ്പോലെയാണെങ്കിൽ നാം എന്തു ചെയ്തുകൊണ്ടിരിക്കും? (ബി) ഉദ്ധരിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ എങ്ങനെയാണ് ഈ കാര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നത്?
9 യഹോവയുടെ ഒരു യിസ്രായേല്യേതര ആരാധകനെന്ന നിലയിൽ യോനാദാബ് ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടെ ഇന്ന് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന “വേറെ ആടുകളെ” മുൻനിഴലാക്കി. നിങ്ങൾ യോനാദാബിന്റെ ആത്മാവ് പ്രതിഫലിപ്പിക്കുന്നുണ്ടോ? വലിപ്പമേറിയ യേഹുവിനോടും ആസന്നമായിരിക്കുന്ന “നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാരദിവസത്തെ” പ്രഖ്യാപിക്കുന്ന അവന്റെ അഭിഷിക്ത അനുഗാമികളോടുംകൂടെ തിരിച്ചറിയിക്കപ്പെടാൻ നിങ്ങൾക്ക് മനസ്സൊരുക്കമുണ്ടോ? ആ അടിയന്തിരമായ വേലയിൽ നിങ്ങൾ അവരോടൊപ്പം പങ്കുചേരുന്നുണ്ടോ? (യെശയ്യാവ് 61:1, 2; ലൂക്കോസ് 9:26; സെഖര്യാവ് 8:23) യഹോവക്ക് നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കേണ്ട സ്ഥാനത്തേക്ക് അതിക്രമിച്ചുകടക്കാൻ യാതൊന്നിനേയും അനുവദിക്കാതെ നിങ്ങൾ യഹോവക്ക് നിങ്ങളുടെ അനന്യമായ ഭക്തി നൽകുന്നുണ്ടോ? (മത്തായി 6:24; 1 യോഹന്നാൻ 2:15-17) അവനുമായുളള ബന്ധമാണ് നിങ്ങളുടെ ഏററം വലിയ സമ്പത്തെന്നും ബാക്കിയുളളതെല്ലാം അതിനെ ചുററിപ്പററിയാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നതെന്നും നിങ്ങളുടെ ജീവിതം പ്രകടമാക്കുന്നുണ്ടോ?—സങ്കീർത്തനം 37:4; സദൃശവാക്യങ്ങൾ 3:1-6.
നിങ്ങൾക്ക് ആ അടയാളമുണ്ടോ?
10. യഹോവയുടെ ആരാധകർ മാത്രമേ അതിജീവിക്കുകയുളളുവെന്ന് ബൈബിൾ എങ്ങനെയാണ് പ്രകടമാക്കുന്നത്?
10 ഒരു വ്യക്തി ഒരു “നല്ല ജീവിതം” നയിക്കാൻ ശ്രമിക്കുകയും ദൈവവചനത്തിൽ വ്യക്തമായി കുററം വിധിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മതങ്ങളെ ഒഴിവാക്കുകയും ചെയ്താൽ മതി, അതിൽകൂടുതലൊന്നും ആവശ്യമില്ല എന്ന് നാം നിഗമനം ചെയ്യുന്നെങ്കിൽ അത് ഒരു ഗൗരവതരമായ പിശകായിരിക്കും. “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും സംശയാതീതമായി യഹോവയുടെ ആരാധകരായി തിരിച്ചറിയിക്കപ്പെടണം. (വെളിപ്പാട് 14:6, 7; സങ്കീർത്തനം 37:34; യോവേൽ 2:32) പൊ. യു. മു. 607-ലെ യെരൂശലേമിന്റെ നാശത്തിനുമുൻപ് പ്രവാചകനായ യെഹെസ്ക്കേലിന് കൊടുക്കപ്പെട്ട ഒരു ദർശനത്തിലൂടെ ഈ ദൂത് നൽകപ്പെട്ടിരിക്കുന്നു.
11. (എ) യെഹെസ്ക്കേൽ 9:1-11-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനം വിവരിക്കുക. (ബി) അതിജീവനത്തിനുളള താക്കോൽ എന്തായിരുന്നു?
11 അവിശ്വസ്ത യെരൂശലേമിനെയും അതിലെ നിവാസികളെയും നശിപ്പിക്കാൻ നിയുക്തരായവരെ യഹോവ വിളിക്കുന്നത് യെഹെസ്ക്കേൽ കേട്ടു. തകർത്തുനശിപ്പിക്കാനുളള ആയുധങ്ങൾ വഹിച്ചിരുന്ന ആറു പുരുഷൻമാരെ അവൻ കണ്ടു, ശണവസ്ത്രം ധരിച്ച് അരയിൽ ഒരു സെക്രട്ടറിയുടെ മഷിക്കുപ്പിയുമായി നിൽക്കുന്ന ഒരു പുരുഷനുമുണ്ടായിരുന്നു. ആദ്യം ആ ശണവസ്ത്രം ധരിച്ച പുരുഷനോട് യഹോവ പറഞ്ഞു: “നീ നഗരത്തിന്റെ നടുവിലൂടെ, യെരൂശലേമിന്റെ നടുവിലൂടെ, കടന്നുപോവുക, അതിൽ നടക്കുന്ന സകല മ്ലേച്ഛകാര്യങ്ങളുംനിമിത്തം നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്ന പുരുഷൻമാരുടെ നെററിയിൽ നീ ഒരു അടയാളമിടണം.” പിന്നെ മറേറ ആറു പേരോട് അവൻ പറഞ്ഞു: “അവന്റെ പിന്നാലെ നഗരത്തിലൂടെ ചെന്ന് വെട്ടുവിൻ. നിങ്ങളുടെ കണ്ണിന് ഖേദം തോന്നരുത്; യാതൊരു കരുണയും കാണിക്കുകയുമരുത്. വൃദ്ധൻമാരെയും യൗവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുനശിപ്പിക്കുവിൻ. എന്നാൽ അടയാളമുളള ആരെയും തൊടരുത്; എന്റെ വിശുദ്ധമന്ദിരത്തിൽനിന്നുതന്നെ തുടങ്ങുവിൻ.” തുടർന്നുണ്ടായ നാശം യെഹെസ്ക്കേൽ ദർശനത്തിൽ കണ്ടു—അത് അത്ര വിപുലമായിരുന്നതിനാൽ യിസ്രായേൽ ദേശത്ത് ശേഷിച്ചിരുന്ന സകലരും നശിപ്പിക്കപ്പെടുകയാണെന്ന് തോന്നി. (യെഹെസ്ക്കേൽ 9:1-11) അതിജീവനത്തിനുളള താക്കോലെന്തായിരുന്നു? അതു സെക്രട്ടറിയുടെ മഷിക്കുപ്പിയുളള മനുഷ്യൻ ഒരുവന്റെ നെററിമേൽ ഇട്ട അടയാളമായിരുന്നു.
12. (എ) ഏതു തരം മ്ലേച്ഛകാര്യങ്ങൾ സംബന്ധിച്ചായിരുന്നു അടയാളമിടപ്പെട്ടവർ “നെടുവീർപ്പിടുകയും കരയുകയും” ചെയ്തുകൊണ്ടിരുന്നത്? (ബി) യഹോവക്ക് അത്തരം കാര്യങ്ങൾ സംബന്ധിച്ച് വെറുപ്പുതോന്നിയതെന്തുകൊണ്ട്?
12 യെരൂശലേമിൽ ചെയ്യപ്പെട്ട “സകല മ്ലേച്ഛകാര്യങ്ങളും നിമിത്തം നെടുവീർപ്പിടുകയും കരയുകയും” ചെയ്തവർ മാത്രമേ അതിജീവനത്തിനായി അടയാളമിടപ്പെട്ടുളളു. ആ “മ്ലേച്ഛകാര്യങ്ങൾ” എന്തൊക്കെയായിരുന്നു? അഞ്ചുകാര്യങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു: (1) യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിലേക്കുളള പ്രവേശനകവാടത്തിങ്കൽ ഒരു “അസൂയാപ്രതീകം.” അതിന്റെ രൂപം എന്തുതന്നെ ആയിരുന്നെങ്കിലും യിസ്രായേല്യർ യഹോവക്ക് കൊടുക്കാൻ കടപ്പെട്ടിരുന്ന ഭക്തി ഈ വസ്തുവിന് നൽകപ്പെട്ടിരുന്നു. (1 രാജാക്കൻമാർ 14:22-24) (2) ആലയവളപ്പിനുളളിൽതന്നെ ഭിത്തിയിലുണ്ടായിരുന്ന ഇഴജന്തുക്കളുടെയും മൃഗങ്ങളുടെയും കൊത്തുരൂപങ്ങളുടെ മുൻപിൽ ധൂപം അർപ്പിക്കപ്പെട്ടിരുന്നു. (3) സ്ത്രീകൾ തമ്മൂസ് ദേവന്റെ മരണത്തെച്ചൊല്ലി വിലപിച്ചുകൊണ്ടിരുന്നു, അത് യഹോവക്കെതിരെ മൽസരിച്ച നിമ്രോദിന്റെ മറെറാരു പേരായിരുന്നു. (ഉൽപ്പത്തി 10:9) (4) യഹോവയുടെ ആലയത്തിനുനേരെ പുറം തിരിഞ്ഞ് സൂര്യനെ നോക്കി കുമ്പിട്ടുകൊണ്ട് ചില പുരുഷൻമാർ അക്ഷന്തവ്യമായ അനാദരവ് പ്രകടമാക്കി. (ആവർത്തനം 4:15-19) (5) അതും പോരാഞ്ഞിട്ട് ആളുകൾ ദേശത്തെ അക്രമം കൊണ്ട് നിറക്കുകയും സാദ്ധ്യതയനുസരിച്ച് ഒരു ലൈംഗിക പ്രതീകമായിരുന്ന “ചുളളി” യഹോവയുടെ മൂക്കിനുനേരെ നീട്ടുകയും ചെയ്തു. യഹോവ എന്തുകൊണ്ടായിരുന്നു അവരെ പാടേ വെറുത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ?—യെഹെസ്ക്കേൽ 8:5-17.
13. (എ) ആ “മ്ലേച്ഛകാര്യങ്ങളോട്” താരതമ്യം ചെയ്യാവുന്ന ആധുനികകാല ആചാരങ്ങൾ ഓരോന്നായി പരിഗണിച്ച് അവയെപ്പററി അഭിപ്രായം പറയുക. (ബി) ഈ ആചാരങ്ങളെ സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?
13 ഈ “മ്ലേച്ഛകാര്യങ്ങളോ”ട് താരതമ്യം ചെയ്യാവുന്നതായി ക്രൈസ്തവലോകത്തിലുളള ആധുനികകാല ആചാരങ്ങളോട് നിങ്ങൾ വ്യക്തിപരമായി എങ്ങനെ പ്രതികരിക്കുന്നു? (1) അവളുടെ ധാരാളം പളളികളിൽ പ്രതിമകളുണ്ട്, ബൈബിൾ അങ്ങനെ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ആളുകൾ അവയുടെ മുമ്പാകെ ആരാധനാപൂർവം കുമ്പിടുന്നു. (1 കൊരിന്ത്യർ 10:14; 2 രാജാക്കൻമാർ 17:40, 41 താരതമ്യം ചെയ്യുക.) (2) ദൈവത്താലുളള സൃഷ്ടിപ്പിനു പകരം മൃഗങ്ങളിൽനിന്നുളള മമനുഷ്യന്റെ പരിണാമത്തെ പ്രതിഷ്ഠിക്കാനുളള ചായ്വിനോട് അവൾ ഒത്തുപോകുന്നു; മാത്രവുമല്ല ദേശീയചിഹ്നങ്ങളായി ഉപയോഗിക്കപ്പെടുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾക്ക് മുമ്പിൽ തീക്ഷ്ണമായ ഭക്തി പ്രകടിപ്പിക്കുന്നതിൽ അവൾ പങ്കുചേരുന്നു. (3) അവളുടെ ആരാധനാചടങ്ങുകളിൽ പുരാതനകാലംമുതൽക്കുതന്നെ തമ്മൂസിന്റെ ഒരു മതചിഹ്നമായിരുന്ന കുരിശ് ഉപയോഗിക്കുന്നു; മാത്രവുമല്ല നിമ്രോദിന്റെ ആത്മാവ് പ്രതിഫലിപ്പിക്കുന്നതും രക്തച്ചൊരിച്ചിലോടുകൂടിയതുമായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരെച്ചൊല്ലി വിലപിക്കാനുളള ചടങ്ങുകളിൽ അവൾ പങ്കുചേരുന്നു. (എന്നാൽ യോഹന്നാൻ 17:16, 17 കാണുക.) (4) ദൈവം തന്റെ വചനത്തിലൂടെ പറയുന്നതിനെതിരെ അവൾ പുറംതിരിഞ്ഞുകളയുകയും പകരം ആധുനിക ശാസ്ത്രവും മാനുഷ തത്വശാസ്ത്രവും വച്ചുനീട്ടുന്ന “പ്രകാശനം” സ്വീകരിക്കുകയും ചെയ്യുന്നു. (1 തിമൊഥെയോസ് 6:20, 21; യിരെമ്യാവ് 2:13 താരതമ്യം ചെയ്യുക.) (5) അതു പോരാഞ്ഞിട്ടെന്നവണ്ണം ദൈവത്തിന്റെ നാമത്തിൽ സംസാരിക്കുന്നതായി അവകാശപ്പെടുമ്പോൾതന്നെ ചില സ്ഥലങ്ങളിൽ അവൾ വിപ്ലവങ്ങളെ പിന്താങ്ങുകയും ലൈംഗിക അധാർമ്മികത സംബന്ധിച്ച് ഒരു അയഞ്ഞ വീക്ഷണം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. (2 പത്രോസ് 2:1, 2) ഇത്തരം ചായ്വുകളെ വിശാലവീക്ഷണമായി ചിലർ കാണുന്നു. അവർ അവയിൽ എല്ലാററിനോടും യോജിപ്പിലല്ലാതിരുന്നേക്കാം, എന്നാൽ മററുളളവയിൽ അവർ പങ്കുചേരുകയോ അവയെ ശരിവക്കുകപോലുമോ ചെയ്തേക്കാം. മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിൽനിന്ന് ആളുകളെ അകററിക്കളയുന്നതും ദൈവത്തിന് നിന്ദ വരുത്തുന്നതുമായ അത്തരം ആചാരങ്ങളെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?
14. ഒരുവന് പളളികളിൽ വിശ്വാസം നശിച്ചിരിക്കുന്നു എന്ന വസ്തുത അയാൾ ഒരു അതിജീവകനായിരിക്കും എന്ന് അവശ്യം അർത്ഥമാക്കുന്നില്ലാത്തതെന്തുകൊണ്ട്?
14 അനേകമാളുകൾക്ക് പളളികളിലുളള വിശ്വാസം നശിച്ചിട്ട് അവർ പളളിചടങ്ങുകൾക്ക് ഹാജരാകാറില്ല. ലോകത്തിലെ അക്രമപ്രവർത്തനവും സത്യസന്ധതയില്ലായ്മയും നിമിത്തം അവർ അതിയായി അസ്വസ്ഥരുമായിരുന്നേക്കാം. എന്നാൽ അവർ അതിജീവനത്തിനായി അടയാളമിടപ്പെട്ടിരിക്കുന്നുവെന്ന് അത് അവശ്യം അർത്ഥമാക്കുന്നില്ല. ‘സെക്രട്ടറിയുടെ മഷിക്കുപ്പിയുളള മനുഷ്യനാൽ’ അവർ അടയാളമിടപ്പെടണം. “വിശ്വസ്തനും വിവേകിയുമായ അടിമ” വർഗ്ഗം ഇന്ന് ആ വേല ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് വസ്തുതകൾ പ്രകടമാക്കുന്നു.—മത്തായി 24:45-47.
15. (എ) ആ അടയാളം എന്താണ്? (ബി) ഒരുവന് അതെങ്ങനെയാണ് ലഭിക്കുന്നത്?
15 ദൈവത്തിന്റെ അംഗീകാരമുളളവരായി അടയാളമിടപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും യഹോവ തന്റെ “അടിമ” വർഗ്ഗത്തിലൂടെ നൽകുന്ന മാർഗ്ഗനിർദ്ദേശം സ്വീകരിക്കുകയും യഹോവയുടെ സത്യാരാധകരായിത്തീരുകയും വേണം. അവർ അധരംകൊണ്ട് യഹോവയെ ബഹുമാനിക്കുകയും എന്നാൽ വാസ്തവത്തിൽ ലോകത്തിന്റെ വഴികളെ സ്നേഹിക്കുകയും ചെയ്യുന്നവരായിരിക്കരുത്. (യെശയ്യാവ് 29:13, 14; 1 യോഹന്നാൻ 2:15) അവർ യഹോവയെയും അവന്റെ നിലവാരങ്ങളെയും സ്നേഹിക്കുകയും അവനെ നിന്ദിക്കുന്ന ഉപദേശങ്ങളും ആചാരങ്ങളും സംബന്ധിച്ച് “നെടുവീർപ്പിടുകയും കരയുകയും” ചെയ്തുകൊണ്ട് ഹൃദയത്തിൽ ദുഃഖമനുഭവിക്കുകയും വേണം. ആരും ഒരു അക്ഷരീയ മഷിയടയാളം അവരുടെ നെററിയിലിടുകയില്ല. എന്നാൽ അവർക്ക് ആ പ്രതീകാത്മക അടയാളമുളളപ്പോൾ അവർ സമർപ്പിച്ച് സ്നാപനമേററ ക്രിസ്ത്യാനികളെന്ന നിലയിൽ എഫേസ്യർ 4:24-ൽ വിവരിച്ചിരിക്കുന്ന “പുതിയ വ്യക്തിത്വം” ധരിച്ചിരിക്കുന്നു എന്ന് എല്ലാവർക്കും വ്യക്തമായിരിക്കും. അവർക്ക് സജീവമായ ഒരു വിശ്വാസമുണ്ട്. പരസ്യമായും രഹസ്യമായും യഹോവയെ ബഹുമാനിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവർ ശ്രമിക്കുന്നു. ക്രൈസ്തവലോകത്തിൽനിന്ന് പുറത്തുവന്നിട്ടുളളവർക്ക് മാത്രമല്ല, മറിച്ച് അഭിഷിക്ത വർഗ്ഗത്തിന്റെ സഹപ്രവർത്തകരായി “പുതിയഭൂമി”യിലേക്ക് അതിജീവിക്കാൻ പ്രതീക്ഷിക്കുന്ന ഏതു പശ്ചാത്തലത്തിലുമുളള എല്ലാവർക്കും ഈ അടയാളം ഉണ്ടായിരിക്കണം.
16. ഈ ദർശനം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിശേഷാൽ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
16 യഹോവക്കെതിരെ തെററുചെയ്ത ഒരാളെ ഒഴിവാക്കുന്നതിന് പ്രായമോ സ്ത്രീപുരുഷ വ്യത്യാസമോ ഏകാകിത്വമോ വിവാഹബന്ധമോ ഒരു കാരണമല്ല എന്ന് യഹോവയുടെ വധാധികൃതരോട് പറയപ്പെട്ടു എന്ന വസ്തുത വിശേഷാൽ പ്രധാനമാണ്. ഒരു വിവാഹിത വ്യക്തി സംരക്ഷിക്കപ്പെടുന്നതിന് അയാൾക്ക് വ്യക്തിപരമായി ഈ അടയാളം ഉണ്ടായിരിക്കണം. തങ്ങളുടെ മക്കൾ അടയാളമിടപ്പെടുന്നതിനെ മാതാപിതാക്കൾ ചെറുക്കുകയാണെങ്കിൽ അല്ലെങ്കിൽ യഹോവയുടെ ദാസൻമാരായി അവരെ വളർത്തിക്കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെടുകയാണെങ്കിൽ ആ കുട്ടികൾക്ക് സംഭവിക്കുന്നതിന് അവർ ഉത്തരവാദികളായിരിക്കും. ദൈവഭയമുളള മാതാപിതാക്കളുടെ അനുസരണമുളള മക്കൾ യഹോവയാൽ “വിശുദ്ധരായി” വീക്ഷിക്കപ്പെടുന്നെങ്കിലും മൽസരികൾ അപ്രകാരമായിരിക്കുന്നില്ല. (1 കൊരിന്ത്യർ 7:14; സങ്കീർത്തനം 102:28; സദൃശവാക്യങ്ങൾ 20:11; 30:17) കുട്ടികൾ സ്നാപനമേററ ക്രിസ്ത്യാനികളായിരിക്കാൻ പ്രായമുളളവരായിരിക്കുകയും എന്നാൽ ആ നിബന്ധനകൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അവർ സ്നാപനമേററവരായാലും അല്ലെങ്കിലും അവരുടെ പ്രായം അവർ സംരക്ഷിക്കപ്പെടുന്നതിനിടയാക്കുകയില്ല. അപ്പോൾ ഉത്തരവാദിത്വപൂർണ്ണമായ പ്രായത്തിലെത്തിയ ഓരോ വ്യക്തിയും യഹോവക്ക് സമർപ്പിക്കപ്പെട്ടവനും അവന്റെ ഇഷ്ടം ചെയ്യുന്നവനുമായി വ്യക്തമായി അടയാളമിടപ്പെടുന്നത് എത്ര ജീവൽപ്രധാനമാണ്!
17. യഹോവയുടെ കരുണയെപ്പററി നാം ഇവിടെനിന്ന് എന്തു പഠിച്ചിരിക്കുന്നു?
17 വരാനിരിക്കുന്ന നാശത്തെപ്പററി മുന്നറിയിപ്പ് നൽകുന്നതിനും സുരക്ഷിത സ്ഥാനത്തേക്കുളള വഴികാട്ടുന്നതിനും തന്റെ സാക്ഷികളെ അയച്ചുകൊണ്ട് യഹോവ മനുഷ്യവർഗ്ഗത്തോട് വലിയ ദയ കാണിച്ചിരിക്കുന്നു. എന്നാൽ വ്യാജമതത്തിന്റെ രേഖയും അത് ഉൽപ്പാദിപ്പിച്ചിരിക്കുന്ന ചീത്ത ഫലങ്ങളും അവന് നന്നായി അറിയാം. മഹാബാബിലോൻ നശിപ്പിക്കപ്പെടുമ്പോൾ അതിനോട് പററിനിൽക്കാൻ നിർബന്ധംപിടിക്കുന്ന ആരോടും യാതൊരു കരുണയും കാണിക്കപ്പെടുകയില്ല. ആഗതമാകുന്ന ദിവ്യ ന്യായവിധിയെ അതിജീവിക്കുന്നതിന് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയുടെ സത്യാരാധകരെന്ന നിലയിൽ നാം യേശുക്രിസ്തുവിന്റെ കാലടികളിൽ നടക്കണം.
[95-ാം പേജിലെ ചിത്രങ്ങൾ]
അതിജീവനത്തിനാവശ്യമായ അടയാളം യഥാർത്ഥത്തിൽ നിങ്ങൾക്കുണ്ടോ?