മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ?
“ഒരു മനുഷ്യൻ മരിച്ചാൽ, അയാൾ വീണ്ടും ജീവിക്കുമോ”യെന്ന് ഇയ്യോബ് എന്ന മനുഷ്യൻ ദീർഘനാൾ മുമ്പ് ചോദിച്ചു. (ഇയ്യോബ് 14:14, കിംഗ് ജയിംസ് വേർഷൻ) ഒരുപക്ഷേ, നിങ്ങളും ഇതു സംബന്ധിച്ച് അറിയാൻ ആഗ്രഹിച്ചിരിക്കും. ഇവിടെ ഭൂമിയിൽത്തന്നെ അത്യുത്തമ അവസ്ഥകളിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും കൂടിച്ചേരുക സാദ്ധ്യമാണെന്ന് നിങ്ങൾ അറിയുകയാണെങ്കിൽ, നിങ്ങളുടെ വിചാരം എന്തായിരിക്കും?
ശരി, “മരിച്ചവർ ജീവിക്കും. . . . അവർ എഴുന്നേൽക്കും” എന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു. “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും” എന്നും ബൈബിൾ പറയുന്നു.—യെശയ്യാവ് 26:19; സങ്കീർത്തനം 37:29.
അങ്ങനെയുളള വാഗ്ദത്തങ്ങളിൽ യഥാർത്ഥവിശ്വാസമുണ്ടായിരിക്കുന്നതിന് നാം ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു: ആളുകൾ മരിക്കുന്നതെന്തുകൊണ്ട്? മരിച്ചവർ എവിടെ? അവർക്ക് വീണ്ടും ജീവിക്കാൻ കഴിയുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ സാധിക്കും?
മരണം, നാം മരിക്കുമ്പോൾ സംഭവിക്കുന്നത്
മനുഷ്യർ മരിക്കണമെന്ന് ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. അവൻ ആദ്യമനുഷ്യജോടിയായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച് ഏദൻ എന്നു വിളിക്കപ്പെട്ട ഒരു ഭൗമിക പരദീസയിൽ ആക്കിവെക്കുകയും മക്കളെ ഉളവാക്കാനും തങ്ങളുടെ പരദീസാ ഭവനത്തെ ഭൂവ്യാപകമായി വികസിപ്പിക്കാനും അവരോടു നിർദ്ദേശിക്കുകയും ചെയ്തു. അവന്റെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ മാത്രമേ അവർ മരിക്കുമായിരുന്നുളളു.—ഉല്പത്തി 1:28; 2:15-17.
ദൈവത്തിന്റെ ദയയോടു വിലമതിപ്പില്ലാതെ ആദാമും ഹവ്വായും അനുസരണക്കേടു കാണിക്കുകയും നിർദ്ദിഷ്ടപിഴ ഒടുക്കേണ്ടിവരുകയും ചെയ്തു. “നീ പൊടിയിലേക്കു തിരികെ പോകും, എന്തെന്നാൽ നീ അതിൽനിന്ന് എടുക്കപ്പെട്ടു. എന്തെന്നാൽ നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെ പോകും” എന്ന് ദൈവം ആദാമിനോടു പറഞ്ഞു. (ഉല്പത്തി 3:19) ആദാമിന്റെ സൃഷ്ടിക്കുമുമ്പ് അവൻ സ്ഥിതിചെയ്യുന്നില്ലായിരുന്നു; അവൻ പൊടിയായിരുന്നു. ആദാമിന്റെ അനുസരണക്കേട് അഥവാ പാപം നിമിത്തം അവൻ പൊടിയിലേക്ക്, ഇല്ലായ്മയിലേക്ക്, തിരികെ പോകാൻ വിധിക്കപ്പെട്ടു.
അങ്ങനെ മരണം ജീവന്റെ അഭാവമാണ്. ബൈബിൾ വ്യത്യാസം വരച്ചുകാണിക്കുന്നു: “പാപം കൊടുക്കുന്ന ശമ്പളം മരണമാകുന്നു, എന്നാൽ ദൈവം കൊടുക്കുന്ന ദാനം നിത്യജീവനാണ്.” (റോമർ 6:23) മരണം തികഞ്ഞ അബോധാവസ്ഥയാണെന്നു പ്രകടമാക്കിക്കൊണ്ട് ബൈബിൾ പറയുന്നു: “ജീവിച്ചിരിക്കുന്നവർക്ക് തങ്ങൾ മരിക്കുമെന്നുളള ബോധമുണ്ട്; എന്നാൽ മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ, അവർക്കു യാതൊന്നിനെക്കുറിച്ചും ബോധമില്ല.” (സഭാപ്രസംഗി 9:5) ഒരു വ്യക്തി മരിക്കുമ്പോൾ “അവന്റെ ആത്മാവു പുറത്തുപോകുന്നു; അവൻ തന്റെ നിലത്തേക്ക് തിരികെ പോകുന്നു; ആ ദിവസത്തിൽ അവന്റെ ചിന്തകൾ നശിക്കുകതന്നെ ചെയ്യുന്നു”വെന്ന് ബൈബിൾ വിശദീകരിക്കുന്നു.—സങ്കീർത്തനം 146:3, 4.
എന്നിരുന്നാലും, ഏദനിലെ ആ കല്പന ലംഘിച്ചത് ആദാമും ഹവ്വായും മാത്രമായിരുന്നിട്ടും നമ്മളെല്ലാം മരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആദാമിന്റെ അനുസരണക്കേടിനുശേഷമാണ് നമ്മളെല്ലാം ജനിച്ചത്. തന്നിമിത്തം നമ്മളെല്ലാം അവനിൽനിന്ന് പാപവും മരണവും അവകാശപ്പെടുത്തി. ബൈബിൾ വിശദീകരിക്കുന്നതുപോലെ: “ഏകമനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചു, അങ്ങനെ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമർ 5:12; ഇയ്യോബ് 14:4.
എന്നിരുന്നാലും, ‘മനുഷ്യർക്ക് മരണത്തെ അതിജീവിക്കുന്ന ഒരു അമർത്ത്യ ദേഹി ഇല്ലേ?’ എന്ന് ഒരാൾ ചോദിച്ചേക്കാം. അനേകർ അങ്ങനെ പഠിപ്പിച്ചിട്ടുണ്ട്, മരണം മറെറാരു ജീവിതത്തിലേക്കുളള വാതിലാണെന്നുപോലും പറയുന്നു. എന്നാൽ ആ ആശയം ബൈബിളിലുളളതല്ല. പകരം, നിങ്ങൾ ഒരു ദേഹിയാണെന്നും, നിങ്ങളുടെ ദേഹി യഥാർത്ഥത്തിൽ നിങ്ങളുടെ ശാരീരികവും മാനസികവുമായ സകല ഗുണങ്ങളോടുംകൂടിയ നിങ്ങൾ തന്നെയാണെന്നും ദൈവവചനം പഠിപ്പിക്കുന്നു. (ഉല്പത്തി 2:7; യിരെമ്യാവ് 2:34; സദൃശവാക്യങ്ങൾ 2:10) കൂടാതെ, “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും” എന്നും ബൈബിൾ പറയുന്നു. (യെഹെസ്ക്കേൽ 18:4) ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു അമർത്ത്യദേഹി മനുഷ്യനുണ്ടെന്ന് ബൈബിൾ ഒരിടത്തും പഠിപ്പിക്കുന്നില്ല.
മനുഷ്യർക്ക് എങ്ങനെ വീണ്ടും ജീവിക്കാമെന്ന്
പാപവും മരണവും ലോകത്തിൽ പ്രവേശിച്ചശേഷം ഒരു പുനരുത്ഥാനം മുഖേന മരിച്ചവർ ജീവനിലേക്കു പുനഃസ്ഥിതീകരിക്കപ്പെടണമെന്നുളളത് തന്റെ ഉദ്ദേശ്യമാണെന്ന് ദൈവം വെളിപ്പെടുത്തി. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “മരിച്ചവരിൽനിന്നുപോലും [തന്റെ പുത്രനായ യിസഹാക്കിനെ] ഉയർപ്പിക്കാൻ ദൈവം പ്രാപ്തനാണെന്ന് . . . അബ്രാഹാം കണക്കാക്കി.” (എബ്രായർ 11:17-19) അബ്രാഹാമിന്റെ വിശ്വാസം അസ്ഥാനത്തല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ സർവ്വശക്തനെ സംബന്ധിച്ച് “അവൻ മരിച്ചവരുടെയല്ല, പിന്നെയോ ജീവനുളളവരുടെ ദൈവമാകുന്നു. എന്തെന്നാൽ അവരെല്ലാം അവന് ജീവിച്ചിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു.—ലൂക്കോസ് 20:37, 38.
അതെ, താൻ ഇഷ്ടപ്പെടുന്ന ആളുകളെ പുനരുത്ഥാനപ്പെടുത്തുന്നതിനുളള ശക്തി മാത്രമല്ല, ആഗ്രഹവും സർവ്വശക്തനായ ദൈവത്തിനുണ്ട്. യേശുക്രിസ്തുതന്നെ ഇങ്ങനെ പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരികയും ചെയ്യുന്ന നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
ഇതു പറഞ്ഞിട്ട് അധികനാൾ ആകുന്നതിനു മുമ്പ്, യിസ്രായേല്യ നഗരമായ നയീനിൽനിന്ന് ഒരു ശവസംസ്ക്കാര ഘോഷയാത്ര വരുന്നത് യേശു കണ്ടു. മരിച്ച ചെറുപ്പക്കാരൻ ഒരു വിധവയുടെ ഏക സന്താനമായിരുന്നു. അവളുടെ അനിയന്ത്രിതമായ ദുഃഖം കണ്ട് യേശുവിന് അനുകമ്പതോന്നി. തന്നിമിത്തം, ശവത്തെ സംബോധന ചെയ്തുകൊണ്ട് “ചെറുപ്പക്കാരാ, എഴുന്നേൽക്കൂ, എന്നു ഞാൻ നിന്നോടു പറയുന്നു!” എന്ന് അവൻ കല്പിച്ചു. ആ മനുഷ്യൻ എഴുന്നേററിരുന്നു, യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.—ലൂക്കോസ് 7:11-17.
ആ വിധവയുടെ കാര്യത്തിലെന്നപോലെ, യഹൂദ സിന്നഗോഗിലെ ഒരു അദ്ധ്യക്ഷസ്ഥാനിയായിരുന്ന യായിറോസിന്റെ വീട്ടിൽ യേശു സന്ദർശിച്ചപ്പോഴും വലിയ ആനന്ദാതിരേകമുണ്ടായിരുന്നു. അയാളുടെ 12 വയസ്സുണ്ടായിരുന്ന പുത്രി മരിച്ചുപോയിരുന്നു. എന്നാൽ യേശു യായിറോസിന്റെ വീട്ടിലെത്തിയപ്പോൾ അവൻ മരിച്ച കുട്ടിയുടെ അടുക്കൽ ചെന്ന് “ബാലേ, എഴുന്നേൽക്കുക!” എന്നു പറഞ്ഞു. അവൾ എഴുന്നേററു!—ലൂക്കോസ് 8:40-56.
പിന്നീട്, യേശുവിന്റെ സ്നേഹിതനായ ലാസർ മരിച്ചു. യേശു അവന്റെ വീട്ടിലെത്തിയപ്പോൾ അവൻ മരിച്ചിട്ടു നാലു ദിവസമായിരുന്നു. അവന്റെ സഹോദരിയായ മാർത്ത അതീവ ദുഃഖിതയായിരുന്നിട്ടും “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ എഴുന്നേൽക്കുമെന്ന് എനിക്കറിയാം” എന്ന് പറഞ്ഞുകൊണ്ട് പ്രത്യാശ പ്രകടമാക്കി. എന്നാൽ യേശു കല്ലറയ്ക്കലേക്കു പോയി കല്ലു മാററാനാജ്ഞാപിക്കുകയും “ലാസറേ, പുറത്തു വരൂ!” എന്ന് വിളിച്ചു പറയുകയും ചെയ്തു. അവൻ പുറത്തുവന്നു!—യോഹന്നാൻ 11:11-44.
ഇപ്പോൾ ഇതിനെക്കുറിച്ചു ചിന്തിക്കുക: ലാസർ മരിച്ചിരുന്ന നാലുദിവസം അവന്റെ അവസ്ഥ എന്തായിരുന്നു? പരമാനന്ദത്തിന്റെ ഒരു സ്വർഗ്ഗത്തിലോ ദണ്ഡനത്തിന്റെ നരകത്തിലോ ആയിരുന്നതായി യാതൊന്നും ലാസർ പറഞ്ഞില്ല. അവൻ അവിടെയായിരുന്നെങ്കിൽ തീർച്ചയായും അവൻ പറയുമായിരുന്നു. ലാസർ മരണത്തിൽ തികച്ചും ബോധമില്ലാത്തവനായിരുന്നു. അന്ന് യേശു അവനെ ജീവനിൽ പുനഃസ്ഥിതീകരിച്ചില്ലായിരുന്നെങ്കിൽ അവൻ “അവസാനനാളിലെ പുനരുത്ഥാനം” വരെ അങ്ങനെ സ്ഥിതിചെയ്യുമായിരുന്നു.
യേശു പുനരുത്ഥാനപ്പെടുത്തിയവർ വീണ്ടും മരിച്ചതുകൊണ്ട്, യേശുവിന്റെ ആ അത്ഭുതങ്ങൾ തൽക്കാലപ്രയോജനമുളളവ മാത്രമായിരുന്നുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, മരിച്ചവർക്ക് ദൈവശക്തിയാൽ യഥാർത്ഥത്തിൽ വീണ്ടും ജീവിക്കാൻ കഴിയുമെന്നുളളതിന് 1,900 വർഷം മുമ്പ് അവൻ തെളിവു നൽകി! അതുകൊണ്ട്, യേശു തന്റെ അത്ഭുതങ്ങളാൽ ദൈവരാജ്യത്തിൻ കീഴിൽ ഭൂമിയിൽ എന്തു നടക്കുമെന്ന് ഒരു ചെറിയ തോതിൽ പ്രകടമാക്കി.
ഒരു പ്രിയപ്പെട്ടയാൾ മരിക്കുമ്പോൾ
നിങ്ങൾ പുനരുത്ഥാനത്തിൽ പ്രത്യാശിച്ചേക്കാമെങ്കിലും ശത്രുവായ മരണം പ്രഹരിക്കുമ്പോൾ നിങ്ങളുടെ ദുഃഖം വലുതായിരിക്കാൻ കഴിയും. അബ്രാഹാമിന് തന്റെ ഭാര്യ വീണ്ടും ജീവിക്കുമെന്നുളള വിശ്വാസമുണ്ടായിരുന്നു, എന്നിട്ടും “അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും അവളെ ചൊല്ലി കരയാനും വന്നു“വെന്ന് നാം വായിക്കുന്നു. (ഉല്പത്തി 23:2) യേശുവിനെ സംബന്ധിച്ചെന്ത്? ലാസർ മരിച്ചപ്പോൾ അവൻ “ആത്മാവിൽ ഞരങ്ങുകയും ദുഃഖാർത്തനാകുകയും ചെയ്തു,” പിന്നീട് താമസിയാതെ അവൻ “കണ്ണുനീർ പൊഴിച്ചു.” (യോഹന്നാൻ 11:33, 35) തന്നിമിത്തം, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, കരയുന്നത് ദൗർബ്ബല്യമല്ല.
ഒരു കുട്ടി മരിക്കുമ്പോൾ, അത് മാതാവിന് വിശേഷാൽ പ്രയാസമുളവാക്കുന്നു. അങ്ങനെ ഒരു മാതാവിന് അനുഭവപ്പെടാവുന്ന കഠിന ദുഃഖത്തെ ബൈബിൾ സമ്മതിച്ചു പറയുന്നു. (2 രാജാക്കൻമാർ 4:27) തീർച്ചയായും, മരണദുഃഖമനുഭവിക്കുന്ന പിതാവിനും അത് ക്ലേശകരമാണ്. ദാവീദുരാജാവിന്റെ പുത്രനായിരുന്ന അബ്ശാലോം മരിച്ചപ്പോൾ “നിനക്കു പകരം, ഞാൻ, ഞാൻതന്നെ, മരിച്ചിരുന്നെങ്കിൽ” എന്ന് അവൻ വിലപിച്ചു.—2 ശമുവേൽ 18:33.
എന്നിരുന്നാലും, നിങ്ങൾക്ക് പുനരുത്ഥാനത്തിൽ വിശ്വാസമുളളതിനാൽ നിങ്ങളുടെ സങ്കടം ശമിക്കാത്തതല്ല. ബൈബിൾ പറയുന്നതുപോലെ, “പ്രത്യാശയില്ലാത്ത ശേഷമുളളവർ ചെയ്യുന്നതുപോലെ” നിങ്ങൾ “ദുഃഖിക്കുകയില്ല.” (1 തെസ്സലോനീക്യർ 4:13) പകരം, നിങ്ങൾ പ്രാർത്ഥനയിൽ ദൈവത്തോട് അടുത്തു ചെല്ലും, “അവൻതന്നെ നിന്നെ പുലർത്തും” എന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു.—സങ്കീർത്തനം 55:22.
മററുപ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, എല്ലാ ബൈബിളുദ്ധരണികളും വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരത്തിൽ നിന്നാണ്.