അധ്യായം 5
യോഹന്നാൻ മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ കാണുന്നു
ദർശനം—വെളിപ്പാടു 1:10–3:22
വിഷയം: യേശു ഭൂമിയിലെ ആത്മീയ ഇസ്രായേലിനെ പരിശോധിക്കുകയും ഊഷ്മളമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു
നിവൃത്തിയുടെ കാലം: കർത്താവിന്റെ ദിവസത്തിന്റെ ഈ പ്രത്യേകവശം 1914-ൽ തുടങ്ങി വിശ്വസ്ത അഭിഷിക്തരിൽ അവസാനത്തെ അംഗം മരിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്യുന്നതുവരെ നീളുന്നു
1. ഒന്നാമത്തെ ദർശനം എങ്ങനെയാണ് അവതരിപ്പിക്കുന്നത്, അതിന്റെ യഥാർഥ പ്രയുക്തതയുടെ സമയം യോഹന്നാൻ സൂചിപ്പിച്ചത് എങ്ങനെ?
വെളിപാട് പുസ്തകത്തിലെ ഒന്നാമത്തെ ദർശനം 1-ാം അധ്യായം 10-ാം വാക്യത്തോടെ തുടങ്ങുന്നു. ഈ ദർശനം, വെളിപാടിലെ മററുളളവയെപ്പോലെ, യോഹന്നാൻ അസാധാരണമായ ചിലതു കാണുകയോ കേൾക്കുകയോ ചെയ്യുന്നുവെന്ന ഒരു പ്രഖ്യാപനത്തോടെ അവതരിപ്പിക്കപ്പെടുന്നു. (വെളിപ്പാടു 1:10, 12; 4:1; 6:1) യോഹന്നാന്റെ നാളിൽ സ്ഥിതിചെയ്തിരുന്ന ഏഴു സഭകളെ സംബോധനചെയ്തു സന്ദേശങ്ങൾ നൽകിക്കൊണ്ട് ഒന്നാം നൂററാണ്ടിലെ ഒരു ചട്ടക്കൂടിൽ ഈ ഒന്നാമത്തെ ദർശനം അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ “നിശ്വസ്തതയിൽ ഞാൻ കർത്താവിന്റെ ദിവസത്തിലായി” എന്നു പറയുകയിൽ യോഹന്നാൻ ഇത് യഥാർഥത്തിൽ ബാധകമാകുന്ന സമയത്തെ സൂചിപ്പിക്കുന്നു. (വെളിപാട് 1:10എ, NW) ഈ ‘ദിവസം’ എപ്പോഴാണ്? ഈ പ്രക്ഷുബ്ധമായ 20-ാം നൂററാണ്ടിലെ നാടകീയമായ സംഭവങ്ങൾക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ? അങ്ങനെയെങ്കിൽ, നമ്മുടെ ജീവനെ—നമ്മുടെ അതിജീവനത്തെപോലും—ബാധിക്കുന്നതെന്ന നിലയിൽ, പ്രവചനത്തിനു നാം അടുത്തു ശ്രദ്ധ നൽകേണ്ടതാണ്.—1 തെസ്സലൊനീക്യർ 5:20, 21.
കർത്താവിന്റെ ദിവസത്തിൽ
2. കർത്താവിന്റെ ദിവസം എപ്പോൾ തുടങ്ങുന്നു, അത് എപ്പോൾ അവസാനിക്കുന്നു?
2 ഇതു വെളിപാടിന്റെ നിവൃത്തിയെ ഏതു കാലഘട്ടത്തിലാക്കുന്നു? കൊളളാം, കർത്താവിന്റെ ദിവസം എന്താണ്? അപ്പോസ്തലനായ പൗലോസ് ഇതിനെ ന്യായവിധിയുടെയും ദിവ്യവാഗ്ദത്തങ്ങളുടെ നിവൃത്തിയുടെയും ഒരു സമയമായി പരാമർശിക്കുന്നു. (1 കൊരിന്ത്യർ 1:8; 2 കൊരിന്ത്യർ 1:14; ഫിലിപ്പിയർ 1:6, 10; 2:16) ആ “ദിവസ”ത്തിന്റെ ആഗമനത്തോടെ യഹോവയുടെ മഹത്തായ ഉദ്ദേശ്യങ്ങൾ പടിപടിയായും ജയഘോഷത്തോടെയും അവയുടെ പാരമ്യത്തിലേക്കു നീങ്ങുന്നു. ആ ‘ദിവസം’ സ്വർഗീയ രാജാവെന്നനിലയിലുളള യേശുവിന്റെ കിരീടധാരണത്തോടെ തുടങ്ങുന്നു. സാത്താന്റെ ലോകത്തിൻമേൽ ന്യായവിധി നിർവഹിച്ചശേഷം, പറുദീസ പുനഃസ്ഥാപിക്കുകയും മനുഷ്യവർഗത്തെ പൂർണതയിലെത്തിക്കുകയും ചെയ്യുമ്പോഴും, ഒടുവിൽ യേശു “രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കു”ന്നതു വരെയും കർത്താവിന്റെ ദിവസം തുടരുന്നു.—1 കൊരിന്ത്യർ 15:24-26; വെളിപ്പാടു 6:1, 2.
3. (എ) “ഏഴു കാല”ങ്ങൾ സംബന്ധിച്ച ദാനിയേലിന്റെ പ്രവചനം കർത്താവിന്റെ ദിവസം എപ്പോൾ തുടങ്ങുന്നുവെന്നു കാണാൻ നമ്മെ സഹായിക്കുന്നതെങ്ങനെ? (ബി) കർത്താവിന്റെ ദിവസത്തിന്റെ ആരംഭം 1914 എന്ന വർഷമാണെന്ന് ഭൂമിയിലെ ഏതു സംഭവങ്ങൾ സ്ഥിരീകരിക്കുന്നു?
3 കർത്താവിന്റെ ദിവസം എപ്പോൾ തുടങ്ങുന്നുവെന്നു കാണാൻ മററു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, ദാവീദ് രാജാവിന്റെ വംശത്തിലെ ഭരണാധിപത്യത്തിന്റെ വെട്ടിയിടലിനെപ്പററി ദാനിയേൽ വർണിച്ചു; “ഏഴു കാല”ങ്ങൾക്കുശേഷം “അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിൻമേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു” അറിയാൻ ഇടയാകുമായിരുന്നു. (ദാനീയേൽ 4:23, 24, 31, 32) ആ പ്രവചനത്തിന്റെ വലിയ നിവൃത്തി യഹൂദാരാജ്യത്തിന്റെ ശൂന്യമാക്കലോടെ തുടങ്ങി; ഇതു പൊ.യു.മു. 607 ഒക്ടോബറിൽ പൂർത്തീകരിക്കപ്പെട്ടതായി ബൈബിൾത്തെളിവു സൂചിപ്പിക്കുന്നു. മൂന്നര കാലം 1,260 ദിവസങ്ങൾക്കു സമമാണെന്നു വെളിപ്പാടു 12:6, 14 പ്രകടമാക്കുന്നു; അതിനാൽ, (അതിന്റെ ഇരട്ടിയായ) ഏഴു കാലങ്ങൾ 2,520 ദിവസങ്ങൾ ആയിരിക്കണം. “ഒരു സംവത്സരത്തിന്നു ഒരു ദിവസം” വച്ചു കണക്കാക്കുമ്പോൾ നാം “ഏഴു കാല”ങ്ങളുടെ ദൈർഘ്യമെന്നനിലയിൽ 2,520 വർഷത്തിലെത്തുന്നു. (യെഹെസ്കേൽ 4:6) അതുകൊണ്ട് യേശുക്രിസ്തു തന്റെ സ്വർഗീയ ഭരണം 1914-ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ചു. ആ വർഷത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ മനുഷ്യവർഗത്തെ തുടർന്നു ബാധിച്ചുകൊണ്ടിരിക്കുന്ന “ഈററുനോവിന്റെ ആരംഭ”ത്തെ കുറിച്ചു. 1914 മുതൽ, ഈ രക്തപങ്കിലമായ ഭൂമിയിലെ സംഭവങ്ങൾ എത്ര ശ്രദ്ധേയമായി ആ വർഷത്തെ യേശുവിന്റെ സാന്നിധ്യ “ദിവസം” ആരംഭിച്ച വർഷമായി സ്ഥിരീകരിച്ചിരിക്കുന്നു!—മത്തായി 24:3-14.a
4. (എ) ഒന്നാമത്തെ ദർശനം നിവൃത്തിയേറിയ കാലം സംബന്ധിച്ചു വെളിപാടിലെ വാക്കുകൾതന്നെ എന്താണു സൂചിപ്പിക്കുന്നത്? (ബി) ഒന്നാമത്തെ ദർശനത്തിന്റെ നിവൃത്തി എപ്പോൾ അവസാനിക്കുന്നു?
4 ഇക്കാരണത്താൽ, ഈ ഒന്നാമത്തെ ദർശനവും അതിൽ അടങ്ങിയിരിക്കുന്ന ബുദ്ധ്യുപദേശവും 1914 മുതലുളള കർത്താവിന്റെ ദിവസത്തിലേക്കുളളതാണ്. പിന്നീടു വെളിപാടിൽ ദൈവത്തിന്റെ സത്യവും നീതിയുമുളള ന്യായവിധിനിർവഹണത്തേക്കുറിച്ചു രേഖ വർണിക്കുന്നുവെന്ന വസ്തുത ഈ കാലനിശ്ചയത്തെ പിന്താങ്ങുന്നു—കർത്താവായ യേശു ഒരു ശ്രദ്ധേയമായ പങ്കു വഹിക്കുന്ന സംഭവങ്ങളാണവ. (വെളിപ്പാടു 11:18; 16:15; 17:1; 19:2, 11) ഒന്നാമത്തെ ദർശനത്തിന്റെ നിവൃത്തി 1914-ൽ തുടങ്ങിയെങ്കിൽ അതെപ്പോഴായിരിക്കും അവസാനിക്കുക? സന്ദേശങ്ങൾതന്നെ പ്രകടമാക്കുന്നപ്രകാരം സംബോധന ചെയ്യപ്പെട്ടിരിക്കുന്ന സ്ഥാപനം ദൈവത്തിന്റെ ഭൂമിയിലെ അഭിഷിക്ത സഭയാണ്. അപ്പോൾ ഈ ഒന്നാമത്തെ ദർശനത്തിന്റെ നിവൃത്തി അവസാനിക്കുന്നത് ആ അഭിഷിക്ത സഭയിലെ അവസാനത്തെ വിശ്വസ്ത അംഗവും മരിച്ചു സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോഴാണ്. എന്നിരുന്നാലും, കർത്താവിന്റെ ദിവസം ഭൗമികരായ വേറെ ആടുകൾക്ക് അനുഗ്രഹം വർഷിച്ചുകൊണ്ടു യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ ഭരണത്തിന്റെ അവസാനം വരെ തുടരുന്നു.—യോഹന്നാൻ 10:16; വെളിപ്പാടു 20:4, 5.
5. (എ) എന്തുചെയ്യുവാൻ ഒരു സ്വരം യോഹന്നാനെ ആഹ്വാനം ചെയ്യുന്നു? (ബി) “ഏഴു സഭ”കളുടെ സ്ഥാനം അവയ്ക്ക് ഒരു ചുരുൾ അയക്കുന്നതിന് അനുകൂലമായിരുന്നതെങ്ങനെ?
5 ഈ ഒന്നാമത്തെ ദർശനത്തിൽ യോഹന്നാൻ എന്തെങ്കിലും കാണുന്നതിനു മുമ്പായി ചിലതു കേൾക്കുന്നു: “നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.” (വെളിപ്പാടു 1:11) ഒരു കാഹളവിളിപോലെ ആധികാരികവും ആജ്ഞാപൂർവകവുമായ ഒരു സ്വരം, ‘ഏഴ് സഭകൾക്കു’ എഴുതാൻ യോഹന്നാനെ ആഹ്വാനം ചെയ്യുന്നു. അദ്ദേഹം സന്ദേശങ്ങളുടെ ഒരു പരമ്പര സ്വീകരിക്കുകയും താൻ കാണാനും കേൾക്കാനുമിരിക്കുന്ന കാര്യങ്ങൾ പരസ്യമാക്കുകയും ചെയ്യേണ്ടിയിരുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന സഭകൾ യോഹന്നാന്റെ നാളിൽ യഥാർഥത്തിൽ സ്ഥിതിചെയ്തിരുന്നുവെന്നതു ശ്രദ്ധിക്കുക. അവയെല്ലാം പത്മോസിൽനിന്നു നേരെ കടലിനക്കരെ ഏഷ്യാമൈനറിൽ സ്ഥിതിചെയ്തിരുന്നു. അവയെല്ലാം ആ പ്രദേശത്ത് നിലവിലുണ്ടായിരുന്ന മികച്ച റോമൻ രാജപാതകളിലൂടെ അന്യോന്യം നിഷ്പ്രയാസം എത്തിച്ചേരാവുന്നവയായിരുന്നു. ഒരു സഭയിൽനിന്ന് അടുത്തതിലേക്കു ചുരുളും വഹിച്ചുകൊണ്ടു പോകുന്നതിന് ഒരു സന്ദേശവാഹകനു യാതൊരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. ഈ ഏഴു സഭകൾ യഹോവയുടെ സാക്ഷികളുടെ ആധുനികകാലത്തെ ഒരു സർക്കിട്ടിന്റെ ഒരു ഭാഗത്തോടു സദൃശമായിരിക്കുമായിരുന്നു.
6. (എ) “ഇപ്പോൾ ഉളള” കാര്യങ്ങൾ എന്നതിനാൽ എന്തർഥമാക്കുന്നു? (ബി) ഇന്നത്തെ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയിലെ അവസ്ഥകൾ യോഹന്നാന്റെ നാളിലേതിനോടു സമാനമായിരിക്കുമെന്നു നമുക്ക് എന്തുകൊണ്ടു തീർച്ചയുണ്ടായിരിക്കാൻ കഴിയും?
6 വെളിപാടിലെ മിക്ക പ്രവചനങ്ങളും യോഹന്നാന്റെ കാലശേഷം നിവൃത്തിയേറേണ്ടവയായിരുന്നു. അവ “ഇനി സംഭവിപ്പാനിരിക്കുന്ന” കാര്യങ്ങളെ പരാമർശിച്ചു. എന്നിരുന്നാലും ഏഴു സഭകൾക്കുളള ബുദ്ധ്യുപദേശം “ഇപ്പോൾ ഉളള” കാര്യങ്ങളെ അഥവാ അക്കാലത്ത് ആ ഏഴു സഭകളിൽ യഥാർഥത്തിൽ നിലവിലിരുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നു. സന്ദേശങ്ങൾ ആ ഏഴു സഭകളിലെയും അതുപോലെതന്നെ അഭിഷിക്ത ക്രിസ്ത്യാനികളുടെ അക്കാലത്തെ എല്ലാസഭകളിലെയും വിശ്വസ്തരായ നിയമിതമൂപ്പൻമാർക്കു വിലപ്പെട്ട സഹായമായിരുന്നു.b ദർശനത്തിന്റെ മുഖ്യ പ്രയുക്തി കർത്താവിന്റെ ദിവസത്തിലായതിനാൽ യേശു പറയുന്ന കാര്യങ്ങൾ നമ്മുടെ സ്വന്തം നാളിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയിൽ സമാനമായ അവസ്ഥകൾ പ്രതീക്ഷിക്കേണ്ടതാണെന്ന് അനുസ്മരിപ്പിക്കുന്നു.—വെളിപ്പാടു 1:10, 19.
7. ഈ ഒന്നാമത്തെ ദർശനത്തിൽ യോഹന്നാൻ ആരെ കാണുന്നു, ഇന്നു നമുക്കതു വളരെ പ്രാധാന്യമുളളതും പുളകപ്രദവുമായിരിക്കുന്നത് എന്തുകൊണ്ട്?
7 ഈ ഒന്നാമത്തെ ദർശനത്തിൽ, തേജോമയനായ കർത്താവായ യേശുക്രിസ്തുവിനെ അവന്റെ സ്വർഗീയമഹത്ത്വത്തിൽ യോഹന്നാൻ കാണുന്നു. സ്വർഗം നിയോഗിച്ച ഈ കർത്താവിന്റെ മഹാദിവസത്തോടു ബന്ധപ്പെട്ട പ്രവചനങ്ങളുടെ ഒരു പുസ്തകത്തിനു മറെറന്ത് അതിലും യോജിച്ചതായിരിക്കാൻ കഴിയും? ഇപ്പോൾ ആ കാലഘട്ടത്തിൽ ജീവിക്കുന്നവരും അവന്റെ ഓരോ ആജ്ഞക്കും സൂക്ഷ്മശ്രദ്ധ നൽകുന്നവരും ആയ നമുക്ക് ഇതിലും പ്രധാനമായി മറെറന്തുണ്ടായിരിക്കാൻ കഴിയും? കൂടാതെ, സാത്താൻ കൊണ്ടുവന്ന എല്ലാ പീഡനങ്ങളും പരീക്ഷകളും സഹിക്കുകയും 1,900 വർഷം മുൻപ് തന്റെ “കുതികാൽ” ചതയ്ക്കപ്പെട്ടപ്പോൾ യാതനാപൂർണമായ ഒരു മരണം അനുഭവിക്കുകയും ചെയ്ത മിശിഹൈക സന്തതി ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യം അതിന്റെ ജയോത്സവപൂർവകമായ പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നതിന് അധികാരപ്പെടുത്തപ്പെട്ടവനായി ഇപ്പോൾ സ്വർഗത്തിൽ ജീവിച്ചിരിക്കുന്നുവെന്ന് ഉറപ്പുലഭിക്കുന്നത് യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നവർക്ക് എത്ര പുളകപ്രദമാണ്!—ഉല്പത്തി 3:15.
8. യേശു ഇപ്പോൾ ഏതു പ്രവർത്തനത്തിനുവേണ്ടി തയ്യാറായി നിൽക്കുന്നു?
8 സിംഹാസനസ്ഥനാക്കപ്പെട്ട രാജാവെന്നനിലയിൽ യേശു ഇപ്പോൾ നടപടിയെടുക്കാൻ തയ്യാറായി നിൽക്കുന്നുവെന്നതു വ്യക്തമാണ്. ഈ പഴയ ദുഷ്ടവ്യവസ്ഥിതിക്കും അതിന്റെ പൈശാചിക ദൈവമായ സാത്താനും എതിരെ യഹോവയുടെ അന്തിമ ന്യായവിധികൾ നടപ്പിലാക്കാനുളള യഹോവയുടെ മുഖ്യ വിധിനിർവാഹകനായി അവൻ നിയമിക്കപ്പെട്ടിരിക്കുന്നു. കൂടാതെ അവൻ തന്റെ അഭിഷിക്ത സഭയിലുളളവരെയും അവരുടെ സഹചാരികളായ മഹാപുരുഷാരത്തെയും അതുപോലെതന്നെ ലോകത്തെയും വിധിക്കാൻ തയ്യാറായി നിൽക്കുകയാണ്.—വെളിപ്പാടു 7:4, 9; പ്രവൃത്തികൾ 17:31.
9. (എ) പൊൻനിലവിളക്കുകളുടെ നടുവിലുളള മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ? (ബി) ആലയസമാന പശ്ചാത്തലവും യേശു ധരിക്കുന്ന അങ്കിയും എന്തിനെ സൂചിപ്പിക്കുന്നു? (സി) അവന്റെ പൊൻകച്ച എന്തിനെ സൂചിപ്പിക്കുന്നു?
9 വലിയ ശബ്ദം കേട്ടു തിരിഞ്ഞ യോഹന്നാൻ കാണുന്നതിതാണ്: “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാൺമാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെ . . . കണ്ടു.” (വെളിപ്പാടു 1:12, 13എ) ഈ ഏഴു നിലവിളക്കുകൾ എന്തിനെ ചിത്രീകരിക്കുന്നുവെന്നു യോഹന്നാൻ പിന്നീടു മനസ്സിലാക്കുന്നു. പക്ഷേ നിലവിളക്കുകളുടെ നടുവിലുളള വ്യക്തിയാണ് അവന്റെ കണ്ണിനെ ആകർഷിക്കുന്നത്. അവിടെ “നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളിപ്പാടു 1:13ബി) ഇവിടെ ‘മനുഷ്യപുത്രൻ’ ആയ യേശു അത്ഭുതസ്തബ്ധനായി നിൽക്കുന്ന സാക്ഷിയായ യോഹന്നാന്റെ മുമ്പാകെ പ്രൗഢമായ, തിളങ്ങുന്ന ഒരു വ്യക്തിയായി തന്നെത്തന്നെ അവതരിപ്പിക്കുന്നു. കത്തുന്ന പൊൻനിലവിളക്കുകളുടെ ഇടയിൽ അവൻ അത്യുജ്ജ്വലമായ പ്രതാപത്തോടെ പ്രത്യക്ഷപ്പെടുന്നു. ഈ ആലയസമാന പശ്ചാത്തലം ന്യായവിധിയുടെ അധികാരങ്ങളോടെ യഹോവയുടെ വലിയ മഹാപുരോഹിതന്റെ ചുമതലയിൽ യേശു സന്നിഹിതനായിരിക്കുന്നുവെന്ന വസ്തുത യോഹന്നാന്റെ മനസ്സിൽ പതിപ്പിക്കുന്നു. (എബ്രായർ 4:14; 7:21-25) അവന്റെ നീണ്ട ഹൃദയഹാരിയായ അങ്കി തന്റെ പൗരോഹിത്യ ജോലിക്കു യോജിക്കുന്നു. പുരാതനകാലത്തെ യഹൂദ മഹാപുരോഹിതൻമാരെപ്പോലെ തന്റെ ഹൃദയത്തെ മറച്ചുകൊണ്ടു മാറത്ത് ഒരു കച്ച—പൊൻകച്ച അവൻ ധരിക്കുന്നു. ഇതു യഹോവയാം ദൈവത്തിൽനിന്നു തനിക്ക് ലഭിച്ച ദിവ്യനിയോഗം താൻ പൂർണഹൃദയത്തോടെ നിർവഹിക്കുമെന്ന് അർഥമാക്കുന്നു.—പുറപ്പാടു 28:8, 30; എബ്രായർ 8:1, 2.
10. (എ) യേശുവിന്റെ ഹിമംപോലെ വെളുത്ത തലമുടിയും അഗ്നിമയമായ കണ്ണുകളും എന്തിനെ കുറിക്കുന്നു? (ബി) യേശുവിന്റെ പാദങ്ങൾ തിളങ്ങുന്ന ചെമ്പുപോലെയായിരിക്കുന്നതിന്റെ പ്രാധാന്യമെന്ത്?
10 യോഹന്നാന്റെ വിവരണം തുടരുന്നു, “അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെളളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും . . . ആയിരുന്നു.” (വെളിപ്പാടു 1:14) അവന്റെ ഹിമത്തോളം വെളുത്ത മുടി സൂചിപ്പിക്കുന്നത് അവന്റെ ആയുർദൈർഘ്യത്താലുളള ജ്ഞാനത്തെയാണ്. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 16:31.) അവന്റെ അഗ്നിമയമായ കണ്ണുകൾ അവൻ അന്വേഷണം നടത്തുകയോ പരിശോധിക്കുകയോ രോഷം പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ വളരെ കൂർമതയും ജാഗ്രതയും ഉളളവനാണെന്നു പ്രകടമാക്കുന്നു. യേശുവിന്റെ പാദങ്ങൾപോലും യോഹന്നാന്റെ ശ്രദ്ധ പിടിച്ചുപററുന്നു: “[അവന്റെ] കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെളേളാട്ടിന്നു [ചെമ്പിനു, NW] സദൃശവും അവന്റെ ശബ്ദം പെരുവെളളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു.” (വെളിപ്പാടു 1:15) ദർശനത്തിൽ യേശുവിന്റെ പാദങ്ങൾ തിളങ്ങുന്നതും ശോഭയുളളതുമായ ചെമ്പുപോലെ ആണ്—യഹോവയാം ദൈവത്തിന്റെ സന്നിധിയിൽ നല്ല നിലയുളളവനും തീക്ഷ്ണതയോടെ നടക്കുന്നവനുമായ ഒരുവനു യോജിച്ചതുതന്നെ. അതിനുപുറമേ, ബൈബിളിൽ ദിവ്യമായ കാര്യങ്ങൾ മിക്കപ്പോഴും പൊന്നിനാൽ ചിത്രീകരിക്കപ്പെടുമ്പോൾ മാനുഷികമായ കാര്യങ്ങൾ ചിലപ്പോഴൊക്കെ ചെമ്പിനാൽc പ്രതിനിധാനം ചെയ്യപ്പെടുന്നു. അതുകൊണ്ട് ശുദ്ധമായ ചെമ്പുപോലുളള യേശുവിന്റെ ജ്വലിക്കുന്ന പാദങ്ങൾ അവൻ സുവാർത്ത ഘോഷിച്ചുകൊണ്ട് ഭൂമിയിൽ സഞ്ചരിച്ചപ്പോൾ അവന്റെ പാദങ്ങൾ എത്ര “മനോഹരം” ആയിരുന്നുവെന്നു നമ്മെ അനുസ്മരിപ്പിക്കുന്നു.—യെശയ്യാവു 52:7; റോമർ 10:15.
11. (എ) യേശുവിന്റെ മഹത്ത്വമുളള പാദങ്ങൾ നമ്മെ എന്ത് അനുസ്മരിപ്പിക്കുന്നു? (ബി) യേശുവിന്റെ ശബ്ദം “പെരുവെളളത്തിന്റെ ഇരെച്ചൽപോലെ” ആയിരുന്നു എന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു?
11 തീർച്ചയായും ഒരു പൂർണമനുഷ്യനെന്നനിലയിൽ യേശുവിന് ദൂതൻമാർക്കും മനുഷ്യർക്കും ദൃശ്യമായിരുന്ന ഒരു തേജസ്സുണ്ടായിരുന്നു. (യോഹന്നാൻ 1:14) അവന്റെ മഹത്ത്വമുളള പാദങ്ങൾ താൻ മഹാപുരോഹിതനായിരിക്കുന്ന യഹോവയുടെ സ്ഥാപനത്തിൽ അവൻ വിശുദ്ധനിലത്തുകൂടെ നടക്കുന്നുവെന്നും നമ്മെ ഓർമിപ്പിക്കുന്നു. (താരതമ്യം ചെയ്യുക: പുറപ്പാടു 3:5.) കൂടുതലായി, അവന്റെ ശബ്ദം ബൃഹത്തായ കുത്തനെയുളള ഒരു വെളളച്ചാട്ടം പോലെ ഗർജനത്തോടെ മാറെറാലിക്കൊളളുന്നു. അതു മതിപ്പുളവാക്കുന്നതും ഭയോദ്ദീപകവുമാണ്, “ലോകത്തെ നീതിയിൽ ന്യായംവിധിപ്പാൻ” വന്നിരിക്കുന്നവനും ഔദ്യോഗികമായി ദൈവവചനമെന്നു വിളിക്കപ്പെട്ടിരിക്കുന്നവനുമായവനു യോജിച്ചതുതന്നെ.—പ്രവൃത്തികൾ 17:31; യോഹന്നാൻ 1:1.
12. ‘മൂർച്ചയേറിയ ഇരുവായ്ത്തലയുളള നീണ്ട വാളി’ന്റെ പ്രാധാന്യമെന്ത്?
12 “അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുളള [ഒരു നീണ്ട, NW] വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു.” (വെളിപ്പാടു 1:16, 17എ) ഏഴു നക്ഷത്രങ്ങളുടെ അർഥം അല്പം കഴിഞ്ഞു യേശുതന്നെ വിശദീകരിക്കുന്നു. എന്നാൽ അവന്റെ വായിൽനിന്നു പുറത്തേക്കു വരുന്നതെന്തെന്ന് ശ്രദ്ധിക്കുക: “മൂർച്ചയേറിയ ഇരുവായ്ത്തലയുളള ഒരു നീണ്ട വാൾ.” സമുചിതമായ എന്തോരു സവിശേഷത! എന്തെന്നാൽ യഹോവയുടെ അന്തിമന്യായവിധികൾ അവന്റെ ശത്രുക്കൾക്കെതിരെ ഉച്ചരിക്കാൻ നിയമിതനായിരിക്കുന്നതു യേശുവാണ്. അവന്റെ വായിൽനിന്നുളള നിർണായകമായ പ്രഖ്യാപനങ്ങൾ എല്ലാ ദുഷ്ടൻമാരുടെയും വധത്തിൽ കലാശിക്കുന്നു.—വെളിപ്പാടു 19:13, 15.
13. (എ) യേശുവിന്റെ ശോഭയുളള സ്ഫുരിക്കുന്ന മുഖം നമ്മെ എന്ത് അനുസ്മരിപ്പിക്കുന്നു? (ബി) യേശുവിനെക്കുറിച്ചുളള യോഹന്നാന്റെ വർണനയിൽനിന്ന് നമുക്കു മൊത്തത്തിൽ എന്ത് ആശയം ലഭിക്കുന്നു?
13 യേശുവിന്റെ ശോഭയുളള സ്ഫുരിക്കുന്ന മുഖം യഹോവ മോശയോടു സീനായ് പർവതത്തിൽവച്ചു സംസാരിച്ചശേഷം അവന്റെ മുഖം തിളങ്ങുന്ന കിരണങ്ങൾ പുറപ്പെടുവിച്ച കാര്യം നമ്മെ അനുസ്മരിപ്പിക്കുന്നു. (പുറപ്പാടു 34:29, 30) യേശു 1,900 വർഷം മുൻപ് തന്റെ മൂന്ന് അപ്പോസ്തലൻമാരുടെ മുമ്പാകെ മറുരൂപം പ്രാപിച്ചപ്പോൾ, “അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെളളയായി തീർന്നു” എന്നതും ഓർക്കുക. (മത്തായി 17:2) ഇപ്പോൾ, കർത്താവിന്റെ ദിവസത്തിൽ യേശുവിന്റെ ദാർശനിക പ്രതിനിധാനത്തിൽ അവന്റെ മുഖം അതുപോലെതന്നെ യഹോവയുടെ സന്നിധിയിലായിരുന്നിട്ടുളള ഒരുവന്റെ ഉജ്ജ്വലമായ പകിട്ടു പ്രതിഫലിപ്പിക്കുന്നു. (2 കൊരിന്ത്യർ 3:18) വാസ്തവത്തിൽ, യോഹന്നാന്റെ ദർശനം പകർന്നുതരുന്ന മൊത്തത്തിലുളള ധാരണ പ്രതാപത്തിന്റെ ഒരു ഉജ്ജ്വല പ്രകാശത്തിന്റേതാണ്. ഹിമംപോലെ വെളുത്ത തലമുടിമുതൽ ജ്വലിക്കുന്ന കണ്ണുകളും തിളങ്ങുന്ന മുഖഭാവവും ജ്വലിക്കുന്ന പാദങ്ങളും വരെ, അത് ഇപ്പോൾ “അടുത്തുകൂടാത്ത വെളിച്ചത്തിൽ” വസിക്കുന്നവന്റെ അതിശ്രേഷ്ഠമായ ഒരു ദർശനമാണ്. (1 തിമൊഥെയൊസ് 6:16) ഈ കാഴ്ചയുടെ യഥാർഥത വളരെ സ്പഷ്ടമാണ്! അമ്പരന്നുപോയ യോഹന്നാൻ എങ്ങനെയാണു പ്രതികരിച്ചത്? അപ്പോസ്തലൻ നമ്മോടു പറയുന്നു: “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു.”—വെളിപ്പാടു 1:17.
14. മഹത്ത്വീകരിക്കപ്പെട്ട യേശുവിനെക്കുറിച്ചുളള യോഹന്നാന്റെ ദർശനത്തെക്കുറിച്ചു വായിക്കുമ്പോൾ അതു നമ്മെ എങ്ങനെ ബാധിക്കേണ്ടതാണ്?
14 യോഹന്നാന്റെ ദർശനത്തിന്റെ നിറപ്പകിട്ടാർന്ന, വിശദമായ വിവരണം ഇന്നു ദൈവജനത്തെ ഹൃദയംഗമമായ വിലമതിപ്പുകൊണ്ടു നിറയ്ക്കുന്നു. ദർശനത്തിന് അതിന്റെ പുളകപ്രദമായ നിവൃത്തി സംഭവിച്ചുകൊണ്ടിരിക്കുന്ന കർത്താവിന്റെ ദിവസത്തിൽ നാം ഇപ്പോൾതന്നെ 70-ലേറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. യേശുവിന്റെ രാജ്യഭരണം നമുക്ക് ഒരു ഭാവിപ്രതീക്ഷയല്ല, മറിച്ച് നിലവിലുളള ഒരു സജീവ യാഥാർഥ്യമാണ്. അതിനാൽ രാജ്യത്തിന്റെ വിശ്വസ്തപ്രജകളായ നാം ഈ ഒന്നാം ദർശനത്തിൽ യോഹന്നാൻ വിവരിക്കുന്നതു വിസ്മയത്തോടെ തുടർന്നു നോക്കുന്നതും മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ വാക്കുകൾ അനുസരണപൂർവം ശ്രദ്ധിക്കുന്നതും ഉചിതമാണ്.
[അടിക്കുറിപ്പുകൾ]
a വിശദമായ വിവരണത്തിന് ഈ പുസ്തകത്തിന്റെ പ്രസാധകർ വിതരണം ചെയ്തിട്ടുളള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 135-146, 195-201 പേജുകൾ കാണുക.
b ഒന്നാം നൂററാണ്ടിൽ ഒരു അപ്പോസ്തലനിൽനിന്ന് ഒരു സഭയ്ക്ക് കത്തുലഭിക്കുമ്പോൾ അതിലെ ബുദ്ധ്യുപദേശത്തിൽനിന്നു സകലർക്കും പ്രയോജനമനുഭവിക്കാൻ കഴിയേണ്ടതിനു കത്തു മററുസഭകളിലും വിതരണം ചെയ്യുന്നതു പതിവായിരുന്നു.—താരതമ്യം ചെയ്യുക: കൊലൊസ്സ്യർ 4:16.
c ശലോമോന്റെ ആലയത്തിന്റെ ഉളളിലെ അലങ്കാരങ്ങളും സജ്ജീകരണങ്ങളും പൊന്നുകൊണ്ടുണ്ടാക്കിയതോ പൊന്നു പതിച്ചതോ ആയിരുന്നു. എന്നാൽ പ്രാകാരം സജ്ജീകരിക്കുന്നതിനു ചെമ്പായിരുന്നു ഉപയോഗിച്ചിരുന്നത്.—1 രാജാക്കൻമാർ 6:19-23, 28-35; 7:15, 16, 27, 30, 38-50; 8:64.
[23-ാം പേജിലെ ചിത്രങ്ങൾ]
ഏഴു സഭകൾ സ്ഥിതിചെയ്തിരുന്ന നഗരങ്ങളിലെ പുരാവസ്തുസംബന്ധമായ അവശിഷ്ടങ്ങൾ ബൈബിൾരേഖയെ സ്ഥിരീകരിക്കുന്നു. ലോകത്തെമ്പാടുമുളള 20-ാം നൂററാണ്ടിലെ സഭകളെ ഇന്ന് ഉത്തേജിപ്പിക്കുന്ന യേശുവിന്റെ പ്രോത്സാഹജനകമായ സന്ദേശങ്ങൾ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്കു ലഭിച്ചത് ഇവിടെയായിരുന്നു
പെർഗമോസ്
സ്മിർണ
തുയഥൈര
സർദിസ്
എഫേസോസ്
ഫിലദെൽഫിയ
ലവോദിക്യ