അധ്യായം 23
രണ്ടാമത്തെ കഷ്ടം—കുതിരപ്പട
1. വെട്ടുക്കിളികളെ ഉൻമൂലനം ചെയ്യാനുളള പുരോഹിതൻമാരുടെ ശ്രമം ഉണ്ടായിരുന്നിട്ടും എന്തു സംഭവിച്ചിരിക്കുന്നു, രണ്ടു കഷ്ടങ്ങൾ കൂടെ വരുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ക്രൈസ്തവലോകത്തിൻമേലുളള പ്രതീകാത്മക വെട്ടുക്കിളികളുടെ ആക്രമണം 1919 മുതൽ വൈദികർക്കു വളരെ അസ്വസ്ഥതയുണ്ടാക്കിയിരിക്കുന്നു. അവർ വെട്ടുക്കിളികളെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുകയുണ്ടായി, എന്നാൽ ഇവർ എന്നത്തെക്കാൾ കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. (വെളിപ്പാടു 9:7) അതുമാത്രമല്ല! യോഹന്നാൻ എഴുതുന്നു: “കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.” (വെളിപ്പാടു 9:12) ദണ്ഡിപ്പിക്കുന്ന കൂടുതലായ ബാധകൾ ക്രൈസ്തവലോകത്തിനായി കരുതിയിരിക്കുന്നു.
2. (എ) ആറാമത്തെ ദൂതൻ തന്റെ കാഹളം ഊതുമ്പോൾ എന്തു സംഭവിക്കുന്നു? (ബി) “സ്വർണ്ണപീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം” എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (സി) നാലു ദൂതൻമാർ പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
2 രണ്ടാം കഷ്ടത്തിന്റെ ഉറവിടമെന്താണ്? യോഹന്നാൻ എഴുതുന്നു: “ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണപീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുളള ആറാം ദൂതനോടു: യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതൻമാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.” (വെളിപ്പാടു 9:13, 14) ദൂതൻമാരുടെ മോചനം സ്വർണപീഠത്തിന്റെ കൊമ്പുകളിൽനിന്നു വരുന്ന ശബ്ദത്തിനുളള ഉത്തരമായിട്ടാണ്. ഇതു സ്വർണധൂപപീഠമാണ്, മുമ്പു രണ്ടു സന്ദർഭങ്ങളിൽ ഈ യാഗപീഠത്തിലെ സ്വർണകലശത്തിൽനിന്നുളള ധൂപം വിശുദ്ധൻമാരുടെ പ്രാർഥനകളോടു ബന്ധപ്പെട്ടിരുന്നു. (വെളിപ്പാടു 5:8; 8:3, 4) അതുകൊണ്ട് ഈ ഒരു ശബ്ദം ഭൂമിയിലെ വിശുദ്ധൻമാരുടെ ഏകീകൃതപ്രാർഥനകളെ പ്രതിനിധാനം ചെയ്യുന്നു. യഹോവയുടെ “സന്ദേശവാഹകർ” എന്നനിലയിൽ തങ്ങൾതന്നെ കൂടുതൽ ഊർജസ്വലമായ സേവനത്തിനു മോചിപ്പിക്കപ്പെടാൻ അവർ അപേക്ഷിക്കുന്നു, ഇവിടെ ‘ദൂതൻമാർ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാന അർഥം അതാണ്. അവിടെ നാലു ദൂതൻമാർ ഉളളതെന്തുകൊണ്ട്? ഭൂമി മുഴുവനും പ്രവർത്തിക്കുന്നതിന് അവർ അത്ര സംഘടിതരായിരിക്കുമെന്ന് ഈ പ്രതീകാത്മക സംഖ്യ സൂചന നൽകുന്നതായി തോന്നുന്നു.—താരതമ്യം ചെയ്യുക: വെളിപ്പാടു 7:1; 20:8.
3. നാലു ദൂതൻമാർ “യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധി”ക്കപ്പെട്ടിരുന്നത് എങ്ങനെ?
3 ആ ദൂതൻമാർ “യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധി”ക്കപ്പെട്ടിരുന്നത് എങ്ങനെ? യൂഫ്രട്ടീസ് നദി പുരാതനകാലങ്ങളിൽ യഹോവ അബ്രഹാമിനു വാഗ്ദത്തം ചെയ്ത ദേശത്തിന്റെ വടക്കുകിഴക്കേ അതിർത്തിയായിരുന്നു. (ഉല്പത്തി 15:18; ആവർത്തനപുസ്തകം 11:24) പ്രത്യക്ഷത്തിൽ, ദൂതൻമാർ അവരുടെ ദൈവദത്തമായ ദേശത്തിന്റെ അഥവാ ഭൗമിക പ്രവർത്തനമണ്ഡലത്തിന്റെ അതിർത്തിയിൽ ഒതുക്കിനിർത്തപ്പെട്ടിരുന്നു, യഹോവ അവർക്കുവേണ്ടി ഒരുക്കിയിരുന്ന സേവനത്തിൽ പൂർണമായി പ്രവേശിക്കുന്നതിൽനിന്നു തടയപ്പെട്ടിരുന്നു. കൂടാതെ, യൂഫ്രട്ടീസ് മുഖ്യമായും ബാബിലോൻ നഗരത്തോടു ബന്ധപ്പെട്ടിരുന്നു, പൊ.യു.മു. 607-ൽ യെരുശലേമിന്റെ നാശത്തിനുശേഷം ജഡിക ഇസ്രായേൽ 70 വർഷം അവിടെ അടിമത്തത്തിൽ ചെലവഴിച്ചു, “യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധി”ക്കപ്പെട്ട അവസ്ഥയിൽത്തന്നെ. (സങ്കീർത്തനം 137:1) ആത്മീയ ഇസ്രായേല്യരും 1919-ൽ സമാനമായ ഒരു തടങ്കലിൽ വിഷണ്ണരായി നടത്തിപ്പിനുവേണ്ടി യഹോവയോട് അപേക്ഷിച്ചുകൊണ്ടു സ്ഥിതിചെയ്തിരുന്നു.
4. നാലു ദൂതൻമാർക്ക് എന്തു നിയോഗമുണ്ട്, അതു നിറവേററപ്പെട്ടിരിക്കുന്നതെങ്ങനെ?
4 “ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതൻമാരെയും അഴിച്ചുവിട്ടു,” എന്ന് യോഹന്നാനു റിപ്പോർട്ടു ചെയ്യാൻ കഴിയുന്നതു സന്തോഷകരംതന്നെ. (വെളിപ്പാടു 9:15) യഹോവ കൃത്യമായ ഒരു സമയപാലകനാണ്. അവന് ഒരു സമയപ്പട്ടികയുണ്ട്, അതു പാലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ സന്ദേശവാഹകർ കൃത്യസമയത്തു പട്ടികയനുസരിച്ച് അവർ ചെയ്യേണ്ടതു പൂർത്തീകരിക്കാൻ അഴിച്ചുവിടപ്പെടുന്നു. വേലക്കു തയ്യാറായി 1919-ൽ ബന്ധനത്തിൽനിന്നു പുറത്തുവരുമ്പോഴുളള അവരുടെ സന്തോഷം ഭാവനയിൽ കാണുക! അവർക്കു ദണ്ഡിപ്പിക്കാൻ മാത്രമല്ല, ഒടുവിൽ “മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ” ഉളള ഒരു നിയോഗവും ഉണ്ട്. ഇത് ആദ്യത്തെ നാലു കാഹളക്കാർ വിളിച്ചറിയിക്കുന്ന ബാധകളോടു ബന്ധപ്പെട്ടിരിക്കുന്നു, ഭൂമിയുടെയും, സമുദ്രത്തിന്റെയും, സമുദ്രജീവികളുടെയും, നീരുറവകളുടെയും നദികളുടെയും, സ്വർഗീയ പ്രകാശസ്രോതസ്സുകളുടെയും മൂന്നിലൊന്നിനെ അവ ബാധിച്ചു. (വെളിപ്പാടു 8:7-12) നാലു ദൂതൻമാർ അതിനപ്പുറം പോകുന്നു. ക്രൈസ്തവലോകത്തിന്റെ ആത്മീയമായി മരിച്ച അവസ്ഥ പൂർണമായി തുറന്നുകാട്ടിക്കൊണ്ട് അവർ ‘കൊല്ലുന്നു’. 1922 മുതൽ ഇങ്ങോട്ട് ഇക്കാലംവരെയും മുഴക്കപ്പെട്ട കാഹള പ്രഖ്യാപനങ്ങൾ ഇതു നിറവേററിയിരിക്കുന്നു.
5. ക്രൈസ്തവലോകത്തെ സംബന്ധിച്ച് ആറാം കാഹളം മുഴക്കലിന്റെ ശബ്ദം 1927-ൽ പ്രതിധ്വനിപ്പിക്കപ്പെട്ടതെങ്ങനെ?
5 സ്വർഗീയ ദൂതൻ ആറാം കാഹളം മുഴക്കിയതേയുളളൂ എന്ന് ഓർക്കുക. അതിനോടു പ്രതികരിച്ചുകൊണ്ട്, ബൈബിൾ വിദ്യാർഥികളുടെ വാർഷിക സാർവദേശീയ കൺവെൻഷനുകളുടെ പരമ്പരയിൽ ആറാമത്തേത് കാനഡായിലെ ടൊറൊന്റോയിലുളള ഒന്റേറിയോയിൽ നടത്തപ്പെട്ടു. അവിടെ 1927 ജൂലൈ 24 ഞായറാഴ്ച നടത്തപ്പെട്ട കാര്യപരിപാടി 53 റേഡിയോനിലയങ്ങളുടെ ഒരു ശൃംഖലവഴി പ്രക്ഷേപണം ചെയ്യപ്പെട്ടു, അന്നുവരെയുളളതിൽ ഏററവും വിപുലമായ ഒരു പ്രക്ഷേപണ ശൃംഖലയായിരുന്നു അത്. ആ പ്രസംഗസന്ദേശം അനേകലക്ഷങ്ങളുടെ ഒരു സദസ്സിലേക്ക് എത്തി. ആദ്യം, ശക്തമായ ഒരു പ്രമേയം ക്രൈസ്തവലോകം ആത്മീയമായി മരിച്ചതായി തുറന്നുകാട്ടുകയും ഈ ക്ഷണം പുറപ്പെടുവിക്കുകയും ചെയ്തു: “കലങ്ങിമറിഞ്ഞ ഈ നാഴികയിൽ യഹോവയാം ദൈവം ‘ക്രൈസ്തവലോകത്തെ’ അല്ലെങ്കിൽ ‘സംഘടിത ക്രിസ്ത്യാനിത്വത്തെ’ വിട്ടുകളയാനും എന്നെന്നേക്കുമായി ഉപേക്ഷിക്കാനും അതിൽനിന്നു പൂർണമായി പിന്തിരിയാനും ആളുകളോട് ആജ്ഞാപിക്കുന്നു . . . ; ആളുകൾ അവരുടെ ഹൃദയത്തിലെ ഭക്തിയും കൂറും യഹോവയാം ദൈവത്തിനും അവന്റെ രാജാവിനും രാജ്യത്തിനും പൂർണമായി നൽകട്ടെ.” തുടർന്നുവന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “ജനങ്ങൾക്കു സ്വാതന്ത്ര്യം” എന്നതായിരുന്നു. യോഹന്നാൻ അടുത്തതായി ദർശനത്തിൽ കാണുന്നതുപോലെ ‘തീയും പുകയും ഗന്ധകവും’ എന്നതിന് അനുയോജ്യമായി വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡ് തന്റെ ഊർജസ്വലമായ ശൈലിയിൽ അതു നടത്തി.
6. യോഹന്നാൻ താൻ അടുത്തതായി കാണുന്ന കുതിരപ്പടയെ വർണിക്കുന്നതെങ്ങനെ?
6 “കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽനിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. വായിൽനിന്നു പുറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.”—വെളിപ്പാടു 9:16-18.
7, 8. (എ) കുതിരപ്പട ആരുടെ മാർഗനിർദേശത്തിൽ മുന്നേറുന്നു? (ബി) ഏതു വിധങ്ങളിൽ കുതിരപ്പട മുമ്പുവന്ന വെട്ടുക്കിളികൾക്കു സമാനമായിരിക്കുന്നു?
7 പ്രത്യക്ഷത്തിൽ ഈ കുതിരപ്പട നാലു ദൂതൻമാരുടെ മാർഗനിർദേശത്തിൽ മുന്നേറുന്നു. എന്തൊരു ഭീതിജനകമായ കാഴ്ച! നിങ്ങൾ അത്തരമൊരു കുതിരപ്പടയുടെ ലക്ഷ്യമാണെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നു സങ്കല്പിക്കുക! അതിന്റെ കാഴ്ചതന്നെ നിങ്ങളുടെ ഹൃദയത്തിൽ ഭീതിയുളവാക്കും. എങ്കിലും അതിനു മുമ്പുവന്ന വെട്ടുക്കിളികളോട് ഈ കുതിരപ്പട എത്ര സാമ്യമുളളതാണെന്നു നിങ്ങൾ ഗൗനിച്ചോ? വെട്ടുക്കിളികൾ കുതിരകളെ പോലെ ആയിരുന്നു; കുതിരപ്പടയിൽ ഉളളതു കുതിരകൾ ആണ്. അപ്പോൾ രണ്ടും ദിവ്യാധിപത്യ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 21:31) വെട്ടുക്കിളികൾക്കു സിംഹത്തിന്റേതുപോലുളള പല്ലുകൾ ഉണ്ടായിരുന്നു; കുതിരപ്പടക്കു സിംഹത്തിന്റേതുപോലുളള തലകൾ ഉണ്ട്. അതുകൊണ്ടു രണ്ടുകൂട്ടവും യഹൂദാഗോത്രത്തിലെ ധീരസിംഹമായ യേശുക്രിസ്തുവിനോടു ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ നായകനും കമാൻഡറും മാതൃകാപുരുഷനും ആണവൻ.—വെളിപ്പാടു 5:5; സദൃശവാക്യങ്ങൾ 28:1.
8 വെട്ടുക്കിളികളും കുതിരപ്പടയും യഹോവയുടെ ന്യായവിധിവേലയിൽ പങ്കെടുക്കുന്നു. ക്രൈസ്തവലോകത്തിനു കഷ്ടവും നാശകരമായ തീയും മുൻകൂട്ടി അറിയിച്ച പുകയിൽനിന്നു വെട്ടുക്കിളികൾ പുറത്തുവന്നു; കുതിരകളുടെ വായിൽനിന്നു തീയും പുകയും ഗന്ധകവും പുറപ്പെടുന്നു. വെട്ടുക്കിളികൾക്ക് അവരുടെ ഹൃദയം നീതിയോടുളള വഴങ്ങാത്ത കൂറിനാൽ സംരക്ഷിക്കപ്പെടുന്നതിനെ അർഥമാക്കുന്ന ഇരുമ്പുകവചം ഉണ്ടായിരുന്നു; കുതിരപ്പട കുതിരകളുടെ വായിൽനിന്നു പുറത്തുവരുന്ന മാരകമായ ന്യായവിധി ദൂതുകളുടെ തീയെയും പുകയെയും ഗന്ധകത്തെയും പ്രതിഫലിപ്പിക്കുന്ന ചുവപ്പും നീലയും മഞ്ഞയും നിറത്തിലുളള കവചം ധരിക്കുന്നു. (താരതമ്യം ചെയ്യുക: ഉല്പത്തി 19:24, 28; ലൂക്കൊസ് 17:29, 30.) വെട്ടുക്കിളികൾക്കു ദണ്ഡിപ്പിക്കുവാൻ തേളിന്റേതുപോലുളള വാൽ ഉണ്ടായിരുന്നു; കുതിരകൾക്കു കൊല്ലുവാൻ സർപ്പം പോലുളള വാലുകൾ ഉണ്ട്! വെട്ടുക്കിളികൾ തുടങ്ങിവെച്ചതു കൂടുതൽ രൂക്ഷതയോടെ കുതിരപ്പട ഒരു പൂർത്തീകരണത്തിലേക്കു കൊണ്ടുവരേണ്ടതാണെന്നു തോന്നുന്നു.
9. കുതിരപ്പട എന്തിനെ പ്രതീകപ്പെടുത്തുന്നു?
9 അതുകൊണ്ട് ഈ കുതിരപ്പട എന്തിനെ പ്രതീകപ്പെടുത്തുന്നു? ‘വേദനിപ്പിക്കാനും ഉപദ്രവിക്കാനും’ ഉളള അധികാരത്തോടെ ക്രൈസ്തവലോകത്തിനെതിരെ ദിവ്യപ്രതികാരമാകുന്ന യഹോവയുടെ ന്യായവിധിയുടെ കാഹളസമാനമായ പ്രഘോഷണം അഭിഷിക്ത യോഹന്നാൻവർഗം തുടങ്ങിവെച്ചതുപോലെ, അതേ കൂട്ടം ‘കൊലയിലും’, അതായത് ക്രൈസ്തവലോകവും അതിന്റെ വൈദികരും ആത്മീയമായി പൂർണമായി മരിച്ചിരിക്കുന്നുവെന്നും യഹോവ അവരെ തളളിക്കളഞ്ഞിരിക്കുന്നുവെന്നും നിത്യനാശത്തിന്റെ ‘തീച്ചൂളക്കു’ അവർ യോഗ്യരാണെന്നും പ്രസിദ്ധമാക്കുന്നതിന് ഉപയോഗിക്കപ്പെടുമെന്നു നാം പ്രതീക്ഷിക്കണം. വാസ്തവത്തിൽ മഹാബാബിലോൻ മുഴുവനും നശിക്കണം. (വെളിപ്പാടു 9:5, 10; 18:2, 8; മത്തായി 13:41-43) എന്നിരുന്നാലും അവളുടെ നാശത്തിനു മുന്നോടിയായി യോഹന്നാൻവർഗം ക്രൈസ്തവലോകത്തിന്റെ ആത്മീയാവസ്ഥ തുറന്നുകാട്ടുന്നതിന് ‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ’ ഉപയോഗിക്കുന്നു. നാലു ദൂതൻമാരും കുതിരസവാരിക്കാരും “മനുഷ്യരിൽ മൂന്നിലൊന്നി”ന്റെ ഈ ആലങ്കാരിക കൊലക്കു നിർദേശം നൽകുന്നു. (എഫെസ്യർ 6:17; വെളിപ്പാടു 9:15, 18) രാജ്യപ്രഘോഷകരുടെ ഭയജനകമായ സൈന്യം യുദ്ധത്തിനിറങ്ങുമ്പോൾ കർത്താവായ യേശുക്രിസ്തുവിന്റെ മേൽനോട്ടത്തിലുളള ഉചിതമായ സംഘടിപ്പിക്കലിനെയും ദിവ്യാധിപത്യ മാർഗനിർദേശത്തെയും ഇതു സൂചിപ്പിക്കുന്നു.
പതിനായിരം മടങ്ങ് ഇരുപതിനായിരം
10. കുതിരപ്പട പതിനായിരം മടങ്ങ് ഇരുപതിനായിരം ഉളളത് ഏതർഥത്തിൽ?
10 ഈ കുതിരപ്പട പതിനായിരം മടങ്ങ് ഇരുപതിനായിരം ഉണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ? പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ് 20 കോടി വരും.a ഇപ്പോൾ ലക്ഷക്കണക്കിനു രാജ്യപ്രഘോഷകരുണ്ടെന്നുളളതു സന്തോഷകരംതന്നെ, എങ്കിലും അവരുടെ സംഖ്യ ദശകോടികളെക്കാൾ വളരെ ചെറുതാണ്! എങ്കിലും സംഖ്യാപുസ്തകം 10:36-ലെ മോശയുടെ വാക്കുകൾ ഓർക്കുക: “യഹോവേ, അനേകായിരമായ [ആയിരം മടങ്ങ് പതിനായിരമായ, NW] യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ.” (താരതമ്യം ചെയ്യുക: ഉല്പത്തി 24:60.) അതിന്റെ അർഥം അക്ഷരാർഥത്തിൽ ‘കോടിക്കണക്കിനുളള ഇസ്രായേലിലേക്കു മടങ്ങിവരേണമേ,’ എന്നാണ്. എന്നിരുന്നാലും മോശയുടെ നാളിൽ ഇസ്രായേൽ ഏകദേശം 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്കുമാത്രമേ ഉണ്ടായിരുന്നുളളൂ. അപ്പോൾ മോശ പറഞ്ഞതെന്തായിരുന്നു? നിസ്സംശയമായും, അവന്റെ മനസ്സിലുണ്ടായിരുന്നത്, ഇസ്രായേല്യർ എണ്ണി തിട്ടപ്പെടുത്തിയതായിരിക്കുന്നതിനു പകരം “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും” അസംഖ്യമാണ് എന്നതായിരുന്നിരിക്കണം. (ഉല്പത്തി 22:17; 1 ദിനവൃത്താന്തം 27:23) അതുകൊണ്ട് “പതിനായിരം” എന്നതിനുളള പദം തിട്ടമില്ലാത്ത ഒരു വലിയ സംഖ്യയെ സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ചു. അങ്ങനെ, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ ഈ വാക്യത്തെ ഇപ്രകാരം വിവർത്തനം ചെയ്യുന്നു: “അനേകായിരമായ ഇസ്രായേലിന്റെ കർത്താവേ, വിശ്രമിക്കൂ.” ഇത് എബ്രായ, ഗ്രീക്ക് നിഘണ്ടുക്കളിൽ “പതിനായിരം” എന്ന വാക്കിനു കാണുന്ന രണ്ടാം നിർവചനത്തോടു യോജിക്കുന്നു: “ഒരു എണ്ണമററ ജനക്കൂട്ടം,” ഒരു “പുരുഷാരം”—ദ ന്യൂ തായേഴ്സ് ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദ ന്യൂ ടെസ്ററമെൻറ്; ജെസേനിയസിന്റെ എ ഹീബ്രൂ ആൻഡ് ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദി ഓൾഡ് ടെസ്ററമെൻറ്, എഡ്വേർഡ് റോബിൻസൻ പരിഭാഷപ്പെടുത്തിയത്.
11. യോഹന്നാൻവർഗം ഒരു പ്രതീകാത്മക അർഥത്തിൽപ്പോലും പതിനായിരങ്ങൾ ആയിത്തീരുന്നതിന് എന്താവശ്യമാണ്?
11 എന്നുവരികിലും, ഇപ്പോഴും ഭൂമിയിൽ അവശേഷിക്കുന്ന യോഹന്നാൻവർഗത്തിൽ പെട്ടവർ 10,000-ത്തിൽ കുറവാണ്—അക്ഷരാർഥത്തിൽ ഒരു പതിനായിരത്തെക്കാൾ കുറവ്. അവരെ കുതിരപ്പടയുടെ കണക്കില്ലാത്ത ആയിരങ്ങളോട് എങ്ങനെ ഉപമിക്കാൻ കഴിയും? ഒരു പ്രതീകാത്മക അർഥത്തിൽപോലും പതിനായിരങ്ങൾ ആയിത്തീരുന്നതിന് അവർക്കു പോഷകസേന ആവശ്യമല്ലേ? അവരുടെ ആവശ്യം അതാണ്, യഹോവയുടെ അനർഹദയയാൽ അവർക്കു ലഭിച്ചതും അതാണ്! ഇവർ എവിടെനിന്നു വന്നിരിക്കുന്നു?
12, 13. 1918 മുതൽ 1935 വരെയുളള ചരിത്രപരമായ ഏതു വികാസങ്ങൾ പോഷകസേനയുടെ ഉറവിടം സൂചിപ്പിച്ചു?
12 യോഹന്നാൻവർഗം 1918 മുതൽ 1922 വരെയുളള വർഷങ്ങളിൽ, “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്ന സന്തോഷകരമായ പ്രത്യാശ ദുഃഖമനുഭവിക്കുന്ന മനുഷ്യവർഗത്തിനു നീട്ടിക്കൊടുക്കാൻ തുടങ്ങി. മത്തായി 25:31-34-ലെ ചെമ്മരിയാടുകൾ ദൈവരാജ്യത്തിൻകീഴിൽ ഭൂമിയിലെ ജീവിതം അവകാശമാക്കും എന്നുകൂടെ 1923-ൽ അറിയിക്കപ്പെട്ടു. സമാനമായ ഒരു പ്രത്യാശ 1927-ലെ സാർവദേശീയ കൺവെൻഷനിൽ പ്രകാശനം ചെയ്ത ജനങ്ങൾക്കു സ്വാതന്ത്ര്യം എന്ന ചെറുപുസ്തകത്തിലും നീട്ടിക്കൊടുത്തു. നീതിയുളള യോനാദാബ്വർഗവും ക്രൈസ്തവലോകത്തിന്റെ സങ്കടകരമായ ആത്മീയാവസ്ഥ സംബന്ധിച്ചു ‘നെടുവീർപ്പിട്ടു കരയുന്ന പുരുഷൻമാരും’ ഭൗമിക ജീവന്റെ പ്രതീക്ഷയുളള പ്രതീകാത്മക ചെമ്മരിയാടുകൾ തന്നെയാണെന്ന് 1930-കളുടെ തുടക്കത്തിൽ അറിയിക്കപ്പെട്ടു. (യെഹെസ്കേൽ 9:4; 2 രാജാക്കൻമാർ 10:15, 16) ആധുനിക നാളിലെ “സങ്കേത നഗരങ്ങളിലേക്ക്” അത്തരക്കാരെ നയിച്ചുകൊണ്ട് 1934 ആഗസററ് 15-ലെ ദ വാച്ച്ടവർ ഇപ്രകാരം പ്രസ്താവിച്ചു: “യോനാദാബ്വർഗത്തിൽ പെട്ടവർ ദൈവത്തിന്റെ കാഹളശബ്ദം കേൾക്കുകയും ദൈവത്തിന്റെ സ്ഥാപനത്തിലേക്ക് ഓടിപ്പോയിക്കൊണ്ടും ദൈവജനങ്ങളോടു സഹവസിച്ചുകൊണ്ടും മുന്നറിയിപ്പിനു ചെവികൊടുക്കുകയും ചെയ്തിരിക്കുന്നു, അവർ അവിടെ വസിക്കുകയും വേണം.”—സംഖ്യാപുസ്തകം 35:6.
13 യോനാദാബ്വർഗത്തിൽ പെടുന്നവർ 1935-ൽ യു.എസ്.എ.യിലുളള വാഷിങ്ടൺ ഡി.സി.യിലെ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കുന്നതിനു പ്രത്യേകം ക്ഷണിക്കപ്പെട്ടു. അവിടെ മേയ് 31-ാം തീയതി വെളളിയാഴ്ച ജെ. എഫ്. റതർഫോർഡ് “മഹാപുരുഷാരം” എന്ന തന്റെ വിഖ്യാതമായ പ്രസംഗം നടത്തി, അതിൽ വെളിപ്പാടു 7:9-ലെ (കിങ് ജയിംസ് വേർഷൻ) ഈ കൂട്ടം മത്തായി 25:33-ലെ അതേ ചെമ്മരിയാടുകൾ തന്നെയാണെന്ന് അദ്ദേഹം വ്യക്തമായി പ്രകടമാക്കി—ഭൗമിക പ്രത്യാശയുളള ഒരു സമർപ്പിതകൂട്ടം. വരാനിരിക്കുന്ന കാര്യങ്ങളുടെ മുന്നോടിയെന്ന നിലയിൽ ആ കൺവെൻഷനിൽ 840 പുതിയ സാക്ഷികൾ സ്നാപനമേററു. അവരിൽ അധികവും മഹാപുരുഷാരത്തിൽ പെട്ടവർ ആയിരുന്നു.b
14. മഹാപുരുഷാരത്തിനു പ്രതീകാത്മക കുതിരപ്പടയുടെ ആക്രമണത്തിൽ പങ്കുണ്ടായിരിക്കുമോ, 1963-ൽ ഏതു തീരുമാനം പ്രകടമാക്കപ്പെട്ടു?
14 ഈ മഹാപുരുഷാരത്തിന് 1922-ൽ തുടങ്ങിയതും 1927-ലെ ടൊറൊന്റോ കൺവെൻഷനിൽ പ്രത്യേക ഊന്നൽ ലഭിച്ചതുമായ കുതിരപ്പടയുടെ ആക്രമണത്തിൽ ഒരു പങ്കുണ്ടായിരുന്നിട്ടുണ്ടോ? അഭിഷിക്ത യോഹന്നാൻവർഗമായ നാലു ദൂതൻമാരുടെ മാർഗനിർദേശത്തിൻ കീഴിൽ, തീർച്ചയായും അതിനൊരു പങ്കുണ്ടായിരുന്നു! അത് 1963-ൽ ലോകത്തെ ചുററുന്ന “നിത്യസുവാർത്താ” കൺവെൻഷനിൽ ഒരു ആവേശജനകമായ പ്രമേയത്തിൽ യോഹന്നാൻവർഗത്തോടു ചേർന്നു. ലോകം “അത് ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതരം ലോകപ്രതിസന്ധിയുടെ ഒരു ഭൂകമ്പത്തെ അഭിമുഖീകരിക്കുന്നുവെന്നും അതിലെ സകല രാഷ്ട്രീയസ്ഥാപനങ്ങളും ആധുനിക മതബാബിലോനും ഉലഞ്ഞു തരിപ്പണമാകുമെന്നും” അതു പ്രഖ്യാപിച്ചു. “നാം ദൈവത്തിന്റെ ശത്രുക്കൾക്കു ബാധകൾപോലെ ആയിരിക്കുന്നതും എന്നാൽ സ്രഷ്ടാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളുടെയും വിമോചനത്തിനായി നടപ്പിലാക്കുന്നതുമായ ദൈവത്തിന്റെ ന്യായവിധികളും അവന്റെ മിശിഹൈക രാജ്യവും സംബന്ധിച്ച ‘നിത്യസുവാർത്ത’ മുഖപക്ഷം കൂടാതെ എല്ലാ ജനങ്ങളോടും പ്രഖ്യാപിക്കും” എന്ന തീരുമാനം പ്രകടമാക്കപ്പെട്ടു. ഈ പ്രമേയം ഗോളത്തിനു ചുററും 24 സമ്മേളനങ്ങളിലായി മൊത്തം 4,54,977 സമ്മേളിതർ ഉത്സാഹപൂർവം അംഗീകരിച്ചു, അവരിൽ 95 ശതമാനത്തിലധികവും മഹാപുരുഷാരമായിരുന്നു.
15. (എ) മഹാപുരുഷാരം 1988-ൽ യഹോവ വയലിൽ ഉപയോഗിക്കുന്ന വേലക്കാരുടെ സംഘത്തിൽ എത്ര ശതമാനമായിരുന്നു? (ബി) യോഹന്നാൻ 17:20, 21-ലെ യേശുവിന്റെ പ്രാർഥന യോഹന്നാൻവർഗത്തോടുളള മഹാപുരുഷാരത്തിന്റെ ഐക്യം പ്രകടമാക്കുന്നതെങ്ങനെ?
15 ക്രൈസ്തവലോകത്തിൽ ബാധകൾ വർഷിക്കുന്നതിൽ മഹാപുരുഷാരം യോഹന്നാൻവർഗത്തോട് അതിന്റെ നിരുപാധിക ഐക്യം തുടർന്നും പ്രഖ്യാപിച്ചിരിക്കുന്നു. യഹോവ 1988-ൽ വയലിൽ ഉപയോഗിച്ച വേലക്കാരിൽ 99.7 ശതമാനത്തിലധികവും ഈ മഹാപുരുഷാരമായിരുന്നു. അതിലെ അംഗങ്ങൾ മുഴുഹൃദയത്തോടെ യോഹന്നാൻവർഗത്തോടു ചേർന്നിരിക്കുന്നു, അവരേക്കുറിച്ച് യോഹന്നാൻ 17:20, 21-ൽ യേശു ഇപ്രകാരം പ്രാർഥിച്ചു: “ഇവർക്കുവേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” യേശുവിന്റെ കീഴിൽ അഭിഷിക്ത യോഹന്നാൻവർഗം നേതൃത്വമെടുക്കുമ്പോൾ ഉത്സാഹികളായ മഹാപുരുഷാരം സകല മനുഷ്യചരിത്രത്തിലുംവെച്ച് ഏററവും വിനാശകരമായ കുതിരപ്പടയാക്രമണത്തിൽ പങ്കെടുക്കുന്നു!c
16. (എ) പ്രതീകാത്മക കുതിരകളുടെ വാലും വായും യോഹന്നാൻ വർണിക്കുന്നതെങ്ങനെ? (ബി) യഹോവയുടെ ജനത്തിന്റെ വായ് സേവനത്തിന് ഒരുക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (സി) ‘അവയുടെ വാലുകൾ സർപ്പത്തെപ്പോലെ’ ആണെന്നുളള വസ്തുതയോട് എന്തു യോജിക്കുന്നു?
16 ആ കുതിരപ്പടക്ക് യുദ്ധത്തിനായി സജ്ജീകരണം വേണം. യഹോവ എത്ര അത്ഭുതകരമായി ഇതു കരുതിയിരിക്കുന്നു! യോഹന്നാൻ വർണിക്കുന്നു: “കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുളളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നതു.” (വെളിപ്പാടു 9:19) യഹോവ സമർപ്പിച്ചു സ്നാപനമേററ തന്റെ ശുശ്രൂഷകരെ ഈ സേവനത്തിനു നിയോഗിച്ചിരിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും മററു സഭായോഗങ്ങളും സ്കൂളുകളും മുഖാന്തരം എങ്ങനെ വചനം പ്രസംഗിക്കണമെന്ന് അവൻ അവരെ പഠിപ്പിച്ചിരിക്കുന്നു, “പഠിപ്പിക്കപ്പെട്ടവരുടെ നാവുകൊണ്ട്” ആധികാരികമായി സംസാരിക്കാൻ അങ്ങനെ അവർക്കു കഴിയുന്നു. അവൻ തന്റെ വചനങ്ങൾ അവരുടെ വായിൽ കൊടുക്കുകയും “പരസ്യമായും വീടുതോറും” തന്റെ ന്യായവിധികൾ അറിയിക്കാൻ അവരെ അയക്കുകയും ചെയ്തിരിക്കുന്നു. (2 തിമൊഥെയൊസ് 4:2; യെശയ്യാവ് 50:4, NW; 61:2; യിരെമ്യാവു 1:9, 10; പ്രവൃത്തികൾ 20:20) യോഹന്നാൻവർഗവും മഹാപുരുഷാരവും ‘വാലുകൾക്കു’ സമമായ കുത്തുന്ന സന്ദേശം പിമ്പിൽ അവശേഷിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷങ്ങളിൽ വിതരണംചെയ്ത ശതകോടിക്കണക്കിനു ബൈബിളുകളും പുസ്തകങ്ങളും ലഘുപത്രികകളും മാസികകളും ആയിത്തന്നെ. യഹോവയിൽനിന്നു വരാൻപോകുന്ന “കേടു” സംബന്ധിച്ചു മുന്നറിയിപ്പു ലഭിക്കുന്ന അവരുടെ എതിരാളികൾക്ക് ഈ കുതിരപ്പട യഥാർഥത്തിൽ പതിനായിരം മടങ്ങ് ഇരുപതിനായിരം പോലെ തോന്നുന്നു.—താരതമ്യം ചെയ്യുക: യോവേൽ 2:4-6.
17. വേല നിരോധിച്ചിരിക്കുന്നതിനാൽ സാഹിത്യം വിതരണം ചെയ്യാൻ കഴിയാത്ത ദേശങ്ങളിൽ കുതിരപ്പടയുടെ ആക്രമണത്തിൽ യഹോവയുടെ സാക്ഷികൾക്ക് എന്തെങ്കിലും പങ്കുണ്ടോ? വിശദീകരിക്കുക.
17 ഈ കുതിരപ്പടയുടെ അത്യന്തം ഉത്സാഹമുളള ഒരു വിഭാഗം യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലെ സഹോദരങ്ങളാണ്. ചെന്നായ്ക്കളുടെ നടുവിലെ ആടുകളെപ്പോലെ, ഇവർ “പാമ്പിനെപ്പോലെ ബുദ്ധിയുളളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആയിരിക്കേണ്ടതുണ്ട്. യഹോവയോടുളള അനുസരണത്തിൽ അവർ കണ്ടതും കേട്ടതുമായ കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ അവർക്കു കഴിയില്ല. (മത്തായി 10:16; പ്രവൃത്തികൾ 4:19, 20; 5:28, 29, 32) പരസ്യമായി വിതരണം ചെയ്യുന്നതിന് അവർക്ക് അച്ചടിച്ച സാഹിത്യം ഇല്ലാത്തതുകൊണ്ട് ഈ കുതിരപ്പടയുടെ ആക്രമണത്തിൽ അവർക്കു പങ്കില്ലെന്നു നാം നിഗമനം ചെയ്യണമോ? ഒരിക്കലും വേണ്ടാ! അവർക്ക് അവരുടെ വായും, ബൈബിൾസത്യം അറിയിക്കാൻ അത് ഉപയോഗിക്കുന്നതിന് യഹോവയിൽനിന്നുളള അധികാരവും ഉണ്ട്. ബൈബിളിൽനിന്ന് അധ്യയനങ്ങൾ നടത്തിക്കൊണ്ടും “പലരെയും നീതിയിലേക്കു തിരി”ച്ചുകൊണ്ടും അവർ ഇത് അനൗപചാരികമായും പ്രേരണാത്മകമായും നിർവഹിക്കുന്നു. (ദാനീയേൽ 12:3) ആഞ്ഞടിക്കുന്ന സാഹിത്യം പിമ്പിൽ അവശേഷിപ്പിക്കുന്നു എന്ന അർഥത്തിൽ അവർ തങ്ങളുടെ വാലുകൊണ്ടു കുത്തുന്നില്ലെങ്കിലും, അവർ യഹോവയുടെ അടുത്തുവരുന്ന സംസ്ഥാപനദിവസത്തെക്കുറിച്ചു നയത്തോടും വിവേചനയോടും കൂടെ സാക്ഷീകരിക്കുമ്പോൾ പ്രതീകാത്മക തീയും പുകയും ഗന്ധകവും അവരുടെ വായിൽനിന്നു പുറപ്പെടുന്നു.
18. എത്ര ഭാഷകളിൽ ഏതളവുവരെ ഈ കുതിരപ്പട അച്ചടിച്ച രൂപത്തിൽ ദണ്ഡിപ്പിക്കുന്ന ദൂതു വിതരണം ചെയ്തിരിക്കുന്നു?
18 മററു സ്ഥലങ്ങളിൽ രാജ്യസാഹിത്യം ക്രൈസ്തവലോകത്തിന്റെ ബാബിലോന്യ ഉപദേശങ്ങളും വഴികളും തുറന്നുകാട്ടുന്നതിൽ തുടരുന്നു, അവൾ അർഹിക്കുന്ന അനർഥം ഒരു ആലങ്കാരിക അർഥത്തിൽ ആനയിച്ചുകൊണ്ടുതന്നെ. പുതിയ അച്ചടിവിദ്യകൾ ഉപയോഗിച്ച് ഈ അസംഖ്യം കുതിരപ്പടക്ക് 1987-നു മുമ്പുളള 50 വർഷങ്ങളിൽ ഭൂമിയിലെ 200-ലധികം ഭാഷകളിൽ ബൈബിളുകളും പുസ്തകങ്ങളും മാസികകളും ലഘുപത്രികകളുമായി വളരെ വലിയ സംഖ്യയായ 782,10,78,415 പ്രതികൾ വിതരണം ചെയ്യാൻ കഴിഞ്ഞു—അക്ഷരാർഥത്തിൽ പതിനായിരം മടങ്ങ് ഇരുപതിനായിരത്തെക്കാൾ പലമടങ്ങ്. ആ വാലുകൾ എന്തൊരു കുത്താണ് കൊടുത്തിരിക്കുന്നത്!
19, 20. (എ) ദണ്ഡിപ്പിക്കുന്ന ദൂതുകളുടെ പ്രത്യേക ലക്ഷ്യം ക്രൈസ്തവലോകമാണെങ്കിലും ക്രൈസ്തവലോകത്തിനു വെളിയിലെ വിദൂരദേശങ്ങളിൽ ചിലർ പ്രതികരിച്ചിരിക്കുന്നതെങ്ങനെ? (ബി) പൊതുവിൽ ആളുകളുടെ പ്രതികരണത്തെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ?
19 ഈ വേദനിപ്പിക്കുന്ന സന്ദേശം ‘മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലണമെന്ന്’ യഹോവ ഉദ്ദേശിച്ചു. അതുകൊണ്ട് അതിന്റെ പ്രത്യേക ലക്ഷ്യം ക്രൈസ്തവലോകമായിരുന്നിട്ടുണ്ട്. എന്നാൽ അതു ക്രൈസ്തവലോക മതങ്ങളുടെ കപടഭക്തി പ്രസിദ്ധമായ അനേകം രാജ്യങ്ങൾ ഉൾപ്പെടെ ക്രൈസ്തവലോകത്തിനു വെളിയിൽ പല ദേശങ്ങളിലേക്കും എത്തിയിരിക്കുന്നു. ഈ ദുഷിച്ച മതസ്ഥാപനത്തിനു വരുന്ന ബാധ കാണുന്നതിന്റെ ഫലമായി ഈ ദേശങ്ങളിലെ ആളുകൾ യഹോവയോട് അടുത്തിട്ടുണ്ടോ? അനേകർ അടുത്തിട്ടുണ്ട്! ക്രൈസ്തവലോകത്തിന്റെ തൊട്ടടുത്ത സ്വാധീനപരിധിക്കു വെളിയിലുളള പ്രദേശങ്ങളിൽ ജീവിക്കുന്ന സൗമ്യരും സ്നേഹപ്രകൃതരുമായ ആളുകളുടെയിടയിൽ ഒരു നല്ല പ്രതികരണം ഉണ്ടായിട്ടുണ്ട്. എന്നാൽ പൊതുവിലുളള ആളുകളുടെ പ്രതികരണം സംബന്ധിച്ച് യോഹന്നാൻ വർണിക്കുന്നു: “ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാൺമാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെളളി, ചെമ്പു, കല്ലു, മരം, ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.” (വെളിപ്പാടു 9:20, 21) അനുതാപമില്ലാത്ത അത്തരക്കാരുടെ ഒരു ലോകപരിവർത്തനം ഉണ്ടാവുകയില്ല. തങ്ങളുടെ ദുഷ്ടവഴികളിൽ തുടരുന്ന എല്ലാവരും തന്റെ സംസ്ഥാപനത്തിന്റെ മഹാദിവസത്തിൽ യഹോവയിൽനിന്നു പ്രതികൂലന്യായവിധിയെ അഭിമുഖീകരിക്കേണ്ടിവരും. എന്നാൽ “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.”—യോവേൽ 2:32; സങ്കീർത്തനം 145:20; പ്രവൃത്തികൾ 2:20, 21.
20 നാം ഇപ്പോൾ ചർച്ചചെയ്തതു രണ്ടാം ബാധയുടെ ഒരു ഭാഗമാണ്. ഈ ബാധ തീരുന്നതിനുമുമ്പു കൂടുതൽ വരാനുണ്ട്. അടുത്തുവരുന്ന അധ്യായങ്ങളിൽ നമുക്കതു കാണാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a ഹെൻട്രി ബാർക്ലെ സ്വെററിന്റെ കമൻററി ഓൺ റെവലേഷൻ “പതിനായിരം മടങ്ങ് ഇരുപതിനായിരം” എന്ന സംഖ്യയെക്കുറിച്ച് ഇപ്രകാരം കുറിക്കൊളളുന്നു: “ഈ വലിയ സംഖ്യ ഒരു അക്ഷരാർഥ നിവൃത്തി അന്വേഷിക്കുന്നതിൽനിന്നു നമ്മെ തടയുന്നു, തുടർന്നുളള വർണന ഈ നിഗമനത്തെ പിന്താങ്ങുകയും ചെയ്യുന്നു.”
b മുൻപേജുകൾ 119-26 കാണുക; കൂടാതെ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി 1932-ൽ പ്രസിദ്ധീകരിച്ച സംസ്ഥാപനം (ഇംഗ്ലീഷ്) മൂന്നാം പുസ്തകം 83-4 പേജുകളും കാണുക.
c യോഹന്നാൻ കാണുന്ന കുതിരപ്പട വെട്ടുക്കിളികളിൽനിന്നു വ്യത്യസ്തമായി ‘സ്വർണ്ണം പോലെ തോന്നിക്കുന്ന കിരീടങ്ങൾ’ ധരിച്ചില്ല. (വെളിപ്പാടു 9:7) ഇന്നു കുതിരപ്പടയുടെ ഏറിയപങ്കുവരുന്ന മഹാപുരുഷാരം ദൈവത്തിന്റെ സ്വർഗീയരാജ്യത്തിൽ വാഴാൻ പ്രത്യാശിക്കുന്നില്ലെന്നുളള വസ്തുതയോട് ഇതു യോജിക്കുന്നു.
[149-ാം പേജിലെ ചിത്രം]
ആറാമത്തെ കാഹളം മുഴക്കൽ രണ്ടാം കഷ്ടം അവതരിപ്പിക്കുന്നു
[150, 151 പേജുകളിലെ ചിത്രങ്ങൾ]
നാലു ദൂതൻമാർ ചരിത്രത്തിലെ ഏററവും വലിയ കുതിരപ്പടയുടെ ആക്രമണത്തെ നയിക്കുന്നു
[153-ാം പേജിലെ ചിത്രങ്ങൾ]
അസംഖ്യമായ കുതിരപ്പട അനവധി ലക്ഷം ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തിരിക്കുന്നു
[154-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യരിൽ ശേഷിച്ചവർ മാനസാന്തരപ്പെട്ടില്ല