അധ്യായം 6
യേശുക്രിസ്തു—ദൈവത്താൽ അയയ്ക്കപ്പെട്ടവനോ?
1, 2. (എ) യേശുക്രിസ്തു ഒരു യഥാർഥ വ്യക്തി ആയിരുന്നുവെന്ന് എന്തു തെളിവുണ്ട്? (ബി) യേശുവിനെക്കുറിച്ച് ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
1 ഇന്നുളള മിക്കവാറുമെല്ലാവരും യേശുക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടുണ്ട്. ചരിത്രത്തിൻമേലുളള അവന്റെ സ്വാധീനം മറേറതൊരു മനുഷ്യന്റേതിലും വലുതാണ്. തീർച്ചയായും, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്ന പഞ്ചാംഗംതന്നെ അവൻ ജനിച്ചതെന്നു വിചാരിക്കപ്പെടുന്ന വർഷത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ്! വേൾഡ്ബുക്ക് എൻസൈക്ളോപ്പീഡിയാ പറയുന്നപ്രകാരം: “ആ വർഷത്തിനു മുമ്പുളള തീയതികൾ ക്രി.മു. അഥവാ ക്രിസ്തുവിനു മുമ്പ് എന്നു കുറിക്കുന്നു. ആ വർഷത്തിനുശേഷമുളള തീയതികൾ ക്രി. വ. അഥവാ ക്രിസ്തുവർഷം എന്നു കുറിക്കുന്നു.”
2 അതുകൊണ്ട് യേശു ഒരു സാങ്കൽപ്പികപുരുഷൻ അല്ലായിരുന്നു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ യഥാർഥത്തിൽ ജീവിച്ചിരുന്നു. “പുരാതനകാലങ്ങളിൽ ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾപോലും യേശുവിന്റെ [യഥാർഥ അസ്തിത്വത്തെ] ഒരിക്കലും സംശയിച്ചിരുന്നില്ല” എന്ന് എൻസൈക്ളോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. അതുകൊണ്ട് യേശു ആരായിരുന്നു? അവൻ യഥാർഥത്തിൽ ദൈവത്താൽ അയയ്ക്കപ്പെട്ടവനായിരുന്നോ? അവൻ ഇത്ര പ്രസിദ്ധനായിരിക്കുന്നത് എന്തുകൊണ്ട്?
അവൻ മുമ്പു ജീവിച്ചിരുന്നു
3. (എ) ദൂതന്റെ വാക്കുകളനുസരിച്ചു മറിയ ആരുടെ പുത്രനു ജൻമമേകുമായിരുന്നു? (ബി) കന്യകയായിരുന്ന മറിയയ്ക്കു യേശുവിനെ പ്രസവിക്കാൻ എങ്ങനെ സാധ്യമാകുമായിരുന്നു?
3 മറെറല്ലാ മനുഷ്യരിൽനിന്നും വ്യത്യസ്തനായി യേശു ജനിച്ചത് ഒരു കന്യകയിൽ ആയിരുന്നു. അവളുടെ പേർ മറിയ എന്നായിരുന്നു. അവളുടെ ശിശുവിനെക്കുറിച്ച് ഒരു ദൂതൻ പറഞ്ഞു: “ഇവൻ വലിയവനായിരിക്കും, അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടുകയും ചെയ്യും.” (ലൂക്കോസ് 1:28-33; മത്തായി 1:20-25) എന്നാൽ ഒരു പുരുഷനുമായി ഒരിക്കലും ലൈംഗികവേഴ്ച നടത്തിയിട്ടില്ലാത്ത ഒരു സ്ത്രീക്ക് എങ്ങനെ കുട്ടി ഉണ്ടാകും? അതു പരിശുദ്ധാത്മാവു മുഖേന ആയിരുന്നു. യഹോവ തന്റെ ശക്തനായ ആത്മപുത്രന്റെ ജീവനെ സ്വർഗത്തിൽനിന്നു കന്യകയായ മറിയയുടെ ഗർഭപാത്രത്തിലേക്കു മാററി. അത് ഒരു അത്ഭുതമായിരുന്നു! തീർച്ചയായും മക്കളെ ഉളവാക്കാനുളള അത്ഭുതപ്രാപ്തിയോടെ ഒന്നാമത്തെ സ്ത്രീയെ ഉണ്ടാക്കിയവന് ഒരു മാനുഷപിതാവില്ലാതെ ഒരു സ്ത്രീ ഒരു ശിശുവിനെ പ്രസവിക്കാനിടയാക്കാൻ കഴിയും. ബൈബിൾ വിശദീകരിക്കുന്നു: “കാലം പൂർണമായിതികഞ്ഞപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു, അവൻ ഒരു സ്ത്രീയിൽനിന്ന് ഉളവായി.”—ഗലാത്യർ 4:4.
4. (എ) യേശു ഒരു ശിശുവായി ജനിക്കുന്നതിനുമുമ്പ് അവൻ ഏതു ജീവിതം ആസ്വദിച്ചിരുന്നു? (ബി) താൻ മുമ്പു സ്വർഗത്തിൽ ജീവിച്ചിരുന്നുവെന്നു പ്രകടമാക്കാൻ യേശു എന്തു പറഞ്ഞു?
4 അതുകൊണ്ട് ഭൂമിയിൽ ഒരു മനുഷ്യനായി ജനിക്കുന്നതിനു മുൻപു യേശു ശക്തനായ ഒരു ആത്മവ്യക്തിയെന്ന നിലയിൽ സ്വർഗത്തിലുണ്ടായിരുന്നു. ദൈവത്തെപ്പോലെ അവനു മനുഷ്യന് അദൃശ്യമായ ഒരു ആത്മശരീരം ഉണ്ടായിരുന്നു. (യോഹന്നാൻ 4:24) യേശുതന്നെ സ്വർഗത്തിൽ തനിക്കുണ്ടായിരുന്ന ഉയർന്ന സ്ഥാനത്തെക്കുറിച്ചു മിക്കപ്പോഴും പറഞ്ഞിരുന്നു. ഒരിക്കൽ അവനിങ്ങനെ പ്രാർഥിച്ചു: “പിതാവേ, ലോകം ഉണ്ടാകുന്നതിനുമുമ്പ് എനിക്കു നിന്റെയടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹന്നാൻ 17:5) “നിങ്ങൾ കീഴെയുളള മണ്ഡലങ്ങളിൽനിന്നുളളവരാണ്; ഞാൻ മീതെയുളള മണ്ഡലങ്ങളിൽനിന്നുളളവനാണ്.” “അതുകൊണ്ടു മനുഷ്യപുത്രൻ മുമ്പ് ആയിരുന്നിടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? അബ്രാഹാം അസ്തിത്വത്തിലേക്കു വന്നതിനുമുമ്പേ ഞാൻ ഉണ്ട്” എന്നും അവൻ തന്റെ ശ്രോതാക്കളോടു പറയുകയുണ്ടായി.—യോഹന്നാൻ 8:23; 6:62; 8:58; 3:13; 6:51.
5. (എ) യേശു “വചനം” എന്നും “ആദ്യജാതൻ” എന്നും “ഏകജാതൻ” എന്നും വിളിക്കപ്പെട്ടതെന്തുകൊണ്ട്? (ബി) യേശു ദൈവത്തോടൊത്ത് ഏതു വേലയിൽ പങ്കെടുത്തിരുന്നു?
5 ഭൂമിയിലേക്കു വരുന്നതിനുമുമ്പു യേശു ദൈവത്തിന്റെ വചനം എന്നു വിളിക്കപ്പെട്ടിരുന്നു. സ്വർഗത്തിൽ ദൈവത്തിനുവേണ്ടി സംസാരിക്കുന്നവനായി അവൻ സേവിച്ചിരുന്നുവെന്ന് ഈ സ്ഥാനപ്പേർ തെളിയിക്കുന്നു. അവൻ ദൈവത്തിന്റെ “ആദ്യജാതൻ” എന്നും അവന്റെ “ഏകജാതനായ” പുത്രൻ എന്നും വിളിക്കപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 1:14; 3:16; എബ്രായർ 1:6) അതിന്റെ അർഥം അവൻ ദൈവത്തിന്റെ മറെറല്ലാ ആത്മപുത്രൻമാർക്കും മുമ്പു സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നും ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടത് അവൻ മാത്രമാണെന്നുമാണ്. ഈ “ആദ്യജാതനായ” പുത്രൻ മറെറല്ലാം സൃഷ്ടിക്കുന്നതിൽ യഹോവയോടുകൂടെ പങ്കെടുത്തിരുന്നുവെന്നു ബൈബിൾ വിശദീകരിക്കുന്നു. (കൊലോസ്യർ 1:15, 16) അതുകൊണ്ട് “നമുക്ക് നമ്മുടെ പ്രതിച്ഛായയിൽ മനുഷ്യനെ ഉണ്ടാക്കാം” എന്നു ദൈവം പറഞ്ഞപ്പോൾ അവൻ ഈ പുത്രനോടു സംസാരിക്കുകയായിരുന്നു. അതെ, പിന്നീടു ഭൂമിയിലേക്കു വന്ന് ഒരു സ്ത്രീയിൽനിന്നു ജനിച്ചവൻതന്നെ സകലത്തെയും സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചിരുന്നു! അവൻ തന്റെ പിതാവിനോടൊത്തു സ്വർഗത്തിൽ നേരത്തെ വസിച്ചിരുന്നു, എത്ര വർഷങ്ങൾ എന്ന് അറിയപ്പെടുന്നില്ല!—ഉല്പത്തി 1:26; സദൃശവാക്യങ്ങൾ 8:22, 30; യോഹന്നാൻ 1:3.
ഭൂമിയിലെ അവന്റെ ജീവിതം
6. (എ) യേശുവിന്റെ ജനനത്തിനു തൊട്ടുമുൻപും ശേഷവും ഏതു സംഭവങ്ങൾ നടന്നു? (ബി) യേശു എവിടെ ജനിച്ചു, അവൻ എവിടെ വളർന്നു?
6 മറിയയെ യോസേഫിനു വിവാഹവാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവൾ ഗർഭിണിയാണെന്ന് അവൻ മനസ്സിലാക്കിയപ്പോൾ അവൾ മറെറാരു പുരുഷനുമായി ലൈംഗികവേഴ്ചകളിലേർപ്പെട്ടുവെന്ന് അവൻ വിശ്വസിച്ചു. അതുകൊണ്ട് അവൻ അവളെ വിവാഹം കഴിക്കുമായിരുന്നില്ല. ഏതായാലും, തന്റെ പരിശുദ്ധാത്മാവു മുഖേനയാണു ഗർഭധാരണം നടന്നിരിക്കുന്നതെന്നു യഹോവ യോസേഫിനോടു പറഞ്ഞപ്പോൾ അവൻ മറിയയെ തന്റെ ഭാര്യയായി സ്വീകരിച്ചു. (മത്തായി 1:18-20, 24, 25) പിന്നീട് അവർ ബേത്ത്ളഹേം നഗരം സന്ദർശിച്ചപ്പോൾ യേശു ജനിച്ചു. (ലൂക്കോസ് 2:1-7; മീഖാ 5:2) യേശു ഒരു ശിശുവായിരുന്നപ്പോൾത്തന്നെ അവനെ കൊല്ലാൻ ഹെരോദാ രാജാവു ശ്രമിച്ചു. എന്നാൽ യഹോവ യോസേഫിനു മുന്നറിയിപ്പു കൊടുത്തതിനാൽ അവൻ തന്റെ കുടുംബവുമായി ഈജിപ്ററിലേക്ക് ഓടിപ്പോയി. ഹെരോദാ രാജാവു മരിച്ചശേഷം യോസേഫും മറിയയും യേശുവിനെയുംകൊണ്ടു ഗലീലയിലെ നസറെത്തു നഗരത്തിലേക്കു മടങ്ങിപ്പോന്നു. അവിടെയാണ് അവൻ വളർന്നത്.—മത്തായി 2:13-15, 19-23.
7. (എ) യേശുവിന് 12 വയസ്സായപ്പോൾ എന്തു സംഭവിച്ചു? (ബി) അവൻ വളർന്നുവരവേ അവൻ എതു വേല ചെയ്യാൻ പഠിച്ചു?
7 യേശുവിന് 12 വയസ്സായിരുന്നപ്പോൾ അവൻ പെസഹാ എന്ന പ്രത്യേക ആഘോഷത്തിൽ സംബന്ധിക്കാൻ തന്റെ കുടുംബത്തോടുകൂടെ യരുശലേമിലേക്കു യാത്രയായി. അവിടെ അവൻ ഉപദേഷ്ടാക്കൻമാരെ ശ്രദ്ധിച്ചുകൊണ്ടും അവരോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും ആലയത്തിൽ മൂന്നു ദിവസം ചെലവഴിച്ചു. അവനെ ശ്രദ്ധിച്ചവരെല്ലാം അവന്റെ അറിവിന്റെ അളവിൽ അതിശയിച്ചുപോയി. (ലൂക്കോസ് 2:41-52) യേശു നസറേത്തിൽ വളർന്നുവരവേ അവൻ ഒരു ആശാരിയാകാൻ പഠിച്ചു. ഈ വേല ചെയ്യാൻ അവനെ പരിശീലിപ്പിച്ചത് ഒരു ആശാരിതന്നെയായിരുന്ന അവന്റെ വളർത്തപ്പൻ യോസേഫായിരുന്നുവെന്നതിനു സംശയമില്ല.—മർക്കോസ് 6:3; മത്തായി 13:55.
8. യേശുവിന് 30 വയസ്സായപ്പോൾ എന്തു സംഭവിച്ചു?
8 മുപ്പതാമത്തെ വയസ്സിൽ യേശുവിന്റെ ജീവിതത്തിൽ ഒരു വലിയ മാററമുണ്ടായി. അവൻ യോഹന്നാൻ സ്നാപകന്റെ അടുക്കലേക്കു പോകുകയും സ്നാനമേൽക്കാൻ യോർദാൻ നദിയിലെ വെളളത്തിൽ പൂർണമായി മുക്കപ്പെടാൻ, അപേക്ഷിക്കുകയും ചെയ്തു. ബൈബിൾ പ്രസ്താവിക്കുന്നു: “സ്നാനമേററശേഷം യേശു പെട്ടെന്നു വെളളത്തിൽനിന്നു കയറിവന്നു; നോക്കൂ! സ്വർഗങ്ങൾ തുറന്നു. ദൈവത്തിന്റെ ആത്മാവ് ഒരു പ്രാവിനെപ്പോലെ അവന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. നോക്കൂ! ‘ഇതു ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട പുത്രനാകുന്നു’ എന്നു പറഞ്ഞ ഒരു ശബ്ദവും സ്വർഗങ്ങളിൽനിന്ന് ഉണ്ടായി.” (മത്തായി 3:16, 17) യേശു ദൈവത്താൽ അയയ്ക്കപ്പെട്ടിരുന്നുവെന്നതിനു യോഹന്നാന്റെ മനസ്സിൽ സംശയമുണ്ടായിരിക്കാൻ കഴിയുമായിരുന്നില്ല.
9. (എ) യഥാർഥത്തിൽ എപ്പോൾ യേശു ക്രിസ്തു ആയി, അപ്പോൾ എന്തുകൊണ്ട്? (ബി) യേശു തന്റെ സ്നാനത്താൽ എന്തു ചെയ്യാൻ തന്നേത്തന്നെ ഏല്പിച്ചുകൊടുക്കുകയായിരുന്നു?
9 യേശുവിൻമേൽ തന്റെ പരിശുദ്ധാത്മാവിനെ പകർന്നതിനാൽ തന്റെ വരാനിരിക്കുന്ന രാജ്യത്തിന്റെ രാജാവായിരിക്കാൻ യഹോവ അവനെ അഭിഷേകം ചെയ്യുകയായിരുന്നു, അഥവാ നിയമിക്കുകയായിരുന്നു. അങ്ങനെ ആത്മാവിനാൽ അഭിഷിക്തനായതിനാൽ യേശു “മിശിഹാ”യോ “ക്രിസ്തു”വോ ആയിത്തീർന്നു. എബ്രായയിലും ഗ്രീക്കിലും ആ പദങ്ങളുടെ അർഥം “അഭിഷിക്തൻ” എന്നാണ്. അതുകൊണ്ട് അവൻ യഥാർഥത്തിൽ യേശുക്രിസ്തു അഥവാ അഭിഷിക്തനായ യേശു ആയിത്തീർന്നു. അങ്ങനെ അവന്റെ അപ്പോസ്തലനായ പത്രോസ് “നസറേത്തിൽനിന്നുളള യേശുവിനെക്കുറിച്ച്, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തുവെന്ന്” പറയുകയുണ്ടായി. (പ്രവൃത്തികൾ 10:38) കൂടാതെ, ദൈവം ഭൂമിയിലേക്ക് ഏതു വേല ചെയ്യാൻ യേശുവിനെ അയച്ചോ അതു നിറവേററാൻ അവൻ തന്റെ സ്നാനത്താൽ തന്നേത്തന്നെ ദൈവത്തിന് ഏല്പിച്ചുകൊടുക്കുകയുമായിരുന്നു. ആ പ്രധാനപ്പെട്ട വേല എന്തായിരുന്നു?
അവൻ ഭൂമിയിലേക്കു വന്നതിന്റെ കാരണം
10. ഏതു സത്യങ്ങൾ പറയാനാണ് യേശു ഭൂമിയിലേക്കു വന്നത്?
10 താൻ ഭൂമിയിലേക്കു വന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ടു യേശു റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിനോട് ഇങ്ങനെ പറഞ്ഞു: “ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു. ഇതിനായി [ഈ ഉദ്ദേശ്യത്തിൽ] ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു, ഞാൻ സത്യത്തിനു സാക്ഷ്യം വഹിക്കേണ്ടതിനു തന്നെ.” (യോഹന്നാൻ 18:37) എന്നാൽ ഏതു പ്രത്യേക സത്യങ്ങൾ അറിയിക്കാനാണ് യേശു ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടത്? ഒന്നാമതായി തന്റെ പിതാവിനെക്കുറിച്ചുളള സത്യങ്ങൾ. തന്റെ പിതാവിന്റെ നാമം “പൂജിതമാക്കപ്പെടാൻ” അഥവാ വിശുദ്ധമായി കരുതപ്പെടാൻ പ്രാർഥിക്കുന്നതിന് അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9, കിംഗ് ജയിംസ് വേർഷൻ) “നീ എനിക്കു തന്ന മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” എന്നും അവൻ പ്രാർഥിച്ചു. (യോഹന്നാൻ 17:6) കൂടാതെ, “ഞാൻ ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കേണ്ടതാണ്, എന്തെന്നാൽ ഇതിനായിട്ടാണു ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്” എന്ന് അവൻ പറഞ്ഞു.—ലൂക്കോസ് 4:43.
11. (എ) യേശു തന്റെ വേലയെ വളരെ പ്രധാനമെന്നു കരുതിയതെന്തുകൊണ്ട്? (ബി) എന്തു ചെയ്യുന്നതിൽനിന്നു യേശു ഒരിക്കലും പിൻവാങ്ങിനിന്നില്ല? അതുകൊണ്ടു നാം എന്തു ചെയ്യണം?
11 തന്റെ പിതാവിന്റെ നാമത്തെയും രാജ്യത്തെയും അറിയിക്കുന്ന ഈ വേല യേശുവിന് എത്ര പ്രധാനമായിരുന്നു? അവൻ തന്റെ ശിഷ്യൻമാരോട്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമാണ് എന്റെ ആഹാരം” എന്നു പറഞ്ഞു. (യോഹന്നാൻ 4:34) ദൈവവേല ആഹാരത്തെപ്പോലെ പ്രധാനമാണെന്നു യേശു കരുതിയതെന്തുകൊണ്ടായിരുന്നു? കാരണം മനുഷ്യവർഗത്തെ സംബന്ധിച്ച തന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങൾ നിറവേററാനുളള ദൈവത്തിന്റെ ഉപകരണമായിരുന്നു ഈ രാജ്യം. ഈ രാജ്യമാണു സകല ദുഷ്ടതയേയും നശിപ്പിച്ചു യഹോവയുടെ നാമത്തിൻമേൽ വരുത്തപ്പെട്ട നിന്ദ നീക്കുന്നത്. (ദാനിയേൽ 2:44; വെളിപ്പാട് 21:3, 4) അതുകൊണ്ട് ദൈവത്തിന്റെ നാമത്തെയും രാജ്യത്തെയും അറിയിക്കുന്നതിൽനിന്നു യേശു ഒരിക്കലും പിൻമാറിനിന്നില്ല. (മത്തായി 4:17; ലൂക്കോസ് 8:1; യോഹന്നാൻ 17:26; എബ്രായർ 2:12) ജനപ്രീതിയുളളതായിരുന്നാലും അല്ലെങ്കിലും എല്ലായ്പ്പോഴും അവൻ സത്യം സംസാരിച്ചു. നാം ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കിൽ നാം അനുസരിക്കേണ്ട ഒരു മാതൃക അവൻ അങ്ങനെ വെക്കുകയുണ്ടായി.—1 പത്രോസ് 2:21.
12. വേറെ ഏതു പ്രധാന കാരണത്താൽ യേശു ഭൂമിയിലേക്കു വന്നു?
12 എന്നാൽ ദൈവരാജ്യഭരണത്തിൻകീഴിൽ നമുക്കു നിത്യജീവൻ പ്രാപിക്കുക സാധ്യമാക്കുന്നതിനു യേശു മരണത്തിൽ തന്റെ ജീവരക്തം ഒഴിക്കേണ്ടതുണ്ടായിരുന്നു. യേശുവിന്റെ രണ്ട് അപ്പോസ്തലൻമാർ പറഞ്ഞപ്രകാരം: “ഇപ്പോൾ നാം അവന്റെ രക്തത്താൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.” “[ദൈവ]പുത്രനായ യേശുവിന്റെ രക്തം സകല പാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.” (റോമർ 5:9; 1 യോഹന്നാൻ 1:7) അതുകൊണ്ട് നമുക്കുവേണ്ടി മരിക്കുകയെന്നതായിരുന്നു യേശു ഭൂമിയിലേക്കു വന്നതിന്റെ ഒരു പ്രധാന കാരണം. “മനുഷ്യപുത്രൻ വന്നതു ശുശ്രൂഷ സ്വീകരിക്കാനല്ല, ശുശ്രൂഷ ചെയ്തുകൊടുക്കാനും അനേകർക്കു പകരമായി തന്റെ ദേഹിയെ [അഥവാ ജീവനെ] ഒരു മറുവിലയായി കൊടുക്കാനുമാണ്” എന്ന് അവൻ പറയുകയുണ്ടായി. (മത്തായി 20:28) എന്നാൽ യേശു തന്റെ ജീവനെ ഒരു “മറുവില”യായി കൊടുത്തുവെന്നതിന്റെ അർഥമെന്താണ്? മരണത്തിൽ അവന്റെ ജീവരക്തം ചൊരിയേണ്ടതു നമ്മുടെ രക്ഷയ്ക്ക് ആവശ്യമായിരുന്നതെന്തുകൊണ്ട്?
അവൻ തന്റെ ജീവനെ ഒരു മറുവിലയായി കൊടുത്തു
13. (എ) മറുവില എന്നാലെന്ത്? (ബി) നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാൻ യേശു കൊടുത്ത മറുവില എന്ത്?
13 ഒരു തട്ടിക്കൊണ്ടുപോക്കു നടക്കുമ്പോഴാണു മിക്കപ്പോഴും “മറുവില” എന്ന പദം ഉപയോഗിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നയാൾ ഒരാളെ പിടിച്ചെടുത്തുകഴിഞ്ഞാൽ ഒരു മറുവിലയായി (ഉദ്ധാരണമൂല്യം) ഒരു പ്രത്യേക തുക തന്നാൽ താൻ ആളെ തിരിച്ചുകൊടുക്കാമെന്ന് അയാൾ പറഞ്ഞേക്കാം. അതുകൊണ്ട് ഒരു മറുവില ഒരു ബന്ദിയായി പിടിക്കപ്പെട്ട ഒരാൾക്കു വിടുതൽ കൈവരുത്തുന്ന ഒന്നാണ്. അത് അയാളുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ കൊടുക്കപ്പെടുന്ന ഒരു വിലയാണ്. യേശുവിന്റെ പൂർണ മാനുഷജീവൻ പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽനിന്നു മനുഷ്യവർഗത്തിന്റെ വിടുതൽ നേടാനായി കൊടുക്കപ്പെട്ടു. (1 പത്രോസ് 1:18, 19; എഫേസ്യർ 1:7) അത്തരമൊരു വിടുതൽ ആവശ്യമായിത്തീർന്നതെങ്ങനെ?
14. യേശുവിന്റെ മറുവില ആവശ്യമായിത്തീർന്നതെന്തുകൊണ്ട്?
14 നമ്മുടെയെല്ലാം പൂർവപിതാവായ ആദാം ദൈവത്തോടു മത്സരിച്ചതാണ് അതിനു കാരണം. അവന്റെ അധർമപ്രവൃത്തി അങ്ങനെ അവനെ ഒരു പാപിയാക്കിത്തീർത്തു. കാരണം, “പാപം അധർമമാണ്” എന്നു ബൈബിൾ വിശദീകരിക്കുന്നു. (1 യോഹന്നാൻ 3:4; 5:17) തൽഫലമായി, നിത്യജീവൻ എന്ന ദൈവദാനം സ്വീകരിക്കാൻ അവൻ അർഹനല്ലാതായിത്തീർന്നു. (റോമർ 6:23) അതുകൊണ്ട് ആദാം ഒരു പറുദീസാഭൂമിയിലെ പൂർണതയുളള മനുഷ്യജീവൻ തനിക്കു നഷ്ടപ്പെടുത്തി. കൂടാതെ താൻ ഉളവാക്കുന്ന സകല മക്കൾക്കും അവൻ ഈ വിശിഷ്ടമായ പ്രത്യാശ നഷ്ടപ്പെടുത്തി. ‘എന്നാൽ പാപം ചെയ്തത് ആദാമായിരുന്നതുകൊണ്ട് അവന്റെ മക്കളെല്ലാം മരിക്കേണ്ടിവരുന്നതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം.
15. പാപം ചെയ്തത് ആദാമായിരുന്നതുകൊണ്ട് അവന്റെ മക്കൾ കഷ്ടപ്പെടുകയും മരിക്കയും ചെയ്യേണ്ടിവന്നതെന്തുകൊണ്ട്?
15 അതിനു കാരണം ആദാം പാപിയായിത്തീർന്നപ്പോൾ ഇന്നു ജീവിക്കുന്ന സകല മനുഷ്യരും ഉൾപ്പെടെ തന്റെ സകല മക്കളിലേക്കും അവൻ പാപവും മരണവും കടത്തിവിട്ടു എന്നതാണ്. (ഇയ്യോബ് 14:4; റോമർ 5:12) “സകലരും പാപംചെയ്തു, ദൈവതേജസ്സിൽ കുറവുളളവരായിത്തീർന്നു” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (റോമർ 3:23; 1 രാജാക്കൻമാർ 8:46) ദൈവഭക്തനായിരുന്ന ദാവീദുപോലും പറഞ്ഞു: “ഞാൻ അകൃത്യം സഹിതം, പ്രസവവേദനകളോടെ ജനിപ്പിക്കപ്പെട്ടു, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” (സങ്കീർത്തനം 51:5) അതുകൊണ്ട് ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപം ഹേതുവായി ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ആ സ്ഥിതിക്കു യേശുവിന്റെ ജീവബലിക്കു പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽനിന്നു സകല മനഷ്യരെയും വിടുവിക്കുക എങ്ങനെ സാധ്യമായി?
16. (എ) മറുവില ഏർപ്പെടുത്തുകയിൽ ‘ജീവനു പകരം ജീവൻ കൊടുക്കണം’ എന്ന തന്റെ നിയമത്തോടു ദൈവം ആദരവു കാട്ടിയതെങ്ങനെ? (ബി) മറുവില കൊടുക്കാൻ കഴിയുമായിരുന്ന ഏക മനുഷ്യൻ യേശു ആയിരുന്നതെന്തുകൊണ്ട്?
16 ഇസ്രായേൽ ജനതയ്ക്കുവേണ്ടിയുളള ദൈവത്തിന്റെ നിയമത്തിലെ ഒരു നിയമപരമായ തത്വമാണ് ഉൾപ്പെട്ടിരിക്കുന്നത്. ‘ജീവനു പകരം ജീവൻ കൊടുക്കണം’ എന്ന് അതു പ്രസ്താവിക്കുന്നു. (പുറപ്പാട് 21:23; ആവർത്തനം 19:21) പൂർണമനുഷ്യനായ ആദാം തന്റെ അനുസരണക്കേടിനാൽ തനിക്കും തന്റെ സകല മക്കൾക്കും ഒരു പറുദീസാഭൂമിയിലെ പൂർണജീവൻ നഷ്ടപ്പെടുത്തി. ആദാം നഷ്ടപ്പെടുത്തിയതിനെ തിരികെ വാങ്ങാൻ യേശുക്രിസ്തു തന്റെ സ്വന്തം പൂർണജീവൻ കൊടുത്തു. അതെ, യേശു “എല്ലാവർക്കുംവേണ്ടി ഒരു തുല്യമറുവിലയായി തന്നെത്താൻ കൊടുത്തു.” (1 തിമൊഥെയോസ് 2:5, 6) ആദാമിനെപ്പോലെ യേശുവും ഒരു പൂർണമനുഷ്യനായിരുന്നതുകൊണ്ട് അവൻ “ഒടുക്കത്തെ ആദാം” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 15:45) യേശുവിനല്ലാതെ മറെറാരു മനുഷ്യനും മറുവില നൽകാൻ കഴിയുമായിരുന്നില്ല. കാരണം, ദൈവത്തിന്റെ ഒരു പൂർണമനുഷ്യപുത്രനെന്നനിലയിൽ ആദാമിനോടു തുല്യനായി യേശു മാത്രമേ ജീവിച്ചിരുന്നിട്ടുളളു.—സങ്കീർത്തനം 49:7; ലൂക്കോസ് 1:32; 3:38.
17. മറുവില ദൈവത്തിനു കൊടുത്തതെപ്പോൾ?
17 യേശു 331⁄2 വയസ്സിൽ മരിച്ചു. അവന്റെ മരണശേഷം മൂന്നാംദിവസം അവൻ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടു. നാല്പതു ദിവസം കഴിഞ്ഞ് അവൻ സ്വർഗത്തിലേക്കു തിരിച്ചുപോയി. (പ്രവൃത്തികൾ 1:3, 9-11) അവിടെ വീണ്ടും ഒരു ആത്മവ്യക്തിയായി തന്റെ മറുവിലയാഗത്തിന്റെ മൂല്യവും വഹിച്ചുകൊണ്ട് അവൻ “നമുക്കുവേണ്ടി ദൈവവ്യക്തിയുടെ മുമ്പാകെ” പ്രത്യക്ഷപ്പെട്ടു. (എബ്രായർ 9:12, 24) ആ സമയത്താണു സ്വർഗത്തിൽ ദൈവത്തിനു മറുവില കൊടുക്കപ്പെട്ടത്. ഇപ്പോൾ മനുഷ്യവർഗത്തിനു വിടുതൽ ലഭ്യമായി. എന്നാൽ അതിന്റെ പ്രയോജനങ്ങൾ എപ്പോൾ സാക്ഷാത്കരിക്കപ്പെടും?
18. (എ) ഇപ്പോൾപോലും നമുക്കു മറുവിലയിൽനിന്നു പ്രയോജനം നേടാൻ കഴിയുന്നതെങ്ങനെ? (ബി) മറുവില ഭാവിയിൽ എന്തു സാധ്യമാക്കുന്നു?
18 ഇപ്പോൾപോലും യേശുവിന്റെ മറുവിലയാഗത്തിനു നമുക്കു പ്രയോജനം ചെയ്യാൻ കഴിയും. എങ്ങനെ? അതിൽ വിശ്വാസം പ്രകടമാക്കുന്നതിനാൽ നമുക്കു ദൈവമുമ്പാകെ ഒരു നിർമലമായ നില ആസ്വദിക്കാനും അവന്റെ സ്നേഹപൂർവകമായ പരിപാലനത്തിൻകീഴിൽ വരാനും കഴിയും. (വെളിപ്പാട് 7:9, 10, 13-15) നമ്മിൽ അനേകരും ദൈവത്തെക്കുറിച്ചു പഠിക്കുന്നതിനുമുമ്പു ഭയങ്കര പാപങ്ങൾ ചെയ്തിരിക്കാം. ഇപ്പോൾപോലും നാം തെററുകൾ ചെയ്യുന്നു. ചിലപ്പോൾ ഗുരുതരമായതുപോലും ചെയ്യുന്നു. എന്നാൽ ദൈവം കേൾക്കുമെന്നുളള ദൃഢവിശ്വാസത്തോടെ മറുവിലയുടെ അടിസ്ഥാനത്തിൽ നമുക്കു സൗജന്യമായി ദൈവത്തിൽനിന്നുളള ക്ഷമ തേടാവുന്നതാണ്. (1 യോഹന്നാൻ 2:1, 2; 1 കൊരിന്ത്യർ 6:9-11) മാത്രവുമല്ല, ദൈവത്തിന്റെ നീതിയുളള നൂതനക്രമത്തിൽ നിത്യജീവനാകുന്ന ദൈവദാനം സ്വീകരിക്കുന്നതിനുളള വഴി ഭാവിയിൽ മറുവില നമുക്കു തുറന്നു നൽകുകയും ചെയ്യും. (2 പത്രോസ് 3:13) ആ സമയത്ത്, മറുവിലയിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവരും പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽനിന്നു പൂർണമായി വിമോചിതരാകും. അവർക്കു പൂർണതയിലുളള നിത്യജീവനു നോക്കിപ്പാർത്തിരിക്കാവുന്നതാണ്!
19. (എ) മറുവിലയുടെ ഏർപ്പാടിനു നിങ്ങളുടെമേൽ എന്തു ഫലമുണ്ട്? (ബി) നാം മറുവിലക്കുവേണ്ടി എങ്ങനെ നന്ദി പ്രകടമാക്കണമെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു?
19 മറുവിലയെക്കുറിച്ചു പഠിച്ച സ്ഥിതിക്കു നിങ്ങൾക്ക് എന്തു തോന്നുന്നു? തന്റെ പ്രിയപ്പെട്ട പുത്രനെ നിങ്ങൾക്കുവേണ്ടി നല്കത്തക്കവണ്ണം നിങ്ങളെക്കുറിച്ചു യഹോവ അത്രമാത്രം കരുതുന്നുണ്ടെന്ന് അറിയുന്നതു നിങ്ങളുടെ ഹൃദയത്തെ അവനോടു സ്നേഹനിർഭരമാക്കുന്നില്ലേ? (യോഹന്നാൻ 3:16; 1 യോഹന്നാൻ 4:9, 10) എന്നാൽ ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചും ചിന്തിക്കുക. അവൻ നമുക്കുവേണ്ടി മരിക്കാൻ മനസ്സോടെ ഭൂമിയിലേക്കു വന്നു. നാം നന്ദിയുളളവരായിരിക്കേണ്ടതല്ലേ? നാം എങ്ങനെ നന്ദി പ്രകടമാക്കണമെന്നു വിശദീകരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ജീവിക്കുന്നവർ മേലാൽ തങ്ങൾക്കുവേണ്ടി ജീവിക്കാതെ തങ്ങൾക്കായി മരിച്ചവനുവേണ്ടി ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്തു.” (2 കൊരിന്ത്യർ 5:14, 15) ദൈവത്തെയും അവന്റെ സ്വർഗീയപുത്രനായ യേശുക്രിസ്തുവിനെയും സേവിക്കാൻ നിങ്ങളുടെ ജീവനെ ഉപയോഗിച്ചുകൊണ്ടു നിങ്ങൾ നന്ദി പ്രകടമാക്കുമോ?
യേശു അത്ഭുതങ്ങൾ ചെയ്തതിന്റെ കാരണം
20. യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കിയതിൽനിന്നു നാം യേശുവിനെക്കുറിച്ച് എന്തു പഠിക്കുന്നു?
20 യേശു ചെയ്ത അത്ഭുതങ്ങൾ നിമിത്തം അവൻ സുപ്രസിദ്ധനാണ്. അവനു കഷ്ടപ്പെടുന്ന ആളുകളോട് അഗാധമായ വികാരമുണ്ടായിരുന്നു. അവരെ സഹായിക്കുന്നതിനു തന്റെ ദൈവദത്തമായ ശക്തികൾ ഉപയോഗിക്കാൻ അവൻ ഉത്സുകനായിരുന്നു. ദൃഷ്ടാന്തമായി, ഭയങ്കര രോഗമായ കുഷ്ഠം ബാധിച്ച ഒരു മനുഷ്യൻ അവന്റെ അടുക്കൽ വന്ന് “നിനക്കു വേണമെന്നുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കാൻ കഴിയും” എന്നു പറഞ്ഞു. യേശുവിന് “അനുകമ്പ തോന്നി, അവൻ തന്റെ കൈനീട്ടി അവനെ തൊടുകയും ‘എനിക്കു വേണമെന്നുണ്ട്, ശുദ്ധനാകുക’ എന്ന് അയാളോടു പറയുകയും ചെയ്തു.” ആ മനുഷ്യനു സൗഖ്യം കിട്ടി!—മർക്കോസ് 1:40-42.
21. യേശു ജനക്കൂട്ടങ്ങളെ എങ്ങനെ സഹായിച്ചു?
21 മറെറാരു ബൈബിൾ രംഗം പരിചിന്തിക്കുകയും ജനങ്ങളോട് യേശുവിനുണ്ടായിരുന്ന ആർദ്രതയെ വർണിച്ചിരിക്കുന്ന രംഗം മനസ്സിൽ കാണുകയും ചെയ്യുക: “അനന്തരം വലിയ ജനക്കൂട്ടങ്ങൾ അവനെ സമീപിച്ചു. അവർ മുടന്തരേയും അംഗഹീനരേയും കുരുടരേയും ഊമരേയും അനേകം ഇതര രോഗികളേയും കൂട്ടിക്കൊണ്ടു വന്നിരുന്നു. അവർ അവരെ അവന്റെ പാദങ്ങൾക്കരികെ മെല്ലെ ഇടുകയും അവൻ അവരെ സൗഖ്യപ്പെടുത്തുകയും ചെയ്തു; ഊമർ സംസാരിക്കുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാഴ്ചപ്രാപിക്കുന്നതും കണ്ടു ജനക്കൂട്ടങ്ങൾ വിസ്മയിക്കുകയും ഇസ്രയേലിന്റെ ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്തു.”—മത്തായി 15:30, 31.
22. യേശു സഹായിച്ച ആളുകളോട് അവനു യഥാർഥ കരുതൽ ഉണ്ടായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
22 കഷ്ടപ്പെടുന്ന ഈ ആളുകളെക്കുറിച്ചു യേശുവിന് യഥാർഥ കരുതൽ ഉണ്ടായിരുന്നു. അവരെ സഹായിക്കാൻ അവൻ യഥാർഥമായി ആഗ്രഹിച്ചു. തന്റെ ശിഷ്യൻമാരോട് അവൻ അടുത്തതായി പറഞ്ഞതിൽനിന്ന് അതു മനസ്സിലാക്കാവുന്നതാണ്. “എനിക്കു ജനക്കൂട്ടത്തോട് അനുകമ്പ തോന്നുന്നു, എന്തുകൊണ്ടെന്നാൽ അവർ എന്നോടുകൂടെ കഴിയാൻ തുടങ്ങിയിട്ട് ഇപ്പോൾത്തന്നെ മൂന്നു ദിവസമായി; അവർക്കു ഭക്ഷിക്കാനൊന്നുമില്ലല്ലോ; അവരെ പട്ടിണിക്കയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ വഴിയിൽ തളർന്നു വീണെന്നുവരാം.” അതുകൊണ്ട് യേശു വെറും ഏഴപ്പവും ഏതാനും ചെറുമീനും കൊണ്ട് “സ്ത്രീകളെയും കൊച്ചുകുട്ടികളെയും കൂടാതെ നാലായിരം പുരുഷൻമാരെ” അത്ഭുതകരമായി പോഷിപ്പിച്ചു.—മത്തായി 15:32-38.
23. ഒരു വിധവയുടെ മരിച്ച പുത്രനെ ഉയിർപ്പിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ത്?
23 മറെറാരു സന്ദർഭത്തിൽ യേശു നയീൻനഗരത്തിൽനിന്ന് ഒരു ശവസംസ്കാര ഘോഷയാത്ര വരുന്നതു കണ്ടു. ബൈബിൾ അത് ഇങ്ങനെ വർണിച്ചുപറയുന്നു: “ഒരു മരിച്ച മനുഷ്യനെ ചുമന്നുകൊണ്ടു വരികയായിരുന്നു, അയാൾ അമ്മയ്ക്ക് ഏകജാതനായിരുന്നു. മാത്രവുമല്ല അവൾ ഒരു വിധവയുമായിരുന്നു . . . അവളെ കണ്ടപ്പോൾ കർത്താവിന് അവളോടു സഹതാപം തോന്നി.” അവന് ആ സ്ത്രീയുടെ സങ്കടം ആഴത്തിൽ അനുഭവപ്പെട്ടു. അതുകൊണ്ട് ശവശരീരത്തെ സംബോധന ചെയ്തുകൊണ്ടു യേശു ആജ്ഞാപിച്ചു: “ചെറുപ്പക്കാരാ, ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്ക!” അത്യത്ഭുതം! “മരിച്ച മനുഷ്യൻ എഴുന്നേററിരുന്നു സംസാരിച്ചുതുടങ്ങി, അവൻ അയാളെ സ്വമാതാവിന് ഏല്പിച്ചുകൊടുത്തു.” ആ അമ്മയ്ക്ക് ഉണ്ടായ ചേതോവികാരത്തെപ്പററി ചിന്തിക്കുക! നിങ്ങൾക്കാണെങ്കിൽ എന്തു വികാരമനുഭവപ്പെടും? ഈ ശ്രദ്ധേയമായ സംഭവത്തെക്കുറിച്ചുളള വാർത്ത എല്ലായിടത്തും പരന്നു. യേശു സുപ്രസിദ്ധനായിരിക്കുന്നത് അതിശയമല്ല.—ലൂക്കോസ് 7:11-17.
24. യേശുവിന്റെ അത്ഭുതങ്ങൾ ഭാവിയെക്കുറിച്ച് എന്തു പ്രകടമാക്കുന്നു?
24 എന്നിരുന്നാലും യേശു ചെയ്ത അത്ഭുതങ്ങൾക്കു താല്ക്കാലികമായ പ്രയോജനമേ ഉണ്ടായിരുന്നുളളു. അവൻ സൗഖ്യമാക്കിയ ആളുകൾക്കു പിന്നെയും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. എന്നാൽ അവൻ ഉയിർപ്പിച്ചവർ വീണ്ടും മരിച്ചു. എന്നാൽ യേശുവിന്റെ അത്ഭുതങ്ങൾ അവൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നും യഥാർഥത്തിൽ അവൻ ദൈവപുത്രനാണെന്നും തെളിയിച്ചു. ദൈവത്തിന്റെ ശക്തിയാൽ സകല മാനുഷ പ്രശ്നങ്ങളെയും പരിഹരിക്കാൻ കഴിയുമെന്ന് അവ തെളിയിച്ചു. അതെ, ദൈവരാജ്യത്തിൻകീഴിൽ ഭൂമിയിൽ എന്തു നടക്കുമെന്ന് അവ ഒരു ചെറിയ തോതിൽ പ്രകടമാക്കി. ആ കാലത്തു വിശക്കുന്നവർക്ക് ആഹാരം ലഭിക്കും, രോഗികൾ സൗഖ്യം പ്രാപിക്കും, മരിച്ചവർ ഉയിർപ്പിക്കപ്പെടുകപോലും ചെയ്യും! വീണ്ടുമൊരിക്കലും രോഗമോ മരണമോ മറേറതെങ്കിലും കുഴപ്പങ്ങളോ അസന്തുഷ്ടിക്കിടയാക്കുകയില്ല. അത് എന്തോരനുഗ്രഹമായിരിക്കും!—വെളിപ്പാട് 21:3, 4; മത്തായി 11:4, 5.
ദൈവരാജ്യത്തിന്റെ ഭരണാധികാരി
25. യേശുവിന്റെ ജീവിതത്തെ ഏതു മൂന്നു ഭാഗങ്ങളായി തിരിക്കാം?
25 ദൈവപുത്രന്റെ ജീവിതത്തിനു മൂന്നു ഭാഗങ്ങളുണ്ട്. ഒന്നാമത്, അവൻ മനുഷ്യനാകുന്നതിനുമുമ്പു സ്വർഗത്തിൽ തന്റെ പിതാവിനോടുകൂടെ ചെലവഴിച്ച കാലം. അത് എത്ര വർഷങ്ങളെന്ന് അറിയാൻ പാടില്ല. അടുത്തത് അവന്റെ ജനനശേഷം ഭൂമിയിൽ ചെലവഴിച്ച 331⁄2 വർഷം. ഒടുവിൽ ഇപ്പോൾ ഒരു ആത്മവ്യക്തിയെന്നനിലയിൽ വീണ്ടും സ്വർഗത്തിലെ ജീവിതം. അവന്റെ പുനരുത്ഥാനശേഷം അവനു സ്വർഗത്തിൽ എന്തു പദവിയാണുളളത്?
26. യേശു ഭൂമിയിലെ തന്റെ വിശ്വസ്തതയാൽ എന്തിനു യോഗ്യനാണെന്നു തെളിയിച്ചു?
26 യേശു ഒരു രാജാവായിത്തീരണമെന്നു വ്യക്തമായിരുന്നു. ദൂതൻപോലും “അവൻ എന്നേക്കും . . . രാജാവായി ഭരിക്കും, അവന്റെ രാജ്യത്തിന് അന്തം വരികയുമില്ല” എന്നു മറിയയോടു പ്രഖ്യാപിച്ചിരുന്നു. (ലൂക്കോസ് 1:33) അവൻ തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് എല്ലാ സമയത്തും ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചിരുന്നു. “നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു പ്രാർഥിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. “അപ്പോൾ, ഒന്നാമതു രാജ്യം . . . അന്വേഷിച്ചുകൊണ്ടിരിക്കാൻ” അവൻ അവരെ ശക്തമായി ഉപദേശിച്ചു. (മത്തായി 6:10, 33) ഭൂമിയിലെ തന്റെ വിശ്വസ്തതയാൽ താൻ ദൈവരാജ്യത്തിന്റെ രാജാവായിരിക്കാൻ യോഗ്യനാണെന്നു യേശു തെളിയിച്ചു. അവൻ സ്വർഗത്തിലേക്കു മടങ്ങിപ്പോയ ഉടനെ അവൻ രാജാവായി ഭരിക്കാൻ തുടങ്ങിയോ?
27. (എ) സ്വർഗത്തിലേക്കു തിരിച്ചുപോയശേഷം യേശു എന്തു ചെയ്തു? (ബി) ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശുവിന്റെ ആദ്യപ്രവൃത്തി എന്തായിരുന്നു?
27 ഇല്ല. അപ്പോസ്തലനായ പൗലോസ് സങ്കീർത്തനം 110:1-നെ പരാമർശിച്ചുകൊണ്ട് ഇങ്ങനെ വിശദീകരിക്കുന്നു: “ഈ മനുഷ്യൻ [യേശു] പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഏകയാഗം അർപ്പിക്കുകയും ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു, അവന്റെ ശത്രുക്കൾ അവന്റെ പാദങ്ങൾക്ക് ഒരു പീഠമായി വെക്കപ്പെടുന്നതുവരെ അന്നുമുതൽ കാത്തിരുന്നുകൊണ്ടുതന്നെ.” (എബ്രായർ 10:12, 13) “നിന്റെ ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടുക” എന്ന യഹോവയുടെ കല്പനയ്ക്കുവേണ്ടി യേശു കാത്തിരിക്കുകയായിരുന്നു. (സങ്കീർത്തനം 110:2) ആ സമയം വന്നപ്പോൾ അവൻ സാത്താനെയും അവന്റെ ദൂതൻമാരെയും നീക്കി സ്വർഗങ്ങളെ ശുദ്ധീകരിക്കാൻ തുടങ്ങി. സ്വർഗത്തിലെ ആ യുദ്ധത്തിന്റെ ഫലം ഈ വാക്കുകളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ നമ്മുടെ സഹോദരൻമാരെ നമ്മുടെ ദൈവമുമ്പാകെ രാപകൽ കുററപ്പെടുത്തുന്നവൻ താഴോട്ടു വലിച്ചെറിയപ്പെട്ടിരിക്കുന്നു!” (വെളിപ്പാട് 12:10) ഒരു മുൻ അധ്യായത്തിൽ കണ്ടപ്രകാരം സ്വർഗത്തിലെ ഈ യുദ്ധം നടന്നുകഴിഞ്ഞിരിക്കുന്നുവെന്നും യേശുക്രിസ്തു ഇപ്പോൾ അവന്റെ ശത്രുക്കളുടെ മധ്യേ ഭരിക്കുകയാണെന്നും വസ്തുതകൾ പ്രകടമാക്കുന്നു.
28. (എ) ക്രിസ്തു പെട്ടെന്നുതന്നെ എന്തു ചെയ്യും? (ബി) അവന്റെ സംരക്ഷണം ആസ്വദിക്കാൻ നാം എന്തു ചെയ്യണം?
28 വളരെ പെട്ടെന്നുതന്നെ ഇപ്പോഴുളള സകല ലോകഗവൺമെൻറുകളെയും ഭൂമിയിൽനിന്നു നീക്കംചെയ്യാൻ ക്രിസ്തുവും അവന്റെ സ്വർഗീയ ദൂതൻമാരും നടപടിയെടുക്കും. (ദാനിയേൽ 2:44; വെളിപ്പാട് 17:14) അവന് “ജനതകളെ വെട്ടുന്നതിനു മൂർച്ചയുളള ഒരു നീണ്ട വാൾ ഉണ്ട്, അവൻ ഒരു ഇരുമ്പുദണ്ഡുകൊണ്ട് അവരെ മേയിക്കും” എന്നു ബൈബിൾ പറയുന്നു. (വെളിപ്പാട് 19:11-16) ഈ ആസന്നമായ നാശത്തിൽ സംരക്ഷിക്കപ്പെടുന്നതിനു യോഗ്യരെന്നു തെളിയിക്കുന്നതിനു നാം യേശുക്രിസ്തുവിൽ വിശ്വാസം പ്രകടമാക്കേണ്ടതാണ്. (യോഹന്നാൻ 3:36) നാം അവന്റെ ശിഷ്യൻമാരായിത്തീരുകയും നമ്മുടെ സ്വർഗീയ രാജാവെന്ന നിലയിൽ അവനു കീഴ്പ്പെടുകയും വേണം. നിങ്ങൾ അതു ചെയ്യുമോ?
[58-ാം പേജിലെ ചിത്രം]
സ്നാനമേല്ക്കുന്നതിനും യഹോവയുടെ അഭിഷിക്തനായിത്തീരുന്നതിനും യേശു ആശാരിപ്പണി ഉപേക്ഷിച്ചു
[63-ാം പേജിലെ ചിത്രം]
യേശു പൂർണമനുഷ്യനായിരുന്ന ആദാമിനു തുല്യനായിരുന്നു
[64-ാം പേജിലെ ചിത്രം]
രോഗികളെയും വിശക്കുന്നവരെയും സഹായിക്കാൻ യേശുവിന് അനുകമ്പ തോന്നി
[67-ാം പേജിലെ ചിത്രം]
മരിച്ചവരെ ഉയിർപ്പിച്ചതിനാൽ, ദൈവരാജ്യം ഭരിക്കുമ്പോൾ വളരെ വിപുലമായ തോതിൽ താൻ എന്തുചെയ്യുമെന്നു യേശു പ്രകടമാക്കി