അധ്യായം 13
ദൈവത്തിന്റെ സമാധാനഗവൺമെൻറ്
1. മാനുഷഗവൺമെൻറുകൾ എന്തു ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു?
1 മാനുഷഗവൺമെൻറുകൾ—സദുദ്ദേശ്യങ്ങൾ ഉളളവപോലും—ജനങ്ങളുടെ യഥാർഥ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? യാതൊരു ഗവൺമെൻറും കുററകൃത്യത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല, അല്ലെങ്കിൽ ജനങ്ങൾക്കെല്ലാം നല്ല ഭക്ഷണമോ ഭവനമോ നൽകിയിട്ടില്ല. അവ പൗരൻമാരെ പൂർണമായി രോഗവിമുക്തരാക്കിയിട്ടില്ല. യാതൊരു ഗവൺമെൻറിനും വാർധക്യത്തെയോ മരണത്തെയോ തടയാനോ മരിച്ചവരെ വീണ്ടും ജീവനിലേക്കു വരുത്താനോ കഴിഞ്ഞിട്ടില്ല. പൗരൻമാർക്കു നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവുമെങ്കിലും കൈവരുത്തിയിട്ടുളള ഒരു ഗവൺമെൻറുമില്ല. മനുഷ്യരുടെ ഗവൺമെൻറുകൾക്കു ജനങ്ങളെ അഭിമുഖീകരിക്കുന്ന വമ്പിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കേവലം കഴിവില്ല.
2. ബൈബിളിന്റെ മുഖ്യസന്ദേശമെന്താണ്?
2 ജനങ്ങൾക്കെല്ലാം തികഞ്ഞ സന്തുഷ്ടജീവിതം ആസ്വദിക്കുക സാധ്യമാക്കുന്ന ഒരു നീതിയുളള ഗവൺമെൻറ് നമുക്ക് എത്രയധികം ആവശ്യമാണെന്നു നമ്മുടെ സ്രഷ്ടാവിനറിയാം. അതുകൊണ്ടാണു ദൈവത്തിന്റെ നിയന്ത്രണത്തിലുളള ഒരു ഗവൺമെൻറിനെക്കുറിച്ചു ബൈബിൾ പറയുന്നത്. യഥാർഥത്തിൽ ദൈവത്തിന്റെ ഈ വാഗ്ദത്തഗവൺമെൻറാണ് ബൈബിളിന്റെ മുഖ്യസന്ദേശം.
3. ദൈവത്തിന്റെ ഗവൺമെൻറിനെക്കുറിച്ചു യെശയ്യാവ് 9:6, 7 എന്തു പറയുന്നു?
3 ‘എന്നാൽ ദൈവത്തിന്റെ ഗവൺമെൻറിനെക്കുറിച്ചു ബൈബിൾ എവിടെ പറയുന്നു?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതു പറയുന്നുണ്ട്, ദൃഷ്ടാന്തമായി യെശയ്യാവ് 9:6, 7-ൽ. കിംഗ് ജയിംസ് വേർഷൻ അനുസരിച്ച് ഈ വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു: “നമുക്ക് ഒരു കുട്ടി ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു: ഗവൺമെൻറ് അവന്റെ തോളിലായിരിക്കും. അവന് അത്ഭുതവാൻ, ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ഗവൺമെൻറന്റെ വർധനവിനും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല.”
4. ദൈവത്തിന്റെ ഗവൺമെൻറിലെ ഭരണാധികാരിയായിത്തീരുന്ന കുട്ടി ആരാണ്?
4 ഇവിടെ ബൈബിൾ ഒരു കുട്ടിയുടെ, ഒരു രാജകുമാരന്റെ, ജനനത്തെക്കുറിച്ചാണു പറയുന്നത്. കാലക്രമത്തിൽ ഈ ‘രാജാവിന്റെ പുത്രൻ’ ഒരു വലിയ ഭരണാധികാരി, “സമാധാനപ്രഭു” ആയിത്തീരണമായിരുന്നു. അവന് യഥാർഥത്തിൽ അതിവിശിഷ്ടമായ ഒരു ഗവൺമെൻറിന്റെ ചുമതല ഉണ്ടായിരിക്കും. ഈ ഗവൺമെൻറ് മുഴുഭൂമിയിലും സമാധാനം കൈവരുത്തും. ആ സമാധാനം എന്നേക്കും നിലനിൽക്കും. യെശയ്യാവ് 9:6, 7-ൽ യേശു എന്ന കുട്ടിയുടെ ജനനമാണു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്. കന്യകയായിരുന്ന മറിയയോട് അവന്റെ ജനനത്തെക്കുറിച്ചു പ്രഖ്യാപിച്ചപ്പോൾ ഗബ്രിയേൽ ദൂതൻ യേശുവിനെക്കുറിച്ച് “അവൻ. . .രാജാവായി ഭരിക്കും. അവന്റെ രാജ്യത്തിന് അവസാനമുണ്ടായിരിക്കയില്ല” എന്നു പറയുകയുണ്ടായി.—ലൂക്കോസ് 1:30-33.
രാജ്യത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയൽ
5. (എ) ബൈബിളിൽ രാജ്യത്തിന്റെ പ്രാധാന്യം പ്രകടമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) ദൈവരാജ്യം എന്താണ്, അത് എന്തു ചെയ്യും?
5 യേശുക്രിസ്തുവും അവന്റെ പിന്തുണക്കാരും ഭൂമിയിൽ ആയിരുന്നപ്പോൾ അവരുടെ മുഖ്യവേല വരാനിരുന്ന ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയുമായിരുന്നു. (ലൂക്കോസ് 4:43; 8:1) ബൈബിളിൽ അവർ ആ രാജ്യത്തെക്കുറിച്ച് 140-തിലധികം പരാമർശങ്ങൾ നടത്തുന്നുണ്ട്. “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിക്കുകപോലും ചെയ്തു. (മത്തായി 6:10, കിംഗ് ജയിംസ് വേർഷൻ) ക്രിസ്ത്യാനികൾ പ്രാർഥിക്കുന്ന ഈ രാജ്യം യഥാർഥത്തിൽ ഒരു ഗവൺമെൻറാണോ? ആണെന്നു നിങ്ങൾ വിചാരിച്ചിരിക്കുകയില്ല, എന്നാൽ ആണ്. രാജ്യത്തിന്റെ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണ്. അവൻ ഭരിക്കുന്ന പ്രദേശം മുഴുഭൂമിയും ആയിരിക്കും. ജനങ്ങൾ അനേകം ശത്രുജനതകളായി പിരിഞ്ഞിരിക്കാതെ സകല മനുഷ്യരും ദൈവരാജ്യ ഗവൺമെൻറിൻകീഴിൽ സമാധാനത്തിൽ ഏകീഭവിക്കുമ്പോൾ എത്ര നന്നായിരിക്കും!
6. യേശു ഭൂമിയിലായിരുന്നപ്പോൾ രാജ്യം “സമീപിച്ചിരിക്കുന്നു” എന്നും “നിങ്ങളുടെ ഇടയിൽ” ഉണ്ടെന്നും പറയപ്പെട്ടതെന്തുകൊണ്ട്?
6 യോഹന്നാൻ സ്നാപകൻ ഈ ഗവൺമെൻറിനെക്കുറിച്ചു പ്രസംഗിച്ചുതുടങ്ങുകയും ജനങ്ങളോട്: “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട് അനുതപിക്കുവിൻ” എന്നു പറയുകയും ചെയ്തു. (മത്തായി 3:1, 2) യോഹന്നാന് ഇതു പറയാൻ കഴിഞ്ഞതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറിന്റെ ഭരണാധികാരിയായിത്തീരാനുളള യേശു അവനാൽ സ്നാനം കഴിപ്പിക്കപ്പെടാനും ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടാനും പോകുകയായിരുന്നു. അതുകൊണ്ട് യേശു പിന്നീടു പരീശൻമാരോട്: “നോക്കൂ! ദൈവരാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ട്” എന്നു പറഞ്ഞതെന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. (ലൂക്കോസ് 17:21) കാരണം ദൈവം രാജാവായി നിയമിച്ചിരുന്ന യേശു അവരോടുകൂടെ അവിടെ ഉണ്ടായിരുന്നു. യേശു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്ത മൂന്നരവർഷക്കാലത്ത് അവൻ ദൈവത്തോടു തന്റെ മരണപര്യന്തം പ്രകടമാക്കിയ വിശ്വസ്തതയാൽ അവൻ രാജാവായിരിക്കാനുളള അവന്റെ അവകാശം തെളിയിച്ചു.
7. യേശു ഭൂമിയിലായിരുന്നപ്പോൾ രാജ്യം ഒരു പ്രധാന വിവാദവിഷയമായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
7 ക്രിസ്തുവിന്റെ ശുശ്രൂഷക്കാലത്ത് സുപ്രധാന വിവാദവിഷയം ദൈവരാജ്യമായിരുന്നുവെന്നു തെളിയിക്കാൻ അവന്റെ മരണത്തിനു മുമ്പത്തെ അവസാനദിവസം എന്തു സംഭവിച്ചുവെന്നു നമുക്കു പരിചിന്തിക്കാം. ജനങ്ങൾ യേശുവിനെ കുററപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞുവെന്നു ബൈബിൾ നമ്മോടു പറയുന്നു: “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ മറിച്ചുകളയുന്നതും കൈസർക്കു കരംകൊടുക്കുന്നതു വിലക്കുന്നതും താൻതന്നെ ഒരു രാജാവായ ക്രിസ്തു ആണെന്നു പറയുന്നതും ഞങ്ങൾ കണ്ടു.” ഇതു കേട്ടപ്പോൾ റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസ് യേശുവിനോട്: “നീ യഹൂദൻമാരുടെ രാജാവാണോ?” എന്നു ചോദിച്ചു.—ലൂക്കോസ് 23:1-3.
8. (എ) യേശു ഒരു രാജാവാണോ എന്ന് അവനോടു ചോദിച്ചപ്പോൾ യേശു എങ്ങനെ ഉത്തരം പറഞ്ഞു? (ബി) യേശുവിന്റെ രാജ്യം “ഈ ഉറവിൽനിന്നുളളതല്ല” എന്നു പറഞ്ഞപ്പോൾ അവൻ അർഥമാക്കിയതെന്ത്?
8 പീലാത്തോസിന്റെ ചോദ്യത്തിനു നേരിട്ട് ഉത്തരം കൊടുക്കാതെ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമാണെങ്കിൽ ഞാൻ യഹൂദൻമാർക്ക് ഏല്പിക്കപ്പെടാതിരിക്കാൻ എന്റെ സേവകൻമാർ പോരാടുമായിരുന്നു. എന്നാൽ, യഥാർഥത്തിൽ, എന്റെ രാജ്യം ഈ ഉറവിൽ നിന്നുളളതല്ല.” യേശുവിന്റെ രാജ്യം ഭൗമികമായ ഒന്നല്ലാത്തതുകൊണ്ടാണ് അവൻ ഈ വിധത്തിൽ ഉത്തരം പറഞ്ഞത്. ഭൂമിയിൽ ഏതെങ്കിലും സിംഹാസനത്തിൽനിന്ന് ഒരു മനുഷ്യനായിട്ടല്ല, പിന്നെയോ സ്വർഗത്തിൽനിന്നാണ് അവൻ ഭരിക്കേണ്ടിയിരുന്നത്. വിവാദപ്രശ്നം ഒരു രാജാവായി ഭരിക്കാൻ യേശുവിന് അവകാശമുണ്ടോ ഇല്ലയോ എന്നതായിരുന്നതുകൊണ്ടു പീലാത്തോസ് വീണ്ടും അവനോട്: “അപ്പോൾ, നീ ഒരു രാജാവാണോ?” എന്നു ചോദിച്ചു.
9. (എ) യേശു എന്ത് അത്ഭുതകരമായ സത്യം അറിയിച്ചു? (ബി) ഇന്നത്തെ വലിയ ചോദ്യങ്ങളേവ?
9 യേശു ഒരു പുതിയ ഗവൺമെൻറിനെക്കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് അവൻ മരണഹേതുകമായ കുററം ചുമത്തപ്പെട്ടു വിസ്തരിക്കപ്പെടുകയായിരുന്നു. അതുകൊണ്ട് യേശു പീലാത്തോസിനോട് ഉത്തരം പറഞ്ഞു: “ഞാൻ ഒരു രാജാവാണെന്നു നീ തന്നെ പറയുകയാണ്. ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു, ഞാൻ സത്യത്തിനു സാക്ഷ്യംവഹിക്കേണ്ടതിനുതന്നെ.” (യോഹന്നാൻ 18:36, 37) അതെ, ദൈവരാജ്യ ഗവൺമെൻറിനെക്കുറിച്ചുളള അത്ഭുതകരമായ സത്യം ജനങ്ങളോടു പറഞ്ഞുകൊണ്ട് യേശു ഭൂമിയിൽ ജീവിതം കഴിച്ചുകൂട്ടി. അതായിരുന്നു അവന്റെ മുഖ്യസന്ദേശം. രാജ്യമാണ് ഇന്നും അതിപ്രധാനമായ വിവാദവിഷയം. എന്നിരുന്നാലും ഈ ചോദ്യങ്ങൾ ഇപ്പോഴും നിലനില്ക്കുന്നു: ഒരുവന്റെ ജീവിതത്തിൽ ഏതു ഗവൺമെൻറാണ് ഏററവും പ്രധാനം? അതു മനുഷ്യരുടെ ഏതെങ്കിലും ഗവൺമെൻറാണോ, അതോ ക്രിസ്തു ഭരണാധികാരിയായിരിക്കുന്ന ദൈവരാജ്യമാണോ?
ഭൂമിയുടെ പുതിയ ഗവൺമെൻറിനുവേണ്ടി ക്രമീകരിക്കൽ
10. (എ) ദൈവം ഒരു പുതിയ ഗവൺമെൻറിന്റെ ആവശ്യം കണ്ടതെപ്പോൾ? (ബി) ബൈബിളിൽ ഈ ഗവൺമെൻറിനെക്കുറിച്ച് ആദ്യപരാമർശം നടത്തിയിരിക്കുന്നതെവിടെ? (സി) സർപ്പം ആരെ പ്രതിനിധാനം ചെയ്യുന്നു?
10 സാത്താൻ ആദാമിനെയും ഹവ്വായെയും അവന്റെ മത്സരത്തിൽ ചേർത്തപ്പോഴാണു മനുഷ്യവർഗത്തിൻമേൽ ഒരു പുതിയ ഗവൺമെൻറിന്റെ ആവശ്യം യഹോവ കണ്ടത്. അതുകൊണ്ട്, അങ്ങനെയുളള ഒരു ഗവൺമെൻറ് സ്ഥാപിക്കാനുളള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ദൈവം ഉടനെതന്നെ പറഞ്ഞു. അവൻ സർപ്പത്തെ സംബന്ധിച്ച തന്റെ വിധി ഉച്ചരിച്ചപ്പോൾ ഈ ഗവൺമെൻറിനെ പരാമർശിച്ചുകൊണ്ട് യഥാർഥത്തിൽ പിശാചായ സാത്താനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുതവെക്കും. അവൻ നിന്റെ തല ചതയ്ക്കും, നീ അവന്റെ കുതികാൽ ചതയ്ക്കും.”—ഉല്പത്തി 3:14, 15.
11. ആരൊക്കെ തമ്മിൽ വിദ്വേഷമുണ്ടായിരിക്കും?
11 എന്നാൽ ‘ഇവിടെ ഒരു ഗവൺമെൻറിനെക്കുറിച്ച് എന്തെങ്കിലും എവിടെ പറഞ്ഞിരിക്കുന്നു?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. നമുക്ക് ഈ പ്രസ്താവനയെ സൂക്ഷ്മമായി നിരീക്ഷിച്ചു കണ്ടുപിടിക്കാം. സാത്താനും സ്ത്രീയും തമ്മിൽ ശത്രുത അഥവാ വിദ്വേഷം ഉണ്ടായിരിക്കുമെന്ന് ഈ തിരുവെഴുത്തു പറയുന്നു. തന്നെയുമല്ല, സാത്താന്റെ “സന്തതി”യും അഥവാ മക്കളും സ്ത്രീയുടെ “സന്തതി”യും അഥവാ മക്കളും തമ്മിലുളള വിദ്വേഷം ഉണ്ടായിരിക്കും. ഒന്നാമതായി ഈ “സ്ത്രീ” ആരാണെന്നു നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
12. വെളിപ്പാട് 12-ാം അധ്യായത്തിൽ “സ്ത്രീ”യെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു?
12 അവൾ ഒരു ഭൗമികസ്ത്രീയല്ല. ഏതെങ്കിലും മനുഷ്യസ്ത്രീയോടു സാത്താനു പ്രത്യേകമായ യാതൊരു വിദ്വേഷവും ഉണ്ടായിരുന്നിട്ടില്ല. എന്നാൽ ഇത് ഒരു പ്രതീകാത്മക സ്ത്രീയാണ്. അതായത് അവൾ മറെറാന്നിനെ പ്രതിനിധാനം ചെയ്യുന്നു. ബൈബിളിലെ അവസാനപുസ്തകമായ വെളിപ്പാടിൽ ഇതു പ്രകടമാക്കപ്പെട്ടിരിക്കുന്നു. അവിടെ അവളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. അവിടെ “സ്ത്രീ” “സൂര്യനെ അണിഞ്ഞ്, തലയിൽ പന്ത്രണ്ടു നക്ഷത്രങ്ങളുമായി ചന്ദ്രനിൽ നിൽക്കുന്ന”തായി വർണിക്കപ്പെട്ടിരിക്കുന്നു. ഈ “സ്ത്രീ” ആരെ കുറിക്കുന്നുവെന്നു കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്നതിന് അവളുടെ കുട്ടിയെക്കുറിച്ചു വെളിപ്പാട് എന്തു തുടർന്നുപറയുന്നുവെന്നു ശ്രദ്ധിക്കുക: “സ്ത്രീ ഒരു ആൺകുട്ടിയെ ലോകത്തിലേക്ക് ആനയിച്ചു, ഒരു ഇരുമ്പുചെങ്കോൽകൊണ്ടു സകല ജനതകളെയും ഭരിക്കാനുളള പുത്രനെത്തന്നെ; കുട്ടി നേരെ ദൈവത്തിങ്കലേക്കും അവന്റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു.”—വെളിപ്പാട് 12:1-5, യരുശലേം ബൈബിൾ.
13. “ആൺകുട്ടി”യും “സ്ത്രീ”യും ആരെ അല്ലെങ്കിൽ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
13 “ആൺകുട്ടി” ആർ അല്ലെങ്കിൽ എന്താണെന്നു മനസ്സിലാക്കുന്നതു “സ്ത്രീ” ആർ അല്ലെങ്കിൽ എന്താണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ആ സ്ത്രീ ഒരു യഥാർഥ മനുഷ്യസ്ത്രീ അല്ലാത്തതുപോലെ കുട്ടിയും ഒരു അക്ഷരീയവ്യക്തിയല്ല. ഈ “ആൺകുട്ടി” “സകല ജനതകളെയും ഭരിക്കേ”ണ്ടതാണെന്നു തിരുവെഴുത്തു പ്രകടമാക്കുന്നു. അതുകൊണ്ട് യേശുക്രിസ്തു രാജാവായി ഭരിക്കുന്ന ദൈവത്തിന്റെ ഗവൺമെൻറിനെയാണു കുട്ടി പ്രതിനിധാനംചെയ്യുന്നത്. അതുകൊണ്ട് “സ്ത്രീ” വിശ്വസ്ത സ്വർഗീയജീവികളടങ്ങുന്ന ദൈവത്തിന്റെ സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്നു. “ആൺകുട്ടി” “സ്ത്രീ”യിൽനിന്നു വന്നതുപോലെ, രാജാവായ യേശുക്രിസ്തു സ്വർഗീയസ്ഥാപനത്തിൽനിന്നാണു വന്നത്. ദൈവോദ്ദേശ്യം നിറവേററുന്നതിന് ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന സ്വർഗത്തിലെ വിശ്വസ്തരായ ആത്മജീവികളുടെ സംഘമാണ് ആ സ്വർഗീയ സ്ഥാപനം. ഗലാത്യർ 4:26 ഈ സ്ഥാപനത്തെ “മീതെയുളള യരുശലേം” എന്നു വിളിക്കുന്നു. അപ്പോൾ ആദാമും ഹവ്വായും ആദ്യമായി ദൈവത്തിന്റെ ഭരണാധിപത്യത്തോടു മത്സരിച്ചപ്പോൾ നീതിപ്രേമികൾക്ക് ഒരു പ്രത്യാശയായി ഉതകുന്ന ഒരു രാജ്യഗവൺമെൻറിനുവേണ്ടി യഹോവ ക്രമീകരണം ചെയ്തു.
യഹോവ തന്റെ വാഗ്ദത്തം ഓർക്കുന്നു
14. (എ) സാത്താനെ ചതയ്ക്കുന്ന ഒരു “സന്തതി”യെക്കുറിച്ചുളള തന്റെ വാഗ്ദത്തം താൻ ഓർക്കുന്നുവെന്നു യഹോവ പ്രകടമാക്കിയതെങ്ങനെ? (ബി) വാഗ്ദത്ത “സന്തതി” ആരാണ്?
14 ദൈവത്തിന്റെ ഗവൺമെൻറിലെ ഭരണാധികാരിയായിരിക്കാനുളള ഒരു “സന്തതി”യെ അയയ്ക്കുമെന്നുളള തന്റെ വാഗ്ദത്തം യഹോവ മറന്നില്ല. ഈ ഭരണാധികാരി സാത്താന്റെ തല ചതച്ചുകൊണ്ട് അവനെ നശിപ്പിക്കും. (റോമർ 16:20; എബ്രായർ 2:14) പിന്നീട്, വാഗ്ദത്തസന്തതി വിശ്വസ്തമനുഷ്യനായ അബ്രാഹാമിലൂടെ വരുമെന്നു യഹോവ പറഞ്ഞു. യഹോവ അബ്രാഹാമിനോട്: “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും തീർച്ചയായും തങ്ങളേത്തന്നെ അനുഗ്രഹിക്കും” എന്നു പറഞ്ഞു. (ഉല്പത്തി 22:18) അബ്രാഹാമിന്റെ വംശത്തിലൂടെ വരുമെന്നു വാഗ്ദത്തം ചെയ്യപ്പെട്ട ഈ “സന്തതി” ആരാണ്? പിന്നീട് ഇങ്ങനെ പറഞ്ഞുകൊണ്ട് ബൈബിൾ ഉത്തരം നൽകുന്നു: “അബ്രാഹാമിനും അവന്റെ സന്തതിക്കുമാണു വാഗ്ദത്തങ്ങൾ നൽകപ്പെട്ടത്. അനേകം സന്തതികൾ ഉണ്ടെന്നപോലെ ‘സന്തതികൾക്കും’ എന്നു പറയുന്നില്ല, പിന്നെയോ സന്തതി ഒരാളെന്നപോലെ ‘നിന്റെ സന്തതിക്കും’ എന്നാണ്, അതു ക്രിസ്തു ആകുന്നു.” (ഗലാത്യർ 3:16) ദൈവത്തിന്റെ “സ്ത്രീ”യുടെ “സന്തതി” അബ്രാഹാമിന്റെ പുത്രനായ യിസ്ഹാക്കിന്റെയും പൗത്രനായ യാക്കോബിന്റെയും വംശാവലിയിൽ വരുമെന്നു യഹോവ അവരോടും പറയുകയുണ്ടായി.—ഉല്പത്തി 26:1-5; 28:10-14.
15, 16. “സന്തതി” ഭരണം നടത്തുന്ന ഒരു രാജാവായിരിക്കേണ്ടതാണെന്ന് എന്തു തെളിയിക്കുന്നു?
15 ഈ “സന്തതി” ഭരണം നടത്തുന്ന ഒരു രാജാവായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടു യാക്കോബ് തന്റെ പുത്രനായ യഹൂദയോട് ഈ പ്രസ്താവന ചെയ്തു: “ശീലോ വരുന്നതുവരെ ചെങ്കോൽ [അഥവാ ഭരണാധികാരം] യഹൂദയിൽനിന്നും അധിപതിയുടെ ദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല; ജനങ്ങളുടെ അനുസരണം അവനോടായിരിക്കും.” (ഉല്പത്തി 49:10) യേശുക്രിസ്തു യഹൂദാഗോത്രത്തിൽനിന്നാണു വന്നത്. “ജനങ്ങളുടെ അനുസരണം” കിട്ടുന്ന ഈ “ശീലോ” അവനാണെന്നു തെളിഞ്ഞു.—എബ്രായർ 7:14.
16 യഹൂദയോടുളള ഈ പ്രസ്താവനയ്ക്കു ശേഷം ഏതാണ്ട് 700 വർഷം കഴിഞ്ഞു യഹോവ യഹൂദാഗോത്രത്തിലെ ദാവീദിനെക്കുറിച്ചു പറഞ്ഞു: “ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തിയിരിക്കുന്നു. . . ഞാൻ അവന്റെ സന്തതിയെ എന്നേക്കുമായും അവന്റെ സിംഹാസനത്തെ ആകാശത്തിന്റെ നാളുകൾപോലെയും സ്ഥാപിക്കും.” (സങ്കീർത്തനം 89:20, 29) ദാവീദിന്റെ “സന്തതി” “എന്നേക്കും” സ്ഥാപിക്കപ്പെടുമെന്നും “അവന്റെ സിംഹാസനം” “ആകാശത്തിന്റെ നാളുകൾപോലെ” സ്ഥിതിചെയ്യുമെന്നും ദൈവം പറയുമ്പോൾ അവൻ എന്താണർഥമാക്കുന്നത്? തന്റെ നിയമിതഭരണാധികാരിയായ യേശുക്രിസ്തുവിന്റെ കൈകളിലെ രാജ്യഗവൺമെൻറ് എന്നേക്കും നിലനിൽക്കുമെന്നുളള വസ്തുതയെ യഹോവ പരാമർശിക്കുകയാണു ചെയ്യുന്നത്. നമുക്കെങ്ങനെ അറിയാം?
17. വാഗ്ദത്തഭരണാധികാരി യേശുക്രിസ്തു ആണെന്നു നമുക്ക് എങ്ങനെ അറിയാം?
17 മറിയ്യക്കു ജനിക്കാനിരുന്ന കുട്ടിയെക്കുറിച്ചു യഹോവയുടെ ദൂതനായ ഗബ്രിയേൽ പറഞ്ഞത് ഓർക്കുക. അവൻ പറഞ്ഞു: “നീ അവനു യേശു എന്നു പേർ വിളിക്കണം.” എന്നാൽ യേശു ഭൂമിയിൽ ഒരു കുട്ടിയോ മനുഷ്യനോ ആയി മാത്രം സ്ഥിതിചെയ്യേണ്ടവനായിരുന്നില്ല. ഗബ്രിയേൽ തുടർന്നു പറഞ്ഞു: “ഇവൻ വലിയവനായിരിക്കുകയും അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടുകയും ചെയ്യും; യഹോവയായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും, അവൻ യാക്കോബ് ഗൃഹത്തിൻമേൽ എന്നേക്കും രാജാവായി ഭരിക്കും. അവന്റെ രാജ്യത്തിന് അവസാനമുണ്ടായിരിക്കയില്ല.” (ലൂക്കോസ് 1:31-33) യഹോവ തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ നിത്യപ്രയോജനത്തിനുവേണ്ടി നീതിയുളള ഒരു ഗവൺമെൻറ് സ്ഥാപിക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതു വാസ്തവത്തിൽ അത്ഭുതകരമല്ലയോ?
18. ബൈബിൾ ഭൗമികഗവൺമെൻറുകളുടെ അന്ത്യത്തെ വർണിക്കുന്നതെങ്ങനെ? (ബി) ദൈവത്തിന്റെ ഗവൺമെൻറ് ജനങ്ങൾക്കുവേണ്ടി എന്തു ചെയ്യും?
18 ദൈവത്തിന്റെ രാജ്യഗവൺമെൻറ് ലോകത്തിലെ സകല ഗവൺമെൻറുകളെയും നശിപ്പിക്കുന്നതിനു നടപടിയെടുക്കുന്നതിനുളള സമയം ഇപ്പോൾ സമീപിച്ചിരിക്കുകയാണ്. അപ്പോൾ യേശുക്രിസ്തു ജയശാലിയായ ഒരു രാജാവിനെപ്പോലെ യുദ്ധം ചെയ്യും. ഈ യുദ്ധത്തെ വർണിച്ചുകൊണ്ടു ബൈബിൾ പറയുന്നു: “ആ രാജാക്കൻമാരുടെ നാളുകളിൽ സ്വർഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും . . . അത് ഈ രാജ്യങ്ങളെയെല്ലാം തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതകാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.” (ദാനിയേൽ 2:44; വെളിപ്പാട് 19:11-16) മററു സകല ഗവൺമെൻറുകളും നീക്കപ്പെട്ടു കഴിയുമ്പോൾ ദൈവത്തിന്റെ ഗവൺമെൻറ് ജനങ്ങളുടെ യഥാർഥ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തും. തന്റെ വിശ്വസ്തപ്രജകളിലാരും രോഗം ബാധിക്കുകയോ വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യാതിരിക്കുന്നതിൽ ഭരണാധികാരിയായ യേശുക്രിസ്തു ശ്രദ്ധിക്കുന്നതായിരിക്കും. കുററകൃത്യം, മോശമായ പാർപ്പിടസൗകര്യം, വിശപ്പ് എന്നിങ്ങനെയുളള എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഭൂവ്യാപകമായി യഥാർഥ സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും. (2 പത്രോസ് 3:13; വെളിപ്പാട് 21:3-5) എന്നാൽ, ഈ രാജ്യഗവൺമെൻറിൽ ഭരിക്കുന്നവരെക്കുറിച്ചു നാം കൂടുതൽ പഠിക്കേണ്ടയാവശ്യമുണ്ട്.
[112, 113 പേജുകളിലെ ചിത്രം]
ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്ന പ്രധാനപ്പെട്ട വേല ചെയ്യാൻ യേശു തന്റെ അനുഗാമികളെ അയച്ചു
[114-ാം പേജിലെ ചിത്രം]
ജീവനുവേണ്ടിയുളള വിസ്താരത്തിലായിരുന്നപ്പോഴും യേശു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതിൽ തുടർന്നു
[119-ാം പേജിലെ ചിത്രം]
നിങ്ങൾ യേശുവിനെ എങ്ങനെ വീക്ഷിക്കുന്നു—ഒരു ജയശാലിയായ രാജാവായിട്ടോ, ഒരു നിസ്സഹായ ശിശുവായിട്ടോ?