അധ്യായം 22
സത്യമതത്തെ തിരിച്ചറിയൽ
1. ഒന്നാം നൂററാണ്ടിൽ സത്യമതം ആചരിച്ചിരുന്നതാർ?
1 ഒന്നാം നൂററാണ്ടിൽ സത്യമതം ആചരിച്ചിരുന്നത് ആരാണെന്നു സംശയമുണ്ടായിരിക്കാവുന്നതല്ല. അതു യേശുക്രിസ്തുവിന്റെ അനുഗാമികളായിരുന്നു. അവരെല്ലാം ഒരു ക്രിസ്തീയ സ്ഥാപനത്തിൽപ്പെട്ടവരായിരുന്നു. ഇന്നോ? സത്യമതം ആചരിക്കുന്നവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും?
2. സത്യമതം ആചരിക്കുന്നവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും?
2 നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നു വിശദീകരിച്ചുകൊണ്ടു യേശു പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും. . .ഏതു നല്ല വൃക്ഷവും നല്ല ഫലം ഉല്പാദിപ്പിക്കുന്നു, ഏതു ചീത്ത വൃക്ഷവും വിലകെട്ട ഫലം ഉല്പാദിപ്പിക്കുന്നു;. . .അപ്പോൾ യഥാർഥത്തിൽ ആ മനുഷ്യരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.” (മത്തായി 7:16-20) ദൈവത്തിന്റെ സത്യാരാധകർ ഏതു നല്ല ഫലങ്ങൾ ഉല്പാദിപ്പിക്കാൻ നിങ്ങൾ പ്രതീക്ഷിക്കും? അവർ ഇപ്പോൾ എന്തു പറയുകയും ചെയ്യുകയും വേണം?
ദൈവനാമത്തെ വിശുദ്ധീകരിക്കൽ
3, 4. (എ) യേശുവിന്റെ മാതൃകാപ്രാർഥനയിലെ ആദ്യത്തെ അപേക്ഷ എന്തായിരുന്നു? (ബി) യേശു ദൈവനാമത്തെ വിശുദ്ധീകരിച്ചതെങ്ങനെയാണ്?
3 ദൈവത്തിന്റെ സത്യാരാധകർ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ച മാതൃകാ പ്രാർഥനയനുസരിച്ചു പ്രവർത്തിക്കും. അവിടെ യേശു പറഞ്ഞ ആദ്യസംഗതി ഇതായിരുന്നു: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” മറെറാരു ബൈബിൾ ഭാഷാന്തരം ഈ വാക്കുകൾ ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “നിന്റെ നാമം വിശുദ്ധമായി പരിഗണിക്കപ്പെടട്ടെ.” (മത്തായി 6:9, യെരുശലേം ബൈബിൾ) ദൈവനാമത്തെ വിശുദ്ധീകരിക്കുക അഥവാ വിശുദ്ധമായി പരിഗണിക്കുകയെന്നാൽ എന്താണർഥം? യേശു അത് എങ്ങനെ ചെയ്തു?
4 താൻ അതു ചെയ്തതെങ്ങനെയെന്നു പ്രകടമാക്കിക്കൊണ്ടു യേശു തന്റെ പിതാവിനോടുളള പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “നീ ലോകത്തിൽനിന്ന് എനിക്കു തന്ന മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹന്നാൻ 17:6) അതെ, യേശു യഹോവ എന്ന ദൈവനാമം മററുളളവരെ അറിയിച്ചു. അവൻ ആ നാമം ഉപയോഗിക്കാതിരുന്നില്ല. തന്റെ പിതാവിന്റെ നാമം സർവഭൂമിയിലും മഹത്വീകരിക്കപ്പെടണമെന്നുളളത് അവന്റെ ഉദ്ദേശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് ആ നാമത്തെ പ്രഖ്യാപിക്കുന്നതിലും അതിനെ വിശുദ്ധമായി പരിഗണിക്കുന്നതിലും അവൻ മാതൃകവെച്ചു.—യോഹന്നാൻ 12:28; യെശയ്യാവ് 12:4, 5.
5. (എ) ക്രിസ്തീയസഭ ദൈവനാമത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) നാം രക്ഷപ്രാപിക്കണമെങ്കിൽ എന്തു ചെയ്യണം?
5 സത്യക്രിസ്തീയസഭയുടെ ആസ്തിക്യംതന്നെ ദൈവനാമത്തോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. ദൈവം “തന്റെ നാമത്തിനുവേണ്ടി ഒരു ജനത്തെ ജനതകളിൽനിന്ന് എടുക്കാൻ അവരിലേക്കു ശ്രദ്ധ തിരിച്ചു”വെന്ന് അപ്പോസ്തലനായ പത്രോസ് വിശദീകരിച്ചു. (പ്രവൃത്തികൾ 15:14) അതുകൊണ്ടു ദൈവത്തിന്റെ സത്യജനം അവന്റെ നാമത്തെ വിശുദ്ധമായി കൈകാര്യം ചെയ്യുകയും ഭൂമിയിലെങ്ങും അത് അറിയിക്കുകയും വേണം. യഥാർഥത്തിൽ ആ നാമത്തിന്റെ അറിവു രക്ഷയ്ക്ക് ആവശ്യമാണ്. ബൈബിൾ പറയുന്നപ്രകാരം: “എന്തെന്നാൽ ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.’”—റോമർ 10:13, 14.
6. (എ) സഭകൾ പൊതുവെ ദൈവനാമത്തെ വിശുദ്ധമായി കരുതുന്നുണ്ടോ? (ബി) ദൈവനാമത്തിനു സാക്ഷ്യം വഹിക്കുന്ന ആരെങ്കിലുമുണ്ടോ?
6 അപ്പോൾ, ഇന്ന് ആരാണു ദൈവനാമത്തെ വിശുദ്ധമായി കരുതുകയും അതു സർവഭൂമിയിലും അറിയിക്കുകയും ചെയ്യുന്നത്? സഭകൾ പൊതുവേ യഹോവയെന്ന നാമത്തിന്റെ ഉപയോഗത്തെ ഒഴിവാക്കുകയാണ്. ചിലർ തങ്ങളുടെ ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന് അതു നീക്കുകപോലും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ നിങ്ങളുടെ അയൽക്കാരോടു സംസാരിക്കുകയും മിക്കപ്പോഴും യഹോവയുടെ നാമം ഉപയോഗിച്ചുകൊണ്ട് അവനെ പരാമർശിക്കുകയുമാണെങ്കിൽ അവർ നിങ്ങളെ ഏതു സ്ഥാപനത്തോടു ബന്ധപ്പെടുത്തുമെന്നു നിങ്ങൾ വിചാരിക്കുന്നു? ഈ സംഗതിയിൽ യേശുവിന്റെ മാതൃകയെ യഥാർഥമായി പിന്തുടരുന്ന ഒരു ജനമേയുളളു. അവരുടെ മുഖ്യജീവിതോദ്ദേശ്യം യേശു ചെയ്തതുപോലെ ദൈവത്തെ സേവിക്കുകയും അവന്റെ നാമത്തിനു സാക്ഷ്യം വഹിക്കുകയുമാണ്. അതുകൊണ്ട് അവർ വേദാനുസൃതമായി “യഹോവയുടെ സാക്ഷികൾ” എന്ന പേർ സ്വീകരിച്ചിരിക്കുന്നു.—യെശയ്യാവ് 43:10-12.
ദൈവരാജ്യത്തെ പ്രഘോഷിക്കൽ
7. യേശു ദൈവരാജ്യത്തിന്റെ പ്രാധാന്യം പ്രകടമാക്കിയതെങ്ങനെ?
7 യേശു നൽകിയ മാതൃകാപ്രാർഥനയിൽ അവൻ ദൈവരാജ്യത്തിന്റെ പ്രാധാന്യത്തെയും പ്രകടമാക്കി. “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ അവൻ ജനങ്ങളെ പഠിപ്പിച്ചു. (മത്തായി 6:10) യേശു മനുഷ്യവർഗത്തിന്റെ കുഴപ്പങ്ങൾക്കുളള ഏക പരിഹാരമെന്ന നിലയിൽ രാജ്യത്തെ കൂടെക്കൂടെ ഊന്നിപ്പറയുകയുണ്ടായി. അവനും അവന്റെ അപ്പോസ്തലൻമാരും രാജ്യത്തെക്കുറിച്ചു ജനങ്ങളോടു “ഗ്രാമംതോറും” “വീടുതോറും” പ്രസംഗിച്ചുകൊണ്ടാണ് അതു ചെയ്തത്. (ലൂക്കോസ് 8:1; പ്രവൃത്തികൾ 5:42; 20:20) ദൈവരാജ്യമായിരുന്നു അവരുടെ പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും വിഷയം.
8. ഈ “അന്ത്യനാളുകളിൽ” തന്റെ സത്യാനുഗാമികളുടെ മുഖ്യസന്ദേശം എന്തായിരിക്കുമെന്നു യേശു പ്രകടമാക്കിയതെങ്ങനെ?
8 നമ്മുടെ നാളിനെ സംബന്ധിച്ചെന്ത്? ദൈവത്തിന്റെ സത്യക്രിസ്തീയ സ്ഥാപനത്തിന്റെ കേന്ദ്രോപദേശം എന്താണ്? ഈ “അന്ത്യനാളുകളെ”ക്കുറിച്ചു പ്രവചിച്ചപ്പോൾ യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതുകൊണ്ട് ഇന്നത്തെ ദൈവജനത്തിന്റെ മുഖ്യസന്ദേശം രാജ്യമായിരിക്കണം.
9. ഇന്ന് ഏതു ജനമാണു രാജ്യദൂതു പ്രസംഗിക്കുന്നത്?
9 നിങ്ങളോടുതന്നെ ചോദിക്കുക: നിങ്ങളുടെ വീട്ടുവാതിൽക്കലേക്ക് ഒരാൾ വന്നു മനുഷ്യവർഗത്തിന്റെ ഏക യഥാർഥ പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നുവെങ്കിൽ, അയാൾ ഏതു സ്ഥാപനത്തിൽപ്പെട്ട ആളാണെന്നു നിങ്ങൾ വിചാരിക്കും? യഹോവയുടെ സാക്ഷികളല്ലാതെ മറേറതെങ്കിലും മതത്തിലെ ആളുകൾ ദൈവരാജ്യത്തെക്കുറിച്ചു നിങ്ങളോടു സംസാരിച്ചിട്ടുണ്ടോ? എന്തിനധികം, അവരിൽ വളരെ കുറച്ചുപേർക്കു മാത്രമേ അത് എന്താണെന്നുപോലും അറിയാവൂ! അവർ ദൈവത്തിന്റെ ഗവൺമെൻറിനെക്കുറിച്ചു മൗനമവംലംബിക്കുകയാണ്. എന്നിരുന്നാലും ആ ഗവൺമെൻറ് ലോകത്തെ കിടിലംകൊളളിക്കുന്ന വാർത്തയാണ്. ഈ രാജ്യം ‘മറെറല്ലാ ഗവൺമെൻറുകളെയും തകർത്ത് അവസാനിപ്പിക്കുമെന്നും അതുമാത്രം ഭൂമിയെ ഭരിക്കുമെന്നും’ ദാനിയേൽപ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു.—ദാനിയേൽ 2:44.
ദൈവവചനത്തോടുളള ആദരവ്
10. യേശു ദൈവവചനത്തോട് ആദരവു പ്രകടമാക്കിയതെങ്ങനെ?
10 സത്യമതം ആചരിക്കുന്നവരെ തിരിച്ചറിയാൻ കഴിയുന്ന മറെറാരു മാർഗം ബൈബിളിനോടുളള അവരുടെ മനോഭാവം നോക്കുകയാണ്. യേശു എല്ലാ സമയങ്ങളിലും ദൈവവചനത്തോട് ആദരവു പ്രകടമാക്കി. അവൻ കാര്യങ്ങൾ സംബന്ധിച്ച അന്തിമപ്രമാണമെന്ന നിലയിൽ കൂടെക്കൂടെ അതിലേക്കു ശ്രദ്ധയാകർഷിച്ചു. (മത്തായി 4:4, 7, 10; 19:4-6) യേശു ബൈബിളിന്റെ ഉപദേശങ്ങളനുസരിച്ചു ജീവിച്ചുകൊണ്ടും അതിനോട് ആദരവു കാണിച്ചു. അവൻ ഒരിക്കലും ബൈബിളിനെ തരംതാഴ്ത്തിയില്ല. പകരം, ബൈബിളിനു ചേർച്ചയായി പഠിപ്പിക്കാത്തവരെയും സ്വന്തം ആശയങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അതിന്റെ പഠിപ്പിക്കലുകളുടെ ശക്തിയെ ദുർബലീകരിക്കാൻ ശ്രമിച്ചവരെയും അവൻ കുററംവിധിച്ചു.—മർക്കോസ് 7:9-13.
11. സഭകൾ മിക്കപ്പോഴും ദൈവവചനത്തോട് എന്തു മനോഭാവം പ്രകടമാക്കുന്നു?
11 ക്രൈസ്തവലോകത്തിലെ സഭകൾ ഈ കാര്യത്തിൽ ക്രിസ്തുവിന്റെ മാതൃകയോട് എത്രമാത്രം ഒത്തുവരുന്നു? അവയ്ക്കു ബൈബിളിനോട് അഗാധമായ ബഹുമാനമുണ്ടോ? ഇന്ന് അനേകം വൈദികർ പാപത്തിലേക്കുളള ആദാമിന്റെ വീഴ്ചയേയും നോഹയുടെ നാളിലെ പ്രളയത്തേയും യോനയേയും മഹാമത്സ്യത്തേയുംകുറിച്ചും മററുമുളള ബൈബിൾവിവരണങ്ങൾ വിശ്വസിക്കുന്നില്ല. മനുഷ്യൻ ഇവിടെ വന്നതു ദൈവത്തിന്റെ നേരിട്ടുളള സൃഷ്ടിയാലല്ല, പിന്നെയോ പരിണാമത്താലാണെന്നും അവർ പറയുന്നു. അങ്ങനെ അവർ ദൈവവചനത്തോടുളള ആദരവിനു പ്രോത്സാഹിപ്പിക്കുകയാണോ? കൂടാതെ, വിവാഹത്തിനു വെളിയിലുളള ലൈംഗികവേഴ്ചകൾ തെററല്ലെന്നും സ്വവർഗരതിയോ ബഹുഭാര്യാത്വംപോലുമോ ഉചിതമായിരിക്കാമെന്നും ചില സഭാനേതാക്കൻമാർ വാദിക്കുന്നു. അവർ ബൈബിളിനെ തങ്ങളുടെ വഴികാട്ടിയായി ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നു നിങ്ങൾ പറയുമോ? അവർ തീർച്ചയായും ദൈവപുത്രന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും മാതൃക അനുസരിക്കുകയല്ല.—മത്തായി 15:18, 19; റോമർ 1:24-27.
12. (എ) ബൈബിളുളള അനേകരുടെപോലും ആരാധന ദൈവത്തിനു പ്രസാദകരമല്ലാത്തതെന്തുകൊണ്ട്? (ബി) മനഃപൂർവ ദുഷ്പ്രവൃത്തിക്കാർ സഭയിൽ അംഗീകാരമുളളവരായി നിൽക്കാൻ അനുവദിക്കപ്പെടുന്നുവെങ്കിൽ നാം എന്തു നിഗമനം ചെയ്യേണ്ടതാണ്?
12 ബൈബിൾ ഉളളവരും അതു പഠിക്കുന്നവർപോലുമായ പളളിയംഗങ്ങളുണ്ട്. എന്നാൽ അവരുടെ ജീവിതരീതി അവർ അതനുസരിക്കുന്നില്ലെന്നു പ്രകടമാക്കുന്നു. അതുപോലുളളവരെ സംബന്ധിച്ചു ബൈബിൾ പറയുന്നു: “അവർ ദൈവത്തെ അറിയുന്നുവെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു, എന്നാൽ അവർ തങ്ങളുടെ പ്രവൃത്തികളാൽ അവനെ ത്യജിക്കുന്നു.” (തീത്തോസ് 1:16; 2 തിമൊഥെയോസ് 3:5) ചൂതാട്ടം നടത്തുന്നവരോ കുടിച്ചു മത്തരാകുന്നവരോ മററു തെററുകൾ ചെയ്യുന്നവരോ ആയ പളളിയംഗങ്ങൾ സഭയിൽ അംഗീകാരമുളളവരായി നിലകൊളളാൻ അനുവദിക്കപ്പെടുന്നുവെങ്കിൽ അത് എന്താണു പ്രകടമാക്കുന്നത്? അവരുടെ മതസ്ഥാപനം ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ലെന്നുളളതിന്റെ തെളിവാണത്.—1 കൊരിന്ത്യർ 5:11-13.
13. തന്റെ സഭയുടെ ഉപദേശങ്ങളെല്ലാം ബൈബിളിനോടു യോജിപ്പിലല്ലെന്നു ഒരുവൻ കണ്ടെത്തിയിരിക്കുന്നുവെങ്കിൽ അയാൾ ഏതു ഗൗരവമായ തീരുമാനം എടുക്കേണ്ടതാണ്?
13 നിങ്ങൾ ഈ പുസ്തകത്തിന്റെ മുൻ അധ്യായങ്ങൾക്കു ചിന്തകൊടുക്കുകയും അവിടെ കണ്ട ബൈബിൾവാക്യങ്ങൾ പരിചിന്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ദൈവവചനത്തിലെ അടിസ്ഥാന ഉപദേശങ്ങൾ അറിഞ്ഞിരിക്കുന്നു. എന്നാൽ നിങ്ങൾ സഹവസിക്കുന്ന മതസ്ഥാപനത്തിന്റെ ഉപദേശങ്ങൾ ദൈവവചനത്തിലെ ഉപദേശങ്ങളോടു യോജിപ്പിലല്ലെങ്കിലോ? അപ്പോൾ നിങ്ങൾക്കു ഗൗരവമുളള ഒരു പ്രശ്നമുണ്ട്. അതു ബൈബിളിന്റെ സത്യതയെ സ്വീകരിക്കണമോ അതോ ബൈബിൾ പിന്താങ്ങാത്ത ഉപദേശങ്ങളെ അനുകൂലിച്ചുകൊണ്ട് അതിനെ ത്യജിക്കണമോ എന്നുളളതാണ്. തീർച്ചയായും നിങ്ങൾ ചെയ്യുന്നതു നിങ്ങളുടെ സ്വന്തം തീരുമാനമായിരിക്കണം. എന്നിരുന്നാലും, നിങ്ങൾ കാര്യങ്ങളെ ശ്രദ്ധാപൂർവം തൂക്കിനോക്കണം. കാരണം നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടെ ദൈവാംഗീകാരത്തെയും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുളള നിങ്ങളുടെ പ്രതീക്ഷകളെയും ബാധിക്കും.
ലോകത്തിൽനിന്നു വേർപെട്ടുനിൽക്കൽ
14. (എ) സത്യമതത്തെ തിരിച്ചറിയിക്കുന്ന മറെറാരു ലക്ഷണം എന്താണ്? (ബി) സത്യാരാധകർ ഈ വ്യവസ്ഥ പാലിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
14 സത്യമതം ആചരിക്കുന്നവരെ തിരിച്ചറിയിക്കുന്ന മറെറാരു അടയാളം യേശു പറഞ്ഞതുപോലെ, “അവർ ലോകത്തിന്റെ ഭാഗമല്ല” എന്നുളളതാണ്. (യോഹന്നാൻ 17:14) അതിന്റെ അർഥം സത്യാരാധകർ ദുഷിച്ച ലോകത്തിൽനിന്നും അതിന്റെ കാര്യാദികളിൽനിന്നും വേർപെട്ടു നില്ക്കുന്നുവെന്നാണ്. യേശുക്രിസ്തു ഒരു രാഷ്ട്രീയ ഭരണാധികാരിയായിത്തീരാൻ വിസമ്മതിച്ചു. (യോഹന്നാൻ 6:15) ലോകത്തിന്റെ ഭരണാധികാരി പിശാചായ സാത്താനാണെന്ന് ബൈബിൾ പറയുന്നുവെന്ന് ഓർക്കുമ്പോൾ ലോകത്തിൽനിന്നു വേർപെട്ടുനിൽക്കുന്നതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4) ഈ സംഗതിയുടെ ഗൗരവം ഈ ബൈബിൾ പ്രസ്താവനയിൽനിന്നു കൂടുതലായി കാണപ്പെടുന്നു: “അതുകൊണ്ട് ലോകത്തിന്റെ ഒരു സ്നേഹിതനാകാനാഗ്രഹിക്കുന്ന ഏവനും തന്നേത്തന്നെ ദൈവത്തിന്റെ ഒരു ശത്രു ആക്കിത്തീർക്കുന്നു.”—യാക്കോബ് 4:4.
15. (എ) നിങ്ങൾക്കു പരിചിതമായ സഭകൾ യഥാർഥത്തിൽ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നുണ്ടോ? (ബി) ഈ വ്യവസ്ഥ പാലിക്കുന്ന ഒരു മതത്തെ നിങ്ങൾക്കറിയാമോ?
15 നിങ്ങളുടെ സമൂഹത്തിലെ സഭകൾ ഈ സംഗതി കാര്യമായി എടുക്കുന്നുണ്ടെന്നു വസ്തുതകൾ തെളിയിക്കുന്നുവോ? വൈദികരും സഭകളിലെ അംഗങ്ങളും യഥാർഥത്തിൽ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നുവോ? അതോ അവർ ലോകത്തിലെ ദേശീയവാദത്തിലും രാഷ്ട്രീയത്തിലും വർഗസമരങ്ങളിലും അടിമുടി മുഴുകിയിരിക്കുകയാണോ? സഭകളുടെ പ്രവർത്തനങ്ങൾ പരക്കെ അറിയപ്പെടുന്നതിനാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രയാസമില്ല. മറിച്ച്, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളും പരിശോധിക്കുക എളുപ്പമാണ്. അങ്ങനെ ചെയ്യുന്നതിനാൽ അവർ ലോകത്തിൽനിന്നും അതിന്റെ രാഷ്ട്രീയകാര്യങ്ങളിൽനിന്നും അതിന്റെ സ്വാർഥപരവും അസാൻമാർഗികവും അക്രമാസക്തവുമായ വഴികളിൽനിന്നും വേർപെട്ടുനിന്നുകൊണ്ടു ക്രിസ്തുവിന്റെയും അവന്റെ ആദിമ അനുഗാമികളുടെയും ദൃഷ്ടാന്തം യഥാർഥമായി പിന്തുടരുന്നുണ്ടെന്നു നിങ്ങൾ കണ്ടെത്തും.—1 യോഹന്നാൻ 2:15-17.
അവരുടെ ഇടയിൽത്തന്നെയുളള സ്നേഹം
16. ക്രിസ്തുവിന്റെ യഥാർഥ ശിഷ്യൻമാരെ തിരിച്ചറിയാൻ കഴിയുന്ന ഒരു പ്രധാന മാർഗം എന്താണ്?
16 ക്രിസ്തുവിന്റെ യഥാർഥ ശിഷ്യൻമാരെ തിരിച്ചറിയാൻ കഴിയുന്ന ഒരു അതിപ്രധാന വിധം അവരുടെ ഇടയിൽത്തന്നെയുളള സ്നേഹം ശ്രദ്ധിക്കുന്നതാണ്. “നിങ്ങൾക്കു നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ, ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 13:35) നിങ്ങൾക്കു പരിചിതമായ മതസ്ഥാപനങ്ങൾക്ക് ഈ സ്നേഹമുണ്ടോ? ദൃഷ്ടാന്തമായി, നിങ്ങൾ ജീവിക്കുന്ന രാജ്യങ്ങൾ മറെറാരു രാജ്യവുമായി യുദ്ധത്തിലേർപ്പെടുമ്പോൾ അവ എന്തു ചെയ്യുന്നു?
17. തങ്ങളുടെ ഇടയിൽത്തന്നെ സ്നേഹം പ്രകടമാക്കുകയെന്ന വ്യവസ്ഥ പാലിക്കുന്നതിൽ മതസ്ഥാപനങ്ങളും അവയുടെ അംഗങ്ങളും എത്രത്തോളം എത്തുന്നു?
17 സാധാരണയായി എന്തു സംഭവിക്കുന്നുവെന്നു നിങ്ങൾക്കറിയാം. ലൗകികമനുഷ്യരുടെ ആജ്ഞയനുസരിച്ചു വിവിധ മതസ്ഥാപനങ്ങളിലെ അംഗങ്ങൾ യുദ്ധക്കളത്തിലേക്കു പോകുകയും മറെറാരു രാജ്യത്തിലെ തങ്ങളുടെ സഹവിശ്വാസികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അങ്ങനെ കത്തോലിക്കർ കത്തോലിക്കരെ കൊല്ലുന്നു. പ്രോട്ടസ്ററൻറുകാർ പ്രോട്ടസ്ററൻറുകാരെ കൊല്ലുന്നു. മുസ്ലീങ്ങൾ മുസ്ലീങ്ങളെ കൊല്ലുന്നു. അത്തരമൊരു പ്രവർത്തനഗതി ദൈവവചനത്തിന് അനുസരണമാണെന്നും യഥാർഥത്തിൽ ദൈവാത്മാവിനെ പ്രകടമാക്കുന്നുവെന്നും നിങ്ങൾ വിചാരിക്കുന്നുവോ?—1 യോഹന്നാൻ 3:10-12.
18. അന്യോന്യം സ്നേഹം പ്രകടമാക്കുന്ന ഈ സംഗതിയിൽ യഹോവയുടെ സാക്ഷികൾ എത്രത്തോളം എത്തുന്നു?
18 അന്യോന്യം സ്നേഹം പ്രകടമാക്കുന്ന ഈ സംഗതി സംബന്ധിച്ചു യഹോവയുടെ സാക്ഷികൾ എങ്ങനെ വർത്തിക്കുന്നു? അവർ ലോകമതങ്ങളുടെ പ്രവർത്തനഗതി പിന്തുടരുന്നില്ല. അവർ യുദ്ധക്കളങ്ങളിൽ സഹവിശ്വാസികളെ കൊന്നൊടുക്കുന്നില്ല. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു” എന്നു പറയുകയും അതേസമയം മറെറാരു ജനതയിലോ ഗോത്രത്തിലോ വർഗത്തിലോ പെട്ട തങ്ങളുടെ സഹോദരനെ ദ്വേഷിക്കുകയും ചെയ്തുകൊണ്ട് ഒരു കപടജീവിതം നയിക്കുന്നതു സംബന്ധിച്ച കുററം അവർക്കില്ല. (1 യോഹന്നാൻ 4:20, 21) എന്നാൽ അവർ മററുവിധങ്ങളിലും സ്നേഹം പ്രകടമാക്കുന്നു. എങ്ങനെ? അവർ തങ്ങളുടെ അയല്ക്കാരോട് ഇടപെടുന്ന വിധത്താലും ദൈവത്തെക്കുറിച്ചു പഠിക്കുന്നതിനു മററുളളവരെ സഹായിക്കാനുളള അവരുടെ സ്നേഹപുരസ്സരമായ ശ്രമങ്ങളാലുംതന്നെ.—ഗലാത്യർ 6:10.
ഏക സത്യമതം
19. ഒരൊററ സത്യമതമേയുളളു എന്നു പറയുന്നതു യുക്തിയുക്തവും വേദാനുസരണവുമായിരിക്കുന്നതെന്തുകൊണ്ട്?
19 ഒരു സത്യമതമുണ്ടായിരിക്കുമെന്നുളളതു ന്യായയുക്തം മാത്രമാണ്. അതു സത്യദൈവം “കലക്കത്തിന്റെയല്ല, പിന്നെയോ സമാധാനത്തിന്റെ” ദൈവമാണെന്നുളള വസ്തുതയ്ക്ക് അനുയോജ്യമാണ്. (1 കൊരിന്ത്യർ 14:33) യഥാർഥത്തിൽ “ഒരു വിശ്വാസ”മേയുളളുവെന്നു ബൈബിൾ പറയുന്നു. (എഫേസ്യർ 4:5) അപ്പോൾ ഇക്കാലത്തു സത്യാരാധകരുടെ സമൂഹമായിരിക്കുന്നത് ആരാണ്?
20. (എ) തെളിവിന്റെ വെളിച്ചത്തിൽ ഇന്നത്തെ സത്യാരാധകർ എന്ന നിലയിൽ ഈ പുസ്തകം ആരിലേക്കു വിരൽചൂണ്ടുന്നു? (ബി) അതാണോ നിങ്ങൾ വിശ്വസിക്കുന്നത്? (സി) യഹോവയുടെ സാക്ഷികളോടു നന്നായി പരിചയപ്പെടാനുളള ഏററവും നല്ല മാർഗമെന്താണ്?
20 അവർ യഹോവയുടെ സാക്ഷികളാണെന്നു പറയാൻ ഞങ്ങൾ മടിക്കുന്നില്ല. ഇതു സംബന്ധിച്ചു നിങ്ങൾക്കു ബോധ്യംവരുന്നതിന് അവരോടു മെച്ചമായി പരിചയപ്പെടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഇതിനുളള ഏററവും നല്ല മാർഗം യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ അവരുടെ യോഗങ്ങൾക്കു ഹാജരാകുകയാണ്. സത്യമതത്തിന്റെ ആചരണം ഇപ്പോൾ വലിയ സംതൃപ്തി കൈവരുത്തുന്നുവെന്നും ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനുളള വഴി തുറന്നുതരുന്നുവെന്നും ബൈബിൾ പ്രകടമാക്കുന്നതുകൊണ്ട് അത്തരമൊരു പരിശോധന നടത്തുന്നതു തീർച്ചയായും പ്രയോജനകരമാണ്. (ആവർത്തനം 30:19, 20) അങ്ങനെ ചെയ്യുന്നതിനു ഞങ്ങൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. ഇപ്പോൾ എന്തുകൊണ്ട് പരിശോധിച്ചുകൂടാ?
[185-ാം പേജിലെ ചിത്രം]
നിങ്ങൾ യഹോവയേയും അവന്റെ രാജ്യത്തെയുംകുറിച്ച് ആരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ ആളുകൾ നിങ്ങളെ ഏതു മതത്തോടു ബന്ധിപ്പിക്കും?
[186-ാം പേജിലെ ചിത്രങ്ങൾ]
ഒരു വ്യക്തി ദൈവവചനപ്രകാരം ജീവിക്കുന്നില്ലെങ്കിൽ അയാൾ അതിനെ ആദരിക്കുകയാണോ?
[188, 189 പേജുകളിലെ ചിത്രം]
യേശു ഒരു രാഷ്ട്രീയ ഭരണാധികാരിയാകാൻ വിസമ്മതിച്ചു
[190-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു