യഹോവ
നിർവ്വചനം: ഏക സത്യദൈവത്തിന്റെ വ്യക്തിപരമായ നാമം. അവൻ തന്നെത്താൻ നൽകിയ നാമധേയം. യഹോവ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉചിതമായി അതിന്റെ പരമാധികാരിയാം ഭരണാധിപനുമാകുന്നു. יהוה എന്ന എബ്രായ ചതുരക്ഷരങ്ങളിൽ നിന്നാണ് യഹോവ എന്ന് തർജ്ജമ ചെയ്തിരിക്കുന്നത്, അതിന്റെ അർത്ഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്. ഈ നാല് എബ്രായ അക്ഷരങ്ങൾ അനേകം ഭാഷകളിൽ JHVH എന്നോ YHWH എന്നോ ഉളള അക്ഷരങ്ങളാലാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത്.
ഇന്ന് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ബൈബിൾ ഭാഷാന്തരങ്ങളിൽ ദൈവത്തിന്റെ നാമം എവിടെയാണ് കാണപ്പെടുന്നത്?
ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ: യഹോവ എന്ന നാമം പുറപ്പാട് 3:15; 6:3 എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഉൽപത്തി 22:14; പുറപ്പാട് 17:15; ന്യായാധിപൻമാർ 6:24; യെഹെസ്ക്കേൽ 48:35 എന്നിവ കൂടെ കാണുക. (എന്നാൽ ഇതും മററു ഭാഷാന്തരങ്ങളും “യഹോവ” എന്നത് പലയിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും എബ്രായ പാഠത്തിൽ ചതുരക്ഷരങ്ങൾ ഉപയോഗിച്ചിട്ടുളള എല്ലായിടത്തും അവർ കൃത്യമായി അതുപയോഗിക്കാത്തത് എന്തുകൊണ്ടാണ്?)
റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷൻ: പുറപ്പാട് 3:15-നെക്കുറിച്ചുളള ഒരു അടിക്കുറിപ്പ് ഇപ്രകാരം പറയുന്നു: “കർത്താവ് എന്ന പദം വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് YHWH എന്ന ദിവ്യനാമത്തിന് പകരമായിട്ടാണ്.”
ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ: പുറപ്പാട് 6:3-നെക്കുറിച്ചുളള ഒരു അടിക്കുറിപ്പ് ഇപ്രകാരം പ്രസ്താവിക്കുന്നു: “കർത്താവ്: . . . എബ്രായ പാഠത്തിൽ യാഹ്വേ എന്നുളളതിന് പരമ്പരാഗതമായി യഹോവ എന്ന് എഴുതപ്പെടുന്നു. ഈ ഭാഷാന്തരത്തിൽ ഇംഗ്ലീഷ് ഭാഷാന്തരങ്ങളിൽ പ്രചാരം സിദ്ധിച്ചിട്ടുളള ഒരു പ്രയോഗം പിൻപററിക്കൊണ്ട് വലിയ അക്ഷരങ്ങളിൽ കർത്താവ് എന്ന് എഴുതിയിരിക്കുന്നു.”
കിംഗ് ജെയിംസ് വേർഷൻ: യഹോവ എന്ന പേര് പുറപ്പാട് 6:3; സങ്കീർത്തനം 83:18; യെശയ്യാവ് 12:2; 26:4 എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഉൽപത്തി 22:14; പുറപ്പാട് 17:15; ന്യായാധിപൻമാർ 6:24 കൂടെ കാണുക.
അമേരിക്കൻ സ്ററാൻഡാർഡ് വേർഷൻ: ഈ ഭാഷാന്തരത്തിൽ എബ്രായ തിരുവെഴുത്തുകളിൽ ഉടനീളം ഉൽപത്തി 2:4 മുതൽ തന്നെ യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നു.
ഡൂവേ വേർഷൻ: പുറപ്പാട് 6:3 സംബന്ധിച്ച ഒരു അടിക്കുറിപ്പ് ഇപ്രകാരം പ്രസ്താവിക്കുന്നു: “എന്റെ നാമം അഡൊനെയ്. എബ്രായ പാഠത്തിലുളള പേര് ദൈവത്തിന്റെ ഏററം ഉചിതമായ പേരാണ്, അത് അവൻ എന്നുമെന്നേക്കും സ്വയം ആസ്തിക്യത്തിലായിരിക്കുന്നതിനെ അർത്ഥമാക്കുന്നു, (പുറ. 3, 14) എന്നാൽ യഹൂദൻമാർ ആദരവു നിമിത്തം അത് ഒരിക്കലും ഉച്ചരിക്കാറില്ല; മറിച്ച് ബൈബിളിൽ അത് കാണപ്പെടുന്ന സ്ഥാനങ്ങളിലെല്ലാം അവർ പകരം അഡൊനെയ് എന്ന് വായിക്കുന്നു, അതിന്റെ അർത്ഥം കർത്താവ് എന്നാണ്; അതുകൊണ്ട് അഡൊനെയ് എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന സ്വരങ്ങൾ അവർ യോദ്, ഹേ, വാവ്, ഹേ എന്ന അക്ഷരങ്ങൾ ചേർന്നുളള അനിർവചനീയമായ ആ പേരിന് ചേർക്കുന്നു. അപ്രകാരം ചില ആധുനികർ പുരാതന യഹൂദർക്കാകട്ടെ ക്രിസ്ത്യാനികൾക്കാകട്ടെ അറിയാൻ പാടില്ലാഞ്ഞ യഹോവ എന്ന നാമം നിർമ്മിച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാൽ എബ്രായയിലുളള ഈ പേരിന്റെ യഥാർത്ഥ ഉച്ചാരണം, ദീർഘകാലം ഉപയോഗിക്കപ്പെടാതിരുന്നതിനാൽ നിശ്ചയമില്ലാതായിരിക്കുകയാണ്.” (ദി കാത്തലിക് എൻസൈക്ലോപ്പീഡിയ [1913, വാല്യം VIII, പേ. 329] ഇപ്രകാരം പറയുന്നത് രസാവഹമാണ്: “യഹോവ പഴയ നിയമത്തിലെ ദൈവത്തിന്റെ വ്യക്തിപരമായ നാമം; അതുകൊണ്ട് യഹൂദൻമാർ ആ നാമത്തെ ഏററം ശ്രേഷ്ഠമായ നാമം, ഏകനാമം എന്ന് വിളിച്ചിരുന്നു.”)
ദി ഹോളി ബൈബിൾ റൊണാൾഡ് എ. നോക്സ് വിവർത്തനം ചെയ്തത്: യാഹ്വേ എന്ന നാമം പുറപ്പാട് 3:14; 6:3 എന്നിവിടങ്ങളിലെ അടിക്കുറിപ്പിൽ കാണപ്പെടുന്നു.
ദി ന്യൂ അമേരിക്കൻ ബൈബിൾ: പുറപ്പാട് 3:14-നെപ്പററിയുളള ഒരു അടിക്കുറിപ്പ് “യാഹ്വേ” എന്ന രൂപത്തെ അനുകൂലിക്കുന്നു. എന്നാൽ ആ പേര് ഭാഷാന്തരത്തിന്റെ മുഖ്യപാഠത്തിൽ കാണപ്പെടുന്നില്ല. സെൻറ് ജോസഫ് പതിപ്പിൽ കൊടുത്തിരിക്കുന്ന അപ്പെൻഡിക്സ് ബൈബിൾ ഡിക്ഷ്നറിയിൽ “ലോർഡ്” “യാഹ്വേ” എന്ന പദങ്ങൾ കൂടെ കാണുക.
ദി ജെറുസലേം ബൈബിൾ: ഉൽപത്തി 2:4 മുതൽ തന്നെ ചതുരക്ഷരങ്ങൾ യാഹ്വേ എന്ന് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു.
ന്യൂ വേൾഡ് ട്രാൻസ്ലേഷൻ: ഈ ഭാഷാന്തരത്തിൽ എബ്രായ തിരുവെഴുത്തുകളിലും ഗ്രീക്ക് തിരുവെഴുത്തുകളിലും യഹോവ എന്ന നാമം 7,210 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു.
ആൻ അമേരിക്കൻ ട്രാൻസ്ലേഷൻ: പുറപ്പാട് 3:15-ലും 6:3-ലും യാഹ്വേ എന്ന പദവും അതെ തുടർന്ന് ബ്രായ്ക്കററിൽ “കർത്താവ്” എന്ന പദവും ഉപയോഗിച്ചിരിക്കുന്നു.
ദി ബൈബിൾ ഇൻ ലിവിംഗ് ഇംഗ്ലീഷ്, എസ്സ്. ററി. ബയിംഗ്ടൻ: എബ്രായ തിരുവെഴുത്തുകളിലുടനീളം യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നു.
ദി ‘ഹോളി സ്ക്രിപ്ച്ചേഴ്സ്’, ജെ. എൻ. ഡാർബി വിവർത്തനം ചെയ്തത്: യഹോവ എന്ന നാമം എബ്രായ തിരുവെഴുത്തുകളിലുടനീളവും മത്തായി 1:20 മുതൽ ഗ്രീക്ക് തിരുവെഴുത്തുകളിലെ പല അടിക്കുറിപ്പുകളിലും കാണപ്പെടുന്നു.
ദി എംഫാററിക് ഡയഗ്ലട്ട്, ബെഞ്ചമിൻ വിൽസൺ: ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഈ വിവർത്തനത്തിൽ മത്തായി 21:9-ലും മററ് 17 സ്ഥാനങ്ങളിലും യഹോവ എന്ന നാമം കാണപ്പെടുന്നു.
ദി ഹോളി സ്ക്രിപ്ച്ചേഴ്സ് അക്കോർഡിംഗ് ററു ദി മസോറെററിക് ടെകസററ—ഏ ന്യൂ ട്രാൻസ്ലേഷൻ, മാക്സ് മാർഗോലിസ് മുഖ്യ എഡിറററായിരിക്കുന്ന ജൂയിഷ് പബ്ളിക്കേഷൻ സൊസൈററി ഓഫ് അമേരിക്ക: ഇംഗ്ലീഷ് പരിഭാഷയിൽ എബ്രായ ചതുരക്ഷരങ്ങൾ പുറപ്പാട് 6:3-ൽ കാണപ്പെടുന്നു.
ദി ഹോളി ബൈബിൾ, റോബർട്ട് യംഗ് വിവർത്തനം ചെയ്തത്: എബ്രായ തിരുവെഴുത്തുകളിലുടനീളം യഹോവ എന്ന നാമം ഈ പദാനുപദ തർജ്ജമയിൽ കാണപ്പെടുന്നു.
പല ബൈബിൾ ഭാഷാന്തരങ്ങളും ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കാതിരിക്കുകയോ ചുരുക്കം ചില പ്രാവശ്യം മാത്രം ഉപയോഗിക്കുകയോ ചെയ്യുന്നതെന്തുകൊണ്ട്?
റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷന്റെ ആമുഖം ഇപ്രകാരം വിശദീകരിക്കുന്നു: “രണ്ടു കാരണങ്ങളാൽ കമ്മററി ജെയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ കൂടുതൽ പരിചിതമായ പ്രയോഗത്തിലേക്ക് തിരികെ പോയിരിക്കുന്നു. (1) ‘യഹോവ’ എന്ന പദം എബ്രായ ഭാഷയിൽ എന്നെങ്കിലും ഉപയോഗിക്കപ്പെട്ടിരുന്ന നാമത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നില്ല; (2) ഏകദൈവത്തെ മററ് ദൈവങ്ങളിൽ നിന്ന് വേർതിരിച്ച് കാണിക്കാൻ ആവശ്യമായിരിക്കത്തക്കവണ്ണം ദൈവത്തിന് വ്യക്തിപരമായ നാമം ഉപയോഗിക്കുന്ന രീതി ക്രിസ്തീയ കാലത്തിനു മുമ്പുതന്നെ യഹൂദ മതവ്യവസ്ഥിതി ഉപേക്ഷിച്ചിരുന്നു, അത് ക്രിസ്തീയ സഭയുടെ സാർവ്വത്രിക വിശ്വാസത്തോട് തികച്ചും ചേർച്ചയിലുമല്ല.” (അപ്രകാരം വിശുദ്ധ ബൈബിളിൽ നിന്ന് അതിന്റെ ദിവ്യ എഴുത്തുകാരന്റെ പേര്, അത് മൂല എബ്രായയിൽ മറേറതൊരു പേരിനേക്കാളും സ്ഥാനപ്പേരിനെക്കാളും കൂടുതൽ പ്രാവശ്യം ഉപയോഗിക്കപ്പെട്ടിരിക്കെ നീക്കം ചെയ്യുന്നതിന് അടിസ്ഥാനമായിരിക്കുന്നത്, ഉചിതമായിരിക്കുന്നത് എന്താണ് എന്നതിനെ സംബന്ധിച്ചുളള അവരുടെ സ്വന്തം വീക്ഷണമാണ്. അവർ തന്നെ സമ്മതിക്കുന്നതനുസരിച്ച് “നിങ്ങളുടെ പാരമ്പര്യം കൊണ്ട് നിങ്ങൾ ദൈവവചനം ദുർബലമാക്കിയിരിക്കുന്നു” എന്ന് യേശു ആരെപ്പററി പറഞ്ഞുവോ ആ യഹൂദ മതവ്യവസ്ഥിതിയുടെ പിന്തുണക്കാരുടെ മാതൃകയാണ് അവർ പിൻപററിയിരിക്കുന്നത്.—മത്തായി 15:6.)
ദൈവത്തിന്റെ വ്യക്തിപരമായ നാമം തങ്ങളുടെ തർജ്ജമയിൽ ഒരു പ്രാവശ്യമോ അല്ലെങ്കിൽ ഏതാനും പ്രാവശ്യമോ ഉൾപ്പെടുത്താൻ കടപ്പാട് തോന്നിയിട്ടുളള വിവർത്തകർ പ്രത്യക്ഷത്തിൽ വില്ല്യം ററിൻഡെയിലിന്റെ മാതൃക അനുകരിച്ചിരിക്കുന്നു. അദ്ദേഹം ദിവ്യനാമം പൂർണ്ണമായി വിട്ടുകളയുന്ന പാരമ്പര്യത്തിൽ നിന്ന് വിട്ടുമാറിക്കൊണ്ട് 1530-ൽ പ്രസിദ്ധീകരിച്ച പഞ്ചഗ്രന്ഥിയിൽ അത് ഉൾപ്പെടുത്തി.
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ നിശ്വസ്ത എഴുത്തുകാരാൽ യഹോവ എന്ന നാമം ഉപയോഗിക്കപ്പെട്ടോ?
നാലാം നൂററാണ്ടിൽ ജെറോം ഇപ്രകാരം എഴുതി: “ലേവി എന്നുകൂടെ വിളിക്കപ്പെടുന്ന നികുതി പിരിവുകാരനായ മത്തായി ഒരു അപ്പോസ്തലനായിത്തീരുകയും പരിച്ഛേദനയേററവരിൽ നിന്ന് വിശ്വാസികളായിത്തീർന്നവരുടെ പ്രയോജനത്തിനായി യഹൂദയിൽ വച്ച് എബ്രായ ഭാഷയും അക്ഷരങ്ങളും ഉപയോഗിച്ച് ആദ്യമായി ക്രിസ്തുവിന്റെ ഒരു സുവിശേഷം എഴുതുകയും ചെയ്തു.” (ഡെ വീറിസ് ഇൻലസ്റ്രറിബൂസ്, അദ്ധ്യായം III) ഈ സുവിശേഷത്തിൽ ചതുരക്ഷരങ്ങൾ കാണപ്പെടുന്ന എബ്രായ തിരുവെഴുത്തുകളിലെ ഭാഗങ്ങളുടെ നേരിട്ടുളള 11 ഉദ്ധരണികൾ ഉണ്ട്. താൻ ഉദ്ധരിച്ച എബ്രായ പാഠത്തിൽ എഴുതപ്പെട്ടിരുന്നതുപോലെ മത്തായി അവ ഉദ്ധരിച്ചില്ല എന്ന് വിചാരിക്കാൻ യാതൊരു ന്യായവുമില്ല.
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഉളളടക്കത്തിന് സംഭാവന ചെയ്ത മററ് നിശ്വസ്ത എഴുത്തുകാർ ഗ്രീക്ക് ഭാഷയിലേക്കുളള എബ്രായ തിരുവെഴുത്തുകളുടെ ഒരു ഭാഷാന്തരമായ സെപ്ററുവജിൻറിൽ നിന്ന് നൂറുകണക്കിന് ഭാഗങ്ങൾ ഉദ്ധരിച്ചു. ഈ ഭാഗങ്ങളിൽ പലതിലും സെപ്ററുവജിൻറിന്റെ ആദിമ പകർപ്പുകളുടെ ഗ്രീക്ക് പാഠത്തിൽത്തന്നെ എബ്രായ ചതുരക്ഷരങ്ങൾ ഉൾക്കൊണ്ടിരുന്നു. തന്റെ പിതാവിന്റെ നാമം സംബന്ധിച്ച യേശുവിന്റെ തന്നെ മനോഭാവത്തോടുളള യോജിപ്പിൽ യേശുവിന്റെ ശിഷ്യൻമാർ ആ നാമം ഉദ്ധരണികളിൽ നിലനിർത്തിയിട്ടുണ്ടാകണം.—യോഹന്നാൻ 17:6, 26 താരതമ്യം ചെയ്യുക.
ജേർണൽ ഓഫ് ബിബ്ളിക്കൽ ലിറററേച്ചറിൽ ജോർജിയ യൂണിവേഴ്സിററിയിലെ ജോർജ് ഹവാർഡ് ഇപ്രകാരം എഴുതി: “ഗ്രീക്ക് സംസാരിക്കുന്ന യഹൂദൻമാർ തങ്ങളുടെ ഗ്രീക്ക് തിരുവെഴുത്തുകളിൽ יהוה തുടർന്നും എഴുതിയിരുന്നു എന്നത് നമുക്ക് അറിവുളള ഒരു വസ്തുതയാണ്. കൂടാതെ ഗ്രീക്ക് സംസാരിച്ചിരുന്ന യാഥാസ്ഥിതിക മനഃസ്ഥിതിക്കാരായ ആദിമ യഹൂദക്രിസ്ത്യാനികൾ ഇതിനൊരു മാററം വരുത്തിയിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. ദൈവത്തെപ്പററി രണ്ടാമത് പറയുമ്പോൾ [ദൈവമെന്നോ കർത്താവെന്നോ] ഉളള വാക്കുകൾ ഉപയോഗിച്ചിരിക്കാനിടയുണ്ടെങ്കിലും ബൈബിൾ പാഠത്തിൽനിന്ന് തന്നെ അവർ ചതുരക്ഷരങ്ങൾ ഉപേക്ഷിച്ചുകളയുന്നത് അങ്ങേയററം അസാധാരണമായിരിക്കുമായിരുന്നു. . . . ആദിമ സഭയുടെ തിരുവെഴുത്തുകളായിരുന്ന ഗ്രീക്ക് ബൈബിളിൽ ചതുരക്ഷരങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ പുതിയ നിയമത്തിന്റെ എഴുത്തുകാർ തിരുവെഴുത്തുകളിൽ നിന്ന് ഉദ്ധരിച്ചപ്പോൾ ബൈബിൾ പാഠത്തിൽ ചതുരക്ഷരങ്ങൾ നിലനിർത്തി എന്നു വിശ്വസിക്കാൻ ന്യായമുണ്ട്. . . . എന്നാൽ അത് ഗ്രീക്കു പഴയനിയമത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടപ്പോൾ പുതിയ നിയമത്തിലെ പഴയനിയമ ഉദ്ധരണികളിൽ നിന്നും അവ നീക്കം ചെയ്യപ്പെട്ടു. അപ്രകാരം ഏതാണ്ട് രണ്ടാം നൂററാണ്ടിന്റെ ആരംഭത്തോടെ പകരം പദങ്ങളുടെ ഉപയോഗം രണ്ടു നിയമങ്ങളിൽനിന്നും ചതുരക്ഷരങ്ങളെ പുറന്തളളിയിരിക്കണം.—വാല്യം 96, നമ്പർ 1, മാർച്ച് 1977, പേ. 76, 77.
ദിവ്യനാമത്തിന്റെ ഏതുരൂപമാണ് ശരിയായിട്ടുളളത്—യഹോവ എന്നതോ യാഹ്വേ എന്നതോ?
എബ്രായ ഭാഷയിൽ ആദ്യം അത് എങ്ങനെയാണ് ഉച്ചരിച്ചിരുന്നത് എന്ന് ഇന്ന് യാതൊരു മനുഷ്യനും നിശ്ചയമില്ല. എന്തുകൊണ്ടില്ല? ബൈബിൾ എഴുതാനുപയോഗിച്ച എബ്രായ ഭാഷ അന്ന് സ്വരാക്ഷരങ്ങൾ കൂടാതെ വ്യഞ്ജനാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചാണ് എഴുതപ്പെട്ടത്. ആ ഭാഷ അനുദിന ജീവിതത്തിൽ ഉപയോഗിച്ചിരുന്നപ്പോൾ വായനക്കാർ ഉചിതമായ സ്വരങ്ങൾ ചേർത്ത് വായിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ ദൈവത്തിന്റെ നാമം ഉച്ചത്തിൽ പറയുന്നത് തെററാണ് എന്ന് യഹൂദൻമാർക്ക് ഒരു അന്ധവിശ്വാസം ഉളവായതിനാൽ അവർ പകരം പദങ്ങൾ ഉപയോഗിച്ചു തുടങ്ങി. നൂററാണ്ടുകൾക്ക് ശേഷം യഹൂദപണ്ഡിതൻമാർ പുരാതന എബ്രായ ഭാഷ വായിക്കുമ്പോൾ ഉപയോഗിക്കേണ്ട സ്വരങ്ങളെ സൂചിപ്പിക്കാൻ ചില ബിന്ദുക്കൾ വികസിപ്പിച്ചെടുത്തു. എന്നാൽ പകരപദങ്ങൾക്കുളള സ്വരങ്ങൾ അവർ ദിവ്യനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് വ്യഞ്ജനാക്ഷരങ്ങൾക്ക് നൽകി. അങ്ങനെ ദിവ്യനാമത്തിന്റെ ആദിമ ഉച്ചാരണം നഷ്ടമായി.
പല പണ്ഡിതൻമാരും “യാഹ്വേ” എന്ന പദത്തെ അനുകൂലിക്കുന്നു, എന്നാൽ നമുക്ക് അത് സംബന്ധിച്ച് തീർച്ചയില്ല, അവർക്കിടയിൽ യോജിപ്പുമില്ല. നേരെമറിച്ച് ആ നാമത്തിന്റെ “യഹോവ” എന്ന രൂപമാണ് ഏററം എളുപ്പം തിരിച്ചറിയപ്പെടുന്നത്. കാരണം അതാണ് ഇംഗ്ലീഷിൽ നൂററാണ്ടുകളായി ഉപയോഗിക്കപ്പെട്ടിരുന്നത്. അതുപോലെ അത് മററു രൂപങ്ങളിലെന്നപോലെ എബ്രായ ചതുരക്ഷരങ്ങളിലെ നാലു വ്യഞ്ജനങ്ങളും നിലനിർത്തിയിരിക്കുന്നു.
ദി എംഫസൈസ്ഡ് ബൈബിളിൽ ജെ. ബി. റോതർഹാം എബ്രായ തിരുവെഴുത്തുകളിൽ ഉടനീളം യാഹ്വേ എന്ന രൂപം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ പിന്നീട് സങ്കീർത്തനങ്ങളെക്കുറിച്ചുളള തന്റെ പഠനങ്ങളിൽ അദ്ദേഹം “യഹോവ” എന്ന രൂപം ഉപയോഗിച്ചു. അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു. “സ്മാരകനാമത്തിന്റെ യഹോവ എന്ന ഇംഗ്ലീഷ് രൂപം ഉപയോഗിച്ചിരിക്കുന്നത് യാഹ്വേ എന്നത് കൂടുതൽ കൃത്യമായ ഉച്ചാരണമാണോ എന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായിട്ടല്ല മറിച്ച് ഇങ്ങനെയൊരു സംഗതിയിൽ പൊതുജനങ്ങളുടെ കണ്ണും കാതുമായി ബന്ധപ്പെടാൻ ഇതാണ് അഭികാമ്യം എന്ന് എനിക്ക് വ്യക്തിപരമായി തെളിവുളളതിനാലാണ്. ഇവിടെ ദിവ്യനാമം എളുപ്പത്തിൽ തിരിച്ചറിയുക എന്നതാണ് മുഖ്യലക്ഷ്യം.”—(ലണ്ടൻ, 1911), പേ. 29.
വിവിധ ഉച്ചാരണങ്ങൾ സംബന്ധിച്ച് ചർച്ചചെയ്തശേഷം ഗുസ്താവ് ഫ്രിയെഡറിക് ഈഹ്ലർ എന്ന ജർമ്മൻ പ്രൊഫസർ ഈ നിഗമനത്തിൽ എത്തിച്ചേർന്നു: “ഇപ്പോൾ മുതൽ ഞാൻ യഹോവ എന്ന വാക്ക് ഉപയോഗിക്കുന്നു, എന്തുകൊണ്ടെന്നാൽ ഇത് നമ്മുടെ പദസഞ്ചയത്തിൽ മറെറന്തിനേക്കാളും സ്വാഭാവികതയുളളതായിത്തീർന്നിരിക്കുന്നു, പകരം മറെറാന്ന് കണ്ടുപിടിക്കുക സാദ്ധ്യമല്ല.”—തിയോളജിയേ ദെ ആൾററൻ റെറസ്ററമെൻറ്സ്, രണ്ടാം പതിപ്പ് (സ്ററട്ട്ഗാർട്ട്, 1882), പേ. 143.
ഈശോ സഭാ പണ്ഡിതനായ പോൾ ജൂഓൺ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഞങ്ങളുടെ ഭാഷാന്തരങ്ങളിൽ (സൈദ്ധാന്തിക) രൂപമായ യാഹ്വേക്കു പകരം ഞങ്ങൾ യഹോവ എന്ന രൂപമാണ് ഉപയോഗിച്ചിട്ടുളളത് . . . അതാണ് പരമ്പരാഗതമായി ഫ്രഞ്ചുഭാഷയിൽ ഉപയോഗിച്ചുപോരുന്നത്.”—ഗ്രാമേർ ദെ ല്ഹേ ബ്രേ ബിബ്ളിക്വേ (റോം, 1923), പേ. 49-ലെ അടിക്കുറിപ്പ്.
ഒരു ഭാഷയിൽ നിന്ന് മറെറാന്നിലേക്ക് എടുക്കുമ്പോൾ മിക്ക പേരുകൾക്കും ഒരളവിലുളള മാററം സംഭവിക്കുന്നു. യേശു ഒരു യഹൂദനായിട്ടാണ് ജനിച്ചത്, എബ്രായയിൽ അവന്റെ പേര് യേഷ്വാ എന്നായിരിക്കണം ഉച്ചരിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും ഗ്രീക്ക് തിരുവെഴുത്തുകളുടെ നിശ്വസ്ത എഴുത്തുകാർ യീസോസ് എന്ന ഗ്രീക്ക് രൂപം ഉപയോഗിക്കാൻ മടിച്ചില്ല. മററ് മിക്ക ഭാഷകളിലും ഉച്ചാരണം അൽപ്പം വ്യത്യസ്തമാണ്, എന്നാൽ നമ്മുടെ ഭാഷയിൽ സാധാരണയായിരിക്കുന്ന രൂപം നാം സ്വതന്ത്രമായി ഉപയോഗിക്കുന്നു. ബൈബിളിലെ മററു നാമങ്ങളെ സംബന്ധിച്ചും ഇത് സത്യമാണ്. അങ്ങനെയെങ്കിൽ സകല നാമങ്ങളിലും അതിപ്രധാനമായ നാമം ഉളള ഒരുവനോട് നമുക്ക് ഉചിതമായ ആദരവ് കാണിക്കാവുന്നത് എങ്ങനെയാണ്? അത് ആദ്യം എങ്ങനെയാണ് ഉച്ചരിച്ചിരുന്നത് എന്ന് നമുക്ക് അറിയാൻ പാടില്ലാത്തതിനാൽ അത് ഒരിക്കലും പറയുകയോ എഴുതുകയോ ചെയ്യാതിരിക്കുന്നതിനാലാണോ? അതോ അതിന്റെ ഉടമയെപ്പററി യോഗ്യമായി സംസാരിക്കുകയും അവന്റെ ആരാധകരെന്ന നിലയിൽ അവനെ ബഹുമാനിക്കുന്ന വിധത്തിൽ പെരുമാറുകയും ചെയ്യവേ നമ്മുടെ ഭാഷയിൽ സാധാരണമായിരിക്കുന്ന ഉച്ചാരണവും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനാലാണോ?
ദൈവത്തിന്റെ വ്യക്തിപരമായ നാമം അറിയുന്നതും ഉപയോഗിക്കുന്നതും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
നിങ്ങൾക്ക് പേര് അറിയാൻ പാടില്ലാത്ത ആരെങ്കിലുമായി നിങ്ങൾക്ക് ഒരു അടുത്ത ബന്ധമുണ്ടോ? ദൈവം പേരില്ലാത്തവനായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവൻ മിക്കപ്പോഴും വ്യക്തിത്വമില്ലാത്ത ഒരു ശക്തി മാത്രമാണ്, ഒരു യഥാർത്ഥ വ്യക്തിയല്ല, അവർക്ക് അറിയാവുന്നതോ അവർ സ്നേഹിക്കുന്നതോ ആയ ഒരുവനല്ല. അവനോട് അവർക്ക് ഹൃദയത്തിൽ നിന്ന് പ്രാർത്ഥനയിൽ സംസാരിക്കാൻ കഴിയുകയുമില്ല. അവർ പ്രാർത്ഥിക്കുന്നെങ്കിൽ തന്നെ ആ പ്രാർത്ഥന വെറുമൊരു ചടങ്ങ്, മന:പാഠമാക്കിയ പദങ്ങളുടെ ആചാരപരമായ ഒരു ആവർത്തനം മാത്രമാണ്.
യഥാർത്ഥ ക്രിസ്ത്യാനികൾക്ക് സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ യേശുക്രിസ്തുവിൽനിന്ന് ഒരു നിയോഗമുണ്ട്. ഈ ആളുകളെ പഠിപ്പിക്കുമ്പോൾ ജനതകളുടെ വ്യാജദൈവങ്ങളിൽ നിന്ന് സത്യദൈവത്തെ തിരിച്ചറിയിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ബൈബിൾ തന്നെ ചെയ്യുന്നതുപോലെ അവന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നതിനാൽ തന്നെ.—മത്താ. 28:19, 20; 1 കൊരി. 8:5, 6.
പുറ. 3:15: “ദൈവം . . . മോശയോട് ഇങ്ങനെ പറഞ്ഞു: ‘നീ ഇസ്രായേൽ പുത്രൻമാരോട് പറയേണ്ടത് ഇങ്ങനെയാണ്: “നിങ്ങളുടെ പൂർവ്വപിതാക്കൻമാരുടെ ദൈവമായ യഹോവ . . . എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.” ഇതു അനിശ്ചിതകാലത്തോളം എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവുമാകുന്നു.’”
യെശ. 12:4: “ജനങ്ങളെ യഹോവക്ക് നന്ദി നൽകുവിൻ! അവന്റെ നാമം വിളിച്ചപേക്ഷിക്കുക. ജനതകൾക്കിടയിൽ അവന്റെ പ്രവൃത്തികൾ പ്രസിദ്ധമാക്കുക. അവന്റെ നാമം ഉന്നതമാക്കപ്പെട്ടിരിക്കുന്നു എന്ന് പറയുക.”
യെഹെ. 38:17, 23: “പരമാധികാര കർത്താവായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്, ‘. . . ഞാൻ നിശ്ചയമായും എന്നെത്തന്നെ മഹത്വീകരിക്കുകയും എന്നെത്തന്നെ വിശുദ്ധീകരിക്കുകയും അനേക ജനതകളും കാൺകെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യും; ഞാൻ യഹോവ എന്ന് അവർ അറിയേണ്ടിവരും.’”
മലാ. 3:16: “യഹോവയെ ഭയപ്പെടുന്നവർ ഓരോരുത്തൻ തന്റെ കൂട്ടുകാരനോട് തമ്മിൽതമ്മിൽ സംസാരിച്ചു, യഹോവ ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്തുകൊണ്ടിരുന്നു. യഹോവയെ ഭയപ്പെടുന്നവർക്കുവേണ്ടിയും അവന്റെ നാമത്തെക്കുറിച്ചു പര്യാലോചിക്കുന്നവർക്കുവേണ്ടിയും അവന്റെ മുമ്പാകെ ഒരു സ്മരണപുസ്തകം എഴുതപ്പെടാൻ തുടങ്ങി.”
യോഹ. 17:26: “[യേശു പിതാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു:] നീ എന്നെ സ്നേഹിച്ച സ്നേഹം അവരിൽ ആകുവാനും ഞാൻ അവരുമായി ഐക്യത്തിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്ക് [അവന്റെ അനുഗാമികൾക്ക്] വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തുകയും ചെയ്യും.”
പ്രവൃ. 15:14: “ദൈവം തന്റെ നാമത്തിനായിട്ട് ജനതകളിൽ നിന്ന് ഒരു ജനത്തെ എടുക്കാൻ ആദ്യമായി അവരിലേക്ക് ശ്രദ്ധതിരിച്ചത് എങ്ങനെയെന്ന് ശിമയോൻ നന്നായി വിവരിച്ചുവല്ലോ.”
“പഴയ നിയമത്തിലെ” യഹോവ “പുതിയ നിയമത്തിലെ” യേശുക്രിസ്തു ആണോ?
മത്താ. 4:10: “യേശു അവനോട് പറഞ്ഞു: ‘സാത്താനെ എന്നെ വിട്ടുപോ! എന്തുകൊണ്ടെന്നാൽ “നിന്റെ ദൈവമായ യഹോവയെ [KJ-ലും മററുളളവയിലും “കർത്താവിനെ”] മാത്രമേ നീ ആരാധിക്കാവു, അവനു മാത്രമേ വിശുദ്ധ സേവനം അർപ്പിക്കാവു” എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.’” (പ്രകടമായും താൻ തന്നെ ആരാധിക്കപ്പെടണം എന്ന് യേശു പറയുകയായിരുന്നില്ല.)
യോഹ. 8:54: “യേശു [യഹൂദൻമാരോട്] ഇപ്രകാരം മറുപടി പറഞ്ഞു: ‘ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല. നിങ്ങൾ നിങ്ങളുടെ ദൈവമെന്ന് പറയുന്ന പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്.’” (യഹൂദൻമാർ ആരാധിക്കുന്നതായി അവകാശപ്പെട്ടത് യഹോവയെയാണെന്ന് എബ്രായ തിരുവെഴുത്തുകൾ വ്യക്തമായി തിരിച്ചറിയിക്കുന്നു. താൻതന്നെ യഹോവയാണെന്നല്ല, യഹോവ തന്റെ പിതാവാണെന്നാണ് യേശു പറഞ്ഞത്. താനും തന്റെ പിതാവും വ്യത്യസ്ത വ്യക്തികളാണെന്ന് യേശു ഇവിടെ സുവ്യക്തമാക്കി.)
സങ്കീ. 110:1: “എന്റെ [ദാവീദിന്റെ] കർത്താവിനോടുളള യഹോവയുടെ അരുളപ്പാട് ഇതാണ്: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് ഒരു പീഠമാക്കുവോളം എന്റെ വലതുഭാഗത്ത് ഇരിക്കുക.’” (ഈ സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന ദാവീദിന്റെ “കർത്താവ്” താൻതന്നെയാണെന്ന് മത്തായി 22:41-45-ൽ യേശു വിശദീകരിച്ചു. അതുകൊണ്ട് യേശു യഹോവയല്ല, മറിച്ച് യഹോവയുടെ വാക്കുകൾ അവനോടാണ് പറയപ്പെട്ടിരിക്കുന്നത്.)
ഫിലി. 2:9-11: “ഈ കാരണത്താൽ തന്നെ ദൈവവും അവനെ [യേശുക്രിസ്തുവിനെ] ഒരു ശ്രേഷ്ഠസ്ഥാനത്തേക്ക് ഉയർത്തി മററുളള സകല നാമത്തിനും മേലായ നാമം അവന് സദയം നൽകി, അതുകൊണ്ട് അവന്റെ നാമത്തിങ്കൽ സ്വർഗ്ഗത്തിലുളളവരുടെയും ഭൂമിയിലുളളവരുടെയും ഭൂമിക്ക് കീഴിലുളളവരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവ് എന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി പരസ്യമായി സമ്മതിക്കുകയും ചെയ്യണം. [Dy വായിക്കുന്നു: . . . “എല്ലാ നാവും കർത്താവായ യേശു ക്രിസ്തു പിതാവായ ദൈവത്തിന്റെ മഹത്വത്തിലാണെന്ന് ഏററു പറയണം.” Kx, CC അതുപോലെ തന്നെ വായിക്കപ്പെടുന്നു. എന്നാൽ Kx-ൽ ഒരു അടിക്കുറിപ്പ് ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ . . . ഗ്രീക്ക് പദപ്രയോഗം ‘മഹത്വത്തിനായി’ എന്ന് വിവർത്തനം ചെയ്യുകയാണ് ഒരുപക്ഷേ കൂടുതൽ സ്വാഭാവികം.” NAB-യും JB-യും അങ്ങനെയാണ് ചെയ്തിരിക്കുന്നത്.]” (യേശുക്രിസ്തു പിതാവിൽ നിന്ന് വ്യത്യസ്തനും അവന് കീഴ്പ്പെട്ടിരിക്കുന്നവനുമാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത് കുറിക്കൊളളുക.)
ഒരു വ്യക്തി യഹോയെ ഭയപ്പെടേണ്ടതുണ്ടെങ്കിൽ എങ്ങനെയാണ് അവനെ സ്നേഹിക്കാനും കൂടെ കഴിയുന്നത്?
നാം യഹോവയെ സ്നേഹിക്കുകയും (ലൂക്കോ. 10:27) ഭയപ്പെടുകയും (1 പത്രോ. 2:17; സദൃ. 1:7; 2:1-5; 16:6) ചെയ്യണമെന്ന് ബൈബിൾ നമ്മോട് പറയുന്നു. ദൈവത്തോടുളള ആരോഗ്യാവഹമായ ഭയം നാം ദൈവത്തിന്റെ അപ്രീതി സമ്പാദിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധയുളളവരായിരിക്കാൻ ഇടയാക്കുന്നു. യഹോവയോടുളള നമ്മുടെ സ്നേഹം അവന് പ്രസാദകരമായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതിനും അവന്റെ സ്നേഹത്തിന്റെയും അനർഹദയയുടെയും എണ്ണമററ പ്രകടനങ്ങൾക്ക് നമ്മുടെ വിലമതിപ്പ് കാണിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും.
ദൃഷ്ടാന്തങ്ങൾ: ഒരു പുത്രൻ ഉചിതമായും തന്റെ പിതാവിനെ അപ്രീതിപ്പെടുത്താൻ ഭയപ്പെടുന്നു, എന്നാൽ പിതാവ് തനിക്കുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടുമുളള വിലമതിപ്പ് പിതാവിനോട് യഥാർത്ഥ സ്നേഹം പ്രകടമാക്കാൻ പുത്രനെ പ്രേരിപ്പിക്കണം. ഒരു മുങ്ങൽ വിദഗ്ദ്ധൻ താൻ കടലിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞേക്കാം. എന്നാൽ അതിനോടുളള ആരോഗ്യാവഹമായ ഒരു ഭയം ചില കാര്യങ്ങൾ ചെയ്യുന്നത് താൻ ഒഴിവാക്കേണ്ടതുണ്ട് എന്ന് അയാൾ തിരിച്ചറിയാൻ ഇടയാക്കുന്നു. അതുപോലെ ദൈവത്തോടുളള നമ്മുടെ സ്നേഹത്തോടൊപ്പം അവന്റെ അപ്രീതിക്ക് ഇടയാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനെതിരെ ആരോഗ്യാവഹമായ ഒരു ഭയവുമുണ്ടായിരിക്കണം.