ബൈബിൾ പുസ്തക നമ്പർ 40—മത്തായി
എഴുത്തുകാരൻ: മത്തായി
എഴുതിയ സ്ഥലം: പലസ്തീൻ
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 41
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 2–പൊ.യു. 33
1. (എ) ഏദെൻമുതൽ യഹോവ മനുഷ്യവർഗത്തിൻമുമ്പാകെ ഏതു പ്രത്യാശ വെച്ചിരിക്കുകയാണ്? (ബി) മിശിഹായിലുളള പ്രത്യാശ യഹൂദൻമാരുടെ ഇടയിൽ ദൃഢമായി സ്ഥാപിതമായതെങ്ങനെ?
ഏദെനിലെ മത്സരത്തിന്റെ സമയംമുതൽ, യഹോവ തന്റെ “സ്ത്രീ”യുടെ സന്തതിമുഖാന്തരം സകല നീതിസ്നേഹികൾക്കും വിടുതൽ പ്രദാനംചെയ്യുമെന്നുളള ആശ്വാസകരമായ വാഗ്ദാനം മനുഷ്യവർഗത്തിന്റെ മുമ്പാകെ വെച്ചിരിക്കുകയാണ്. ഈ സന്തതിയെ അഥവാ മിശിഹായെ ഇസ്രായേൽജനതയിൽനിന്ന് ഉളവാക്കാൻ അവൻ ഉദ്ദേശിച്ചു. നൂററാണ്ടുകൾ കടന്നുപോകവേ, സന്തതി ദൈവരാജ്യത്തിൽ ഭരണാധികാരിയായിരിക്കുമെന്നും അവൻ യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും അതിൻമേൽ കുന്നിക്കപ്പെട്ട നിന്ദ എന്നേക്കുമായി നീക്കുമെന്നും പ്രകടമാക്കുന്ന ബഹുദശം പ്രവചനങ്ങൾ നിശ്വസ്ത എബ്രായ എഴുത്തുകാർ മുഖേന രേഖപ്പെടുത്താൻ അവൻ ഇടയാക്കി. യഹോവയുടെ സംസ്ഥാപകനായി ഭയത്തിൽനിന്നും മർദനത്തിൽനിന്നും പാപത്തിൽനിന്നും മരണത്തിൽനിന്നുമുളള വിടുതൽ കൈവരുത്തുന്ന ഈ ഒരുവനെ സംബന്ധിച്ച അനേകം വിശദാംശങ്ങൾ ഈ പ്രവാചകൻമാരിലൂടെ പ്രദാനംചെയ്യപ്പെട്ടു. എബ്രായ തിരുവെഴുത്തുകളുടെ പൂർത്തീകരണത്തോടെ, മിശിഹായിലുളള പ്രത്യാശ യഹൂദൻമാരുടെ ഇടയിൽ ദൃഢമായി സ്ഥാപിതമായി.
2. മിശിഹായുടെ പ്രത്യക്ഷതയിങ്കൽ, സുവാർത്ത പരത്തുന്നതിനു സാഹചര്യങ്ങൾ അനുയോജ്യമായിരുന്നത് എങ്ങനെ?
2 ഇതിനിടയിൽ ലോകരംഗം മാറിക്കൊണ്ടിരിക്കുകയായിരുന്നു. മിശിഹായുടെ പ്രത്യക്ഷതക്കുളള ഒരുക്കമായി ദൈവം ജനതകളെ കൈകാര്യംചെയ്തിരുന്നു. ആ പ്രത്യക്ഷതയെക്കുറിച്ചുളള വാർത്ത വ്യാപകമായി പരത്തുന്നതിനു സാഹചര്യങ്ങൾ അനുയോജ്യമായിരുന്നു. അഞ്ചാം ലോകശക്തിയായ ഗ്രീസ് ജനതകൾക്കിടയ്ക്കു സാർവജനീന ആശയവിനിമയമാർഗമായി ഒരു പൊതു ഭാഷ പ്രദാനംചെയ്തിരുന്നു. ആറാം ലോകശക്തിയായ റോമാ അതിന്റെ പ്രജകളെ ഒരു ലോകസാമ്രാജ്യമായി ഉരുക്കിച്ചേർത്തിരുന്നു, സാമ്രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നതിനു റോഡുകളും ഒരുക്കിയിരുന്നു. ഈ സാമ്രാജ്യത്തുടനീളം അനേകം യഹൂദൻമാർ ചിതറിപ്പാർത്തിരുന്നു, തന്നിമിത്തം വരാനുളള ഒരു മിശിഹായെസംബന്ധിച്ച യഹൂദൻമാരുടെ പ്രതീക്ഷയെക്കുറിച്ചു മററുളളവർ മനസ്സിലാക്കിയിരുന്നു. ഏദെനിക വാഗ്ദാനത്തിനുശേഷം 4000-ത്തിൽപ്പരം വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ മിശിഹാ പ്രത്യക്ഷപ്പെട്ടിരുന്നു! ദീർഘനാളായി കാത്തിരുന്ന വാഗ്ദത്തസന്തതി ആഗതനായി! ഇവിടെ ഭൂമിയിൽ മിശിഹാ വിശ്വസ്തമായി തന്റെ പിതാവിന്റെ ഇഷ്ടം നിറവേററിയപ്പോൾ, മനുഷ്യവർഗത്തിന്റെ അത്രത്തോളമുളള ചരിത്രത്തിലെ അതിപ്രധാനസംഭവങ്ങൾ ഇതൾവിരിഞ്ഞു.
3. (എ) യേശുവിന്റെ ജീവിതത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനു യഹോവ ഏതു കരുതൽ ചെയ്തു? (ബി) ഓരോ സുവിശേഷത്തെസംബന്ധിച്ചും വ്യതിരിക്തമായിട്ടുളളതെന്ത്, അവ നാലും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
3 വീണ്ടും, ഈ അതിപ്രധാനസംഭവങ്ങളുടെ നിശ്വസ്തരേഖകൾ ഉണ്ടാക്കാനുളള സമയം ആഗതമായി. യഹോവയുടെ ആത്മാവ് നാലു സ്വതന്ത്രവിവരണങ്ങൾ എഴുതുന്നതിനു നാലു വിശ്വസ്തപുരുഷൻമാരെ നിശ്വസ്തരാക്കി. അങ്ങനെ യേശു മിശിഹായും വാഗ്ദത്തസന്തതിയും രാജാവുമാണെന്നുളളതിനു നാലുമടങ്ങായ സാക്ഷ്യം നൽകുകയും അവന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും വിശദാംശങ്ങൾ നൽകുകയും ചെയ്തു. ഈ വിവരണങ്ങൾ സുവിശേഷങ്ങൾ എന്നു വിളിക്കപ്പെടുന്നു. “സുവിശേഷം” എന്ന പദത്തിന്റെ അർഥം “സുവാർത്ത” എന്നാണ്. നാലും സമാന്തരമായിരിക്കുകയും മിക്കപ്പോഴും ഒരേ സംഭവങ്ങളെക്കുറിച്ചു പറയുകയും ചെയ്യുന്നുവെന്നിരിക്കെ, അവ യാതൊരു പ്രകാരത്തിലും അന്യോന്യം പകർപ്പുകളല്ല. ആദ്യത്തെ മൂന്നു സുവിശേഷങ്ങൾ മിക്കപ്പോഴും “സമാനവീക്ഷണം” എന്ന അർഥത്തിൽ സമാനസുവിശേഷങ്ങൾ എന്നു വിളിക്കപ്പെടുന്നു, കാരണം അവ ഭൂമിയിലെ യേശുവിന്റെ ജീവിതത്തെ വിവരിക്കുന്നതിൽ ഒരു സമാന സമീപനമാണു സ്വീകരിക്കുന്നത്. എന്നാൽ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാലു സുവിശേഷകരിൽ ഓരോരുത്തരും ക്രിസ്തുവിനെക്കുറിച്ചുളള സ്വന്തം കഥ പറയുന്നു. ഓരോരുത്തർക്കും പ്രത്യേകമായ തന്റെ സ്വന്തം പ്രതിപാദ്യവും ലക്ഷ്യവുമുണ്ട്, ഓരോരുത്തരും സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു, തന്റെ തൊട്ടടുത്തുളള വായനക്കാരെ മനസ്സിൽ കാണുകയും ചെയ്യുന്നു. നാം അവരുടെ എഴുത്തുകളെ എത്രയധികം പരിശോധിക്കുന്നുവോ അത്രയധികമായി ഓരോന്നിന്റെയും വ്യതിരിക്ത സവിശേഷതകളെയും, ഈ നാലു നിശ്വസ്ത ബൈബിൾപുസ്തകങ്ങൾ യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ സ്വതന്ത്രവും പൂരകവും പൊരുത്തമുളളതുമായ വിവരണങ്ങളാണെന്നുളളതിനെയും നാം വിലമതിക്കുന്നു.
4. ഒന്നാമത്തെ സുവിശേഷത്തിന്റെ എഴുത്തുകാരനെക്കുറിച്ച് എന്ത് അറിയപ്പെടുന്നു?
4 ക്രിസ്തുവിനെക്കുറിച്ചുളള സുവാർത്ത ആദ്യം എഴുതിയതു മത്തായി ആയിരുന്നു. അവന്റെ പേർ “യാഹിന്റെ ദാനം” എന്നർഥമുളള “മതിഥ്യാവ്” എന്ന എബ്രായ പേരിന്റെ ഹ്രസ്വരൂപമായിരിക്കാനിടയുണ്ട്. അവൻ യേശു തിരഞ്ഞെടുത്ത 12 അപ്പോസ്തലൻമാരിൽ ഒരുവനായിരുന്നു. യജമാനൻ പ്രസംഗിച്ചും പഠിപ്പിച്ചുംകൊണ്ടു പാലസ്തീൻദേശത്തുടനീളം സഞ്ചരിച്ച കാലത്തു മത്തായിക്ക് അവനുമായി ഗാഢ ബന്ധം ഉണ്ടായിരുന്നു. യേശുവിന്റെ ഒരു ശിഷ്യനായിത്തീരുന്നതിനുമുമ്പു മത്തായി ഒരു നികുതിപിരിവുകാരനായിരുന്നു. തങ്ങൾ സ്വതന്ത്രരല്ലെന്നും പിന്നെയോ സാമ്രാജ്യത്വറോമായുടെ ആധിപത്യത്തിൻ കീഴിലാണെന്നും തങ്ങളെ നിരന്തരം ഓർമിപ്പിക്കുന്ന ഒരു സംഗതിയായിരുന്നതുകൊണ്ടു യഹൂദൻമാർ പൂർണമായും വെറുത്ത ഒരു തൊഴിലായിരുന്നു കരംപിരിവ്. ലേവി എന്ന അപരനാമത്താലും മത്തായി അറിയപ്പെട്ടിരുന്നു, അൽഫായിയുടെ മകനുമായിരുന്നു. തന്നെ അനുഗമിക്കാനുളള യേശുവിന്റെ ക്ഷണത്തോട് അവൻ മനസ്സോടെ പ്രതികരിച്ചു.—മത്താ. 9:9; മർക്കൊ. 2:14; ലൂക്കൊ. 5:27-32.
5. ഒന്നാമത്തെ സുവിശേഷത്തിന്റെ എഴുത്തുകാരനെന്ന നിലയിൽ മത്തായി സ്ഥിരീകരിക്കപ്പെടുന്നത് എങ്ങനെ?
5 മത്തായി എഴുതിയതായി പറയപ്പെടുന്ന സുവിശേഷം എഴുത്തുകാരനെന്ന നിലയിൽ അവന്റെ പേർ പറയുന്നില്ലെങ്കിലും, ആദിമ സഭാചരിത്രകാരൻമാരുടെ അത്യധികമായ സാക്ഷ്യം അവനെ അങ്ങനെ സ്ഥിരീകരിക്കുന്നു. ഒരുപക്ഷേ മറെറാരു പുരാതന പുസ്തകത്തിന്റെയും എഴുത്തുകാരനെ മത്തായിയുടെ പുസ്തകത്തിന്റേതിനെക്കാൾ വ്യക്തമായും ഏകകണ്ഠമായും സ്ഥിരീകരിച്ചിട്ടില്ല. ഈ പുസ്തകം മത്തായി എഴുതിയതാണെന്നും അതു ദൈവവചനത്തിന്റെ ഒരു വിശ്വാസ്യമായ ഭാഗമാണെന്നുമുളളതിനു ഹയരാപ്പോളിസിലെ പേപ്പിയസിനോളം മുമ്പുമുതൽ (പൊ.യു. രണ്ടാം നൂററാണ്ടിന്റെ പ്രാരംഭം) ഇങ്ങോട്ടു നമുക്ക് ആദിമസാക്ഷികളുടെ ഒരു പരമ്പരയുണ്ട്. മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ ഇങ്ങനെ പ്രസ്താവിക്കുന്നു: “ജസ്ററിൻ മാർട്ടെറും ഡയഗ്നെററസിനുളള ലേഖനത്തിന്റെ രചയിതാവും (ഒട്ടോയുടെ ജസ്ററിൻ മാർട്ടെർ വാല്യം ii-ൽ കാണുക) ഹെഗസിപ്പസും ഐറേനിയസും താത്യനും അത്തനാഗൊറസും തെയോഫിലോസും ക്ലെമൻറും തെർത്തുല്യനും ഓറിജനും മത്തായിയിൽ നിന്നുളള ഭാഗങ്ങൾ ഉദ്ധരിക്കുന്നുണ്ട്. വിഷയത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല, പിന്നെയോ ഉദ്ധരണികളുടെ രീതിയെയും ഒരു സ്ഥിരീകൃത പ്രമാണത്തോടെന്നപോലെയുളള ശാന്തമായ ആകർഷണത്തെയും സംശയത്തിന്റെ ഏതെങ്കിലും സൂചനയുടെ അഭാവത്തെയും അടിസ്ഥാനപ്പെടുത്തിയാണു നമുക്കു ലഭിച്ചിരിക്കുന്ന പുസ്തകം പെട്ടെന്നുളള ഏതെങ്കിലും മാററത്തിനു വിധേയമായിട്ടില്ലെന്നു തെളിയിക്കപ്പെട്ടിരിക്കുന്നതായി നാം കരുതുന്നത്.”a മത്തായി ഒരു അപ്പോസ്തലനായിരുന്നുവെന്നും ആ നിലയിൽ അവന്റെമേൽ ദൈവാത്മാവ് ഉണ്ടായിരുന്നുവെന്നുമുളള വസ്തുത അവൻ എഴുതിയത് ഒരു വിശ്വാസയോഗ്യമായ രേഖയായിരിക്കുമെന്ന് ഉറപ്പുനൽകുന്നു.
6, 7. (എ) മത്തായിയുടെ സുവിശേഷം ഏതു ഭാഷയിൽ എപ്പോൾ ആദ്യമായി എഴുതപ്പെട്ടു? (ബി) അതു മുഖ്യമായി യഹൂദൻമാർക്കുവേണ്ടിയാണ് എഴുതപ്പെട്ടതെന്നു സൂചിപ്പിക്കുന്നത് എന്ത്? (സി) പുതിയലോക ഭാഷാന്തരത്തിൽ യഹോവ എന്ന നാമം ഈ സുവിശേഷത്തിൽ എത്ര പ്രാവശ്യം അടങ്ങിയിരിക്കുന്നു, എന്തുകൊണ്ട്?
6 മത്തായി തന്റെ വിവരണം പാലസ്തീനിൽവെച്ചാണ് എഴുതിയത്. കൃത്യമായ വർഷം അറിയപ്പെടുന്നില്ല. എന്നാൽ ചില കൈയെഴുത്തുപ്രതികളുടെ ഒടുവിലുളള അടിയെഴുത്തുകൾ (എല്ലാം പൊ.യു. പത്താംനൂററാണ്ടിനുശേഷമുളളത്) അതു പൊ.യു. 41 ആയിരുന്നുവെന്നു പറയുന്നു. മത്തായി തന്റെ സുവിശേഷം ആദ്യം അക്കാലത്തു പ്രചാരത്തിലിരുന്ന എബ്രായയിൽ എഴുതുകയും പിന്നീടു ഗ്രീക്കിലേക്കു ഭാഷാന്തരീകരിക്കുകയും ചെയ്തുവെന്നതിനു തെളിവുണ്ട്. ദെ വിറിസ് ഇൻലുസ്ട്രിബസ് (വിശ്രുതരായ മനുഷ്യരെസംബന്ധിച്ച്) എന്ന തന്റെ പുസ്തകം III-ാം അധ്യായത്തിൽ ജെറോം ഇങ്ങനെ പറയുന്നു: “ലേവി എന്ന അപരനാമവുമുളള ഒരു ചുങ്കക്കാരനിൽനിന്ന് ഒരു അപ്പോസ്തലനായിത്തീർന്ന മത്തായി, വിശ്വസിച്ചിരുന്ന പരിച്ഛേദനക്കാരുടെ പ്രയോജനത്തിനുവേണ്ടി യഹൂദ്യയിൽവെച്ച് ഇദംപ്രഥമമായി എബ്രായഭാഷയിലും അക്ഷരങ്ങളിലും ക്രിസ്തുവിന്റെ ഒരു സുവിശേഷം രചിച്ചു.”b ഈ സുവിശേഷത്തിന്റെ എബ്രായ പാഠം, കൈസര്യായിൽ പാംഫിലസ് ശേഖരിച്ചുവെച്ചിരുന്ന ഗ്രന്ഥങ്ങളിൽ തന്റെ നാളിൽ (പൊ.യു. നാലും അഞ്ചും നൂററാണ്ടുകളിൽ) സൂക്ഷിക്കപ്പെട്ടിരുന്നുവെന്നു ജെറോം കൂട്ടിച്ചേർക്കുന്നു.
7 മൂന്നാം ശതകത്തിന്റെ ആരംഭത്തിൽ സുവിശേഷങ്ങളെക്കുറിച്ചു ചർച്ചചെയ്തപ്പോൾ “മത്തായിയുടേത് . . . ആദ്യം എഴുതപ്പെടുകയും . . . അവൻ അതു യഹൂദമതത്തിൽനിന്നു വിശ്വസിക്കാനിടയായവർക്കുവേണ്ടി എബ്രായ ഭാഷയിൽ രചിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു” എന്ന് ഓറിജൻ പറയുന്നതായി യൂസേബിയസ് ഉദ്ധരിക്കുന്നു.c യഹൂദൻമാരെ മനസ്സിൽ കണ്ടുകൊണ്ടാണ് അതു മുഖ്യമായി എഴുതപ്പെട്ടതെന്ന്, അബ്രഹാംമുതലുളള യേശുവിന്റെ നിയമാനുസൃത വംശോല്പത്തി കാണിക്കുന്ന അതിലെ വംശാവലിയാലും വരാനിരിക്കുന്ന മിശിഹായിലേക്കു മുമ്പോട്ടു വിരൽചൂണ്ടുന്നതായി പ്രകടമാക്കുന്ന എബ്രായ തിരുവെഴുത്തുകളെയുളള അതിലെ അനേകം പരാമർശങ്ങളാലും സൂചിപ്പിക്കപ്പെടുന്നു. യഹോവയുടെ നാമം അടങ്ങിയിട്ടുളള എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളിൽനിന്ന് ഉദ്ധരിച്ചപ്പോൾ മത്തായി ചതുരക്ഷരിയുടെ രൂപത്തിൽ ആ ദിവ്യനാമം ഉപയോഗിച്ചുവെന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണ്. അതുകൊണ്ടാണു പുതിയലോക ഭാഷാന്തരത്തിൽ യഹോവ എന്ന നാമം 18 പ്രാവശ്യം കാണുന്നത്, 19-ാം നൂററാണ്ടിൽ എഫ്. ഡെലീഷ് ആദ്യം ഉത്പാദിപ്പിച്ച മത്തായിയുടെ എബ്രായ ഭാഷാന്തരത്തിലേതുപോലെതന്നെ. ദിവ്യനാമത്തോടു യേശുവിനുണ്ടായിരുന്ന അതേ മനോഭാവം മത്തായിക്കുമുണ്ടായിരിക്കുമായിരുന്നു, ആ നാമം ഉപയോഗിക്കാതിരിക്കുന്നതുസംബന്ധിച്ചു പ്രബലപ്പെട്ടിരുന്ന യഹൂദ അന്ധവിശ്വാസത്താൽ അവൻ നിയന്ത്രിക്കപ്പെടുകയില്ലായിരുന്നു.—മത്താ. 6:9; യോഹ. 17:6, 26.
8. മത്തായി ഒരു നികുതിപിരിവുകാരനായിരുന്നുവെന്ന വസ്തുത അവന്റെ സുവിശേഷത്തിന്റെ ഉളളടക്കത്തിൽ പ്രതിഫലിക്കുന്നത് എങ്ങനെ?
8 മത്തായി ഒരു നികുതിപിരിവുകാരനായിരുന്നതുകൊണ്ട്, അവൻ പണത്തെയും സംഖ്യകളെയും വിലകളെയും കുറിച്ചു പറയുമ്പോൾ കൃത്യതയുണ്ടായിരിക്കുന്നതു സ്വാഭാവികമാണ്. (മത്താ. 17:27; 26:15; 27:3) നിന്ദിതനായ ഒരു കരംപിരിവുകാരനെ സുവാർത്തയുടെ ഒരു ശുശ്രൂഷകനും യേശുവിന്റെ ഒരു ഉററ സഹവാസിയുമായിത്തീരുന്നതിന് അനുവദിച്ചതിലുളള ദൈവത്തിന്റെ കരുണയെ അവൻ അതിയായി വിലമതിച്ചു. അതുകൊണ്ട്, സുവിശേഷ എഴുത്തുകാരിൽ മത്തായിമാത്രം യാഗത്തിനു പുറമേ കരുണയും ആവശ്യമാണെന്നുളള യേശുവിന്റെ ആവർത്തിച്ചുളള ഊന്നൽ നമുക്കു നൽകുന്നതായി നാം കണ്ടെത്തുന്നു. (9:9-13; 12:7; 18:21-35) മത്തായി യഹോവയുടെ അനർഹദയയാൽ അതിയായി പ്രോത്സാഹിതനായി യേശു പ്രസ്താവിച്ച അത്യന്തം ആശ്വാസകരമായ ചില വാക്കുകൾ രേഖപ്പെടുത്തുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുളേളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉളളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ. എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (11:28-30) ഈ മുൻ കരംപിരിവുകാരന് ഈ സ്നേഹാർദ്രമായ വാക്കുകൾ എത്ര നവോൻമേഷപ്രദമായിരുന്നു, അവന്റെമേൽ തന്റെ നാട്ടുകാർ നിന്ദയല്ലാതെ ഒന്നും ചൊരിഞ്ഞിരിക്കയില്ല എന്നതിനു സംശയമില്ല!
9. ഏതു വിഷയവും അവതരണശൈലിയുമാണു മത്തായിയുടെ സവിശേഷതയായിരിക്കുന്നത്?
9 യേശുവിന്റെ പഠിപ്പിക്കലിന്റെ വിഷയം “സ്വർഗ്ഗരാജ്യം” ആണെന്നു മത്തായി വിശേഷാൽ ഊന്നിപ്പറഞ്ഞു. (4:17) അവനെസംബന്ധിച്ചടത്തോളം യേശു പ്രസംഗക-രാജാവായിരുന്നു. അവന്റെ സുവിശേഷത്തെ രാജ്യസുവിശേഷം എന്നു വിളിക്കാൻ കഴിയുംവിധം “രാജ്യം” എന്ന പദം വളരെ കൂടെക്കൂടെ അവൻ (50-ൽപ്പരം പ്രാവശ്യം) ഉപയോഗിച്ചു. മത്തായി യേശുവിന്റെ പരസ്യപ്രസംഗങ്ങളും പ്രഭാഷണങ്ങളും കർശനമായ കാലാനുക്രമത്തിലല്ല, യുക്തിസഹമായി അവതരിപ്പിക്കുന്നതിലാണു കൂടുതൽ തത്പരനായിരുന്നത്. ആദ്യത്തെ 18 അധ്യായങ്ങളിൽ മത്തായി രാജ്യവിഷയത്തിനു കൊടുത്ത ഊന്നൽ കാലാനുക്രമ ക്രമീകരണത്തിൽനിന്നു വ്യതിചലിക്കുന്നതിലേക്ക് അവനെ നയിച്ചു. എന്നിരുന്നാലും, അവസാനത്തെ പത്ത് അധ്യായങ്ങൾ (19 മുതൽ 28 വരെ) പൊതുവേ കാലാനുക്രമം പിന്തുടരുകയും രാജ്യം ഊന്നിപ്പറയുന്നതിൽ തുടരുകയും ചെയ്യുന്നു.
10. ഉളളടക്കത്തിൽ എത്രത്തോളമാണു മത്തായിയിൽ മാത്രം കാണപ്പെടുന്നത്, സുവിശേഷം ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
10 മത്തായിയുടെ സുവിശേഷവിവരണത്തിന്റെ നാൽപ്പത്തിരണ്ടു ശതമാനം മറേറ മൂന്നു സുവിശേഷങ്ങളിൽ ഒന്നിലും കാണപ്പെടുന്നില്ല.d ഇതിൽ കുറഞ്ഞപക്ഷം പത്ത് ഉപമകൾ അല്ലെങ്കിൽ ദൃഷ്ടാന്തങ്ങൾ ഉൾപ്പെടുന്നു: വയലിലെ കളകൾ (13:24-30), മറഞ്ഞിരിക്കുന്ന നിധി (13:44), ഉയർന്ന മൂല്യമുളള മുത്ത് (13:45, 46), കോരുവല (13:47-50), കരുണയില്ലാത്ത അടിമ (18:23-35), വേലക്കാരും ദിനാറുകളും (20:1-16), പിതാവും രണ്ടു മക്കളും (21:28-32), രാജകുമാരന്റെ വിവാഹം (22:1-14), പത്തു കന്യകമാർ (25:1-13), താലന്തുകൾ (25:14-30) എന്നിവ. ആകെക്കൂടി, പുസ്തകം പൊ.യു.മു. 2-ലെ യേശുവിന്റെ ജനനം മുതൽ പൊ.യു. 33-ലെ തന്റെ സ്വർഗാരോഹണത്തിനു തൊട്ടുമുമ്പു തന്റെ ശിഷ്യരുമായി കണ്ടുമുട്ടുന്നതുവരെയുളള വിവരണം നൽകുന്നു.
മത്തായിയുടെ ഉളളടക്കം
11. (എ) സുവിശേഷം യുക്തിയുക്തമായി എങ്ങനെ തുടങ്ങുന്നു, ഏത് ആദിമസംഭവങ്ങൾ പ്രതിപാദിക്കപ്പെടുന്നു? (ബി) മത്തായി നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന ചില പ്രവചന നിവൃത്തികൾ ഏവയാണ്?
11 യേശുവിനെയും “സ്വർഗ്ഗരാജ്യ”ത്തിന്റെ വാർത്തയെയും അവതരിപ്പിക്കുന്നു (1:1–4:25). യുക്ത്യാനുസൃതം, മത്തായി അബ്രഹാമിന്റെയും ദാവീദിന്റെയും നിയമപരമായ അവകാശിയെന്ന നിലയിലുളള യേശുവിന്റെ പദവി തെളിയിച്ചുകൊണ്ട് അവന്റെ വംശാവലിയിൽ തുടങ്ങുന്നു. അങ്ങനെ, യഹൂദ വായനക്കാരന്റെ ശ്രദ്ധ പിടിച്ചുനിർത്തപ്പെടുന്നു. പിന്നീട്, യേശുവിനെ അത്ഭുതകരമായി ഗർഭംധരിച്ചതിനെയും ബേത്ലഹേമിലെ അവന്റെ ജനനത്തെയും ജ്യോതിഷക്കാരുടെ സന്ദർശനത്തെയും രണ്ടു വയസ്സിൽ താഴ്ന്ന, ബേത്ലഹേമിലെ സകല ആൺകുട്ടികളെയും ഹെരോദാവ് കോപാകുലനായി കൊല്ലുന്നതിനെയും യോസേഫും മറിയയും കൊച്ചുകുട്ടിയെയുംകൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുന്നതിനെയും തുടർന്നു നസറേത്തിൽ ജീവിക്കാനുളള അവരുടെ മടങ്ങിവരവിനെയും കുറിച്ചുളള വിവരണം നാം വായിക്കുന്നു. യേശുവിനെ മുൻകൂട്ടിപ്പറയപ്പെട്ട മിശിഹായെന്നു സ്ഥാപിക്കുന്നതിനു പ്രവചനനിവൃത്തികളിലേക്കു ശ്രദ്ധ ക്ഷണിക്കാൻ മത്തായി ശ്രദ്ധിക്കുന്നു.—മത്താ. 1:23—യെശ. 7:14; മത്താ. 2:1-6—മീഖാ 5:2; മത്താ. 2:13-18—ഹോശേ. 11:1-ഉം യിരെ. 31:15-ഉം; മത്താ. 2:23—യെശ. 11:1, NW അടിക്കുറിപ്പ്.
12. യേശുവിന്റെ സ്നാപനത്തിങ്കലും തൊട്ടു പിന്നാലെയും എന്തു സംഭവിക്കുന്നു?
12 മത്തായിയുടെ വിവരണം ഇപ്പോൾ 30-ഓളം വർഷം ചാടിക്കടക്കുന്നു. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു യോഹന്നാൻസ്നാപകൻ യഹൂദ്യമരുഭൂമിയിൽ പ്രസംഗിക്കുന്നു. (മത്താ. 3:2) അവൻ അനുതാപമുളള യഹൂദൻമാരെ യോർദാൻ നദിയിൽ സ്നാപനം ചെയ്യുകയും വരാനുളള ക്രോധത്തെക്കുറിച്ചു പരീശൻമാർക്കും സദൂക്യർക്കും മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു. യേശു ഗലീലയിൽനിന്നു വരുകയും സ്നാപനം സ്വീകരിക്കുകയും ചെയ്യുന്നു. പെട്ടെന്നുതന്നെ ദൈവാത്മാവ് അവന്റെമേൽ ഇറങ്ങുന്നു. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദം പറയുന്നു. (3:17) യേശു പിന്നീടു മരുഭൂമിയിലേക്കു നയിക്കപ്പെടുന്നു. അവിടെ 40 ദിവസം ഉപവസിച്ച ശേഷം അവൻ പിശാചായ സാത്താനാൽ പരീക്ഷിക്കപ്പെടുന്നു. അവൻ മൂന്നു പ്രാവശ്യം ദൈവവചനത്തിൽനിന്നുളള ഉദ്ധരണികളാൽ സാത്താനെ പിന്തിരിപ്പിക്കുകയും ഒടുവിൽ, ‘സാത്താനെ എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ”, NW] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ” എന്നു എഴുതിയിരിക്കുന്നുവല്ലോ’ എന്നു പറയുകയും ചെയ്യുന്നു.—4:10.
13. ഇപ്പോൾ ഗലീലയിൽ ഏതു ത്രസിപ്പിക്കുന്ന പ്രസ്ഥാനം തുടങ്ങുന്നു?
13 “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ.” അഭിഷിക്തനായ യേശു ഇപ്പോൾ ഈ ത്രസിപ്പിക്കുന്ന വാക്കുകൾ ഗലീലയിൽ പ്രഖ്യാപിക്കുന്നു. തങ്ങളുടെ വലകൾ വിട്ടിട്ടു തന്നെ അനുഗമിക്കാനും ‘മനുഷ്യരെ പിടിക്കുന്നവർ’ ആയിത്തീരാനും നാലു മീൻപിടിത്തക്കാരെ അവൻ ക്ഷണിക്കുന്നു. അവരോടൊത്ത് അവൻ “ഗലീലയിൽ ഒക്കെയും ചുററി സഞ്ചരിച്ചുകൊണ്ടു അവരുടെ പളളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനത്തിലുളള സകലദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും” ചെയ്യുന്നു.—4:17, 19, 23.
14. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഏതു സന്തുഷ്ടിയെക്കുറിച്ചു പറയുന്നു, അവൻ നീതിയെക്കുറിച്ച് എന്തു പറയുന്നു?
14 ഗിരിപ്രഭാഷണം (5:1–7:29). ജനക്കൂട്ടങ്ങൾ തന്നെ അനുഗമിച്ചുതുടങ്ങുമ്പോൾ യേശു പർവതത്തിലേക്കു കയറിപ്പോകുകയും ഇരുന്നു തന്റെ ശിഷ്യരെ പഠിപ്പിച്ചുതുടങ്ങുകയും ചെയ്യുന്നു. അവൻ ഈ പുളകംകൊളളിക്കുന്ന പ്രസംഗം ഒമ്പതു ‘സന്തുഷ്ടി’കളോടെ തുടങ്ങുന്നു: തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ചു ബോധമുളളവർ, വിലപിക്കുന്നവർ, സൗമ്യപ്രകൃതർ, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ, കരുണയുളളവർ, ഹൃദയശുദ്ധിയുളളവർ, സമാധാനമുണ്ടാക്കുന്നവർ, നീതിക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവർ, നിന്ദിക്കപ്പെടുന്നവർ, ദുഷിക്കപ്പെടുന്നവർ എന്നിവർ സന്തുഷ്ടരാകുന്നു. “സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” അവൻ തന്റെ ശിഷ്യരെ “ഭൂമിയുടെ ഉപ്പ്” എന്നും “ലോകത്തിന്റെ വെളിച്ചം” എന്നും വിളിക്കുകയും ശാസ്ത്രിമാരുടെയും പരീശൻമാരുടെയും ഔപചാരികതയിൽനിന്നു വളരെ വിഭിന്നമായ നീതിയെ വിശദീകരിക്കുകയും ചെയ്യുന്നു, അതാണു സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായിരിക്കുന്നത്. “ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”—5:12-14, 48.
15. പ്രാർഥനയെയും രാജ്യത്തെയും കുറിച്ച് യേശുവിന് എന്തു പറയാനുണ്ട്?
15 യേശു കപടഭക്തിപരമായ ദാനങ്ങൾക്കും പ്രാർഥനകൾക്കുമെതിരായി മുന്നറിയിപ്പു കൊടുക്കുന്നു. പിതാവിന്റെ നാമ വിശുദ്ധീകരണത്തിനും അവന്റെ രാജ്യത്തിന്റെ വരവിനും അവരുടെ അനുദിന അഹോവൃത്തിക്കുംവേണ്ടി പ്രാർഥിക്കാൻ അവൻ തന്റെ ശിഷ്യരെ പഠിപ്പിക്കുന്നു. പ്രഭാഷണത്തിലുടനീളം യേശു രാജ്യത്തെ മുൻപന്തിയിൽ നിർത്തുന്നു. തന്നെ അനുഗമിക്കുന്നവർ ഭൗതികസ്വത്തിനെക്കുറിച്ചു വ്യാകുലപ്പെടരുതെന്നും അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കരുതെന്നും അവൻ മുന്നറിയിപ്പു കൊടുക്കുന്നു, എന്തെന്നാൽ പിതാവ് അവരുടെ യഥാർഥ ആവശ്യങ്ങൾ അറിയുന്നു. അപ്പോൾ, “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്ന് അവൻ പറയുന്നു.—6:33.
16. (എ) മററുളളവരുമായുളള ബന്ധംസംബന്ധിച്ച യേശുവിന്റെ ബുദ്ധ്യുപദേശം എന്താണ്, ദൈവത്തിന്റെ ഇഷ്ടം അനുസരിക്കുന്നവരെയും അനുസരിക്കാത്തവരെയും കുറിച്ച് അവൻ എന്തു പറയുന്നു? (ബി) അവന്റെ പ്രഭാഷണത്തിന് എന്തു ഫലമുണ്ട്?
16 മററുളളവരുമായുളള ബന്ധങ്ങളെക്കുറിച്ചു യജമാനൻ ബുദ്ധ്യുപദേശിക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” ജീവനിലേക്കുളള വഴി കണ്ടെത്തുന്ന ചുരുക്കംപേർ പിതാവിന്റെ ഇഷ്ടംചെയ്യുന്നവർ ആയിരിക്കും. അധർമം പ്രവർത്തിക്കുന്നവർ അവരുടെ ഫലങ്ങളാൽ അറിയപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്യും. യേശു തന്റെ വചനങ്ങൾ അനുസരിക്കുന്നവനെ “പാറമേൽ വീടുപണിത ബുദ്ധിയുളള മനുഷ്യനോടു” ഉപമിക്കുന്നു. ശ്രദ്ധിച്ചുകൊണ്ടിരുന്ന ജനക്കൂട്ടങ്ങളുടെമേൽ ഈ പ്രസംഗത്തിന് എന്തു ഫലമുണ്ട്? അവർ “അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു”പോകുന്നു, കാരണം “അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുളളവനായിട്ടത്രേ അവൻ അവരോടു ഉപദേശി”ക്കുന്നത്.—7:12, 24-29.
17. യേശു മിശിഹായെന്ന നിലയിലുളള തന്റെ അധികാരം പ്രകടമാക്കുന്നത് എങ്ങനെ, അവൻ ഏതു സ്നേഹപൂർവകമായ താത്പര്യം പ്രകടമാക്കുന്നു?
17 രാജ്യപ്രസംഗം വികസിപ്പിക്കുന്നു (8:1–11:30). യേശു അനേകം അത്ഭുതങ്ങൾ ചെയ്യുന്നു—കുഷ്ഠരോഗികളെയും തളർവാതം പിടിപെട്ടവരെയും ഭൂതബാധിതരെയും സൗഖ്യമാക്കുന്നു. ഒരു കൊടുങ്കാററു ശമിപ്പിച്ചുകൊണ്ട് അവൻ കാററിൻമേലും തിരമാലകളുടെമേലും അധികാരം പ്രകടമാക്കുന്നു. അവൻ ഒരു പെൺകുട്ടിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്യുന്നു. ജനക്കൂട്ടങ്ങൾ “ഇടയനില്ലാത്ത ആടുകളെപ്പോലെ” എത്ര ചിന്നിയവരും ചിതറിക്കപ്പെട്ടവരുമാണെന്നു കാണുമ്പോൾ യേശുവിന് അവരോട് എന്തു സഹതാപമാണു തോന്നുന്നത്! തന്റെ ശിഷ്യരോട് അവൻ പറയുന്നപ്രകാരം “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം. ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.”—9:36-38.
18. (എ) യേശു തന്റെ അപ്പോസ്തലൻമാർക്ക് ഏതു നിർദേശവും ബുദ്ധ്യുപദേശവും കൊടുക്കുന്നു? (ബി) “ഈ തലമുറ”ക്കു കഷ്ടം എന്തുകൊണ്ട്?
18 യേശു 12 അപ്പോസ്തലൻമാരെ തിരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്യുന്നു. വേല ചെയ്യേണ്ട വിധംസംബന്ധിച്ച് അവർക്ക് അവൻ സുനിശ്ചിതമായ നിർദേശങ്ങൾ കൊടുക്കുകയും അവരുടെ പഠിപ്പിക്കലിന്റെ കേന്ദ്രോപദേശത്തിനു ദൃഢത കൊടുക്കുകയും ചെയ്യുന്നു: “നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.” അവൻ അവർക്കു ജ്ഞാനപൂർവകവും സ്നേഹപൂർവകവുമായ ബുദ്ധ്യുപദേശം കൊടുക്കുന്നു: “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.” “പാമ്പിനെപ്പോലെ ബുദ്ധിയുളളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.” അടുത്ത ബന്ധുക്കളാൽപോലും അവർ വെറുക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യും, എന്നാൽ, “തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും എന്നു യേശു അവരെ ഓർമപ്പെടുത്തുന്നു.” (10:7, 8, 16, 39) തങ്ങളുടെ നിയമിത നഗരങ്ങളിൽ പഠിപ്പിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവർ പോകുന്നു! യേശു യോഹന്നാൻസ്നാപകനെ തനിക്കുമുമ്പായി അയയ്ക്കപ്പെട്ട ദൂതനായി, വാഗ്ദത്തംചെയ്യപ്പെട്ട ‘ഏലിയാവായി’ തിരിച്ചറിയിക്കുന്നു. എന്നാൽ “ഈ തലമുറ” യോഹന്നാനെയോ മനുഷ്യപുത്രനായ യേശുവിനെയോ സ്വീകരിക്കുന്നില്ല. (11:14, 16) അതുകൊണ്ട്, അവന്റെ വീര്യപ്രവൃത്തികൾ കണ്ടിട്ട് അനുതപിക്കാത്ത ഈ തലമുറയ്ക്കും നഗരങ്ങൾക്കും അയ്യോ കഷ്ടം! എന്നാൽ അവന്റെ ശിഷ്യരായിത്തീർന്നവർ തങ്ങളുടെ ദേഹികൾക്കു നവോൻമേഷം കണ്ടെത്തും.
19. ശബത്തിലെ യേശുവിന്റെ നടത്തയെ പരീശൻമാർ ചോദ്യംചെയ്യുമ്പോൾ, യേശു അവരെ അപലപിക്കുന്നത് എങ്ങനെ?
19 പരീശൻമാർ ഖണ്ഡിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്നു (12:1-50). ശബത്തിന്റെ പ്രശ്നത്തിൽ യേശുവിനെ കുററപ്പെടുത്താൻ പരീശൻമാർ ശ്രമിക്കുന്നു. എന്നാൽ അവൻ അവരുടെ ആരോപണങ്ങളെ ഖണ്ഡിക്കുകയും അവരുടെ കപടഭക്തിയെ ഉഗ്രമായി അപലപിക്കുകയും ചെയ്യുന്നു. അവൻ അവരോടു പറയുന്നു: “സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.” (12:34) യോനാപ്രവാചകന്റെ അടയാളംമാത്രമേ അവർക്കു കൊടുക്കുകയുളളു: മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിക്കുളളിൽ ആയിരിക്കും.
20. (എ) യേശു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത് എന്തുകൊണ്ട്? (ബി) അവൻ ഇപ്പോൾ ഏതു രാജ്യദൃഷ്ടാന്തങ്ങൾ നൽകുന്നു?
20 ഏഴു രാജ്യദൃഷ്ടാന്തങ്ങൾ (13:1-58). യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു സംസാരിക്കുന്നത് എന്തുകൊണ്ട്? തന്റെ ശിഷ്യരോട് അവൻ വിശദീകരിക്കുന്നു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” തന്റെ ശിഷ്യർ കാണുകയും കേൾക്കുകയും ചെയ്യുന്നതുകൊണ്ട് അവരെ അവൻ സന്തുഷ്ടരെന്നു പ്രഖ്യാപിക്കുന്നു. എന്തു നവോൻമേഷദായകമായ പ്രബോധനമാണ് അവൻ ഇപ്പോൾ അവർക്കു പ്രദാനംചെയ്യുന്നത്! വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിച്ചശേഷം വയലിലെ കളകളുടെയും കടുകുമണിയുടെയും പുളിമാവിന്റെയും ഒളിച്ചുവെച്ച നിധിയുടെയും ഉയർന്ന മൂല്യമുളള മുത്തിന്റെയും കോരുവലയുടെയും ഉപമകൾ യേശു പറയുന്നു—എല്ലാം “സ്വർഗ്ഗരാജ്യ”ത്തോടുളള ബന്ധത്തിൽ എന്തെങ്കിലും ചിത്രീകരിക്കുന്നതുതന്നെ. എന്നിരുന്നാലും, ആളുകൾ അവനിൽ ഇടറുന്നു. യേശു അവരോടു പറയുന്നു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല.”—13:11, 57.
21. (എ) യേശു ഏത് അത്ഭുതങ്ങൾ ചെയ്യുന്നു, അവ അവനെ ആരായി തിരിച്ചറിയിക്കുന്നു? (ബി) മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു സംബന്ധിച്ച് ഏതു ദർശനം കൊടുക്കപ്പെടുന്നു?
21 “ക്രിസ്തു”വിന്റെ കൂടുതലായ ശുശ്രൂഷയും അത്ഭുതങ്ങളും (14:1–17:27). നട്ടെല്ലില്ലാത്ത ഹെരോദാവ് അന്തിപ്പാസിന്റെ കൽപ്പനപ്രകാരം നടന്ന യോഹന്നാൻ സ്നാപകന്റെ ശിരഃഛേദനത്തെക്കുറിച്ചുളള വാർത്തയാൽ യേശു ആഴമായി ബാധിക്കപ്പെടുന്നു. അവൻ അത്ഭുതകരമായി 5,000-വും അധികവും വരുന്ന ഒരു ജനക്കൂട്ടത്തെ പോഷിപ്പിക്കുന്നു; കടലിൻമേൽ നടക്കുന്നു; പരീശൻമാരുടെ കൂടുതലായ വിമർശനത്തിന്റെ മുനയൊടിക്കുന്നു. അവർ ‘തങ്ങളുടെ പാരമ്പര്യത്താൽ ദൈവവചനത്തെ അതിലംഘിക്കുകയാണ്’ എന്ന് അവൻ പറയുന്നു; ഭൂതബാധിതരെയും “മുടന്തർ, കുരുടർ, ഊമർ, കൂനർ, മുതലായ പലരെയും” അവൻ സൗഖ്യമാക്കുന്നു; വീണ്ടും ഏഴപ്പവും ചുരുക്കംചില ചെറുമീനുംകൊണ്ട് 4000-ത്തിൽപ്പരം പേരെ പോഷിപ്പിക്കുന്നു. (15:3, 30) യേശുവിന്റെ ഒരു ചോദ്യത്തോടുളള പ്രതികരണമായി “നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു പറഞ്ഞുകൊണ്ടു പത്രോസ് അവനെ തിരിച്ചറിയിക്കുന്നു. യേശു പത്രോസിനെ അഭിനന്ദിക്കുകയും, “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. (16:16, 18) യേശു ഇപ്പോൾ അടുത്തുവരുന്ന തന്റെ മരണത്തെയും മൂന്നാംദിവസത്തെ തന്റെ പുനരുത്ഥാനത്തെയും കുറിച്ചു സംസാരിച്ചുതുടങ്ങുന്നു. എന്നാൽ തന്റെ ശിഷ്യരിൽ ചിലർ “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കു”കയില്ലെന്നും അവൻ വാഗ്ദത്തംചെയ്യുന്നു. (16:28) ആറു ദിവസം കഴിഞ്ഞു താൻ മഹത്ത്വത്തിൽ മറുരൂപപ്പെടുന്നതു കാണാൻ യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ഒരു ഉയർന്ന മലയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഒരു ദർശനത്തിൽ, മോശയും ഏലിയാവും അവനോടു സംസാരിക്കുന്നത് അവർ കാണുന്നു, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ” എന്നു പറയുന്ന സ്വർഗത്തിൽനിന്നുളള ഒരു ശബ്ദം അവർ കേൾക്കുകയും ചെയ്യുന്നു. വാഗ്ദത്തംചെയ്യപ്പെട്ട “ഏലിയാവു” വന്നുകഴിഞ്ഞുവെന്നു പർവതത്തിൽനിന്ന് ഇറങ്ങിയശേഷം യേശു അവരോടു പറയുന്നു, അവൻ യോഹന്നാൻ സ്നാപകനെക്കുറിച്ചാണു പറയുന്നത് എന്ന് അവർ ഗ്രഹിക്കുന്നു.—17:5, 12.
22. യേശു ക്ഷമ സംബന്ധിച്ച് എന്തു ബുദ്ധ്യുപദേശിക്കുന്നു?
22 യേശു തന്റെ ശിഷ്യൻമാരെ ബുദ്ധ്യുപദേശിക്കുന്നു (18:1-35). കഫർന്നഹൂമിൽവെച്ചു യേശു ശിഷ്യൻമാരോടു താഴ്മയെക്കുറിച്ചും അലഞ്ഞുതിരിയുന്ന ഒരു ആടിനെ വീണ്ടെടുക്കുന്നതിലെ മഹാസന്തോഷത്തെക്കുറിച്ചും സഹോദരൻമാർ തമ്മിലുളള കുററങ്ങൾക്കു തീരുമാനമുണ്ടാക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. ‘ഞാൻ എന്റെ സഹോദരനോടു എത്ര പ്രാവശ്യം ക്ഷമിക്കണം’ എന്നു പത്രോസ് ചോദിക്കുന്നു. “ഏഴുവട്ടമല്ല, ഏഴു എഴുപതുവട്ടം [“എഴുപത്തേഴു വട്ടം”, NW] എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു യേശു പറയുന്നു. ഇതിനു ശക്തി പകരുന്നതിന് 6 കോടി ദിനാറിന്റെ കടം യജമാനൻ ഇളച്ചുകൊടുത്ത ഒരു അടിമയുടെ ദൃഷ്ടാന്തം യേശു പറയുന്നു. ഈ അടിമ പിന്നീട് 100 ദിനാറിന്റെ ഒരു കടംനിമിത്തം ഒരു സഹ അടിമയെ തടവിലാക്കിച്ചു. തത്ഫലമായി കരുണയില്ലാത്ത അടിമ ജയിലധികൃതർക്ക് ഏൽപ്പിക്കപ്പെട്ടു.e “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നെ നിങ്ങളോടും ചെയ്യും” എന്ന ആശയം യേശു വ്യക്തമാക്കുന്നു.—18:21, 22, 35.
23. വിവാഹമോചനംസംബന്ധിച്ചും ജീവനിലേക്കുളള വഴിസംബന്ധിച്ചും യേശു എന്തു വിശദീകരിക്കുന്നു?
23 യേശുവിന്റെ ശുശ്രൂഷയുടെ അവസാനവർഷങ്ങൾ (19:1–22:46). ശാസ്ത്രിമാരും പരീശൻമാരും യേശുവിന്റെ ശുശ്രൂഷയിൽ കൂടുതൽ കുപിതരായിത്തീരുമ്പോൾ സംഭവങ്ങൾ ത്വരിതഗതിയിലാവുകയും സംഘർഷം വർധിക്കുകയും ചെയ്യുന്നു. അവർ വിവാഹമോചനത്തിന്റെ കാര്യത്തിൽ അവനെ കുടുക്കുന്നതിനു വരുന്നുവെങ്കിലും പരാജയപ്പെടുന്നു; വിവാഹമോചനത്തിന്റെ ഏക തിരുവെഴുത്ത് അടിസ്ഥാനം പരസംഗമാണെന്നു യേശു പ്രകടമാക്കുന്നു. ഒരു ധനികനായ യുവാവു യേശുവിന്റെ അടുക്കൽ വരികയും നിത്യജീവനിലേക്കുളള വഴി ചോദിക്കുകയും ചെയ്യുന്നു, എന്നാൽ തനിക്കുളളതെല്ലാം വിററിട്ടു യേശുവിന്റെ ഒരു അനുഗാമിയാകേണ്ടതാണെന്നു മനസ്സിലാക്കുമ്പോൾ അയാൾ ദുഃഖിതനായി പോകുന്നു. വേലക്കാരുടെയും ദിനാറിന്റെയും ദൃഷ്ടാന്തം പറഞ്ഞശേഷം യേശു വീണ്ടും തന്റെ മരണത്തെയും പുനരുത്ഥാനത്തെയുംകുറിച്ചു സംസാരിക്കുന്നു. അവൻ പറയുന്നു: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെതന്നെ.”—20:28.
24. യേശു തന്റെ മനുഷ്യജീവിതത്തിന്റെ അവസാനവാരത്തിൽ പ്രവേശിക്കുമ്പോൾ മതവൈരികളുമായി അവൻ ഏത് ഏററുമുട്ടലുകൾ നടത്തുന്നു, അവൻ അവരുടെ ചോദ്യങ്ങൾ എങ്ങനെ കൈകാര്യംചെയ്യുന്നു?
24 യേശു ഇപ്പോൾ തന്റെ മനുഷ്യജീവിതത്തിന്റെ അവസാനവാരത്തിലേക്കു കടക്കുന്നു. അവൻ യെരുശലേമിലേക്കു ‘രാജാവായി ഒരു കഴുതപ്പുറത്തുകയറി’ ജയഘോഷയാത്ര നടത്തുന്നു. (21:4, 5) അവൻ പണ കൈമാററക്കാരെയും മററു ലാഭക്കൊതിയൻമാരെയും ഇറക്കിവിട്ടുകൊണ്ട് ആലയത്തെ ശുദ്ധീകരിക്കുന്നു. “ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു” എന്നു പറഞ്ഞപ്പോൾ അവന്റെ ശത്രുക്കളുടെ വിദ്വേഷം മൂർച്ഛിക്കുന്നു. (21:31) മുന്തിരിത്തോട്ടത്തെയും വിവാഹവിരുന്നിനെയും കുറിച്ചുളള കുറിക്കുകൊളളുന്ന അവന്റെ ദൃഷ്ടാന്തങ്ങൾ തുളഞ്ഞുകയറുന്നു. “കൈസർക്കുളളതു കൈസർക്കും ദൈവത്തിന്നുളളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു പറഞ്ഞുകൊണ്ടു പരീശൻമാരുടെ നികുതിസംബന്ധമായ ചോദ്യത്തിന് അവൻ വിദഗ്ധമായി ഉത്തരം നൽകുന്നു. (22:21) അതുപോലെതന്നെ അവൻ സദൂക്യരുടെ ഒരു കുടുക്കുചോദ്യത്തെ പിന്തിരിപ്പിക്കുകയും പുനരുത്ഥാനപ്രത്യാശയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. വീണ്ടും ന്യായപ്രമാണത്തെ സംബന്ധിച്ച ഒരു ചോദ്യവുമായി പരീശൻമാർ അവനെ സമീപിക്കുന്നു. ഏററവും വലിയ കൽപ്പന യഹോവയെ പൂർണമായി സ്നേഹിക്കുക എന്നതും രണ്ടാമത്തേത് ഒരുവന്റെ അയൽക്കാരനെ തന്നേപ്പോലെതന്നെ സ്നേഹിക്കുക എന്നതും ആണെന്ന് അവൻ അവരോടു പറയുന്നു. പിന്നീട്, ‘ക്രിസ്തുവിനു ദാവീദിന്റെ പുത്രനും അവന്റെ കർത്താവുമായിരിക്കാൻ എങ്ങനെ കഴിയും?’ എന്നു യേശു അവരോടു ചോദിക്കുന്നു. ആർക്കും ഉത്തരംപറയാൻ കഴിയുന്നില്ല. പിന്നീട് ആരും അവനോടു ചോദ്യം ചോദിക്കാൻ മുതിരുന്നില്ല.—22:45, 46.
25. യേശു ശാസ്ത്രിമാരെയും പരീശൻമാരെയും ശക്തമായി അപലപിക്കുന്നത് എങ്ങനെ?
25 ‘കപടഭക്തരേ, നിങ്ങൾക്ക് അയ്യോ കഷ്ടം’ (23:1–24:2). ആലയത്തിൽ ജനക്കൂട്ടങ്ങളോടു സംസാരിക്കുമ്പോൾ യേശു ശാസ്ത്രിമാരെയും പരീശൻമാരെയും വീണ്ടും ഉഗ്രമായി അപലപിക്കുന്നു. രാജ്യത്തിൽ പ്രവേശിക്കുന്നതിന് അവർ തങ്ങളേത്തന്നെ അയോഗ്യരാക്കിയിരിക്കുന്നുവെന്നു മാത്രമല്ല, മററുളളവർ പ്രവേശിക്കുന്നതിനെ തടയാൻ സകല കൗശലങ്ങളും പ്രയോഗിക്കുകയും ചെയ്യുന്നു. വെളളതേച്ച ശവക്കല്ലറകൾപോലെതന്നെ അവർ പുറമേ അഴകുളളവരായി കാണപ്പെടുന്നു, എന്നാൽ അകമേ അവരിൽ ദുഷിപ്പും ജീർണതയും നിറഞ്ഞിരിക്കുന്നു. “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും” എന്ന യെരുശലേമിനെതിരായ ന്യായവിധിയോടെ യേശു പര്യവസാനിപ്പിക്കുന്നു. (23:38) ആലയം വിട്ടുപോകുമ്പോൾ യേശു അതിന്റെ നാശം പ്രവചിക്കുന്നു.
26. യേശു രാജ്യമഹത്ത്വത്തിലുളള തന്റെ സാന്നിധ്യംസംബന്ധിച്ച് ഏതു പ്രാവചനിക അടയാളം നൽകുന്നു?
26 യേശു തന്റെ ‘സാന്നിധ്യത്തിന്റെ അടയാളം’ നൽകുന്നു (24:3–25:46). അവന്റെ ശിഷ്യൻമാർ ഒലിവുമലയിൽവെച്ച്, ‘അവന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാള’ത്തെക്കുറിച്ച് അവനോടു ചോദിക്കുന്നു. ഉത്തരമായി യേശു, ‘ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായു’മുളള യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, അധർമത്തിന്റെ വർധനവ്, “രാജ്യത്തിന്റെ ഈ സുവാർത്ത”യുടെ ഭൂവ്യാപക പ്രസംഗം, “വിശ്വസ്തനും വിവേകിയുമായ അടിമ”യെ “തനിക്കുളള സകല സ്വത്തുക്കളുടെയും”മേൽ നിയമിക്കൽ എന്നിവയുടെയും, സംയുക്ത അടയാളത്തിന്റെ മററനേകം സവിശേഷതകളുടെയും ഒരു കാലത്തേക്കു മുമ്പോട്ടു വിരൽചൂണ്ടുന്നു. (24:3, 7, 14, 45-47) ജാഗ്രതയും വിശ്വസ്തതയുമുളളവർക്കു സന്തോഷകരമായ പ്രതിഫലങ്ങൾ വെച്ചുനീട്ടുന്ന, പത്തു കന്യകമാരെയും താലന്തുകളെയും കുറിച്ചുളള ദൃഷ്ടാന്തങ്ങളോടും കോലാടുതുല്യർ “നിത്യഛേദനത്തിലേക്കും, എന്നാൽ നീതിമാൻമാർ നിത്യജീവനിലേക്കും” പോകുന്നതായി പ്രകടമാക്കുന്ന ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുളള ദൃഷ്ടാന്തത്തോടും കൂടെ യേശു ഈ പ്രധാനപ്പെട്ട പ്രവചനം ഉപസംഹരിക്കുന്നു.—25:46, NW.
27. ഏതു സംഭവങ്ങൾ ഭൂമിയിലെ യേശുവിന്റെ അന്തിമദിവസത്തിൽ നടക്കുന്നു?
27 യേശുവിന്റെ അന്തിമദിവസത്തിലെ സംഭവങ്ങൾ (26:1–27:66). പെസഹ ആഘോഷിച്ചശേഷം യേശു തന്റെ ശരീരരക്തങ്ങളുടെ പ്രതീകങ്ങളായ അപ്പത്തിലും വീഞ്ഞിലും പങ്കുപററാൻ വിശ്വസ്തരായ അപ്പോസ്തലൻമാരെ ക്ഷണിച്ചുകൊണ്ട് അവരുമായി പുതുതായ ഒന്ന് ഏർപ്പെടുത്തുന്നു. പിന്നീട് അവർ ഗത്സമേനയിലേക്കു പോകുന്നു. അവിടെ യേശു പ്രാർഥിക്കുന്നു. അവിടെ യൂദാ സായുധരായ ഒരു ജനക്കൂട്ടവുമായി വരുകയും കപടഭാവത്തിലുളള ഒരു ചുംബനത്തോടെ യേശുവിനെ ഒററിക്കൊടുക്കുകയും ചെയ്യുന്നു. യേശുവിനെ മഹാപുരോഹിതന്റെ അടുക്കലേക്കു കൊണ്ടുപോകുന്നു. മുഖ്യപുരോഹിതൻമാരും മുഴു സൻഹെദ്രീമും യേശുവിനെതിരെ കളളസാക്ഷികളെ അന്വേഷിക്കുന്നു. യേശുവിന്റെ പ്രവചനപ്രകാരം, പരീക്ഷിക്കപ്പെട്ടപ്പോൾ പത്രോസ് അവനെ തളളിപ്പറയുന്നു. മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടിട്ടു യൂദാ തന്റെ ഒററുപണം ആലയത്തിലേക്ക് എറിയുകയും പോയി കെട്ടിത്തൂങ്ങുകയും ചെയ്യുന്നു. പ്രഭാതത്തിൽ യേശു റോമൻ ഗവർണറായ പീലാത്തോസിന്റെ മുമ്പിലേക്ക് ആനയിക്കപ്പെടുന്നു. അവൻ പുരോഹിതൻമാരാൽ ഇളക്കിവിടപ്പെട്ട ജനക്കൂട്ടത്തിൽനിന്നുളള സമ്മർദത്താൽ അവനെ തൂക്കിക്കൊല്ലുന്നതിന് ഏൽപ്പിച്ചുകൊടുക്കുന്നു. “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു ജനക്കൂട്ടം അട്ടഹസിക്കുന്നു. ഗവർണറുടെ പടയാളികൾ അവന്റെ രാജത്വത്തെ കളിയാക്കുകയും അനന്തരം അവനെ ഗോൽഗോഥായിലേക്കു നയിക്കുകയും ചെയ്യുന്നു. അവിടെ “യെഹൂദൻമാരുടെ രാജാവായ യേശു” എന്ന ഒരു ആലേഖനം അവന്റെ തലക്കുമീതെ വെച്ചുകൊണ്ട് അവനെ രണ്ടു കൊളളക്കാരുടെ മധ്യേ സ്തംഭത്തിൽ തറയ്ക്കുന്നു. (27:25, 37) ഒടുവിൽ മണിക്കൂറുകൾ നീണ്ട ദണ്ഡനത്തിനുശേഷം ഉച്ചതിരിഞ്ഞ് ഏതാണ്ട് മൂന്നുമണിക്കു യേശു മരിക്കുന്നു. പിന്നീട് അരിമത്യയിലെ യോസേഫിന്റെ ഒരു പുത്തൻ സ്മാരകക്കല്ലറയിൽ അവനെ വെക്കുന്നു. അതു സകല ചരിത്രത്തിലുംവെച്ചു സംഭവബഹുലമായ ഒരു ദിവസമാണ്!
28. ഏററവും നല്ല ഏതു വാർത്തയോടെ മത്തായി തന്റെ വിവരണത്തെ പാരമ്യത്തിലെത്തിക്കുന്നു, അവൻ ഏതു നിയോഗത്തോടെ ഉപസംഹരിക്കുന്നു?
28 യേശുവിന്റെ പുനരുത്ഥാനവും അന്തിമനിർദേശങ്ങളും (28:1-20). മത്തായി ഇപ്പോൾ അതിവിശിഷ്ട വാർത്തയാൽ തന്റെ വിവരണത്തെ പാരമ്യത്തിലെത്തിക്കുന്നു. മരിച്ച യേശു ഉയിർപ്പിക്കപ്പെടുന്നു—അവൻ വീണ്ടും ജീവിക്കുന്നു! വാരത്തിന്റെ ആദ്യദിവസം അതിരാവിലെ മഗ്ദലേനമറിയയും “മറേറ മറിയ”യും കല്ലറക്കലേക്കു വരികയും ഈ സന്തോഷപൂർണമായ വസ്തുത സംബന്ധിച്ച ദൂതന്റെ പ്രഖ്യാപനം കേൾക്കുകയും ചെയ്യുന്നു. (28:1) അതിനെ സ്ഥിരീകരിക്കുന്നതിനു യേശുതന്നെ അവർക്കു പ്രത്യക്ഷപ്പെടുന്നു. “അവന്റെ ശിഷ്യൻമാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി” എന്നു പറയാൻ കല്ലറക്കൽ കാവൽനിന്നിരുന്ന പടയാളികൾക്കു കൈക്കൂലി കൊടുത്തുകൊണ്ടു ശത്രുക്കൾ അവന്റെ പുനരുത്ഥാനത്തിന്റെ വസ്തുതയോടു പൊരുതാൻ ശ്രമിക്കുകപോലും ചെയ്യുന്നു. പിന്നീട്, ഗലീലയിൽ യേശു തന്റെ ശിഷ്യരുമായി മറെറാരു പ്രാവശ്യം കൂടിക്കാണുന്നു. അവർക്കുവേണ്ടിയുളള അവന്റെ വിടവാങ്ങൽ നിർദേശമെന്താണ്? ഇതുതന്നെ: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” അവർക്ക് ഈ പ്രസംഗവേലയിൽ മാർഗനിർദേശം ഉണ്ടായിരിക്കുമോ? മത്തായി രേഖപ്പെടുത്തുന്ന യേശുവിന്റെ അവസാനത്തെ പ്രസ്താവന ഈ ഉറപ്പു കൊടുക്കുന്നു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.”—28:13, 19, 20.
എന്തുകൊണ്ടു പ്രയോജനപ്രദം
29. (എ) മത്തായി എബ്രായ തിരുവെഴുത്തുകളും ഗ്രീക്ക് തിരുവെഴുത്തുകളും തമ്മിൽ കൂട്ടിയിണക്കുന്നതെങ്ങനെ? (ബി) യേശു ആസ്വദിച്ച ഏതു പദവി ഇന്നും ക്രിസ്ത്യാനികൾക്കു ലഭ്യമാണ്?
29 നാലു സുവിശേഷങ്ങളിൽ ആദ്യത്തേതായ മത്തായിയുടെ പുസ്തകം എബ്രായ തിരുവെഴുത്തുകളിൽനിന്നു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലേക്കുളള ഒരു വിശിഷ്ടമായ പാലം പ്രദാനം ചെയ്യുന്നു. അതു മിശിഹായും ദൈവത്തിന്റെ വാഗ്ദത്തരാജ്യത്തിന്റെ രാജാവുമായവനെ തെററാത്തവിധം തിരിച്ചറിയിക്കുകയും അവന്റെ അനുഗാമികളായിത്തീരുന്നതിനുളള യോഗ്യതകൾ അറിയിക്കുകയും അവർക്കുവേണ്ടി ഭൂമിയിൽ തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്ന വേലയെ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. ഒന്നാമതു യോഹന്നാൻസ്നാപകനും പിന്നീടു യേശുവും ഒടുവിൽ അവന്റെ ശിഷ്യരും “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചുനടന്നു. കൂടാതെ, യേശുവിന്റെ കൽപ്പന വ്യവസ്ഥിതിയുടെ സമാപനംവരെത്തന്നെ എത്തുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” യജമാനന്റെ മാതൃക പിന്തുടർന്നുകൊണ്ടു ‘സകലജാതികളെയും ശിഷ്യരാക്കു’ന്നത് ഉൾപ്പെടെ ഈ രാജ്യവേലയിൽ പങ്കെടുക്കുക എന്നതു വാസ്തവത്തിൽ മഹത്തും അത്ഭുതകരവുമായ ഒരു പദവിയായിരുന്നു, ഇപ്പോഴുമാണ്.—3:2; 4:17; 10:7; 24:14; 28:19.
30. മത്തായിയിലെ ഏതു പ്രത്യേകഭാഗം അതിന്റെ പ്രായോഗികമൂല്യംസംബന്ധിച്ച് അംഗീകാരം നേടിയിരിക്കുന്നു?
30 തീർച്ചയായും മത്തായിയുടെ സുവിശേഷം “സുവാർത്ത”യാണ്. അതിലെ നിശ്വസ്ത സന്ദേശം പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ ശ്രദ്ധിച്ചവർക്ക് അതു “സുവാർത്ത” ആയിരുന്നു. ഇന്നോളം “സുവാർത്ത”യെന്ന നിലയിൽ അതു സൂക്ഷിക്കുന്നതിൽ യഹോവയാം ദൈവം ശ്രദ്ധിച്ചിരിക്കുന്നു. ഈ സുവിശേഷത്തിന്റെ ശക്തിയെ അംഗീകരിക്കാൻ അക്രൈസ്തവർപോലും നിർബന്ധിതരായിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഹൈന്ദവനേതാവായ മോഹൻദാസ് (മഹാത്മാ) ഗാന്ധി ഇന്ത്യയിലെ ഒരു മുൻവൈസ്രോയിയായ ഇർവിൻപ്രഭുവിനോട് ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടുചെയ്യപ്പെടുന്നു: “ക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഉപദേശങ്ങളിൽ നിങ്ങളുടെ രാജ്യവും എന്റേതും ഒത്തുചേരുമ്പോൾ നമ്മുടെ രാജ്യങ്ങളിലേതുമാത്രമല്ല, മുഴുലോകത്തിലേയും രാജ്യങ്ങളുടെ പ്രശ്നങ്ങൾ നാം പരിഹരിച്ചിരിക്കും.”f മറെറാരു സന്ദർഭത്തിൽ ഗാന്ധി ഇങ്ങനെ പറഞ്ഞു: “തീർച്ചയായും ഗിരിപ്രഭാഷണത്തിൽ നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന ഉറവകളിൽനിന്ന് ആഴമായി കുടിക്കുക . . . എന്തെന്നാൽ പ്രഭാഷണത്തിലെ ഉപദേശം നമ്മിൽ ഓരോരുത്തരെയും ഉദ്ദേശിച്ചുളളതാണ്.”g
31. മത്തായിയിലെ ബുദ്ധ്യുപദേശത്തോട് ആർ യഥാർഥ വിലമതിപ്പു പ്രകടമാക്കിയിരിക്കുന്നു, ഈ സുവിശേഷം വീണ്ടും വീണ്ടും പഠിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
31 എന്നിരുന്നാലും, ക്രിസ്തീയം എന്നവകാശപ്പെടുന്ന ഭാഗമുൾപ്പെടെ മുഴു ലോകവും അതിന്റെ പ്രശ്നങ്ങളുമായി തുടരുകയാണ്. ഗിരിപ്രഭാഷണവും മത്തായി എഴുതിയ സുവിശേഷത്തിലെ മറെറല്ലാ നല്ല ബുദ്ധ്യുപദേശവും വിലമതിക്കാനും പഠിക്കാനും ബാധകമാക്കാനും അങ്ങനെ അവർണനീയമായ പ്രയോജനങ്ങൾ നേടാനും സാധിക്കുന്നതു സത്യക്രിസ്ത്യാനികളുടെ ഒരു ചെറിയ ന്യൂനപക്ഷത്തിനാണ്. യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നതു സംബന്ധിച്ചും അതുപോലെതന്നെ ധാർമികനിഷ്ഠ, വിവാഹം, സ്നേഹത്തിന്റെ ശക്തി, സ്വീകാര്യമായ പ്രാർഥന, ഭൗതികവിരുദ്ധ ആത്മീയ മൂല്യങ്ങൾ, ഒന്നാമതു രാജ്യമന്വേഷിക്കൽ, വിശുദ്ധകാര്യങ്ങളോടുളള ആദരവ്, ഉണർവ്, അനുസരണം എന്നിവ സംബന്ധിച്ചുളള യേശുവിന്റെ നല്ല ബുദ്ധ്യുപദേശങ്ങൾ വീണ്ടും വീണ്ടും പഠിക്കുന്നതു പ്രയോജനകരമാണ്. മത്തായി 10-ാം അധ്യായം “സ്വർഗ്ഗരാജ്യ”ത്തിന്റെ സുവാർത്തയുടെ പ്രസംഗം ഏറെറടുക്കുന്നവർക്കുളള യേശുവിന്റെ സേവന നിർദേശങ്ങൾ നൽകുന്നു. ‘കേൾക്കാൻ കാതുളള’ എല്ലാവർക്കും യേശുവിന്റെ അനേകം ദൃഷ്ടാന്തങ്ങളിൽ മർമപ്രധാനമായ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല, ‘തന്റെ സാന്നിധ്യത്തിന്റെ അടയാളം’ വിശദമായി മുൻകൂട്ടിപ്പറയുന്നതുൾപ്പെടെയുളള യേശുവിന്റെ പ്രവചനങ്ങൾ ഭാവിയിലേക്കു ശക്തമായ പ്രത്യാശയും വിശ്വാസവും കെട്ടുപണിചെയ്യുന്നു.—5:1–7:29; 10:5-42; 13:1-58; 18:1–20:16; 21:28–22:40; 24:3–25:46.
32. (എ) നിവൃത്തിയേറിയ പ്രവചനം യേശുവിന്റെ മിശിഹാപദവിയെ തെളിയിക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക. (ബി) ഈ നിവൃത്തികൾ ഇന്നു നമുക്ക് ഏതു ശക്തമായ ഉറപ്പുനൽകുന്നു?
32 മത്തായിയുടെ സുവിശേഷത്തിൽ നിവൃത്തിയേറിയ പ്രവചനങ്ങൾ ധാരാളമുണ്ട്. നിശ്വസ്ത എബ്രായ തിരുവെഴുത്തുകളിൽനിന്നുളള അവന്റെ ഉദ്ധരണികളിലനേകവും ഈ നിവൃത്തികൾ കാണിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. അവ യേശു മിശിഹാ ആണെന്നുളളതിന്റെ അവിതർക്കിതമായ തെളിവു നൽകുന്നു, കാരണം ഈ വിശദാംശങ്ങളെല്ലാം മുന്നമേ ക്രമീകരിക്കുക തികച്ചും അസാധ്യമായിരിക്കുമായിരുന്നു. ദൃഷ്ടാന്തത്തിന്, മത്തായി 13:14, 15-നെ യെശയ്യാവു 6:9, 10-നോടും മത്തായി 21:42-നെ സങ്കീർത്തനം 118:22, 23-നോടും മത്തായി 26:31, 56-നെ സെഖര്യാവു 13:7-നോടും താരതമ്യംചെയ്യുക. അങ്ങനെയുളള നിവൃത്തികൾ മത്തായി രേഖപ്പെടുത്തിയ യേശുവിന്റെതന്നെ പ്രാവചനിക ദീർഘദർശനങ്ങളെല്ലാം “സ്വർഗ്ഗരാജ്യം” സംബന്ധിച്ച യഹോവയുടെ മഹത്തായ ഉദ്ദേശ്യങ്ങൾ ഫലപ്രാപ്തിയിലെത്തുമ്പോൾ തക്ക സമയത്തു സത്യമായി ഭവിക്കുമെന്നുളളതിനും നമുക്കു ശക്തമായ ഉറപ്പു നൽകുന്നു.
33. ഏത് അറിവിലും പ്രത്യാശയിലും നീതിസ്നേഹികൾക്ക് ഇപ്പോൾ സന്തോഷിക്കാം?
33 രാജ്യത്തിന്റെ രാജാവിന്റെ ജീവിതം സൂക്ഷ്മവിശദാംശംവരെ മുൻകൂട്ടിപ്പറഞ്ഞതിൽ ദൈവം എത്ര കൃത്യതയുളളവനായിരുന്നു! ഈ പ്രവചനങ്ങളുടെ നിവൃത്തി വിശ്വസ്തമായി രേഖപ്പെടുത്തുന്നതിൽ നിശ്വസ്തനായ മത്തായി എത്ര കൃത്യതയുളളവനായിരുന്നു! മത്തായിയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല പ്രാവചനികനിവൃത്തികളെയും വാഗ്ദത്തങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോൾ നീതിസ്നേഹികൾക്ക്, തന്റെ നാമത്തെ വിശുദ്ധീകരിക്കാനുളള യഹോവയുടെ ഉപകരണമെന്ന നിലയിൽ “സ്വർഗ്ഗരാജ്യ”ത്തെക്കുറിച്ചുളള അറിവിലും പ്രത്യാശയിലും തീർച്ചയായും സന്തോഷിക്കാൻ കഴിയും. യേശുക്രിസ്തു മുഖേനയുളള ഈ രാജ്യമാണു “പുനർജ്ജനനത്തിൽ [“പുനഃസൃഷ്ടി”, NW] മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ” സൗമ്യതയുളളവർക്കും ആത്മീയമായി വിശപ്പുളളവർക്കും ജീവന്റെയും സന്തുഷ്ടിയുടെയും അവർണനീയമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നത്. (മത്താ. 19:28) ഇതെല്ലാം “മത്തായി എഴുതിയ” ഉത്തേജകമായ സുവിശേഷത്തിൽ അടങ്ങിയിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a 1981-ലെ പുനർമുദ്രണം, വാല്യം V, പേജ് 895.
b ഇ. സി. റിച്ചാർഡ്സൻ സംവിധാനം ചെയ്തതും “Texte und Untersuchungen zur Geschichte der altchristlichen Literatur” എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ചതുമായ ലത്തീൻ പാഠത്തിൽനിന്നുളള വിവർത്തനം, ലീപ്സിഗ്, 1896, വാല്യം 14, പേജുകൾ 8, 9.
c സഭാചരിത്രം VI, XXV, 3-6.
d സുവിശേഷങ്ങളുടെ പഠനത്തിനുളള ആമുഖം (ഇംഗ്ലീഷ്) 1896, ബി. എഫ്. വെസ്ററ്കോട്ട്, പേജ് 201.
e യേശുവിന്റെ നാളിൽ ഒരു ദിനാർ ഒരു ദിവസത്തെ ശമ്പളത്തിനു തുല്യമായിരുന്നു. അതുകൊണ്ട് 100 ദിനാർ ഒരു വർഷത്തെ ശമ്പളത്തിന്റെ ഏതാണ്ട് മൂന്നിലൊന്നിനു തുല്യമായിരുന്നു. ആറു കോടി ദിനാർ ആയിരക്കണക്കിന് ആയുഷ്കാലങ്ങളിൽ കുന്നുകൂട്ടുന്ന ശമ്പളത്തിനു തുല്യമായിരുന്നു.—തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 614.
f ക്രിസ്തീയവിശ്വാസ നിധി, 1949, എസ്. ഐ. സ്ററൂബറും ററി. സി. ക്ലാർക്കും സംവിധാനം ചെയ്തത്, പേജ് 43.
g മഹാത്മാഗാന്ധിയുടെ ആശയങ്ങൾ (ഇംഗ്ലീഷ്) 1930, സി. എഫ്. ആഡ്രൂസ് രചിച്ചത്, പേജ് 96.