ബൈബിൾ പുസ്തക നമ്പർ 65—യൂദാ
എഴുത്തുകാരൻ: യൂദാ
എഴുതിയ സ്ഥലം: പാലസ്തീൻ (?)
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 65
1. സഭക്കുളളിലെ ഏതവസ്ഥകൾ നിമിത്തം തന്റെ സഹോദരൻമാർക്കുവേണ്ടി ഊർജസ്വലമായ ലേഖനം എഴുതേണ്ടതാവശ്യമാണെന്നു യൂദാ കണ്ടെത്തി?
യൂദായുടെ ക്രിസ്തീയ സഹോദരൻമാർ അപകടത്തിലായിരുന്നു! ക്രിസ്തുയേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം കടന്നുപോയിരുന്ന കാലത്ത് അന്യ ഘടകങ്ങൾ ക്രിസ്തീയസഭയിലേക്കു നുഴഞ്ഞുകടന്നിരുന്നു. ഏതാണ്ട് 14 വർഷംമുമ്പ് അപ്പോസ്തലനായ പൗലൊസ് മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, വിശ്വാസത്തിനു തുരങ്കംവെക്കുക എന്ന ഉദ്ദേശ്യത്തിൽ ശത്രു നുഴഞ്ഞുകയറിയിരുന്നു. (2 തെസ്സ. 2:3) ഈ അപകടത്തിനെതിരെ സഹോദരൻമാരെ എങ്ങനെ ഉണർവും ജാഗ്രതയുമുളളവരാക്കി നിർത്തണം? വളച്ചുകെട്ടില്ലാത്ത പ്രസ്താവനസംബന്ധിച്ച് ഊർജസ്വലവും തിളക്കമാർന്നതുമായ യൂദായുടെ ലേഖനം ഉത്തരം പ്രദാനംചെയ്തു. 3-ഉം 4-ഉം വാക്യങ്ങളിൽ യൂദാതന്നെ തന്റെ നിലപാടു വ്യക്തമായി പ്രസ്താവിച്ചു: ‘നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നതുകൊണ്ടു നിങ്ങൾക്ക് എഴുതേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി.’ അവികലമായ ഉപദേശത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനങ്ങൾക്കുതന്നെ ഭീഷണി ഉയരുകയായിരുന്നു. സഹോദരൻമാർ ക്രമത്തിൽ വിശ്വാസത്തിനുവേണ്ടി ഒരു കഠിനപോരാട്ടം കഴിക്കേണ്ടതിന് അവരുടെ താത്പര്യങ്ങൾക്കുവേണ്ടി പോരാടാൻ താൻ ആഹ്വാനംചെയ്യപ്പെടുന്നതായി യൂദായ്ക്കു തോന്നി.
2. (എ) യൂദാ ആരായിരുന്നു? (ബി) യേശുവുമായുളള ഏതു ബന്ധത്തെ യൂദാ ഏററവുമധികം വിലമതിച്ചു?
2 എന്നാൽ യൂദാ ആരായിരുന്നു? ലേഖനം “യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ . . . വിളിക്കപ്പെട്ടവർക്കു” എഴുതിയതാണെന്ന് അതിന്റെ പ്രാരംഭവാക്കുകൾ നമ്മോടു പറയുന്നു. യേശുവിന്റെ ആദ്യത്തെ 12 അപ്പോസ്തലൻമാരിൽ രണ്ടുപേർക്കു യൂദാ എന്നു പേരുണ്ടായിരുന്നതുകൊണ്ടു യൂദാ അല്ലെങ്കിൽ യൂദാസ് ഒരു അപ്പോസ്തലനായിരുന്നോ? (ലൂക്കൊ. 6:16) യൂദാ തന്നേക്കുറിച്ച് ഒരു അപ്പോസ്തലൻ എന്നു പറയുന്നില്ല. മറിച്ച്, അവൻ അപ്പോസ്തലൻമാരെക്കുറിച്ചു പ്രഥമപുരുഷനിൽ “അവർ” എന്നാണു പറയുന്നത്, തന്നേ ഒഴിവാക്കിയാണെന്നു സ്പഷ്ടമാണല്ലോ. (യൂദാ 17, 18) തന്നെയുമല്ല, അവൻ സ്പഷ്ടമായി യേശുവിന്റെ ഒരു അർധസഹോദരനായിരുന്ന യാക്കോബിന്റെ ലേഖനത്തിന്റെ എഴുത്തുകാരനായ ‘യാക്കോബിന്റെ സഹോദരൻ’ എന്നു തന്നേത്തന്നെ വിളിക്കുന്നു. (വാ. 1) യെരുശലേം സഭയിലെ ‘തൂണുകളിൽ’ ഒന്നെന്ന നിലയിൽ ഈ യാക്കോബ് സുപ്രസിദ്ധനായിരുന്നു, അതുകൊണ്ടു യൂദാ അവനോടുകൂടെയുളളവനായി സ്വയം തിരിച്ചറിയിക്കുന്നു. ഇതു യൂദായെയും യേശുവിന്റെ അർധസഹോദരൻമാരിലൊരുവനാക്കിത്തീർക്കുന്നു, അവനെ അങ്ങനെ പട്ടികപ്പെടുത്തുന്നുമുണ്ട്. (ഗലാ. 1:19; 2:9; മത്താ. 13:55; മർക്കൊ. 6:3) എന്നിരുന്നാലും, യൂദാ യേശുവുമായുളള തന്റെ ജഡികബന്ധത്തിൽനിന്നു മുതലെടുത്തില്ല, എന്നാൽ അവൻ “യേശുക്രിസ്തുവിന്റെ ദാസ”നെന്ന നിലയിലുളള തന്റെ ആത്മീയബന്ധത്തിനാണു വിനീതമായി ഊന്നൽ കൊടുത്തത്.—1 കൊരി. 7:22; 2 കൊരി. 5:16; മത്താ. 20:27.
3. യൂദായുടെ ലേഖനത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നത് എന്ത്?
3 പൊ.യു. രണ്ടാം നൂററാണ്ടിലെ മുറേറേറാറിയൻ ശകലത്തിൽ ഈ ബൈബിൾ പുസ്തകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് അതിന്റെ വിശ്വാസ്യതയുടെ തെളിവാണ്. കൂടാതെ, അലക്സാണ്ട്രിയായിലെ ക്ലെമൻറ് (പൊ.യു. രണ്ടാം നൂററാണ്ട്) അതിനെ കാനോനികമായി സ്വീകരിച്ചു. ഓറിജൻ അതിനെ “ഏതാനും വരികളിലുളളതെങ്കിലും സ്വർഗീയകൃപയുടെ ആരോഗ്യപ്രദമായ വാക്കുകൾ നിറഞ്ഞ” ഒരു കൃതി എന്നു പരാമർശിച്ചു.a അതിനെ വിശ്വാസ്യമെന്നു തെർത്തുല്യനും പരിഗണിച്ചു. അതു മററു തിരുവെഴുത്തുകളോടുകൂടെ ഉളളതാണെന്നുളളതിനു സംശയമില്ല.
4. യൂദാ ഏതു തരം ലേഖനമാണ്, അത് എവിടെവച്ച് എഴുതപ്പെടാനാണു സാധ്യത, എഴുത്തിന്റെ കാലംസംബന്ധിച്ച് എന്തു സൂചിപ്പിക്കപ്പെടുന്നു?
4 യൂദാ യാതൊരു സഭയെയും അല്ലെങ്കിൽ വ്യക്തിയെയും പ്രത്യേകം എടുത്തുപറയാതെ “വിളിക്കപ്പെട്ടവർക്കു” ആണ് എഴുതുന്നത്. അതുകൊണ്ട് അവന്റെ ലേഖനം സകല ക്രിസ്ത്യാനികൾക്കുംവേണ്ടി വ്യാപകമായി അയച്ചുകൊടുക്കാനുളള ഒരു പൊതുലേഖനമാണ്. പ്രസ്താവിച്ചിട്ടില്ലെങ്കിലും എഴുതിയ സ്ഥലം പാലസ്തീനായിരിക്കാനാണ് ഏററവുമധികം സാധ്യതയുളളത്. എഴുത്തിന്റെ തീയതി ഉറപ്പോടെ നിർണയിക്കാനും പ്രയാസമുണ്ട്. എന്നിരുന്നാലും, അതു ക്രിസ്തീയസഭയുടെ വളർച്ചയിൽ ദീർഘകാലം കഴിഞ്ഞായിരിക്കണം, എന്തുകൊണ്ടെന്നാൽ യൂദാ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ മുൻപറഞ്ഞ വാക്കുക”ളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും പ്രത്യക്ഷത്തിൽ 2 പത്രൊസ് 3:3 ഉദ്ധരിക്കുകയും ചെയ്യുന്നു. (യൂദാ 17, 18) തന്നെയുമല്ല, യൂദായും രണ്ടു പത്രൊസിന്റെ രണ്ടാം അധ്യായവും തമ്മിൽ ശക്തമായ സാമ്യമുണ്ട്. ഇതു പത്രൊസ് എഴുതിയ അതേ കാലത്തുതന്നെ അവൻ എഴുതിയെന്നു സൂചിപ്പിക്കുന്നു, ഇരുവരും അക്കാലത്തെ സഭയ്ക്കു നേരിടുന്ന അപകടത്തെക്കുറിച്ച് അഗാധമായി ഉത്കണ്ഠാകുലരായിരുന്നു. അതുകൊണ്ടു പൊ.യു. ഏകദേശം 65 ഒരു ഉചിതമായ തീയതിയായി സൂചിപ്പിക്കപ്പെടുന്നു. പൊ.യു. 66-ലെ യഹൂദൻമാരുടെ വിപ്ലവത്തെ അടിച്ചമർത്താൻ സെസ്ററ്യസ് ഗാലസ് വരുന്നതിനെക്കുറിച്ചോ പൊ.യു. 70-ൽ യെരുശലേം വീഴുന്നതിനെക്കുറിച്ചോ അവൻ പറയാത്തതും ഈ തീയതിക്കു തെളിവാണ്. യൂദാ തന്റെ ലേഖനത്തിൽ പാപികൾക്കെതിരെ നടത്തപ്പെട്ട പ്രത്യേക ദിവ്യന്യായവിധികളെ പരാമർശിക്കുന്നു. യെരുശലേം നേരത്തെ വീണിരുന്നെങ്കിൽ, വിശേഷാൽ യേശു ആ സംഭവത്തെ മുൻകൂട്ടിപ്പറഞ്ഞിരുന്നതിനാൽ ഈ ന്യായവിധിനിർവഹണത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് അവൻ തന്റെ വാദത്തെ പ്രബലമാക്കുമായിരുന്നു.—യൂദാ 5-7; ലൂക്കൊ. 19:41-44.
യൂദായുടെ ഉളളടക്കം
5. (എ) ‘വിശ്വാസത്തിനുവേണ്ടി ഒരു കഠിനപോരാട്ടം’ നടത്താൻ വിളിക്കപ്പെട്ടവർക്ക് എഴുതേണ്ടതാവശ്യമാണെന്നു യൂദാ കണ്ടെത്തുന്നത് എന്തുകൊണ്ട്? (ബി) ഏതു മുന്നറിയിപ്പിൻദൃഷ്ടാന്തങ്ങൾ യൂദാ എടുത്തുപറയുന്നു?
5 പരസംഗത്തിനും കർത്തൃത്വത്തോടുളള അനാദരവിനും എതിരായ മുന്നറിയിപ്പുകൾ (വാക്യ. 1-16). ‘വിളിക്കപ്പെട്ടവരെ’ സ്നേഹനിർഭരമായ ആശംസകൾ അറിയിച്ചശേഷം “നമുക്കു പൊതുവിലുളള രക്ഷയെക്കുറിച്ചു” എഴുതാൻ താൻ ഉദ്ദേശിച്ചിരുന്നതായി യൂദാ പറയുന്നു. എന്നാൽ അവർ വിശ്വാസത്തിനുവേണ്ടി ‘കഠിനപോരാട്ടം കഴിക്കാൻ’ എഴുതേണ്ടത് ആവശ്യമാണെന്ന് അവൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ അനർഹദയയെ ദുർന്നടത്തക്ക് ഒരു മറയാക്കി മാററിക്കൊണ്ടു ഭക്തികെട്ട മനുഷ്യർ നുഴഞ്ഞുകയറിയിരിക്കുന്നു. ഈ മനുഷ്യർ “ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന”വരാണ് എന്നു യൂദാ പറയുന്നു. (വാക്യ. 1, 3, 4) യഹോവ ഒരു ജനത്തെ ഈജിപ്തിൽനിന്നു രക്ഷിച്ചുവെങ്കിലും പിന്നീട് അവൻ ‘വിശ്വസിക്കാത്തവരെ നശിപ്പിച്ചു.’ കൂടാതെ, തങ്ങളുടെ ഉചിതമായ വാസസ്ഥലം ഉപേക്ഷിച്ചുപോയ ദൂതൻമാരെ യഹോവ “മഹാദിവസത്തിന്റെ വിധിക്കായി” മാററിനിർത്തിയിരിക്കുന്നു. അതുപോലെതന്നെ, സോദോമിൻമേലും ഗൊമോറയുടെമേലും അവയുടെ അയൽനഗരങ്ങളുടെമേലുമുളള നിത്യശിക്ഷ ‘ദുർന്നടപ്പ് ആചരിച്ചു അന്യജഡം മോഹിച്ചുനടക്കുന്ന’വരുടെ വിധിസംബന്ധിച്ചു മുന്നറിയിപ്പിന്റെ ഒരു ദൃഷ്ടാന്തമാണ്.—വാക്യ. 5-7.
6. ഭക്തികെട്ട മനുഷ്യർ എന്തിൽ ആമഗ്നരാകുന്നു, യൂദാ അവരുടെ നടത്തയുടെ തെററും പരിണതഫലവും വിശദമാക്കുന്നത് എങ്ങനെ?
6 ഇപ്പോൾ, അതേ രീതിയിൽ, ഭക്തികെട്ട മനുഷ്യർ “ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും” ചെയ്യുകയാണ്. എന്തിന്, പ്രധാനദൂതനായ മീഖായേൽപോലും മോശയുടെ ശരീരത്തെക്കുറിച്ചു തർക്കിച്ചുകൊണ്ടിരിക്കെ, “യഹോവ നിന്നെ ശകാരിക്കട്ടെ” എന്നു മാത്രം പറഞ്ഞതല്ലാതെ ദുഷിച്ചുസംസാരിച്ചില്ല. എന്നിരുന്നാലും, ഈ മനുഷ്യർ ദുർഭാഷണം ഉപയോഗിക്കുകയും ന്യായബോധമില്ലാത്ത മൃഗങ്ങളെപ്പോലെ തങ്ങളേത്തന്നെ ദുഷിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവർ കയീന്റെയും ബിലെയാമിന്റെയും മത്സരിയായ കോരഹിന്റെയും വഴിയിൽ പോയിരിക്കുന്നു. അവർ വെളളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന പാറകൾ, വെളളമില്ലാത്ത മേഘങ്ങൾ, രണ്ടു പ്രാവശ്യം ചത്തതും പിഴുതുമാററിയതുമായ ഫലശൂന്യമായ വൃക്ഷങ്ങൾ, തങ്ങളുടെ ലജ്ജ നുരച്ചുപൊന്തുന്ന വന്യമായ തിരമാലകൾ, നിശ്ചിതപഥമില്ലാത്ത നക്ഷത്രങ്ങൾ എന്നിവപോലെയാകുന്നു. ഇവർക്കു ‘സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്നു.’ (വാക്യ. 8, 9, 13, NW) യഹോവ ഈ ഭക്തികെട്ട മനുഷ്യർക്കെതിരെ ന്യായവിധി നടത്തുമെന്നു ഹാനോക്ക് പ്രവചിച്ചു. അവർ പിറുപിറുപ്പുകാരും പരാതിക്കാരുമാകുന്നു. അവർ സ്വാർഥപൂർവം വ്യക്തികളെ പുകഴ്ത്തുന്നു.
7. (എ) അപ്പോസ്തലൻമാർ പരിഹാസികളെക്കുറിച്ച് എങ്ങനെ മുന്നറിയിപ്പുനൽകി? (ബി) നിത്യജീവന്റെ പ്രത്യാശയുടെ വീക്ഷണത്തിൽ ‘പ്രിയർ’ തങ്ങൾക്കും മററുളളവർക്കുംവേണ്ടി എന്തു ചെയ്യണം?
7 ദൈവസ്നേഹത്തിൽ നിലനിൽക്കുന്നതുസംബന്ധിച്ചു ബുദ്ധ്യുപദേശം (വാക്യ. 17-25). “അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും” എന്നു കർത്താവായ യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ മുന്നറിയിപ്പു നൽകിപ്പോന്നതെങ്ങനെയെന്നു യൂദാ സഹോദരൻമാരെ അനുസ്മരിപ്പിക്കുന്നു. ഈ കുഴപ്പക്കാർ “ആത്മീയത ഇല്ലാത്ത മൃഗീയ മനുഷ്യർ” ആണ്. അതുകൊണ്ട്, ‘പ്രിയർ’ വിശ്വാസത്തിൽ തങ്ങളേത്തന്നെ കെട്ടുപണിചെയ്യുകയും “നിത്യജീവന്റെ കാഴ്ചപ്പാടോടെ” ക്രിസ്തുവിന്റെ കരുണക്കായി കാത്തിരിക്കവേ ദൈവസ്നേഹത്തിൽ തങ്ങളേത്തന്നെ നിലനിർത്തുകയും വേണം. ക്രമത്തിൽ, അവർ ചഞ്ചലിക്കുന്നവർക്കു കരുണയും സഹായവും നീട്ടിക്കൊടുക്കട്ടെ. അവരെ ഇടർച്ചയിൽനിന്നു കാത്തുസൂക്ഷിക്കാൻ കഴിയുന്ന ഏകനായ “നമ്മുടെ രക്ഷകനായ ദൈവ”ത്തിനു കർത്താവായ യേശുക്രിസ്തുമുഖാന്തരം മഹത്ത്വം ആരോപിച്ചുകൊണ്ടു യൂദാ അവസാനിപ്പിക്കുന്നു.—വാക്യ. 18-21, 25, NW.
എന്തുകൊണ്ടു പ്രയോജനപ്രദം
8. തന്റെ സഹോദരൻമാരെ ബുദ്ധ്യുപദേശിക്കുന്നതിനു യൂദാ നിശ്വസ്ത തിരുവെഴുത്തുകളെയും “പ്രകൃതിയാകുന്ന പുസ്തക”ത്തെയും എങ്ങനെ ഉപയോഗിച്ചു?
8 നിശ്വസ്ത തിരുവെഴുത്തുകൾ ‘പ്രിയർക്കു’ മുന്നറിയിപ്പുകൊടുക്കുന്നതിനും അവരെ പ്രബോധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രയോജനപ്രദമാണെന്നു യൂദാ തന്നെ കണ്ടെത്തി. നുഴഞ്ഞുകയററക്കാരുടെ കടുത്ത പാപത്തെ തുറന്നുകാട്ടിയപ്പോൾ അവൻ പിൻമാററക്കാരായ ഇസ്രായേൽ, പാപംചെയ്ത ദൂതൻമാർ, സോദോമിലെയും ഗൊമോറയിലെയും നിവാസികൾ, എന്നിങ്ങനെ എബ്രായ തിരുവെഴുത്തുകളിൽനിന്നുളള സ്പഷ്ടമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട് അത്തരം തിൻമകൾ ചെയ്തുകൊണ്ടിരിക്കുന്നവർക്കു സമാനമായ ശിക്ഷ ഉണ്ടാകുമെന്നു പ്രകടമാക്കി. അവൻ ദുഷിച്ച മനുഷ്യരെ ന്യായബോധമില്ലാത്ത മൃഗങ്ങളോടു താരതമ്യപ്പെടുത്തി. അവർ കയീന്റെ വഴിയെ പോകുകയും ബിലെയാമിന്റെ തെററിലേക്കു പായുകയും തങ്ങളുടെ മത്സരസംസാരത്താൽ കോരഹിനെപ്പോലെ നശിക്കുകയുമാണ്. അവൻ “പ്രകൃതിയാകുന്ന പുസ്തക”ത്തിൽനിന്നുളള വ്യക്തമായ ചിത്രങ്ങളും വരച്ചുകാട്ടി. യൂദായുടെ ഋജുവായ ലേഖനംതന്നെ ‘എല്ലാ തിരുവെഴുത്തിന്റെയും’ ഭാഗമായിത്തീർന്നു. അത് “അന്ത്യകാലത്തു” ശരിയായ നടത്ത പാലിക്കാൻ ബുദ്ധ്യുപദേശിക്കുന്ന തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തോടൊപ്പം പഠിക്കേണ്ടതുമാണ്.—യൂദാ 17, 18, 5-7, 11-13; സംഖ്യാ. 14: 35-37; ഉല്പ. 6:4; 18:20, 21; 19:4, 5, 24, 25; 4:4, 5, 8; സംഖ്യാ. 22:2-7, 21; 31:8; 16:1-7, 31-35.
9. ഇക്കാലത്ത് ഇപ്പോഴും യൂദായുടെ മുന്നറിയിപ്പ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, ക്രിസ്ത്യാനികൾ ഏതു മേഖലയിൽ തങ്ങളേത്തന്നെ തുടർന്നു കെട്ടുപണിചെയ്തുകൊണ്ടിരിക്കണം?
9 പുറമേനിന്നുളള എതിർപ്പും പീഡാനുഭവങ്ങളും ക്രിസ്ത്യാനിത്വത്തിന്റെ വളർച്ചയെ തടയുന്നതിൽ പരാജയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ സഹോദരൻമാർ ഉളളിൽനിന്നുളള ദുഷിപ്പിനാൽ അപകടത്തിലായി. ഉപരിതലത്തിനടിയിൽ മറഞ്ഞുകിടക്കുന്ന പാറകൾ മുഴുസഭയെയും തകർക്കുമെന്നു ഭീഷണിപ്പെടുത്തി. ഈ അപകടം അതിലേറെ വിനാശകരമായിരിക്കാമെന്നു തിരിച്ചറിഞ്ഞുകൊണ്ട് യൂദാ ‘വിശ്വാസത്തിനുവേണ്ടി ഒരു കഠിനപോരാട്ടം കഴിക്കുന്നതിന്’ അനുകൂലമായി ശക്തമായി വാദിച്ചു. അവന്റെ ലേഖനം അന്നത്തെപ്പോലെ ഇന്നും കാലോചിതമാണ്. അതേ മുന്നറിയിപ്പ് ഇന്നും ആവശ്യമാണ്. വിശ്വാസം ഇപ്പോഴും കാത്തുസൂക്ഷിക്കുകയും അതിനുവേണ്ടി പൊരുതുകയും വേണം. ദുർമാർഗത്തെ പിഴുതെറിയണം, സംശയമുളളവരെ കരുണാപൂർവം സഹായിക്കുകയും സാധ്യമെങ്കിൽ ‘തീയിൽനിന്നു വലിച്ചെടുക്കുകയും’ വേണം. ധാർമികനിർമലതയുടെയും ആത്മീയ ഫലപ്രദത്വത്തിന്റെയും സത്യാരാധനയുടെയും താത്പര്യത്തിൽ ക്രിസ്ത്യാനികൾ ഇന്ന് അതിവിശുദ്ധവിശ്വാസത്തിൽ തങ്ങളേത്തന്നെ കെട്ടുപണിചെയ്യുന്നതിൽ തുടരണം. അവർ ശരിയായ തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുകയും പ്രാർഥനയിൽ ദൈവത്തോട് അടുക്കുകയും വേണം. അവർ സഭയിലെ ദൈവദത്തമായ അധികാരത്തെ ആദരിച്ചുകൊണ്ടു ‘കർത്തൃത്വത്തോട്’ ഉചിതമായ ആദരവു പുലർത്തുകയും വേണം.—യൂദാ 3, 23, 8.
10. (എ) സഭ മൃഗീയ മനുഷ്യരോട് എങ്ങനെ പെരുമാറണം, ഇത് എന്തിൽ കലാശിക്കും? (ബി) രാജ്യാവകാശികൾക്ക് എന്തു പ്രതിഫലം ലഭിക്കാനിരിക്കുന്നു, ഇവർ എന്തു ചെയ്യുന്നതിൽ യൂദായോടു ചേരുന്നു?
10 “ആത്മീയത ഇല്ലാത്ത മൃഗീയമനുഷ്യർ” ഒരിക്കലും ദൈവരാജ്യത്തിൽ കടക്കുകയില്ല, നിത്യജീവനിലേക്കു പോകുന്ന മററുളളവരെ അവർ അപകടത്തിലാക്കുകയേ ഉളളൂ. (യൂദാ 19, NW; ഗലാ. 5:19-21) അവർക്കെതിരെ സഭയ്ക്കു മുന്നറിയിപ്പുകൊടുക്കണം. അത് അവരെ നീക്കംചെയ്യണം! അങ്ങനെ, പ്രിയരോടു “കരുണയും സമാധാനവും സ്നേഹവും” വർധിക്കും. അവർ “നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണക്കായി കാത്തിരുന്നുകൊണ്ടു” ദൈവസ്നേഹത്തിൽ തങ്ങളേത്തന്നെ നിലനിർത്തും. രക്ഷിതാവായ ദൈവം രാജ്യാവകാശികളെ “തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ” നിറുത്തും. തീർച്ചയായും ഇവർ “തേജസ്സും മഹിമയും ബലവും അധികാരവും” യേശുക്രിസ്തു മുഖേന അവന് ആരോപിക്കുന്നതിൽ യൂദായോടു ചേരുന്നു.—യൂദാ 2, 21, 24, 25.
[അടിക്കുറിപ്പുകൾ]
a പുതിയ നിയമത്തിന്റെ കാനോൻ, 1987 (ഇംഗ്ലീഷ്), ബി. എം. മെററ്സഗർ രചിച്ചത്, പേജ് 138.