അധ്യായം 48
യായീറൊസിന്റെ ഭവനം വിട്ട് വീണ്ടും നസറെത്ത് സന്ദർശിക്കുന്നു
യേശുവിന് അന്ന് നല്ല തിരക്കുളള ഒരു ദിവസമായിരുന്നു—ദെക്കപ്പൊലിയിൽനിന്നുളള കടൽയാത്ര, രക്തസ്രാവമുണ്ടായിരുന്ന സ്ത്രീയെ സൗഖ്യമാക്കി, യായീറൊസിന്റെ പുത്രിയെ ഉയർപ്പിച്ചു. എന്നാൽ അതുകൊണ്ടും ആ ദിവസം അവസാനിച്ചില്ല. യേശു യായീറൊസിന്റെ ഭവനത്തിൽ നിന്ന് പുറപ്പെടുമ്പോൾ “ദാവീദു പുത്രാ, ഞങ്ങളിൽ കനിവു തോന്നണമേ,” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് രണ്ട് കുരുടൻമാർ അവനെ അനുഗമിക്കുന്നു.
യേശുവിനെ “ദാവീദു പുത്രാ” എന്നു വിളിച്ചുകൊണ്ട് ഈ മനുഷ്യൻ യേശു ദാവീദിന്റെ സിംഹാസനത്തിന് അവകാശിയാണെന്നും അതുകൊണ്ട് അവൻ വാഗ്ദത്ത മശിഹായാണെന്നുമുളള അവരുടെ വിശ്വാസം പ്രകടമാക്കുകയാണ്. എന്നിരുന്നാലും ഒരുപക്ഷേ അവരുടെ വിശ്വാസത്തിന്റെ സ്ഥിരത പരീക്ഷിക്കാൻവേണ്ടി യേശു സഹായത്തിനുവേണ്ടിയുളള അവരുടെ അപേക്ഷ അവഗണിക്കുന്നതായി തോന്നിപ്പിക്കുന്നു. എന്നാൽ ഈ മനുഷ്യർ അവരുടെ ശ്രമം ഉപേക്ഷിച്ചുകളയുന്നില്ല. യേശു പാർക്കുന്ന സ്ഥലം വരെ അവർ അവന്റെ പിന്നാലെ ചെല്ലുന്നു, അവൻ വീട്ടിൽ പ്രവേശിക്കുമ്പോൾ അവരും അവന്റെ പിന്നാലെ അകത്തു ചെല്ലുന്നു.
അവിടെ വെച്ച് യേശു ചോദിക്കുന്നു: “എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”
“ഉവ്വ് കർത്താവെ,” ആത്മവിശ്വാസത്തോടെ അവർ പറയുന്നു.
അതുകൊണ്ട് അവരുടെ കണ്ണുകളെ സ്പർശിച്ചിട്ട് യേശു പറയുന്നു: “നിങ്ങളുടെ വിശ്വാസം പോലെ തന്നെ നിങ്ങൾക്ക് സംഭവിക്കട്ടെ.” പെട്ടെന്ന് അവർക്ക് കാഴ്ച ലഭിക്കുന്നു! “ഇത് ആരും അറിയാതിരിക്കാൻ സൂക്ഷിച്ചുകൊളളുവിൻ!” എന്ന് യേശു അവരോട് കർശനമായി കൽപ്പിക്കുന്നു. എന്നാൽ സന്തോഷം കൊണ്ട് നിറഞ്ഞ അവർ യേശുവിന്റെ കൽപ്പനയെ അവഗണിച്ച് അവനെപ്പററി നാട്ടിലെല്ലാം പറഞ്ഞു നടക്കുന്നു.
ഈ മനുഷ്യർ അവിടെ നിന്ന് പോകുമ്പോൾതന്നെ ആളുകൾ ഭൂതബാധിതനായ ഒരു മനുഷ്യനെ അകത്തു കൊണ്ടുവരുന്നു. ഭൂതം അയാളുടെ സംസാരപ്രാപ്തി കവർന്നു കളഞ്ഞിരിക്കുന്നു. യേശു ആ ഭൂതത്തെ പുറത്താക്കുകയും ഉടൻതന്നെ ആ മനുഷ്യൻ സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു. “ഇതുപോലെ ഒന്ന് ഇസ്രായേലിൽ നിന്ന് ഇന്നോളം കണ്ടിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് ആളുകൾ ഈ അത്ഭുതങ്ങൾ കണ്ട് വിസ്മയിക്കുന്നു.
പരീശൻമാരും സന്നിഹിതരാണ്. അവർക്ക് ആ അത്ഭുതങ്ങളെ നിഷേധിക്കാനാവില്ല. എന്നാൽ അവരുടെ ദുഷ്ടമായ അവിശ്വാസത്തിൽ യേശു ചെയ്യുന്ന അത്ഭുതങ്ങളുടെ ഉറവിനെ സംബന്ധിച്ച് അവർ തങ്ങളുടെ ആരോപണം ആവർത്തിക്കുന്നു: “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് അവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”
ഈ സംഭവങ്ങൾ കഴിഞ്ഞ് ഏറെ താമസിയാതെ, ഇപ്രാവശ്യം തന്റെ ശിഷ്യൻമാരാൽ അനുഗതനായി യേശു തന്റെ സ്വന്തം പട്ടണമായ നസറെത്തിലേക്ക് മടങ്ങി വരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പ് അവൻ ഈ സിന്നഗോഗ് സന്ദർശിക്കുകയും അവിടെ ഉപദേശിക്കുകയും ചെയ്തതാണ്. ആദ്യമൊക്കെ ആളുകൾ അവന്റെ ഇമ്പകരമായ വാക്കുകളിൽ അതിശയിച്ചുവെങ്കിലും പിന്നീട് അവന്റെ പഠിപ്പിക്കലിൽ അവർ കുപിതരായിത്തീരുകയും അവനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇപ്പോൾ കരുണാപൂർവ്വം തന്റെ പഴയ അയൽക്കാരെ സഹായിക്കാൻ യേശു മറെറാരു ശ്രമംകൂടെ നടത്തുന്നു.
മററു സ്ഥലങ്ങളിൽ ആളുകൾ യേശുവിന്റെ അടുക്കൽ ഓടിക്കൂടുമ്പോൾ ഇവിടെ പ്രത്യക്ഷത്തിൽ അവർ അങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ട് ശബ്ബത്ത് ദിവസം ഉപദേശിക്കാനായി അവൻ സിന്നഗോഗിൽ ചെല്ലുന്നു. അവനെ ശ്രവിച്ച മിക്കവർക്കും അതിശയമായി. “ഈ മനുഷ്യന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്ന് കിട്ടി?” അവർ ചോദിക്കുകയാണ്. “ഇത് ആ തച്ചന്റെ മകനല്ലയോ? ഇവന്റെ അമ്മ മറിയ എന്നല്ലയോ വിളിക്കപ്പെടുന്നത്? ഇവന്റെ സഹോദരൻമാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ അല്ലയോ? അവന്റെ സഹോദരിമാരും എല്ലാവരും നമ്മോടുകൂടെ ഇല്ലയോ? അപ്പോൾ ഈ മനുഷ്യന് ഇതെല്ലാം എവിടെനിന്ന് ലഭിച്ചു?”
‘യേശു നമ്മെപ്പോലെ ഈ നാട്ടുകാരനായ ഒരു മനുഷ്യനാണ്’, അവർ ന്യായവാദം ചെയ്യുന്നു. ‘അവൻ വളർന്നു വരുന്നത് നാം കണ്ടതാണ്, അവന്റെ കുടുംബത്തെ നമുക്കറിയാം. അവനെങ്ങനെയാണ് മശിഹാ ആയിരിക്കാൻ കഴിയുന്നത്?’ അതുകൊണ്ട് തെളിവുകളെല്ലാമുണ്ടായിരുന്നിട്ടും—അവന്റെ വലിയ ജ്ഞാനവും അത്ഭുത പ്രവൃത്തികളും തന്നെ—അവർ അവനെ തളളിക്കളയുന്നു. അവരുടെ അടുത്ത പരിചയം നിമിത്തം അവന്റെ തന്നെ ബന്ധുക്കളും അവനിൽ തുടരുന്നു, അത് യേശു ഇപ്രകാരം നിഗമനം ചെയ്യാൻ ഇടയാക്കി: “തന്റെ സ്വന്തം ദേശത്തും തന്റെ ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുമല്ലാതെ ഒരു പ്രവാചകനും ബഹുമാനം ലഭിക്കാതെ പോകുന്നില്ല.”
വാസ്തവത്തിൽ അവരുടെ വിശ്വാസരാഹിത്യത്തിൽ യേശു അതിശയിക്കുന്നു. അതുകൊണ്ട് ഏതാനും ചില രോഗികളുടെമേൽ കൈവച്ച് അവരെ സുഖപ്പെടുത്തുന്നതല്ലാതെ അവൻ അവിടെ അത്ഭുതങ്ങളൊന്നും ചെയ്യുന്നില്ല. മത്തായി 9:27-34; 13:54-58; മർക്കോസ് 6:1-6; യെശയ്യാവ് 9:7.
▪ യേശുവിനെ “ദാവീദു പുത്രൻ” എന്ന് വിളിക്കുക വഴി തങ്ങൾ എന്തു വിശ്വസിക്കുന്നതായിട്ടാണ് ആ കുരുടൻമാർ പ്രകടമാക്കുന്നത്?
▪ യേശുവിന്റെ അത്ഭുതങ്ങൾ സംബന്ധിച്ച് പരീശൻമാർ കണ്ടെത്തിയിരിക്കുന്ന വിശദീകരണം എന്താണ്?
▪ നസറെത്തിലെ ആളുകളെ സഹായിക്കാൻവേണ്ടി മടങ്ങി വരുന്നത് യേശുവിന്റെ ഭാഗത്തെ കരുണയായിരിക്കുന്നത് എന്തുകൊണ്ടാണ്?
▪ യേശുവിന് നസറെത്തിൽ ഏതു തരത്തിലുളള ഒരു സ്വീകരണമാണ് ലഭിക്കുന്നത്, എന്തുകൊണ്ട്?