അധ്യായം 110
ആലയത്തിലെ ശുശ്രൂഷ പൂർത്തിയാക്കപ്പെടുന്നു
യേശു ആലയത്തിൽ അവസാനമായി പ്രത്യക്ഷപ്പെടുകയാണ്. വാസ്തവത്തിൽ അവൻ തന്റെ വിചാരണയും വധവും ഒഴിച്ചുളള തന്റെ ഭൂമിയിലെ പരസ്യശുശ്രൂഷ പൂർത്തിയാക്കുകയാണ്. അവക്ക് ഇനിയും മൂന്നു ദിവസങ്ങൾകൂടെ മാത്രമേയുളളു. അവൻ ശാസ്ത്രിമാർക്കും പരീശൻമാർക്കുമെതിരെയുളള തന്റെ കുററാരോപണം തുടരുന്നു.
“കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശൻമാരുമായുളേളാരെ, നിങ്ങൾക്ക് ഹാ കഷ്ടം!” എന്ന് അവൻ മൂന്നു പ്രാവശ്യം കൂടെ ഘോഷിക്കുന്നു. ഒന്നാമതായി “അവർ കപ്പുകളുടെയും പാത്രങ്ങളുടെയും പുറം വെടിപ്പാക്കുന്നുവെങ്കിലും അവർ അകമെ കൊളളയും അമിതത്വങ്ങളും നിറഞ്ഞവരാകയാൽ” അവൻ അവർക്ക് കഷ്ടം പ്രഖ്യാപിക്കുന്നു. അതുകൊണ്ട് അവൻ അവരെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “ആദ്യം കപ്പുകളുടെയും പാത്രങ്ങളുടെയും അകം വെടിപ്പാക്കുവിൻ അപ്പോൾ പുറവും വെടിപ്പായിക്കൊളളും.”
അടുത്തതായി, അവർ ബാഹ്യമായ ഭക്തിപ്രകടനം കൊണ്ട് മറക്കാൻ ശ്രമിക്കുന്ന ചീഞ്ഞഴിഞ്ഞ അവസ്ഥ അവരുടെ ഉളളിൽ ഉളളതിനാൽ അവൻ അവർക്ക് കഷ്ടം പ്രഖ്യാപിക്കുന്നു. “നിങ്ങൾ വെളളയടിച്ച ശവകൂടീരങ്ങളെപ്പോലെയാകുന്നു,” അവൻ പറയുന്നു, “അവ പുറമേ സുന്ദരമായി കാണപ്പെടുന്നുവെങ്കിലും അകമേ മരിച്ച മനുഷ്യരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞവയത്രേ.”
അവസാനമായി, തങ്ങളുടെ സ്വന്തം ഔദാര്യ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാൻവേണ്ടി പ്രവാചകൻമാരുടെ കല്ലറകളെ പണിയുകയും അവയെ അലങ്കരിക്കുകയും ചെയ്യാനുളള അവരുടെ താൽപ്പര്യത്തിൽ നിന്ന് അവരുടെ കപടഭക്തി പ്രകടമാണ്. എന്നാൽ യേശു വെളിപ്പെടുത്തുംപ്രകാരം അവർ “പ്രവാചകൻമാരെ കൊന്നവരുടെ പുത്രൻമാരാണ്.” വാസ്തവത്തിൽ, അവരുടെ കപടഭക്തിയെ തുറന്നുകാട്ടുന്ന ഏതൊരാളും അപകടത്തിലാണ്!
സംഭാഷണം തുടരവേ യേശു തന്റെ ഏററവും ശക്തമായ ഭാഷയിൽ അവരെ കുററം വിധിക്കുന്നു. “സർപ്പങ്ങളെ, അണലി സന്തതികളെ,” അവൻ ചോദിക്കുന്നു, “നിങ്ങൾ ഗീഹെന്നാ വിധിയിൽനിന്ന് എങ്ങനെ ഒഴിഞ്ഞുപോകും?” ഗീഹെന്ന യെരൂശലേമിലെ ചപ്പുചവറുകളെല്ലാം കൂട്ടിയിട്ട് നശിപ്പിക്കുന്ന താഴ്വരയാണ്. അതുകൊണ്ട് അവരുടെ ദുഷ്ടഗതിയിൽ തുടർന്നാൽ ശാസ്ത്രിമാരും പരീശൻമാരും നിത്യനാശത്തിന് ഇരയായിത്തീരും എന്നാണ് യേശു പറയുന്നത്.
തന്റെ പ്രതിനിധികളായി താൻ അയക്കുന്നവരെ സംബന്ധിച്ച് യേശു പറയുന്നു: “അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും സ്തംഭത്തിൽ തറക്കുകയും ചിലരെ നിങ്ങളുടെ സിന്നഗോഗിൽ വച്ച് ചമ്മട്ടികൊണ്ട് അടിക്കുകയും ഒരു പട്ടണത്തിൽ നിന്ന് മറെറാരു പട്ടണത്തിലേക്ക് ഓടിക്കുകയും ചെയ്യും. നീതിമാനായ ഹാബേലിന്റെ രക്തം മുതൽ നിങ്ങൾ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും ഇടക്കുവച്ച് കൊന്നുകളഞ്ഞ ബെരഖ്യാവിന്റെ [രണ്ട് ദിനവൃത്താന്തത്തിൽ യെഹോയാദാ എന്ന് വിളിക്കപ്പെട്ടിരിക്കുന്നു] മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിയപ്പെട്ട നീതിയുളള രക്തമെല്ലാം നിങ്ങളുടെമേൽ വരേണ്ടതിന് തന്നെ. ഇതൊക്കെയും ഈ തലമുറയുടെമേൽ വരും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു.”
സെഖര്യാവ് ഇസ്രായേലിലെ നായകൻമാരെ കുററം വിധിച്ചതിനാൽ “അവർ അവനെതിരെ ഗൂഢാലോചന നടത്തുകയും യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ വച്ച് രാജാവിന്റെ കൽപ്പനപ്രകാരം അവനെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു.” എന്നാൽ യേശു മുൻകൂട്ടിപറയുംപ്രകാരം അങ്ങനെ ചൊരിയപ്പെട്ട നീതിയുളള രക്തത്തിനെല്ലാം വേണ്ടി ഇസ്രായേൽ പരിഹാരം ചെയ്യേണ്ടിവരും. മുപ്പത്തേഴു വർഷങ്ങൾക്കു ശേഷം പൊ. യു. 70-ൽ റോമൻസൈന്യം യെരൂശലേം നശിപ്പിക്കുകയും ഒരു ദശലക്ഷത്തിലേറെ യഹൂദൻമാർ നശിക്കുകയും ചെയ്തപ്പോൾ അവർ അതിന്റെ വിലയൊടുക്കി.
ഈ ഭയാനകമായ സാഹചര്യം പരിഗണിക്കുമ്പോൾ യേശുവിന് വലിയ ദുഃഖം തോന്നുന്നു. “യെരൂശലേമേ, യെരൂശലേമേ,” യേശു ഒരിക്കൽ കൂടെ വിലപിക്കുന്നു, “കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊൾവാൻ എനിക്ക് എത്രവട്ടം മനസ്സായിരുന്നു! നോക്കൂ! നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.”
തുടർന്ന് യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!’ എന്ന് നിങ്ങൾ പറയുന്നതുവരെ ഇനിയും യാതൊരു പ്രകാരത്തിലും നിങ്ങൾ എന്നെ കാണുകയില്ല.” ആ ദിവസം ക്രിസ്തു തന്റെ രാജ്യാധികാരത്തിലേക്കു വരുന്ന അവന്റെ സാന്നിദ്ധ്യ കാലത്തായിരിക്കും, അന്നു ആളുകൾ അവനെ വിശ്വാസക്കണ്ണുകൾകൊണ്ട് കാണും.
യേശു ഇപ്പോൾ ആലയത്തിൽ ഭണ്ഡാരങ്ങൾ ഇരിക്കുന്നതും ആളുകൾ അവയിൽ നേർച്ചകൾ ഇടുന്നതും കാണാവുന്ന ഒരു സ്ഥാനത്തേക്ക് നീങ്ങുന്നു. ധനികർ അവിടെ വന്ന് ധാരാളം പണം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നു. എന്നാൽ പിന്നീട് ഒരു ദരിദ്രയായ വിധവ വന്നു അൽപ്പം മൂല്യം മാത്രമുളള രണ്ട് തുട്ടുകൾ ഭണ്ഡാരത്തിൽ ഇടുന്നു.
തന്റെ ശിഷ്യൻമാരെ അടുക്കൽ വിളിച്ച് യേശു പറയുന്നു: “ഭണ്ഡാരത്തിൽ പണം ഇട്ട മറെറല്ലാവരേക്കാൾ അധികം ഈ വിധവ അതിൽ ഇട്ടിരിക്കുന്നു എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു.” അത് എങ്ങനെയായിരിക്കാമെന്ന് അവർ അതിശയിച്ചിരിക്കണം. അതുകൊണ്ട് യേശു വിശദീകരിക്കുന്നു: “അവരെല്ലാവരും തങ്ങൾക്ക് മിച്ചമുണ്ടായിരുന്നതിൽ നിന്ന് നിക്ഷേപിച്ചു, എന്നാൽ ഇവളോ തന്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുളളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടിരിക്കുന്നു.” ഇതു പറഞ്ഞശേഷം യേശു അവസാനമായി ആലയത്തിൽ നിന്ന് പോകുന്നു.
ആലയത്തിന്റെ വലിപ്പവും അതിന്റെ ഭംഗിയും കണ്ട് അതിശയിച്ച് അവന്റെ ശിഷ്യൻമാർ അവനോട്: “ഗുരോ, നോക്കൂ! ഏതുതരം കല്ലുകൾ. എന്തൊരു പണി!” വാസ്തവത്തിൽ ആ കല്ലുകൾ 11 മീററർ നീളവും 5 മീററർ വീതിയും 3 മീററർ ഉയരവുമുളളവയായിരുന്നതായി പറയപ്പെടുന്നു!
“നിങ്ങൾ ഈ ബൃഹത്തായ പണി കാണുന്നില്ലയോ?” മറുപടിയായി യേശു പറയുന്നു. “ഇടിഞ്ഞു പോകാത്തതായി ഇവിടെ കല്ലിൻമേൽ ഒരു കല്ലുപോലും ശേഷിക്കയില്ല.”
ഈ കാര്യങ്ങൾ പറഞ്ഞശേഷം യേശുവും അപ്പൊസ്തലൻമാരും കിദ്രോൻ തോടു കടന്നു ഒലിവു മലയിലേക്ക് കയറിപ്പോകുന്നു. ഇവിടെ നിന്ന് അവർക്ക് ആ ഗംഭീരമായ ആലയം കാണാം. മത്തായി 23:25–24:3; മർക്കോസ് 12:41–13:3; ലൂക്കോസ് 21:1-6; 2 ദിനവൃത്താന്തം 24:20-22.
▪ ആലയത്തിലേക്കുളള തന്റെ അവസാനത്തെ സന്ദർശനവേളയിൽ യേശു എന്തു ചെയ്യുന്നു?
▪ ശാസ്ത്രിമാരുടെയും പരീശൻമാരുടെയും കപടഭക്തി എങ്ങനെയാണ് പ്രകടമാക്കുന്നത്?
▪ “ഗീഹെന്നായിലെ ന്യായവിധി” എന്നതിന്റെ അർത്ഥമെന്താണ്?
▪ വിധവ ധനികനെക്കാൾ കൂടുതൽ സംഭാവന നൽകി എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്?