അധ്യായം 115
തർക്കം പൊന്തിവരുന്നു
അന്നു വൈകിട്ട്, കുറച്ചു മുമ്പ്, അപ്പൊസ്തലൻമാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് യേശു എളിയ സേവനത്തിന്റെ അതിസുന്ദരമായ ഒരു പാഠം അവരെ പഠിപ്പിച്ചതേയുളളു. തുടർന്ന് ആസന്നമായിരിക്കുന്ന തന്റെ മരണത്തിന്റെ സ്മാരകം അവൻ ഏർപ്പെടുത്തി. അപ്പോൾ തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നതിന്റെ വീക്ഷണത്തിൽ ഇപ്പോൾ ആശ്ചര്യകരമായ ഒരു സംഭവമാണ് നടക്കുന്നത്. തങ്ങളിൽ ആരാണ് ഏററവും വലിയവൻ എന്നതു സംബന്ധിച്ച് അവർ ചൂടുപിടിച്ച ഒരു തർക്കത്തിൽ ഏർപ്പെടുന്നു! പ്രത്യക്ഷത്തിൽ ഇത് കുറേക്കാലമായി തുടർന്ന് പോരുന്ന ഒരു തർക്കത്തിന്റെ ഭാഗമാണ്.
പർവ്വതത്തിൽ വച്ച് യേശു മറുരൂപപെട്ടതിന് ശേഷം തങ്ങളിൽ ആരാണ് ഏററവും വലിയവൻ എന്നതിനെ സംബന്ധിച്ച് അപ്പൊസ്തലൻമാർ തമ്മിൽ തർക്കിച്ചത് ഓർമ്മിക്കുക. കൂടാതെ അപ്പൊസ്തലൻമാർക്കിടയിൽ കൂടുതൽ മൽസരത്തിനിടയാക്കിക്കൊണ്ട് യാക്കോബും യോഹന്നാനും രാജ്യത്തിൽ മുഖ്യസ്ഥാനങ്ങൾക്കുവേണ്ടി അഭ്യർത്ഥന നടത്തി. ഇപ്പോൾ അവരോടൊപ്പമുളള ഈ അവസാന രാത്രിയിൽ വീണ്ടും അവർ തമ്മിൽ തർക്കിക്കുന്നതു കണ്ട് യേശു എത്രമാത്രം ദുഃഖിച്ചിരിക്കണം! അവൻ എന്തു ചെയ്യുന്നു?
അപ്പൊസ്തലൻമാരെ അവരുടെ പെരുമാററം സംബന്ധിച്ച് ശകാരിക്കുന്നതിനുപകരം അവൻ ക്ഷമാപൂർവ്വം അവരുമായി ന്യായവാദം ചെയ്യുന്നു: “ജാതികളുടെ രാജാക്കൻമാർ, അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു വിളിക്കപ്പെടുന്നു. എന്നാൽ നിങ്ങൾ അങ്ങനെ ആയിരിക്കരുത്. . . . എന്തുകൊണ്ടെന്നാൽ ആരാണ് വലിയവൻ മേശക്കൽ ചാരിക്കിടക്കുന്നവനോ അതോ ശുശ്രൂഷ ചെയ്യുന്നവനോ? അത് മേശക്കൽ ചാരിക്കിടക്കുന്നവനല്ലയോ? തുടർന്ന് തന്റെ ദൃഷ്ടാന്തത്തെപ്പററി അവരെ ഓർമ്മിപ്പിച്ചിട്ട് അവൻ പറയുന്നു: “എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്നവനെപ്പോലെയാണ്.”
അപ്പൊസ്തലൻമാർക്ക് ഈ അപൂർണ്ണതകളെല്ലാമുണ്ടെങ്കിലും അവർ യേശുവിന്റെ പരിശോധനാ ഘട്ടങ്ങളിൽ അവനോട് പററിനിന്നിരിക്കുന്നു. അതുകൊണ്ട് അവൻ പറയുന്നു: “പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തതുപോലെ ഞാൻ നിങ്ങളോട് രാജ്യം സംബന്ധിച്ച് ഒരു ഉടമ്പടി ചെയ്യുന്നു.” യേശുവും അവന്റെ വിശ്വസ്തരായ അനുയായികളും തമ്മിലുളള ഈ ഉടമ്പടി അവന്റെ രാജകീയ ഭരണത്തിൽ ഓഹരിക്കാരാകാൻ അവരെ അവനോട് കൂട്ടിച്ചേർക്കുന്നു. ഒരു പരിമിത സംഖ്യയായ 1,44,000 പേർ മാത്രമാണ് ഒടുവിൽ രാജ്യത്തിനുവേണ്ടിയുളള ഈ ഉടമ്പടിയിൻ കീഴിൽ വരുന്നത്.
ക്രിസ്തുവിനോടുകൂടെ രാജ്യ ഭരണത്തിൽ പങ്കുപററാനുളള ഈ അത്ഭുതകരമായ ഭാവി പ്രത്യാശ അപ്പൊസ്തലൻമാർക്ക് വച്ചു നീട്ടപ്പെടുന്നുവെങ്കിലും ഇപ്പോൾ അവർ ആത്മീയമായി ബലഹീനരാണ്. “ഇന്ന് രാത്രി നിങ്ങൾ എല്ലാവരും എന്നിൽ ഇടറിപ്പോകും,” യേശു പറയുന്നു. എന്നിരുന്നാലും പത്രോസിനുവേണ്ടി താൻ പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് അവനോട് പറഞ്ഞുകൊണ്ട് യേശു അവനെ ഇപ്രകാരം ഉൽസാഹിപ്പിക്കുന്നു: “നീയോ, തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരൻമാരെ ബലപ്പെടുത്തുക.”
“കുഞ്ഞുങ്ങളെ,” യേശു വിശദീകരിക്കുന്നു, “ഇനിയും അൽപ്പകാലം കൂടിയെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുളളു. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ യഹൂദൻമാരോട് പറഞ്ഞതുപോലെ ‘ഞാൻ പോകുന്നേടത്തേക്ക് വരാൻ നിങ്ങൾക്കു കഴിയുകയില്ല’ എന്ന് ഞാൻ ഇപ്പോൾ നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന നൽകുകയാകുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണമെന്ന് തന്നെ. നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും.”
“കർത്താവേ, നീ എവിടേക്കാണ് പോകുന്നത്?” പത്രോസ് ചോദിക്കുന്നു.
“ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ നിനക്ക് എന്നെ അനുഗമിക്കാൻ കഴിയുകയില്ല,” യേശു ഉത്തരമായി പറയുന്നു, “എന്നാൽ പിന്നീട് നീ എന്നെ അനുഗമിക്കും.”
“കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾ എനിക്ക് അനുഗമിക്കാൻ കഴിയില്ലാത്തത്?” പത്രോസിന് അറിയണം. “നിനക്കുവേണ്ടി ഞാൻ എന്റെ ദേഹിയെ വച്ചു കൊടുക്കും.”
“നീ എനിക്കുവേണ്ടി നിന്റെ ദേഹിയെ വച്ചു കൊടുക്കുമോ?” യേശു ചോദിക്കുന്നു. “സത്യമായും ഇന്നു ഞാൻ നിന്നോട് പറയുന്നു, അതെ ഇന്നു രാത്രി ഒരു കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പേ നീ പോലും എന്നെ മൂന്നു പ്രാവശ്യം തളളിപ്പറയും.”
“ഞാൻ നിനക്കുവേണ്ടി മരിക്കേണ്ടി വന്നാൽ പോലും,” പത്രോസ് പ്രതിഷേധിക്കുന്നു, “ഞാൻ ഒരു പ്രകാരത്തിലും നിന്നെ തളളിപ്പറയുകയില്ല.” മററ് അപ്പൊസ്തലൻമാരും അതേ രീതിയിൽ പറയുമ്പോൾ പത്രോസ് വീമ്പു പറയുന്നു: “ബാക്കി എല്ലാവരും നിന്നിൽ ഇടറിപ്പോയാലും ഞാൻ നിന്നിൽ ഇടറിപ്പോവുകയില്ല!”
അപ്പൊസ്തലൻമാരെ പണസഞ്ചിയും ഭക്ഷണപ്പൊതിയും കൂടാതെ ഗലീലയിൽ പ്രസംഗപര്യടനത്തിന് പറഞ്ഞയച്ച സമയത്തെ പരാമർശിച്ചുകൊണ്ട് യേശു ചോദിക്കുന്നു: “നിങ്ങൾക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല, ഉവ്വോ?”
“ഇല്ല!” അവർ മറുപടിയായി പറയുന്നു.
“എന്നാൽ ഇപ്പോൾ പണസഞ്ചിയുളളവൻ അത് എടുക്കട്ടെ, അതുപോലെതന്നെ ഭക്ഷണപ്പൊതിയും,” അവൻ പറയുന്നു, “വാളില്ലാത്തവൻ തന്റെ പുറങ്കുപ്പായം വിററ് ഒരു വാൾ വാങ്ങട്ടെ. എന്തുകൊണ്ടെന്നാൽ എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് നിവർത്തിയാകേണം എന്ന് ഞാൻ നിങ്ങളോട് പറയുന്നു, അതായത്, ‘അവൻ അധർമ്മികളോടുകൂടെ എണ്ണപ്പെട്ടു,’ എന്നതു തന്നെ. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവർത്തി വരുന്നു.
താൻ ദുഷ്പ്രവൃത്തിക്കാരോടുകൂടെ അല്ലെങ്കിൽ നിയമ ലംഘികളോടുകൂടെ വധിക്കപ്പെടുന്ന സമയത്തേക്കാണ് യേശു വിരൽ ചൂണ്ടുന്നത്. തന്റെ അനുയായികൾക്ക് തുടർന്ന് കഠിനമായ പീഡനം സഹിക്കേണ്ടി വരുമെന്നും അവൻ സൂചിപ്പിക്കുന്നു. “കർത്താവേ, നോക്കൂ! ഇവിടെ രണ്ടു വാളുകൾ ഉണ്ട്,” എന്ന് അവർ പറയുന്നു.
“അത് മതി.” അവൻ മറുപടിയായി പറയുന്നു. നാം കാണാൻ പോകുന്നതുപോലെ വാളുകൾ ഉണ്ടായിരിക്കുന്നത് മറെറാരു ജീവൽപ്രധാനമായ പാഠം പഠിപ്പിക്കാൻ യേശുവിനെ അനുവദിക്കും. മത്തായി 26:31-35; മർക്കോസ് 14:27-31; ലൂക്കോസ് 22:24-38; യോഹന്നാൻ 13:31-38; വെളിപ്പാട് 14:1-3.
▪ അപ്പൊസ്തലൻമാർക്കിടയിലെ തർക്കം അത്ര ആശ്ചര്യജനകമായിരിക്കുന്നത് എന്തുകൊണ്ടാണ്?
▪ ആ തർക്കത്തെ യേശു എങ്ങനെ കൈകാര്യം ചെയ്യുന്നു?
▪ യേശു ശിഷ്യൻമാരുമായി ചെയ്യുന്ന ഉടമ്പടിയാൽ എന്തു സാധിക്കുന്നു?
▪ യേശു ഏത് പുതിയ കൽപ്പന നൽകുന്നു, അത് എത്രത്തോളം പ്രധാനമാണ്?
▪ പത്രോസ് ഏത് അതിരുകവിഞ്ഞ ആത്മവിശ്വാസം പ്രകടമാക്കുന്നു, യേശു എന്തു പറയുന്നു?
▪ പണസഞ്ചിയും ഭക്ഷണപ്പൊതിയും കൊണ്ടുനടക്കുന്നതിനെ സംബന്ധിച്ചുളള യേശുവിന്റെ നിർദ്ദേശങ്ങൾ നേരത്തെ നൽകിയവയിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണ്?