അധ്യായം 121
സൻഹെദ്രീമിന്റെ മുമ്പാകെ, തുടർന്ന് പീലാത്തൊസിന്റെ അടുത്തേക്കും
രാത്രി കഴിയാറായിരിക്കുന്നു. പത്രോസ് യേശുവിനെ മൂന്നാം പ്രാവശ്യവും തളളിപ്പറഞ്ഞിരിക്കുന്നു. സൻഹെദ്രീമിന്റെ അംഗങ്ങൾ അവരുടെ കപടവിചാരണയും കഴിച്ച് പിരിഞ്ഞുപോയിരിക്കുന്നു. എന്നിരുന്നാലും വെളളിയാഴ്ച രാവിലെ പ്രഭാതമായപ്പോൾ തന്നെ അവർ വീണ്ടും ഒരുമിച്ചു കൂടുന്നു, ഇപ്രാവശ്യം സൻഹെദ്രീമിന്റെ മന്ദിരത്തിലാണ്. രാത്രിയിൽ നടത്തിയ വിചാരണക്ക് നിയമപരമായ സാധുത നൽകുക എന്നതാണ് അവരുടെ ഉദ്ദേശ്യം. യേശു അവരുടെ മുമ്പാകെ കൊണ്ടുവരപ്പെടുമ്പോൾ രാത്രിയിലെപ്പോലെ അവർ പറയുന്നു: “നീ ക്രിസ്തുവാണെങ്കിൽ ഞങ്ങളോട് പറയുക.”
“ഞാൻ നിങ്ങളോട് പറഞ്ഞാലും നിങ്ങൾ അത് വിശ്വസിക്കുകയില്ല,” യേശു മറുപടിയായി പറയുന്നു. “മാത്രവുമല്ല ഞാൻ എന്തെങ്കിലും നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ മറുപടി പറയുന്നില്ല.” എന്നിരുന്നാലും യേശു ധൈര്യമായി താൻ ആരെന്നുളളത് ചൂണ്ടിക്കാട്ടുന്നു: “ഇന്നു മുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലതുഭാഗത്ത് ഇരിക്കും.”
“അങ്ങനെയെങ്കിൽ നീ ദൈവത്തിന്റെ പുത്രനാണോ?” അവർക്കെല്ലാവർക്കും അറിയണം.
“ഞാൻ ആകുന്നു എന്ന് നിങ്ങൾ തന്നെ പറയുന്നുവല്ലോ,” യേശു മറുപടി പറയുന്നു.
കൊല നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന ഈ മനുഷ്യർക്ക് തൃപ്തിയായി. അത് ദൈവദൂഷണമായി അവർ കണക്കാക്കുന്നു. “നമുക്കിനിയും സാക്ഷികളെക്കൊണ്ട് എന്താവശ്യം?” അവർ ചോദിക്കുന്നു. “അവന്റെ സ്വന്തം വായിൽ നിന്ന് നാം തന്നെ കേട്ടുവല്ലോ.” അതുകൊണ്ട് അവർ യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി റോമൻ നാടുവാഴിയായ പൊന്തിയൊസ് പീലാത്തൊസിനെ ഏൽപ്പിക്കുന്നു.
യേശുവിന്റെ ഒററുകാരനായ യൂദാ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. യേശു മരണത്തിന് വിധിക്കപ്പെട്ടു എന്ന് കാണുമ്പോൾ അവന് കുററബോധം തോന്നുന്നു. അതുകൊണ്ട് അവൻ മുഖ്യപുരോഹിതൻമാരുടെയും മൂപ്പൻമാരുടെയും അടുക്കൽ തിരികെ ചെന്ന്, “നീതിമാന്റെ രക്തം ഏൽപ്പിച്ചു തന്നപ്പോൾ ഞാൻ പാപം ചെയ്തു,” എന്ന് പറഞ്ഞുകൊണ്ട് ആ മുപ്പതു വെളളി നാണയം തിരികെ കൊടുക്കാൻ ശ്രമിക്കുന്നു.
“അതിനു ഞങ്ങൾ എന്തുവേണം? നിന്റെ കാര്യം നീ നോക്കിക്കൊൾക!” എന്ന് അവർ നിർദ്ദയം മറുപടി പറയുന്നു. അതുകൊണ്ട് യൂദാ ആ വെളളി നാണയങ്ങൾ ആലയത്തിൽ എറിഞ്ഞു കളഞ്ഞിട്ട് പോയി തൂങ്ങി മരിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും യൂദാ കയറു കെട്ടുന്ന മരക്കൊമ്പ് ഒടിഞ്ഞിട്ട് അവൻ താഴെയുളള പാറകളിൽ വീണ് അവന്റെ ശരീരം പിളർന്നു പോകുന്നു.
ആ വെളളി നാണയങ്ങൾകൊണ്ട് എന്ത് ചെയ്യണമെന്ന് മുഖ്യപുരോഹിതൻമാർക്ക് നിശ്ചയമില്ല. “അവ വിശുദ്ധ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് വിഹിതമല്ല” എന്ന് അവർ തീരുമാനിക്കുന്നു, “എന്തുകൊണ്ടെന്നാൽ അവ രക്തത്തിന്റെ വിലയാണ്.” അതുകൊണ്ട് കൂടിയാലോചന നടത്തിയ ശേഷം അവർ ആ പണം കൊണ്ട് പരദേശികളെ അടക്കം ചെയ്യാനായി കുശവന്റെ നിലം വാങ്ങുന്നു. ആ സ്ഥലത്തിന് “രക്തനിലം” എന്ന് പേരായി.
യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിൽ എത്തിക്കുമ്പോഴും സമയം പ്രഭാതമായതേയുളളു. അവനോടുകൂടെ പോയ യഹൂദൻമാർ അകത്തു പ്രവേശിക്കാൻ വിസമ്മതിക്കുന്നു. കാരണം പുറജാതികളുമായുളള അത്തരം അടുപ്പം അവരെ അശുദ്ധരാക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് അവരുടെ സൗകര്യത്തെ കരുതി പീലാത്തൊസ് പുറത്തിറങ്ങി വരുന്നു. “ഈ മനുഷ്യനെതിരെ നിങ്ങൾ എന്ത് ആരോപണമാണ് കൊണ്ടുവരുന്നത്?” അയാൾ ചോദിക്കുന്നു.
“ഈ മനുഷ്യൻ ഒരു കുററവാളിയല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്റെ കൈയ്യിൽ ഏൽപ്പിക്കുകയില്ലായിരുന്നു,” അവർ ഉത്തരമായി പറയുന്നു.
ഇതിൽ ഉൾപ്പെടുന്നത് ഒഴിവാക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തൊസ് പറയുന്നു: “നിങ്ങൾ തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിച്ചുകൊളളുവിൻ.”
കൊലചെയ്യാനുളള അവരുടെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് യഹൂദൻമാർ പറയുന്നു. “ഞങ്ങൾക്ക് ആരെയും വധിക്കാൻ നിയമമില്ലല്ലോ.” വാസ്തവത്തിൽ പെസഹ പെരുന്നാളിനിടയിൽ അവർ യേശുവിനെ വധിച്ചാൽ സാദ്ധ്യതയനുസരിച്ച് അത് ജനങ്ങളുടെയിടയിൽ വലിയ കലഹത്തിനിടയാക്കും. കാരണം അനേകമാളുകൾക്ക് യേശുവിനോട് വലിയ ബഹുമാനമുണ്ട്. എന്നാൽ രാഷ്ട്രീയ കുററം ആരോപിച്ച് അവനെ റോമാക്കാരെക്കൊണ്ട് കൊല്ലിക്കാൻ കഴിഞ്ഞാൽ ജനങ്ങളുടെ മുമ്പിൽ അവർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവുളളവരായിരിക്കും.
അതുകൊണ്ട് ദൈവദൂഷണം പറഞ്ഞതിന് യേശുവിനെ മരണത്തിന് വിധിച്ചുകൊണ്ട് അവർ നേരത്തെ നടത്തിയ വിചാരണയെപ്പററി പറയാതെ അവർ ഇപ്പോൾ തികച്ചും വ്യത്യസ്തമായ ആരോപണങ്ങൾ കെട്ടിച്ചമക്കുന്നു. മൂന്നു ഭാഗങ്ങളുളള ഒരു ആരോപണമാണ് അവർ കൊണ്ടു വരുന്നത്: “ഈ മനുഷ്യൻ (1) ജനത്തിനിടയിൽ കലഹം ഉണ്ടാക്കുന്നതും (2) കൈസർക്ക് നികുതി കൊടുക്കുന്നത് വിലക്കുന്നതും (3) താൻ തന്നെ ക്രിസ്തു എന്ന രാജാവാണെന്ന് പറയുന്നതുമായി ഞങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു.”
യേശു ഒരു രാജാവായിരിക്കുന്നതായി അവകാശപ്പെടുന്നു എന്നുളള ആരോപണമാണ് പീലാത്തൊസിനെ ബാധിക്കുന്നത്. അതുകൊണ്ട് അയാൾ വീണ്ടും കൊട്ടാരത്തിനുളളിൽ പ്രവേശിച്ചിട്ട് യേശുവിനെ തന്റെ അടുക്കൽ വിളിച്ച് ഇപ്രകാരം ചോദിക്കുന്നു: “നീ യഹൂദൻമാരുടെ രാജാവാണോ?” മററുവാക്കുകളിൽ പറഞ്ഞാൽ കൈസർക്കെതിരെ ഒരു രാജാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് നീ നിയമം ലംഘിച്ചിരിക്കുന്നുവോ?
പീലാത്തൊസ് തന്നെക്കുറിച്ച് ഇതിനോടകം എന്തെല്ലാം കേട്ടിട്ടുണ്ട് എന്നറിയാൻ യേശു ആഗ്രഹിക്കുന്നു, അതുകൊണ്ട് അവൻ ചോദിക്കുന്നു: “ഇത് നീ സ്വയമായി സംസാരിക്കുന്നതാണോ അതോ മററുളളവർ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞതാണോ?”
പീലാത്തൊസിന് അവനെക്കുറിച്ച് ഒന്നും അറിയാൻ പാടില്ല, എന്നാൽ അറിയാൻ ആഗ്രഹിക്കുന്നുവെന്നും അയാൾ പറയുന്നു. “ഞാൻ ഒരു യഹൂദനല്ല, ആണോ?” അയാൾ പ്രതിവചിക്കുന്നു. “നിന്റെ സ്വന്തം ജനവും പ്രധാനപുരോഹിതൻമാരും നിന്നെ എന്റെ കൈയ്യിൽ ഏൽപ്പിച്ചിരിക്കുന്നു. നീ എന്താണ് ചെയ്തത്?”
രാജത്വം സംബന്ധിച്ച വിവാദപ്രശ്നം ഒഴിവാക്കാൻ യേശു യാതൊരു ശ്രമവും ചെയ്യുന്നില്ല. യേശു ഇപ്പോൾ നൽകുന്ന ഉത്തരം നിസംശയമായും പീലാത്തൊസിനെ അതിശയിപ്പിക്കുന്നു. ലൂക്കോസ് 22:66–23:3; മത്തായി 27:1-11; മർക്കോസ് 15:1; യോഹന്നാൻ 18:28-35; പ്രവൃത്തികൾ 1:16-20.
▪ എന്തുദ്ദേശ്യത്തിലാണ് സൻഹെദ്രീം രാവിലെ വീണ്ടും സമ്മേളിക്കുന്നത്?
▪ യൂദാ എങ്ങനെയാണ് മരിക്കുന്നത്, 30 വെളളി നാണയങ്ങൾകൊണ്ട് എന്തു ചെയ്യുന്നു?
▪ യേശുവിനെ തങ്ങൾതന്നെ വധിക്കാതെ റോമാക്കാരുടെ കയ്യാൽ അവനെ വധിക്കാൻ യഹൂദൻമാർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
▪ യേശുവിനെതിരെ യഹൂദൻമാർ എന്തെല്ലാം ആരോപണങ്ങളാണ് കൊണ്ടുവരുന്നത്?