അധ്യായം പതിനെട്ട്
യഹോവ ദാനീയേലിന് അത്ഭുതകരമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു
1, 2. (എ) വിജയം വരിക്കാൻ ഒരു ഓട്ടക്കാരനു വേണ്ട പ്രധാന ഗുണം ഏത്? (ബി) യഹോവയുടെ സേവനത്തിലെ വിശ്വസ്തതയോടു കൂടിയ ജീവിതത്തെ അപ്പൊസ്തലനായ പൗലൊസ് ഒരു മത്സര ഓട്ടത്തോടു താരതമ്യപ്പെടുത്തിയത് എങ്ങനെ?
ഒരു ഓട്ടക്കാരൻ പൂർത്തീകരണ രേഖയോട് അടുക്കുകയാണ്. അയാൾ ശരിക്കും തളർന്നിരിക്കുന്നു. എന്നാൽ ലക്ഷ്യം കൺമുന്നിലുള്ള അയാൾ അവസാനത്തെ ആ ഏതാനും ചുവടുകൾ സർവ ശക്തിയും എടുത്ത് ഓടുന്നു. തന്റെ മുഴു പേശികളെയും പരമാവധി ആയാസപ്പെടുത്തിക്കൊണ്ട് ഒടുവിൽ അയാൾ ആ രേഖ കടക്കുന്നു! അയാളുടെ മുഖത്ത് ആശ്വാസവും വിജയവും സ്ഫുരിക്കുന്നു. അവസാനം വരെ സഹിച്ചുനിന്നതിനു പ്രതിഫലം ലഭിച്ചിരിക്കുന്നു.
2 പ്രിയങ്കരനായ പ്രവാചകൻ തന്റെ സ്വന്തം “ഓട്ട”ത്തിന്റെ—യഹോവയെ സേവിച്ചുകൊണ്ടുള്ള തന്റെ ജീവിതത്തിന്റെ—പൂർത്തീകരണ രേഖയോട് അടുക്കുന്നതായി ദാനീയേൽ പുസ്തകം 12-ാം അധ്യായത്തിന്റെ ഉപസംഹാരത്തിൽ നാം കാണുന്നു. യഹോവയുടെ ക്രിസ്തീയ പൂർവ ദാസന്മാരുടെ ഇടയിലെ വിശ്വാസത്തിന്റെ അനേകം മാതൃകകളെ പരാമർശിച്ച ശേഷം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ [“സഹിഷ്ണുതയോടെ,” NW] ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.”—എബ്രായർ 12:1, 2.
3. (എ) ‘സഹിഷ്ണുതയോടെ ഓടാൻ’ ദാനീയേലിനെ പ്രേരിപ്പിച്ചത് എന്ത്? (ബി) യഹോവയുടെ ദൂതൻ ദാനീയേലിനോടു പറഞ്ഞ മൂന്നു വ്യതിരിക്ത കാര്യങ്ങൾ ഏവ?
3 ‘സാക്ഷികളുടെ ആ വലിയ സമൂഹ’ത്തിൽ ദാനീയേലും ഉണ്ടായിരുന്നു. അവൻ തീർച്ചയായും ‘സഹിഷ്ണുതയോടെ ഓടേ’ണ്ടിയിരുന്നു. ദൈവത്തോടുള്ള ആഴമായ സ്നേഹമാണ് അപ്രകാരം ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്. ലോക ഗവൺമെന്റുകളുടെ ഭാവി സംബന്ധിച്ച് യഹോവ ദാനീയേലിനു വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ യഹോവ അവനു പിൻവരുന്ന വ്യക്തിഗത പ്രോത്സാഹനം അയയ്ക്കുന്നു: “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക [“അന്ത്യത്തിലേക്കു പോകുക,” NW]; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേററുവരും.” (ദാനീയേൽ 12:13) യഹോവയുടെ ദൂതൻ ദാനീയേലിനോടു മൂന്നു വ്യതിരിക്ത കാര്യങ്ങളാണ് പറഞ്ഞത്: (1) ദാനീയേൽ “അന്ത്യത്തിലേക്കു പോക”ണം, (2) അവൻ “വിശ്രമി”ക്കും, (3) അവൻ ഭാവിയിൽ വീണ്ടും “എഴുന്നേററുവരും.” ഇന്ന്, ജീവനു വേണ്ടിയുള്ള ഓട്ടത്തിന്റെ പൂർത്തീകരണ രേഖ വരെ സഹിച്ചുനിൽക്കാൻ ഈ വാക്കുകൾക്കു ക്രിസ്ത്യാനികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
“അന്ത്യത്തിലേക്കു പോകുക”
4. “അന്ത്യത്തിലേക്കു പോകുക” എന്നു പറഞ്ഞപ്പോൾ ദൂതൻ എന്താണ് അർഥമാക്കിയത്, അതു ദാനീയേലിന് ഒരു വെല്ലുവിളി ഉയർത്തിയിരിക്കാവുന്നത് എന്തുകൊണ്ട്?
4 “നീയോ, അന്ത്യത്തിലേക്കു പോകുക” എന്ന് ദാനീയേലിനോടു പറഞ്ഞപ്പോൾ ദൂതൻ എന്താണ് അർഥമാക്കിയത്? എന്തിന്റെ അന്ത്യം? കൊള്ളാം, ദാനീയേലിന് ഏകദേശം 100 വയസ്സ് ഉണ്ടായിരുന്നതിനാൽ, സാധ്യതയനുസരിച്ച് വളരെ അടുത്ത് എത്തിയിരുന്ന അവന്റെ ജീവിതാന്ത്യത്തെ കുറിച്ചുള്ള ഒരു പരാമർശനം ആയിരുന്നിരിക്കാം അത്.a മരണത്തോളം വിശ്വസ്തതയോടെ സഹിച്ചുനിൽക്കാൻ ദൂതൻ ദാനീയേലിനെ ഉദ്ബോധിപ്പിക്കുകയായിരുന്നു. എന്നാൽ അത് അത്ര എളുപ്പം അല്ലായിരുന്നു. ബാബിലോൺ മറിച്ചിടപ്പെടുന്നതും യഹൂദ പ്രവാസികളുടെ ഒരു ശേഷിപ്പ് യഹൂദയിലേക്കും യെരൂശലേമിലേക്കും മടങ്ങുന്നതും കാണാൻ ദാനീയേൽ ജീവിച്ചിരുന്നു. വൃദ്ധപ്രവാചകന് അതു വളരെ സന്തോഷം കൈവരുത്തിയിരിക്കണം. എന്നാൽ അവൻ ആ യാത്രാസംഘത്തിൽ ചേർന്നു എന്നതിനു യാതൊരു രേഖയുമില്ല. അപ്പോഴേക്കും അവൻ വളരെ പ്രായംചെന്ന് ദുർബലൻ ആയിത്തീർന്നിരിക്കാം. അല്ലെങ്കിൽ അവൻ ബാബിലോണിൽ തുടരണം എന്നത് യഹോവയുടെ ഹിതം ആയിരുന്നിരിക്കാം. എന്തായിരുന്നാലും, തന്റെ നാട്ടുകാർ യഹൂദയിലേക്കു മടങ്ങിയപ്പോൾ ദാനീയേലിനു കുറെയൊക്കെ ദുഃഖം തോന്നിക്കാണില്ലേയെന്ന് ഒരുവൻ സ്വാഭാവികമായും ചിന്തിച്ചേക്കാം.
5. ദാനീയേൽ അന്ത്യംവരെ സഹിച്ചുനിന്നു എന്നതിന് എന്തു സൂചനയുണ്ട്?
5 “അന്ത്യത്തിലേക്കു പോകുക” എന്ന ദൂതന്റെ ദയാപൂർവകമായ പ്രസ്താവനയിൽ നിന്നു ദാനീയേൽ വളരെയേറെ ശക്തി ആർജിച്ചെന്നു തീർച്ച. ഏതാണ്ട് ആറു നൂറ്റാണ്ടുകൾക്കു ശേഷം യേശുക്രിസ്തു പറഞ്ഞ പിൻവരുന്ന വാക്കുകൾ നാം ഓർമിച്ചേക്കാം: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13) ദാനീയേൽ ചെയ്തത് അതുതന്നെ ആണെന്നുള്ളതിനു യാതൊരു സംശയവുമില്ല. ജീവനുവേണ്ടിയുള്ള ഓട്ടം അവസാനത്തോളം വിശ്വസ്തതയോടെ തുടർന്നുകൊണ്ട് അവൻ സഹിച്ചുനിന്നു. ദൈവവചനത്തിൽ പിന്നീട് അവനെ അംഗീകരിച്ചു സംസാരിച്ചിരിക്കുന്നതിന്റെ ഒരു കാരണം അതായിരിക്കാം. (എബ്രായർ 11:32, 33) അന്ത്യത്തോളം സഹിച്ചുനിൽക്കാൻ ദാനീയേലിനെ സഹായിച്ചത് എന്തായിരുന്നു? ഉത്തരം കണ്ടെത്താൻ അവന്റെ ജീവചരിത്രം നമ്മെ സഹായിക്കുന്നു.
ദൈവവചനത്തിന്റെ ഒരു പഠിതാവ് എന്ന നിലയിൽ സഹിച്ചുനിൽക്കൽ
6. ദാനീയേൽ ദൈവവചനത്തിന്റെ ശുഷ്കാന്തിയുള്ള ഒരു പഠിതാവ് ആയിരുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം?
6 ദാനീയേലിനെ സംബന്ധിച്ചിടത്തോളം, അന്ത്യത്തോളം സഹിച്ചു നിൽക്കുന്നതിൽ ദൈവത്തിന്റെ പുളകപ്രദമായ വാഗ്ദാനങ്ങളെ കുറിച്ച് ആഴമായി പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിൽ തുടരുന്നത് ഉൾപ്പെട്ടിരുന്നു. ദാനീയേൽ ദൈവവചനത്തിന്റെ ഒരു അർപ്പിത പഠിതാവ് ആയിരുന്നു. അല്ലായിരുന്നെങ്കിൽ, പ്രവാസം 70 വർഷത്തേക്ക് ആയിരിക്കുമെന്ന് യഹോവ യിരെമ്യാവിനു നൽകിയ ഉറപ്പ് അവൻ എങ്ങനെ അറിയുമായിരുന്നു? “ഞാൻ . . . കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു” എന്ന് ദാനീയേൽതന്നെ എഴുതി. (ദാനീയേൽ 9:2; യിരെമ്യാവു 25:11, 12) അന്നു നിലവിൽ ഉണ്ടായിരുന്ന ദൈവവചനത്തിലെ പുസ്തകങ്ങൾ ദാനീയേൽ പരിശോധിച്ചു എന്നതിനു യാതൊരു സംശയവുമില്ല. മോശെ, ദാവീദ്, ശലോമോൻ, യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ എന്നിവരുടെ എഴുത്തുകളിൽ തനിക്കു ലഭ്യമായിരുന്നവ പതിവായി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു ദാനീയേൽ ആസ്വദിച്ചിരുന്നു എന്നതിനു സംശയമില്ല.
7. ദൈവവചനം പഠിക്കുന്ന കാര്യത്തിൽ, ദാനീയേലിന്റെ നാളിനോടുള്ള താരതമ്യത്തിൽ ഇന്നു നമുക്ക് എന്തു നേട്ടങ്ങളാണുള്ളത്?
7 ഇന്ന്, സഹിഷ്ണുത നട്ടുവളർത്താൻ ദൈവവചനം പഠിക്കുകയും അതിൽ മുഴുകിയിരിക്കുകയും ചെയ്യേണ്ടതു മർമപ്രധാനമാണ്. (റോമർ 15:4-6; 1 തിമൊഥെയൊസ് 4:15) ദാനീയേലിന്റെ പ്രവചനങ്ങളിൽ ചിലത് നൂറ്റാണ്ടുകൾക്കു ശേഷം എങ്ങനെ നിവൃത്തിയേറി എന്നതിന്റെ ലിഖിത രേഖ ഉൾപ്പെടുന്ന സമ്പൂർണ ബൈബിൾ ഇന്നു നമുക്കുണ്ട്. മാത്രമല്ല, ദാനീയേൽ 12:4-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന “അന്ത്യകാല”ത്തു ജീവിക്കാൻ തക്കവണ്ണം നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നാളിൽ, ആത്മീയ ഉൾക്കാഴ്ചയാൽ അഭിഷിക്തർ അനുഗൃഹീതർ ആയിരിക്കുന്നു. ഈ അന്ധകാര ലോകത്തിൽ അവർ സത്യത്തിന്റെ വിളക്കുമരങ്ങൾ പോലെ പ്രകാശിക്കുന്നു. തത്ഫലമായി, ദാനീയേൽ പുസ്തകത്തിലെ ഗഹനമായ അനേകം പ്രവചനങ്ങൾ—അവയിൽ ചിലത് ദാനീയേലിനെ അന്ധാളിപ്പിച്ചവയാണ്—നമുക്ക് ഇന്നു വളരെ അർഥവത്താണ്. അതുകൊണ്ട്, ദൈവവചനം അനുദിനം പഠിക്കുന്നതിൽ നമുക്കു തുടരാം, ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി എടുക്കാതിരിക്കാം. അപ്രകാരം ചെയ്യുന്നതു സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും.
ദാനീയേൽ പ്രാർഥനയിൽ ഉറ്റിരുന്നു
8. പ്രാർഥനയുടെ കാര്യത്തിൽ ദാനീയേൽ എന്തു ദൃഷ്ടാന്തം വെച്ചു?
8 അന്ത്യത്തോളം സഹിച്ചുനിൽക്കാൻ പ്രാർഥനയും ദാനീയേലിനെ സഹായിച്ചു. വിശ്വാസവും ഉറപ്പും നിറഞ്ഞ ഹൃദയത്തോടെ അവൻ അനുദിനം യഹോവയാം ദൈവത്തോട് തുറന്നു സംസാരിച്ചു. യഹോവ “പ്രാർത്ഥന കേൾക്കുന്നവനാ”ണെന്ന് അവന് അറിയാമായിരുന്നു. (സങ്കീർത്തനം 65:2; എബ്രായർ 11:6 താരതമ്യം ചെയ്യുക.) ഇസ്രായേലിന്റെ മത്സരഗതി നിമിത്തമുള്ള ദുഃഖത്താൽ തന്റെ ഹൃദയം ഭാരപ്പെട്ടപ്പോൾ അവൻ തന്റെ വികാരങ്ങൾ യഹോവയെ അറിയിച്ചു. (ദാനീയേൽ 9:4-19) 30 ദിവസത്തേക്കു തന്നോടു മാത്രമേ യാചന കഴിക്കാവൂ എന്ന് ദാര്യാവേശ് കൽപ്പിച്ചപ്പോൾ പോലും ദാനീയേൽ യഹോവയാം ദൈവത്തോടു പ്രാർഥിക്കുന്നതു നിറുത്തിയില്ല. (ദാനീയേൽ 6:10) വിശ്വസ്തനായ ആ വയോധികൻ പ്രാർഥനയാകുന്ന അമൂല്യ പദവി ഉപേക്ഷിക്കുന്നതിനു പകരം സിംഹങ്ങൾ നിറഞ്ഞ ഒരു കുഴിയിൽ എറിയപ്പെടാൻ സധൈര്യം തീരുമാനിച്ചതിനെ കുറിച്ച് ഓർമിക്കുന്നത് നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നില്ലേ? ഓരോ ദിവസവും യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് ദാനീയേൽ അന്ത്യത്തോളം വിശ്വസ്തനായി തുടർന്നു എന്നതിനു യാതൊരു സംശയവുമില്ല.
9. പ്രാർഥിക്കാനുള്ള പദവിയെ നാം ഒരിക്കലും നിസ്സാരമായി എടുക്കരുതാത്തത് എന്തുകൊണ്ട്?
9 പ്രാർഥന ലളിതമായ ഒരു പ്രവൃത്തിയാണ്. മിക്കവാറും ഏതൊരു സമയത്തും എവിടെവെച്ചും നമുക്ക് ഉച്ചത്തിലോ നിശ്ശബ്ദമായോ പ്രാർഥിക്കാൻ കഴിയും. എന്നാൽ ഈ അമൂല്യ പദവിയെ നാം ഒരിക്കലും നിസ്സാരമായി എടുക്കരുത്. ബൈബിളിൽ പ്രാർഥനയെ സഹിഷ്ണുത, സ്ഥിരത, ആത്മീയ ഉണർവ് എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. (ലൂക്കൊസ് 18:1; റോമർ 12:13; എഫെസ്യർ 6:18; കൊലൊസ്സ്യർ 4:2) അഖിലാണ്ഡത്തിലെ ഏറ്റവും ഉയർന്ന വ്യക്തിയുമായി നമുക്കു സ്വതന്ത്രവും എളുപ്പം പ്രാപ്യവുമായ ഒരു ആശയവിനിമയ മാർഗം ഉള്ളത് അതിശയകരമല്ലേ? അവൻ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നു! ദാനീയേൽ പ്രാർഥിച്ചപ്പോൾ പ്രതികരണമായി യഹോവ ഒരു ദൂതനെ അയച്ച സന്ദർഭം ഓർമിക്കുക. ദാനീയേൽ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ദൂതൻ എത്തി! (ദാനീയേൽ 9:20, 21) അത്തരം ദൂതസന്ദർശനങ്ങളുടെ ഒരു യുഗം അല്ലായിരിക്കാം നമ്മുടേത്, എന്നിരുന്നാലും യഹോവയ്ക്കു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) അവൻ ദാനീയേലിന്റെ പ്രാർഥന കേട്ടതുപോലെ നമ്മുടെ പ്രാർഥനയും കേൾക്കും. പ്രാർഥന നമ്മെ യഹോവയോടു കൂടുതൽ അടുപ്പിക്കും. അങ്ങനെ, ദാനീയേലിനെപ്പോലെ അവസാനത്തോളം സഹിച്ചു നിൽക്കാൻ നമ്മെ സഹായിക്കുന്ന ഒരു ബന്ധം ഉടലെടുക്കും.
ദൈവവചനത്തിന്റെ ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ സഹിച്ചുനിൽക്കൽ
10. ദൈവവചന സത്യം പഠിപ്പിക്കുന്നതു ദാനീയേലിനെ സംബന്ധിച്ചിടത്തോളം പ്രധാനം ആയിരുന്നത് എന്തുകൊണ്ട്?
10 മറ്റൊരു അർഥത്തിലും ദാനീയേൽ “അന്ത്യത്തിലേക്കു പോകണ”മായിരുന്നു. സത്യത്തിന്റെ ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ അവൻ സഹിച്ചു നിൽക്കേണ്ടിയിരുന്നു. തിരുവെഴുത്തുകൾ പിൻവരുന്ന പ്രകാരം ആരെക്കുറിച്ചു പറഞ്ഞുവോ ആ തിരഞ്ഞെടുക്കപ്പെട്ട ജനത്തിൽ ഒരുവനാണു താൻ എന്നത് അവൻ ഒരിക്കലും മറന്നില്ല: “നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 43:10) ആ നിയോഗം നിവർത്തിക്കാൻ തന്നാലാവത് എല്ലാം ദാനീയേൽ ചെയ്തു. ബാബിലോണിയൻ പ്രവാസത്തിൽ ആയിരുന്ന സ്വന്തം ജനത്തെ പഠിപ്പിക്കുന്നതും അവന്റെ വേലയിൽ ഉൾപ്പെട്ടിരുന്നിരിക്കാം. ദാനീയേലിന്റെ “കൂട്ടുകാരാ”യി പരാമർശിക്കപ്പെട്ടിരിക്കുന്ന ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ മൂന്നു പേർ ഒഴികെ തന്റെ സഹയഹൂദന്മാരുമായുള്ള അവന്റെ ഇടപെടലുകളെ കുറിച്ച് നമുക്ക് ഒന്നുംതന്നെ അറിയില്ല. (ദാനീയേൽ 1:7; 2:13, 17, 18) അവരുടെ ഉറ്റ സൗഹൃദം സഹിച്ചുനിൽക്കാൻ അവരെ ഓരോരുത്തരെയും ഏറെ സഹായിച്ചെന്നു തീർച്ച. (സദൃശവാക്യങ്ങൾ 17:17) യഹോവയിൽനിന്നുള്ള പ്രത്യേക ഉൾക്കാഴ്ചയാൽ അനുഗ്രഹിക്കപ്പെട്ട ദാനീയേലിനു തന്റെ കൂട്ടുകാരെ പഠിപ്പിക്കാൻ ധാരാളം കാര്യങ്ങൾ ഉണ്ടായിരുന്നു. (ദാനീയേൽ 1:17) എന്നാൽ പഠിപ്പിക്കലിനോടുള്ള ബന്ധത്തിൽ അവന് മറ്റു ചില കാര്യങ്ങൾ കൂടെ നിർവഹിക്കാനുണ്ടായിരുന്നു.
11. (എ) ദാനീയേലിന്റെ വേലയിൽ അതുല്യം ആയിരുന്നതെന്ത്? (ബി) തന്റെ അസാധാരണ നിയമനം നിർവഹിക്കുന്നതിൽ ദാനീയേൽ എത്ര ഫലപ്രദൻ ആയിരുന്നു?
11 മറ്റ് ഏതൊരു പ്രവാചകനെക്കാളും അധികമായി, ദാനീയേലിന് വിജാതീയരായ ഉന്നത അധികാരികളോടു സാക്ഷീകരിക്കേണ്ടത് ഉണ്ടായിരുന്നു. മിക്കപ്പോഴും, ജനരഞ്ജകമല്ലാത്ത സന്ദേശങ്ങൾ അറിയിക്കേണ്ടത് ഉണ്ടായിരുന്നെങ്കിലും, ആ ഭരണാധികാരികൾ വെറുക്കപ്പെട്ടവരോ ഏതെങ്കിലും തരത്തിൽ തന്നെക്കാൾ അധമരോ ആണെന്നുള്ളതു പോലെ അവൻ അവരോട് ഇടപെട്ടില്ല. ആദരവോടും സാമർഥ്യത്തോടും കൂടെ അവൻ അവരോടു സംസാരിച്ചു. അസൂയാലുക്കളും കുബുദ്ധികളുമായ പ്രധാന ദേശാധിപതിമാരെ പോലെയുള്ള ചിലർ അവനെ വകവരുത്താൻ ആഗ്രഹിച്ചു. എന്നിരുന്നാലും മറ്റ് ഉന്നത അധികാരികൾ അവനെ ആദരിക്കാൻ ഇടയായി. രാജാക്കന്മാരെയും വിദ്വാന്മാരെയും അന്ധാളിപ്പിച്ച രഹസ്യങ്ങൾ വിശദീകരിക്കാൻ യഹോവ ദാനീയേൽ പ്രവാചകനെ പ്രാപ്തനാക്കിയതുകൊണ്ട് അവനു വലിയ പ്രാമുഖ്യത ലഭിച്ചു. (ദാനീയേൽ 2:47, 48; 5:29) പ്രായം ചെന്നപ്പോൾ, ചെറുപ്പത്തിലെപ്പോലെ പ്രവർത്തനനിരതൻ ആയിരിക്കാൻ അവനു സാധിച്ചില്ലെന്നുള്ളതു സത്യമാണ്. എന്നിരുന്നാലും തന്റെ പ്രിയപ്പെട്ട ദൈവത്തിന്റെ ഒരു സാക്ഷി എന്ന നിലയിൽ സേവിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും വിശ്വസ്തമായി തേടിക്കൊണ്ടാണ് അവൻ തന്റെ അന്ത്യത്തിലേക്കു പോയതെന്നു തീർച്ച.
12. (എ) ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ഇന്ന് ഏതു പഠിപ്പിക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു? (ബി) “പുറത്തുളളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ” എന്ന അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം നമുക്ക് എങ്ങനെ പിൻപറ്റാനാകും?
12 ദാനീയേലും അവന്റെ മൂന്നു കൂട്ടാളികളും പരസ്പരം സഹായിച്ചതുപോലെ, സഹിച്ചു നിൽക്കാൻ നമ്മെ സഹായിക്കുന്ന വിശ്വസ്ത സഹകാരികളെ നമുക്ക് ഇന്നു ക്രിസ്തീയ സഭയിൽ കണ്ടെത്താവുന്നതാണ്. “പ്രോത്സാഹന കൈമാറ്റം” നടത്തിക്കൊണ്ട് നാമും പരസ്പരം പഠിപ്പിക്കുന്നു. (റോമർ 1:11, 12, NW) ദാനീയേലിനെപ്പോലെ നമുക്കും അവിശ്വാസികളോടു സാക്ഷീകരിക്കാനുള്ള നിയോഗമുണ്ട്. (മത്തായി 24:14; 28:19, 20) ആയതിനാൽ, യഹോവയെ കുറിച്ച് ആളുകളോടു സംസാരിക്കുമ്പോൾ, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗി”ക്കാൻ നാം നമ്മുടെ പ്രാപ്തികൾക്കു മൂർച്ച കൂട്ടേണ്ടതുണ്ട്. (2 തിമൊഥെയൊസ് 2:15) അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കുന്നതു സഹായകം ആയിരിക്കും: “പുറത്തുളളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.” (കൊലൊസ്സ്യർ 4:5) നമ്മുടെ വിശ്വാസം വെച്ചുപുലർത്താത്തവരെ കുറിച്ചുള്ള സമനിലയോടു കൂടിയ വീക്ഷണം അത്തരം ജ്ഞാനത്തിൽ ഉൾപ്പെടുന്നു. നമ്മെത്തന്നെ ശ്രേഷ്ഠരായി കരുതിക്കൊണ്ട് നാം അത്തരം ആളുകളെ തുച്ഛീകരിക്കുകയില്ല. (1 പത്രൊസ് 3:15) പകരം, അവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ തക്കവണ്ണം നയത്തോടും പ്രാഗത്ഭ്യത്തോടും കൂടെ ദൈവവചനം ഉപയോഗിച്ചുകൊണ്ട് അവരെ സത്യത്തിലേക്ക് ആകർഷിക്കാൻ നാം ശ്രമിക്കുന്നു. ഒരുവന്റെ ഹൃദയത്തിൽ എത്തിച്ചേരാൻ സാധിക്കുമ്പോൾ അതു നമ്മെ എത്രമാത്രം സന്തോഷിപ്പിക്കുന്നു! ദാനീയേലിനെപ്പോലെ അന്ത്യത്തോളം സഹിച്ചുനിൽക്കാൻ അത്തരം സന്തോഷം നമ്മെ നിശ്ചയമായും സഹായിക്കുന്നു.
‘നീ വിശ്രമിക്കും’
13, 14. അനേകം ബാബിലോണിയർക്കും മരണം ഭീതിജനകം ആയിരുന്നത് എന്തുകൊണ്ട്, ദാനീയേലിന്റെ വീക്ഷണം വ്യത്യസ്തമായിരുന്നത് എങ്ങനെ?
13 ദൂതൻ തുടർന്ന് ദാനീയേലിന് ഈ ഉറപ്പു നൽകി: “നീ വിശ്രമി”ക്കും. (ദാനീയേൽ 12:13) ആ വാക്കുകൾ എന്താണ് അർഥമാക്കിയത്? തന്റെ മരണം ആസന്നമാണെന്നു ദാനീയേലിന് അറിയാമായിരുന്നു. ആദാമിന്റെ കാലം മുതൽ നമ്മുടെ കാലം വരെ എല്ലാവരുടെയും കാര്യത്തിൽ മരണം ഒഴിവാക്കാനാകാത്ത അവസാനം ആയിരുന്നിട്ടുണ്ട്. ബൈബിൾ ഉചിതമായും മരണത്തെ ഒരു “ശത്രു” എന്നു വിളിക്കുന്നു. (1 കൊരിന്ത്യർ 15:26) എന്നിരുന്നാലും, ദാനീയേലിനു ചുറ്റുമുണ്ടായിരുന്ന ബാബിലോണിയർക്കു മരണം എന്ത് അർഥമാക്കിയോ അതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു അർഥമാണ് ദാനീയേലിന്റെ കാര്യത്തിൽ അതിന് ഉണ്ടായിരുന്നത്. 4,000 വ്യാജ ദേവീദേവന്മാരുടെ സങ്കീർണമായ ആരാധനയിൽ മുങ്ങിത്താണിരുന്ന അവർക്കു മരണം അത്യന്തം ഭീതിജനകം ആയിരുന്നു. അസന്തുഷ്ട ജീവിതം നയിക്കുകയോ അസ്വാഭാവികമായി മരിക്കുകയോ ചെയ്യുന്നവർ ജീവിച്ചിരിക്കുന്നവരെ വേട്ടയാടുന്ന പ്രതികാരദാഹികളായ പ്രേതങ്ങളായി മാറുമെന്ന് അവർ വിശ്വസിച്ചിരുന്നു. മനുഷ്യ-മൃഗ രൂപങ്ങളിലുള്ള കരാള രാക്ഷസന്മാർ നിറഞ്ഞ ഭീതിപ്പെടുത്തുന്ന ഒരു പാതാളലോകത്തിലും ബാബിലോണിയർ വിശ്വസിച്ചിരുന്നു.
14 എന്നാൽ ദാനീയേലിനെ സംബന്ധിച്ചിടത്തോളം മരണം ഈ കാര്യങ്ങളെയൊന്നും അർഥമാക്കിയില്ല. ദാനീയേലിന്റെ നാളിനു നൂറുകണക്കിനു വർഷങ്ങൾ മുമ്പ് പിൻവരുന്ന പ്രകാരം പറയാൻ ശലോമോൻ രാജാവ് ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു: “മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മരിക്കുന്നവനെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” (സങ്കീർത്തനം 146:4) അതുകൊണ്ട്, തന്നോടുള്ള ദൂതന്റെ വാക്കുകൾ സത്യമാകുമെന്നു ദാനീയേലിന് അറിയാമായിരുന്നു. മരണം നിദ്രയെ അർഥമാക്കി. ചിന്തയില്ല, വ്യസനമില്ല, ദണ്ഡനമില്ല, തീർച്ചയായും രാക്ഷസന്മാരുമില്ല. ലാസർ മരിച്ചപ്പോൾ യേശുക്രിസ്തു പ്രസ്തുത സംഗതി സമാനമായ ഒരു വിധത്തിൽ വിശദീകരിച്ചു. അവൻ പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു.”—യോഹന്നാൻ 11:11.
15. മരണദിവസത്തിന് ജനനദിവസത്തെക്കാൾ മെച്ചമായിരിക്കാൻ കഴിയുന്നത് എങ്ങനെ?
15 മരണചിന്ത ദാനീയേലിനെ തെല്ലും ഭയപ്പെടുത്താതിരുന്നതിന്റെ മറ്റൊരു കാരണം പരിഗണിക്കുക. ദൈവവചനം പറയുന്നു: “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.” (സഭാപ്രസംഗി 7:1) തികച്ചും ദുഃഖകരമായ മരണദിവസത്തിന് സന്തോഷകരമായ ജനനദിവസത്തെക്കാൾ മെച്ചമായിരിക്കാൻ കഴിയുന്നത് എങ്ങനെ? അതിന്റെ രഹസ്യം ‘പേരിൽ’ ആണ്. ‘സുഗന്ധതൈലം’ വളരെ വിലപിടിപ്പുള്ളത് ആയിരിക്കാവുന്നതാണ്. ഒരിക്കൽ, ലാസറിന്റെ സഹോദരിയായ മറിയ യേശുവിന്റെ പാദങ്ങളിൽ ഏകദേശം ഒരു വർഷത്തെ വേതനത്തിനു തുല്യമായ വിലയുള്ള സുഗന്ധതൈലം പൂശി! (യോഹന്നാൻ 12:1-7) വെറുമൊരു ‘പേരിന്’ ഇത്ര അമൂല്യമായിരിക്കാൻ കഴിയുന്നത് എങ്ങനെ? കേവലം ഒരു പേരല്ല, മറിച്ച് ആ പേര് എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതാണു പ്രധാനം. ജനന സമയത്ത് ഒരുവനു ഖ്യാതികളും സത്പ്രവൃത്തികളുടെ രേഖകളും ഇല്ല, നാമ വാഹകന്റെ വ്യക്തിത്വത്തെയും ഗുണങ്ങളെയും കുറിച്ചുള്ള മധുര സ്മരണകളും ഇല്ല. എന്നാൽ ജീവിതാവസാനത്തിൽ അയാളുടെ പേര് ഇക്കാര്യങ്ങളെ എല്ലാം സൂചിപ്പിക്കുന്നു. അത് ദൈവ ദൃഷ്ടിയിൽ ഒരു നല്ല പേർ ആണെങ്കിൽ ഏതൊരു ഭൗതിക സമ്പത്തിനെയുംകാൾ വളരെയേറെ അമൂല്യമാണ്.
16. (എ) ദൈവമുമ്പാകെ ഒരു നല്ല പേർ ഉണ്ടാക്കാൻ ദാനീയേൽ ശ്രമിച്ചത് എങ്ങനെ? (ബി) യഹോവയുടെ മുമ്പാകെ ഒരു നല്ല പേർ ഉണ്ടാക്കിയെന്ന പൂർണ ബോധ്യത്തോടെ ദാനീയേലിനു നിദ്രകൊള്ളാൻ കഴിയുമായിരുന്നത് എന്തുകൊണ്ട്?
16 ദൈവമുമ്പാകെ ഒരു നല്ല പേർ ഉണ്ടാക്കാൻ തന്റെ ജീവിതത്തിൽ ഉടനീളം ദാനീയേൽ തന്നാൽ ആവതെല്ലാം ചെയ്തു. അവയൊന്നും യഹോവ അവഗണിച്ചതുമില്ല. അവൻ ദാനീയേലിനെ നിരീക്ഷിച്ചു, അവന്റെ ഹൃദയത്തെ ശോധന ചെയ്തു. ദാവീദ് രാജാവിന്റെ കാര്യത്തിൽ ദൈവം അപ്രകാരം ചെയ്തിരുന്നു. അവൻ ഇങ്ങനെ പാടി: “യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.” (സങ്കീർത്തനം 139:1, 2) ദാനീയേൽ പൂർണൻ അല്ലായിരുന്നു എന്നതു സത്യമാണ്. പാപിയായ ആദാമിന്റെ ഒരു പിൻഗാമിയും ഒരു പാപഗ്രസ്ത ജനതയുടെ ഭാഗവും ആയിരുന്നു അവൻ. (റോമർ 3:23) എന്നാൽ ദാനീയേൽ തന്റെ പാപത്തെ കുറിച്ച് അനുതപിക്കുകയും ദൈവത്തോടൊപ്പം നേരായ മാർഗത്തിൽ നടക്കാൻ അനവരതം ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട്, യഹോവ തന്റെ പാപങ്ങൾ ക്ഷമിക്കുമെന്നും തനിക്കെതിരെ അവ കണക്കിടില്ലെന്നും ആ വിശ്വസ്ത പ്രവാചകന് ഉറപ്പുണ്ടായിരിക്കാൻ കഴിയുമായിരുന്നു. (സങ്കീർത്തനം 103:10-14; യെശയ്യാവു 1:18) തന്റെ വിശ്വസ്ത ദാസന്മാരുടെ സത്പ്രവൃത്തികൾ സ്മരിക്കാൻ യഹോവ ഇഷ്ടപ്പെടുന്നു. (എബ്രായർ 6:10) അതുകൊണ്ട്, യഹോവയുടെ ദൂതൻ രണ്ടു പ്രാവശ്യം ദാനീയേലിനെ ‘ഏററവും പ്രിയപുരുഷൻ’ എന്നു വിളിച്ചു. (ദാനീയേൽ 10:11, 19) ദാനീയേൽ യഹോവയ്ക്കു പ്രിയപ്പെട്ടവൻ ആയിരുന്നെന്ന് അത് അർഥമാക്കി. താൻ യഹോവയുടെ മുമ്പാകെ ഒരു നല്ല പേർ ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് ദാനീയേലിനു സംതൃപ്തിയോടെ നിദ്രകൊള്ളാൻ കഴിയുമായിരുന്നു.
17. യഹോവയുടെ മുമ്പാകെ ഒരു നല്ല പേർ ഉണ്ടാക്കുന്നത് ഇന്ന് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
17 നാം ഓരോരുത്തരും ഇപ്രകാരം ചോദിക്കുന്നതു നന്നായിരിക്കും, ‘യഹോവയുടെ മുമ്പാകെ ഞാൻ ഒരു നല്ല പേർ ഉണ്ടാക്കിയിട്ടുണ്ടോ?’ നാം ജീവിക്കുന്നതു ദുർഘട കാലഘട്ടത്തിലാണ്. നമ്മിൽ ഏതൊരാൾക്കും ഏതു സമയത്തും മരണം സംഭവിക്കാമെന്ന തിരിച്ചറിവ് അനാരോഗ്യകരമല്ല, മറിച്ച് കേവലം വസ്തുനിഷ്ഠം മാത്രമാണ്. (സഭാപ്രസംഗി 9:11, NW) അതുകൊണ്ട് സമയം പാഴാക്കാതെ ഇപ്പോൾത്തന്നെ ദൈവമുമ്പാകെ ഒരു നല്ല പേർ ഉണ്ടാക്കാൻ നാം ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യുന്നത് എത്ര മർമപ്രധാനമാണ്. അപ്രകാരം ചെയ്യുന്നെങ്കിൽ നമുക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. അതു വെറുമൊരു വിശ്രമമാണ്—ഉറക്കംപോലെ. ഉറക്കത്തിൽനിന്ന് എന്നപോലെ അതിൽനിന്ന് ഉണരാവുന്നതുമാണ്!
‘നീ എഴുന്നേറ്റുവരും’
18, 19. (എ) ദാനീയേൽ ഭാവിയിൽ “എഴുന്നേററുവരും” എന്നു പറഞ്ഞപ്പോൾ ദൂതൻ എന്താണ് അർഥമാക്കിയത്? (ബി) പുനരുത്ഥാന പ്രത്യാശ ദാനീയേലിനു പരിചിതം ആയിരുന്നിരിക്കണം എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
18 ദൈവം ഒരു മനുഷ്യനു നൽകിയിട്ടുള്ളതിൽവെച്ച് ഏറ്റവും മനോഹരമായ വാഗ്ദാനങ്ങളിൽ ഒന്നോടെ ആണ് ദാനീയേൽ പുസ്തകത്തിന് തിരശ്ശീല വീഴുന്നത്. യഹോവയുടെ ദൂതൻ ദാനീയേലിനോടു പറഞ്ഞു: “നീ . . . കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേററുവരും.” ദൂതൻ എന്താണ് അർഥമാക്കിയത്? കൊള്ളാം, അവൻ തൊട്ടുമുമ്പു പരാമർശിച്ച ‘വിശ്രമം’ മരണം ആയതിനാൽ, പിന്നീട് ഒരിക്കൽ ദാനീയേൽ “എഴുന്നേററുവരും” എന്ന വാഗ്ദാനത്തിന് ഒരു സംഗതിയെ മാത്രമേ അർഥമാക്കാൻ കഴിയൂ—പുനരുത്ഥാനത്തെ!b വാസ്തവത്തിൽ, പുനരുത്ഥാനത്തെ കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ കാണപ്പെടുന്ന സ്പഷ്ടമായ ആദ്യ പരാമർശം ദാനീയേൽ 12-ാം അധ്യായത്തിലാണെന്നു ചില പണ്ഡിതന്മാർ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. (ദാനീയേൽ 12:2) എന്നാൽ അവരുടെ അഭിപ്രായം ശരിയല്ല. ദാനീയേലിനു പുനരുത്ഥാന പ്രത്യാശ സുപരിചിതമായിരുന്നു.
19 ദൃഷ്ടാന്തത്തിന്, രണ്ടു നൂറ്റാണ്ടു മുമ്പ് യെശയ്യാവു രേഖപ്പെടുത്തിയ പിൻവരുന്ന വാക്കുകൾ ദാനീയേലിനു നിസ്സംശയമായും അറിയാമായിരുന്നു: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; . . . ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശയ്യാവു 26:19) അതിനു വളരെക്കാലം മുമ്പ് യഥാർഥ പുനരുത്ഥാനം നടത്താൻ യഹോവ ഏലീയാവിനെയും എലീശായെയും പ്രാപ്തരാക്കി. (1 രാജാക്കന്മാർ 17:17-24; 2 രാജാക്കന്മാർ 4:32-37) അതിനും മുമ്പ്, ഷീയോളിൽനിന്ന്, അതായത് ശവക്കുഴിയിൽനിന്ന് യഹോവയ്ക്ക് ആളുകളെ ഉയിർപ്പിക്കാനാകുമെന്നു ശമൂവേൽ പ്രവാചകന്റെ അമ്മയായ ഹന്നാ തിരിച്ചറിഞ്ഞിരുന്നു. (1 ശമൂവേൽ 2:6) ഇതിനൊക്കെ മുമ്പായിരുന്നു വിശ്വസ്തനായ ഇയ്യോബ് തന്റെ പ്രത്യാശ പിൻവരുന്ന വാക്കുകളിൽ പ്രകടിപ്പിച്ചത്: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാററം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.”—ഇയ്യോബ് 14:14, 15.
20, 21. (എ) ഏതു പുനരുത്ഥാനത്തിലാണ് ദാനീയേലിന് നിശ്ചയമായും ഒരു പങ്കുണ്ടായിരിക്കുക? (ബി) സാധ്യതയനുസരിച്ച് പറുദീസയിൽ പുനരുത്ഥാനം നടക്കുക ഏതു വിധത്തിൽ ആയിരിക്കും?
20 ഭാവിയിൽ ഒരിക്കൽ തന്നെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവ താത്പര്യപ്പെടുമെന്ന് ഉറപ്പുണ്ടായിരിക്കാൻ ഇയ്യോബിനെ പോലെ ദാനീയേലിനും കാരണം ഉണ്ടായിരുന്നു. എങ്കിലും, ശക്തനായ ഒരു ആത്മജീവി ആ പ്രത്യാശയ്ക്ക് ഉറപ്പേകിയത് അങ്ങേയറ്റം ആശ്വാസപ്രദം ആയിരുന്നിരിക്കണം. അതേ, ക്രിസ്തുവിന്റെ ആയിര-വർഷ വാഴ്ചയിൽ സംഭവിക്കുന്ന “നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ” ദാനീയേൽ എഴുന്നേറ്റുവരും. (ലൂക്കൊസ് 14:14) ദാനീയേലിനെ സംബന്ധിച്ചിടത്തോളം അത് എങ്ങനെയുള്ള സംഗതി ആയിരിക്കും? ദൈവവചനം അതേക്കുറിച്ച് അനേകം കാര്യങ്ങൾ നമ്മോടു പറയുന്നു.
21 യഹോവ “കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.” (1 കൊരിന്ത്യർ 14:33) അതുകൊണ്ട് പറുദീസയിലെ പുനരുത്ഥാനം ചിട്ടയോടെ നടക്കുമെന്നു സ്പഷ്ടമാണ്. ഒരുപക്ഷേ അർമഗെദോനു ശേഷം കുറെക്കാലം കഴിഞ്ഞായിരിക്കാം അത്. (വെളിപ്പാടു 16:14, 16) പഴയ വ്യവസ്ഥിതിയുടെ എല്ലാ കണികകളും നീക്കം ചെയ്യപ്പെട്ടിരിക്കും. മരിച്ചവരെ തിരികെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരിക്കും എന്നതിനു തെല്ലും സംശയമില്ല. മരിച്ചവർ തിരിച്ചു വരുന്നതിന്റെ ക്രമത്തെ കുറിച്ചു ബൈബിൾ പിൻവരുന്ന കീഴ്വഴക്കം വാഗ്ദാനം ചെയ്യുന്നു: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ.” (1 കൊരിന്ത്യർ 15:23) “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാന”ത്തിന്റെ കാര്യത്തിൽ, ആദ്യം നീതിമാന്മാർ പുനരുത്ഥാനം പ്രാപിക്കാനാണു സാധ്യത. (പ്രവൃത്തികൾ 24:15) അങ്ങനെ ആകുമ്പോൾ, ജീവനിലേക്കു തിരികെ വരുത്തപ്പെടുന്ന ദശലക്ഷക്കണക്കിനു ‘നീതികെട്ടവരെ’ പ്രബോധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഭൗമിക കാര്യാദികളുടെ ഭരണനിർവഹണത്തിൽ ദാനീയേലിനെപ്പോലുള്ള പുരാതനകാല വിശ്വസ്തർക്കു സഹായിക്കാനാകും.—സങ്കീർത്തനം 45:16.
22. ഉത്തരം ലഭിക്കാൻ ദാനീയേൽ അതിയായി ആഗ്രഹിക്കുമെന്ന് ഉറപ്പുള്ള ചില ചോദ്യങ്ങൾ ഏവ?
22 അത്തരം ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാൻ തയ്യാറാകുന്നതിനു മുമ്പ് ദാനീയേലിനു ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും എന്നതു തീർച്ചയാണ്. തന്നെ ഭരമേൽപ്പിച്ച ഗഹനമായ ചില പ്രവചനങ്ങളെ കുറിച്ച്, “ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല” എന്ന് അവൻ പറഞ്ഞതാണല്ലോ. (ദാനീയേൽ 12:8) ഒടുവിൽ, ഈ ദിവ്യ രഹസ്യങ്ങൾ മനസ്സിലാക്കുമ്പോൾ അവൻ എത്ര പുളകിതൻ ആയിരിക്കും! മിശിഹായെ കുറിച്ചുള്ള സകല കാര്യങ്ങളും അറിയാൻ അവൻ ആഗ്രഹിക്കും എന്നതിനു സംശയമില്ല. ദാനീയേലിന്റെ കാലം മുതൽ നമ്മുടെ കാലം വരെയുള്ള ലോകശക്തികളുടെ അഭിഗമനം, “അന്ത്യകാലത്ത്” പീഡനത്തിൻ മധ്യേ സഹിച്ചുനിന്ന “അത്യുന്നതനായവന്റെ വിശുദ്ധൻമാർ” ആരാണെന്നുള്ളത്, ദൈവത്തിന്റെ മിശിഹൈക രാജ്യത്താലുള്ള സകല മാനുഷ രാജ്യങ്ങളുടെയും അന്തിമ നാശം എന്നിങ്ങനെയുള്ള കാര്യങ്ങൾ ദാനീയേൽ ജിജ്ഞാസയോടെ പഠിക്കും.—ദാനീയേൽ 2:44; 7:21; 12:4.
പറുദീസയിലെ ഓഹരി—ദാനീയേലിന്റേതും നിങ്ങളുടേതും!
23, 24. (എ) ദാനീയേൽ പുനരുത്ഥാനം പ്രാപിച്ചു വരുന്ന ലോകം അവന് അറിയാവുന്ന ലോകത്തിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കും? (ബി) പറുദീസയിൽ ദാനീയേലിന് ഒരു ഇടമുണ്ടായിരിക്കുമോ, നമുക്ക് അത് എങ്ങനെ അറിയാം?
23 അന്ന് താൻ ആയിരിക്കുന്ന ലോകത്തെ കുറിച്ച് അറിയാൻ ദാനീയേൽ ആഗ്രഹിക്കും. അവന്റെ കാലത്തേതിൽനിന്നു തികച്ചും വ്യത്യസ്തമായിരിക്കും ആ ലോകം. തനിക്കു പരിചിതമായിരുന്ന ലോകത്തെ കളങ്കപ്പെടുത്തിയിരുന്ന യുദ്ധങ്ങളുടെയും അടിച്ചമർത്തലിന്റെയും സകല കണികകളും പൊയ്പോയിരിക്കും. സങ്കടമോ രോഗമോ മരണമോ ഉണ്ടായിരിക്കയില്ല. (യെശയ്യാവു 25:8; 33:24) ഭക്ഷ്യസമൃദ്ധി ഉണ്ടായിരിക്കും. പാർപ്പിടങ്ങൾ സുലഭമായിരിക്കും. ഏവർക്കും സംതൃപ്തികരമായ തൊഴിൽ ഉണ്ടായിരിക്കും. (സങ്കീർത്തനം 72:16; യെശയ്യാവു 65:21, 22) മനുഷ്യവർഗം ഒരു ഏകീകൃത സന്തുഷ്ട കുടുംബം ആയിരിക്കും.
24 ദാനീയേലിന് ആ ലോകത്തു തീർച്ചയായും ഒരു ഇടം ഉണ്ടായിരിക്കും. “നീ . . . നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേററുവരും” എന്നു ദൂതൻ അവനോടു പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അക്ഷരീയ തുണ്ടുഭൂമിക്ക് ഉപയോഗിച്ചിരിക്കുന്ന അതേ എബ്രായ പദമാണ് “ഓഹരി” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.c പുനഃസ്ഥിതീകരിക്കപ്പെട്ട ഇസ്രായേൽ ദേശത്തിന്റെ വിഭാഗിക്കൽ സംബന്ധിച്ച യെഹെസ്കേലിന്റെ പ്രവചനം ദാനീയേലിനു പരിചിതം ആയിരുന്നിരിക്കണം. (യെഹെസ്കേൽ 47:13–48:35) യെഹെസ്കേൽ പ്രവചനത്തിന്റെ പറുദീസയിലെ നിവൃത്തി എന്താണു സൂചിപ്പിക്കുന്നത്? ദൈവജനത്തിൽ എല്ലാവർക്കും പറുദീസയിൽ ഒരു ഇടം ഉണ്ടായിരിക്കും, ഭൂമി പോലും ചിട്ടപ്രകാരവും നീതിനിഷ്ഠവുമായ വിധത്തിൽ വിഭാഗിക്കപ്പെടും എന്ന് അതു സൂചിപ്പിക്കുന്നു. തീർച്ചയായും പറുദീസയിലെ ദാനീയേലിന്റെ ഓഹരിയിൽ കേവലം സ്ഥലത്തെക്കാൾ അധികം ഉൾപ്പെടുന്നു. പറുദീസയിലെ ദൈവോദ്ദേശ്യത്തിൽ അവനുള്ള സ്ഥാനം അതിൽ ഉൾപ്പെടും. ദാനീയേലിന്റെ വാഗ്ദത്ത പ്രതിഫലത്തിന് ഉറപ്പു നൽകപ്പെട്ടിരിക്കുന്നു.
25. (എ) പറുദീസയിൽ നിങ്ങൾക്ക് ആകർഷകമായിരിക്കുന്ന ചില ജീവിത പ്രതീക്ഷകൾ ഏവ? (ബി) മനുഷ്യർ പറുദീസയിൽ നിന്നുള്ളവർ ആണെന്നു പറയാവുന്നത് എന്തുകൊണ്ട്?
25 എന്നാൽ നിങ്ങളുടെ ഓഹരി സംബന്ധിച്ചോ? അതേ വാഗ്ദാനങ്ങൾ നിങ്ങൾക്കും ബാധകമാണ്. തങ്ങളുടെ ഓഹരിക്കായി, പറുദീസയിൽ ഒരു ഇടം ഉണ്ടായിരിക്കാനായി, അനുസരണമുള്ള മനുഷ്യർ ‘എഴുന്നേൽ’ക്കാൻ യഹോവ ആഗ്രഹിക്കുന്നു. ഒന്നു ചിന്തിച്ചുനോക്കൂ! ബൈബിൾ കാലങ്ങളിലെ മറ്റു വിശ്വസ്ത സ്ത്രീപുരുഷന്മാരോടൊപ്പം ദാനീയേലിനെ നേരിട്ടു കാണുന്നതു തീർച്ചയായും പുളകപ്രദമായിരിക്കും. കൂടാതെ, യഹോവയാം ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യാനായി പ്രബോധിപ്പിക്കപ്പെടേണ്ട അസംഖ്യം മറ്റാളുകളും മരിച്ചവരുടെ ഇടയിൽനിന്നു തിരിച്ചുവരും. നമ്മുടെ ഭൗമ ഭവനത്തിനായി കരുതുകയും അതിനെ അനന്തമായ വൈവിധ്യത്തിന്റെയും അനശ്വരമായ സൗന്ദര്യത്തിന്റെയും ഒരു പറുദീസയാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യുന്നത് ഭാവനയിൽ കാണുക. മനുഷ്യവർഗം എപ്രകാരം ജീവിക്കാൻ യഹോവ ഉദ്ദേശിച്ചുവോ അപ്രകാരം ജീവിക്കാൻ യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കുക. (യെശയ്യാവു 11:9; യോഹന്നാൻ 6:45) അതേ, പറുദീസയിൽ നിങ്ങൾക്ക് ഒരു സ്ഥാനമുണ്ട്. ചിലർക്കു പറുദീസ എന്ന ആശയം പുതിയതായി തോന്നിയേക്കാമെങ്കിലും, അത്തരമൊരു സ്ഥലത്തു ജീവിക്കാനാണ് യഹോവ മനുഷ്യവർഗത്തെ സൃഷ്ടിച്ചത്. (ഉല്പത്തി 2:7-9) ആ അർഥത്തിൽ, ഭൂമിയിലെ ശതകോടിക്കണക്കിന് ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വാഭാവിക വാസസ്ഥലമാണ് പറുദീസ. അവർ അവിടെനിന്ന് ഉള്ളവരാണ്. അവിടെ എത്തിച്ചേരുന്നത് വീട്ടിലേക്കു പോകുന്നതു പോലെയായിരിക്കും.
26. ഈ ലോകത്തിന്റെ അന്ത്യത്തിനായി കാത്തിരിക്കുക നമുക്ക് എളുപ്പമല്ലെന്ന് യഹോവ സമ്മതിക്കുന്നത് എങ്ങനെ?
26 ഇവയെക്കുറിച്ച് എല്ലാം ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ വിലമതിപ്പിനാൽ തുടിക്കുന്നു, ഇല്ലേ? അവിടെ ആയിരിക്കാൻ നിങ്ങൾ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലേ? അപ്പോൾ ഈ വ്യവസ്ഥിതിയുടെ അവസാനം എന്നു വരുമെന്ന് അറിയാൻ യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നതിൽ യാതൊരു അതിശയവും ഇല്ല! കാത്തിരിക്കുക എളുപ്പമല്ല. യഹോവയ്ക്ക് അത് അറിയാം. അതുകൊണ്ടാണ് അന്ത്യം “വൈകിയാലും അതിന്നായികാത്തിരി”ക്കാൻ അവൻ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. നമ്മുടെ വീക്ഷണത്തിൽ വൈകുന്നതായി തോന്നിയാലും എന്നാണ് അവൻ അർഥമാക്കുന്നത്. കാരണം, ‘അതു താമസിക്കുകയില്ല’ എന്ന് അതേ വാക്യത്തിൽത്തന്നെ നമുക്ക് ഉറപ്പു നൽകപ്പെട്ടിരിക്കുന്നു. (ഹബക്കൂക് 2:3; സദൃശവാക്യങ്ങൾ 13:12 താരതമ്യം ചെയ്യുക.) അതേ, അന്ത്യം അതിന്റെ നിയമിത സമയത്തുതന്നെ വരും.
27. സകല നിത്യതയിലും ദൈവമുമ്പാകെ നിൽക്കാൻ നിങ്ങൾ എന്തു ചെയ്യണം?
27 അന്ത്യം അടുത്തു വരവെ നിങ്ങൾ എന്താണു ചെയ്യേണ്ടത്? യഹോവയുടെ പ്രിയ പ്രവാചകനായ ദാനീയേലിനെപ്പോലെ വിശ്വസ്തതയോടെ സഹിച്ചുനിൽക്കുക. ദൈവവചനം ഉത്സാഹപൂർവം പഠിക്കുക. ഉള്ളുരുകി പ്രാർഥിക്കുക. സഹവിശ്വാസികളുമായി സ്നേഹപൂർവം സഹവസിക്കുക. ശുഷ്കാന്തിയോടെ മറ്റുള്ളവരെ സത്യം പഠിപ്പിക്കുക. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം ഓരോ ദിവസവും അടുത്തടുത്തു വരവെ, അത്യുന്നതന്റെ വിശ്വസ്ത ദാസനും അവന്റെ വചനത്തിന്റെ ഒരു ഉറച്ച വക്താവും ആയിരിക്കാനുള്ള ദൃഢനിശ്ചയത്തിൽ തുടരുക. സകല പ്രകാരത്തിലും ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! സകല നിത്യതയിലും സന്തോഷത്തോടെ തന്റെ മുമ്പാകെ നിൽക്കാനുള്ള പദവി പരമാധികാര കർത്താവായ യഹോവ നിങ്ങൾക്കു നൽകുമാറാകട്ടെ!
[അടിക്കുറിപ്പുകൾ]
a പൊ.യു.മു. 617-ൽ ദാനീയേൽ ബാബിലോണിയൻ പ്രവാസത്തിലായി. സാധ്യതയനുസരിച്ച് അവൻ അന്നു തന്റെ കൗമാരത്തിൽ ആയിരുന്നു. അവന് ഈ ദർശനം ലഭിച്ചത് കോരെശിന്റെ മൂന്നാം വർഷത്തിൽ അഥവാ പൊ.യു.മു. 536-ൽ ആയിരുന്നു.—ദാനീയേൽ 10:1.
b ദ ബ്രൗൺ-ഡ്രൈവർ-ബ്രിഗ്സ് ഹീബ്രൂ ആൻഡ് ഇംഗ്ലീഷ് ലെക്സിക്കൻ അനുസരിച്ച്, ‘എഴുന്നേൽക്കുക’ എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “മരണശേഷമുള്ള പുനരുജ്ജീവന”ത്തെ പരാമർശിക്കുന്നു.
c പ്രസ്തുത എബ്രായ പദം ‘ചരൽക്കല്ലി’നോടു ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ കല്ലുകൾ നറുക്കെടുപ്പിന് ഉപയോഗിച്ചിരുന്നു. ചില അവസരങ്ങളിൽ സ്ഥലം ഭാഗിച്ചിരുന്നത് ഈ വിധത്തിൽ ആയിരുന്നു. (സംഖ്യാപുസ്തകം 26:55, 56) ഇവിടെ, ആ പദം “ഒരു വ്യക്തിക്കായി (ദൈവം) നീക്കിവെച്ചിരിക്കുന്നതിനെ” അർഥമാക്കുന്നുവെന്ന് എ ഹാൻഡ്ബുക്ക് ഓൺ ദ ബുക്ക് ഓഫ് ഡാനിയൽ പറയുന്നു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• അന്ത്യത്തോളം സഹിച്ചുനിൽക്കാൻ ദാനീയേലിനെ സഹായിച്ചത് എന്ത്?
• മരണം ദാനീയേലിനു യാതൊരു ഭീതിയും കൈവരുത്താഞ്ഞത് എന്തുകൊണ്ട്?
• ദാനീയേൽ ‘തന്റെ ഓഹരിക്കായി എഴുന്നേറ്റു വരും’ എന്ന ദൂതന്റെ വാഗ്ദാനം എങ്ങനെ നിവൃത്തിയേറും?
• ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുത്തതിനാൽ നിങ്ങൾ വ്യക്തിപരമായി എന്തു പ്രയോജനം നേടിയിരിക്കുന്നു?
[307-ാം പേജ് നിറയെയുള്ള ചിത്രം]
[318-ാം പേജിലെ ചിത്രം]
ദാനീയേലിനെപ്പോലെ നിങ്ങൾ ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കുന്നുണ്ടോ?