അധ്യായം ഇരുപത്
യഹോവയുടെ കൈ കുറുകിയിട്ടില്ല
1. യഹൂദയിലെ സ്ഥിതിവിശേഷം എന്ത്, പലരും എന്തു ചിന്തിക്കുന്നു?
യഹൂദയിലെ ജനങ്ങൾ യഹോവയുമായുള്ള ഒരു ഉടമ്പടി ബന്ധത്തിലാണെന്ന് അവകാശപ്പെടുന്നു. എന്നാൽ, ദേശത്ത് സർവത്ര കുഴപ്പങ്ങളാണ്. നീതി നടക്കുന്നില്ല, കുറ്റകൃത്യവും അക്രമവും നടമാടുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന യാതൊരു പ്രത്യാശയുമില്ല. എവിടെയോ ഗുരുതരമായ കുഴപ്പമുണ്ട്. യഹോവ കാര്യങ്ങൾ നേരെയാക്കുമോ എന്ന് പലരും ചിന്തിക്കുന്നു. യെശയ്യാവിന്റെ നാളുകളിലെ അവസ്ഥ ഇതാണ്. എന്നാൽ അതേക്കുറിച്ചുള്ള യെശയ്യാവിന്റെ വിവരണം വെറുമൊരു ചരിത്രമല്ല. ദൈവത്തെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുകയും അതേസമയം അവന്റെ നിയമങ്ങൾ അവഗണിക്കുകയും ചെയ്യുന്നവർക്കുള്ള പ്രാവചനിക മുന്നറിയിപ്പുകൾ അവന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്നു. ദുർഘടവും ആപത്കരവുമായ ഈ നാളുകളിൽ പോലും യഹോവയെ സേവിക്കാൻ കഠിനശ്രമം ചെയ്യുന്ന സകലർക്കുമുള്ള ഊഷ്മളമായ പ്രോത്സാഹനവും യെശയ്യാവു 59-ാം അധ്യായത്തിൽ കാണാം.
സത്യദൈവത്തിൽനിന്ന് ഒറ്റപ്പെട്ടവർ
2, 3. യഹോവ എന്തുകൊണ്ടാണ് യഹൂദയെ രക്ഷിക്കാത്തത്?
2 ഇതൊന്നു ചിന്തിക്കുക—യഹോവയുടെ ഉടമ്പടി ജനത വിശ്വാസത്യാഗികൾ ആയിത്തീർന്നിരിക്കുന്നു! അവർ തങ്ങളുടെ സ്രഷ്ടാവിനെതിരെ പുറംതിരിഞ്ഞിരിക്കുന്നു. അങ്ങനെ, സംരക്ഷണം നൽകുന്ന അവന്റെ കൈക്കീഴിൽനിന്ന് അവർ വഴുതി മാറിയിരിക്കുന്നു. തന്മൂലം, അവർ ഇപ്പോൾ കടുത്ത അരിഷ്ടതയിലാണ്. തങ്ങളുടെ കഷ്ടങ്ങൾക്ക് അവർ ഒരുപക്ഷേ ദൈവത്തെയാണോ കുറ്റപ്പെടുത്തുന്നത്? യെശയ്യാവ് അവരോടു പറയുന്നു: “രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.”—യെശയ്യാവു 59:1, 2.
3 ആ വാക്കുകൾ വളച്ചുകെട്ടില്ലാത്തതും സത്യവുമാണ്. യഹോവ ഇപ്പോഴും രക്ഷയുടെ ദൈവമാണ്. ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്ന നിലയിൽ അവൻ തന്റെ വിശ്വസ്ത ദാസന്മാരുടെ പ്രാർഥനകൾക്കു ചെവി ചായ്ക്കുന്നു. (സങ്കീർത്തനം 65:2) എന്നാൽ അവൻ ദുഷ്പ്രവൃത്തിക്കാരെ അനുഗ്രഹിക്കുന്നില്ല. യഹോവയിൽനിന്ന് അകന്നുപോയതിന്റെ കാരണക്കാർ ജനങ്ങൾ തന്നെയാണ്. അവരുടെ ദുഷ്ടത നിമിത്തമാണ് അവൻ അവരിൽനിന്നു തന്റെ മുഖം മറച്ചിരിക്കുന്നത്.
4. യഹൂദയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ എന്തെല്ലാം?
4 യഹൂദ അങ്ങേയറ്റം വഴിപിഴച്ച രീതിയിൽ പ്രവർത്തിച്ചിരിക്കുന്നു എന്നതാണു സത്യം. യെശയ്യാവിന്റെ പ്രവചനം അവർക്കെതിരെയുള്ള ചില ആരോപണങ്ങൾ പട്ടികപ്പെടുത്തുന്നു: “നിങ്ങളുടെ കൈകൾ രക്തംകൊണ്ടും നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങൾ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു.” (യെശയ്യാവു 59:3) ജനങ്ങൾ ഭോഷ്കു പറയുന്നു, നീതികെട്ട കാര്യങ്ങൾ സംസാരിക്കുന്നു. ‘കൈകൾ രക്തംകൊണ്ട് മലിനമായിരിക്കുന്നു’ എന്ന പരാമർശം ചിലർ കൊലപാതകം പോലും ചെയ്തിരിക്കുന്നതായി സൂചിപ്പിക്കുന്നു. കൊലപാതകത്തെ മാത്രമല്ല, ‘സഹോദരനെ ഹൃദയത്തിൽ ദ്വേഷിക്കുന്നതിനെ’ പോലും വിലക്കുന്ന ന്യായപ്രമാണം നൽകിയ ദൈവത്തിന് എത്ര വലിയ അപമാനം! (ലേവ്യപുസ്തകം 19:17) യഹൂദാ നിവാസികളുടെ പാപങ്ങളും അതിന്റെ ഒഴിവാക്കാനാവാത്ത അനന്തരഫലങ്ങളും ഇന്നു ജീവിച്ചിരിക്കുന്ന നാം ഓരോരുത്തരും പാപപൂർണമായ ചിന്തകളും വികാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട് എന്നു പഠിപ്പിക്കുന്നു. അങ്ങനെ ചെയ്യാത്തപക്ഷം, നമ്മെ ദൈവത്തിൽനിന്ന് അകറ്റിയേക്കാവുന്ന ദുഷ്പ്രവൃത്തികൾ നാം ചെയ്യാൻ ഇടവന്നേക്കാം.—റോമർ 12:9; ഗലാത്യർ 5:15; യാക്കോബ് 1:14, 15.
5. യഹൂദയുടെ ദുഷിപ്പ് എത്രത്തോളം ആയിരിക്കുന്നു?
5 പാപം ഒരു രോഗം പോലെ മുഴു ജനതയെയും ബാധിച്ചിരിക്കുന്നു. പ്രവചനം ഇങ്ങനെ പറയുന്നു: “ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ [“പൊള്ളവാദങ്ങളെ,” “പി.ഒ.സി. ബൈ.”] ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവർ കഷ്ടത്തെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.” (യെശയ്യാവു 59:4) ആരും നീതിയായ കാര്യങ്ങൾ സംസാരിക്കുന്നില്ല. കോടതി വ്യവഹാരങ്ങളിൽ പോലും ആശ്രയയോഗ്യനോ വിശ്വസ്തനോ ആയ ഒരാളെ കണ്ടെത്തുക ദുഷ്കരമാണ്. യഹൂദ യഹോവയ്ക്കു നേരെ പുറംതിരിഞ്ഞു കളഞ്ഞിരിക്കുന്നു. അവൾ ജാതികളുമായുള്ള സഖ്യങ്ങളിൽ, ജീവനില്ലാത്ത വിഗ്രഹങ്ങളിൽ പോലും, ആശ്രയിച്ചിരിക്കുന്നു. ഇതെല്ലാം ‘ശൂന്യമാണ്,’ യാതൊരു വിലയും ഇല്ലാത്തതാണ്. (യെശയ്യാവു 40:17, 23; 41:29) ആളുകൾ ഇതേക്കുറിച്ചെല്ലാം ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും, അതെല്ലാം വ്യർഥമാണ്. പല ആശയങ്ങളും നിർദേശിക്കപ്പെടുന്നെങ്കിലും, അവ കഷ്ടത്തിലും നീതികേടിലും കലാശിക്കുന്നു.
6. ക്രൈസ്തവലോകം യഹൂദയെ പോലെ ആയിരിക്കുന്നത് എങ്ങനെ?
6 യഹൂദയിലെ അനീതിക്കും അക്രമത്തിനും ക്രൈസ്തവലോകത്തിൽ ഒരു സമാനത കാണാം. (294-ാം പേജിലെ “വിശ്വാസത്യാഗിനിയായ യെരൂശലേം—ക്രൈസ്തവലോകത്തിന്റെ പ്രതിമാതൃക” എന്ന ഭാഗം കാണുക.) ക്രൈസ്തവ രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന രണ്ട് നിഷ്ഠുരമായ ലോകയുദ്ധങ്ങൾ നടന്നിരിക്കുന്നു. ക്രൈസ്തവലോകത്തിലെ മതവിഭാഗങ്ങൾക്ക് അതിലെ അംഗങ്ങൾക്കിടയിലെ വർഗീയ വെടിപ്പാക്കലും ഗോത്രാന്തര കൂട്ടക്കൊലയും അവസാനിപ്പിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. (2 തിമൊഥെയൊസ് 3:5) ദൈവരാജ്യത്തിൽ ആശ്രയിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചെങ്കിലും, ക്രൈസ്തവലോക രാഷ്ട്രങ്ങൾ സുരക്ഷിതത്വത്തിനായി സൈനിക ആയുധങ്ങളിലും രാഷ്ട്രീയ സഖ്യങ്ങളിലും ആശ്രയിക്കുന്നതിൽ തുടരുന്നു. (മത്തായി 6:10) ലോകത്തിലെ ആയുധ നിർമാതാക്കളിൽ അധികവും ക്രൈസ്തവലോക രാഷ്ട്രങ്ങളിലാണ് ഉള്ളത്! അതേ, സുരക്ഷിത ഭാവിക്കായി മനുഷ്യ ശ്രമങ്ങളിലും സംഘടനകളിലും ആശ്രയിക്കുന്ന ക്രൈസ്തവലോകത്തിന്റെ ആശ്രയവും ‘ശൂന്യമാണ്.’
തിക്തമായ അനന്തരഫലം
7. യഹൂദയുടെ പദ്ധതികൾ ഹാനി വരുത്തിവെക്കുന്നത് എന്തുകൊണ്ട്?
7 വിഗ്രഹാരാധനയും വഞ്ചനയും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുകയില്ല. അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതു നിമിത്തം അവിശ്വസ്ത യഹൂദർ തങ്ങൾ വിതച്ചതിന്റെ തിക്തഫലം കൊയ്യുകയാണ്. നാം ഇങ്ങനെ വായിക്കുന്നു: “അവർ അണലിമുട്ട പൊരുന്നുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.” (യെശയ്യാവു 59:5) തുടക്കം മുതൽ ഒടുക്കം വരെ യഹൂദയുടെ ആസൂത്രണങ്ങൾ യാതൊരു നല്ല ഫലവും കൈവരുത്തുന്നില്ല. അവരുടെ തെറ്റായ ചിന്താഗതിയുടെ ഫലം ഹാനികരമാണ്. വിഷമുള്ള ഒരു പാമ്പിന്റെ മുട്ട വിരിഞ്ഞ് വിഷമുള്ള പാമ്പിൻകുഞ്ഞുങ്ങൾ ഉണ്ടാകുന്നതു പോലെയാണ് അത്. അതിന്റെ ദോഷഫലം ആ ജനതതന്നെ അനുഭവിക്കുന്നു.
8. യഹൂദയുടേത് തെറ്റായ ചിന്താഗതി ആണെന്ന് എന്തു പ്രകടമാക്കുന്നു?
8 ആത്മസംരക്ഷണാർഥം ചില യഹൂദാ നിവാസികൾ അക്രമപ്രവൃത്തികളിൽ ഏർപ്പെട്ടേക്കാം, എന്നാൽ അത് അവർക്കു ഗുണകരമാകില്ല. മാറാലകൾ കഠിന കാലാവസ്ഥയിൽനിന്നു സംരക്ഷണം നൽകുന്ന യഥാർഥ വസ്ത്രത്തിനു പകരമാകാത്തതു പോലെ, ശാരീരിക ബലം ഒരു സംരക്ഷണമെന്ന നിലയിൽ യഹോവയിലുള്ള ആശ്രയത്തിനും നീതിപ്രവൃത്തികൾക്കും പകരമാകുന്നില്ല. യെശയ്യാവ് പ്രഖ്യാപിക്കുന്നു: “അവർ നെയ്തതു [“ആ മാറാലകൾ,” “ഓശാന ബൈ.”] വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവർക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; സാഹസകർമ്മങ്ങൾ [‘അക്രമപ്രവൃത്തികൾ,’ “ഓശാന ബൈ.”] അവരുടെ കൈക്കൽ ഉണ്ടു. അവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുററമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു.” (യെശയ്യാവു 59:6, 7) യഹൂദയുടെ ചിന്താഗതി തെറ്റാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ അക്രമ മാർഗങ്ങൾ അവലംബിക്കുന്നതിലൂടെ, ഭക്തികെട്ട ഒരു മനോഭാവമാണ് അവൾ പ്രകടമാക്കുന്നത്. ഈ അക്രമത്തിന്റെ ഇരകൾ നിർദോഷികൾ, ചിലർ ദൈവത്തിന്റെ യഥാർഥ ദാസന്മാർ, ആണെന്നതിൽ അവൾക്ക് യാതൊരു കൂസലുമില്ല.
9. യഥാർഥ സമാധാനം കൈവരിക്കാൻ ക്രൈസ്തവലോക നേതാക്കന്മാർക്കു കഴിയാത്തത് എന്തുകൊണ്ട്?
9 ഈ നിശ്വസ്ത മൊഴികൾ ക്രൈസ്തവലോകത്തിന്റെ രക്തപങ്കിലമായ ചരിത്രത്തെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ക്രിസ്ത്യാനിത്വത്തെ ഇത്ര നീചമായി വരച്ചുകാട്ടിയതിന് യഹോവ അവളോടു തീർച്ചയായും കണക്കു ചോദിക്കും! യെശയ്യാവിന്റെ നാളിലെ യഹൂദന്മാരെ പോലെ, ക്രൈസ്തവലോകം ധാർമികമായി വികലമായ ഒരു ഗതിയാണ് സ്വീകരിച്ചിരിക്കുന്നത്. കാരണം, പ്രായോഗികമായ ഏക മാർഗം അതാണെന്ന് അവളുടെ നേതാക്കന്മാർ വിശ്വസിക്കുന്നു. അവർ സമാധാനത്തെ കുറിച്ചു പ്രസംഗിക്കുന്നെങ്കിലും, അനീതിപരമായാണ് പ്രവർത്തിക്കുന്നത്. എത്ര വലിയ ഇരട്ടത്താപ്പുനയം! ക്രൈസ്തവലോക നേതാക്കന്മാർ ഈ തന്ത്രം ഉപയോഗിക്കുന്നതിനാൽ, യഥാർഥ സമാധാനം കൈവരിക്കാൻ അവർക്ക് ഒരിക്കലും കഴിയുകയില്ല. അതു പ്രവചനം പറയുന്നതു പോലെയാണ്: “സമാധാനത്തിന്റെ വഴി അവർ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ തങ്ങൾക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.”—യെശയ്യാവു 59:8.
ആത്മീയ അന്ധകാരത്തിൽ തപ്പിത്തടയുന്നു
10. യഹൂദയെപ്രതി യെശയ്യാവ് എന്ത് ഏറ്റുപറയുന്നു?
10 യഹൂദയുടെ ദുഷ്ടവും നാശകരവുമായ വഴികളെ യഹോവയ്ക്ക് അനുഗ്രഹിക്കാനാവില്ല. (സങ്കീർത്തനം 11:5) അതിനാൽ മുഴു ജനതയെയും പ്രതിനിധീകരിച്ച് സംസാരിക്കവേ, യെശയ്യാവ് യഹൂദയുടെ പാപം ഏറ്റുപറയുന്നു: “ന്യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങൾ പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു. ഞങ്ങൾ കുരുടന്മാരെപ്പോലെ ചുവർ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്തു എന്നപോലെ ഞങ്ങൾ മദ്ധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു. ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏററവും കുറുകുന്നു.” (യെശയ്യാവു 59:9-11എ) ദൈവത്തിന്റെ വചനം തങ്ങളുടെ കാലുകൾക്ക് ഒരു ദീപവും പാതയ്ക്ക് ഒരു പ്രകാശവും ആയിരിക്കാൻ യഹൂദന്മാർ അനുവദിച്ചിട്ടില്ല. (സങ്കീർത്തനം 119:105) അതിന്റെ ഫലമായി, എങ്ങും അന്ധകാരം വ്യാപിച്ചിരിക്കുകയാണ്. നട്ടുച്ചയ്ക്കു പോലും അവർ രാത്രിയിൽ എന്നപോലെ തപ്പിനടക്കുന്നു. അവർ മരിച്ചവരെ പോലെയാണ്. ആശ്വാസത്തിനായി കാംക്ഷിക്കവേ അവർ വിശന്നുവലഞ്ഞതോ മുറിവേറ്റതോ ആയ കരടികളെ പോലെ അലറുന്നു. ചിലർ ഒറ്റപ്പെട്ടുപോയ പ്രാവുകളെ പോലെ ദയനീയമായി കുറുകുന്നു.
11. നീതിക്കും രക്ഷയ്ക്കും വേണ്ടിയുള്ള യഹൂദയുടെ പ്രത്യാശ അസ്ഥാനത്തായിരിക്കുന്നത് എന്തുകൊണ്ട്?
11 യഹൂദയുടെ ദുരവസ്ഥയ്ക്കു കാരണം ദൈവത്തിനെതിരെയുള്ള മത്സരമാണെന്ന് യെശയ്യാവിന് നന്നായി അറിയാം. അവൻ പറയുന്നു: “ഞങ്ങൾ ന്യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോടു അകന്നിരിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു: ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു. അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്നു ഉച്ചരിക്കുക എന്നിവ തന്നേ.” (യെശയ്യാവു 59:11ബി-13) യഹൂദാ നിവാസികൾ അനുതപിച്ചിട്ടില്ലാത്തതിനാൽ, അവരുടെ പാപങ്ങൾ ഇതുവരെയും ക്ഷമിച്ചുകിട്ടിയിട്ടില്ല. ജനങ്ങൾ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നതിനാൽ, നീതി ദേശത്തെ വിട്ടിരിക്കുന്നു. അവർ എല്ലാ വിധത്തിലും തെറ്റുകാർ എന്നു തെളിഞ്ഞിരിക്കുന്നു. അവർ തങ്ങളുടെ സഹോദരങ്ങളെ അടിച്ചമർത്തുക പോലും ചെയ്തിരിക്കുന്നു. ഇന്നു ക്രൈസ്തവലോകത്തിൽ ഉള്ളവരുമായി എത്ര സാമ്യം! അനേകരും നീതിയെ അവഗണിക്കുക മാത്രമല്ല, ദൈവഹിതം ചെയ്യാൻ ശ്രമിക്കുന്ന യഹോവയുടെ വിശ്വസ്ത സാക്ഷികളെ കഠിനമായി പീഡിപ്പിക്കുകയും ചെയ്യുന്നു.
യഹോവ ന്യായവിധി നടത്തുന്നു
12. യഹൂദയിൽ നീതി നടത്താൻ ചുമതലയുള്ളവരുടെ മനോഭാവം എന്ത്?
12 യഹൂദയിൽ ന്യായവും നീതിയും സത്യവും ഇല്ലാത്തതായി തോന്നുന്നു. “അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല.” (യെശയ്യാവു 59:14) യഹൂദയിലെ പട്ടണവാതിലുകൾക്കു പിന്നിലായി, നിയമപരമായ കേസുകൾ നടത്താൻ പ്രായമേറിയ പുരുഷന്മാർ കൂടിവരുന്ന പൊതുവീഥികൾ ഉണ്ട്. (രൂത്ത് 4:1, 2, 11) അത്തരം പുരുഷന്മാർ നീതിയിൽ ന്യായവിധി നടത്തുകയും ന്യായം പിന്തുടരുകയും വേണം, അവർ കൈക്കൂലി വാങ്ങരുത്. (ആവർത്തനപുസ്തകം 16:18-20, NW) എന്നാൽ തങ്ങളുടെ സ്വാർഥപരമായ ആശയങ്ങൾക്കു ചേർച്ചയിൽ അവർ ന്യായം വിധിക്കുന്നു. അതിലും മോശം, ആത്മാർഥമായി നന്മ ചെയ്യാൻ ശ്രമിക്കുന്നവരെ അവർ തങ്ങളുടെ ഇരകളായി വീക്ഷിക്കുന്നു എന്നതാണ്. നാം വായിക്കുന്നു: “സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു.”—യെശയ്യാവു 59:15എ.
13. യഹൂദയിലെ ന്യായാധിപന്മാർ തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ അനാസ്ഥ കാണിക്കുന്നതിനാൽ യഹോവ എന്തു ചെയ്യും?
13 ധാർമിക വൈകല്യത്തിനെതിരെ സംസാരിക്കാൻ പരാജയപ്പെടുന്നവർ, ദൈവം അന്ധനോ അജ്ഞനോ അശക്തനോ അല്ല എന്ന കാര്യം വിസ്മരിക്കുന്നു. യെശയ്യാവ് എഴുതുന്നു: “യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു. ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷ വരുത്തി, അവന്റെ നീതി അവനെ താങ്ങി.” (യെശയ്യാവു 59:15ബി, 16) നിയമിത ന്യായാധിപന്മാർ തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ അനാസ്ഥ കാണിക്കുന്നതിനാൽ, യഹോവ കാര്യങ്ങളിൽ ഇടപെടും. അപ്പോൾ അവൻ നീതിയോടെയും അധികാരത്തോടെയും പ്രവർത്തിക്കും.
14. (എ) ഇന്നത്തെ പലർക്കും എങ്ങനെയുള്ള മനോഭാവമാണ് ഉള്ളത്? (ബി) പ്രവർത്തനത്തിനായി യഹോവ എങ്ങനെ ഒരുങ്ങുന്നു?
14 സമാനമായ സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. അനേകർക്കും “സകല ധാർമിക ബോധവും നഷ്ടപ്പെട്ടിരിക്കുന്ന” ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. (എഫെസ്യർ 4:19, NW) ഭൂമിയിൽനിന്നു തിന്മ നീക്കം ചെയ്യാൻ ദൈവം ഇടപെടുമെന്ന് അധികമാരും കരുതുന്നില്ല. എന്നാൽ മനുഷ്യ കാര്യാദികളെ യഹോവ സുസൂക്ഷ്മം വീക്ഷിക്കുന്നു എന്ന് യെശയ്യാ പ്രവചനം പ്രകടമാക്കുന്നു. അവൻ ന്യായത്തീർപ്പുകൾ അറിയിക്കുന്നു. തന്റെ സമയത്ത് അവയനുസരിച്ച് അവൻ പ്രവർത്തിക്കുന്നു. അവന്റെ ന്യായവിധികൾ നിഷ്പക്ഷമാണോ? അതേ എന്ന് യെശയ്യാവ് പ്രകടമാക്കുന്നു. യഹൂദ ജനതയുടെ കാര്യത്തിൽ അവൻ എഴുതുന്നു: “അവൻ [യഹോവ] നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതെച്ചു.” (യെശയ്യാവു 59:17) ഈ പ്രാവചനിക വാക്കുകൾ, യുദ്ധത്തിനു തയ്യാറെടുക്കുന്ന ഒരു യോദ്ധാവ് ആയി യഹോവയെ ചിത്രീകരിക്കുന്നു. തന്റെ പക്ഷത്തെ വിജയിപ്പിക്കാൻ അവൻ ദൃഢചിത്തനാണ്. തന്റെ സമ്പൂർണവും അവിതർക്കിതവുമായ നീതി സംബന്ധിച്ച് അവൻ ഉറപ്പുള്ളവനാണ്. തന്റെ ന്യായവിധി നിർവഹണത്തിൽ അവൻ യാതൊരു ഭയവുമില്ലാതെ തീക്ഷ്ണത കാണിക്കും. നീതി വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
15. (എ) യഹോവ തന്റെ ന്യായവിധി നടത്തുമ്പോൾ സത്യക്രിസ്ത്യാനികളുടെ നടത്ത എങ്ങനെയുള്ളത് ആയിരിക്കും? (ബി) യഹോവയുടെ ന്യായവിധികൾ സംബന്ധിച്ച് എന്തു പറയാനാകും?
15 ഇന്നു ചില ദേശങ്ങളിൽ, സത്യത്തെ എതിർക്കുന്നവർ വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് യഹോവയുടെ ദാസന്മാരുടെ വേലയ്ക്കു തടയിടാൻ ശ്രമിക്കുന്നു. സത്യക്രിസ്ത്യാനികൾ സത്യത്തിനായി നിലകൊള്ളാൻ മടിക്കുന്നില്ല. എന്നാൽ അവർ ഒരിക്കലും വ്യക്തിപരമായി പ്രതികാരം ചെയ്യുന്നില്ല. (റോമർ 12:19) വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തോടു യഹോവ കണക്കു തീർക്കുമ്പോൾ പോലും, ഭൂമിയിലെ അവന്റെ ദാസന്മാർക്ക് അവളെ നശിപ്പിക്കുന്നതിൽ യാതൊരു പങ്കും ഉണ്ടായിരിക്കില്ല. പ്രതികാരം യഹോവയ്ക്ക് ഉള്ളതാണെന്നും അതിന്റെ സമയം വരുമ്പോൾ അവൻ ഉചിതമായ നടപടി എടുക്കുമെന്നും അവർക്കറിയാം. പ്രവചനം നമുക്ക് ഈ ഉറപ്പു നൽകുന്നു: “അവരുടെ ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ചെയ്യും; തന്റെ വൈരികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവൻ പ്രതിക്രിയ ചെയ്യും.” (യെശയ്യാവു 59:18) യെശയ്യാവിന്റെ നാളിലേതു പോലെ, ദൈവത്തിന്റെ ന്യായവിധികൾ നിഷ്പക്ഷവും സമഗ്രവും ആയിരിക്കും. വിദൂര ‘ദ്വീപുവാസിക’ളുടെ അടുക്കൽ പോലും അവന്റെ ന്യായവിധികൾ എത്തും. ഒരുവന് യഹോവയുടെ ന്യായവിധിയിൽനിന്ന് രക്ഷപ്പെട്ട് മറഞ്ഞിരിക്കാൻ പറ്റിയ ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല.
16. യഹോവയുടെ ന്യായവിധിയെ ആർ അതിജീവിക്കും, തങ്ങളുടെ അതിജീവനത്തിൽനിന്ന് അവർ എന്തു പഠിക്കും?
16 ശരിയായതു ചെയ്യാൻ കഠിനശ്രമം ചെയ്യുന്നവരെ യഹോവ നീതിയോടെ ന്യായം വിധിക്കുന്നു. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ—മുഴുഭൂമിയിലും—അങ്ങനെയുള്ളവർ അതിജീവിക്കുമെന്ന് യെശയ്യാവ് മുൻകൂട്ടി പറയുന്നു. യഹോവയുടെ സംരക്ഷണം ലഭിക്കുമ്പോൾ അവർക്ക് അവനോടുള്ള ഭക്തിയും ആദരവും വർധിക്കും. (മലാഖി 1:11) നാം ഇപ്രകാരം വായിക്കുന്നു: “അങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.” (യെശയ്യാവു 59:19) മാർഗമധ്യേയുള്ള സകലതിനെയും തുടച്ചുമാറ്റിക്കൊണ്ട് ഒരു ജലമതിൽ തള്ളിക്കൊണ്ടുപോകുന്ന ശക്തിയേറിയ ഒരു കൊടുങ്കാറ്റു പോലെ, യഹോവയുടെ ആത്മാവ് അവന്റെ ഹിതം നിവർത്തിക്കുന്നതിനു വിഘാതമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും ഇല്ലാതാക്കും. മനുഷ്യന്റെ കൈവശമുള്ള എന്തിനെക്കാളും ശക്തിയേറിയതാണ് അവന്റെ ആത്മാവ്. മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും മേൽ തന്റെ ന്യായവിധി നടത്താൻ അവൻ അത് ഉപയോഗിക്കുമ്പോൾ, അവന് തീർച്ചയായും സമഗ്ര വിജയം കൈവരും.
അനുതാപമുള്ളവർക്ക് പ്രത്യാശയും അനുഗ്രഹവും
17. ആരാണ് സീയോന്റെ വീണ്ടെടുപ്പുകാരൻ, സീയോനെ അവൻ വീണ്ടെടുക്കുന്നത് എപ്പോൾ?
17 മോശൈക ന്യായപ്രമാണത്തിൻ കീഴിൽ, അടിമത്തത്തിലേക്കു വിൽക്കപ്പെട്ട ഒരു ഇസ്രായേല്യനെ ഒരു വീണ്ടെടുപ്പുകാരന് അടിമത്തത്തിൽനിന്നു തിരികെ വാങ്ങാൻ കഴിയുമായിരുന്നു. മുമ്പ് യെശയ്യാവിന്റെ പ്രാവചനിക പുസ്തകത്തിൽ, അനുതാപമുള്ളവരുടെ വീണ്ടെടുപ്പുകാരനായി യഹോവയെ ചിത്രീകരിച്ചിരുന്നു. (യെശയ്യാവു 48:17) ഇപ്പോൾ വീണ്ടും അവനെ അനുതാപമുള്ളവരുടെ വീണ്ടെടുപ്പുകാരനായി വർണിച്ചിരിക്കുന്നു. യഹോവയുടെ വാഗ്ദാനം യെശയ്യാവ് രേഖപ്പെടുത്തുന്നു: “സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 59:20) ആശ്വാസകരമായ ആ വാഗ്ദാനം പൊ.യു.മു. 537-ൽ നിവൃത്തിയേറി. എന്നാൽ അതിനു കൂടുതലായ ഒരു നിവൃത്തിയുണ്ട്. പൗലൊസ് അപ്പൊസ്തലൻ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽനിന്ന് ആ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവ ക്രിസ്ത്യാനികൾക്കു ബാധകമാക്കി. അവൻ എഴുതി: ‘ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽനിന്നു അഭക്തിയെ മാററും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം.”’ (റോമർ 11:26, 27) തീർച്ചയായും, യെശയ്യാവിന്റെ പ്രവചനത്തിനു വലിയ ഒരു നിവൃത്തി ഉണ്ട്, നമ്മുടെ കാലത്തും അതിനുശേഷവും. എങ്ങനെ?
18. യഹോവ ‘ദൈവത്തിന്റെ ഇസ്രായേലി’നെ അസ്തിത്വത്തിൽ കൊണ്ടുവന്നത് എപ്പോൾ, എങ്ങനെ?
18 ഒന്നാം നൂറ്റാണ്ടിൽ, ഇസ്രായേൽ ജനതയിലെ ഒരു ചെറിയ ശേഷിപ്പ് യേശുവിനെ മിശിഹായായി സ്വീകരിച്ചു. (റോമർ 9:27; 11:5) പൊ.യു. 33-ലെ പെന്തെക്കൊസ്തു നാളിൽ ആ വിശ്വാസികളിൽ 120 പേരുടെ മേൽ യഹോവ തന്റെ പരിശുദ്ധാത്മാവിനെ പകരുകയും യേശുക്രിസ്തുവിന്റെ മധ്യസ്ഥതയിൽ അവരെ തന്റെ പുതിയ നിയമത്തിലേക്ക് അഥവാ ഉടമ്പടിയിലേക്കു കൊണ്ടുവരികയും ചെയ്തു. (യിരെമ്യാവു 31:31-33; എബ്രായർ 9:15) അന്ന് ‘ദൈവത്തിന്റെ ഇസ്രായേൽ’ അസ്തിത്വത്തിൽ വന്നു. അവർ അബ്രാഹാമിന്റെ ജഡിക സന്തതികൾ അല്ല, മറിച്ച് ദൈവാത്മാവിനാൽ ജനിച്ചവരാണ് എന്നതാണ് അവരുടെ പ്രത്യേകത. (ഗലാത്യർ 6:16) ആ പുതിയ ജനതയിൽ കൊർന്നേല്യൊസ് മുതലുള്ള പരിച്ഛേദന ഏൽക്കാത്ത വിജാതീയരും ഉൾപ്പെട്ടു. (പ്രവൃത്തികൾ 10:24-48; വെളിപ്പാടു 5:9, 10) അങ്ങനെ, യഹോവയാം ദൈവം ദത്തെടുത്ത അവർ അവന്റെ ആത്മീയ പുത്രന്മാർ, യേശുവിന്റെ സഹഭരണാധികാരികൾ ആയിത്തീർന്നു.—റോമർ 8:16, 17.
19. ദൈവത്തിന്റെ ഇസ്രായേലുമായി യഹോവ എന്ത് ഉടമ്പടി ഉണ്ടാക്കുന്നു?
19 തുടർന്ന് ദൈവത്തിന്റെ ഇസ്രായേലുമായി യഹോവ ഒരു ഉടമ്പടി ഉണ്ടാക്കുന്നു. അതേക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു: “ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ [“ഉടമ്പടി,” “ഓശാന ബൈ.”] ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 59:21) ഈ വാക്കുകൾക്ക് യെശയ്യാവിൽ നിവൃത്തിയുണ്ടായിരുന്നോ എന്ന് ഉറപ്പില്ലെങ്കിലും, അവയ്ക്കു തീർച്ചയായും യേശുവിൽ നിവൃത്തിയുണ്ടായിരുന്നു. ‘അവൻ സന്തതിയെ കാണും’ എന്ന് ഉറപ്പു നൽകപ്പെട്ടിരുന്നു. (യെശയ്യാവു 53:10) യഹോവയിൽനിന്നു പഠിച്ച വാക്കുകളാണ് യേശു സംസാരിച്ചത്, യഹോവയുടെ ആത്മാവ് അവന്റെമേൽ ഉണ്ടായിരുന്നുതാനും. (യോഹന്നാൻ 1:18; 7:16) ഉചിതമായും, അവന്റെ സഹോദരന്മാരും സഹഭരണാധികാരികളുമായ ദൈവത്തിന്റെ ഇസ്രായേലിലെ അംഗങ്ങൾക്കും യഹോവയുടെ പരിശുദ്ധാത്മാവ് ലഭിക്കുകയും അവർ തങ്ങളുടെ സ്വർഗീയ പിതാവിൽനിന്നു പഠിച്ച സന്ദേശം ഘോഷിക്കുകയും ചെയ്യുന്നു. അവർ എല്ലാവരും “യഹോവയാൽ ഉപദേശിക്കപ്പെട്ട” അഥവാ പഠിപ്പിക്കപ്പെട്ട വ്യക്തികളാണ്. (യെശയ്യാവു 54:13; ലൂക്കൊസ് 12:12; പ്രവൃത്തികൾ 2:38) യെശയ്യാവ് മുഖാന്തരം, അഥവാ യെശയ്യാവ് പ്രാവചനികമായി ചിത്രീകരിക്കുന്ന യേശു മുഖാന്തരം, അവരെ തന്റെ സാക്ഷികൾ എന്ന നിലയിലുള്ള സ്ഥാനത്തുനിന്ന് ഒരിക്കലും മാറ്റാതെ ശാശ്വതമായി ഉപയോഗിക്കുമെന്ന് യഹോവ ഉടമ്പടി ചെയ്യുന്നു. (യെശയ്യാവു 43:10) എന്നാൽ, ഈ ഉടമ്പടിയിൽനിന്നു പ്രയോജനം നേടുന്ന അവരുടെ “സന്തതി” ആരാണ്?
20. അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം ഒന്നാം നൂറ്റാണ്ടിൽ നിവൃത്തിയേറിയത് എങ്ങനെ?
20 “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പുരാതന കാലത്ത് യഹോവ അബ്രാഹാമിനോട് വാഗ്ദാനം ചെയ്തു. (ഉല്പത്തി 22:18) ഇതിനു ചേർച്ചയിൽ, സ്വാഭാവിക ഇസ്രായേല്യരിൽ നിന്നുള്ള, മിശിഹായെ സ്വീകരിച്ച ഒരു ചെറിയ കൂട്ടം ആളുകൾ അനേകം ജനതകളുടെ അടുക്കൽ ചെന്ന് ക്രിസ്തുവിനെ കുറിച്ചുള്ള സുവാർത്ത ഘോഷിച്ചു. അങ്ങനെ കൊർന്നേല്യൊസ് മുതലുള്ള പരിച്ഛേദനയേൽക്കാത്ത നിരവധി വിജാതീയർ അബ്രാഹാമിന്റെ സന്തതിയായ യേശു മുഖാന്തരം ‘അനുഗ്രഹിക്കപ്പെട്ടു.’ അവർ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗവും അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗവും ആയിത്തീർന്നു. അവർ “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു [തങ്ങളെ] വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം” നിയമനം ലഭിച്ച യഹോവയുടെ “വിശുദ്ധവംശ”ത്തിന്റെ ഭാഗമാണ്.—1 പത്രൊസ് 2:9; ഗലാത്യർ 3:7-9, 14, 26-29.
21. (എ) ആധുനിക കാലങ്ങളിൽ ദൈവത്തിന്റെ ഇസ്രായേൽ ഏത് ‘സന്തതിക’ൾക്കു ജന്മം നൽകിയിരിക്കുന്നു? (ബി) യഹോവ ദൈവത്തിന്റെ ഇസ്രായേലുമായി നടത്തിയിരിക്കുന്ന ഉടമ്പടി അഥവാ കരാർ ഈ ‘സന്തതി’ക്ക് ആശ്വാസം പകരുന്നത് എങ്ങനെ?
21 ഇന്ന് ദൈവത്തിന്റെ ഇസ്രായേലിൽ പെട്ട അംഗങ്ങളെല്ലാം കൂട്ടിച്ചേർക്കപ്പെട്ടതായി കാണപ്പെടുന്നു. ഇപ്പോഴും ജനതകൾ ഒരു മഹത്തായ അളവിൽ അനുഗ്രഹിക്കപ്പെടുന്നുണ്ട്. എങ്ങനെ? ദൈവത്തിന്റെ ഇസ്രായേലിന് ‘സന്തതികൾ,’ ഭൗമിക പറുദീസയിൽ നിത്യമായി ജീവിക്കാൻ പ്രത്യാശയുള്ള യേശുവിന്റെ ശിഷ്യന്മാർ ജനിച്ചിരിക്കുന്നു എന്ന അർഥത്തിൽ. (സങ്കീർത്തനം 37:11, 29) ഈ ‘സന്തതികളെയും’ യഹോവ അഭ്യസിപ്പിക്കുന്നു, അവരും അവന്റെ വഴികൾ പഠിക്കുന്നു. (യെശയ്യാവു 2:2-4) പരിശുദ്ധാത്മാവിനാൽ സ്നാപനമേറ്റവരോ പുതിയ ഉടമ്പടിയിലെ അംഗങ്ങളോ അല്ലെങ്കിലും, തങ്ങളുടെ പ്രസംഗപ്രവർത്തനത്തിന് സാത്താൻ സൃഷ്ടിക്കുന്ന സകല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ യഹോവയുടെ പരിശുദ്ധാത്മാവിനാൽ അവർ ശക്തീകരിക്കപ്പെടുന്നു. (യെശയ്യാവു 40:28-31) ഇപ്പോൾ ദശലക്ഷങ്ങൾ വരുന്ന അവർ തങ്ങളുടെ സന്തതികളെ ഉളവാക്കുന്നതിൽ തുടരവേ, എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. അഭിഷിക്തരുമായുള്ള യഹോവയുടെ ഉടമ്പടി അഥവാ കരാർ, അവൻ തന്റെ വക്താക്കളായി ഈ ‘സന്തതി’യെ എക്കാലവും ഉപയോഗിക്കുമെന്ന വിശ്വാസം അവർക്കു നൽകുന്നു.—വെളിപ്പാടു 21:3-5, 7.
22. നമുക്ക് യഹോവയിൽ എന്ത് ഉറപ്പ് ഉണ്ടായിരിക്കാൻ കഴിയും, ഇതു നമ്മെ എങ്ങനെ ബാധിക്കേണ്ടതാണ്?
22 അതിനാൽ നമുക്കെല്ലാം യഹോവയിലുള്ള നമ്മുടെ വിശ്വാസം നിലനിറുത്താം. അവൻ രക്ഷിക്കാൻ മനസ്സൊരുക്കവും കഴിവും ഉള്ളവനാണ്! അവന്റെ കൈ കുറുകിപ്പോയിട്ടില്ല; അവൻ തന്റെ വിശ്വസ്ത ജനത്തെ എപ്പോഴും വിടുവിക്കും. അവനിൽ ആശ്രയിക്കുന്ന സകലരുടെയും വായിൽനിന്ന് അവന്റെ വചനങ്ങൾ “ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല.”
[294-ാം പേജിലെ ചതുരം]
വിശ്വാസത്യാഗിനിയായ യെരൂശലേം—ക്രൈസ്തവലോകത്തിന്റെ പ്രതിമാതൃക
ദൈവം തിരഞ്ഞെടുത്ത ജനതയുടെ തലസ്ഥാന നഗരിയായ യെരൂശലേം, ആത്മജീവികളും ക്രിസ്തുവിന്റെ മണവാട്ടി എന്നനിലയിൽ സ്വർഗത്തിലേക്കു പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളുടെ കൂട്ടവും അടങ്ങിയ ദൈവത്തിന്റെ സ്വർഗീയ സംഘടനയെ ചിത്രീകരിക്കുന്നു. (ഗലാത്യർ 4:25, 26; വെളിപ്പാടു 21:2) എന്നാൽ, യെരൂശലേം നിവാസികൾ പലപ്പോഴും യഹോവയോട് അവിശ്വസ്തത കാട്ടിയിട്ടുണ്ട്. അതിനാൽ ആ നഗരത്തെ ഒരു വേശ്യയും വ്യഭിചാരിണിയും എന്നു തിരുവെഴുത്തുകൾ വിളിക്കുന്നു. (യെഹെസ്കേൽ 16:3, 15, 30-42) ആ അവസ്ഥയിൽ യെരൂശലേം വിശ്വാസത്യാഗിനിയായ ക്രൈസ്തവലോകത്തെ ഉചിതമായി ചിത്രീകരിക്കുന്നു.
“പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ” എന്ന് യേശു യെരൂശലേമിനെ വിളിച്ചു. (ലൂക്കൊസ് 13:34; മത്തായി 16:21) ക്രൈസ്തവലോകം സത്യദൈവത്തെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നെങ്കിലും, അത് അവിശ്വസ്ത യെരൂശലേമിനെ പോലെ അവന്റെ നീതിനിഷ്ഠമായ വഴികളിൽനിന്ന് അങ്ങേയറ്റം വ്യതിചലിച്ചിരിക്കുന്നു. നീതിനിഷ്ഠമായ ഏതു നിലവാരങ്ങളാലാണോ യഹോവ വിശ്വാസത്യാഗിനിയായ യെരൂശലേമിനെ ന്യായംവിധിച്ചത്, അതേ നിലവാരങ്ങളാൽ അവൻ ക്രൈസ്തവലോകത്തെയും ന്യായം വിധിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
[296-ാം പേജിലെ ചിത്രം]
ഒരു ന്യായാധിപൻ നീതിപൂർവം വിധിക്കുകയും ന്യായം അന്വേഷിക്കുകയും കൈക്കൂലി വാങ്ങാതിരിക്കുകയും വേണം
[298-ാം പേജിലെ ചിത്രം]
കര കവിഞ്ഞൊഴുകുന്ന ഒരു നദിപോലെ, തന്റെ ഹിതത്തിന് എതിരായ സകല പ്രതിബന്ധങ്ങളെയും യഹോവയുടെ ന്യായവിധികൾ തുടച്ചുനീക്കും
[302-ാം പേജിലെ ചിത്രം]
തന്റെ സാക്ഷികൾ ആയിരിക്കുകയെന്ന പദവി തന്റെ ജനത്തിന് നഷ്ടമാകുകയില്ലെന്ന ഒരു ഉടമ്പടി യഹോവ ഉണ്ടാക്കിയിരിക്കുന്നു