അധ്യായം 15
യേശു “ഭൂമിയിൽ നീതി സ്ഥാപിക്കും”
1, 2. ഏതവസരത്തിൽ യേശു കുപിതനായി, എന്തുകൊണ്ട്?
യേശു കുപിതനായി കാണപ്പെട്ടു—അതിനു തക്കതായ കാരണം ഉണ്ടായിരുന്നു. അവനെ ആ വിധത്തിൽ സങ്കൽപ്പിക്കാൻ നിങ്ങൾക്കു പ്രയാസമായിരിക്കാം, കാരണം അവൻ അത്രയ്ക്ക് സൗമ്യനായ ഒരു വ്യക്തിയായിരുന്നു. (മത്തായി 21:4) ഈ പ്രത്യേക സാഹചര്യത്തിലും അവൻ തികഞ്ഞ സമചിത്തത പാലിച്ചു, അവന്റേത് നീതിയുക്തമായ കോപമായിരുന്നു.a എന്നാൽ സമാധാനപ്രിയനായ ഈ മനുഷ്യനെ പ്രകോപിപ്പിച്ചത് എന്തായിരുന്നു? കടുത്ത അനീതിതന്നെ.
2 യെരൂശലേമിലെ ആലയം യേശുവിനു വളരെ പ്രിയങ്കരമായിരുന്നു. ഭൂമിയിൽ അവന്റെ സ്വർഗീയ പിതാവിന്റെ ആരാധനയ്ക്കു സമർപ്പിതമായിരുന്ന ഏക പാവനസ്ഥലം അതായിരുന്നു. അനേകം ദേശങ്ങളിൽനിന്നുള്ള യഹൂദന്മാർ ദീർഘദൂരം യാത്ര ചെയ്ത് അവിടെ ആരാധനയ്ക്ക് എത്തിയിരുന്നു. ദൈവഭയമുള്ള വിജാതീയർപോലും അവരുടെ ഉപയോഗത്തിനായി വേർതിരിച്ചിരുന്ന ആലയപ്രാകാരത്തിൽ പ്രവേശിച്ച് ദൈവത്തെ ആരാധിച്ചിരുന്നു. എന്നാൽ തന്റെ ശുശ്രൂഷയുടെ പ്രാരംഭത്തിൽ യേശു ആലയത്തിൽ ചെന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണു കണ്ടത്. ഒരു ആരാധനാലയം എന്നതിലുപരി അത് ഒരു ചന്തപോലെ കാണപ്പെട്ടു! അവിടെ വ്യാപാരികളുടെയും നാണയ കൈമാറ്റക്കാരുടെയും തിരക്കായിരുന്നു. എന്നാൽ അനീതി എന്തായിരുന്നു? ഈ ആളുകൾക്ക് ദൈവത്തിന്റെ ആലയം ആളുകളെ ചൂഷണം ചെയ്യാനുള്ള—അവരെ കൊള്ളയടിക്കാൻ പോലുമുള്ള—ഒരു സ്ഥലം മാത്രമായിരുന്നു. എങ്ങനെ?—യോഹന്നാൻ 2:14.
3, 4. യഹോവയുടെ ആലയത്തിൽ അത്യാഗ്രഹത്തോടെയുള്ള ഏതു ചൂഷണം നടക്കുകയായിരുന്നു, കാര്യങ്ങൾ നേരെയാക്കാൻ യേശു എന്തു നടപടി സ്വീകരിച്ചു?
3 ആലയനികുതി കൊടുക്കാൻ ഒരു പ്രത്യേകതരം നാണയം മാത്രമേ ഉപയോഗിക്കാവൂ എന്നു മതനേതാക്കന്മാർ നിഷ്കർഷിച്ചിരുന്നു. അത്തരം നാണയങ്ങൾ വാങ്ങാൻ സന്ദർശകർ തങ്ങളുടെ പണം കൈമാറ്റം ചെയ്യണമായിരുന്നു. ചില നാണയ കൈമാറ്റക്കാർ ആലയത്തിനുള്ളിൽത്തന്നെ മേശകൾ വെക്കുകയും ഓരോ കൈമാറ്റത്തിനും കൂലി ഈടാക്കുകയും ചെയ്തിരുന്നു. മൃഗങ്ങളെ വിൽക്കുന്ന തൊഴിലും വളരെ ആദായകരമായിരുന്നു. യാഗങ്ങളർപ്പിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് നഗരത്തിലെ ഏതു വ്യാപാരിയിൽനിന്നും മൃഗങ്ങളെ വാങ്ങാമായിരുന്നു, പക്ഷേ ആലയ ഉദ്യോഗസ്ഥർ അവരുടെ വഴിപാടുകൾ മോശമായി പരിഗണിച്ച് തള്ളിക്കളയുമെന്നു തീർച്ചയായിരുന്നു. എന്നിരുന്നാലും, ആലയപ്രദേശത്തുനിന്നു വാങ്ങുന്ന വഴിപാടുകൾ തീർച്ചയായും സ്വീകരിക്കുമായിരുന്നു. ആളുകൾ അവരുടെ ദയയെ ആശ്രയിക്കേണ്ടിയിരുന്നതിനാൽ, വ്യാപാരികൾ ചില സമയങ്ങളിൽ ഭീമമായ വിലകൾ ചുമത്തിയിരുന്നു.b അത് വെറും കൊള്ളലാഭം ഉണ്ടാക്കലല്ലായിരുന്നു, കൊള്ളതന്നെ ആയിരുന്നു!
“ഇതു ഇവിടെ നിന്നു കൊണ്ടുപോകുവിൻ!”
4 യേശുവിന് അത്തരം അനീതി വെച്ചുപൊറുപ്പിക്കാൻ കഴിയുമായിരുന്നില്ല. അത് അവന്റെ പിതാവിന്റെ ഭവനമായിരുന്നു! അവൻ കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി ആലയത്തിൽനിന്ന് ആടുമാടുകളുടെ കൂട്ടങ്ങളെ ഓടിച്ചിറക്കി. പിന്നീട് അവൻ നാണയ കൈമാറ്റക്കാരുടെ അടുക്കലേക്കു ചെന്ന് അവരുടെ മേശകളെ മറിച്ചിട്ടു. നാണയങ്ങളെല്ലാം മാർബിൾ തറയിൽ വീണുചിതറുന്നത് ഒന്നു സങ്കൽപ്പിക്കുക! പ്രാവുകളെ വിൽക്കുന്നവരോട് അവൻ കർക്കശമായി പറഞ്ഞു: “ഇതു ഇവിടെ നിന്നു കൊണ്ടുപോകുവിൻ.” (യോഹന്നാൻ 2:15, 16) ധീരനായ ഈ മനുഷ്യനെ എതിർക്കാൻ ആരും മുതിർന്നില്ല എന്നു തോന്നുന്നു.
“പിതാവിനെപ്പോലെതന്നെ പുത്രനും”
5-7. (എ) യേശുവിന്റെ മനുഷ്യ-പൂർവ അസ്തിത്വം അവന്റെ നീതിബോധത്തെ എങ്ങനെ സ്വാധീനിച്ചു, അവന്റെ മാതൃക വിചിന്തനം ചെയ്യുന്നതിനാൽ നമുക്ക് എന്തു മനസ്സിലാക്കാനാകും? (ബി) യഹോവയുടെ പരമാധികാരവും നാമവും ഉൾപ്പെടുന്ന അനീതികൾക്കെതിരെ ക്രിസ്തു പോരാടിയിരിക്കുന്നതെങ്ങനെ?
5 വ്യാപാരികൾ വീണ്ടും മടങ്ങിവന്നു. ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞ്, യേശു ഇതേ അനീതി കൈകാര്യം ചെയ്തു. ഈ പ്രാവശ്യം തന്റെ ഭവനത്തെ “കള്ളന്മാരുടെ ഗുഹ” ആക്കിയവരെ കുറ്റംവിധിക്കുന്ന യഹോവയുടെ സ്വന്തം വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്. (മത്തായി 21:13; യിരെമ്യാവു 7:11, NW) അതേ, അത്യാഗ്രഹത്തോടെ ജനത്തെ ചൂഷണം ചെയ്യുന്നതും ദൈവാലയം അശുദ്ധമാക്കുന്നതും കണ്ടപ്പോൾ, യേശുവിന് തന്റെ പിതാവിനുണ്ടായ അതേ വികാരമുണ്ടായി. അതിൽ അതിശയിക്കാനില്ല! കോടാനുകോടി വർഷങ്ങളിൽ യേശു അവന്റെ സ്വർഗീയ പിതാവിനാൽ പഠിപ്പിക്കപ്പെട്ടിരുന്നു. തത്ഫലമായി, അവന് യഹോവയുടെ നീതിബോധം ലഭിച്ചു. “പിതാവിനെപ്പോലെതന്നെ പുത്രനും” എന്ന ചൊല്ലിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമായിത്തീർന്നു അവൻ. യഹോവയുടെ നീതി എന്ന ഗുണത്തിന്റെ ഒരു വ്യക്തമായ ചിത്രം കിട്ടാൻ നാം ആഗ്രഹിക്കുന്നു എങ്കിൽ, അതിനുള്ള ഏറ്റവും നല്ല മാർഗം യേശുക്രിസ്തുവിന്റെ മാതൃക വിചിന്തനം ചെയ്യുന്നതാണ്.—യോഹന്നാൻ 14:9, 10.
6 സാത്താൻ യഹോവയാം ദൈവത്തെ അന്യായമായി ഭോഷ്കാളി എന്നു വിളിക്കുകയും അവന്റെ ഭരണത്തിന്റെ നീതിയെ വെല്ലുവിളിക്കുകയും ചെയ്തു. എത്ര വലിയ ദൂഷണം! ആ അവസരത്തിൽ യഹോവയുടെ ഏകജാതനായ പുത്രൻ സന്നിഹിതനായിരുന്നു. നിസ്സ്വാർഥ സ്നേഹത്താൽ പ്രേരിതരായി ആരും യഹോവയെ സേവിക്കുകയില്ല എന്ന സാത്താന്റെ പിൽക്കാല വെല്ലുവിളിയും പുത്രൻ കേട്ടു. ഈ വ്യാജാരോപണങ്ങൾ തീർച്ചയായും പുത്രന്റെ നീതിനിഷ്ഠമായ ഹൃദയത്തെ വേദനിപ്പിച്ചു. ഈ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതു താനായിരിക്കും എന്നു മനസ്സിലാക്കിയപ്പോൾ പുത്രന് എത്ര ആഹ്ലാദം തോന്നിയിരിക്കണം! (2 കൊരിന്ത്യർ 1:20) അവൻ ഇത് എങ്ങനെ ചെയ്യും?
7 നാം 14-ാം അധ്യായത്തിൽ മനസ്സിലാക്കിയതുപോലെ, യഹോവയുടെ സൃഷ്ടികളുടെ നിർമലതയോടുള്ള ബന്ധത്തിൽ സാത്താൻ നടത്തിയ വെല്ലുവിളിക്ക് യേശുക്രിസ്തു ആത്യന്തികവും നിർണായകവുമായ ഉത്തരം കൊടുത്തു. അതുവഴി യേശു, യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തിന്റെ അന്തിമ സംസ്ഥാപനത്തിനും അവന്റെ നാമത്തിന്റെ വിശുദ്ധീകരണത്തിനുമുള്ള അടിസ്ഥാനമിട്ടു. യഹോവയുടെ “മുഖ്യകാര്യസ്ഥൻ” എന്ന നിലയിൽ യേശു അഖിലാണ്ഡത്തിലെങ്ങും ദിവ്യനീതി സ്ഥാപിക്കും. (പ്രവൃത്തികൾ 5:31, NW) ഭൂമിയിലെ അവന്റെ ജീവിതഗതിയും ദിവ്യനീതിയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. യഹോവ അവനെ കുറിച്ച് ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, നീതി എന്താണെന്ന് അവൻ ജനതകൾക്കു വ്യക്തമാക്കിക്കൊടുക്കും.” (മത്തായി 12:18, NW) യേശു ആ വാക്കുകൾ എങ്ങനെ നിവർത്തിച്ചു?
“നീതി എന്താണെന്ന്” യേശുക്രിസ്തു വ്യക്തമാക്കുന്നു
8-10. (എ) യഹൂദ മതനേതാക്കളുടെ അലിഖിത പാരമ്പര്യങ്ങൾ യഹൂദേതരരോടും സ്ത്രീകളോടുമുള്ള പുച്ഛത്തെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ? (ബി) അലിഖിത നിയമങ്ങൾ യഹോവയുടെ ശബത്തുനിയമത്തെ ഏതു വിധത്തിൽ ഒരു ഭാരമാക്കിത്തീർത്തു?
8 യേശു യഹോവയുടെ ന്യായപ്രമാണത്തെ സ്നേഹിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്തു. എന്നാൽ അവന്റെ നാളിലെ മതനേതാക്കന്മാർ ആ ന്യായപ്രമാണത്തെ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. ‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ന്യായം [“നീതി,” NW], കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളയുന്നു’ എന്ന് യേശു അവരോടു പറഞ്ഞു. (മത്തായി 23:23) ‘നീതി എന്താണെന്ന്’ ദൈവിക ന്യായപ്രമാണത്തിന്റെ ആ ഉപദേഷ്ടാക്കൾ വ്യക്തമാക്കുന്നില്ലായിരുന്നു എന്നു സ്പഷ്ടമാണ്. പകരം അവർ ദിവ്യനീതിയെ അവ്യക്തമാക്കുകയായിരുന്നു. എങ്ങനെ? ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
9 തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന വിജാതീയ ജനതകളിൽനിന്നു വേർപെട്ടിരിക്കാൻ യഹോവ തന്റെ ജനത്തോടു നിർദേശിച്ചു. (1 രാജാക്കന്മാർ 11:1, 2) എന്നിരുന്നാലും, യഹൂദേതരരെ എല്ലാം പുച്ഛത്തോടെ വീക്ഷിക്കാൻ മതഭ്രാന്തരായ ചില മതനേതാക്കന്മാർ ജനത്തെ പ്രോത്സാഹിപ്പിച്ചു. മിഷ്നായിൽ ഇങ്ങനെയൊരു ചട്ടംപോലും ഉണ്ടായിരുന്നു: “വിജാതീയർ മൃഗസംഭോഗം നടത്തുന്നതായി സംശയിക്കപ്പെടുന്നതിനാൽ കന്നുകാലികളെ അവരുടെ വഴിയമ്പലങ്ങളിൽ വിടാവുന്നതല്ല.” സകല യഹൂദേതരരോടുമുള്ള ഈ മുൻവിധി, അനീതി നിറഞ്ഞതും മോശൈക ന്യായപ്രമാണത്തിന്റെ അന്തഃസത്തയ്ക്കു തികച്ചും വിരുദ്ധവുമായിരുന്നു. (ലേവ്യപുസ്തകം 19:34) മനുഷ്യ നിർമിതമായ മറ്റുചില ചട്ടങ്ങൾ സ്ത്രീകളെ വിലകുറച്ചു കാണിക്കുന്നവയായിരുന്നു. ഭാര്യ ഭർത്താവിനോടൊപ്പമല്ല, അയാളുടെ പുറകിൽ നടക്കണം എന്ന് അലിഖിതനിയമം പ്രസ്താവിച്ചു. പൊതുസ്ഥലത്തുവെച്ച് സ്ത്രീയോട്, സ്വന്തം ഭാര്യയോടുപോലും, സംസാരിക്കുന്നതിനെതിരെ പുരുഷന്മാർക്കു മുന്നറിയിപ്പു കൊടുക്കപ്പെട്ടു. അടിമകളെപ്പോലെ, സ്ത്രീകളെയും കോടതിയിൽ സാക്ഷ്യം പറയാൻ അനുവദിച്ചിരുന്നില്ല. തങ്ങൾ സ്ത്രീകൾ അല്ലാത്തതിൽ പുരുഷന്മാർ ദൈവത്തിനു നന്ദികൊടുക്കുന്ന ഒരു ഔപചാരിക പ്രാർഥനപോലും ഉണ്ടായിരുന്നു.
10 മതനേതാക്കന്മാർ മനുഷ്യ നിർമിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ ദൈവത്തിന്റെ ന്യായപ്രമാണത്തെ കുഴിച്ചുമൂടി. ഉദാഹരണത്തിന്, ശബത്തുനിയമം ശബത്തിൽ വേല ചെയ്യുന്നതു വിലക്കിയിരുന്നു, ആ ദിവസം ആരാധനയ്ക്കും ആത്മീയ നവോന്മേഷത്തിനും വിശ്രമത്തിനുമായി മാറ്റിവെക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ പരീശന്മാർ ആ നിയമത്തെ ഒരു ഭാരമാക്കി. “വേല”യിൽ എന്തെല്ലാം ഉൾപ്പെടുമെന്ന് അവർ സ്വയം തീരുമാനിച്ചു. കൊയ്ത്തും വേട്ടയും പോലെ 39 പ്രവർത്തനങ്ങളെ അവർ “വേല”യായി കണക്കാക്കി. അതാകട്ടെ അസംഖ്യം ചോദ്യങ്ങൾ ഉയർത്തി. ഒരു മനുഷ്യൻ ശബത്തിൽ ഒരു ഈച്ചയെ കൊന്നാൽ അത് വേട്ടയാകുമോ? നടന്നുപോകുമ്പോൾ അയാൾ ഭക്ഷിക്കാൻ ഒരുപിടി ധാന്യം പറിച്ചെടുത്താൽ, അയാൾ കൊയ്ത്തു നടത്തിയതാണെന്നു പറയാമോ? സുഖമില്ലാത്ത ഒരാളെ അയാൾ സൗഖ്യമാക്കിയാൽ അയാൾ വേല ചെയ്തതായി കണക്കാക്കുമോ? ഇങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം നൂറുനൂറു വിശദാംശങ്ങളോടു കൂടിയ, കർക്കശമായ നിയമങ്ങൾ അവർ സ്ഥാപിച്ചു.
11, 12. പരീശന്മാരുടെ തിരുവെഴുത്തുവിരുദ്ധ പാരമ്പര്യങ്ങളോട് യേശു എതിർപ്പു പ്രകടമാക്കിയത് എങ്ങനെ?
11 അത്തരമൊരു സാഹചര്യത്തിൽ, നീതി എന്താണെന്നു മനസ്സിലാക്കാൻ യേശു ആളുകളെ എങ്ങനെ സഹായിക്കേണ്ടിയിരുന്നു? തന്റെ ഉപദേശങ്ങളാലും ജീവിതരീതിയാലും അവൻ ആ മതനേതാക്കന്മാർക്കെതിരെ ധീരമായ നിലപാടു കൈക്കൊണ്ടു. അവന്റെ ഉപദേശങ്ങളിൽ ചിലത് ആദ്യം പരിചിന്തിക്കുക. “നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവൻ ആ മനുഷ്യനിർമിത നിയമങ്ങളെ ശക്തമായ ഭാഷയിൽ കുറ്റംവിധിച്ചു.—മർക്കൊസ് 7:13.
12 ശബത്തുനിയമത്തിന്റെ കാര്യത്തിൽ പരീശന്മാർക്കു തെറ്റുപറ്റിയെന്ന്, യഥാർഥത്തിൽ ആ നിയമത്തിന്റെ മുഴു ഉദ്ദേശ്യവും അവർ തെറ്റായിട്ടാണു മനസ്സിലാക്കിയത് എന്ന് യേശു ശക്തമായി പഠിപ്പിച്ചു. മിശിഹാ “ശബ്ബത്തിന്നു കർത്താവാകുന്നു” എന്നും തന്നിമിത്തം ശബത്തിൽ ആളുകളെ സൗഖ്യമാക്കാനുള്ള സകല അവകാശവും തനിക്കുണ്ടെന്നും അവൻ വിശദീകരിച്ചു. (മത്തായി 12:8) ഈ ആശയത്തിന് അടിവരയിടാൻ അവൻ ശബത്തിൽ പരസ്യമായി അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടത്തി. (ലൂക്കൊസ് 6:7-10) അത്തരം സൗഖ്യമാക്കലുകൾ അവന്റെ ആയിരവർഷ വാഴ്ചയിൽ അവൻ ഭൂവ്യാപകമായി നടത്താനിരിക്കുന്ന സൗഖ്യമാക്കലിന്റെ ഒരു പൂർവദർശനം ആയിരുന്നു. ആ സഹസ്രാബ്ദം ആത്യന്തിക ശബത്ത് ആയിരിക്കും. അന്ന് സകല വിശ്വസ്ത മനുഷ്യവർഗവും നൂറ്റാണ്ടുകളായി തങ്ങൾ വഹിച്ചുകൊണ്ടിരുന്ന പാപത്തിന്റെയും മരണത്തിന്റെയും ഭാരത്തിൽനിന്നു വിമുക്തരാകും.
13. ക്രിസ്തുവിന്റെ ഭൗമികശുശ്രൂഷയുടെ ഫലമായി ഏതു നിയമം ഉളവായി, അത് അതിന്റെ മുൻനിഴലായിരുന്ന ന്യായപ്രമാണത്തിൽനിന്നു വ്യത്യസ്തമായിരുന്നത് എങ്ങനെ?
13 തന്റെ ഭൗമികശുശ്രൂഷ പൂർത്തിയാക്കിയശേഷം “ക്രിസ്തുവിന്റെ നിയമം” എന്ന ഒരു പുതിയ നിയമം സ്ഥാപിച്ചുകൊണ്ടും നീതി എന്തെന്നു യേശു വ്യക്തമാക്കി. (ഗലാത്യർ 6:2, പി.ഒ.സി. ബൈ.) അതിന്റെ മുൻനിഴലായിരുന്ന മോശൈക ന്യായപ്രമാണത്തിൽനിന്നു വ്യത്യസ്തമായി, ഈ പുതിയ നിയമത്തിൽ മുഖ്യമായും തത്ത്വങ്ങളാണ് ഉൾപ്പെട്ടിരുന്നത്, ലിഖിത കൽപ്പനകളുടെ ഒരു പരമ്പരയല്ലായിരുന്നു. എന്നിരുന്നാലും അതിൽ നേരിട്ടുള്ള കുറെ കൽപ്പനകളും ഉൾപ്പെട്ടിരുന്നു. ഇവയിലൊന്നിനെ യേശു ‘ഒരു പുതിയ കല്പന’ എന്നു വിളിച്ചു. താൻ തന്റെ അനുഗാമികളെ സ്നേഹിച്ചതുപോലെ, അവരും അന്യോന്യം സ്നേഹിക്കണമെന്ന് ആ കൽപ്പനയിലൂടെ യേശു അവരെ പഠിപ്പിച്ചു. (യോഹന്നാൻ 13:34, 35) അതേ, ആത്മത്യാഗപരമായ സ്നേഹം “ക്രിസ്തുവിന്റെ നിയമം” അനുസരിച്ചു ജീവിക്കുന്ന എല്ലാവരുടെയും മുഖമുദ്ര ആയിരിക്കണമായിരുന്നു.
നീതിയുടെ ഒരു ജീവിക്കുന്ന മാതൃക
14, 15. യേശു സ്വന്തം അധികാര പരിധികൾ തിരിച്ചറിഞ്ഞുവെന്ന് എങ്ങനെ പ്രകടമാക്കി, ഇത് ആശ്വാസപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
14 യേശു സ്നേഹത്തെ കുറിച്ചു പഠിപ്പിക്കുക മാത്രമല്ല ചെയ്തത്. അവൻ “ക്രിസ്തുവിന്റെ നിയമം” അനുസരിച്ച് ജീവിച്ചു. അത് അവന്റെ മുഴുജീവിതഗതിയിലും പൂർണമായും പ്രകടമായിരുന്നു. നീതി എന്താണെന്ന് യേശുവിന്റെ മാതൃക വ്യക്തമാക്കിയ മൂന്നു വിധങ്ങൾ പരിചിന്തിക്കുക.
15 ഒന്നാമതായി, യാതൊരുവിധ അനീതിയും പ്രവർത്തിക്കാതിരിക്കാൻ യേശു അതീവ ജാഗ്രതയുള്ളവൻ ആയിരുന്നു. അപൂർണ മനുഷ്യർ അഹങ്കാരികളായി മാറി തങ്ങളുടെ അധികാര പരിധികൾ ലംഘിക്കുമ്പോഴാണ് പല അനീതികളും അരങ്ങേറുന്നത് എന്ന കാര്യം ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. യേശു അങ്ങനെ ചെയ്തില്ല. ഒരു അവസരത്തിൽ, ഒരു മനുഷ്യൻ യേശുവിനെ സമീപിച്ച് “ഗുരോ, ഞാനുമായി അവകാശം പകുതിചെയ്വാൻ എന്റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു. യേശുവിന്റെ പ്രതികരണം എന്തായിരുന്നു? “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ?” എന്ന് അവൻ ചോദിച്ചു. (ലൂക്കൊസ് 12:13, 14) അതു ശ്രദ്ധേയമല്ലേ? യേശുവിന്റെ ബുദ്ധിയും വിവേചനാപ്രാപ്തിയും ദൈവദത്ത അധികാരനിലയും, ഭൂമിയിലെ മറ്റാരുടേതിനെക്കാളും ശ്രേഷ്ഠമായിരുന്നു; എന്നിരുന്നാലും, അവന് ഇതു ചെയ്യാനുള്ള പ്രത്യേക അധികാരം ലഭിച്ചിട്ടില്ലായിരുന്നതിനാൽ ഈ കാര്യത്തിൽ ഇടപെടാൻ അവൻ വിസമ്മതിച്ചു. യേശുവിന്റെ മനുഷ്യ-പൂർവ അസ്തിത്വത്തിന്റെ സഹസ്രാബ്ദങ്ങളിൽപ്പോലും അവൻ എല്ലായ്പോഴും ഈ വിധത്തിൽ എളിമയുള്ളവനായിരുന്നു. (യൂദാ 9) നീതി എന്തെന്നു നിർണയിക്കാൻ അധികാരമുള്ളത് യഹോവയ്ക്കു മാത്രമാണെന്ന് അവൻ വിനയപൂർവം അംഗീകരിക്കുന്നു. എത്ര ആദരണീയവും അഭികാമ്യവുമായ സ്വഭാവവിശേഷത!
16, 17. (എ) യേശു ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ നീതി പ്രകടമാക്കിയത് എങ്ങനെ? (ബി) തന്റെ നീതിബോധം കരുണാപൂർണമാണെന്ന് യേശു തെളിയിച്ചത് എങ്ങനെ?
16 രണ്ടാമതായി, ദൈവരാജ്യ സുവാർത്ത പ്രസംഗിച്ച വിധത്തിലും യേശു നീതി പ്രകടമാക്കി. അവൻ പക്ഷപാതിത്വം കാണിച്ചില്ല. പകരം, ധനികരായാലും ദരിദ്രരായാലും, എല്ലാത്തരം ആളുകളെയും സമീപിക്കാൻ അവൻ ആത്മാർഥമായി ശ്രമിച്ചു. എന്നാൽ ഇതിനു വിരുദ്ധമായി, പരീശന്മാർ ദരിദ്രരെയും സാധാരണക്കാരെയും ‘അംഹാരെറ്റ്സ്’ അഥവാ “നിലത്തെ ആളുകൾ” എന്നു പരാമർശിച്ചുകൊണ്ട് പുച്ഛിച്ചുതള്ളി. യേശു സധൈര്യം ആ അനീതിക്കെതിരായി പ്രവർത്തിച്ചു. ആളുകളെ സുവാർത്ത പഠിപ്പിച്ചപ്പോൾ, അല്ലെങ്കിൽ ആളുകളോടൊത്ത് ആഹാരം കഴിക്കുകയും അവരെ പോറ്റുകയും സൗഖ്യമാക്കുകയും അവരെ മരണത്തിൽനിന്ന് ഉയർപ്പിക്കുകപോലും ചെയ്തപ്പോൾ, ‘എല്ലാത്തരം മനുഷ്യരെയും’ സമീപിക്കാനാഗ്രഹിച്ച ദൈവത്തിന്റെ നീതിയെ ഉയർത്തിപ്പിടിക്കുകയായിരുന്നു അവൻ.c—1 തിമൊഥെയൊസ് 2:4, NW.
17 മൂന്നാമതായി, യേശുവിന്റെ നീതിബോധത്തോടൊപ്പം ആഴമായ കരുണയും പ്രകടമായിരുന്നു. പാപികളെ സഹായിക്കാൻ അവൻ വളരെയധികം ശ്രമം ചെയ്തു. (മത്തായി 9:11-13) നിസ്സഹായരായ ആളുകളുടെ സഹായത്തിന് അവൻ ഓടിയെത്തി. ഉദാഹരണത്തിന്, മതനേതാക്കന്മാർ ചെയ്തതുപോലെ സകല വിജാതീയരെയും അവിശ്വസിക്കുന്ന രീതിയെ യേശു പ്രോത്സാഹിപ്പിച്ചില്ല. അവന്റെ ദൗത്യം മുഖ്യമായും യഹൂദജനത്തോടുള്ള ബന്ധത്തിൽ ആയിരുന്നെങ്കിലും, വിജാതീയരിൽ ചിലരെ അവൻ കരുണാപൂർവം സഹായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഒരിക്കൽ, ഒരു റോമൻ സൈനിക ഉദ്യോഗസ്ഥനുവേണ്ടി അത്ഭുതകരമായ ഒരു സൗഖ്യമാക്കൽ നടത്താൻ അവൻ സമ്മതിച്ചു. “യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല” എന്ന് ആ വ്യക്തിയെ കുറിച്ച് അപ്പോൾ പറയുകയുണ്ടായി.—മത്തായി 8:5-13.
18, 19. (എ) യേശു ഏതു വിധങ്ങളിൽ സ്ത്രീകളുടെ മാന്യതയെ ഉന്നമിപ്പിച്ചു? (ബി) യേശുവിന്റെ മാതൃക ധൈര്യവും നീതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
18 സമാനമായി, യേശു സ്ത്രീകളെ സംബന്ധിച്ചു പ്രാബല്യത്തിലിരുന്ന വീക്ഷണങ്ങളെ പിന്താങ്ങിയില്ല. പകരം അവൻ സധൈര്യം നീതിയായതു ചെയ്തു. വിജാതീയരെപ്പോലെതന്നെ ശമര്യസ്ത്രീകളെയും അശുദ്ധരായി കണക്കാക്കിയിരുന്നു. എന്നിരുന്നാലും, യേശു സുഖാറിലെ കിണറ്റിങ്കൽ കണ്ട ശമര്യസ്ത്രീയോടു പ്രസംഗിക്കാൻ മടിച്ചില്ല. യഥാർഥത്തിൽ, ഈ സ്ത്രീയോടായിരുന്നു യേശു ആദ്യമായി താൻ വാഗ്ദത്ത മിശിഹാ ആണെന്നു വ്യക്തമായി വെളിപ്പെടുത്തിയത്. (യോഹന്നാൻ 4:6, 25, 26) സ്ത്രീകളെ ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിക്കരുതെന്നു പരീശന്മാർ നിഷ്കർഷിച്ചിരുന്നു. എന്നാൽ യേശു സ്ത്രീകളെ പഠിപ്പിക്കാൻ വളരെയധികം സമയവും ഊർജവും ചെലവഴിച്ചു. (ലൂക്കൊസ് 10:38-42) സ്ത്രീകളുടെ സാക്ഷ്യം വിശ്വാസയോഗ്യമല്ലെന്നു പാരമ്പര്യം വാദിച്ചപ്പോൾ, തന്റെ പുനരുത്ഥാനശേഷം തന്നെ ആദ്യം കാണാനുള്ള പദവി കൊടുത്തുകൊണ്ട് യേശു നിരവധി സ്ത്രീകളെ ബഹുമാനിച്ചു. ഈ അതിപ്രധാന സംഭവത്തെ കുറിച്ചു തന്റെ ശിഷ്യന്മാരെ അറിയിക്കാൻ അവൻ അവരെ ചുമതലപ്പെടുത്തുകപോലും ചെയ്തു.—മത്തായി 28:1-10.
19 അതേ, നീതി എന്താണെന്ന് യേശു ജനതകൾക്കു വ്യക്തമാക്കിക്കൊടുത്തു. അതിനായി പലപ്പോഴും അവന് കഠിനമായ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നു. യഥാർഥ നീതിയെ ഉയർത്തിപ്പിടിക്കുന്നതിനു ധൈര്യം ആവശ്യമാണെന്നു കാണാൻ യേശുവിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു. ഉചിതമായിത്തന്നെ അവൻ “യെഹൂദാഗോത്രത്തിലെ സിംഹ”മെന്നു വിളിക്കപ്പെട്ടു. (വെളിപ്പാടു 5:5) സിംഹം ധീരമായ നീതിയുടെ പ്രതീകമാണെന്ന് ഓർക്കുക. എന്നിരുന്നാലും, സമീപഭാവിയിൽ യേശു ഇതിലും വലിയ നീതി കൈവരുത്തും. ഏറ്റവും പൂർണമായ അർഥത്തിൽ അവൻ “ഭൂമിയിൽ നീതി സ്ഥാപിക്കും.”—യെശയ്യാവു 42:4, NW.
മിശിഹൈക രാജാവ് “ഭൂമിയിൽ നീതി സ്ഥാപിക്കും”
20, 21. നമ്മുടെ ഈ കാലത്ത്, മിശിഹൈക രാജാവ് ഭൂമിയിലുടനീളവും ക്രിസ്തീയ സഭയ്ക്കുള്ളിലും നീതിയെ പ്രോത്സാഹിപ്പിച്ചിരിക്കുന്നത് എങ്ങനെ?
20 യേശു 1914-ൽ മിശിഹൈക രാജാവായിത്തീർന്നശേഷം ഭൂമിയിൽ നീതിയെ ഉന്നമിപ്പിച്ചിരിക്കുന്നു. എങ്ങനെ? മത്തായി 24:14-ൽ കാണുന്ന അവന്റെ പ്രവചനത്തിന്റെ നിവൃത്തിയുടെ ഉത്തരവാദിത്വം അവൻ എറ്റെടുത്തിരിക്കുന്നു. യേശുവിന്റെ ഭൂമിയിലെ അനുഗാമികൾ യഹോവയുടെ രാജ്യത്തെ കുറിച്ചുള്ള സത്യം സകല ദേശങ്ങളിലെയും ആളുകളെ പഠിപ്പിച്ചിരിക്കുന്നു. ചെറുപ്പക്കാരോ പ്രായമുള്ളവരോ ധനികരോ ദരിദ്രരോ പുരുഷന്മാരോ സ്ത്രീകളോ ആരുമായിക്കൊള്ളട്ടെ, സകലർക്കും നീതിയുടെ ദൈവമായ യഹോവയെ അറിയാനുള്ള ഒരു അവസരം കൊടുക്കാൻ ശ്രമിച്ചുകൊണ്ട് യേശുവിനെപ്പോലെ, നിഷ്പക്ഷവും നീതിയുക്തവുമായ രീതിയിൽ അവർ പ്രസംഗിച്ചിരിക്കുന്നു.
21 ക്രിസ്തീയ സഭയ്ക്കുള്ളിലും യേശു നീതിയെ ഉന്നമിപ്പിക്കുന്നു, അതിന്റെ ശിരസ്സ് അവൻ ആണ്. പ്രവചിക്കപ്പെട്ടപ്രകാരം, അവൻ “മനുഷ്യരാം ദാനങ്ങളെ”—സഭയിൽ നേതൃത്വമെടുക്കുന്ന വിശ്വസ്ത ക്രിസ്തീയ മൂപ്പന്മാരെ—പ്രദാനം ചെയ്യുന്നു. (എഫെസ്യർ 4:8-12, NW) ദൈവത്തിന്റെ വിലയേറിയ ആട്ടിൻകൂട്ടത്തെ മേയ്ക്കവേ, നീതിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ യേശുവിന്റെ മാതൃക പിന്തുടരുന്നു. സ്ഥാനമോ, പ്രാമുഖ്യതയോ, സാമ്പത്തിക സാഹചര്യങ്ങളോ ഗണ്യമാക്കാതെ തന്റെ ആടുകളോടു നിഷ്പക്ഷമായി പെരുമാറാൻ യേശു ആഗ്രഹിക്കുന്നുവെന്ന് അവർ എല്ലായ്പോഴും മനസ്സിൽ പിടിക്കുന്നു.
22. ഇന്നത്തെ ലോകത്തിൽ പ്രബലമായിരിക്കുന്ന അനീതിയെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? അതു സംബന്ധിച്ച് എന്തുചെയ്യാൻ അവൻ തന്റെ പുത്രനെ നിയമിച്ചിരിക്കുന്നു?
22 എന്നാൽ സമീപഭാവിയിൽ യേശു അഭൂതപൂർവമായ വിധത്തിൽ ഭൂമിയിൽ നീതി സ്ഥാപിക്കും. അഴിമതി നിറഞ്ഞ ഈ ലോകത്തിൽ അനീതി പ്രബലപ്പെട്ടിരിക്കുകയാണ്. പട്ടിണിയാൽ മരിക്കുന്ന ഓരോ കുട്ടിയും പൊറുക്കാനാവാത്ത അനീതിയുടെ ഇരയാണ്, വിശേഷിച്ച് യുദ്ധായുധങ്ങൾ നിർമിക്കാനും ഉല്ലാസപ്രിയരുടെ സ്വാർഥ മോഹങ്ങൾ തൃപ്തിപ്പെടുത്താനുമായി എത്രമാത്രം പണവും സമയവും ചെലവിടുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ. ഓരോ വർഷവും നടക്കുന്ന ദശലക്ഷക്കണക്കിന് അനാവശ്യ മരണങ്ങൾ അനീതിയുടെ വിവിധ രൂപങ്ങളിൽ ഒന്നു മാത്രമാണ്. ഇവയെല്ലാം യഹോവയുടെ നീതിയുക്തമായ രോഷത്തെ ഉണർത്തുന്നു. സകല അനീതിയും സ്ഥിരമായി അവസാനിപ്പിക്കേണ്ടതിന് ഈ മുഴു ദുഷ്ടവ്യവസ്ഥിതിക്കുമെതിരെ ഒരു നീതിനിഷ്ഠമായ യുദ്ധം നടത്താൻ അവൻ തന്റെ പുത്രനെ നിയമിച്ചിരിക്കുകയാണ്.— വെളിപ്പാടു 16:14, 16; 19:11-15.
23. അർമഗെദോനെ തുടർന്ന്, ക്രിസ്തു സകല നിത്യതയിലും എങ്ങനെ നീതിയെ ഉന്നമിപ്പിക്കും?
23 എന്നിരുന്നാലും, യഹോവയുടെ നീതി ദുഷ്ടന്മാരുടെ നാശം മാത്രമല്ല ആവശ്യമാക്കിത്തീർക്കുന്നത്. അവൻ തന്റെ പുത്രനെ “സമാധാനപ്രഭു” എന്ന നിലയിൽ ഭരണം നടത്താൻ നിയമിച്ചിരിക്കുകയാണ്. അർമഗെദോൻ യുദ്ധത്തിനുശേഷം യേശുവിന്റെ വാഴ്ച ഭൂമിയിലെമ്പാടും സമാധാനം സ്ഥാപിക്കും, അവൻ ‘നീതിയോടെ’ [NW] ഭരണം നടത്തും. (യെശയ്യാവു 9:6, 7) അന്ന്, ലോകത്തിൽ ഇത്രയധികം ദുരിതവും കഷ്ടപ്പാടും വരുത്തിക്കൂട്ടിയിരിക്കുന്ന അനീതികളെയെല്ലാം ഇല്ലായ്മ ചെയ്യുന്നതിൽ അവൻ ഉല്ലസിക്കും. നിത്യതയിലുടനീളം അവൻ യഹോവയുടെ പൂർണനീതി വിശ്വസ്തമായി ഉയർത്തിപ്പിടിക്കും. അതുകൊണ്ട്, നാം ഇപ്പോൾ യഹോവയുടെ നീതി ഉയർത്തിപ്പിടിക്കാൻ ശ്രമിക്കേണ്ടത് ജീവത്പ്രധാനമാണ്. നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയുമെന്നു നോക്കാം.
a നീതിയുക്തമായ കോപം പ്രകടമാക്കുന്നതിൽ യേശു യഹോവയെപ്പോലെ ആയിരുന്നു. യഹോവ സകല ദുഷ്ടതയ്ക്കുമെതിരെ ‘ക്രോധപൂർണ്ണൻ’ ആണ്. (നഹൂം 1:2) ദൃഷ്ടാന്തത്തിന്, തന്റെ വഴിപിഴച്ച ജനം തന്റെ ആലയത്തെ “കള്ളന്മാരുടെ ഗുഹ” ആക്കിയതായി പറഞ്ഞശേഷം, “എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു . . .ചൊരിയും” എന്ന് യഹോവ പ്രസ്താവിച്ചു.—യിരെമ്യാവു 7:11, 20.
b മിഷ്നാ അനുസരിച്ച്, ആലയത്തിൽ വിൽക്കുന്ന പ്രാവുകളുടെ ഉയർന്ന വിലയെ ചൊല്ലി ഏതാനും വർഷങ്ങൾക്കുശേഷം ഒരു പ്രതിഷേധം ഉയരുകയുണ്ടായി. ഉടനടി വിലയിൽ ഏതാണ്ട് 99 ശതമാനം കുറവ് വരികയും ചെയ്തു! ഈ ബിസിനസ്സിന്റെ ലാഭം ആർക്കുള്ളതായിരുന്നു? ആലയ കമ്പോളങ്ങൾ മഹാപുരോഹിതനായ ഹന്നാവിന്റെ സ്വന്തമായിരുന്നെന്നും ആ പുരോഹിത കുടുംബത്തിന്റെ വമ്പിച്ച സ്വത്ത് അധികവും ഇങ്ങനെ ലഭിച്ചതാണെന്നും ചില ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു.—യോഹന്നാൻ 18:13.
c ന്യായപ്രമാണത്തെ കുറിച്ച് കാര്യമായ അറിവില്ലായിരുന്ന എളിയ ആളുകൾ “ശപിക്കപ്പെട്ടവർ” ആണെന്നു പരീശന്മാർ വിശ്വസിച്ചു. (യോഹന്നാൻ 7:49) അങ്ങനെയുള്ള ആളുകളെ ആരും പഠിപ്പിക്കുകയോ അവരുമായി ബിസിനസ് ഇടപാടുകൾ നടത്തുകയോ അവരുമായി ഭക്ഷണം കഴിക്കുകയോ അവരോടൊത്തു പ്രാർഥിക്കുകയോ ചെയ്യരുത് എന്ന് അവർ പറഞ്ഞു. ഒരു വ്യക്തി തന്റെ മകളെ അത്തരം ഒരാൾക്ക് വിവാഹം കഴിച്ചുകൊടുക്കുന്നപക്ഷം അത് അവളെ കാട്ടുമൃഗങ്ങൾക്ക് കൊടുക്കുന്നതിനെക്കാൾ ഹീനമായി കണക്കാക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള താണവർക്ക് പുനരുത്ഥാന പ്രത്യാശ വിലക്കിയിരിക്കുകയാണെന്ന് അവർ കരുതി.