അധ്യായം 10
യേശു ഭൂതങ്ങളെക്കാൾ ശക്തൻ
ദൈവത്തിന്റെ ഒരു ദൂതൻ പിശാചായ സാത്താനായിത്തീർന്നത് എങ്ങനെയാണെന്ന് നമ്മൾ പഠിച്ചു. അത് ഓർക്കുന്നുണ്ടോ?— എല്ലാവരും തന്നെ ആരാധിക്കണമെന്ന് ആ ദൂതൻ ആഗ്രഹിച്ചു. അങ്ങനെ അവൻ ദൈവത്തിനെതിരെ തിരിഞ്ഞു. ആകട്ടെ, മറ്റു ദൂതന്മാർ സാത്താന്റെ പിന്നാലെ പോയോ?— പോയി, കുറെ ദൂതന്മാർ സാത്താന്റെ പക്ഷം ചേർന്നു. ‘സാത്താന്റെ ദൂതന്മാർ’ അല്ലെങ്കിൽ ഭൂതങ്ങൾ എന്നാണ് ബൈബിൾ അവരെ വിളിക്കുന്നത്.—വെളിപാട് 12:9.
ഈ ഭൂതങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?— ‘ദൈവം ഉണ്ടെന്ന് ഭൂതങ്ങൾ വിശ്വസിക്കുന്നുണ്ട്.’ ബൈബിളിൽ അത് പറയുന്നുണ്ട്. (യാക്കോബ് 2:19) പക്ഷേ ഇപ്പോൾ അവർക്ക് ദൈവത്തെ പേടിയാണ്. കാരണം എന്താണെന്നോ? ചെയ്ത തെറ്റുകൾക്കെല്ലാം ദൈവം ശിക്ഷിക്കുമെന്ന് അവർക്കറിയാം. അവർ എന്തു തെറ്റാണ് ചെയ്തത്?—
ബൈബിൾ അതിനെക്കുറിച്ച് പറയുന്നുണ്ട്. സ്വർഗത്തിലാണ് അവർ ജീവിച്ചിരുന്നത്. എന്നാൽ മനുഷ്യരെപ്പോലെ ജീവിക്കുന്നതിനുവേണ്ടി, ആ താമസസ്ഥലം ഉപേക്ഷിച്ച് അവർ ഭൂമിയിലേക്കു വന്നു. ശരിക്കും എന്തിനാണ് അവർ അതു ചെയ്തത്? ഭൂമിയിലെ സുന്ദരികളായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുവേണ്ടി. (ഉല്പത്തി 6:1, 2; യൂദാ 6) ലൈംഗിക ബന്ധത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?—
പുരുഷനും സ്ത്രീക്കും ഇടയിലുള്ള ഒരു പ്രത്യേക ബന്ധമാണ് അത്. ആ ബന്ധത്തിലൂടെയാണ് അമ്മയുടെ വയറ്റിൽ കുഞ്ഞ് ഉണ്ടാകുന്നത്. പക്ഷേ ദൂതന്മാർ ഈ ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റാണ്. വിവാഹം കഴിച്ച പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ എന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്. അങ്ങനെയാകുമ്പോൾ, ഭാര്യക്കും ഭർത്താവിനുംകൂടെ കുഞ്ഞിനെ വളർത്താൻ സാധിക്കും.
മനുഷ്യരൂപത്തിൽ വന്ന ദൂതന്മാർ ഭൂമിയിലെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അവർക്ക് ഉണ്ടായ കുഞ്ഞുങ്ങൾ, വളർന്നപ്പോൾ രാക്ഷസന്മാരായിത്തീർന്നു. മനുഷ്യരോട് ഒട്ടും ദയ കാണിക്കാത്ത ദുഷ്ടന്മാരായിരുന്നു ആ രാക്ഷസന്മാർ. അവർ എല്ലാവരെയും ഉപദ്രവിച്ചു. അതുകൊണ്ട് ദൈവം ഒരു വലിയ വെള്ളപ്പൊക്കം വരുത്തി. എന്തിനായിരുന്നു അത്? ആ രാക്ഷസന്മാരെയും ദുഷ്ടന്മാരായ മറ്റു മനുഷ്യരെയും കൊന്നുകളയാൻ. പക്ഷേ ദൈവം നോഹയോട് ഒരു പെട്ടകം പണിയാൻ ആവശ്യപ്പെട്ടു. പെട്ടകത്തിന് നല്ല വലുപ്പമുണ്ടായിരുന്നു, ഒരു വലിയ കപ്പൽപോലെ. നന്മ ചെയ്ത കുറച്ച് ആളുകൾ അവിടെ ഉണ്ടായിരുന്നു. അവരെ രക്ഷിക്കാൻവേണ്ടിയാണ് പെട്ടകം ഉണ്ടാക്കിയത്. അന്ന് സംഭവിച്ച കാര്യങ്ങൾ നമ്മൾ ഓർത്തിരിക്കണമെന്ന് മഹാനായ അധ്യാപകൻ പറഞ്ഞിട്ടുണ്ട്.—ഉല്പത്തി 6:3, 4, 13, 14; ലൂക്കോസ് 17:26, 27.
വെള്ളപ്പൊക്കം വന്നപ്പോൾ ആ ദുഷ്ടദൂതന്മാർക്ക് എന്തു സംഭവിച്ചെന്ന് അറിയാമോ?— അവർ മനുഷ്യശരീരം ഉപേക്ഷിച്ച് സ്വർഗത്തിലേക്കു തിരിച്ചുപോയി. പക്ഷേ അവിടെ അവർക്ക് ദൈവദൂതന്മാരായിരിക്കാൻ കഴിഞ്ഞില്ല. നമ്മൾ പഠിച്ചതുപോലെ, അവർ സാത്താന്റെ ദൂതന്മാർ അഥവാ ഭൂതങ്ങളായിത്തീർന്നു. രാക്ഷസന്മാരായിത്തീർന്ന അവരുടെ മക്കളോ? അവർക്ക് എന്തു സംഭവിച്ചു?— വെള്ളപ്പൊക്കത്തിൽപ്പെട്ട് അവരെല്ലാം മരിച്ചുപോയി. ദൈവത്തെ അനുസരിക്കാതിരുന്ന മറ്റു മനുഷ്യർക്കും അതുതന്നെ സംഭവിച്ചു.
ഈ സംഭവത്തിനുശേഷം, മനുഷ്യരൂപത്തിലാകാൻ ദൈവം ഭൂതങ്ങളെ അനുവദിച്ചിട്ടില്ല. ഭൂതങ്ങളെ നമുക്ക് കാണാൻ കഴിയില്ലെന്നത് ശരിതന്നെ. പക്ഷേ, ആളുകളെക്കൊണ്ട് തെറ്റു ചെയ്യിക്കാൻ അവർ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ, ഇപ്പോഴാണ് അവർ ഏറ്റവും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. കാരണം, ഇപ്പോൾ അവർ ഭൂമിയിലാണ്. സ്വർഗത്തിൽനിന്ന് അവരെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു.
നമുക്കു ഭൂതങ്ങളെ കാണാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?— കാരണം, നമുക്കുള്ളതുപോലെയുള്ള ശരീരം അവർക്ക് ഇല്ല. പക്ഷേ, ഒരു കാര്യത്തിൽ സംശയം വേണ്ട; അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. സാത്താൻ ‘ഭൂമിയിലുള്ള മനുഷ്യരെയെല്ലാം വഴിതെറ്റിക്കുന്നു’ എന്ന് ബൈബിൾ പറയുന്നു. ഭൂതങ്ങളും അവനെ സഹായിക്കുന്നുണ്ട്.—വെളിപാട് 12:9, 12.
ആകട്ടെ, പിശാചിനും ഭൂതങ്ങൾക്കും നമ്മളെ വഴിതെറ്റിക്കാൻ പറ്റുമോ?— പറ്റും, നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ. പക്ഷേ, പേടിക്കേണ്ട കാര്യമില്ല. ‘പിശാചിന് എന്റെമേൽ ഒരധികാരവുമില്ല’ എന്ന് മഹാനായ അധ്യാപകൻ ഒരിക്കൽ പറഞ്ഞു. നമ്മൾ ദൈവത്തോട് അടുക്കുകയാണെങ്കിൽ പിശാചിൽനിന്നും ഭൂതങ്ങളിൽനിന്നും ദൈവം നമ്മളെ രക്ഷിക്കും.—യോഹന്നാൻ 14:30.
ഭൂതങ്ങൾ നമ്മളെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കാൻ ശ്രമിക്കും എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ആദ്യം ഭൂമിയിൽ വന്നപ്പോൾ ഭൂതങ്ങൾ എന്താണു ചെയ്തത്?— ചെയ്യരുതാത്ത ഒരു കാര്യം അവർ ചെയ്തു. അതായത്, മനുഷ്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇന്നും, ലൈംഗിക ബന്ധത്തെപ്പറ്റിയുള്ള ദൈവത്തിന്റെ നിയമം ആളുകൾ അനുസരിക്കാതിരിക്കുന്നതു കാണുമ്പോൾ ഭൂതങ്ങൾക്ക് വലിയ സന്തോഷമായിരിക്കും. ആരൊക്കെ തമ്മിൽ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ എന്ന് നമ്മൾ പഠിച്ചു. അതെ, വിവാഹം കഴിച്ചവർ തമ്മിൽ മാത്രമേ അതു പാടുള്ളൂ.
ചില ആൺകുട്ടികളും പെൺകുട്ടികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. പക്ഷേ, എത്ര വലിയ തെറ്റാണെന്നോ അവർ ചെയ്യുന്നത്! ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജനനേന്ദ്രിയങ്ങൾ ദൈവം ഉണ്ടാക്കിയതാണെന്ന് ബൈബിൾ പറയുന്നു. ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടിയാണ് യഹോവ അത് ഉണ്ടാക്കിയത്. വിവാഹം കഴിച്ചവർക്കൊക്കെ അത് അറിയാം. യഹോവ പറഞ്ഞതിനു വിപരീതമായി ആളുകൾ പ്രവർത്തിക്കുന്നതു കാണാനാണ് ഭൂതങ്ങൾക്കിഷ്ടം. ഒരു ആൺകുട്ടി പെൺകുട്ടിയുടെയോ പെൺകുട്ടി ആൺകുട്ടിയുടെയോ ജനനേന്ദ്രിയത്തിൽ തൊടുകയോ മറ്റോ ചെയ്യുന്നത് ഭൂതങ്ങൾക്ക് ഇഷ്ടമാണ്. പക്ഷേ, ഭൂതങ്ങളെ സന്തോഷിപ്പിക്കാൻ നമുക്ക് ആഗ്രഹമില്ല, അല്ലേ?—
ഭൂതങ്ങൾക്ക് ഇഷ്ടമുള്ളതും യഹോവയ്ക്ക് ഇഷ്ടമില്ലാത്തതുമായ വേറൊരു കാര്യമുണ്ട്. എന്താണെന്ന് അറിയാമോ?— അക്രമം. (സങ്കീർത്തനം 11:5, പി.ഒ.സി. ബൈബിൾ) യാതൊരു ദയയുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനാണ് അക്രമം എന്നു പറയുന്നത്. ഓർക്കുന്നില്ലേ, ഭൂതങ്ങളുടെ മക്കളായ ആ രാക്ഷസന്മാർ ചെയ്തതും അതാണ്.
ആളുകളെ പേടിപ്പിക്കാൻ ഭൂതങ്ങൾക്ക് വലിയ ഇഷ്ടമാണ്. ചിലപ്പോൾ അവർ മരിച്ചുപോയവരെപ്പോലെ നടിക്കും. അവരുടെ ശബ്ദത്തിൽ സംസാരിക്കുകപോലും ചെയ്യും. മരിച്ചവർ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നും അവർക്കു നമ്മളോടു സംസാരിക്കാൻ പറ്റുമെന്നും നമ്മളെ വിശ്വസിപ്പിക്കാനാണ് ഭൂതങ്ങൾ അതൊക്കെ ചെയ്യുന്നത്. പ്രേതമുണ്ടെന്ന് ആളുകൾ വിശ്വസിക്കാൻ കാരണം ഈ ഭൂതങ്ങളാണ്.
സാത്താനും അവന്റെ ഭൂതങ്ങളും നമ്മളെ കബളിപ്പിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ‘സാത്താനും അവന്റെ ദൂതന്മാരും നല്ല ദൂതന്മാരായി നടിക്കുമെന്ന്’ ബൈബിൾ പറയുന്നുണ്ട്. (2 കൊരിന്ത്യർ 11:14, 15) പക്ഷേ, ശരിക്കും അവർ നല്ലവരല്ല. നമ്മളും അവരെപ്പോലെ ആകണമെന്നാണ് അവരുടെ ആഗ്രഹം. അതിനുവേണ്ടി അവർ എന്തു ചെയ്യുമെന്ന് നമുക്കിനി ശ്രദ്ധിക്കാം.
അക്രമത്തെയും തെറ്റായ ലൈംഗിക ബന്ധത്തെയും പ്രേതങ്ങളെയും പറ്റി ആളുകൾ എവിടെനിന്നാണ് പഠിക്കുന്നത്?— ചില ടിവി പരിപാടികൾ, സിനിമകൾ, കമ്പ്യൂട്ടർ ഗെയിം, വീഡിയോ ഗെയിം, ഇന്റർനെറ്റ്, ചില കഥപ്പുസ്തകങ്ങൾ എന്നിവയിൽനിന്നൊക്കെ, അല്ലേ? ഇതൊക്കെ നമ്മളെ ദൈവത്തോട് അടുപ്പിക്കുമോ? അതോ പിശാചിനോടും അവന്റെ ഭൂതങ്ങളോടുമാണോ? നിങ്ങൾക്ക് എന്തു തോന്നുന്നു?—
നമ്മൾ തെറ്റായ കാര്യങ്ങൾ കാണുകയും കേൾക്കുകയുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ആരാണ്?— സാത്താനും ഭൂതങ്ങളും. അതുകൊണ്ട് നമ്മൾ എന്തു ചെയ്യണം?— നല്ല കാര്യങ്ങൾ കാണുകയും കേൾക്കുകയും വായിക്കുകയും വേണം. അതു നമുക്ക് പ്രയോജനം ചെയ്യും. മാത്രമല്ല, യഹോവയെ സേവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. നമുക്കു ചെയ്യാൻ കഴിയുന്ന ചില നല്ല കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയാമോ?—
നല്ല കാര്യങ്ങൾ മാത്രം ചെയ്താൽ, പിന്നെ ഭൂതങ്ങളെ പേടിക്കേണ്ടതില്ല. കാരണം, യേശുവിന് അവരെക്കാളൊക്കെ ശക്തിയുണ്ട്. ഭൂതങ്ങൾക്ക് യേശുവിനെ ഭയങ്കര പേടിയാണ്. ‘നീ ഞങ്ങളെ നശിപ്പിക്കാൻ വന്നിരിക്കുകയാണോ’ എന്ന് ഒരിക്കൽ ഭൂതങ്ങൾ യേശുവിനോട് ചോദിച്ചു. (മർക്കോസ് 1:24) യേശു സാത്താനെയും ഭൂതങ്ങളെയും നശിപ്പിക്കുമ്പോൾ നമുക്ക് എത്ര സന്തോഷം തോന്നും, അല്ലേ?— അതുവരെ ഭൂതങ്ങൾ നമ്മളെ ഉപദ്രവിക്കാതെ യേശു നോക്കിക്കൊള്ളും. പക്ഷേ, നമ്മൾ യേശുവും അവന്റെ പിതാവും പറയുന്നതെല്ലാം അനുസരിക്കണമെന്നുമാത്രം.
സാത്താനിൽനിന്നും ഭൂതങ്ങളിൽനിന്നും രക്ഷപ്പെടാൻ എന്തു ചെയ്യണമെന്ന് അറിയാൻ 1 പത്രോസ് 5:8, 9-ഉം യാക്കോബ് 4:7, 8-ഉം വായിക്കുക.