അനുബന്ധം
കർത്താവിന്റെ സന്ധ്യാഭക്ഷണം—ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന ഒരു ആചരണം
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാനുള്ള കൽപ്പനയ്ക്കു കീഴിലാണ് ക്രിസ്ത്യാനികൾ. അത് ‘കർത്താവിന്റെ അത്താഴം’ എന്നും കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നും അറിയപ്പെടുന്നു. (1 കൊരിന്ത്യർ 11:20) എന്താണ് ഇതിന്റെ പ്രാധാന്യം? ഇത് ആചരിക്കേണ്ടത് എപ്പോൾ, എങ്ങനെ?
പൊ.യു. 33-ലെ യഹൂദ പെസഹാ ആചരിച്ച രാത്രിയിലാണ് യേശുക്രിസ്തു ഇത് ഏർപ്പെടുത്തിയത്. പെസഹാ ആഘോഷിച്ചിരുന്നത് വർഷത്തിൽ ഒരിക്കലായിരുന്നു. അതായത്, യഹൂദമാസമായ നീസാൻ 14-ന്. ആ തീയതി കണക്കാക്കുന്നതിന് യഹൂദന്മാർ വസന്തവിഷുവംവരെ കാത്തിരിക്കുമായിരുന്നു. പകലിനും രാത്രിക്കും ഏറെക്കുറെ 12 മണിക്കൂർ വീതം ദൈർഘ്യമുള്ള ഒരു ദിവസമാണ് ഇത്. ഈ ദിവസത്തിന് ഏറ്റവും അടുത്തായി പുതുചന്ദ്രൻ ദൃശ്യമാകുന്നതു മുതലാണ് നീസാൻ തുടങ്ങുന്നത്. പെസഹാ ആഘോഷിച്ചിരുന്നത് 14-ാം ദിവസം സൂര്യാസ്തമയത്തിനു ശേഷമായിരുന്നു.
യേശു തന്റെ ശിഷ്യന്മാരുമൊത്തു പെസഹാ ആഘോഷിച്ചു. തുടർന്ന്, യൂദാ ഈസ്കര്യോത്തായെ പറഞ്ഞയച്ചശേഷം അവൻ കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തി. യഹൂദ പെസഹായ്ക്കു പകരമായിട്ടാണ് ഇത് ഏർപ്പെടുത്തിയത്, അതുകൊണ്ട് വർഷത്തിൽ ഒരിക്കൽ മാത്രമേ ഇത് ആചരിക്കാവൂ.
മത്തായിയുടെ സുവിശേഷം ഇപ്രകാരം പറയുന്നു: “യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുളള എന്റെ രക്തം” ആകുന്നു.—മത്തായി 26:26-28.
യേശു അപ്പത്തെയും വീഞ്ഞിനെയും തന്റെ ശരീരവും രക്തവും ആക്കി മാറ്റിയെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ, യേശു അപ്പം നൽകിയപ്പോൾ അവന്റെ ശരീരത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. യേശുവിന്റെ അപ്പൊസ്തലന്മാർ അക്ഷരാർഥത്തിൽ അവന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ആയിരുന്നോ? അല്ല. അങ്ങനെ ചെയ്യുന്നത് നരഭോജനവും ദൈവനിയമത്തിന്റെ ലംഘനവും ആകുമായിരുന്നു. (ഉല്പത്തി 9:3, 4; ലേവ്യപുസ്തകം 17:10) ലൂക്കൊസ് 22:20 അനുസരിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” ആ പാനപാത്രം അക്ഷരാർഥത്തിൽ “പുതിയനിയമം” അഥവാ പുതിയ ഉടമ്പടി ആയിത്തീർന്നോ? അത് അസാധ്യമാണ്. കാരണം, ഉടമ്പടി ഒരു കരാർ ആണ്. അത് ദൃശ്യമായ ഒരു വസ്തുവല്ല.
ഇക്കാരണത്താൽ, അപ്പവും വീഞ്ഞും പ്രതീകങ്ങൾ മാത്രമാണ്. അപ്പം യേശുവിന്റെ പൂർണതയുള്ള ശരീരത്തെ പ്രതീകപ്പെടുത്തുന്നു. പെസഹാ ഭക്ഷണത്തിൽ ശേഷിച്ചിരുന്ന ഒരു അപ്പമാണ് യേശു ഉപയോഗിച്ചത്. അത് യാതൊരുവിധ പുളിപ്പോ യീസ്റ്റോ ചേർക്കാതെ ഉണ്ടാക്കിയതായിരുന്നു. (പുറപ്പാടു 12:8) പലപ്പോഴും ബൈബിൾ പുളിപ്പ് ഉപയോഗിക്കുന്നത് പാപത്തിന്റെ, അഥവാ ദുഷിപ്പിന്റെ പ്രതീകമെന്ന നിലയിലാണ്. അതുകൊണ്ട് യേശു ബലിയർപ്പിച്ച പൂർണതയുള്ള ശരീരത്തെയാണ് അപ്പം പ്രതിനിധാനം ചെയ്യുന്നത്. ആ ശരീരം പാപരഹിതമായിരുന്നു.—മത്തായി 16:11, 12; 1 കൊരിന്ത്യർ 5:6, 7; 1 പത്രൊസ് 2:22; 1 യോഹന്നാൻ 2:1, 2.
ചുവന്ന വീഞ്ഞ് യേശുവിന്റെ രക്തത്തെ പ്രതിനിധീകരിക്കുന്നു. പുതിയ ഉടമ്പടിക്കു സാധുത നൽകുന്നത് ആ രക്തമാണ്. തന്റെ രക്തം ചൊരിയുന്നത് ‘പാപമോചനത്തിനായാണെന്ന്’ യേശു പറഞ്ഞു. അങ്ങനെ മനുഷ്യർക്കു ദൈവമുമ്പാകെ ശുദ്ധരായിത്തീരാനും യഹോവയുമായുള്ള ഒരു പുതിയ ഉടമ്പടിയിലേക്കു പ്രവേശിക്കാനും കഴിയും. (എബ്രായർ 9:14; 10:16, 17) ഈ ഉടമ്പടി അഥവാ കരാർ, വിശ്വസ്തരായ 1,44,000 ക്രിസ്ത്യാനികൾക്ക് സ്വർഗത്തിൽപോകാനുള്ള വഴി തുറന്നുകൊടുക്കുന്നു. അവിടെ അവർ മുഴു മനുഷ്യവർഗത്തിന്റെയും അനുഗ്രഹത്തിനായി രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കും.—ഉല്പത്തി 22:18; യിരെമ്യാവു 31:31-33; 1 പത്രൊസ് 2:9; വെളിപ്പാടു 5:9, 10; 14:1-3.
ആർക്കാണ് ഈ സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റാവുന്നത്? ന്യായയുക്തമായും, പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടവർ, അതായത് സ്വർഗീയ പ്രത്യാശയുള്ളവർ ആണ് അപ്പവീഞ്ഞുകളിൽ പങ്കുപറ്റുക. സ്വർഗീയ രാജാക്കന്മാരായിരിക്കാൻ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നെന്ന ബോധ്യം ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരിൽ ഉളവാക്കുന്നു. (റോമർ 8:16) അവർ യേശുവുമായുള്ള രാജ്യ ഉടമ്പടിയുടെയും ഭാഗമാണ്.—ലൂക്കൊസ് 22:29.
ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവരെ സംബന്ധിച്ചോ? യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്, ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ അവർ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന് ഹാജരാകുന്നു. അവർ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നില്ല. എല്ലാ വർഷവും നീസാൻ 14-നു സൂര്യാസ്തമയശേഷം യഹോവയുടെ സാക്ഷികൾ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നു. ലോകത്തൊട്ടാകെ സ്വർഗീയ പ്രത്യാശയുണ്ടെന്ന് അവകാശപ്പെടുന്നവർ ഏതാനും ആയിരങ്ങൾ മാത്രമാണെങ്കിലും, ഈ ആചരണം സകല ക്രിസ്ത്യാനികൾക്കും വിശേഷപ്പെട്ടതാണ്. യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും ഉദാത്തമായ സ്നേഹത്തെക്കുറിച്ച് എല്ലാവർക്കും ചിന്തിക്കാനാകുന്ന ഒരു അവസരമാണ് ഇത്.—യോഹന്നാൻ 3:16.