അനുബന്ധം
‘മഹാബാബിലോനെ’ തിരിച്ചറിയൽ
അക്ഷരാർഥത്തിൽ എടുക്കരുതാത്ത പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിലുണ്ട്. (വെളിപ്പാടു 1:1) ഉദാഹരണത്തിന്, നെറ്റിയിൽ “മഹതിയാം ബാബിലോൻ” അഥവാ മഹാബാബിലോൻ എന്ന പേരു വഹിക്കുന്ന ഒരു സ്ത്രീയെ അതു പരാമർശിക്കുന്നുണ്ട്. ഈ സ്ത്രീ ‘പുരുഷാരങ്ങളുടെയും ജാതികളുടെയും’മേൽ ഇരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 17:1, 5, 15) ഒരു അക്ഷരീയ സ്ത്രീക്കും ഇതു ചെയ്യാനാവാത്തതിനാൽ മഹതിയാം ബാബിലോൻ പ്രതീകാത്മകമായിരിക്കണം. അങ്ങനെയെങ്കിൽ, അവൾ എന്തിനെയാണ് ചിത്രീകരിക്കുന്നത്?
വെളിപ്പാടു 17:18-ൽ, ഈ പ്രതീകാത്മക സ്ത്രീയെ “ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം” ആയി വർണിച്ചിരിക്കുന്നു. ആളുകളുടെ ഒരു സംഘടിത കൂട്ടത്തെയാണ് “നഗരം” എന്ന പദം സൂചിപ്പിക്കുന്നത്. ഈ “മഹാനഗര”ത്തിന് “ഭൂരാജാക്കന്മാരുടെ”മേൽ നിയന്ത്രണമുള്ളതിനാൽ, മഹതിയാം ബാബിലോൻ എന്നു പേരുള്ള സ്ത്രീ വലിയ സ്വാധീനശക്തിയുള്ള ഒരു അന്തർദേശീയ സംഘടന ആയിരിക്കണം. ഉചിതമായും അതിനെ ഒരു ലോകസാമ്രാജ്യം എന്നു വിളിക്കാവുന്നതാണ്. ഏതുതരം സാമ്രാജ്യം? മതപരമായ ഒന്നുതന്നെ. അങ്ങനെ പറയാൻ വെളിപ്പാടു പുസ്തകത്തിലെ ചില ഭാഗങ്ങൾ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു നോക്കുക.
ഒരു സാമ്രാജ്യം എന്നത് രാഷ്ട്രീയമോ വാണിജ്യപരമോ മതപരമോ ആകാം. മഹതിയാം ബാബിലോൻ എന്ന സ്ത്രീ ഒരു രാഷ്ട്രീയ സാമ്രാജ്യമല്ല. കാരണം, ‘ഭൂരാജാക്കന്മാരുമായി’ അഥവാ ലോകത്തിലെ രാഷ്ട്രീയ ഘടകങ്ങളുമായി അവൾ “വേശ്യാവൃത്തി”യിൽ ഏർപ്പെട്ടതായി ദൈവവചനം പറയുന്നു. അവളുടെ വേശ്യാവൃത്തി, ഈ ഭൂമിയിലെ ഭരണാധിപന്മാരുമായി അവൾ ഉണ്ടാക്കിയിരിക്കുന്ന കൂട്ടുകെട്ടുകളെ പരാമർശിക്കുകയും “മഹാവേശ്യ”യെന്ന് അവളെ വിളിക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയും ചെയ്യുന്നു.—വെളിപ്പാടു 17:1, 2; യാക്കോബ് 4:4.
മഹതിയാം ബാബിലോന് ഒരു വാണിജ്യസാമ്രാജ്യവും ആയിരിക്കാനാവില്ല. കാരണം, വ്യാപാര ഘടകങ്ങളെ ചിത്രീകരിക്കുന്ന “ഭൂമിയിലെ വ്യാപാരികൾ” അവൾ നശിപ്പിക്കപ്പെടുന്ന സമയത്തു വിലപിക്കും. രാജാക്കന്മാരും വ്യാപാരികളും ‘ദൂരത്തു നിന്നുകൊണ്ടു” മഹതിയാം ബാബിലോനെ നോക്കുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 18:3, 9, 10, 15-17) അതുകൊണ്ട്, മഹാബാബിലോൻ രാഷ്ട്രീയമോ വാണിജ്യപരമോ ആയ ഒരു സാമ്രാജ്യമല്ല മറിച്ച് മതപരമായ ഒന്നാണെന്ന് ഉചിതമായും പറയാം.
മഹതിയാം ബാബിലോൻ മതങ്ങളെയാണ് അർഥമാക്കുന്നത് എന്നതിനെ സ്ഥിരീകരിക്കുന്ന മറ്റൊരു കാര്യമുണ്ട്. “ക്ഷുദ്രത്താൽ” അവൾ സകലജാതികളെയും വഴിതെറ്റിക്കുന്നതായി ബൈബിൾ പ്രസ്താവിക്കുന്നു. (വെളിപ്പാടു 18:23) സകലതരം ആത്മവിദ്യയും മതവുമായി ബന്ധപ്പെട്ടതും ഭൂതനിശ്വസ്തവും ആയതിനാൽ, ‘ദുർഭൂതങ്ങളുടെ പാർപ്പിടം’ എന്നു മഹാബാബിലോനെ ബൈബിൾ വിളിക്കുന്നത് അതിശയമല്ല. (വെളിപ്പാടു 18:2; ആവർത്തനപുസ്തകം 18:10-12) ‘പ്രവാചകന്മാരെയും വിശുദ്ധന്മാരെയും’ പീഡിപ്പിച്ചുകൊണ്ട് ഈ സാമ്രാജ്യം സത്യമതത്തെ ശക്തിയുക്തം എതിർക്കുന്നതായും വർണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 18:24) സത്യമതത്തോടുള്ള മഹാബാബിലോന്റെ കടുത്ത വിദ്വേഷം ‘യേശുവിന്റെ സാക്ഷികളെ’ ക്രൂരമായി പീഡിപ്പിക്കാനും കൊല്ലാനുംപോലും അവളെ പ്രേരിപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 17:6) ഇക്കാരണങ്ങളാൽ, മഹതിയാം ബാബിലോൻ എന്ന പേരുള്ള സ്ത്രീ, യഹോവയാം ദൈവത്തോട് എതിർത്തുനിൽക്കുന്ന സകല മതങ്ങളും ഉൾപ്പെടുന്ന വ്യാജമതലോകസാമ്രാജ്യത്തെ ചിത്രീകരിക്കുന്നു.