ഭാഗം 12
വഴികാട്ടാൻ ദൈവിക ജ്ഞാനം
നിത്യജീവിതത്തിൽ നമ്മെ വഴിനയിക്കാൻ ഉതകുന്ന സദുപദേശങ്ങളുടെ ഒരു സമാഹാരമാണ് സദൃശവാക്യങ്ങൾ. ഈ നിശ്വസ്തമൊഴികളുടെ നല്ലൊരു ഭാഗവും എഴുതിയത് ജ്ഞാനിയായ ശലോമോനാണ്
യഹോവ ജ്ഞാനിയായ ഭരണാധിപനാണോ? അതറിയാൻ അവൻ നൽകുന്ന ഉപദേശങ്ങൾ പരിശോധിച്ചാൽ മതി. അവ പ്രായോഗികമാണോ? അവ പിൻപറ്റുന്നത് ജീവിതം മെച്ചപ്പെടുത്തുകയും അതിനെ കൂടുതൽ അർഥവത്താക്കുകയും ചെയ്യുമോ? ജീവിതത്തിന്റെ നാനാമുഖങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് ജ്ഞാനമൊഴികൾ ശലോമോൻ രാജാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം.
ദൈവത്തിലുള്ള ആശ്രയം. യഹോവയുമായി ഉറ്റബന്ധം ഉണ്ടായിരിക്കണമെങ്കിൽ അവനിൽ ആശ്രയംവെക്കേണ്ടത് അനിവാര്യമാണ്. ശലോമോൻ എഴുതി: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ദൈവത്തിന്റെ മാർഗനിർദേശം തേടിക്കൊണ്ടും അവനെ അനുസരിച്ചുകൊണ്ടും അവനിൽ ആശ്രയിക്കുന്നത് നമ്മുടെ ജീവിതത്തിന് അർഥം പകരും. മാത്രമല്ല, അത് ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും; അപ്പോൾ, തന്റെ എതിരാളിയായ സാത്താൻ ഉയർത്തിയ തർക്കവിഷയങ്ങൾക്ക് തക്ക മറുപടി നൽകാൻ യഹോവയ്ക്ക് കഴിയും.—സദൃശവാക്യങ്ങൾ 27:11.
മറ്റുള്ളവരുമായുള്ള ബന്ധം. ഭർത്താക്കന്മാർക്കും ഭാര്യമാർക്കും കുട്ടികൾക്കും ഈ പുസ്തകത്തിലൂടെ ദൈവം നൽകുന്ന ബുദ്ധിയുപദേശങ്ങൾക്ക് നമ്മുടെ നാളിൽ ഏറെ പ്രസക്തിയുണ്ട്. “നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക” എന്ന് ദൈവം ഭർത്താക്കന്മാരോടു പറയുന്നു. (സദൃശവാക്യങ്ങൾ 5:18-20) ഭർത്താക്കന്മാർ ഭാര്യമാരോട് എക്കാലവും വിശ്വസ്തരായിരിക്കണം എന്നാണ് ഈ സാരോപദേശത്തിന്റെ അർഥം. ഭർത്താവിന്റെയും മക്കളുടെയും പ്രശംസ പിടിച്ചുപറ്റുന്ന കാര്യപ്രാപ്തിയുള്ള ഒരു സ്ത്രീയെക്കുറിച്ച് ഈ പുസ്തകത്തിന്റെ 31-ാം അധ്യായം പ്രതിപാദിക്കുന്നു. വിവാഹിതരായ സ്ത്രീകൾക്ക് പ്രയോജനംചെയ്യുന്ന ഒരു വിവരണമാണിത്. മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം കുട്ടികൾക്കു കാണിച്ചുകൊടുക്കുന്നു. (സദൃശവാക്യങ്ങൾ 6:20) സ്വയം ഒറ്റപ്പെടുത്തുന്നത് സ്വാർഥതയ്ക്കു വഴിവെക്കുമെന്നതിനാൽ സുഹൃദ്ബന്ധങ്ങൾ അനിവാര്യമാണെന്ന വസ്തുതയും സദൃശവാക്യങ്ങൾ എടുത്തുകാണിക്കുന്നു. (സദൃശവാക്യങ്ങൾ 18:1) എന്നിരുന്നാലും സുഹൃത്തുക്കൾക്ക് നമ്മെ നല്ല രീതിയിലും മോശമായ രീതിയിലും സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ അവരെ തിരഞ്ഞെടുക്കുന്നതിൽ നാം വിവേകം കാണിക്കണം.—സദൃശവാക്യങ്ങൾ 13:20; 17:17.
സ്വജീവിതം. മദ്യത്തിന്റെ അമിതമായ ഉപയോഗം ഒഴിവാക്കാനും ആരോഗ്യത്തിനു ഗുണംചെയ്യുന്ന മനോഭാവങ്ങൾ വളർത്തിയെടുക്കാനും അല്ലാത്തവ പിഴുതെറിയാനും അധ്വാനശീലരായിരിക്കാനും ഉള്ള വിലയേറിയ ഉപദേശങ്ങൾ ഈ പുസ്തകത്തിലുണ്ട്. (സദൃശവാക്യങ്ങൾ 6:6; 14:30; 20:1) ദൈവത്തിന്റെ ഉപദേശം തേടാതെ മാനുഷബുദ്ധിയിൽ ആശ്രയിക്കുന്നത് നാശത്തിലേക്കു നയിക്കുമെന്ന് അത് മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 14:12) “ജീവന്റെ ഉത്ഭവം [ഹൃദയത്തിൽനിന്നല്ലോ] ആകുന്നത്” എന്ന് ഓർമിപ്പിച്ചുകൊണ്ട് ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ അത് ആഹ്വാനംചെയ്യുന്നു.—സദൃശവാക്യങ്ങൾ 4:23.
ഈ ഉപദേശങ്ങൾ ജീവിതം മെച്ചപ്പെടുത്തുമെന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ യഹോവയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിക്കുന്നു.
—സദൃശവാക്യങ്ങളെ ആധാരമാക്കിയുള്ളത്.