പാഠം 13
തിമൊഥെയൊസ് ആളുകളെ സഹായിക്കാൻ ആഗ്രഹിച്ചു
ആളുകളെ സഹായിക്കാൻ സന്തോഷമുണ്ടായിരുന്ന ഒരു യുവാവായിരുന്നു തിമൊഥെയൊസ്. മറ്റുള്ളവരെ സഹായിക്കാനായി പല സ്ഥലങ്ങളിലേക്കും അവൻ യാത്ര ചെയ്തു. അങ്ങനെയുള്ള ജീവിതം എന്തു രസമായിരിക്കും അല്ലേ? അതേക്കുറിച്ച് കേൾക്കാൻ മോന് ഇഷ്ടമാണോ?—
തിമൊഥെയൊസിന്റെ അമ്മയും മുത്തശ്ശിയും യഹോവയെക്കുറിച്ച് അവനെ പഠിപ്പിച്ചു
തിമൊഥെയൊസ് വളർന്നത് ലുസ്ത്ര എന്ന നഗരത്തിലാണ്. അവൻ തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ അവന്റെ മുത്തശ്ശി ലോവീസും അമ്മ യൂനിക്കയും യഹോവയെക്കുറിച്ച് അവനെ പഠിപ്പിച്ചുതുടങ്ങി. വളർന്നുവരവെ, യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് തിമൊഥെയൊസ് ആഗ്രഹിച്ചു.
അങ്ങനെയിരിക്കെ, മറ്റു സ്ഥലങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിന് തന്റെ കൂടെ വരുന്നോ എന്ന് പൗലോസ് അപ്പൊസ്തലൻ അവനോടു ചോദിച്ചു. കേൾക്കേണ്ട താമസം, തിമൊഥെയൊസ് പറഞ്ഞു: ‘ഞാൻ വരാം!’ മറ്റുള്ളവരെ സഹായിക്കുന്നതിന് പൗലോസിന്റെ കൂടെ പോകാൻ അവന് അത്രയ്ക്ക് ഇഷ്ടമായിരുന്നു!
അങ്ങനെ തിമൊഥെയൊസ് പൗലോസിനോടൊപ്പം മാസിഡോണിയയിലെ തെസ്സലോനിക്യ എന്ന സ്ഥലത്തേക്കു യാത്രയായി. വളരെ ദൂരം നടന്നും പിന്നെ കപ്പലിൽ യാത്ര ചെയ്തും വേണമായിരുന്നു അവിടെ എത്താൻ. അവസാനം അവർ അവിടെ എത്തിച്ചേർന്നു. യഹോവയെക്കുറിച്ച് അറിയാൻ അവിടെയുള്ള ഒരുപാട് ആളുകളെ അവർ സഹായിച്ചു. എന്നാൽ ചിലർ അവരോട് ദേഷ്യപ്പെടുകയും അവരെ ഉപദ്രവിക്കുകയും ചെയ്തു. അതുകൊണ്ട് പൗലോസിനും തിമൊഥെയൊസിനും അവിടം വിട്ട് മറ്റു സ്ഥലങ്ങളിൽ പോയി സുവാർത്ത പ്രസംഗിക്കേണ്ടിവന്നു.
കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ, തെസ്സലോനിക്യയിലേക്കു തിരിച്ചുപോകാൻ പൗലോസ് തിമൊഥെയൊസിനോട് ആവശ്യപ്പെട്ടു. അവിടെയുള്ള സഹോദരങ്ങൾ സുഖമായിരിക്കുന്നോ എന്ന് അന്വേഷിക്കാനായിരുന്നു അത്. വളരെ അപകടംപിടിച്ച ആ പട്ടണത്തിലേക്ക് മടങ്ങിച്ചെല്ലാൻ അവന് നല്ല ധൈര്യം വേണമായിരുന്നു, അല്ലേ? എങ്കിലും തിമൊഥെയൊസ് അവിടേക്കു പോയി; കാരണം, അവിടെയുള്ള സഹോദരന്മാരെക്കുറിച്ച് അറിയാൻ അവന് അത്രയ്ക്ക് ആഗ്രഹമായിരുന്നു! തെസ്സലോനിക്യയിലെ സഹോദരങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്ന നല്ല വാർത്തയുമായി അവൻ മടങ്ങിയെത്തി!
തിമൊഥെയൊസ് പൗലോസിന്റെ കൂടെ വളരെക്കാലം ദൈവസേവനം ചെയ്തു. സഭകളെ സഹായിക്കാൻ പൗലോസ് പലവട്ടം അവനെ അയച്ചിട്ടുണ്ട്. തിമൊഥെയൊസിനെപ്പോലെ അതിനു പറ്റിയ വേറൊരാൾ ഇല്ലെന്ന് പൗലോസ് ഒരിക്കൽ എഴുതുകയും ചെയ്തു. തിമൊഥെയൊസ് യഹോവയെയും സഹമനുഷ്യരെയും വളരെയധികം സ്നേഹിച്ചു.
മോന് ആളുകളോടു സ്നേഹമില്ലേ? യഹോവയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ ആഗ്രഹമില്ലേ?— അങ്ങനെയാണെങ്കിൽ മോന്റെ ജീവിതവും തിമൊഥെയൊസിന്റേതുപോലെ സന്തോഷം നിറഞ്ഞതും രസകരവും ആയിരിക്കും!