അധ്യായം 29
ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നത് ശരിയാണോ?
യേശു യഹൂദ്യയിൽ പ്രസംഗിക്കുന്നു
കുളക്കരയിൽവെച്ച് യേശു ഒരു രോഗിയെ സുഖപ്പെടുത്തുന്നു
ഗലീലയിലെ തന്റെ വലിയ ശുശ്രൂഷയ്ക്കിടയിൽ യേശു ഒരുപാടു കാര്യങ്ങൾ ചെയ്തു. എന്നാൽ “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്” എന്നു പറഞ്ഞപ്പോൾ ഗലീല മാത്രമായിരുന്നില്ല യേശുവിന്റെ മനസ്സിൽ. അങ്ങനെ, “യേശു യഹൂദ്യയിലെ സിനഗോഗുകളിൽ” പോയി പ്രസംഗിക്കുന്നു. (ലൂക്കോസ് 4:43, 44) എന്തുകൊണ്ടും അതിനു യോജിച്ച സമയമാണ് ഇത്; കാരണം വസന്തകാലമായതുകൊണ്ട് യരുശലേമിൽ ഉത്സവം അടുത്തിരിക്കുകയാണ്.
യേശുവിന്റെ ഗലീലയിലെ ശുശ്രൂഷയെക്കുറിച്ച് സുവിശേഷങ്ങളിൽ വിശദമായി വിവരിക്കുന്നുണ്ടെങ്കിലും യഹൂദ്യയിലെ പ്രവർത്തനത്തെക്കുറിച്ച് വളരെക്കുറച്ചേ അതിലുള്ളൂ. യഹൂദ്യയിലെ ആളുകൾ പൊതുവേ വലിയ താത്പര്യമൊന്നും കാണിക്കുന്നില്ല. പക്ഷേ ചെല്ലുന്നിടത്തൊക്കെ യേശു ഉത്സാഹത്തോടെ പ്രസംഗിക്കുന്നു, നല്ല കാര്യങ്ങൾ ചെയ്യുന്നു.
യേശു പെട്ടെന്നുതന്നെ എ.ഡി. 31-ലെ പെസഹയ്ക്കുവേണ്ടി യഹൂദ്യയിലെ പ്രധാനപട്ടണമായ യരുശലേമിലേക്കു പോകുകയാണ്. അജകവാടത്തിന് അടുത്തായി നല്ല തിരക്കുള്ളിടത്ത് ബേത്സഥ എന്ന കുളവും ചുറ്റും വലിയ മണ്ഡപവും ഉണ്ട്. ധാരാളം രോഗികളും അന്ധരും മുടന്തരും അങ്ങോട്ടു വരാറുണ്ട്. കാരണം കുളത്തിലെ വെള്ളം കലങ്ങുമ്പോൾ കുളത്തിൽ ഇറങ്ങുന്ന ആളുകളുടെ അസുഖം ഭേദമാകുമെന്നു പരക്കെ വിശ്വസിച്ചിരുന്നു.
ഇപ്പോൾ ശബത്താണ്. 38 വർഷമായി രോഗിയായ ഒരാളെ ഈ കുളത്തിനരികെ യേശു കാണുന്നു. യേശു അയാളോട്, “അസുഖം മാറണമെന്നുണ്ടോ” എന്നു ചോദിക്കുന്നു. അയാൾ പറയുന്നു: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ കുളത്തിലേക്ക് എന്നെ ഇറക്കാൻ ആരുമില്ല. ഞാൻ എത്തുമ്പോഴേക്കും വേറെ ആരെങ്കിലും ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.”—യോഹന്നാൻ 5:6, 7.
ഈ വ്യക്തിയെയും ആരെങ്കിലും അവിടെയുണ്ടെങ്കിൽ അവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് യേശു പറയുന്നു: “എഴുന്നേറ്റ് നിങ്ങളുടെ പായ എടുത്ത് നടക്ക്.” (യോഹന്നാൻ 5:8) അതുതന്നെയാണ് അയാൾ ചെയ്യുന്നതും. പെട്ടെന്നു രോഗം ഭേദമായ ആ മനുഷ്യൻ പായയും എടുത്ത് നടക്കുന്നു!
ഇങ്ങനെയൊരു അത്ഭുതം നടന്നതിൽ സന്തോഷിക്കുന്നതിനു പകരം യഹൂദന്മാർ അയാളെ കണ്ടപ്പോൾ കുറ്റപ്പെടുത്തുകയാണ്. “ഇന്നു ശബത്തായതുകൊണ്ട് പായ എടുത്തുകൊണ്ട് നടക്കുന്നതു ശരിയല്ല” എന്ന് അവർ പറയുന്നു. അപ്പോൾ ആ മനുഷ്യൻ പറയുന്നു: “എന്റെ രോഗം ഭേദമാക്കിയ ആൾത്തന്നെയാണ് എന്നോട്, ‘നിന്റെ പായ എടുത്ത് നടക്ക് ’ എന്നു പറഞ്ഞത്.” (യോഹന്നാൻ 5:10, 11) ശബത്തിൽ സുഖപ്പെടുത്തുന്നതിനെ വിമർശിക്കുകയാണ് ആ ജൂതന്മാർ.
“‘ഇത് എടുത്ത് നടക്ക്’ എന്നു തന്നോടു പറഞ്ഞത് ആരാണ്?” അവർക്ക് അറിയണം. എന്തിനാണ് അവർ അയാളോടു ചോദിക്കുന്നത്? കാരണം യേശു ‘ജനക്കൂട്ടത്തിന് ഇടയിൽ മറഞ്ഞു.’ സുഖം പ്രാപിച്ച മനുഷ്യനു പക്ഷേ, യേശുവിന്റെ പേര് അറിയില്ല. (യോഹന്നാൻ 5:12, 13) എന്നാൽ അയാൾ യേശുവിനെ വീണ്ടും കാണുമായിരുന്നു. പിന്നീട് ആലയത്തിൽവെച്ച് അയാൾ യേശുവിനെ കാണുന്നു. അങ്ങനെ കുളത്തിനരികെവെച്ച് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അയാൾ മനസ്സിലാക്കുന്നു.
താൻ സുഖം പ്രാപിച്ചതിനെക്കുറിച്ച് ചോദിച്ച ജൂതന്മാരെ ആ മനുഷ്യൻ കണ്ടുപിടിക്കുന്നു. യേശുവാണു സുഖപ്പെടുത്തിയതെന്ന് അയാൾ അവരോടു പറയുന്നു. അത് അറിഞ്ഞ ഉടനെ അവർ യേശുവിന്റെ അടുത്ത് ചെല്ലുന്നു. യേശു എങ്ങനെയാണ് ഈ അത്ഭുതങ്ങൾ ചെയ്യുന്നത് എന്ന് അറിയാനാണോ അവർ ചെല്ലുന്നത്? അല്ല. ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിനു യേശുവിനെ കുറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. അവർ യേശുവിനെ ഉപദ്രവിക്കുകപോലും ചെയ്യുന്നു!