അധ്യായം 49
ഗലീലയിൽ പ്രസംഗിക്കുന്നു, അപ്പോസ്തലന്മാരെ പരിശീലിപ്പിക്കുന്നു
മത്തായി 9:35–10:15; മർക്കോസ് 6:6-11; ലൂക്കോസ് 9:1-5
യേശു വീണ്ടും ഗലീലയിലൂടെ സഞ്ചരിക്കുന്നു
യേശു അപ്പോസ്തലന്മാരെ പ്രസംഗപ്രവർത്തനത്തിന് അയയ്ക്കുന്നു
ഏതാണ്ടു രണ്ടു വർഷമായി യേശു തീവ്രമായി പ്രസംഗപ്രവർത്തനം ചെയ്യുകയാണ്. ഇനി ഇപ്പോൾ പ്രവർത്തനത്തിന്റെ തീവ്രതയൊക്കെ അൽപ്പം കുറച്ച്, വിശ്രമിക്കാനുള്ള സമയമാണോ? അല്ല. പകരം യേശു ഗലീലയിലെ “എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തു”കൊണ്ട് പ്രസംഗപ്രവർത്തനം വിപുലപ്പെടുത്തുന്നു. (മത്തായി 9:35) താൻ കാണുന്ന കാര്യങ്ങൾ പ്രസംഗപ്രവർത്തനം വിപുലപ്പെടുത്തേണ്ടതാണെന്ന് യേശുവിനെ ബോധ്യപ്പെടുത്തുന്നു. പക്ഷേ, ഇത് എങ്ങനെ സാധിക്കും?
ആത്മീയസൗഖ്യവും ആശ്വാസവും ആവശ്യമുള്ള ആളുകളെ യാത്രയ്ക്കിടയിൽ യേശു കാണുന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആണ് അവർ. അവരെ കണ്ട് അലിവ് തോന്നിയിട്ട് യേശു ശിഷ്യന്മാരോടു പറയുന്നു: “വിളവ് ധാരാളമുണ്ട്; പക്ഷേ പണിക്കാർ കുറവാണ്. അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.”—മത്തായി 9:37, 38.
അവരെ എങ്ങനെ സഹായിക്കാമെന്നു യേശുവിന് അറിയാം. യേശു 12 അപ്പോസ്തലന്മാരെ വിളിച്ച് ഈരണ്ടായി തിരിച്ച് പ്രസംഗപ്രവർത്തനത്തിന് അയയ്ക്കുന്നു. അവർക്കു വ്യക്തമായ നിർദേശങ്ങളും കൊടുക്കുന്നു: “ജൂതന്മാരല്ലാത്തവരുടെ പ്രദേശത്തേക്കു പോകുകയോ ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കുകയോ അരുത്; പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത് മാത്രം പോകുക. നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം.”—മത്തായി 10:5-7.
മാതൃകാപ്രാർഥനയിൽ യേശു പറഞ്ഞ രാജ്യത്തെക്കുറിച്ചാണ് അവർ പ്രസംഗിക്കേണ്ടത്. ‘രാജ്യം അടുത്തിരിക്കുന്നു’ എന്ന് അവർ പ്രസംഗിക്കുന്നു. കാരണം ദൈവം രാജാവായി നിശ്ചയിച്ചിട്ടുള്ള യേശു ഇപ്പോൾ അവരുടെ കൂടെയുണ്ട്. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ ഈ രാജ്യത്തിന്റെ പ്രതിനിധികളാണെന്ന് എങ്ങനെ തെളിയിക്കും? രോഗികളെ സുഖപ്പെടുത്താനും മരിച്ചവരെ ഉയിർപ്പിക്കാൻപോലും ഉള്ള ശക്തി യേശു അവർക്കു കൊടുക്കുന്നു. പണം വാങ്ങാതെയാണ് അവർ ഇതു ചെയ്യുന്നത്. പക്ഷേ, ഓരോ ദിവസത്തെയും ആഹാരംപോലെ അവരുടെ സ്വന്തം ആവശ്യങ്ങൾ അവർ എങ്ങനെ നടത്തുമായിരുന്നു?
ഈ പ്രസംഗപര്യടനത്തിനു പോകുമ്പോൾ വസ്തുവകകളൊന്നും കൂടെ കൊണ്ടുപോകേണ്ടാ എന്ന് യേശു ശിഷ്യന്മാരോടു പറയുന്നു. അവർ പണസ്സഞ്ചിയിൽ സ്വർണമോ വെള്ളിയോ ചെമ്പോ എടുക്കരുതായിരുന്നു. ഭക്ഷണസഞ്ചിയോ വേറെ വസ്ത്രങ്ങളോ ചെരിപ്പുകളോ പോലും എടുക്കേണ്ടതില്ലായിരുന്നു. കാരണം യേശു അവർക്ക് ഇങ്ങനെ ഉറപ്പുകൊടുക്കുന്നു: “വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.” (മത്തായി 10:10) അവരുടെ സന്ദേശം വിലമതിക്കുന്ന ആളുകൾ അവരുടെ അടിസ്ഥാനാവശ്യങ്ങൾ നടത്തിക്കൊടുക്കും. യേശു പറയുന്നു: “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട് പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുക.”—മർക്കോസ് 6:10.
രാജ്യസന്ദേശവുമായി എങ്ങനെ വീട്ടുകാരനെ സമീപിക്കണം എന്നതിനെക്കുറിച്ചും യേശു നിർദേശങ്ങൾ കൊടുക്കുന്നു. യേശു പറയുന്നു: “നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം. ആ വീടിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ. അതിന് അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ ആ വീടോ നഗരമോ വിട്ട് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.”—മത്തായി 10:12-14.
ഒരു നഗരത്തിലോ ഗ്രാമത്തിലോ ഉള്ള ആരും അവരുടെ സന്ദേശം സ്വീകരിക്കാതിരുന്നേക്കാം. അവരുടെ കാര്യത്തിൽ എന്തായിരിക്കും സംഭവിക്കുന്നത്? കഠിനമായ ന്യായവിധി അവരുടെ മേൽ വരുമെന്ന് വ്യക്തമാക്കിക്കൊണ്ട് യേശു പറയുന്നു: “ന്യായവിധിദിവസം സൊദോമിനും ഗൊമോറയ്ക്കും ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും അവരുടേത് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 10:15.