അധ്യായം 50
പീഡനം ഉണ്ടാകുമ്പോഴും പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുക
മത്തായി 10:16–11:1; മർക്കോസ് 6:12, 13; ലൂക്കോസ് 9:6
യേശു അപ്പോസ്തലന്മാരെ പരിശീലിപ്പിച്ച് അയയ്ക്കുന്നു
അപ്പോസ്തലന്മാർ ഈരണ്ടായി പോകുമ്പോൾ എങ്ങനെ പ്രസംഗപ്രവർത്തനം നടത്താം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദേശങ്ങൾ യേശു കൊടുക്കുന്നു. ഒപ്പം, എതിരാളികളെക്കുറിച്ചുള്ള മുന്നറിയിപ്പും യേശു നൽകുന്നു. “ഇതാ, ഞാൻ നിങ്ങളെ അയയ്ക്കുന്നു; ചെന്നായ്ക്കൾക്കിടയിൽ ചെമ്മരിയാടുകളെപ്പോലെയാണു നിങ്ങൾ. . . . മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും അവരുടെ സിനഗോഗുകളിൽവെച്ച് നിങ്ങളെ ചാട്ടയ്ക്ക് അടിക്കുകയും ചെയ്യും. എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.”—മത്തായി 10:16-18.
അതെ, യേശുവിന്റെ അനുഗാമികൾക്ക് കടുത്ത പീഡനം നേരിട്ടേക്കാം. പക്ഷേ യേശു അവർക്ക് ഈ ഉറപ്പു കൊടുക്കുന്നു: “എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. പറയാനുള്ളത് ആ സമയത്ത് നിങ്ങൾക്കു കിട്ടിയിരിക്കും; കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.” യേശു ഇങ്ങനെയും പറയുന്നു: “സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും. എന്റെ പേര് നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും. എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.”—മത്തായി 10:19-22.
പ്രസംഗപ്രവർത്തനം വളരെ പ്രധാനപ്പെട്ടതായതുകൊണ്ട് തന്റെ അനുഗാമികൾ വിവേകത്തോടെ കാര്യങ്ങൾ ചെയ്യണമെന്നു യേശു എടുത്തുപറയുന്നു. കാരണം എങ്കിൽ മാത്രമേ അവർക്കു സ്വാതന്ത്ര്യത്തോടെ ഈ പ്രവർത്തനം തുടരാൻ കഴിയൂ. “ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുക. കാരണം, മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് നിങ്ങൾ ഇസ്രായേൽപട്ടണങ്ങൾ മുഴുവനും ഒരു കാരണവശാലും സഞ്ചരിച്ചുതീർക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 10:23.
എത്ര നല്ല നിർദേശങ്ങളും മുന്നറിയിപ്പും പ്രോത്സാഹനവും ആണ് യേശു ആ 12 അപ്പോസ്തലന്മാർക്കു കൊടുക്കുന്നത് എന്നു കണ്ടോ! യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം പ്രസംഗപ്രവർത്തനം നടത്തുന്നവർക്കു വേണ്ടിയും കൂടെയാണ് യേശു അതു പറയുന്നത്. അപ്പോസ്തലന്മാർ ആരോടു പ്രസംഗിച്ചുവോ അവർ മാത്രമല്ല, “എല്ലാവരും നിങ്ങളെ വെറുക്കും” എന്നു യേശു പറഞ്ഞതിൽനിന്ന് അതു വ്യക്തമാണ്. മാത്രമല്ല ഗലീലയിലെ ചുരുങ്ങിയ കാലത്തെ പ്രസംഗപ്രവർത്തനത്തിനിടയിൽ അപ്പോസ്തലന്മാരെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുന്നതിനെക്കുറിച്ചോ കുടുംബാംഗങ്ങൾ അവരെ കൊല്ലിക്കുന്നതിനെക്കുറിച്ചോ നമ്മൾ വായിക്കുന്നുമില്ല.
അതുകൊണ്ട് യേശു അപ്പോസ്തലന്മാരോട് ഇതു പറയുമ്പോൾ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതാണു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്നു വ്യക്തമാണ്. “മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് ” തന്റെ ശിഷ്യന്മാർ പ്രസംഗപര്യടനം പൂർത്തിയാക്കില്ല എന്നും യേശു പറഞ്ഞു. മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു എന്ന രാജാവ് ദൈവത്തിന്റെ ന്യായാധിപനായി വരുന്നതിനു മുമ്പ് ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ച് എല്ലാവരോടും പ്രസംഗിച്ചു തീരില്ല എന്നാണു യേശു സൂചിപ്പിക്കുന്നത്.
പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ എതിർപ്പുകൾ ഉണ്ടായാൽ അപ്പോസ്തലന്മാർ അതിശയിക്കേണ്ടതില്ല. കാരണം യേശു പറയുന്നു: “ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല; അടിമ യജമാനനെക്കാൾ വലിയവനുമല്ല.” യേശു പറഞ്ഞ ആശയം വളരെ വ്യക്തമാണ്. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന്റെ പേരിൽ യേശുവിന് ആളുകളിൽനിന്ന് മോശമായ പെരുമാറ്റവും പീഡനവും സഹിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട് അവർക്കും അതുണ്ടാകും. എങ്കിലും യേശു പറയുന്നു: “ദേഹിയെ കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ. പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.”—മത്തായി 10:24, 28.
അങ്ങനെ യേശു ഒരു മാതൃക വെക്കുന്നു. സകലത്തിന്റെയും അധികാരിയായ യഹോവയോടുള്ള വിശ്വസ്തതയിൽ വിട്ടുവീഴ്ച കാണിക്കുന്നതിനു പകരം യേശു പേടി കൂടാതെ മരണം വരിച്ചു. സർവശക്തനായ ദൈവത്തിനു മാത്രമേ ഒരാളുടെ “ദേഹിയെ” (അയാൾക്കു ഭാവിയിൽ ജീവിക്കാനുള്ള പ്രതീക്ഷ) ഇല്ലാതാക്കാനോ നിത്യജീവൻ നേടാനായി അയാളെ പുനരുത്ഥാനപ്പെടുത്താനോ കഴിയൂ. ഇത് അപ്പോസ്തലന്മാരെ എത്ര ബലപ്പെടുത്തിയിരിക്കണം!
തന്റെ അനുഗാമികൾക്കുവേണ്ടി ദൈവം സ്നേഹത്തോടെ കരുതും എന്നു വ്യക്തമാക്കാൻ യേശു പറയുന്നു: “നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ രണ്ടു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല. . . . അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!”—മത്തായി 10:29, 31.
യേശുവിന്റെ ശിഷ്യന്മാർ അറിയിക്കുന്ന സന്ദേശം ഒരു കുടുംബത്തിലെ ചിലർ സ്വീകരിക്കുകയും മറ്റു ചിലർ സ്വീകരിക്കാതെയും വരുമ്പോൾ അവർക്കിടയിൽ ഭിന്നതയുണ്ടാകും. “ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ,” യേശു പറയുന്നു. അതെ, ബൈബിൾസത്യം സ്വീകരിക്കാൻ ഒരാൾക്ക് നല്ല ധൈര്യം വേണം. “എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. എന്നെക്കാൾ അധികം മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല” എന്നും യേശു പറയുന്നു.—മത്തായി 10:34, 37.
എങ്കിലും ചിലർ യേശുവിന്റെ ശിഷ്യന്മാരെ സ്വീകരിക്കും. യേശു പറയുന്നു: “ഈ ചെറിയവരിൽ ഒരാൾക്ക്, അയാൾ എന്റെ ഒരു ശിഷ്യനാണെന്ന കാരണത്താൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 10:42.
അതെ, യേശുവിൽനിന്ന് അപ്പോസ്തലന്മാർക്ക് വളരെയധികം നിർദേശങ്ങളും മുന്നറിയിപ്പുകളും പ്രോത്സാഹനവും കിട്ടുന്നു. അങ്ങനെ പ്രസംഗപ്രവർത്തനത്തിനു തയ്യാറായ അവർ “ഗ്രാമങ്ങൾതോറും സഞ്ചരിച്ച് എല്ലായിടത്തും സന്തോഷവാർത്ത അറിയിക്കുകയും ആളുകളെ സുഖപ്പെടുത്തുകയും” ചെയ്യുന്നു.—ലൂക്കോസ് 9:6.