അധ്യായം 112
ജാഗ്രതയെക്കുറിച്ചുള്ള ഒരു പാഠം—കന്യകമാർ
യേശു പത്തു കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നു
തന്റെ സാന്നിധ്യത്തെക്കുറിച്ചും വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചും ഉള്ള അപ്പോസ്തലന്മാരുടെ ചോദ്യങ്ങൾക്ക് യേശു ഉത്തരം കൊടുക്കുകയായിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ യേശു ഇപ്പോൾ മറ്റൊരു ദൃഷ്ടാന്തം പറയുന്നു. അതിൽ ജ്ഞാനപൂർവകമായ ഒരു ഉപദേശം അടങ്ങിയിരിക്കുന്നു. ഈ ദൃഷ്ടാന്തത്തിന്റെ നിവൃത്തി കാണാൻ കഴിയുന്നത് യേശുവിന്റെ സാന്നിധ്യകാലത്ത് ജീവിച്ചിരിക്കുന്നവർക്കായിരിക്കും.
ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു തന്റെ ദൃഷ്ടാന്തം തുടങ്ങുന്നു: “സ്വർഗരാജ്യം, മണവാളനെ വരവേൽക്കാൻ വിളക്കുകളുമായി പുറപ്പെട്ട പത്തു കന്യകമാരെപ്പോലെയാണ്. അവരിൽ അഞ്ചു പേർ വിവേകമില്ലാത്തവരും അഞ്ചു പേർ വിവേകമതികളും ആയിരുന്നു.”—മത്തായി 25:1, 2.
സ്വർഗരാജ്യം അവകാശമാക്കാൻപോകുന്ന തന്റെ ശിഷ്യന്മാരിൽ പകുതിപ്പേർ വിവേകമുള്ളവരും പകുതിപ്പേർ വിവേകമില്ലാത്തവരും ആയിരിക്കും എന്നല്ല യേശു അർഥമാക്കിയത്. പിന്നെയോ, ദൈവരാജ്യത്തിന്റെ കാര്യത്തിൽ ജാഗ്രതയോടിരിക്കണോ വേണ്ടയോ എന്ന് ഓരോ ശിഷ്യനുമാണ് തീരുമാനിക്കേണ്ടത് എന്ന കാര്യമാണ് യേശു സൂചിപ്പിച്ചത്. തന്റെ എല്ലാ ദാസന്മാർക്കും വിശ്വസ്തരായിരിക്കാനും പിതാവിന്റെ അനുഗ്രഹങ്ങൾ നേടാനും കഴിയും എന്ന കാര്യത്തിൽ യേശുവിന് ഒരു സംശയവുമില്ല.
ദൃഷ്ടാന്തത്തിലെ പത്തു കന്യകമാർ മണവാളനെ വരവേൽക്കാനും ആ ഘോഷയാത്രയിൽ പങ്കെടുക്കാനും പോകുന്നു. മണവാളൻ മണവാട്ടിയെയുംകൊണ്ട് അവൾക്കായി ഒരുക്കിയിരിക്കുന്ന വീട്ടിലേക്കു പോകുമ്പോൾ ആദരവോടെ, വിളക്ക് കത്തിച്ച് വഴി കാണിക്കാനാണ് ഈ കന്യകമാർ പോകുന്നത്. എന്നാൽ എന്തു സംഭവിക്കുന്നു?
യേശു വിശദീകരിക്കുന്നു: “വിവേകമില്ലാത്തവർ വിളക്കുകൾ എടുത്തെങ്കിലും എണ്ണ എടുത്തില്ല. എന്നാൽ വിവേകമതികൾ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തു. മണവാളൻ വരാൻ വൈകിയപ്പോൾ എല്ലാവർക്കും മയക്കം വന്നു; അവർ ഉറങ്ങിപ്പോയി.” (മത്തായി 25:3-5) പ്രതീക്ഷിച്ച സമയത്ത് മണവാളൻ എത്തുന്നില്ല. മണവാളൻ വരാൻ വൈകുന്നതായി തോന്നുന്നതുകൊണ്ട് കന്യകമാർ ഉറങ്ങിപ്പോകുന്നു. ഇതു പറഞ്ഞപ്പോൾ അപ്പോസ്തലന്മാർ യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തം ഓർത്തുകാണും. കുലീനനായ ഒരു മനുഷ്യൻ രാജാധികാരം നേടാൻ പോയതും “ഒടുവിൽ അദ്ദേഹം രാജാധികാരം നേടി മടങ്ങി” വന്നതും.—ലൂക്കോസ് 19:11-15.
പത്തു കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലെ മണവാളൻ ഒടുവിൽ എത്തുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് യേശു വിശദീകരിക്കുന്നു: “അർധരാത്രിയായപ്പോൾ ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു: ‘ഇതാ, മണവാളൻ വരുന്നു! വരവേൽക്കാൻ പുറപ്പെടൂ!’” (മത്തായി 25:6) മണവാളനെ പ്രതീക്ഷിച്ച് കന്യകമാർ ഒരുങ്ങിയിരുന്നോ, ജാഗ്രതയോടിരുന്നോ?
യേശു തുടരുന്നു: “അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കുകൾ ഒരുക്കി. വിവേകമില്ലാത്തവർ വിവേകമതികളോട്, ‘ഞങ്ങളുടെ വിളക്കുകൾ കെട്ടുപോകാറായി; നിങ്ങളുടെ എണ്ണയിൽ കുറച്ച് ഞങ്ങൾക്കും തരൂ’ എന്നു പറഞ്ഞു. അപ്പോൾ വിവേകമതികൾ അവരോടു പറഞ്ഞു: ‘അങ്ങനെ ചെയ്താൽ രണ്ടു കൂട്ടർക്കും തികയാതെ വന്നേക്കാം; അതുകൊണ്ട് നിങ്ങൾ പോയി വിൽക്കുന്നവരുടെ അടുത്തുനിന്ന് വേണ്ടതു വാങ്ങിക്കൊള്ളൂ.’”—മത്തായി 25:7-9.
അഞ്ചു കന്യകമാർ മണവാളന്റെ വരവിനായി ഒരുങ്ങിയിട്ടില്ലായിരുന്നു, അവർ ജാഗ്രത കൈവെടിഞ്ഞു. അതുകൊണ്ട് അവരുടെ വിളക്കുകളിൽ ആവശ്യത്തിനുള്ള എണ്ണ ഉണ്ടായിരുന്നില്ല. ഇപ്പോൾ അവർ എണ്ണ കണ്ടെത്തേണ്ടതുണ്ട്. യേശു പറയുന്നു: “അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ എത്തി. ഒരുങ്ങിയിരുന്ന കന്യകമാർ വിവാഹവിരുന്നിന് അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു; അതോടെ വാതിലും അടച്ചു. കുറെ കഴിഞ്ഞപ്പോൾ മറ്റേ കന്യകമാരും വന്ന്, ‘യജമാനനേ, യജമാനനേ, വാതിൽ തുറന്നുതരണേ’ എന്ന് അപേക്ഷിച്ചു. അപ്പോൾ അദ്ദേഹം അവരോട്, ‘സത്യമായും എനിക്കു നിങ്ങളെ അറിയില്ല’ എന്നു പറഞ്ഞു.” (മത്തായി 25:10-12) ജാഗ്രതയോടെ, ഒരുങ്ങിയിരിക്കാതെ ഇരുന്നതുകൊണ്ട് അവരുടെ കാര്യം എത്ര കഷ്ടമായിപ്പോയി!
ദൃഷ്ടാന്തത്തിലെ മണവാളൻ യേശുതന്നെയാണെന്ന് അപ്പോസ്തലന്മാർ തിരിച്ചറിഞ്ഞു. കാരണം ഇതിനു മുമ്പും യേശു തന്നെത്തന്നെ ഒരു മണവാളനോട് ഉപമിച്ചിട്ടുണ്ട്. (ലൂക്കോസ് 5:34, 35) അങ്ങനെയെങ്കിൽ ബുദ്ധിയുള്ള കന്യകമാർ ആരാണ്? ദൈവരാജ്യം അവകാശമാക്കാൻപോകുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങൾ വസ്ത്രം ധരിച്ച് തയ്യാറായിരിക്കുക. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിനിൽക്കട്ടെ.” (ലൂക്കോസ് 12:32, 35) അതുകൊണ്ട് യേശുവിന്റെ ദൃഷ്ടാന്തത്തിലെ കന്യകമാർ ചെറിയ ആട്ടിൻകൂട്ടത്തിന്റെ ഭാഗമായ തങ്ങളും മറ്റു ശിഷ്യന്മാരും ആണെന്ന കാര്യം അപ്പോസ്തലന്മാർ ഗ്രഹിച്ചു. ഈ ദൃഷ്ടാന്തത്തിലൂടെ എന്തു പാഠം പഠിപ്പിക്കാനാണ് യേശു ആഗ്രഹിച്ചത്?
ദൃഷ്ടാന്തത്തെക്കുറിച്ച് ഒരു സംശയവും ബാക്കിവെക്കാതെ യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക. കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.”—മത്തായി 25:13.
തന്റെ സാന്നിധ്യകാലത്ത് ‘ഉണർന്നിരിക്കാൻ’ വിശ്വസ്തരായ അനുഗാമികളെ യേശു ഉപദേശിക്കുന്നു. അവർ വിവേകമതികളായ ആ അഞ്ചു കന്യകമാരെപ്പോലെ ആകണമായിരുന്നു. തങ്ങൾക്കുള്ള അമൂല്യമായ പ്രത്യാശയും മറ്റ് അനുഗ്രഹങ്ങളും നഷ്ടപ്പെടുത്തിക്കളയാതെ യേശു വരുമ്പോൾ അവർ ജാഗ്രതയോടെ, ഒരുങ്ങി ഇരിക്കണമായിരുന്നു.