അധ്യായം 70
ജന്മനാ അന്ധനായ ഒരാളെ യേശു സുഖപ്പെടുത്തുന്നു
അന്ധനായി ജനിച്ച ഒരു യാചകനെ സുഖപ്പെടുത്തുന്നു
യേശു ഇപ്പോഴും യരുശലേമിൽത്തന്നെയുണ്ട്. ആ ശബത്തുദിവസം യേശുവും ശിഷ്യന്മാരും നഗരത്തിലൂടെ നടക്കുകയാണ്. അപ്പോൾ ജന്മനാ അന്ധനായ ഒരു യാചകനെ അവർ കാണുന്നു. ശിഷ്യന്മാർ യേശുവിനോടു ചോദിക്കുന്നു: “റബ്ബീ, ആരു പാപം ചെയ്തിട്ടാണ് ഇയാൾ അന്ധനായി ജനിച്ചത്? ഇയാളോ ഇയാളുടെ മാതാപിതാക്കളോ?”—യോഹന്നാൻ 9:2.
ജനിക്കുന്നതിനു മുമ്പ് ഇയാൾക്ക് ഒരു ആത്മാവുണ്ടായിരുന്നെന്നോ ഒരു പൂർവജന്മമുണ്ടായിരുന്നെന്നോ ശിഷ്യന്മാർ വിശ്വസിച്ചിരുന്നില്ല. പക്ഷേ, അമ്മയുടെ വയറ്റിലായിരുന്നപ്പോൾ ഇയാൾ എന്തെങ്കിലും തെറ്റു ചെയ്തിരിക്കുമോ എന്ന് അവർ സംശയിക്കുന്നു. യേശു പറയുന്നു: “ഇയാളോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല. ഇതു ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിലൂടെ വെളിപ്പെടാൻവേണ്ടിയാണ്.” (യോഹന്നാൻ 9:3) അതുകൊണ്ട് അയാളോ അയാളുടെ മാതാപിതാക്കളോ ചെയ്ത ഏതെങ്കിലും തെറ്റിന്റെയോ പാപത്തിന്റെയോ ഫലമല്ല അയാളുടെ അന്ധത. മറിച്ച് ആദാം ചെയ്ത പാപത്തിന്റെ ഫലമായാണ് എല്ലാ മനുഷ്യരും അപൂർണരായി ജനിക്കുന്നതും അന്ധതപോലുള്ള കുറവുകൾ അവർക്കുണ്ടാകുന്നതും. പക്ഷേ ഇയാളുടെ അന്ധത ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെടുത്താൻ യേശുവിന് ഒരു അവസരം കൊടുക്കുന്നു. മുമ്പ് മറ്റുള്ളവരുടെ രോഗങ്ങൾ ഭേദമാക്കിയപ്പോഴും യേശു അതുതന്നെയാണു ചെയ്തത്.
ദൈവത്തിന്റെ പ്രവൃത്തികൾ ഉടനെ ചെയ്യേണ്ടതുണ്ടെന്നു യേശു വ്യക്തമാക്കുന്നു. “എന്നെ അയച്ച വ്യക്തിയുടെ പ്രവൃത്തികൾ പകൽ തീരുന്നതിനു മുമ്പേ നമ്മൾ ചെയ്യണം,” യേശു പറയുന്നു. “ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു. ഞാൻ ലോകത്തുള്ളിടത്തോളം ലോകത്തിന്റെ വെളിച്ചമാണ്.” (യോഹന്നാൻ 9:4, 5) അതെ, യേശു പെട്ടെന്നുതന്നെ മരിച്ച് ശവക്കുഴിയുടെ ഇരുളിൽ മറയും. അവിടെ യേശുവിന് ഒന്നും ചെയ്യാൻ കഴിയില്ല. അതുവരെ യേശു ലോകത്തിനു വെളിച്ചത്തിന്റെ ഉറവാണ്.
പക്ഷേ യേശു ഇയാളെ സുഖപ്പെടുത്തുമോ? സുഖപ്പെടുത്തുമെങ്കിൽ എങ്ങനെ? യേശു നിലത്ത് തുപ്പി ഉമിനീരുകൊണ്ട് മണ്ണു കുഴയ്ക്കുന്നു. അത് ആ മനുഷ്യന്റെ കണ്ണുകളിൽ തേച്ചിട്ട് അയാളോട്, “ശിലോഹാം കുളത്തിൽ പോയി കഴുകുക” എന്നു പറയുന്നു. (യോഹന്നാൻ 9:7) അയാൾ അങ്ങനെ ചെയ്യുന്നു. കാഴ്ചശക്തി കിട്ടുന്നു! ജീവിതത്തിൽ ആദ്യമായി കണ്ണു കാണാൻ കഴിയുന്നതിന്റെ ആ സന്തോഷം ഒന്നാലോചിച്ചു നോക്കിയേ!
ഇയാൾ അന്ധനാണെന്ന് അറിയാവുന്ന അയൽക്കാരും മറ്റുള്ളവരും അതിശയിക്കുന്നു. “ഇത് അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നയാളല്ലേ” എന്ന് അവർ ചോദിക്കുന്നു. “അതു ശരിയാണല്ലോ” എന്നു ചിലർ പറയുന്നു. പക്ഷേ അതു വിശ്വസിക്കാനാകാത്ത മറ്റു ചിലർ പറഞ്ഞു: “അല്ല, ഇയാൾ അതുപോലിരിക്കുന്നെന്നേ ഉള്ളൂ.” എന്നാൽ ആ മനുഷ്യൻ അവരോടെല്ലാം, “അതു ഞാൻതന്നെയാണ് ” എന്നു പറയുന്നു.—യോഹന്നാൻ 9:8, 9.
അതുകൊണ്ട് അവർ അയാളോടു ചോദിക്കുന്നു: “അപ്പോൾ എങ്ങനെയാണു നിന്റെ കണ്ണു തുറന്നത്?” അയാൾ പറയുന്നു: “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചിട്ട്, ‘ശിലോഹാമിൽ പോയി കഴുകുക’ എന്ന് എന്നോടു പറഞ്ഞു. ഞാൻ ചെന്ന് കഴുകി കാഴ്ച കിട്ടി.” അപ്പോൾ അവർ, “എന്നിട്ട് ആ മനുഷ്യൻ എവിടെ” എന്നു ചോദിക്കുന്നു. “എനിക്ക് അറിയില്ല,” അയാൾ പറയുന്നു.—യോഹന്നാൻ 9:10-12.
ആളുകൾ അയാളെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോകുന്നു. അയാൾക്കു കാഴ്ച കിട്ടിയത് എങ്ങനെയെന്ന് അവർക്കും അറിയണം. അയാൾ പരീശന്മാരോടു പറയുന്നു: “ആ മനുഷ്യൻ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചു. കഴുകിയപ്പോൾ എനിക്കു കാഴ്ച കിട്ടി.” ശരിക്കും പറഞ്ഞാൽ, രോഗം ഭേദമായി കിട്ടിയ യാചകനോടൊപ്പം പരീശന്മാർ സന്തോഷിക്കേണ്ടതാണ്. അതിനു പകരം അവരിൽ ചിലർ യേശുവിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നു: “ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല. കാരണം അവൻ ശബത്ത് ആചരിക്കുന്നില്ല.” മറ്റുള്ളവരാകട്ടെ, “പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇതുപോലുള്ള അടയാളങ്ങൾ ചെയ്യാൻ പറ്റും” എന്നു ചോദിക്കുന്നു. (യോഹന്നാൻ 9:15, 16) അങ്ങനെ അവർക്കിടയിൽ ഭിന്നിപ്പുണ്ടാകുന്നു.
ഇത്തരം പല അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് അവർ അയാളോടുതന്നെ ഇങ്ങനെ ചോദിക്കുന്നു: “ആ മനുഷ്യനെപ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുകളല്ലേ അയാൾ തുറന്നത്?” യേശു ആരാണെന്ന കാര്യത്തിൽ ആ മനുഷ്യന് ഒരു സംശയവുമില്ല. “അദ്ദേഹം ഒരു പ്രവാചകനാണ് ” എന്ന് അയാൾ പറയുന്നു.—യോഹന്നാൻ 9:17.
പരീശന്മാർ അത് അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല. ആളുകളെ പറ്റിക്കാൻ യേശുവും അയാളുംകൂടെ ഒത്തിട്ടുണ്ടെന്ന് അവർ ചിന്തിക്കുന്നുണ്ടാകും. അതുകൊണ്ട് അയാൾ ശരിക്കും അന്ധനായിരുന്നോ എന്ന് അയാളുടെ മാതാപിതാക്കളോടു ചോദിക്കാമെന്ന് അവർ തീരുമാനിക്കുന്നു.