അധ്യായം 10
നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള മാർഗങ്ങൾ
ശിഷ്യന്മാരെ രാജ്യപ്രസംഗകരായി അയയ്ക്കാനുള്ള സമയം വന്നപ്പോൾ യേശു അവരോട് ഇങ്ങനെ പറഞ്ഞു: “വിളവ് ധാരാളമുണ്ട്; പക്ഷേ പണിക്കാർ കുറവാണ്.” ധാരാളം ചെയ്തുതീർക്കാനുണ്ടായിരുന്നു. അതുകൊണ്ട് യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.” (മത്താ. 9:37, 38) ശുശ്രൂഷ എങ്ങനെയാണു നിർവഹിക്കേണ്ടതെന്നു യേശു അവർക്കു വിവരിച്ചുകൊടുത്തു. ഇത് എത്ര അടിയന്തിരമായി ചെയ്യേണ്ടതാണെന്നു യേശുവിന്റെ പിൻവരുന്ന വാക്കുകൾ സൂചിപ്പിക്കുന്നു: “മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് നിങ്ങൾ ഇസ്രായേൽപട്ടണങ്ങൾ മുഴുവനും ഒരു കാരണവശാലും സഞ്ചരിച്ചുതീർക്കില്ല.”—മത്താ. 10:23.
2 ഇന്നും ശുശ്രൂഷ ധാരാളമുണ്ട്. സമയം തീർന്നുകൊണ്ടിരിക്കുന്നു! അന്ത്യം വരുന്നതിനു മുമ്പ് ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത പ്രസംഗിക്കപ്പെടണം. (മർക്കോ. 13:10) നമുക്കു പ്രവർത്തിക്കാനുള്ള വയൽ ഈ ലോകമാണ്. അതുകൊണ്ടുതന്നെ യേശുവിന്റെയും ശിഷ്യന്മാരുടെയും സാഹചര്യങ്ങൾക്കു സമാനമാണു നമ്മുടേതും. എന്നാൽ അവർ ചെയ്തതിലും വിപുലമാണു നമ്മുടെ പ്രവർത്തനം. കോടിക്കണക്കിനു വരുന്ന ലോകജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എണ്ണത്തിൽ എത്രയോ ചുരുക്കമാണ്! എന്നാൽ യഹോവ സഹായത്തിനുണ്ടെന്നു നമുക്ക് ഉറപ്പാണ്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഭൂമിയിലെമ്പാടും പ്രസംഗിക്കപ്പെടും. യഹോവയുടെ നിയമിതസമയമാകുമ്പോൾ അന്ത്യം വരും. നമ്മുടെ ശുശ്രൂഷ ചെയ്തുതീർക്കാൻ നമ്മൾ ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുമോ? ഈ ഉദ്ദേശ്യത്തിൽ നമുക്ക് ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാൻ കഴിയും?
3 തന്റെ സമർപ്പിതദാസന്മാരിൽനിന്ന് യഹോവ എന്താണ് ആവശ്യപ്പെടുന്നതെന്നു വെളിപ്പെടുത്തിക്കൊണ്ട് യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.” (മർക്കോ. 12:30) ദൈവത്തിനുള്ള സേവനം നമ്മൾ മുഴുദേഹിയോടെ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ അർഥം യഹോവയുടെ സേവനത്തിൽ പരമാവധി ചെയ്തുകൊണ്ട് നമ്മുടെ സമർപ്പണത്തിന്റെ ആഴവും ആത്മാർഥതയും നമ്മൾ തെളിയിക്കണമെന്നാണ്. (2 തിമൊ. 2:15) സാഹചര്യവും പ്രാപ്തികളും അനുസരിച്ച് നമുക്ക് ഓരോരുത്തർക്കും പ്രവർത്തിക്കാനുള്ള ധാരാളം മേഖലകളുണ്ട്. നമുക്ക് അവയിൽ ചിലത് ഇപ്പോൾ പരിശോധിക്കാം. ശുശ്രൂഷ നിറവേറ്റാൻ നമുക്കു വെക്കാവുന്ന ചില ലക്ഷ്യങ്ങൾ ഏവയാണെന്നും നോക്കാം.
സഭയിൽ ഒരു പ്രചാരകനായി സേവിക്കുക
4 സത്യം സ്വീകരിക്കുന്ന എല്ലാവർക്കും സന്തോഷവാർത്ത പ്രസിദ്ധമാക്കാനുള്ള പദവിയുണ്ട്. യേശു, തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ച അടിസ്ഥാനകാര്യമാണ് ഇത്. (മത്താ. 24:14; 28:19, 20) സന്തോഷവാർത്ത കേൾക്കുന്ന ഉടനെ സാധാരണഗതിയിൽ ക്രിസ്തുശിഷ്യന്മാർ അതു മറ്റുള്ളവരോടു പറയാൻതുടങ്ങും. അന്ത്രയോസും ഫിലിപ്പോസും കൊർന്നേല്യൊസും മറ്റു ചിലരും ചെയ്തത് അതാണ്. (യോഹ. 1:40, 41, 43-45; പ്രവൃ. 10:1, 2, 24; 16:14, 15, 25-34) ഒരാൾ സ്നാനമേൽക്കുന്നതിനു മുമ്പുതന്നെ സന്തോഷവാർത്ത ആളുകളോടു പറയണമെന്നാണോ ഇതിന് അർഥം? അതെ! ഒരു വ്യക്തി സഭയിൽ സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകനാകാൻ യോഗ്യത നേടുമ്പോൾത്തന്നെ വീടുതോറുമുള്ള പ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിക്കുന്നു. കൂടാതെ കഴിവും സാഹചര്യങ്ങളും അനുസരിച്ച് അദ്ദേഹത്തിനു വയൽശുശ്രൂഷയുടെ മറ്റു മണ്ഡലങ്ങളിലും പങ്കെടുക്കാം.
5 സ്നാനമേറ്റുകഴിഞ്ഞ ഒരു പ്രചാരകൻ ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നതിനു തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ തത്പരനായിരിക്കുമല്ലോ. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള പദവിയുണ്ട്. ദൈവരാജ്യതാത്പര്യങ്ങൾ പുരോഗമിപ്പിക്കുന്നതിൽ ചെറുതെങ്കിലും ഒരു പങ്കു വഹിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. സേവനത്തിന്റെ ഇതര മേഖലകളിലേക്കും ശുശ്രൂഷ വിപുലപ്പെടുത്താൻ കഴിയുന്ന എല്ലാവർക്കും അളവറ്റ സന്തോഷം ആസ്വദിക്കാനാകും.
ആവശ്യം അധികമുള്ളിടത്ത് സേവിക്കാം
6 നിങ്ങളുടെ സഭാപ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുന്ന ഒന്നാണോ? അങ്ങനെയെങ്കിൽ ഇപ്പോൾത്തന്നെ അവിടെ നല്ല ഒരു സാക്ഷ്യം കൊടുത്തിട്ടുണ്ടായിരിക്കാം. അതുകൊണ്ട് വയലിൽ ആവശ്യം അധികമുള്ള ഒരിടത്തേക്കു മാറിത്താമസിച്ചുകൊണ്ട് ശുശ്രൂഷ വിപുലപ്പെടുത്താൻ നിങ്ങൾ വിചാരിക്കുന്നുണ്ടാകും. (പ്രവൃ. 16:9) ഇനി, നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണെങ്കിൽ സഹായം ആവശ്യമുള്ള മറ്റൊരു സഭയിൽ സേവിക്കാൻ നിങ്ങൾക്കു കഴിയുമോ? മറ്റൊരു സഭയെ സഹായിക്കാൻ കഴിയുന്നതു സംബന്ധിച്ച് നിങ്ങൾക്കു ചില നിർദേശങ്ങൾ നൽകാൻ സർക്കിട്ട് മേൽവിചാരകനു കഴിഞ്ഞേക്കും. രാജ്യത്തിന്റെ വേറൊരു ഭാഗത്ത് സേവിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കു സഹായകമായ വിവരങ്ങൾ നൽകാൻ ബ്രാഞ്ചോഫീസിനു കഴിയും.
7 നിങ്ങൾ മറ്റൊരു രാജ്യത്ത് സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിലോ? നന്നായി ആലോചിച്ച് തീരുമാനിക്കേണ്ട ഒരു കാര്യമാണ് അത്. നിങ്ങളുടെ സഭയിലെ മൂപ്പന്മാരുമായി ഈ വിഷയം ചർച്ച ചെയ്തുകൂടേ? മറ്റൊരു രാജ്യത്തേക്കു പോകുന്നതു നിങ്ങളെയും നിങ്ങളുടെ കൂടെയുള്ളവരെയും കാര്യമായി ബാധിക്കുന്ന ഒന്നാണ്. (ലൂക്കോ. 14:28) ആ രാജ്യത്ത് നിങ്ങൾ അധികകാലം തങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിങ്ങളുടെ രാജ്യത്തുതന്നെയുള്ള മറ്റൊരു പ്രദേശത്ത് സേവിക്കുന്നതായിരിക്കും മെച്ചം.
8 ചില ദേശങ്ങളിൽ മേൽവിചാരകസ്ഥാനത്തുള്ള സഹോദരന്മാർ താരതമ്യേന സത്യത്തിൽ പുതിയവരായിരിക്കും. താഴ്മയുള്ള ഈ സഹോദരന്മാർ, സഭയിലേക്കു വന്നിരിക്കുന്ന പരിചയസമ്പന്നരായ മൂപ്പന്മാരെ നേതൃത്വമെടുക്കാൻ അനുവദിക്കുന്നു. നിങ്ങൾ ഒരു മൂപ്പനും ഇങ്ങനെയൊരു ദേശത്തേക്കു മാറിത്താമസിക്കാൻ ആലോചിക്കുന്ന വ്യക്തിയുമാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽപ്പിടിക്കുക: പ്രാദേശികസഹോദരങ്ങളുടെ സ്ഥാനത്ത് സേവിക്കാനല്ല നിങ്ങൾ ചെന്നിരിക്കുന്നത്. മറിച്ച് അവരോടൊപ്പം സേവിക്കാനാണ്. യോഗ്യതയിലേക്കു പുരോഗമിച്ചുവരാനും സഭയിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും അവിടെയുള്ളവരെ പ്രോത്സാഹിപ്പിക്കുക. (1 തിമൊ. 3:1) ഈ പുതിയ സ്ഥലത്ത് ചില കാര്യങ്ങൾ നിങ്ങളുടെ രാജ്യത്തെ രീതിയനുസരിച്ചല്ല നടക്കുന്നതെങ്കിൽ ക്ഷമയോടിരിക്കുക. സഹോദരങ്ങൾക്ക് യഥാർഥസഹായമാകുന്ന വിധത്തിൽ മൂപ്പനെന്ന നിലയിലുള്ള നിങ്ങളുടെ അനുഭവപരിചയം ഉപയോഗിക്കുക. അങ്ങനെ ചെയ്താൽ ഏതെങ്കിലും കാരണവശാൽ നിങ്ങൾ സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കിൽ സഭാകാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ പ്രാദേശികസഭയിലെ സഹോദരങ്ങൾ കഴിവ് നേടിയിരിക്കും.
9 സഹായം ആവശ്യമുള്ള സഭകളുടെ പേരുകൾ നൽകുന്നതിനു മുമ്പ് ബ്രാഞ്ചോഫീസിനു നിങ്ങളുടെ സഭാ സേവനക്കമ്മിറ്റിയുടെ ഒരു ശുപാർശക്കത്ത് ആവശ്യമുണ്ട്. നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ മുൻനിരസേവകനോ പ്രചാരകനോ ആയാലും ഈ കത്ത് ആവശ്യമാണ്. സേവനക്കമ്മിറ്റി നിങ്ങളുടെ അപേക്ഷയും ശുപാർശക്കത്തും ചേർത്ത് നിങ്ങൾ സേവിക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ബ്രാഞ്ചോഫീസിന് അയച്ചുകൊടുക്കും.
മറ്റൊരു ഭാഷയിൽ സാക്ഷീകരിക്കൽ
10 നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിന് ഒരു ആംഗ്യഭാഷയോ മറ്റൊരു ഭാഷയോ പഠിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യം മറ്റൊരു ഭാഷയിൽ സാക്ഷീകരിക്കാൻ പഠിക്കുക എന്നതാണെങ്കിൽ മൂപ്പന്മാരോടോ സർക്കിട്ട് മേൽവിചാരകനോടോ സംസാരിക്കാവുന്നതാണ്. നിങ്ങൾക്കു നിർദേശങ്ങളും ആവശ്യമായ സഹായവും നൽകാൻ അവർക്കു കഴിയും. ബ്രാഞ്ചോഫീസിന്റെ മാർഗനിർദേശത്തിൻകീഴിൽ ചില സർക്കിട്ടുകൾ പ്രാപ്തരായ പ്രചാരകരെയും മുൻനിരസേവകരെയും മറ്റൊരു ഭാഷയിൽ സാക്ഷീകരിക്കാൻ പരിശീലിപ്പിക്കുന്നതിനു ഭാഷാക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
മുൻനിരസേവനം
11 എല്ലാ പ്രചാരകരും സഹായ, സാധാരണ, പ്രത്യേക മുൻനിരസേവനത്തിന്റെയും മുഴുസമയസേവനത്തിന്റെ മറ്റു വശങ്ങളുടെയും പൊതുവ്യവസ്ഥകൾ അറിഞ്ഞിരിക്കണം. ഒരു മുൻനിരസേവകൻ, സ്നാനമേറ്റ മാതൃകായോഗ്യനായ ക്രിസ്ത്യാനിയായിരിക്കും. സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ ഒരു നിശ്ചിതമണിക്കൂർ ചെലവഴിക്കാവുന്ന സാഹചര്യമായിരിക്കണം അദ്ദേഹത്തിന്റേത്. സഹായ, സാധാരണ മുൻനിരസേവനത്തിനുള്ള അപേക്ഷകൾ സഭാ സേവനക്കമ്മിറ്റിയാണ് അംഗീകരിക്കുന്നത്. എന്നാൽ പ്രത്യേക മുൻനിരസേവകരെ നിയമിക്കുന്നതു ബ്രാഞ്ചോഫീസാണ്.
12 സഹായ മുൻനിരസേവകരെ കുറഞ്ഞത് ഒരു മാസത്തേക്കാണു നിയമിക്കുന്നത്. ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് തുടർച്ചയായ ഏതാനും മാസങ്ങളിലേക്കോ ഒരു പ്രത്യേക സമയപരിധിയില്ലാതെയോ അവരെ നിയമിച്ചേക്കാം. മിക്ക രാജ്യപ്രചാരകരും സ്മാരകകാലത്തോ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമാസം പോലുള്ള പ്രത്യേകമായ അവസരങ്ങളിലോ സഹായ മുൻനിരസേവകരായി പ്രവർത്തിക്കുന്നു. ചിലർ അവധിക്കാലമാസങ്ങൾ തിരഞ്ഞെടുക്കുന്നു. സ്കൂൾപ്രായത്തിലുള്ള, സ്നാനമേറ്റ പ്രചാരകർ സ്കൂൾ അടച്ചിരിക്കുന്ന സമയങ്ങളിൽ സഹായ മുൻനിരസേവകരായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നു. പ്രചാരകർക്ക് എല്ലാ മാർച്ച്-ഏപ്രിൽ മാസങ്ങളിലും സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമാസത്തിലും കുറഞ്ഞ മണിക്കൂർ വ്യവസ്ഥയിൽ സഹായ മുൻനിരസേവനം ചെയ്യാവുന്നതാണ്. നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും പിൻവരുന്ന വ്യവസ്ഥകൾ പാലിക്കാനാകുന്ന ഒരു പ്രചാരകനാണെങ്കിൽ ഈ സേവനപദവിക്കുള്ള നിങ്ങളുടെ അപേക്ഷ പരിഗണിക്കാൻ മൂപ്പന്മാർക്കു സന്തോഷമായിരിക്കും: നിങ്ങൾ നല്ല ധാർമികനിലയും ശീലങ്ങളും ഉള്ള ആളായിരിക്കണം. നിശ്ചിത മണിക്കൂർവ്യവസ്ഥയിൽ എത്തിച്ചേരാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ കഴിയണം. ഒരു മാസമോ അതിൽ കൂടുതലോ സഹായ മുൻനിരസേവനം ചെയ്യാൻ കഴിയുമെന്നുള്ള ബോധ്യവും വേണം.
13 സാധാരണ മുൻനിരസേവകനാകാനുള്ള യോഗ്യത നേടണമെങ്കിൽ, നിങ്ങൾ സുഗമമായി വാർഷികമണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ പറ്റുന്ന സാഹചര്യത്തിലായിരിക്കണം. ഒരു സാധാരണ മുൻനിരസേവകനെന്ന നിലയിൽ നിങ്ങൾ സഭയോടു ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കും. തീക്ഷ്ണതയുള്ള മുൻനിരസേവകർ സഭയ്ക്കൊരു അനുഗ്രഹമാണ്. അവർ വയൽശുശ്രൂഷയിൽ ഉത്സാഹം ജനിപ്പിക്കുകയും മുൻനിരസേവനം ഏറ്റെടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സാധാരണ മുൻനിരസേവനത്തിന് അപേക്ഷിക്കുന്നതിനു നിങ്ങൾ സ്നാനമേറ്റിട്ട് ആറു മാസമെങ്കിലുമായിരിക്കണം, മാതൃകായോഗ്യനുമായിരിക്കണം.
14 ശുശ്രൂഷയിൽ ഫലപ്രദരായിട്ടുള്ള സാധാരണ മുൻനിരസേവകരിൽനിന്നാണു പൊതുവേ പ്രത്യേക മുൻനിരസേവകരെ തിരഞ്ഞെടുക്കുന്നത്. ബ്രാഞ്ചോഫീസ് നിയമിക്കുന്ന ഏതു സ്ഥലത്തും സേവിക്കാൻ കഴിയുന്നവരായിരിക്കണം അവർ. മിക്കപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളിലായിരിക്കും അവരെ നിയമിക്കുന്നത്. അവിടെ താത്പര്യക്കാരെ കണ്ടെത്തി പുതിയ സഭ രൂപീകരിക്കാൻ അവർക്കു സാധിക്കും. ചിലപ്പോൾ പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനു സഹായം ആവശ്യമുള്ള സഭകളിലേക്കും പ്രത്യേക മുൻനിരസേവകരെ നിയമിക്കാറുണ്ട്. മൂപ്പന്മാരായ ചില പ്രത്യേക മുൻനിരസേവകരെ ചെറിയ സഭകളെ സഹായിക്കാനും നിയമിക്കും; അവിടെ വയലിൽ ശുശ്രൂഷകരുടെ പ്രത്യേകമായ ആവശ്യം ഇല്ലെങ്കിൽപ്പോലും. ജീവിതച്ചെലവുകൾ വഹിക്കാൻ പ്രത്യേക മുൻനിരസേവകർക്ക് അലവൻസായി ഒരു ചെറിയ തുക നൽകാറുണ്ട്. ചില പ്രത്യേക മുൻനിരസേവകരെ താത്കാലികാടിസ്ഥാനത്തിലാണു നിയമിക്കുക.
വയൽമിഷനറിമാർ
15 വയൽമിഷനറിമാരെ നിയമിക്കുന്നതു ഭരണസംഘത്തിന്റെ സർവീസ് കമ്മിറ്റിയാണ്. പിന്നീട് അതാതു ബ്രാഞ്ച് കമ്മിറ്റികൾ അവരെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിയമിക്കുന്നു. പ്രസംഗപ്രവർത്തനവും സഭാപ്രവർത്തനങ്ങളും, സ്ഥിരതയുള്ളതും ഊർജസ്വലവും ആക്കാൻ അവരുടെ പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കും. സാധാരണഗതിയിൽ വയൽമിഷനറിമാർ രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽനിന്ന് പരിശീലനം ലഭിച്ചവരായിരിക്കും. അവർക്കു താമസസൗകര്യവും ജീവിതച്ചെലവുകൾക്ക് ഒരു ചെറിയ അലവൻസും നൽകും.
സർക്കിട്ട് വേല
16 സർക്കിട്ട് മേൽവിചാരകന്മാരായി ഭരണസംഘം നിയമിക്കുന്നവരെ ആദ്യം പകരം സർക്കിട്ട് മേൽവിചാരകന്മാരായാണു നിയമിക്കുന്നത്. അങ്ങനെ അവർക്കു പരിശീലനവും അനുഭവപരിചയവും നേടാനാകുന്നു. ഈ സഹോദരന്മാർ വയൽശുശ്രൂഷ അങ്ങേയറ്റം പ്രിയപ്പെടുന്നവരാണ്, സഹോദരങ്ങളെ സ്നേഹിക്കുന്നവരാണ്. അവർ തീക്ഷ്ണതയുള്ള മുൻനിരസേവകരും ബൈബിൾ ശുഷ്കാന്തിയോടെ പഠിക്കുന്നവരും ആണ്. ഫലപ്രദരായ പ്രസംഗകരും അധ്യാപകരും ആണ് ഈ സഹോദരന്മാർ. ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുന്നതിൽ അവർ മുന്നിട്ടുനിൽക്കുന്നു. അവർ സമനിലയും വിട്ടുവീഴ്ച ചെയ്യാനുള്ള മനോഭാവവും വകതിരിവും ഉള്ളവരാണ്. സർക്കിട്ട് മേൽവിചാരകൻ വിവാഹിതനാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു മുൻനിരസേവികയായിരിക്കും. പെരുമാറ്റത്തിലും മറ്റുള്ളവരോട് ഇടപെടുന്ന കാര്യത്തിലും നല്ല മാതൃക വെക്കുന്ന സഹോദരിയും ആയിരിക്കും. ആ സഹോദരിക്കു സന്തോഷവാർത്ത പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും നല്ല നൈപുണ്യമുണ്ടായിരിക്കും. ഭർത്താവിനു കീഴ്പെട്ടിരിക്കേണ്ട ഒരു ക്രിസ്തീയഭാര്യയാണു താൻ എന്ന ബോധ്യം അവർക്കുണ്ടായിരിക്കും. അവർ ഭർത്താവിന്റെ സ്ഥാനത്തുനിന്ന് സംസാരിക്കുകയോ സംഭാഷണങ്ങളിൽ മേധാവിത്വം പുലർത്തുകയോ ചെയ്യില്ല. സർക്കിട്ട് മേൽവിചാരകനും ഭാര്യക്കും കർശനമായൊരു സമയപ്പട്ടികയാണുള്ളത്. അതുകൊണ്ടുതന്നെ ഈ സേവനപദവി ആഗ്രഹിക്കുന്നവർക്കു നല്ല ആരോഗ്യമുണ്ടായിരിക്കണം. മുൻനിരസേവകർ സർക്കിട്ട് വേലയിലേക്കു വരാൻ അപേക്ഷ സമർപ്പിക്കുന്നില്ല. സർക്കിട്ട് വേലയിലേക്കു വരാനുള്ള ആഗ്രഹം അവർ സർക്കിട്ട് മേൽവിചാരകനെ അറിയിക്കുന്നു. അദ്ദേഹം അവർക്കു വേണ്ട നിർദേശങ്ങൾ നൽകുന്നതായിരിക്കും.
ദിവ്യാധിപത്യ സ്കൂളുകൾ
17 രാജ്യസുവിശേഷകർക്കുള്ള സ്കൂൾ: അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കാനും സഭകൾക്ക് ആത്മീയപിന്തുണ നൽകാനും ധാരാളം രാജ്യസുവിശേഷകരെ ആവശ്യമുണ്ട്. അതുകൊണ്ട്, ഏകാകികളായ സഹോദരന്മാർ, ഏകാകികളായ സഹോദരിമാർ, ദമ്പതികൾ തുടങ്ങിയവർക്കു രാജ്യസുവിശേഷകർക്കുള്ള സ്കൂളിലെ പ്രത്യേകപരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. ഈ സ്കൂളിൽനിന്ന് ബിരുദം നേടിയവരെ സ്വന്തം രാജ്യത്തെ, ആവശ്യം അധികമുള്ളിടത്ത് സാധാരണ മുൻനിരസേവകരായി സേവിക്കാൻ നിയമിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായിട്ടുള്ളവർക്കു സ്വന്തം രാജ്യത്തോ മറ്റൊരു രാജ്യത്തോ മറ്റു നിയമനങ്ങൾ നൽകിയേക്കാം. ഇവരിൽ ഏതാനും പേരെ പ്രത്യേക മുൻനിരസേവകരായി സ്ഥിരമായോ താത്കാലികമായോ നിയമിച്ചേക്കാം. ഈ സ്കൂളിൽ പങ്കെടുക്കാൻ താത്പര്യമുള്ള മുൻനിരസേവകർക്ക്, മേഖലാ കൺവെൻഷനിൽ നടത്തുന്ന പ്രത്യേകയോഗത്തിൽനിന്ന് സ്കൂളിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ അറിയാനാകും.
18 വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ: ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന, ഏകാകികളായ സഹോദരന്മാരെയും ഏകാകികളായ സഹോദരിമാരെയും ദമ്പതികളെയും ഈ സ്കൂളിൽ സംബന്ധിക്കാൻ ക്ഷണിച്ചേക്കാം. ബ്രാഞ്ചിന്റെ സംഘാടനമോ വയൽപ്രവർത്തനങ്ങളോ ഊർജസ്വലമാക്കാനും സുസംഘടിതമായി മുന്നോട്ടു കൊണ്ടുപോകാനും വേണ്ടി ഉപയോഗിക്കാനാകുന്ന, പ്രത്യേക മുഴുസമയസേവകരെയാണ് ഇത്തരത്തിൽ ക്ഷണിക്കുന്നത്. സംഘടനയിൽനിന്നുള്ള നിർദേശങ്ങളും തിരുവെഴുത്തുബുദ്ധിയുപദേശങ്ങളും മനസ്സിലാക്കി അതിനോടു പറ്റിനിൽക്കാൻ സഹോദരങ്ങളെ പരിഗണനയോടെയും ദയയോടെയും സഹായിക്കുന്നവരായിരിക്കും അവർ. ഇങ്ങനെയുള്ള യോഗ്യരായ സഹോദരങ്ങളോട് അതാതു രാജ്യത്തെ ബ്രാഞ്ച് കമ്മിറ്റി അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടും. ബിരുദം നേടുന്നവരെ വയലിലേക്കോ ബ്രാഞ്ചോഫീസിലേക്കോ നിയമിക്കും. അതു സ്വന്തം രാജ്യത്തോ മറ്റൊരു രാജ്യത്തോ ആകാം.
ബഥേൽസേവനം
19 ബഥേൽസേവനം ഒരു സവിശേഷപദവിയാണ്. “ദൈവത്തിന്റെ ഭവനം” എന്നാണു ബഥേൽ എന്ന വാക്കിന്റെ അർഥം. ദിവ്യാധിപത്യപ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായ ഇവിടം ആ പേരിനു തികച്ചും യോജിക്കുന്നു. ബഥേൽസേവനത്തിലുള്ള സഹോദരീസഹോദരന്മാർ ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുകയും അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അതിപ്രധാനജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള സഭകൾക്ക് ആവശ്യമായ മേൽനോട്ടവും മാർഗനിർദേശവും നൽകുന്ന ഭരണസംഘത്തിന് ഇവരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. പരിഭാഷകരായ ബഥേലംഗങ്ങളിൽ പലരും ബ്രാഞ്ചിന്റെ പ്രദേശത്ത് അവരവരുടെ ഭാഷ സംസാരിക്കുന്ന നാട്ടിൽ താമസിച്ച് പരിഭാഷ ചെയ്യുന്നു. നിത്യജീവിതത്തിൽ മാതൃഭാഷ സംസാരിച്ചുകേൾക്കാൻ ഇതുമൂലം കഴിയുന്നു. പരിഭാഷ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലെ ഭാഷ ആളുകൾക്കു മനസ്സിലാകുന്നതാണോ എന്നു നേരിട്ട് അറിയാനും അങ്ങനെ അവർക്കു സാധിക്കുന്നു.
20 ബഥേലിലെ ഏറിയ പങ്കു ജോലികളും നല്ല ശാരീരികാധ്വാനം ആവശ്യമുള്ളവയാണ്. പ്രധാനമായും ഇക്കാരണംകൊണ്ടാണു നല്ല ആരോഗ്യവും കായികക്ഷമതയും ഉള്ള സ്നാനമേറ്റ യുവാക്കളെ ബഥേൽസേവനത്തിനു വിളിക്കുന്നത്. നിങ്ങളുടെ രാജ്യത്തെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ചിനു സന്നദ്ധസേവകരെ ആവശ്യമുണ്ടോ? നിങ്ങൾക്ക് അതിനുള്ള ആഗ്രഹമുണ്ടോ? എങ്കിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങളുടെ സഭയിലെ മൂപ്പന്മാരിൽനിന്ന് ചോദിച്ചറിയുക.
നിർമാണസേവനം
21 ദിവ്യാധിപത്യകാര്യങ്ങൾക്കുവേണ്ടിയുള്ള നിർമാണപ്രവർത്തനങ്ങൾ വിശുദ്ധസേവനത്തിന്റെ ഒരു വശമാണ്. ശലോമോന്റെ ആലയനിർമാണത്തോട് ഇതിനു സമാനതയുണ്ട്. (1 രാജാ. 8:13-18) നിരവധി സഹോദരന്മാരും സഹോദരിമാരും ഈ പ്രവർത്തനത്തിൽ ഒരു പങ്കുണ്ടായിരിക്കാനായി അവരുടെ സമയവും ആസ്തികളും മനസ്സോടെ ചെലവിടുന്നു.
22 ഈ മേഖലയിൽ സഹായിക്കാൻ പറ്റുന്ന സാഹചര്യത്തിലാണോ നിങ്ങൾ? നിങ്ങൾ സ്നാനമേറ്റ ഒരു പ്രചാരകനും ഇതുപോലുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹമുള്ള ആളും ആണെങ്കിൽ നിങ്ങളുടെ പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾക്കു നേതൃത്വമെടുക്കുന്ന സഹോദരന്മാർ നിങ്ങളുടെ സഹായം വിലമതിക്കും. നിങ്ങൾക്കു വൈദഗ്ധ്യം കുറവാണെങ്കിൽ പരിശീലനം നൽകാനും അവർ തയ്യാറാണ്. സഹായിക്കാൻ നിങ്ങൾ തയ്യാറാണെന്നു സഭയിലെ മൂപ്പന്മാരെ അറിയിക്കുക. സ്നാനമേറ്റ യോഗ്യതയുള്ള ചില സഹോദരങ്ങൾക്കു മറ്റു രാജ്യങ്ങളിലെ ദിവ്യാധിപത്യകാര്യങ്ങൾക്കുവേണ്ടിയുള്ള നിർമാണപ്രവർത്തനങ്ങളിലും സന്നദ്ധസേവകരായി പങ്കെടുക്കാനുള്ള പദവിയുണ്ട്.
23 നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ധാരാളം അവസരങ്ങളുണ്ട്. ന്യായമായ വൈദഗ്ധ്യമുള്ള, വീടിന് അടുത്തുള്ള നിർമാണപരിപാടികളിൽ സഹായിക്കാൻ സാധിക്കുന്ന, മാതൃകായോഗ്യരായ സ്നാനമേറ്റ പ്രചാരകർക്കു പ്രാദേശിക ഡിസൈൻ/നിർമാണ സേവകരായി പ്രവർത്തിക്കാനാകും. ദൂരെയുള്ള നിർമാണപരിപാടികളെ ഒരു നിശ്ചിതകാലത്തേക്കു സഹായിക്കാൻ കഴിയുന്നവരെ നിർമാണ സന്നദ്ധസേവകരായി ബ്രാഞ്ചോഫീസ് നിയമിക്കും. രണ്ട് ആഴ്ചമുതൽ മൂന്നു മാസംവരെയായിരിക്കും നിയമനം. ദീർഘകാലത്തേക്കു സേവിക്കാനായി നിയമനം കിട്ടുന്നവരെ നിർമാണദാസന്മാർ എന്നു വിളിക്കുന്നു. മറ്റൊരു രാജ്യത്ത് പോയി സേവിക്കാൻ നിയമനം ലഭിക്കുന്ന നിർമാണദാസനെ വിദേശത്ത് സേവിക്കുന്ന നിർമാണദാസൻ എന്നു വിളിക്കുന്നു. നിർമാണദാസന്മാരും നിർമാണ സന്നദ്ധസേവകരും ചേർന്ന ഒരു നിർമാണസംഘമാണ് ഓരോ നിർമാണപ്രവർത്തനത്തിനും നേതൃത്വമെടുക്കുന്നത്. അവരെ പ്രാദേശിക ഡിസൈൻ/നിർമാണ സേവകരും ആ ജോലിയിൽ സഹായിക്കാൻ എത്തുന്ന, സഭകളിലെ സന്നദ്ധസേവകരും പിന്തുണയ്ക്കും. ഓരോ നിർമാണപ്രവർത്തനവും പൂർത്തിയാക്കി നിർമാണസംഘങ്ങൾ ബ്രാഞ്ച് പരിധിയിലുള്ള അടുത്ത ജോലിസ്ഥലത്തേക്കു നീങ്ങും.
നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
24 നിങ്ങൾ ജീവിതം യഹോവയ്ക്കു സമർപ്പിച്ച വ്യക്തിയാണെങ്കിൽ, എന്നേക്കും യഹോവയെ സേവിക്കാനാണല്ലോ നിങ്ങളുടെ ആഗ്രഹം! ആകട്ടെ, എന്തൊക്കയാണു നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ? ആത്മീയലക്ഷ്യങ്ങളുണ്ടായിരിക്കുന്നതു നിങ്ങളുടെ ഊർജവും വിഭവങ്ങളും നിങ്ങൾക്കുള്ളതൊക്കെയും ജ്ഞാനപൂർവം വിനിയോഗിക്കാൻ നിങ്ങളെ സഹായിക്കും. (1 കൊരി. 9:26) അത്തരം ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുന്നതു ആത്മീയവളർച്ച ത്വരിതപ്പെടുത്തും. കൂടുതലായ സേവനപദവികൾ എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ പ്രാധാന്യം കൂടുതലുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനും അവ നിങ്ങളെ സഹായിക്കും.—ഫിലി. 1:10; 1 തിമൊ. 4:15, 16.
25 പൗലോസ് അപ്പോസ്തലൻ ദൈവസേവനത്തിൽ നമുക്ക് അനുകരിക്കാൻ നല്ലൊരു മാതൃക വെച്ചിരിക്കുന്നു. (1 കൊരി. 11:1) യഹോവയുടെ സേവനത്തിൽ അപ്പോസ്തലൻ കഠിനാധ്വാനം ചെയ്തു. തനിക്കു ദൈവസേവനത്തിൽ വിവിധങ്ങളായ അവസരങ്ങൾ യഹോവ തന്നിട്ടുള്ളതായി പൗലോസ് മനസ്സിലാക്കി. കൊരിന്തിലെ സഹോദരങ്ങൾക്കു പൗലോസ് എഴുതി: “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു.” ഇതു നമ്മുടെ കാര്യത്തിലും സത്യമല്ലേ? ശരിയാണ്, നിരവധി അവസരങ്ങൾ! സഭയോടൊത്ത് യഹോവയെ സേവിക്കാനുള്ള ഒട്ടേറെ അവസരങ്ങൾ നമുക്കുണ്ട്, വിശേഷിച്ചും സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ! പൗലോസിന്റെ കാര്യത്തിൽ ‘വലിയ വാതിലിലൂടെ’ പോകുകയെന്നതിൽ, ‘ധാരാളം എതിരാളികളെ’ നേരിടുന്നതും ഉൾപ്പെട്ടിരുന്നു. (1 കൊരി. 16:9) ആത്മശിക്ഷണം ശീലിക്കാനും പൗലോസിനു മനസ്സായിരുന്നു. അതെക്കുറിച്ച് പൗലോസ് പറഞ്ഞതു നോക്കൂ: “ഞാൻ എന്റെ ശരീരത്തെ, ഇടിച്ചിടിച്ച് ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു.” (1 കൊരി. 9:24-27) അങ്ങനെയൊരു മനസ്സു നമുക്കുണ്ടോ?
ആത്മീയലക്ഷ്യങ്ങളുണ്ടായിരിക്കുന്നത് ഊർജവും വിഭവങ്ങളും നിങ്ങൾക്കുള്ളതൊക്കെയും ജ്ഞാനപൂർവം വിനിയോഗിക്കാൻ നിങ്ങളെ സഹായിക്കും
26 നമ്മുടെ ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ദിവ്യാധിപത്യലക്ഷ്യങ്ങൾ വെക്കാനാണു നമ്മളെ ഉത്സാഹിപ്പിച്ചിരിക്കുന്നത്! ഇന്നു ധാരാളം പേർ മുഴുസമയശുശ്രൂഷയുടെ ഏതെങ്കിലും മേഖലകളിൽ പ്രവർത്തിക്കുന്നവരായുണ്ട്. ചെറുപ്രായത്തിലേ ആത്മീയലക്ഷ്യങ്ങൾ വെച്ചതുകൊണ്ടാണ് അവർക്ക് അതിനു കഴിഞ്ഞത്. കുട്ടികളായിരിക്കെത്തന്നെ മാതാപിതാക്കളും മറ്റുള്ളവരും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ യഹോവയുടെ സേവനം അവരുടെ ജീവിതം ധന്യമാക്കി! അങ്ങനെ ചെയ്തതിൽ ഇന്ന് അവർക്കു യാതൊരു ഖേദവുമില്ല! (സുഭാ. 10:22) നമുക്കു വെക്കാവുന്ന മറ്റു പല നല്ല ലക്ഷ്യങ്ങളുമുണ്ട്: ഓരോ ആഴ്ചയിലും വയൽസേവനത്തിൽ പങ്കെടുക്കുക, ഒരു ബൈബിൾപഠനം തുടങ്ങുക, അതു ക്രമമായി നടത്തിക്കൊണ്ടുപോകുക, യോഗങ്ങൾക്കു കുറച്ചുകൂടി സമയമെടുത്ത് തയ്യാറാകുക ഇങ്ങനെ പലതും. നമ്മുടെ ശുശ്രൂഷയിൽ മുന്നേറുകയും അതു നന്നായി ചെയ്തുതീർക്കുകയും ചെയ്യുക എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ യഹോവയെ ആദരിക്കുകയായിരിക്കും. എക്കാലവും യഹോവയെ സേവിക്കുകയെന്ന മഹത്തായ ലക്ഷ്യത്തിൽ എത്തിച്ചേരാനും നമുക്കു കഴിയും.—ലൂക്കോ. 13:24; 1 തിമൊ. 4:7ബി, 8.