അധ്യായം 12
പ്രാദേശികമായും ലോകവ്യാപകമായും ദൈവരാജ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന വിധങ്ങൾ
അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം സത്യമാക്കിത്തീർത്തുകൊണ്ട് യഹോവയുടെ സാക്ഷികൾ “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” സന്തോഷവാർത്ത പ്രസംഗിക്കുക എന്ന തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നു. (പ്രവൃ. 1:8; മത്താ. 24:14) ആത്മീയകാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്ന ഈ പ്രവർത്തനം നടത്തുന്നതിന് അവർ തങ്ങളുടെ സമയവും ഊർജവും ധാരാളമായി ചെലവഴിച്ചിരിക്കുന്നു. തന്റെ സഹപ്രവർത്തകർക്കുവേണ്ടി കരുതാനുള്ള യഹോവയുടെ പ്രാപ്തിയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് അവർ ജീവിതത്തിൽ ദൈവരാജ്യം ഒന്നാമതു വെക്കുന്നു. (മത്താ. 6:25-34; 1 കൊരി. 3:5-9) ഇങ്ങനെ ചെയ്യുന്നതിലൂടെ ലഭിക്കുന്ന സത്ഫലങ്ങൾ തെളിയിക്കുന്നത് യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഇതിന്മേലുണ്ടെന്നാണ്.
ലോകവ്യാപകമായി ദൈവരാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കുന്നു
2 നമ്മൾ പ്രസംഗപ്രവർത്തനം നടത്തുന്ന രീതികൾ ശ്രദ്ധിക്കുകയും ബൈബിളും ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങളും വില ഈടാക്കാതെ പൊതുജനങ്ങൾക്കു നൽകുന്നതു കാണുകയും ചെയ്യുമ്പോൾ ചിലർ ഇങ്ങനെ ചോദിക്കാറുണ്ട്: “ഇതെല്ലാം എങ്ങനെ സാധിക്കുന്നു?” ബൈബിളുകളും ബൈബിൾപ്രസിദ്ധീകരണങ്ങളും അച്ചടിച്ച് പുറത്തിറക്കുന്നതിനു പണച്ചെലവുണ്ട്, ശരിയാണ്. അച്ചടികാര്യങ്ങൾ നടത്തുകയും പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുകയും സന്തോഷവാർത്തയുടെ പുരോഗമനത്തിനായുള്ള മറ്റു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതു ബഥേൽഭവനങ്ങളിലുള്ള ശുശ്രൂഷകരാണ്. ഈ ബഥേൽഭവനങ്ങൾ പണിയാനും നടത്തിക്കൊണ്ടുപോകാനും പണം കൂടിയേ തീരൂ. കൂടാതെ സർക്കിട്ട് മേൽവിചാരകന്മാർ, വയൽമിഷനറിമാർ, പ്രത്യേക മുൻനിരസേവകർ, പ്രത്യേക മുഴുസമയസേവനത്തിലുള്ള മറ്റുള്ളവർ എന്നിവരെ അവരുടെ സേവനത്തിൽ തുടരാൻ സഹായിക്കുന്നതിന് ഒരു ചെറിയ തുക വീതം അലവൻസായി നൽകാറുണ്ട്. അതിനും പണം വേണം. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കാലത്ത് സന്തോഷവാർത്ത പ്രസംഗിക്കണമെങ്കിൽ, അതു പ്രാദേശികമോ ലോകവ്യാപകമോ, എങ്ങനെയായാലും വലിയൊരു തുകതന്നെ വേണം! ഇതിനെല്ലാമുള്ള പണം വരുന്നത് എവിടെനിന്നാണ്?
3 യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസപരിപാടിയെ വിലമതിക്കുന്ന പലരും ഈ ലോകവ്യാപകപ്രവർത്തനത്തിനു സന്തോഷത്തോടെ സംഭാവന നൽകുന്നു. എന്നിരുന്നാലും പ്രധാനമായും നമ്മുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നത് യഹോവയുടെ സാക്ഷികൾ തന്നെയാണ്. അവരിൽ ചിലർ, സ്വമനസ്സാലെ നൽകുന്ന സംഭാവനകൾ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ചോഫീസിലേക്ക് അയയ്ക്കുന്നു. ദൈവത്തിന്റെ മുൻകാലദാസന്മാർ യഹോവയുടെ ആരാധനയ്ക്കുള്ള ആലയം നിർമിക്കാൻ ഉദാരമായ പിന്തുണ നൽകി. അതേ മനസ്സൊരുക്കമാണ് ഇന്നുള്ള യഹോവയുടെ ജനവും കാണിക്കുന്നത്. (പുറ. 35:20-29; 1 ദിന. 29:9) ചിലർ സ്വത്തുക്കൾ നൽകാൻ വിൽപത്രങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു. മറ്റു സംഭാവനകൾ വ്യക്തികളിൽനിന്നും സഭകളിൽനിന്നും സർക്കിട്ടുകളിൽനിന്നും ചെറിയ തുകകളായി ലഭിക്കുന്നു. എല്ലാംകൂടി ചേരുമ്പോൾ ശുശ്രൂഷ നിർവഹിച്ചുകൊണ്ടുപോകാനുള്ള ഫണ്ടുകൾ സംഭാവനയായി കിട്ടുന്നു.
തങ്ങളുടെ പണവും മറ്റു വസ്തുവകകളും പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുന്നത് ഒരു പദവിയായാണ് യഹോവയുടെ സാക്ഷികൾ കാണുന്നത്
4 തങ്ങളുടെ പണവും മറ്റു വസ്തുവകകളും പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുന്നത് ഒരു പദവിയായിട്ടാണ് യഹോവയുടെ സാക്ഷികൾ കാണുന്നത്. യേശുവിനും ശിഷ്യന്മാർക്കും കൂടി ഒരു പണപ്പെട്ടിയുണ്ടായിരുന്നതായി തിരുവെഴുത്തുകൾ പറയുന്നു. അതിൽനിന്നുള്ള പണം ഉപയോഗിച്ചാണ് അവർ ചെലവുകൾ നടത്തിയിരുന്നത്. (യോഹ. 13:29) യേശുവിനെയും ശിഷ്യന്മാരെയും തങ്ങളുടെ വസ്തുവകകൾകൊണ്ട് പരിചരിച്ചുപോന്നിരുന്ന ചില സ്ത്രീകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (മർക്കോ. 15:40, 41; ലൂക്കോ. 8:3) സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിനു താത്പര്യമുള്ളവരും ശുശ്രൂഷയിൽ ഒരു പങ്കുണ്ടായിരിക്കാൻ ആഗ്രഹിച്ചവരും സ്നേഹപൂർവം നൽകിയ സാമ്പത്തികപിന്തുണയും സഹായവും പൗലോസ് അപ്പോസ്തലൻ നന്ദിയോടെ സ്വീകരിച്ചിരുന്നു. (ഫിലി. 4:14-16; 1 തെസ്സ. 2:9) തീക്ഷ്ണതയോടെ സേവിക്കുന്നതിന്റെയും ഔദാര്യത്തോടെ കൊടുക്കുന്നതിന്റെയും ഈ മുൻകാലമാതൃകകൾ ഇന്നത്തെ യഹോവയുടെ സാക്ഷികൾ പിന്തുടരുന്നു. അങ്ങനെ എല്ലായിടത്തുമുള്ള ശുദ്ധഹൃദയർക്കു “ജീവജലം സൗജന്യമായി” നൽകാൻ കഴിയുന്നു.—വെളി. 22:17.
പ്രാദേശികസഭകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധം
5 പ്രാദേശികസഭകളുടെ ചെലവുകളും സ്വമനസ്സാലെയുള്ള സംഭാവനകൾകൊണ്ടാണു നടക്കുന്നത്. ഇവിടെ പണപ്പിരിവുകളില്ല, ഓരോരുത്തരും എത്ര നൽകണമെന്നുള്ള ഒരു കണക്കു വെക്കുന്നില്ല, പണാഭ്യർഥനകളുമില്ല. യോഗസ്ഥലങ്ങളിൽ സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ” കൊടുക്കുന്നു.—2 കൊരി. 9:7.
6 സംഭാവനയായി കിട്ടുന്ന പണത്തിൽനിന്ന് ആദ്യം രാജ്യഹാളിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനും വേണ്ടത് എടുക്കുന്നു. സംഭാവനത്തുകയിൽ കുറെ ഭാഗം ലോകവ്യാപകപ്രവർത്തനത്തിനായി യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ചോഫീസിന് അയച്ചുകൊടുക്കാൻ മൂപ്പന്മാരുടെ സംഘം തീരുമാനിച്ചേക്കാം. ഇതിലേക്കുള്ള ഒരു പ്രമേയം സഭ അംഗീകരിക്കുന്നു. ഈ വിധത്തിൽ പല സഭകളും ലോകവ്യാപകപ്രവർത്തനത്തിനു പതിവായി സംഭാവനകൾ നൽകുന്നു. പ്രാദേശികസഭകളിൽ ഓരോരോ സമയങ്ങളിലുണ്ടാകുന്ന ആവശ്യങ്ങൾ സംബന്ധിച്ച് എല്ലാവരും ശ്രദ്ധയുള്ളവരാണെങ്കിൽ സംഭാവനയെപ്പറ്റി കൂടെക്കൂടെ അറിയിപ്പുകൾ നടത്തേണ്ടിവരില്ല.
സംഭാവനകൾ കൈകാര്യം ചെയ്യുന്ന വിധം
7 രണ്ടു സഹോദരന്മാർ ഓരോ യോഗത്തിനു ശേഷവും സംഭാവനപ്പെട്ടികളിലുള്ള തുകകൾ ശേഖരിച്ച് അതിന്റെ രേഖയുണ്ടാക്കുന്നു. (2 രാജാ. 12:9, 10; 2 കൊരി. 8:20) തുക ബ്രാഞ്ചോഫീസിലേക്ക് അയയ്ക്കുകയോ സഭയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ മൂപ്പന്മാരുടെ സംഘം ചെയ്യുന്നു. സഭാകണക്കുകൾ കൈകാര്യം ചെയ്യുന്ന സഹോദരൻ സംഭാവനയുടെ വിവരങ്ങൾ സഭയെ അറിയിക്കുന്നതിന് എല്ലാ മാസവും ഒരു സ്റ്റേറ്റുമെന്റ് തയ്യാറാക്കുന്നു. മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ മൂന്നു മാസം കൂടുമ്പോൾ സഭാകണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തും.
സർക്കിട്ടിന്റെ ചെലവുകൾ
8 സമ്മേളനങ്ങൾക്കും സർക്കിട്ടിന്റെ മറ്റ് ആവശ്യങ്ങൾക്കും ആയുള്ള ചെലവുകൾ ആ സർക്കിട്ടിലെ സഹോദരങ്ങൾ നൽകുന്ന സംഭാവനകളാലാണു നിർവഹിക്കപ്പെടുന്നത്. സർക്കിട്ടിനു വേണ്ട സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്കായി സമ്മേളനസ്ഥലങ്ങളിൽ സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ടാകും. കൂടാതെ, സർക്കിട്ടിന്റെ ചെലവുകൾക്കായി മറ്റു സമയങ്ങളിൽ സഭകൾക്കും സംഭാവനകൾ നൽകാവുന്നതാണ്.
9 സാധാരണഗതിയിൽ സർക്കിട്ടിന്റെ ചെലവുകൾക്കുള്ള പണം കണ്ടെത്താൻ അതാതു സർക്കിട്ടുകൾക്കുതന്നെ സാധിച്ചേക്കും. സർക്കിട്ടിന്റെ ആവശ്യങ്ങൾക്കു വേണ്ടിവരുന്നതിലും അധികം തുക കൈയിലുണ്ടെങ്കിൽ അതു ലോകവ്യാപകപ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കും. സമ്മേളനത്തിന്റെ ചെലവുകൾ വഹിക്കാനോ അടുത്ത സമ്മേളനത്തിന്റെ പ്രാരംഭചെലവുകൾക്കോ വേണ്ട പണം (അതായത് ഹാളോ മറ്റോ ബുക്കു ചെയ്യാനുള്ള സെക്യൂരിറ്റി നൽകാനുള്ള പണം) സർക്കിട്ടിന്റെ അക്കൗണ്ടിലില്ലെങ്കിൽ സംഭാവന നൽകാനുള്ള പദവിയെപ്പറ്റി സഭകളെ അറിയിക്കാൻ സർക്കിട്ട് മേൽവിചാരകൻ നിർദേശിച്ചേക്കാം. സർക്കിട്ട് ഫണ്ടിലേക്കു സഭയുടേതായി എത്ര തുക നൽകാൻ കഴിയുമെന്നു മൂപ്പന്മാരുടെ ഓരോ സംഘവും ചർച്ച ചെയ്ത് തീരുമാനിക്കും. തുടർന്ന് ഒരു പ്രമേയം സഭയിൽ അവതരിപ്പിച്ച് ആ തുക നൽകുന്നതിനു സഭയുടെ അനുമതി തേടും.
10 സർക്കിട്ടിലെ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ഏതെങ്കിലും സാമ്പത്തികകാര്യങ്ങൾ ഉയർന്നുവരുന്നെങ്കിൽ സർക്കിട്ട് സമ്മേളനം നടക്കുന്ന ദിവസം സർക്കിട്ടിലെ മൂപ്പന്മാരുടെ ഒരു യോഗം നടത്തും. സർക്കിട്ടിന്റെ പതിവുചെലവുകൾ ഒഴികെ മറ്റ് എന്തെങ്കിലും കാര്യങ്ങൾക്കു പണം ചെലവാക്കാനുള്ള എല്ലാ തീരുമാനങ്ങളും പ്രമേയങ്ങളായി അവതരിപ്പിച്ച് മൂപ്പന്മാരുടെ അംഗീകാരം തേടണം. ഈ പ്രമേയങ്ങളിലെ തുകകൾ കൃത്യസംഖ്യതന്നെ ആയിരിക്കണം. സർക്കിട്ടിന്റെ പണം ഇങ്ങനെ ചെലവഴിക്കുന്ന ഓരോ സന്ദർഭത്തിലും അത് അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്.
11 സർക്കിട്ടിന്റെ അക്കൗണ്ടുകൾ ക്രമമായി ഓഡിറ്റ് ചെയ്യാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
ദരിദ്രർക്കുവേണ്ടി കരുതുക
12 യേശുവിനും ശിഷ്യന്മാർക്കും ഒരു പണപ്പെട്ടിയുണ്ടായിരുന്നതായി നമ്മൾ കണ്ടല്ലോ. അതിന്റെ ഒരു ഉദ്ദേശ്യം ദരിദ്രരെ സഹായിക്കുക എന്നതായിരുന്നു. (മർക്കോ. 14:3-5; യോഹ. 13:29) ആ ക്രിസ്തീയ ഉത്തരവാദിത്വം ഇന്നുമുണ്ട്. കാരണം യേശു പറഞ്ഞു: “ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.” (മർക്കോ. 14:7) യഹോവയുടെ സാക്ഷികൾ ഇന്ന് ഈ ഉത്തരവാദിത്വം നിർവഹിക്കുന്നത് എങ്ങനെയാണ്?
13 ചിലപ്പോൾ, സഭയിലെ വിശ്വസ്തരായ സഹോദരങ്ങൾക്കു സാമ്പത്തികപിന്തുണയും മറ്റും ആവശ്യമായിവന്നേക്കാം. പ്രായാധിക്യമോ, രോഗവും വൈകല്യവും മൂലമുള്ള അവശതയോ അവരുടെ നിയന്ത്രണത്തിൽപ്പെടാത്ത മറ്റു ദുരിതങ്ങളോ ഒക്കെയാകാം കാരണം. കുടുംബാംഗങ്ങളും ബന്ധുക്കളും ഇങ്ങനെയൊരു ആവശ്യത്തെക്കുറിച്ച് അറിയുന്ന മറ്റുള്ളവരും ഒക്കെ അവരെ സഹായിക്കാൻ ആഗ്രഹിച്ചേക്കാം. യോഹന്നാൻ അപ്പോസ്തലന്റെ വാക്കുകൾക്കു ചേർച്ചയിലാണ് ഇത്: “ഒരാൾക്കു വസ്തുവകകളുണ്ടായിട്ടും, സഹോദരൻ ബുദ്ധിമുട്ടിലാണെന്നു മനസ്സിലാക്കുമ്പോൾ അനുകമ്പ കാണിക്കുന്നില്ലെങ്കിൽ അയാൾക്കു ദൈവസ്നേഹമുണ്ടെന്ന് എങ്ങനെ പറയാൻ പറ്റും? കുഞ്ഞുങ്ങളേ, വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല, പ്രവൃത്തിയിലും സത്യത്തിലും ആണ് നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത്.” (1 യോഹ. 3:17, 18; 2 തെസ്സ. 3:6-12) സാമ്പത്തികസഹായവും മറ്റും ആവശ്യമുള്ള വിശ്വസ്തരായ സഹോദരങ്ങളെ സഹായിക്കുന്നതും സംരക്ഷിക്കുന്നതും സത്യാരാധനയിൽ ഉൾപ്പെടുന്നു.—യാക്കോ. 1:27; 2:14-17.
14 തിമൊഥെയൊസിനുള്ള ആദ്യലേഖനത്തിൽ പൗലോസ് അപ്പോസ്തലൻ അർഹതയുള്ളവർക്കു ഭൗതികസഹായം നൽകേണ്ടത് എങ്ങനെയെന്നു വിശദീകരിച്ചിട്ടുണ്ട്. ഈ ഉപദേശം നിങ്ങൾക്ക് 1 തിമൊഥെയൊസ് 5:3-21-ൽ വായിക്കാം. സ്വന്തം കുടുംബാംഗങ്ങൾക്കുവേണ്ടി കരുതാനുള്ള പ്രാഥമികമായ ഉത്തരവാദിത്വം ഓരോ ക്രിസ്ത്യാനിക്കുമാണ്. അതുകൊണ്ട് പ്രായാധിക്യവും അവശതയും ഉള്ള സഹോദരങ്ങൾക്ക് അവരുടെ മക്കൾ, കൊച്ചുമക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരൊക്കെ സഹായം കൊടുക്കേണ്ടതുണ്ട്. ചിലപ്പോൾ ഗവൺമെന്റിന്റെയോ സാമൂഹ്യക്ഷേമപദ്ധതികളുടെയോ കീഴിൽ സാമ്പത്തികസഹായവും മറ്റും ലഭ്യമായിരിക്കാം. അതിനുവേണ്ടി അപേക്ഷിക്കാൻ ബന്ധുക്കൾക്കും മറ്റുള്ളവർക്കും അവരെ സഹായിക്കാനാകും. ചില അവസരങ്ങളിൽ സഭ ഒന്നാകെ ഏതെങ്കിലും തരത്തിലുള്ള സഹായം നൽകേണ്ട സാഹചര്യവുമുണ്ടായേക്കാം. ദീർഘകാലം വിശ്വസ്തരായി സേവിച്ച സഹോദരീസഹോദരന്മാരുടെ കാര്യത്തിലാണ് ഇത്. കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും സഹായത്തിനില്ലാതെവരികയോ ഗവൺമെന്റിൽനിന്ന് മതിയായ സഹായം കിട്ടാതെവരികയോ മറ്റോ ചെയ്യുന്ന സാഹചര്യങ്ങളിൽ, അങ്ങനെയുള്ള വ്യക്തികൾക്കു വേണ്ടതരത്തിലുള്ള സഹായം നൽകാൻ മൂപ്പന്മാരുടെ സംഘം തീരുമാനിച്ചേക്കാം. തങ്ങളുടെ വസ്തുവകകൾ സഹായം ആവശ്യമുള്ളവരുമായി പങ്കുവെക്കുന്നത് ഒരു പദവിയായിട്ടാണു ക്രിസ്ത്യാനികൾ കാണുന്നത്.
15 ഈ അന്ത്യനാളുകളിൽ സർവസാധാരണമായിരിക്കുന്ന ഉപദ്രവങ്ങൾ, യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, ക്ഷാമം, മറ്റു ദുരന്തങ്ങൾ തുടങ്ങിയവമൂലം മിക്ക സഹോദരങ്ങൾക്കും എപ്പോഴെങ്കിലുമൊക്കെ സഹായം ആവശ്യമായി വന്നേക്കാം. (മത്താ. 24:7-9) ഇതുപോലുള്ള സാഹചര്യങ്ങളിൽ പ്രാദേശികസഭകൾക്കു പരസ്പരം പങ്കുവെക്കാൻ ഒന്നും കണ്ടെന്നുവരില്ല. അങ്ങനെയുള്ളപ്പോൾ ഭരണസംഘം മറ്റു സ്ഥലങ്ങളിലുള്ള സഹോദരങ്ങളെ ഏകോപിപ്പിച്ച് ആവശ്യമായ സഹായം നൽകുന്നു. ഒരു ക്ഷാമകാലത്ത് യഹൂദ്യയിലുള്ള സഹോദരങ്ങൾക്ക് ഏഷ്യാമൈനറിലെ ക്രിസ്ത്യാനികൾ ഭക്ഷണം എത്തിച്ചുകൊടുത്തതുപോലെയാണ് ഇത്. (1 കൊരി. 16:1-4; 2 കൊരി. 9:1-5) അവരുടെ മാതൃക അനുകരിക്കുമ്പോൾ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം നമ്മൾ തെളിയിച്ചുകാണിക്കുകയാണ്! നമ്മൾ യേശുക്രിസ്തുവിന്റെ യഥാർഥശിഷ്യന്മാരാണെന്നു കാണിച്ചുകൊടുക്കുകയാണ്!—യോഹ. 13:35.
പ്രസിദ്ധീകരണങ്ങളുടെ വിതരണം
16 ദൈവരാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ ബൈബിളും ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങളും ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. സഭയിൽ പ്രസിദ്ധീകരണങ്ങളുടെ കാര്യം നോക്കാൻ മൂപ്പന്മാരുടെ സംഘം സാധാരണയായി ഒരു ശുശ്രൂഷാദാസനെ നിയമിക്കുന്നു. അത്തരം ചുമതലയുള്ള സഹോദരന്മാർ അവരുടെ ഉത്തരവാദിത്വം ഗൗരവമായി എടുക്കണം. അവർ കൃത്യമായ രേഖകൾ സൂക്ഷിക്കണം. അങ്ങനെയാകുമ്പോൾ സഭയുടെ ആവശ്യം നിറവേറ്റാൻ മതിയായ അളവിൽ പ്രസിദ്ധീകരണങ്ങൾ എപ്പോഴും സ്റ്റോക്കുണ്ടാകും.
17 സമർപ്പിതക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ സമയം, മാനസികവും ശാരീരികവും ആയ കഴിവുകൾ, പ്രത്യേകപ്രാപ്തികൾ, വസ്തുവകകൾ, എന്തിന് ജീവൻപോലും ദൈവത്തിൽനിന്നുള്ള ദാനങ്ങളാണെന്നും ഇവയെല്ലാം ദൈവസേവനത്തിൽ ഉപയോഗിക്കാനുള്ളതാണെന്നും നമ്മൾ തിരിച്ചറിയുന്നു. (ലൂക്കോ. 17:10; 1 കൊരി. 4:7) നമ്മുടെ വസ്തുവകകളും മറ്റു വിഭവങ്ങളും ഉചിതമായി ഉപയോഗിക്കുമ്പോൾ നമ്മൾ യഹോവയോടുള്ള സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കുകയാണ്. നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. മുഴുദേഹിയോടെയുള്ള സമർപ്പണത്തിന്റെയും ഭക്തിയുടെയും തെളിവായി നമ്മൾ നൽകുന്നത് എന്തും യഹോവയെ പ്രസാദിപ്പിക്കുമെന്നും നമുക്ക് അറിയാം. (സുഭാ. 3:9; മർക്കോ. 14:3-9; ലൂക്കോ. 21:1-4; കൊലോ. 3:23, 24) യേശു ഇങ്ങനെ പറഞ്ഞു: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.” (മത്താ. 10:8) ഇങ്ങനെ നമുക്കുള്ള സകലവും, നമ്മെത്തന്നെയും, യഹോവയുടെ സേവനത്തിൽ വിട്ടുകൊടുക്കുമ്പോൾ അതിരറ്റ സന്തോഷവും ചാരിതാർഥ്യവും നമുക്കു ലഭിക്കും.—പ്രവൃ. 20:35.