അധ്യായം പത്തൊമ്പത്
യഹോവയോടു പറ്റിനിൽക്കുക
1, 2. നമുക്ക് ഇന്ന് എവിടെ സംരക്ഷണം കണ്ടെത്താം?
കാറ്റും കോളും ഉള്ള ഒരു ദിവസം. നിങ്ങൾ വഴിയിലൂടെ നടന്നുനീങ്ങുകയാണ്. ആകാശം ഇരുണ്ടുമൂടുന്നു. മിന്നൽ മിന്നിമറയുന്നു. കാതടപ്പിക്കുന്ന ഇടിമുഴക്കവും. ഇതിനെല്ലാം അകമ്പടിയായി കോരിച്ചൊരിയുന്ന മഴയും. കയറിനിൽക്കാൻ ഒരിടം കിട്ടിയേ തീരൂ! ഒടുവിൽ, നനയാതെ നിൽക്കാൻ സുരക്ഷിതമായ ഒരിടം കിട്ടി. എന്തൊരാശ്വാസം!
2 ഇന്നു നമ്മളും സമാനമായ ഒരു സ്ഥിതിയിലാണ്. ലോകാവസ്ഥകൾ ഒന്നിനൊന്നു മോശമാകുന്നു. ‘എനിക്ക് എവിടെ സുരക്ഷിതത്വം കിട്ടും’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. സങ്കീർത്തനക്കാരൻ ബൈബിളിൽ ഇങ്ങനെ എഴുതി: “ഞാൻ യഹോവയോടു പറയും: ‘അങ്ങാണ് എന്റെ അഭയസ്ഥാനം, എന്റെ സുരക്ഷിതസങ്കേതം, ഞാൻ ആശ്രയമർപ്പിക്കുന്ന എന്റെ ദൈവം.’” (സങ്കീർത്തനം 91:2) അതെ, ഇന്നു നമ്മൾ പ്രശ്നങ്ങളെ നേരിടുമ്പോൾ ആശ്വസിപ്പിക്കാൻ യഹോവയ്ക്കു കഴിയും. മഹത്തായ ഒരു ഭാവിയും യഹോവ നമുക്കായി കരുതിവെച്ചിരിക്കുന്നു.
3. യഹോവയെ എങ്ങനെ നമ്മുടെ അഭയസ്ഥാനമാക്കാം?
3 യഹോവയ്ക്കു നമ്മളെ എങ്ങനെ സംരക്ഷിക്കാനാകും? എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും അവയെ നേരിടുന്നതിന് ആവശ്യമായ സഹായം തരാൻ യഹോവയ്ക്കാകും. നമ്മളെ ഉപദ്രവിക്കാൻ നോക്കുന്ന ആരെക്കാളും വളരെയേറെ ശക്തനാണ് യഹോവ. ഇന്നു നമുക്ക് എന്തൊക്കെ കഷ്ടനഷ്ടങ്ങളുണ്ടായാലും ഭാവിയിൽ യഹോവ അതു പരിഹരിച്ചുതരും. ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് “എന്നും ദൈവസ്നേഹത്തിൽ നിലനിൽ”ക്കാനാണ്. (യൂദ 21) പ്രയാസസമയങ്ങളിൽ യഹോവയുടെ സഹായം കിട്ടാൻ നമ്മൾ യഹോവയോടു പറ്റിനിൽക്കണം. നമുക്ക് അത് എങ്ങനെ ചെയ്യാം?
ദൈവസ്നേഹത്തിനു നന്ദിയുള്ളവരായിരിക്കുക
4, 5. യഹോവ നമ്മളോടു സ്നേഹം കാണിച്ചിരിക്കുന്നത് എങ്ങനെ?
4 യഹോവയോടു പറ്റിനിൽക്കുന്നതിന്, യഹോവയ്ക്കു നമ്മളോട് എത്രയധികം സ്നേഹമുണ്ടെന്നു തിരിച്ചറിയണം. യഹോവ നമുക്കുവേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് ആലോചിച്ചുനോക്കൂ! നമുക്കു താമസിക്കാൻ യഹോവ മനോഹരമായ ഭൂമി തന്നു. അതിൽ നിറയെ മനം കവരുന്ന മരങ്ങളും ചെടികളും മൃഗങ്ങളും. രുചികരമായ ആഹാരവും കുടിക്കാൻ ശുദ്ധമായ വെള്ളവും. കൂടാതെ ബൈബിളിലൂടെ യഹോവ തന്റെ പേരും മഹത്തായ ഗുണങ്ങളും നമ്മളെ പഠിപ്പിച്ചു. അതിലെല്ലാം ഉപരിയായി നമുക്കുവേണ്ടി ജീവൻ ചൊരിയാൻ തന്റെ പ്രിയപുത്രനെ ഭൂമിയിലേക്ക് അയച്ചുകൊണ്ടും യഹോവ നമ്മളോടു സ്നേഹം കാണിച്ചു. (യോഹന്നാൻ 3:16) ആ ബലിമരണത്തിലൂടെ നമുക്കു ശോഭനമായ ഭാവിപ്രത്യാശ ലഭിച്ചു.
5 നമ്മുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും പെട്ടെന്നുതന്നെ അവസാനിപ്പിക്കാൻ യഹോവ നമുക്കുവേണ്ടി ഒരു സ്വർഗീയഗവൺമെന്റ് ഒരുക്കിയിരിക്കുന്നു. ആ ഗവൺമെന്റ് ഭൂമി ഒരു പറുദീസയാക്കി മാറ്റും. അവിടെ എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും എന്നെന്നും ജീവിക്കും. (സങ്കീർത്തനം 37:29) കൂടാതെ ഇന്ന് ഏറ്റവും മെച്ചമായ രീതിയിൽ എങ്ങനെ ജീവിക്കാമെന്നും യഹോവ നമ്മളെ പഠിപ്പിക്കുന്നു. അതും യഹോവയുടെ സ്നേഹത്തിന്റെ തെളിവല്ലേ? അതുപോലെ തന്നോടു പ്രാർഥിക്കാനും യഹോവ നമ്മളെ ക്ഷണിക്കുന്നു. നമ്മുടെ പ്രാർഥന കേൾക്കാൻ യഹോവ കാതോർത്തിരിക്കുകയാണ്. യഹോവ നമ്മളെ ഓരോരുത്തരെയും അകമഴിഞ്ഞു സ്നേഹിക്കുന്നു എന്നതിന് ഒരു സംശയവുമില്ല.
6. യഹോവ കാണിച്ച സ്നേഹത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കണം?
6 യഹോവ കാണിച്ച സ്നേഹത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കണം? യഹോവ നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്ന എല്ലാത്തിനും നന്ദി കാണിക്കുക. ഇന്നു പക്ഷേ മിക്കവരും നന്ദിയില്ലാത്തവരാണ്. യേശു ഭൂമിയിലായിരുന്നപ്പോഴും അത് അങ്ങനെതന്നെയായിരുന്നു. ഒരിക്കൽ യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തി. പക്ഷേ അവരിൽ ഒരാൾ മാത്രമേ യേശുവിനോടു നന്ദി പറഞ്ഞുള്ളൂ. (ലൂക്കോസ് 17:12-17) യേശുവിനോടു നന്ദി പറഞ്ഞ ആ മനുഷ്യനെപ്പോലെയായിരിക്കാനല്ലേ നമ്മൾ ആഗ്രഹിക്കുന്നത്? അതെ, നമ്മൾ എപ്പോഴും യഹോവയോടു നന്ദിയുള്ളവരായിരിക്കണം.
7. യഹോവയെ നമ്മൾ എത്ര ആഴമായി സ്നേഹിക്കണം?
7 യഹോവയോടു നമ്മൾ സ്നേഹവും കാണിക്കണം. യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ സ്നേഹിക്കണമെന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 22:37 വായിക്കുക.) എന്താണ് അതിന്റെ അർഥം?
8, 9. യഹോവയെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
8 യഹോവയെ സ്നേഹിക്കുന്നുണ്ടെന്നു വെറുതേ പറഞ്ഞാൽ മതിയോ? പോരാ. യഹോവയെ നമ്മൾ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും കൂടെ സ്നേഹിക്കുന്നുണ്ടെങ്കിൽ ആ സ്നേഹം നമ്മൾ പ്രവൃത്തികളിലൂടെ കാണിക്കും. (മത്തായി 7:16-20) ദൈവത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുമെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. അതു പ്രയാസമുള്ള കാര്യമാണോ? അല്ല. കാരണം യഹോവയുടെ “കല്പനകൾ ഒരു ഭാരമല്ല.”—1 യോഹന്നാൻ 5:3 വായിക്കുക.
9 യഹോവയെ അനുസരിച്ചാൽ നമുക്കു സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനാകും. (യശയ്യ 48:17, 18) എന്നാൽ നമുക്ക് എങ്ങനെ യഹോവയോടു പറ്റിനിൽക്കാനാകും? നമുക്കു നോക്കാം.
യഹോവയോടു കൂടുതൽക്കൂടുതൽ അടുത്ത് ചെല്ലുക
10. നിങ്ങൾ യഹോവയെക്കുറിച്ചുള്ള പഠനം തുടരേണ്ടത് എന്തുകൊണ്ട്?
10 നിങ്ങൾ എങ്ങനെയാണ് യഹോവയുടെ സ്നേഹിതനായത്? ബൈബിൾ പഠിച്ചപ്പോൾ യഹോവയെ നിങ്ങൾ അടുത്ത് അറിഞ്ഞു; അങ്ങനെ ഒരു സുഹൃദ്ബന്ധം വളരാൻ തുടങ്ങി. ഈ സുഹൃദ്ബന്ധത്തെ തീയോട് ഉപമിക്കാം. അതു കെട്ടുപോകാതെ ജ്വലിപ്പിച്ചുനിറുത്താൻ ഇന്ധനം വേണം. അതുപോലെ ദൈവവുമായുള്ള സൗഹൃദം ശക്തമാക്കി നിറുത്താൻ നിങ്ങൾ യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കണം; പഠനം നിറുത്തിക്കളയരുത്.—സുഭാഷിതങ്ങൾ 2:1-5.
11. ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കും?
11 നിങ്ങൾ ബൈബിൾപഠനം തുടരുമ്പോൾ ഹൃദയത്തെ സ്പർശിക്കുന്ന പല കാര്യങ്ങളും മനസ്സിലാക്കും. യേശുവിന്റെ രണ്ടു ശിഷ്യന്മാരുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. യേശു ബൈബിൾപ്രവചനങ്ങളുടെ അർഥം വിശദീകരിച്ചുകൊടുത്തപ്പോൾ എന്തു തോന്നിയെന്ന് അവർ പറയുന്നു: “യേശു വഴിയിൽവെച്ച് നമ്മളോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വ്യക്തമായി വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നു.”—ലൂക്കോസ് 24:32.
12, 13. (എ) ദൈവത്തോടു നമുക്കുള്ള സ്നേഹത്തിന് എന്തു സംഭവിച്ചേക്കാം? (ബി) യഹോവയോടു നമുക്കുള്ള സ്നേഹം അണഞ്ഞുപോകാതെ എങ്ങനെ നോക്കാം?
12 തിരുവെഴുത്തുകളുടെ അർഥം മനസ്സിലാക്കിയത് ആ ശിഷ്യന്മാരുടെ ഹൃദയത്തെ സ്പർശിച്ചു. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ നിങ്ങൾക്കും അതുപോലുള്ള ഉത്സാഹം തോന്നിയിരിക്കണം. അത് യഹോവയെക്കുറിച്ച് അറിയാനും യഹോവയെ സ്നേഹിക്കാനും നിങ്ങളെ സഹായിച്ചു. ആ സ്നേഹം തണുത്തുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.—മത്തായി 24:12.
13 ദൈവത്തിന്റെ സ്നേഹിതനായിത്തീർന്നാൽ മാത്രം പോരാ. ആ സൗഹൃദം നിങ്ങൾ ശക്തമായി നിലനിറുത്തുകയും വേണം. അതിനു ശ്രമം കൂടിയേ തീരൂ. യഹോവയെക്കുറിച്ചും യേശുവിനെക്കുറിച്ചും പഠിക്കുന്നതിൽ തുടരുക. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എങ്ങനെ ജീവിതത്തിൽ പ്രായോഗികമാക്കാം എന്നതിനെക്കുറിച്ചും ചിന്തിക്കുക. (യോഹന്നാൻ 17:3) നിങ്ങൾ ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുമ്പോൾ ഇങ്ങനെ ചോദിക്കുക: ‘ദൈവമായ യഹോവയെക്കുറിച്ച് ഇത് എന്നെ എന്തു പഠിപ്പിക്കുന്നു? ഞാൻ മുഴു ഹൃദയത്തോടും ദേഹിയോടും കൂടെ ദൈവത്തെ സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?’—1 തിമൊഥെയൊസ് 4:15.
14. യഹോവയോടുള്ള സ്നേഹം ശക്തമാക്കി നിലനിറുത്താൻ പ്രാർഥന സഹായിക്കുന്നത് എങ്ങനെ?
14 നിങ്ങൾക്കു നല്ലൊരു സ്നേഹിതനുണ്ടെങ്കിൽ നിങ്ങൾ അയാളുമായി പതിവായി സംസാരിക്കും. അപ്പോൾ ആ സ്നേഹബന്ധം ശക്തമായി നിലനിൽക്കും. സമാനമായി നമ്മൾ പതിവായി പ്രാർഥനയിൽ യഹോവയോടു സംസാരിക്കുമ്പോൾ ദൈവത്തോടുളള സ്നേഹം ശക്തമായി തുടരും. (1 തെസ്സലോനിക്യർ 5:17 വായിക്കുക.) നമ്മുടെ സ്വർഗീയപിതാവിൽനിന്നുള്ള മഹത്തായ ഒരു സമ്മാനമാണ് പ്രാർഥന. നമ്മൾ എപ്പോഴും മനസ്സു തുറന്ന് ദൈവത്തോടു സംസാരിക്കണം. (സങ്കീർത്തനം 62:8) ഓർമയിൽനിന്ന് വെറുതേ ആവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ പ്രാർഥന. പകരം ആത്മാർഥമായി ഹൃദയത്തിൽനിന്ന് വരുന്നതായിരിക്കണം. അതെ, നമ്മൾ ബൈബിൾ പഠനം തുടരുകയും ഹൃദയപൂർവം പ്രാർഥിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയോടുള്ള നമ്മുടെ സ്നേഹം ശക്തമായി നിലനിൽക്കും.
യഹോവയെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുക
15, 16. പ്രസംഗപ്രവർത്തനത്തെ നിങ്ങൾ എങ്ങനെ കാണുന്നു?
15 യഹോവയോടു പറ്റിനിൽക്കാൻ നമ്മുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും വേണം. യഹോവയെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുന്നതു വലിയൊരു പദവിയാണ്. (ലൂക്കോസ് 1:75) എല്ലാ സത്യക്രിസ്ത്യാനികൾക്കും യേശു കൊടുത്തിരിക്കുന്ന ഒരു ഉത്തരവാദിത്വമാണ് അത്. നമ്മൾ ഓരോരുത്തരും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മറ്റുള്ളവരോടു പറയണം. നിങ്ങൾ ഇപ്പോൾത്തന്നെ അങ്ങനെ ചെയ്യുന്നുണ്ടോ?—മത്തായി 24:14; 28:19, 20.
16 പ്രസംഗപ്രവർത്തനത്തെ വളരെ വിലപ്പെട്ട ഒന്നായി പൗലോസ് അപ്പോസ്തലൻ കണ്ടു. “അമൂല്യനിധി” എന്നാണു പൗലോസ് അതിനെ വിളിച്ചത്. (2 കൊരിന്ത്യർ 4:7) യഹോവയെക്കുറിച്ചും യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചും മറ്റള്ളവരോടു പറയുന്നതാണു നിങ്ങൾക്കു ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യം. യഹോവയെ സേവിക്കാനുള്ള ഒരു മാർഗമാണ് ഇത്. യഹോവയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്നത് യഹോവ വിലമതിക്കുകയും ചെയ്യുന്നു. (എബ്രായർ 6:10) പ്രസംഗപ്രവർത്തനം നമുക്കും നമ്മുടെ സന്ദേശം കേൾക്കുന്നവർക്കും പ്രയോജനം ചെയ്യും. കാരണം അതിലൂടെ നിങ്ങൾക്കും മറ്റുള്ളവർക്കും യഹോവയുമായി ഒരു ഉറ്റ ബന്ധത്തിലേക്കു വരാനും നിത്യജീവൻ നേടാനും കഴിയും. (1 കൊരിന്ത്യർ 15:58 വായിക്കുക.) ഇതിനെക്കാൾ സന്തോഷം തരുന്ന മറ്റേതെങ്കിലും പ്രവർത്തനമുണ്ടോ?
17. പ്രസംഗപ്രവർത്തനം അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
17 അടിയന്തിരമായി ചെയ്യേണ്ട ഒന്നാണു പ്രസംഗപ്രവർത്തനം. നമ്മൾ “ദൈവവചനം പ്രസംഗി”ക്കണം. “ചുറുചുറുക്കോടെ” അതു ചെയ്യണം. (2 തിമൊഥെയൊസ് 4:2) ദൈവരാജ്യത്തെക്കുറിച്ച് ആളുകൾ കേൾക്കേണ്ടതുണ്ട്. ബൈബിൾ പറയുന്നു: “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു! അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം പാഞ്ഞടുക്കുന്നു!” അന്ത്യം“താമസിക്കില്ല!” (സെഫന്യ 1:14; ഹബക്കൂക്ക് 2:3) അതെ, പെട്ടെന്നുതന്നെ ദൈവം സാത്താന്റെ ഈ ദുഷ്ടലോകം നശിപ്പിക്കും. അതു സംഭവിക്കുന്നതിനു മുമ്പ് നമ്മൾ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ യഹോവയെ സേവിക്കണോ എന്ന് അവർക്കു തീരുമാനിക്കാനാകുമല്ലോ.
18. മറ്റു സത്യക്രിസ്ത്യാനികളോടൊപ്പം നമ്മൾ യഹോവയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?
18 നമ്മൾ മറ്റു സത്യക്രിസ്ത്യാനികളോടൊപ്പം യഹോവയെ ആരാധിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.” (എബ്രായർ 10:24, 25) എല്ലാ യോഗങ്ങൾക്കും കൂടിവരാൻ പരമാവധി ശ്രമിക്കണം. പരസ്പരം പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും ഉള്ള അവസരം യോഗങ്ങൾ തരുന്നു.
19. നമ്മുടെ സഹോദരീസഹോദരന്മാരെ സ്നേഹിക്കാൻ എന്തു നമ്മളെ സഹായിക്കും?
19 യോഗങ്ങൾക്കു കൂടിവരുമ്പോൾ, യഹോവയെ ആരാധിക്കാൻ സഹായിക്കുന്ന നല്ല കൂട്ടുകാരെ നിങ്ങൾക്കു കിട്ടും. യഹോവയെ ആരാധിക്കാൻ നിങ്ങളെപ്പോലെതന്നെ പരമാവധി ശ്രമിക്കുന്ന, വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാരെ നിങ്ങൾ അവിടെ കാണും. നിങ്ങളെപ്പോലെ അവരും അപൂർണരാണ്; അവർക്കും തെറ്റു പറ്റും. അവരോടു ക്ഷമിക്കാൻ മനസ്സുകാണിക്കുക. (കൊലോസ്യർ 3:13 വായിക്കുക.) നിങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ നല്ല ഗുണങ്ങളിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ ചെയ്താൽ അവരെ സ്നേഹിക്കാനും യഹോവയോടു കൂടുതൽ അടുക്കാനും നിങ്ങൾക്കു സാധിക്കും.
യഥാർഥജീവൻ
20, 21. എന്താണ് ‘യഥാർഥജീവൻ?’
20 സാധ്യമാകുന്നതിൽവെച്ച് ഏറ്റവും നല്ല ജീവിതം തന്റെ സ്നേഹിതർക്കുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ ജീവിതത്തെക്കാൾ വളരെ വ്യത്യസ്തമായിരിക്കും ഭാവിയിലെ ജീവിതം എന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു.
21 ഭാവിയിൽ നമ്മൾ നിത്യം ജീവിക്കും, വെറും 70-ഓ 80-ഓ വർഷമല്ല. മനോഹരമായ പറുദീസയിൽ പൂർണാരോഗ്യത്തോടെ സമാധാനത്തിലും സന്തോഷത്തിലും നമ്മൾ ‘നിത്യജീവൻ’ ആസ്വദിക്കും. അതിനെയാണ് ‘യഥാർഥജീവൻ’ എന്നു ബൈബിൾ വിളിക്കുന്നത്. ഈ യഥാർഥജീവൻ തരാമെന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ അതിൽ ‘പിടിയുറപ്പിക്കാൻ’ നമ്മളാലാവുന്നതെല്ലാം നമ്മൾ ഇപ്പോൾ ചെയ്യണം.—1 തിമൊഥെയൊസ് 6:12, 19.
22. (എ) നമുക്ക് എങ്ങനെ ‘യഥാർഥജീവനിൽ പിടിയുറപ്പിക്കാൻ’ കഴിയും? (ബി) നമ്മുടെ ശ്രമംകൊണ്ട് മാത്രം നിത്യജീവൻ സമ്പാദിക്കാനാകാത്തത് എന്തുകൊണ്ട്?
22 നമുക്ക് എങ്ങനെ ‘യഥാർഥജീവനിൽ പിടിയുറപ്പിക്കാൻ’ കഴിയും? അതിനു നമ്മൾ ‘നന്മ ചെയ്യണം.’ ‘നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും’ ആകണം. (1 തിമൊഥെയൊസ് 6:18) അതിന്റെ അർഥം ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം എന്നാണ്. എന്നാൽ യഥാർഥജീവൻ നമ്മുടെ ശ്രമംകൊണ്ടോ അധ്വാനംകൊണ്ടോ മാത്രം സമ്പാദിക്കാവുന്ന ഒന്നല്ല. പകരം യഹോവ തന്റെ വിശ്വസ്തദാസർക്ക് ഉദാരമായി നൽകുന്ന സമ്മാനമാണു നിത്യജീവൻ. അതു ദൈവത്തിന്റെ “അനർഹദയ”യുടെ ഒരു ഉദാഹരണമാണ്. (റോമർ 5:15) തന്റെ വിശ്വസ്തദാസർക്ക് ഈ സമ്മാനം തരാൻ നമ്മുടെ സ്വർഗീയപിതാവ് എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ!
23. നിങ്ങൾ ഇപ്പോൾ ശരിയായ തീരുമാനങ്ങളെടുക്കേണ്ടത് എന്തുകൊണ്ട്?
23 നിങ്ങളോടുതന്നെ ചോദിക്കുക: ‘ദൈവം അംഗീകരിക്കുന്ന വിധത്തിലാണോ ഞാൻ ദൈവത്തെ ആരാധിക്കുന്നത്?’ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അത് ഇപ്പോൾത്തന്നെ വരുത്തുക. നമ്മൾ യഹോവയിൽ ആശ്രയിക്കുകയും യഹോവയെ അനുസരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ നമ്മുടെ അഭയസ്ഥാനമായിരിക്കും. സാത്താന്റെ ഈ ദുഷ്ടലോകത്തിന്റെ അവസാനത്തിൽ യഹോവ തന്റെ വിശ്വസ്തജനത്തെ സുരക്ഷിതരായി കാക്കും. തുടർന്ന്, തന്റെ വാക്കിനു ചേർച്ചയിൽ നമ്മൾ എന്നെന്നും പറുദീസയിൽ ജീവിക്കുന്നെന്ന് യഹോവ ഉറപ്പുവരുത്തും. അതെ, ഇപ്പോൾ ശരിയായ തീരുമാനങ്ങളെടുക്കുന്നെങ്കിൽ നിങ്ങൾക്കും ലഭിക്കും യഥാർഥജീവൻ!