പാഠം 7
ബാബേൽ ഗോപുരം
പ്രളയത്തിനു ശേഷം നോഹയുടെ മക്കൾക്കു കുറെ കുട്ടികൾ ഉണ്ടായി. അവരുടെ കുടുംബം വലുതായി; അവർ ഭൂമിയുടെ പല ഭാഗങ്ങളിലും പോയി താമസിക്കാൻതുടങ്ങി. അതെ, യഹോവ പറഞ്ഞതുപോലെതന്നെ അവർ ചെയ്തു.
എന്നാൽ ചില കുടുംബങ്ങൾ യഹോവയെ അനുസരിച്ചില്ല. അവർ പറഞ്ഞു: ‘നമുക്കൊരു നഗരം പണിത് ഇവിടെത്തന്നെ താമസിക്കാം. എന്നിട്ട് ഒരു ഗോപുരം പണിയണം. അതിന്റെ അറ്റം ആകാശംവരെ എത്തണം. അങ്ങനെ നമുക്ക് പേരെടുക്കാം.’
അവർ ചെയ്യുന്നത് യഹോവയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവരുടെ പണി തടയാൻ യഹോവ തീരുമാനിച്ചു. യഹോവ എങ്ങനെയാണ് അതു ചെയ്തതെന്നു നിങ്ങൾക്ക് അറിയാമോ? ഓരോരുത്തരും പെട്ടെന്നു വേറെവേറെ ഭാഷ സംസാരിക്കാൻ യഹോവ ഇടയാക്കി. ഒരാൾ പറയുന്നതു മറ്റേ ആൾക്കു മനസ്സിലാകാത്തതുകൊണ്ട് അവർ പണി നിറുത്തിക്കളഞ്ഞു. അവർ പണിതുകൊണ്ടിരുന്ന ആ നഗരം, “കലക്കം” എന്ന് അർഥമുള്ള ബാബേൽ എന്ന് അറിയപ്പെട്ടു. ആളുകൾ അങ്ങനെ ദൂരേക്കു പോയി ഭൂമിയിൽ എല്ലായിടത്തുമായി താമസിക്കാൻതുടങ്ങി. പക്ഷേ അവിടെയും അവർ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. യഹോവയെ സ്നേഹിക്കുന്ന ആരെങ്കിലും പിന്നെ ഉണ്ടായിരുന്നോ? നമുക്ക് അത് അടുത്ത അധ്യായത്തിൽ കാണാം.
“തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”—ലൂക്കോസ് 18:14