പാഠം 60
എന്നും നിലനിൽക്കുന്ന ഒരു രാജ്യം!
ഒരു രാത്രി നെബൂഖദ്നേസർ രാജാവ് വിചിത്രമായ ഒരു സ്വപ്നം കണ്ടു. അതു രാജാവിനെ വളരെ അസ്വസ്ഥനാക്കി. രാജാവിന് ഉറങ്ങാൻ പറ്റിയില്ല. രാജാവ് മന്ത്രവാദികളെ വിളിച്ചിട്ട് സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞു: ‘രാജാവേ, അങ്ങ് കണ്ട സ്വപ്നം എന്താണെന്നു പറഞ്ഞാലും.’ എന്നാൽ നെബൂഖദ്നേസറിന്റെ മറുപടി ഇതായിരുന്നു: ‘ഞാൻ കണ്ട സ്വപ്നവും അർഥവും നിങ്ങൾ പറയണം. ഇല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും.’ അവർ വീണ്ടും പറഞ്ഞു: ‘അങ്ങ് കണ്ട സ്വപ്നം എന്താണെന്നു പറഞ്ഞാലും. അപ്പോൾ ഞങ്ങൾ അതു വിശദീകരിച്ചു തരാം.’ രാജാവ് പറഞ്ഞു: ‘നിങ്ങൾ എല്ലാവരുംകൂടെ എന്നെ വഞ്ചിക്കാൻ നോക്കുകയാണ്. ഞാൻ കണ്ട സ്വപ്നം എന്താണെന്നു നിങ്ങൾ പറയണം.’ അവർ രാജാവിനോടു പറഞ്ഞു: ‘അങ്ങ് ആവശ്യപ്പെടുന്ന കാര്യം അസാധ്യമാണ്. അതു ചെയ്യാൻ കഴിവുള്ള ആരും ഭൂമിയിലില്ല.’
നെബൂഖദ്നേസറിനു വളരെ ദേഷ്യം വന്നു. ദേശത്തുള്ള എല്ലാ ജ്ഞാനികളെയും കൊന്നുകളയാൻ രാജാവ് ഉത്തരവിട്ടു. അതിൽ ദാനിയേൽ, ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നിവരും ഉണ്ടായിരുന്നു. രാജാവിനോട് ദാനിയേൽ കുറച്ച് സമയം ചോദിച്ചു. എന്നിട്ട് ദാനിയേലും കൂട്ടുകാരും സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. യഹോവ എന്താണു ചെയ്തത്?
ഒരു ദർശനത്തിൽ യഹോവ നെബൂഖദ്നേസറിന്റെ സ്വപ്നം ദാനിയേലിനെ കാണിച്ച് അതിന്റെ അർഥം പറഞ്ഞുകൊടുത്തു. പിറ്റേന്ന് രാജാവിന്റെ ദാസന്റെ അടുത്ത് ചെന്ന് ദാനിയേൽ പറഞ്ഞു: ‘ജ്ഞാനികളെ ആരെയും കൊല്ലരുത്. രാജാവിന്റെ സ്വപ്നം ഞാൻ വിശദീകരിക്കാം.’ ദാസൻ ദാനിയേലിനെ നെബൂഖദ്നേസറിന്റെ അടുത്തേക്ക് കൊണ്ടുപോയി. രാജാവിനോടു ദാനിയേൽ പറഞ്ഞു: ‘ദൈവം അങ്ങയ്ക്ക് ഭാവി വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഇതാണ് അങ്ങ് കണ്ട സ്വപ്നം: ഒരു കൂറ്റൻ പ്രതിമ! അതിന്റെ തല സ്വർണംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും ചെമ്പുകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ഉള്ളതായിരുന്നു. പിന്നെ പർവതത്തിൽനിന്ന് ഒരു കല്ല് വെട്ടിയെടുക്കപ്പെട്ടു. ആ കല്ല് പ്രതിമയുടെ പാദത്തിൽ വന്നിടിച്ചു. പ്രതിമ തകർന്ന് പൊടിയായി. അതു കാറ്റത്ത് പറന്നുപോയി. ആ കല്ല് ഒരു വലിയ പർവതമായി ഭൂമി മുഴുവൻ നിറഞ്ഞു.’
ദാനിയേൽ തുടർന്നു: ‘അങ്ങയുടെ സ്വപ്നത്തിന്റെ അർഥം ഇതാണ്: സ്വർണംകൊണ്ടുള്ള തല അങ്ങയുടെ രാജ്യമാണ്. വെള്ളി സൂചിപ്പിക്കുന്നത് അങ്ങയ്ക്കു ശേഷം വരുന്ന രാജ്യത്തെയാണ്. അതിനു ശേഷം ചെമ്പുപോലുള്ള ഒരു രാജ്യം വരും. അതു മുഴുഭൂമിയെയും ഭരിക്കും. അടുത്ത രാജ്യം ഇരുമ്പുപോലെ ശക്തമായിരിക്കും. അവസാനത്തേത് ഭിന്നിച്ചിരിക്കുന്ന രാജ്യമായിരിക്കും. അതിന്റെ ചില ഭാഗങ്ങൾ ഇരുമ്പുപോലെ ശക്തവും ചില ഭാഗങ്ങൾ കളിമണ്ണുപോലെ ദുർബലവും ആയിരിക്കും. പർവതമായിത്തീർന്ന കല്ല് ദൈവരാജ്യമാണ്. അത് ഈ രാജ്യങ്ങളെയെല്ലാം തകർത്ത് എന്നും നിലനിൽക്കും.’
നെബൂഖദ്നേസർ ദാനിയേലിനു മുന്നിൽ നിലത്ത് കമിഴ്ന്നുവീണു. രാജാവ് പറഞ്ഞു: ‘താങ്കളുടെ ദൈവമാണ് ഈ സ്വപ്നം താങ്കൾക്കു വെളിപ്പെടുത്തിത്തന്നത്. ആ ദൈവത്തെപ്പോലെ മറ്റൊരു ദൈവം ഇല്ല.’ നെബൂഖദ്നേസർ ദാനിയേലിനെ കൊന്നില്ലെന്നു മാത്രമല്ല എല്ലാ ജ്ഞാനികളുടെയും തലവനാക്കുകയും ചെയ്തു; ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധികാരിയുമാക്കി. ദാനിയേലിന്റെ പ്രാർഥനയ്ക്ക് യഹോവ എങ്ങനെയാണ് ഉത്തരം കൊടുത്തതെന്നു കണ്ടോ?
“അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.”—വെളിപാട് 16:16