പാഠം 75
പിശാച് യേശുവിനെ പരീക്ഷിക്കുന്നു
യേശുവിന്റെ സ്നാനം കഴിഞ്ഞ് പരിശുദ്ധാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. 40 ദിവസം യേശു ഒന്നും കഴിച്ചില്ല. അതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. അപ്പോൾ പിശാച് വന്ന് യേശുവിനെ പ്രലോഭിപ്പിക്കാൻ ഇങ്ങനെ പറഞ്ഞു: ‘നീ ശരിക്കും ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ പറയൂ.’ എന്നാൽ യേശു തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു: ‘ജീവിച്ചിരിക്കാൻ ആഹാരം മാത്രം പോരാ, യഹോവ പറയുന്ന ഓരോ വാക്കും ശ്രദ്ധിക്കണം എന്ന് എഴുതിയിട്ടുണ്ട്.’
അടുത്തതായി പിശാച് യേശുവിനെ ഇങ്ങനെ വെല്ലുവിളിച്ചു: ‘നീ ശരിക്കും ദൈവപുത്രനാണെങ്കിൽ ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഈ ഭാഗത്തുനിന്ന് ഒന്നു ചാടുക. നിന്നെ താങ്ങാൻ ദൈവം തന്റെ ദൂതന്മാരെ അയയ്ക്കുമെന്ന് എഴുതിയിട്ടുണ്ടല്ലോ.’ എന്നാൽ വീണ്ടും തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് യേശു പറഞ്ഞു: ‘യഹോവയെ പരീക്ഷിക്കരുത് എന്നും എഴുതിയിട്ടുണ്ട്.’
പിന്നെ സാത്താൻ യേശുവിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അതിന്റെ സമ്പത്തും പ്രതാപവും കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘എന്നെ ഒരൊറ്റ തവണ ആരാധിച്ചാൽ മതി, ഈ രാജ്യങ്ങളും അതിന്റെ പ്രതാപവും ഒക്കെ ഞാൻ നിനക്കു തരാം.’ പക്ഷേ യേശുവിന്റെ മറുപടി ഇതായിരുന്നു: ‘സാത്താനേ, ദൂരെ പോ! യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിട്ടുണ്ട്.’
അപ്പോൾ പിശാച് യേശുവിനെ വിട്ട് പോയി. ദൈവദൂതന്മാർ വന്ന് യേശുവിനു ഭക്ഷണം കൊടുത്തു. ആ സമയംമുതൽ യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി. ഈ വേല ചെയ്യാൻവേണ്ടിയാണ് ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. യേശു പഠിപ്പിച്ച കാര്യങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് യേശു പോയിടത്തെല്ലാം അവരും കൂടെ പോയി.
“നുണ പറയുമ്പോൾ പിശാച് തന്റെ തനിസ്വഭാവമാണു കാണിക്കുന്നത്. കാരണം അവൻ നുണയനും നുണയുടെ അപ്പനും ആണ്.”—യോഹന്നാൻ 8:44