അധ്യായം 3
ദൈവത്തെ സ്നേഹിക്കുന്നവരെ കൂട്ടുകാരാക്കുക
“ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും.”—സുഭാഷിതങ്ങൾ 13:20.
1-3. (എ) സുഭാഷിതങ്ങൾ 13:20-ൽനിന്ന് എന്തു മനസ്സിലാക്കാം? (ബി) കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്?
ഒരു കുഞ്ഞ് അതിന്റെ മാതാപിതാക്കളെ നിരീക്ഷിക്കുന്നത് എങ്ങനെയാണെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം അവൻ പിടിച്ചെടുക്കും. വലുതാകുമ്പോൾ അവൻ മാതാപിതാക്കളെ അനുകരിക്കാൻ തുടങ്ങും, അതു പ്രത്യേകശ്രമം ചെയ്തിട്ടൊന്നുമല്ല. ഇതു മുതിർന്നവരുടെ കാര്യത്തിലും സത്യമാണ്. അവർ ആരോടൊപ്പമാണോ കൂടുതൽ സമയം ചെലവഴിക്കുന്നത്, അവരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങും.
2 സുഭാഷിതങ്ങൾ 13:20-ൽ “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും” എന്നു പറയുന്നു. ഇവിടെ ‘കൂടെ നടക്കുക’ എന്നതിൽ ഒരാളുമായി സമയം ചെലവഴിക്കുന്നതാണ് ഉൾപ്പെടുന്നത്. അല്ലാതെ വെറുതെ ഒരാളോട് ഒപ്പമായിരിക്കുന്നതിനെയല്ല ഇത് അർഥമാക്കുന്നത്. ഒരു ബൈബിൾപണ്ഡിതൻ പറയുന്നതനുസരിച്ച്, ഒരാളുടെകൂടെ നടക്കുക എന്നതിൽ അയാളെ സ്നേഹിക്കുന്നതും അയാളോട് അടുപ്പം തോന്നുന്നതും ഉൾപ്പെടുന്നു. നമ്മൾ ആരോടൊപ്പമാണോ കൂടുതൽ സമയം ചെലവഴിക്കുന്നത്, അവർ നമ്മളെ വളരെയധികം സ്വാധീനിക്കും; പ്രത്യേകിച്ച് നമുക്ക് അടുപ്പമുള്ളവരാണെങ്കിൽ.
3 കൂട്ടുകാർക്കു നമ്മളെ നല്ല വിധത്തിലും മോശമായ വിധത്തിലും സ്വാധീനിക്കാൻ കഴിയും. സുഭാഷിതങ്ങൾ 13:20 തുടർന്നുപറയുന്നു: “വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” ദൈവത്തെ സ്നേഹിക്കുന്ന കൂട്ടുകാർ ദൈവത്തോടു വിശ്വസ്തരായി നിൽക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കും. കൂട്ടുകാരെ എങ്ങനെ ജ്ഞാനപൂർവം തിരഞ്ഞെടുക്കാം എന്നു മനസ്സിലാക്കുന്നതിന് യഹോവ എങ്ങനെയുള്ളവരെയാണ് കൂട്ടുകാരാക്കുന്നതെന്നു നോക്കാം.
ആരാണ് ദൈവത്തിന്റെ കൂട്ടുകാർ?
4. ദൈവത്തിന്റെ സുഹൃത്തായിരിക്കുക എന്നതു വലിയ പദവിയായിരിക്കുന്നത് എന്തുകൊണ്ട്? യഹോവ അബ്രാഹാമിനെ ‘എന്റെ സ്നേഹിതൻ’ എന്നു വിളിച്ചത് എന്തുകൊണ്ട്?
4 പ്രപഞ്ചത്തിന്റെ പരമാധികാരിയായ യഹോവ തന്റെ കൂട്ടുകാരാകാനുള്ള അവസരം നമുക്കു തന്നിരിക്കുന്നു. അതു വലിയൊരു പദവിയാണ്. യഹോവ തന്റെ കൂട്ടുകാരെ വളരെ ശ്രദ്ധയോടെയാണു തിരഞ്ഞെടുക്കുന്നത്. തന്നെ സ്നേഹിക്കുന്നവരെയും തന്നെ വിശ്വസിക്കുന്നവരെയും ആണ് യഹോവ കൂട്ടുകാരാക്കുന്നത്. അബ്രാഹാമിനെക്കുറിച്ച് ഒന്നു ചിന്തിക്കുക. ദൈവത്തിനുവേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. വിശ്വസ്തനും അനുസരണമുള്ളവനും ആണെന്ന് അബ്രാഹാം വീണ്ടുംവീണ്ടും തെളിയിച്ചു. തന്റെ മകനായ യിസ്ഹാക്കിനെപ്പോലും ബലി അർപ്പിക്കാൻ അദ്ദേഹം മനസ്സുകാണിച്ചു. തന്റെ “മകനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന് ” അബ്രാഹാമിനു വിശ്വാസമുണ്ടായിരുന്നു. (എബ്രായർ 11:17-19; ഉൽപത്തി 22:1, 2, 9-13) അബ്രാഹാം വിശ്വസ്തനും അനുസരണമുള്ളവനും ആയിരുന്നതുകൊണ്ട് യഹോവ അദ്ദേഹത്തെ ‘എന്റെ സ്നേഹിതൻ’ എന്നു വിളിച്ചു.—യശയ്യ 41:8; യാക്കോബ് 2:21-23.
5. തന്നോടു വിശ്വസ്തരായിരിക്കുന്നവരെ ദൈവം എങ്ങനെയാണു കാണുന്നത്?
5 യഹോവ തന്റെ കൂട്ടുകാരെ വിലപ്പെട്ടവരായാണു കാണുന്നത്. അവർക്കു ദൈവത്തോടുള്ള വിശ്വസ്തതയാണു മറ്റെന്തിനെക്കാളും പ്രധാനം. (2 ശമുവേൽ 22:26 വായിക്കുക.) ദൈവത്തോടു സ്നേഹമുള്ളതുകൊണ്ട് അവർ ദൈവത്തോടു വിശ്വസ്തരും അനുസരണമുള്ളവരും ആണ്. ദൈവത്തെ അനുസരിക്കുന്ന “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത് ” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 3:32) യഹോവ കൂട്ടുകാരെ തന്റെ ‘കൂടാരത്തിലേക്കു’ വിശിഷ്ടരായ അതിഥികളായാണു ക്ഷണിക്കുന്നത്. തന്നെ ആരാധിക്കാനും ഏതു സമയത്തും തന്നോടു പ്രാർഥിക്കാനും ദൈവം അവർക്ക് അവസരം കൊടുത്തിരിക്കുന്നു.—സങ്കീർത്തനം 15:1-5.
6. യേശുവിനെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
6 “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 14:23) അതുകൊണ്ട് യഹോവയുടെ കൂട്ടുകാരായിരിക്കണമെങ്കിൽ യേശുവിനെ സ്നേഹിക്കുകയും യേശു പഠിപ്പിച്ചത് ചെയ്യുകയും വേണം. ഉദാഹരണത്തിന്, സന്തോഷവാർത്ത പ്രസംഗിക്കാനും ആളുകളെ ശിഷ്യരാക്കാനും ഉള്ള യേശുവിന്റെ നിർദേശം നമ്മൾ അനുസരിക്കുന്നു. (മത്തായി 28:19, 20; യോഹന്നാൻ 14:15, 21) യേശുവിനെ സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ ആ “കാലടികൾക്കു തൊട്ടുപിന്നാലെ” ചെല്ലുന്നു, അങ്ങനെ യേശുവിനെ അനുകരിക്കുന്നു. (1 പത്രോസ് 2:21) വാക്കിലും പ്രവൃത്തിയിലും തന്റെ പുത്രനെ അനുകരിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നും!
7. നമ്മുടെ കൂട്ടുകാർ യഹോവയുടെയും കൂട്ടുകാരാണെന്നു നമ്മൾ ഉറപ്പുവരുത്തേണ്ടത് എന്തുകൊണ്ട്?
7 യേശുവിനെ സ്നേഹിക്കുന്ന, വിശ്വസ്തരായ, അനുസരണമുള്ള ആളുകളെയാണ് യഹോവ കൂട്ടുകാരാക്കുന്നത്. ഇങ്ങനെയുള്ളവരെയാണോ നമ്മൾ കൂട്ടുകാരാക്കുന്നത്? നിങ്ങളുടെ കൂട്ടുകാർ യേശുവിനെ അനുകരിക്കുന്നവരും ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാൻ ഉത്സാഹമുള്ളവരും ആണെങ്കിൽ അവർ നല്ല കൂട്ടുകാരായിരിക്കും. നല്ലൊരു വ്യക്തിയായിരിക്കാനും യഹോവയോടു വിശ്വസ്തത നിലനിറുത്താനും അവർക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
ബൈബിൾ കഥാപാത്രങ്ങളിൽനിന്ന് പഠിക്കുക
8. രൂത്തും നൊവൊമിയും തമ്മിലുള്ള സൗഹൃദത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണ്?
8 ബൈബിളിൽ നമുക്ക് അനേകം സുഹൃദ്ബന്ധങ്ങളെക്കുറിച്ച് വായിക്കാൻ കഴിയും. അതിലൊന്നാണ് രൂത്തും അമ്മായിയമ്മയായ നൊവൊമിയും തമ്മിലുള്ളത്. അവർ വളർന്നുവന്ന നാടും പശ്ചാത്തലവും വ്യത്യസ്തമായിരുന്നു. നൊവൊമിക്കു രൂത്തിനെക്കാൾ ഒരുപാടു പ്രായവുമുണ്ടായിരുന്നു. എന്നാൽ അവർ ഉറ്റസുഹൃത്തുക്കളായി മാറി. കാരണം അവർ രണ്ടു പേരും യഹോവയെ സ്നേഹിച്ചിരുന്നു. നൊവൊമി മോവാബിൽനിന്ന് ഇസ്രായേലിലേക്കു പോകാൻ തീരുമാനിച്ചപ്പോൾ “രൂത്ത് നൊവൊമിയെ വിട്ട് പോകാൻ കൂട്ടാക്കാതെ നിന്നു.” രൂത്ത് നൊവൊമിയോടു പറഞ്ഞു: “അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.” (രൂത്ത് 1:14, 16) രൂത്ത് നൊവൊമിയോടു വളരെ ദയയോടെ ഇടപെട്ടു. ഇസ്രായേലിൽ എത്തിയപ്പോൾ രൂത്ത് കഠിനാധ്വാനം ചെയ്ത് തന്റെ കൂട്ടുകാരിയെ പിന്തുണച്ചു. നൊവൊമിയോ? രൂത്തിനെ വളരെയധികം സ്നേഹിക്കുകയും നല്ല ഉപദേശങ്ങൾ കൊടുക്കുകയും ചെയ്തു. രൂത്ത് അതെല്ലാം ശ്രദ്ധിച്ചു. അതിന്റെ ഫലമായി അവർക്കു ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു.—രൂത്ത് 3:6.
9. ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദത്തിൽ നിങ്ങളെ ആകർഷിച്ചത് എന്താണ്?
9 യഹോവയോടു വിശ്വസ്തരായി നിന്ന മറ്റു രണ്ടു നല്ല കൂട്ടുകാരാണു ദാവീദും യോനാഥാനും. യോനാഥാൻ ദാവീദിനെക്കാൾ ഏകദേശം 30 വയസ്സു മൂത്തതായിരുന്നു. ഇസ്രായേലിന്റെ അടുത്ത രാജാവാകേണ്ടതും യോനാഥാനായിരുന്നു. (1 ശമുവേൽ 17:33; 31:2; 2 ശമുവേൽ 5:4) എങ്കിലും യഹോവ ദാവീദിനെയാണ് അടുത്ത രാജാവായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ യോനാഥാന് അസൂയ തോന്നിയില്ല, ദാവീദിനെതിരെ മത്സരിക്കാനും പോയില്ല. പകരം തന്നെക്കൊണ്ടാകുന്ന വിധത്തിലെല്ലാം യോനാഥാൻ ദാവീദിനെ പിന്തുണച്ചു. ഉദാഹരണത്തിന്, ദാവീദ് അപകടത്തിലായപ്പോൾ “യഹോവയിൽ ശക്തിയാർജിക്കാൻ” യോനാഥാൻ ദാവീദിനെ സഹായിച്ചു. തന്റെ ജീവൻ പണയം വെച്ചുപോലും അദ്ദേഹം ദാവീദിനോടൊപ്പം നിന്നു. (1 ശമുവേൽ 23:16, 17) വിശ്വസ്തനായ ഒരു കൂട്ടുകാരനായിരുന്നു ദാവീദും. യോനാഥാന്റെ കുടുംബത്തെ നോക്കിക്കൊള്ളാമെന്നു ദാവീദ് വാക്കു കൊടുത്തിരുന്നു. യോനാഥാന്റെ മരണശേഷവും ദാവീദ് ആ വാക്കു പാലിച്ചു.—1 ശമുവേൽ 18:1; 20:15-17, 30-34; 2 ശമുവേൽ 9:1-7.
10. മൂന്ന് എബ്രായകൂട്ടുകാരിൽനിന്ന് സൗഹൃദത്തെക്കുറിച്ച് നിങ്ങൾ എന്താണു പഠിച്ചത്?
10 ശദ്രക്കും മേശക്കും അബേദ്-നെഗൊയും കൂട്ടുകാരായിരുന്നു. എബ്രായരായിരുന്ന ഇവർക്ക് കുട്ടിക്കാലത്തുതന്നെ മറ്റൊരു നാട്ടിൽ ബന്ദികളായി പോകേണ്ടിവന്നു. വീട്ടിൽനിന്ന് അകലെയായിരുന്നപ്പോഴും യഹോവയോടു വിശ്വസ്തരായിരിക്കാൻ അവർ അന്യോന്യം സഹായിച്ചു. പിന്നീട് മുതിർന്നപ്പോൾ അവരുടെ വിശ്വാസം പരിശോധിക്കുന്ന ഒരു സംഭവമുണ്ടായി. നെബൂഖദ്നേസർ രാജാവ് ഒരു സ്വർണപ്രതിമയെ ആരാധിക്കാൻ ഉത്തരവിട്ടു. എന്നാൽ ശദ്രക്കും മേശക്കും അബേദ്-നെഗൊയും പ്രതിമയെ ആരാധിച്ചില്ല. അവർ രാജാവിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ ദൈവങ്ങളെ സേവിക്കുകയോ അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കുകയോ ഇല്ല.” വിശ്വാസത്തിന്റെ പരിശോധന നേരിട്ടപ്പോൾ ഈ മൂന്നു കൂട്ടുകാരും അവരുടെ ദൈവത്തോടു വിശ്വസ്തരായി നിന്നു.—ദാനിയേൽ 1:1-17; 3:12, 16-28.
11. പൗലോസും തിമൊഥെയൊസും നല്ല കൂട്ടുകാരായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
11 ചെറുപ്പക്കാരനായ തിമൊഥെയൊസിന് യഹോവയോടുള്ള സ്നേഹവും സഭയോടുള്ള ആത്മാർഥമായ കരുതലും പൗലോസ് മനസ്സിലാക്കി. അതുകൊണ്ട് പല സ്ഥലങ്ങളിലുള്ള സഹോദരീസഹോദരന്മാരെ സഹായിക്കുന്നതിന് പൗലോസ് തിമൊഥെയൊസിനു പരിശീലനം കൊടുത്തു. (പ്രവൃത്തികൾ 16:1-8; 17:10-14) തിമൊഥെയൊസ് കഠിനാധ്വാനം ചെയ്തു. “എന്റെകൂടെ സന്തോഷവാർത്തയുടെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചു” എന്നാണു പൗലോസ് തിമൊഥെയൊസിനെക്കുറിച്ച് പറഞ്ഞത്. തിമൊഥെയൊസ് സഹോദരങ്ങളോട് “ആത്മാർഥമായ താത്പര്യം” കാണിക്കുമെന്നു പൗലോസിന് അറിയാമായിരുന്നു. യഹോവയുടെ സേവനത്തിൽ ഒത്തൊരുമിച്ച് കഠിനാധ്വാനം ചെയ്ത പൗലോസും തിമൊഥെയൊസും നല്ല കൂട്ടുകാരായി മാറി.—ഫിലിപ്പിയർ 2:20-22; 1 കൊരിന്ത്യർ 4:17.
കൂട്ടുകാരെ എങ്ങനെ തിരഞ്ഞെടുക്കാം?
12, 13. (എ) സഭയിലാണെങ്കിൽപ്പോലും കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്? (ബി) 1 കൊരിന്ത്യർ 15:33-ൽ കാണുന്ന മുന്നറിയിപ്പു പൗലോസ് കൊടുത്തത് എന്തുകൊണ്ട്?
12 സഭയിൽ നമുക്കു സഹോദരങ്ങളിൽനിന്ന് പലതും പഠിക്കാനാകും. വിശ്വസ്തരായി തുടരാൻ അന്യോന്യം സഹായിക്കാനുമാകും. (റോമർ 1:11, 12 വായിക്കുക.) പക്ഷേ സഭയിലാണെങ്കിൽപ്പോലും ഒരാളെ ഉറ്റസുഹൃത്താക്കുന്നതിനു മുമ്പു നന്നായി ചിന്തിക്കണം. പല സംസ്കാരത്തിലും പശ്ചാത്തലത്തിലും ഉള്ള ധാരാളം സഹോദരീസഹോദരന്മാർ നമുക്കുണ്ട്. ചിലർ പുതുതായിരിക്കാം. മറ്റു ചിലർ വർഷങ്ങളായി യഹോവയെ സേവിക്കുന്നവരായിരിക്കാം. ഒരു പഴം പഴുത്ത് പാകമാകാൻ സമയമെടുക്കുന്നതുപോലെ യഹോവയുമായുള്ള ഒരാളുടെ ബന്ധം വളർന്നുവരാനും സമയമെടുക്കും. അതുകൊണ്ട് നമ്മൾ അന്യോന്യം ക്ഷമയും സ്നേഹവും കാണിക്കുമെങ്കിലും എപ്പോഴും സൂക്ഷിച്ചായിരിക്കും കൂട്ടുകാരെ തിരഞ്ഞെടുക്കുന്നത്.—റോമർ 14:1; 15:1; എബ്രായർ 5:12–6:3.
13 സഭയിൽ ചിലപ്പോൾ ഗുരുതരമായ ചില പ്രശ്നങ്ങളുണ്ടായേക്കാം. അപ്പോൾ നമ്മൾ പ്രത്യേകിച്ച് ശ്രദ്ധയുള്ളവരായിരിക്കണം. ചിലപ്പോൾ ഒരു സഹോദരനോ സഹോദരിയോ ബൈബിളിൽ തെറ്റാണെന്നു പറയുന്ന ഒരു കാര്യം ചെയ്യുന്നുണ്ടാകാം. അല്ലെങ്കിൽ സഭയ്ക്കു ഹാനി വരുത്തുന്ന രീതിയിൽ പരാതി പറഞ്ഞ് നടക്കുന്നുണ്ടാകും. ഇതു നമ്മളെ അതിശയിപ്പിക്കുന്നില്ല. കാരണം, ഒന്നാം നൂറ്റാണ്ടിലും ഇടയ്ക്കു സഭയിൽ ഇതുപോലുള്ള ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അപ്പോസ്തലനായ പൗലോസ് അന്നത്തെ ക്രിസ്ത്യാനികൾക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “വഴിതെറ്റിക്കപ്പെടരുത്. ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.” (1 കൊരിന്ത്യർ 15:12, 33) സഹോദരങ്ങളെ ഉറ്റസുഹൃത്തുക്കളാക്കുന്ന കാര്യത്തിൽ പൗലോസ് തിമൊഥെയൊസിനും മുന്നറിയിപ്പു കൊടുത്തു. നമ്മളും ഇന്ന് ആളുകളെ ഉറ്റസുഹൃത്തുക്കളാക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കണം.—2 തിമൊഥെയൊസ് 2:20-22 വായിക്കുക.
14. കൂട്ടുകാരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ എന്താണു കുഴപ്പം?
14 യഹോവയുമായുള്ള നമ്മുടെ ബന്ധം നമ്മൾ കാത്തുസൂക്ഷിക്കണം. കാരണം അതു നമുക്കു വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് വിശ്വാസത്തിനു തുരങ്കം വെക്കുകയും ദൈവവുമായുള്ള ബന്ധം തകരാറിലാക്കുകയും ചെയ്യാൻ സാധ്യതയുള്ള ആരെയും നമ്മൾ ഉറ്റസുഹൃത്താക്കില്ല. വിനാഗിരിയിൽ ഒരു സ്പോഞ്ച് മുക്കിയിട്ട് അതു പിഴിയുമ്പോൾ വെള്ളം കിട്ടുമെന്നു പ്രതീക്ഷിക്കാൻ കഴിയാത്തതുപോലെ, തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ കൂട്ടുകാരാക്കിയിട്ട് ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്ക് എളുപ്പമായിരിക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് ആരെയൊക്കെ ഉറ്റസുഹൃത്തുക്കളാക്കണമെന്നു വളരെ ശ്രദ്ധിച്ചുവേണം തീരുമാനിക്കാൻ.—1 കൊരിന്ത്യർ 5:6; 2 തെസ്സലോനിക്യർ 3:6, 7, 14.
15. സഭയിൽ നല്ല കൂട്ടുകാരെ കണ്ടെത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
15 യഹോവയെ ആത്മാർഥമായി സ്നേഹിക്കുന്നവരെ നിങ്ങൾക്കു സഭയിൽ കണ്ടെത്താം. അവർക്കു നിങ്ങളുടെ ഉറ്റസുഹൃത്തായിരിക്കാൻ കഴിയും. (സങ്കീർത്തനം 133:1) നിങ്ങളുടെ അതേ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ളവരെ മാത്രമല്ല കൂട്ടുകാരാക്കാൻ നോക്കേണ്ടത്. യോനാഥാൻ ദാവീദിനെക്കാൾ ഒരുപാടു മൂത്തതായിരുന്നെന്നും രൂത്ത് നൊവൊമിയെക്കാൾ ഒരുപാട് ഇളയതായിരുന്നെന്നും മറക്കരുത്. “നിങ്ങളും ഹൃദയം വിശാലമായി തുറക്കണം” എന്ന ബൈബിളിന്റെ ഉപദേശം അനുസരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. (2 കൊരിന്ത്യർ 6:13; 1 പത്രോസ് 2:17 വായിക്കുക.) നിങ്ങൾ യഹോവയെ എത്രയധികം അനുകരിക്കുന്നോ അത്രയധികം മറ്റുള്ളവർ നിങ്ങളുടെ സുഹൃത്താകാൻ ആഗ്രഹിക്കും.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
16, 17. സഭയിൽ ആരെങ്കിലും നമ്മളെ വിഷമിപ്പിച്ചാൽ നമ്മൾ എന്തു ചെയ്യരുത്?
16 ഏതൊരു കുടുംബമെടുത്താലും അതിലെ അംഗങ്ങളുടെ വ്യക്തിത്വവും അഭിപ്രായങ്ങളും കാര്യങ്ങൾ ചെയ്യുന്ന വിധവും വ്യത്യസ്തമാണ്. സഭയിലും അങ്ങനെതന്നെയാണ്. ഈ വൈവിധ്യം നമ്മുടെ ജീവിതം രസകരമാക്കുന്നു. അന്യോന്യം പല കാര്യങ്ങൾ നമുക്ക് പഠിക്കാനും കഴിയുന്നു. പക്ഷേ ചിലപ്പോൾ ഈ വൈവിധ്യം നമ്മുടെ സഹോദരീസഹോദരന്മാരെ തെറ്റിദ്ധരിക്കാൻ ഇടയാക്കിയേക്കാം. ചില സാഹചര്യങ്ങളിൽ അവരോടു ഇഷ്ടക്കേടു തോന്നാനോ നമ്മുടെ വികാരങ്ങൾ മുറിപ്പെടാനോ ഇടയായേക്കാം. (സുഭാഷിതങ്ങൾ 12:18) ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ നിരുത്സാഹിതരാകണോ? സഭയിൽനിന്ന് മാറി നിൽക്കണോ?
17 അങ്ങനെ ചെയ്യരുത്. ആരെങ്കിലും നമ്മളെ ഏതെങ്കിലും വിധത്തിൽ വേദനപ്പിച്ചാൽപ്പോലും നമ്മൾ സഭയിൽനിന്ന് വിട്ടുനിൽക്കില്ല. കാരണം, നമ്മളെ വേദനിപ്പിച്ചത് യഹോവയല്ല. കൂടാതെ, നമുക്ക് ജീവനും മറ്റെല്ലാ കാര്യങ്ങളും തന്ന യഹോവ നമ്മുടെ സ്നേഹവും വിശ്വസ്തതയും അർഹിക്കുന്നു. (വെളിപാട് 4:11) നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താൻ ദൈവം തന്നിരിക്കുന്ന സമ്മാനമാണു സഭ. (എബ്രായർ 13:17) ആരെങ്കിലും വിഷമിപ്പിച്ചെന്നു കരുതി നമ്മൾ ഒരിക്കലും ദൈവത്തിന്റെ ഈ സമ്മാനം വേണ്ടെന്നുവെക്കില്ല.—സങ്കീർത്തനം 119:165 വായിക്കുക.
18. (എ) സഹോദരങ്ങളുമായി ഒത്തുപോകാൻ നമ്മളെ എന്തു സഹായിക്കും? (ബി) നമ്മൾ ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
18 നമ്മൾ നമ്മുടെ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നു. അവരുമായി ഒത്തുപോകാൻ ആഗ്രഹിക്കുന്നു. യഹോവ ആരിൽനിന്നും പൂർണത പ്രതീക്ഷിക്കുന്നില്ല, നമ്മളും പ്രതീക്ഷിക്കരുത്. (സുഭാഷിതങ്ങൾ 17:9; 1 പത്രോസ് 4:8) നമുക്കെല്ലാം തെറ്റു പറ്റാറുണ്ട്. പക്ഷേ, സ്നേഹം എപ്പോഴും ‘അന്യോന്യം ഉദാരമായി ക്ഷമിക്കാൻ’ നമ്മളെ സഹായിക്കും. (കൊലോസ്യർ 3:13) ചെറിയ ഒരു തെറ്റിദ്ധാരണ വലിയൊരു പ്രശ്നമാക്കാതിരിക്കാൻ സ്നേഹം സഹായിക്കും. ആരെങ്കിലും നമ്മളെ വിഷമിപ്പിച്ചാൽ അതെപ്പറ്റി ചിന്തിക്കാതിരിക്കുക എന്നതു പ്രയാസമുള്ള കാര്യംതന്നെയാണ്. ആ വ്യക്തിയോടു ദേഷ്യം തോന്നാനും പക വെച്ചുകൊണ്ടിരിക്കാനും ഒക്കെ എളുപ്പമാണ്. എന്നാൽ അതു നമ്മുടെ സന്തോഷം കെടുത്തുകയേ ഉള്ളൂ. മറിച്ച് ക്ഷമിക്കുകയാണെങ്കിൽ സഭയിൽ ഐക്യവും നമുക്കു മനസ്സമാധാനവും അതിലും പ്രധാനമായി യഹോവയുമായി നല്ലൊരു ബന്ധവും ഉണ്ടായിരിക്കാൻ കഴിയും.—മത്തായി 6:14, 15; ലൂക്കോസ് 17:3, 4; റോമർ 14:19.
ആരെങ്കിലും പുറത്താക്കപ്പെടുമ്പോൾ
19. സഭയിലുള്ള ആരെങ്കിലുമായുള്ള കൂട്ടുകെട്ട് നിറുത്തേണ്ടത് എപ്പോൾ?
19 പരസ്പരം സ്നേഹിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ അന്യോന്യം സന്തോഷിപ്പിക്കാൻ ശ്രമിക്കും. എന്നാൽ അതിലൊരാൾ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നു കരുതുക. മറ്റു കുടുംബാംഗങ്ങൾ എത്ര ശ്രമിച്ചിട്ടും അയാൾ സഹായം സ്വീകരിക്കുന്നില്ല. അവസാനം അയാൾ വീടു വിട്ടുപോകുന്നു. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ കുടുംബനാഥൻ അയാളോട് ആവശ്യപ്പെടുന്നു. സഭയിലും ചിലപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചേക്കാം. ഒരാൾ യഹോവയ്ക്ക് ഇഷ്ടമില്ലാത്തതും സഭയ്ക്കു ദോഷം ചെയ്യുന്നതും ആയ കാര്യങ്ങൾ ചെയ്യുന്നുണ്ടാകാം. അയാൾ സഹായമൊന്നും സ്വീകരിക്കുന്നില്ല; സഭയുടെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന വിധത്തിലാണ് അയാളുടെ പ്രവർത്തനങ്ങൾ. ഒരുപക്ഷേ, അയാൾ സഭ വിട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ അയാളെ സഭയിൽനിന്ന് പുറത്താക്കേണ്ടിവരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അയാളുമായുള്ള ‘കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു’ ബൈബിൾ വ്യക്തമായി പറയുന്നു. (1 കൊരിന്ത്യർ 5:11-13 വായിക്കുക; 2 യോഹന്നാൻ 9-11) പുറത്താക്കപ്പെടുന്നതു നമ്മുടെ ഒരു സുഹൃത്തോ കുടുംബാംഗമോ ആണെങ്കിൽ ഇതു വളരെ ബുദ്ധിമുട്ടായിരിക്കാം. പക്ഷേ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ യഹോവയോടുള്ള നമ്മുടെ വിശ്വസ്തത ആ വ്യക്തിയോടുള്ളതിനെക്കാളും ശക്തമായിരിക്കണം.—പിൻകുറിപ്പ് 8 കാണുക.
20, 21. (എ) സഭയിൽനിന്ന് പുറത്താക്കുന്നതു സ്നേഹപുരസ്സരമായ ഒരു നടപടിയായിരിക്കുന്നത് എന്തുകൊണ്ട്? (ബി) കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
20 പുറത്താക്കൽനടപടി യഹോവയുടെ സ്നേഹപുരസ്സരമായ ഒരു കരുതലാണ്. യഹോവയുടെ നിലവാരങ്ങൾക്കു വില കല്പിക്കാത്തവരിൽനിന്ന് അതു സഭയെ സംരക്ഷിക്കുന്നു. (1 കൊരിന്ത്യർ 5:7; എബ്രായർ 12:15, 16) യഹോവയുടെ വിശുദ്ധമായ പേരിനോടും ഉയർന്ന നിലവാരങ്ങളോടും യഹോവയോടുതന്നെയും സ്നേഹമുണ്ടെന്നാണു ദൈവജനം അതിലൂടെ കാണിക്കുന്നത്. (1 പത്രോസ് 1:15, 16) പുറത്താക്കൽനടപടി പുറത്താകുന്ന ആളോടുള്ള സ്നേഹംകൂടിയാണ്. താൻ ചെയ്യുന്നതു തെറ്റാണെന്നു മനസ്സിലാക്കാനും മാറ്റം വരുത്താനും ശക്തമായ ഈ ശിക്ഷണനടപടി അദ്ദേഹത്തെ സഹായിച്ചേക്കാം. പുറത്താക്കപ്പെട്ട പലരും പിന്നീട് യഹോവയിലേക്കു മടങ്ങി വന്നിട്ടുണ്ട്. അവരെ സന്തോഷത്തോടെ സഭയിലേക്കു വീണ്ടും സ്വീകരിച്ചിട്ടുണ്ട്.—എബ്രായർ 12:11.
21 ഏതെങ്കിലുമൊക്കെ വിധത്തിൽ കൂട്ടുകാർ നമ്മളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് അവരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതു പ്രധാനമാണ്. യഹോവ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കുന്നെങ്കിൽ യഹോവയോട് എല്ലാ കാലവും വിശ്വസ്തരായി തുടരാൻ സഹായിക്കുന്ന കൂട്ടുകാർ നമുക്കുണ്ടാകും.