പാഠം 01
ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക് പ്രയോജനം ചെയ്യുന്നു
ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും ഒക്കെ പല ചോദ്യങ്ങളും അനേകരുടെയും മനസ്സിലുണ്ട്. ഇവയ്ക്കുള്ള ഉത്തരം പലരും ബൈബിളിൽനിന്ന് കണ്ടെത്തിയിരിക്കുന്നു. ഇതിനു പുറമേ, ഓരോ ദിവസത്തെയും കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളും നമുക്കുണ്ട്. ഉദാഹരണത്തിന്, വീട്ടുചെലവുകൾ എങ്ങനെ നടത്തും, കുടുംബത്തിൽ സന്തോഷമുണ്ടാകാൻ എന്തു ചെയ്യണം എന്നൊക്കെ. ഇവയ്ക്കുള്ള നല്ല മാർഗനിർദേശങ്ങളും ബൈബിളിൽനിന്ന് കിട്ടുന്നു. നിങ്ങൾക്കും നിങ്ങൾ അറിയുന്ന മറ്റുള്ളവർക്കും ബൈബിളിൽനിന്ന് പ്രയോജനം നേടാൻ കഴിയില്ലേ?
1. ബൈബിൾ ഉത്തരം നൽകുന്ന ചില ചോദ്യങ്ങൾ ഏതെല്ലാമാണ്?
ജീവൻ എങ്ങനെ ഉണ്ടായി? മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം എന്താണ്? നല്ല ആളുകൾക്കുപോലും ദുരിതങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? എല്ലാവർക്കും സമാധാനം വേണമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇത്രയധികം യുദ്ധങ്ങൾ? ഭൂമി എന്നെങ്കിലും നശിച്ചുപോകുമോ? ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം ലക്ഷക്കണക്കിന് ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളെയും അതിനു പ്രോത്സാഹിപ്പിക്കുന്നു.
2. ഓരോ ദിവസത്തെയും കാര്യങ്ങൾ നന്നായി കൊണ്ടുപോകാൻ ബൈബിൾ എങ്ങനെയാണ് സഹായിക്കുന്നത്?
ബൈബിൾ നമുക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ തരുന്നുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ, ടെൻഷൻ മാറ്റാൻ, പ്രശ്നങ്ങളുണ്ടാകുമ്പോഴും മുന്നോട്ടു പോകാൻ, ഇതുപോലെ പല വിഷയങ്ങളെക്കുറിച്ചും ബൈബിൾ എന്താണു പറയുന്നതെന്നു നമ്മൾ ഇനി മനസ്സിലാക്കാൻ പോകുകയാണ്. ‘തിരുവെഴുത്തുകൾ മുഴുവൻ (ബൈബിളിലുള്ളതെല്ലാം) ഉപകാരപ്പെടുന്നതാണ്’ എന്ന് നിങ്ങൾക്ക് അപ്പോൾ ഉറപ്പാകും.—2 തിമൊഥെയൊസ് 3:16.
ഇതു ബൈബിളിനു പകരമുള്ള പുസ്തകമല്ല, ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ്. അതുകൊണ്ട് ഓരോ പാഠത്തിലും കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ എടുത്തുനോക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ നിങ്ങൾക്ക് ബൈബിളുമായി പരിചയത്തിലാകാൻ കഴിയും.
ആഴത്തിൽ പഠിക്കാൻ
ബൈബിൾ എങ്ങനെയാണു പലരെയും സഹായിച്ചിരിക്കുന്നത്? ബൈബിൾവായന എങ്ങനെ രസകരമാക്കാം? ബൈബിൾ പഠിക്കാൻ മറ്റുള്ളവരുടെ സഹായം വേണ്ടത് എന്തുകൊണ്ടാണ്? നമുക്കു നോക്കാം.
3. ബൈബിൾ നമുക്ക് വഴി കാണിക്കുന്നു
ബൈബിൾ നല്ല ഒരു ടോർച്ച് പോലെയാണ്. നല്ല തീരുമാനങ്ങളെടുക്കാനും ഭാവിയിൽ എന്തു സംഭവിക്കുമെന്നു മനസ്സിലാക്കാനും അതു സഹായിക്കുന്നു.
സങ്കീർത്തനം 119:105 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ഈ വാക്യത്തിൽ ദൈവവചനത്തെ എന്തിനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്?
ബൈബിളിന് നിങ്ങളെ സഹായിക്കാൻ കഴിയുമെന്നു തോന്നുന്നുണ്ടോ?
4. ബൈബിൾ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം തരും
വർഷങ്ങളായി പല സംശയങ്ങളും ഉണ്ടായിരുന്ന ഒരു സ്ത്രീക്കു ബൈബിളിൽനിന്ന് ഉത്തരം കിട്ടി. അതെക്കുറിച്ച് അവർ പറയുന്നതു കേൾക്കാം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സ്ത്രീക്ക് എന്തെല്ലാം സംശയങ്ങളാണ് ഉണ്ടായിരുന്നത്?
ബൈബിളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ അവരെ സഹായിച്ചത് എങ്ങനെ?
ചോദ്യങ്ങൾ ചോദിക്കാൻ ബൈബിൾ നമ്മളോടു പറയുന്നു. മത്തായി 7:7 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ബൈബിളിൽനിന്ന് ഉത്തരം കിട്ടാൻ ആഗ്രഹിക്കുന്ന എന്തൊക്കെ ചോദ്യങ്ങൾ നിങ്ങൾക്കുണ്ട്?
5. ബൈബിൾവായന രസകരമാക്കാം!
ബൈബിൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. അവർക്ക് അതിൽനിന്ന് പ്രയോജനവും കിട്ടിയിരിക്കുന്നു. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വായനാശീലത്തെക്കുറിച്ച് പല ചെറുപ്പക്കാരും എന്താണു പറഞ്ഞത്?
എന്നാൽ ബൈബിൾ വായിക്കുന്നത് ആ ചെറുപ്പക്കാർക്ക് ഇഷ്ടമാണ്. എന്തുകൊണ്ട്?
നമുക്ക് ആശ്വാസവും പ്രതീക്ഷയും തരാൻ ബൈബിളിനു കഴിയുമെന്നു ബൈബിൾതന്നെ ഉറപ്പു തരുന്നു. റോമർ 15:4 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
വാക്യത്തിൽ പറഞ്ഞിരിക്കുന്ന ‘പ്രത്യാശയെക്കുറിച്ചും ആശ്വാസത്തെക്കുറിച്ചും’ കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?
6. ബൈബിൾ മനസ്സിലാക്കാൻ സഹായം സ്വീകരിക്കുക
ബൈബിൾ വായിക്കുന്നതോടൊപ്പം അതിലെ വിവരങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരുടെ സഹായം തേടുന്നതും നല്ലതാണെന്ന് പലരും പറയുന്നു. പ്രവൃത്തികൾ 8:26-31 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ബൈബിൾ മനസ്സിലാക്കാൻ നമ്മൾ എന്തു ചെയ്യണം?—30, 31 വാക്യങ്ങൾ കാണുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ? ബൈബിൾ പഠിച്ചിട്ട് എന്താ കാര്യം?”
അവരോട് എന്തു പറയും? എന്തുകൊണ്ട്?
ചുരുക്കത്തിൽ
ജീവിതത്തിൽ നമുക്ക് വേണ്ട ഉപദേശങ്ങളും പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ബൈബിളിൽ കാണാം. മാത്രമല്ല ബൈബിൾ നമുക്ക് ആശ്വാസവും ഭാവിയിലേക്ക് ഒരു നല്ല പ്രത്യാശയും തരുന്നു.
ഓർക്കുന്നുണ്ടോ?
ബൈബിൾ എന്തിനൊക്കെയുള്ള ഉപദേശങ്ങൾ തരുന്നു?
ബൈബിൾ ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നുണ്ട്?
ബൈബിളിൽനിന്ന് എന്ത് അറിയാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
കൂടുതൽ മനസ്സിലാക്കാൻ
ബൈബിൾ പറയുന്ന കാര്യങ്ങൾ ഇന്നു നടപ്പിലാക്കാൻ പറ്റുന്നതാണോ?
“ബൈബിൾപഠിപ്പിക്കലുകൾ—കാലത്തെ വെല്ലുന്ന ജ്ഞാനം!” (വീക്ഷാഗോപുരം 2018 നമ്പർ 1)
കുട്ടിക്കാലം മുതൽ പലപല പ്രശ്നങ്ങൾ അനുഭവിച്ച ഒരാളെ ബൈബിൾ സഹായിച്ചത് എങ്ങനെയെന്നു കാണുക.
കുടുംബജീവിതം സന്തോഷമുള്ളതാക്കാൻ ബൈബിൾ തരുന്ന ഉപദേശം.
“സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ” (ഉണരുക! 2018 നമ്പർ 2)
ലോകം ഭരിക്കുന്നത് ആരാണെന്നാണ് ബൈബിൾ പറയുന്നത്?
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?—ദൈർഘ്യമേറിയത് (3:14)