പാഠം 20
സഭ സംഘടിതമായി പ്രവർത്തിക്കുന്നത് എങ്ങനെ?
എല്ലാ കാര്യങ്ങളും ചിട്ടയായും ക്രമമായും ചെയ്യുന്ന ദൈവമാണ് യഹോവ. (1 കൊരിന്ത്യർ 14:33, 40) അതുപോലെ തന്റെ ജനവും സംഘടിതമായി പ്രവർത്തിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ക്രിസ്തീയ സഭ സംഘടിതമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്? അക്കാര്യത്തിൽ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
1. സഭയുടെ തല ആരാണ്?
‘ക്രിസ്തുവാണ് സഭയുടെ തല.’ (എഫെസ്യർ 5:23) ലോകമെങ്ങുമുള്ള യഹോവയുടെ ജനത്തിന്റെ പ്രവർത്തനങ്ങൾക്ക് സ്വർഗത്തിൽനിന്ന് യേശു നേതൃത്വം കൊടുക്കുന്നു. അനുഭവപരിചയമുള്ള പുരുഷന്മാരുടെ ഒരു ചെറിയ കൂട്ടത്തെ നേതൃത്വമെടുക്കാൻ യേശു നിയമിച്ചിട്ടുണ്ട്. ബൈബിൾ അവരെ “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്ന് വിളിക്കുന്നു. അവരാണ് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ആയി പ്രവർത്തിക്കുന്നത്. (മത്തായി 24:45-47 വായിക്കുക.) ഒന്നാം നൂറ്റാണ്ടിൽ യരുശലേമിൽ ഉണ്ടായിരുന്ന അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും പോലെ ഭരണസംഘം ഇന്ന് ലോകമെങ്ങുമുള്ള സഭകൾക്കു നിർദേശങ്ങൾ കൊടുക്കുന്നു. (പ്രവൃത്തികൾ 15:2) എന്നാൽ ഭരണസംഘത്തിലെ അംഗങ്ങൾ സംഘടനയുടെ നേതാക്കന്മാർ അല്ല. മാർഗനിർദേശത്തിനായി അവരും യഹോവയിലേക്കും ദൈവവചനത്തിലേക്കും നോക്കുന്നു. സഭയുടെ തലയായ യേശുവിനെ അനുസരിച്ച് അവർ കീഴടങ്ങിയിരിക്കുന്നു.
2. സഭയിൽ മൂപ്പന്മാരുടെ ഉത്തരവാദിത്വം എന്താണ്?
പക്വതയും അനുഭവപരിചയവും ഉള്ള പുരുഷന്മാർ സഭകളിൽ ദൈവജനത്തെ ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു. അവർ സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഈ ഇടയന്മാരാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന മൂപ്പന്മാർ. അവർ ശമ്പളം വാങ്ങിയല്ല ഇതൊന്നും ചെയ്യുന്നത്. ‘ദൈവമുമ്പാകെ മനസ്സോടെ, അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല, അതീവതാത്പര്യത്തോടെ’ ആണ് അവർ അതു ചെയ്യുന്നത്. (1 പത്രോസ് 5:1, 2) മൂപ്പന്മാരെ സഹായിക്കാൻ സഭകളിൽ ശുശ്രൂഷാദാസന്മാരുണ്ട്. യോഗ്യതകളിൽ എത്തിച്ചേരുന്ന ശുശ്രൂഷാദാസന്മാരിൽ ചിലർ പിന്നീട് മൂപ്പന്മാരാകുന്നു.
ഭരണസംഘം ചില മൂപ്പന്മാരെ സർക്കിട്ട് മേൽവിചാരകന്മാരായി നിയമിക്കുന്നു. അവർ സഭകൾ സന്ദർശിച്ച് മാർഗനിർദേശവും പ്രോത്സാഹനവും കൊടുക്കുന്നു. സർക്കിട്ട് മേൽവിചാരകന്മാർ, ബൈബിളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരുന്നവരെ ശുശ്രൂഷാദാസന്മാരായും മൂപ്പന്മാരായും നിയമിക്കുന്നു.—1 തിമൊഥെയൊസ് 3:1-10, 12; തീത്തോസ് 1:5-9.
3. യഹോവയുടെ സാക്ഷികളായ ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്വം എന്താണ്?
അവർ എല്ലാവരും സഭയിൽ ‘യഹോവയുടെ നാമം സ്തുതിക്കുന്നു.’ സഭായോഗങ്ങളിൽ കൂടിവരുമ്പോൾ അവർ അഭിപ്രായങ്ങൾ പറയുകയും പാട്ടു പാടുകയും ഒക്കെ ചെയ്യുന്നു. കൂടാതെ ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് സന്തോഷവാർത്ത പ്രസംഗിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 148:12, 13 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
യേശു എങ്ങനെയുള്ള നേതാവാണ്? മൂപ്പന്മാർ യേശുവിന്റെ മാതൃക അനുകരിക്കുന്നത് എങ്ങനെയാണ്? നമുക്ക് എങ്ങനെ യേശുവിനോടും മൂപ്പന്മാരോടും സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും? ഇക്കാര്യങ്ങൾ നോക്കാം.
4. യേശു സ്നേഹത്തോടെയും ദയയോടെയും നയിക്കുന്നു
യേശു നമുക്ക് എല്ലാവർക്കും ആശ്വാസം പകരുന്ന ഒരു ക്ഷണം തരുന്നു. മത്തായി 11:28-30 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യേശു എങ്ങനെയുള്ള ഒരു നേതാവാണ്? തന്റെ നേതൃത്വത്തിനു കീഴിലുള്ളവർക്ക് എന്ത് അനുഭവമുണ്ടാകാനാണ് യേശു ആഗ്രഹിക്കുന്നത്?
മൂപ്പന്മാർ എങ്ങനെയാണ് യേശുവിന്റെ മാതൃക അനുകരിക്കുന്നത്? വീഡിയോ കാണുക.
മൂപ്പന്മാർ അവരുടെ ഉത്തരവാദിത്വം എങ്ങനെ നന്നായി ചെയ്യണമെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.
യശയ്യ 32:2; 1 പത്രോസ് 5:1-3 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യേശുവിനെപ്പോലെ, മൂപ്പന്മാർ ദയയോടെയാണ് നമ്മളോട് ഇടപെടാൻ ശ്രമിക്കുന്നത് എന്നു മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?
മറ്റ് ഏതൊക്കെ വിധങ്ങളിലാണ് മൂപ്പന്മാർ യേശുവിനെ അനുകരിക്കുന്നത്?
5. മൂപ്പന്മാർ പഠിപ്പിക്കുന്നതുതന്നെ പ്രവർത്തിക്കുന്നു
മൂപ്പന്മാർ തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാണ് യേശു ആഗ്രഹിക്കുന്നത്? വീഡിയോ കാണുക.
സഭയിൽ നേതൃത്വമെടുക്കുന്നവർക്ക് യേശു നല്ലൊരു മാതൃക വെച്ചിട്ടുണ്ട്. മത്തായി 23:8-12 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മൂപ്പന്മാർ എങ്ങനെ ഇടപെടണമെന്നാണ് ബൈബിൾ പറഞ്ഞിരിക്കുന്നത്? എന്നാൽ മതനേതാക്കന്മാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
മൂപ്പന്മാർ യഹോവയുമായുള്ള ബന്ധം ശക്തമാക്കിനിറുത്തുന്നു, കുടുംബാംഗങ്ങളെയും അതിനു സഹായിക്കുന്നു
മൂപ്പന്മാർ സഭയിലുള്ള എല്ലാവരെയും പരിപാലിക്കുന്നു
മൂപ്പന്മാർ പതിവായി സന്തോഷവാർത്ത പ്രസംഗിക്കുന്നു
മൂപ്പന്മാർ പഠിപ്പിക്കുന്നു. കൂടാതെ ശുചീകരണത്തിലും മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു
6. നമുക്കു മൂപ്പന്മാരോടു സഹകരിച്ച് പ്രവർത്തിക്കാം
മൂപ്പന്മാരോട് നമ്മൾ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ഒരു പ്രധാന കാരണം ബൈബിൾ പറയുന്നുണ്ട്. എബ്രായർ 13:17 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നേതൃത്വമെടുക്കുന്നവരെ നമ്മൾ മനസ്സോടെ അനുസരിക്കണമെന്ന് ബൈബിൾ പറയുന്നത് ന്യായമാണോ? എന്തുകൊണ്ട്?
ലൂക്കോസ് 16:10 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമുക്ക് പ്രധാനമാണെന്ന് തോന്നാത്ത കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും മൂപ്പന്മാരുമായി സഹകരിച്ചും കീഴ്പെട്ടും പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായിരിക്കേണ്ട കാര്യമൊന്നും ഇല്ല, നമുക്ക് ഇഷ്ടമുള്ള രീതിയിൽ ദൈവത്തെ ആരാധിക്കാലോ.”
ഒരു സഭയുടെ ഭാഗമായി ദൈവത്തെ ആരാധിക്കുന്നത് ഗുണം ചെയ്യുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
ചുരുക്കത്തിൽ
യേശുവാണ് സഭയുടെ തല. മൂപ്പന്മാർ യേശുവിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നമ്മൾ മൂപ്പന്മാരുമായി സന്തോഷത്തോടെ സഹകരിച്ച് പ്രവർത്തിക്കുന്നു. കാരണം അവർ സ്നേഹത്തോടെയും ദയയോടെയും ഇടപെടുന്നു, പഠിപ്പിക്കുന്നതുതന്നെ പ്രവർത്തിക്കുന്നു.
ഓർക്കുന്നുണ്ടോ?
സഭയുടെ തല ആരാണ്?
മൂപ്പന്മാർ സഭയെ സഹായിക്കുന്നത് എങ്ങനെയാണ്?
യഹോവയുടെ ആരാധകരിൽ ഓരോരുത്തരുടെയും ഉത്തരവാദിത്വം എന്താണ്?
കൂടുതൽ മനസ്സിലാക്കാൻ
ഭരണസംഘത്തിലെ അംഗങ്ങൾക്കും മറ്റു മൂപ്പന്മാർക്കും ഇന്ന് സഹോദരങ്ങളോടുള്ള കരുതലിന്റെ തെളിവുകൾ കാണുക.
നിരോധനത്തിന് കീഴിലുള്ള സഹോദരങ്ങളെ ബലപ്പെടുത്തുന്നു (4:22)
സർക്കിട്ട് മേൽവിചാരകന്മാരുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
സഭയിൽ സ്ത്രീകൾക്കുള്ള ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നു വായിക്കാം.
“യഹോവയുടെ സാക്ഷികളിൽ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകളുണ്ടോ?” (വെബ്സൈറ്റിലെ ലേഖനം)
സഹാരാധകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാരെക്കുറിച്ച് വായിക്കാം.