പാഠം 31
ദൈവരാജ്യം എന്താണ്?
ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ദൈവരാജ്യത്തെക്കുറിച്ചാണ്. യഹോവ ഭൂമിയെക്കുറിച്ച് ഉദ്ദേശിച്ചിരുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതു ദൈവരാജ്യത്തിലൂടെയാണ്. എന്നാൽ എന്താണ് ദൈവരാജ്യം? അത് ഇപ്പോൾ ഭരണം നടത്തുന്നുണ്ടെന്ന് എങ്ങനെ അറിയാം? ദൈവരാജ്യം ഇതിനോടകം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്? ഭാവിയിൽ എന്തൊക്കെ കാര്യങ്ങൾ അതു ചെയ്യും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പാഠത്തിലും അടുത്ത രണ്ടു പാഠങ്ങളിലും കാണാം.
1. എന്താണ് ദൈവരാജ്യം? ആരാണ് അതിന്റെ രാജാവ്?
ദൈവമായ യഹോവ സ്വർഗത്തിൽ സ്ഥാപിച്ച ഒരു ഗവൺമെന്റാണ് ദൈവരാജ്യം. ഈ രാജ്യത്തിന്റെ രാജാവ് യേശുക്രിസ്തു ആണ്. സ്വർഗത്തിൽനിന്ന് യേശു ഭൂമിയിലുള്ള എല്ലാവരെയും ഭരിക്കും. (മത്തായി 4:17; യോഹന്നാൻ 18:36) ‘യേശു എന്നും രാജാവായി ഭരിക്കും’ എന്ന് ബൈബിൾ പറയുന്നു.—ലൂക്കോസ് 1:32, 33.
2. യേശുവിന്റെ കൂടെ ആരൊക്കെ ഭരിക്കും?
യേശു ഒറ്റയ്ക്കല്ല ഭരണം നടത്തുന്നത്. ‘എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ളവർ രാജാക്കന്മാരായി ഭൂമിയെ ഭരിക്കും.’ (വെളിപാട് 5:9, 10) ക്രിസ്തുവിനോടൊപ്പം എത്ര പേർ ഭരിക്കും? യേശു ഭൂമിയിൽ വന്നതുമുതൽ ലക്ഷക്കണക്കിന് ആളുകൾ യേശുവിന്റെ അനുഗാമികൾ ആയിത്തീർന്നിട്ടുണ്ട്. എന്നാൽ അവരിൽ 1,44,000 പേർ മാത്രമായിരിക്കും സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കുക. (വെളിപാട് 14:1-4 വായിക്കുക.) ബാക്കിയുള്ളവർ ഭൂമിയിൽ ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കും.—സങ്കീർത്തനം 37:29.
3. ദൈവരാജ്യമാണ് ഏറ്റവും മികച്ച ഗവൺമെന്റ് എന്നു പറയുന്നത് എന്തുകൊണ്ട്?
ലോകത്തിലെ ഭരണാധികാരികൾക്ക് കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിലും, ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ് അവർക്കില്ല. അതുപോലെ ഭരണം ഇടയ്ക്കിടെ മാറും. ജനങ്ങൾക്കു നന്മ ചെയ്യണമെന്ന ലക്ഷ്യം മാറിവരുന്ന ഭരണാധികാരികൾക്ക് ഉണ്ടാകണമെന്നില്ല. എന്നാൽ, ദൈവരാജ്യത്തിന്റെ രാജാവായ യേശുവിന് ഭരണം മറ്റൊരാൾക്ക് കൈമാറേണ്ടിവരില്ല. കാരണം, ദൈവം സ്ഥാപിച്ചിരിക്കുന്നത് ‘ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യമാണ്.’ (ദാനിയേൽ 2:44) ആരോടും യാതൊരു വേർതിരിവും കാണിക്കാതെ മുഴുഭൂമിയെയും യേശു ഭരിക്കും. യേശു സ്നേഹവാനും ദയയുള്ളവനും നീതി നടപ്പാക്കുന്നവനും ആണ്. മറ്റുള്ളവരോട് അതേപോലെതന്നെ ഇടപെടാൻ യേശു തന്റെ പ്രജകളെയും പഠിപ്പിക്കും.—യശയ്യ 11:9 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
ലോകത്തിലെ ഏത് ഗവൺമെന്റിനെക്കാളും വളരെ മികച്ചതാണ് ദൈവരാജ്യം എന്നു പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം.
4. മുഴുഭൂമിയെയും ഭരിക്കുന്ന ശക്തമായ ഒരു ഗവൺമെന്റ്
ചരിത്രത്തിലെ ഏതൊരു ഭരണാധികാരിയെക്കാളും മികച്ച ഭരണം കാഴ്ചവെക്കാനുള്ള അധികാരം യേശുക്രിസ്തുവിനുണ്ട്. മത്തായി 28:18 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഏതൊരു ഭരണാധികാരിയെക്കാളും അധികാരം യേശുവിനുള്ളത് എന്തുകൊണ്ട്?
മനുഷ്യരുടെ ഭരണം ഇടയ്ക്കിടെ മാറുന്നു. കൂടാതെ, ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമേ അവർക്കു ഭരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ദൈവരാജ്യത്തിന്റെ കാര്യമോ? ദാനിയേൽ 7:14 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ദൈവരാജ്യം ഒരിക്കലും നശിപ്പിക്കപ്പെടില്ല. അതുകൊണ്ടുള്ള പ്രയോജനം എന്താണ്?
ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കും. അതുകൊണ്ടുള്ള പ്രയോജനം എന്താണ്?
5. മനുഷ്യരുടെ ഭരണം അവസാനിക്കേണ്ടതിന്റെ കാരണം
മനുഷ്യരുടെ ഭരണം മാറി ദൈവരാജ്യം ഭരിക്കേണ്ടത് എന്തുകൊണ്ടാണ്? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
മനുഷ്യരുടെ ഭരണംകൊണ്ട് എന്തെല്ലാം കുഴപ്പങ്ങളാണ് ഉണ്ടായിരിക്കുന്നത്?
സഭാപ്രസംഗകൻ 8:9 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മനുഷ്യരുടെ ഭരണം മാറി ദൈവരാജ്യം ഭരണം തുടങ്ങണമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
6. ദൈവരാജ്യത്തിന്റെ ഭരണാധികാരികൾ നമ്മളെ മനസ്സിലാക്കുന്നവരാണ്
ദൈവരാജ്യത്തിന്റെ രാജാവായ യേശു ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ചിട്ടുണ്ട്. “നമ്മുടെ ബലഹീനതകളിൽ സഹതാപം” കാണിക്കാൻ യേശുവിനു കഴിയും. (എബ്രായർ 4:15) ഇനി, യേശുവിനോടൊപ്പം ഭരിക്കാൻ പോകുന്ന 1,44,000 വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ കാര്യമോ? യഹോവ അവരെ തിരഞ്ഞെടുത്തിരിക്കുന്നത് പല “ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും” നിന്നാണ്.—വെളിപാട് 5:9.
മനുഷ്യരുടെ വികാരങ്ങളും വിഷമങ്ങളും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് യേശുവും കൂടെ ഭരിക്കുന്നവരും. ഇത് നമ്മളെ ആശ്വസിപ്പിക്കുന്നില്ലേ? എന്തുകൊണ്ട്?
7. ദൈവരാജ്യത്തിന്റെ നിയമങ്ങൾ മികച്ചതാണ്
ജനങ്ങളുടെ പ്രയോജനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഗവൺമെന്റുകൾ നിയമങ്ങൾ നിർമിക്കുന്നത്. ദൈവരാജ്യവും അതിന്റെ പ്രജകൾക്കുവേണ്ടി നിയമങ്ങൾ വെച്ചിട്ടുണ്ട്. 1 കൊരിന്ത്യർ 6:9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ എല്ലാവരും അനുസരിച്ചാൽ ഈ ലോകം എങ്ങനെയുള്ളത് ആയിരിക്കുമെന്നാണ് നിങ്ങൾക്കു തോന്നുന്നത്?a
ദൈവരാജ്യത്തിന്റെ പ്രജകൾ യഹോവ വെച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അതു ന്യായമാണോ? എന്തുകൊണ്ട്?
ഈ നിയമങ്ങൾ ഇതുവരെ അനുസരിക്കാത്തവർക്കും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നു പറയുന്നത് എന്തുകൊണ്ട്?—11-ാം വാക്യം കാണുക.
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “എന്താ ഈ ദൈവരാജ്യം?”
നിങ്ങൾ എന്ത് ഉത്തരം പറയും?
ചുരുക്കത്തിൽ
സ്വർഗത്തിൽനിന്ന് മുഴുഭൂമിയെയും ഭരിക്കുന്ന ഒരു യഥാർഥ ഗവൺമെന്റാണ് ദൈവരാജ്യം.
ഓർക്കുന്നുണ്ടോ?
ദൈവരാജ്യത്തിന്റെ ഭരണാധികാരികൾ ആരെല്ലാമാണ്?
ലോകത്തിലെ ഏതൊരു ഗവൺമെന്റിനെക്കാളും വളരെ മികച്ചതാണ് ദൈവരാജ്യം എന്നു പറയുന്നത് എന്തുകൊണ്ട്?
ദൈവരാജ്യത്തിന്റെ പ്രജകളിൽനിന്ന് യഹോവ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ്?
കൂടുതൽ മനസ്സിലാക്കാൻ
ദൈവരാജ്യം എവിടെനിന്ന് ഭരിക്കുമെന്നാണ് യേശു പഠിപ്പിച്ചതെന്ന് നോക്കാം.
“ദൈവരാജ്യം നിങ്ങളുടെ ഹൃദയത്തിലാണോ ഉള്ളത്?” (വെബ്സൈറ്റിലെ ലേഖനം)
യഹോവയുടെ സാക്ഷികൾ മനുഷ്യരുടെ ഭരണത്തെക്കാൾ ദൈവരാജ്യത്തിനു പിന്തുണ കൊടുക്കുന്നു. എന്തുകൊണ്ട്?
യേശുവിനോടൊപ്പം ഭരിക്കാൻ യഹോവ തിരഞ്ഞെടുക്കുന്ന 1,44,000 പേരെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്നു നോക്കുക.
ദൈവത്തിനു മാത്രമേ നീതിയുള്ള ഒരു ലോകം കൊണ്ടുവരാൻ കഴിയൂ എന്ന് ജയിലിലായിരുന്ന ഒരു സ്ത്രീക്ക് ബോധ്യംവന്നത് എങ്ങനെ?
“അനീതിക്കൊക്കെ ഒരു അവസാനം വരുമെന്ന് എനിക്കു മനസ്സിലായി” (വെബ്സൈറ്റിലെ ലേഖനം)