യഹോവയുടെ സമയങ്ങളും കാലങ്ങളും നമ്മുടെ നാളിലേക്ക് അർത്ഥമാക്കുന്നത്
“നല്ല ഫലം ഉല്പാദിപ്പിക്കാത്ത ഏതു വൃക്ഷവും വെട്ടി തീയിലിടുന്നു.”—മത്തായി 7:19.
1. യഹോവ കഴിഞ്ഞ കാലത്തെ ചില ഭരണാധികാരികളോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
യഹോവക്കു ‘സമയങ്ങളെയും കാലങ്ങളെയും മാററാനും രാജാക്കൻമാരെ നീക്കാനും രാജാക്കൻമാരെ വാഴിക്കാനും’ കഴിയുമെന്നുള്ള വസ്തുതക്ക് ചരിത്രരേഖ സാക്ഷ്യം വഹിക്കുന്നു. (ദാനിയേൽ 2:21) മുൻ നൂററാണ്ടുകളിൽ തന്റെ ഉദ്ദേശ്യത്തിന് അനുയോജ്യമായിരുന്നപ്പോൾ അവൻ ഫറവോനെയും നെബുഖദ്നേസ്സറെയും ബേൽശസ്സറെയും ഹെരോദ് അഗ്രിപ്പാ 1-ാമനെയും മററു ചിലരെയും നീക്കി. ‘എന്നിരുന്നാലും ആ സംഭവങ്ങളെല്ലാം പുരാതന ചരിത്രമാണ്. അവയ്ക്ക് നമ്മോട് എന്തു ബന്ധം?’ എന്നു ചിലർ പറഞ്ഞേക്കാം. അവയിൽ ശക്തമായ പാഠങ്ങൾ ഉള്ളതുകൊണ്ട് അവയ്ക്ക് നമ്മോട് വളരെ ബന്ധമുണ്ട് യഹോവയുടെ സമയം വരുമ്പോൾ അവൻ ലോകനേതാക്കൻമാരുടെ ഭരണാധിപത്യത്തിന് അവസാനം വരുത്തുന്നു. ഇതാണ് ആ സംഭവങ്ങളിൽനിന്ന് നാം പഠിക്കുന്നത്. അവൻ അങ്ങനെ ചെയ്യാൻ തീരുമാനിച്ചിരിക്കുമ്പോൾ, തന്റെ ഇഷ്ടപ്രകാരമുള്ള ഭരണാധികാരിയെ താൻ അധികാരത്തിലേററിയിരിക്കുകയാണ്.
2. നമ്മുടെ നാളിൽ എന്തിനുള്ള യഹോവയുടെ സമയം വന്നിരിക്കുന്നു?
2 നമ്മുടെ നാളിൽ “രാജാക്കൻമാരെ നീക്കുന്നതിനും രാജാക്കൻമാരെ വാഴിക്കു”ന്നതിനുമുള്ള യഹോവയുടെ സമയം വീണ്ടും വന്നിരിക്കുകയാണ്. തന്റെ ഇഷ്ടപ്രകാരമുള്ള രാജാവിനെ ഇപ്പോൾ ‘വാഴിച്ചിരിക്കുന്നതിൽ’ ദൈവം പെട്ടെന്നുതന്നെ ഈ ലോകത്തിലെ സകല ഭരണാധികാരികളെയും അവർ ഭരിക്കുന്ന മുഴുവ്യവസ്ഥിതിയെയും നീക്കം ചെയ്യും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പുരാതന ബാബിലോനിലെ ബേൽശസ്സറെപ്പോലെ അവരെ “ത്രാസ്സിൽ തൂക്കി കുറവുള്ളതായി കണ്ടിരിക്കുന്നു.” ദൈവത്തിന്റെ ദാസനായ ദാനിയേൽ ബേൽശസ്സറിനോട് “ദൈവം നിന്റെ രാജത്വത്തിന്റെ നാളുകൾ എണ്ണി അതിനെ അവസാനിപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോഴത്തെ അതേ അവസ്ഥയാണ് ഇന്ന്. (ദാനിയേൽ 5:26, 27) അതുകൊണ്ട്, നമ്മുടെ കാലത്ത് യഹോവ “തന്റെ ക്രോധദിവസത്തിൽ രാജാക്കൻമാരെ തീർച്ചയായും തകർത്തുകളയും. അവൻ ജനതകളുടെ ഇടയിൽ ന്യായവിധി നടത്തും.”—സങ്കീർത്തനം 110:5, 6.
“കുറവുള്ളതായി കണ്ടു”
3, 4. സമാധാനം സംമ്പന്ധിച്ച് ലോകഭരണാധികാരികൾ ഈ നൂററാണ്ടിൽ “കുറവുള്ളവരായി” കണ്ടെത്തപ്പെട്ടിരിക്കുന്നതെങ്ങനെ?
3 ലോകവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഭൗമീക ഭരണാധികാരികളെ “കുറവുള്ളതായി കണ്ടി”രിക്കുന്നതെങ്ങനെയാണ്? മറെറതോരു യുഗത്തിൽനിന്നും വ്യത്യസ്തമായി അനർത്ഥങ്ങൾ നിറഞ്ഞ ഒരു കാലമാണു നമ്മുടേത്. ഈ കാലത്ത് മനുഷ്യ കുടുംബത്തിനു സംഭവിച്ചിരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ ഒരു വലിയ പങ്ക് അവർ വഹിക്കേണ്ടതാണ്. ഉദാഹരണത്തിന്, 1914 മുതൽ മാത്രം വിവിധ യുദ്ധങ്ങളിൽ പത്തു കോടിയോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്! ഇന്ന് ന്യൂക്ലിയർ ആയുധങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെതന്നെ ഭീഷണിപ്പെടുത്തുകയാണ്. ഈ മിനിററിൽതന്നെ ആയിരക്കണക്കിനു ന്യൂക്ലിയർ മിസൈലുകൾ ജനസംഖ്യാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി സ്ഥാപിച്ചിരിക്കുകയാണ്. അവ പായിക്കാനുള്ള ആൾക്കാരും ഒരുങ്ങിനിൽക്കുകയാണ്.
4 ന്യൂക്ലിയർ യുദ്ധത്തെക്കുറിച്ച് സയൻസ് മാസിക മരവിപ്പിക്കുന്ന ഈ വിശകലനം റിപ്പോർട്ടു ചെയ്യുകയുണ്ടായി: ‘വലിയ തോതിലുള്ള ഏതു ന്യൂക്ലിയർ യുദ്ധത്തിലും ഭൂമിയിലെ സസ്യജാലങ്ങളുടെയും മുഗജാലങ്ങളുടെയും ഒരു വലിയ പങ്ക് നശിച്ചുപോകാനിടയുണ്ട്. മനുഷ്യവർഗ്ഗത്തിന്റെ നാശത്തെ ഒഴിവാക്കാനാവില്ല.’ യൂറോപ്പിലെ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു: “നഗരങ്ങളുടെ അടിസ്ഥാനത്തിലല്ല, മുഴുഭൂഖണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നാശം കണക്കാക്കുക.” ഒരു ലാററിൻ അമേരിക്കൻ രാജ്യത്തിന്റെ പ്രസിഡണ്ട് പ്രതിരോധച്ചെലവു സംബന്ധിച്ച് ഇങ്ങനെ പ്രസ്താവിച്ചു: “തീർച്ചയായും മുങ്ങിപ്പോകാവുന്ന ഒരു ദുർബ്ബല കപ്പലിലാണ് മനുഷ്യവർഗ്ഗം സഞ്ചരിക്കുന്നത്. അത് താണുപോയാൽ അതോടുകൂടെ സകലവും പോകും.” ഒരു ജാപ്പാനീസ് വർത്തമാനപ്പത്രം ഇങ്ങനെ പ്രസ്താവിച്ചു: “ലോകം [സമാധാനത്തിൽനിന്ന്] ചരിത്രത്തിലെ ഏതു സമയത്തേതിലും അകലെയാണ്.”
5, 6. അനേകം ദേശങ്ങളുടെയും ജനങ്ങളുടെയും സാമ്പത്തികാവസ്ഥ എന്താണ്?
5 എന്നിട്ടും, രാഷ്ട്രങ്ങൾ ആയുധീകരണത്തിന് കൂടുതൽ കൂടുതൽ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചെലവ് വർഷത്തിൽ ഒരുലക്ഷത്തിഇരുപതിനായിരം കോടി രൂപയായി ഉയർന്നിരിക്കുന്നു. സ്കൂൾ പ്രായത്തിലുള്ള ഓരോ കുട്ടിക്കും വേണ്ടി ചെലവഴിക്കുന്നതിന്റെ 50 ഇരട്ടി ഓരോ പടയാളിക്കും വേണ്ടി ലോകം ചെലവഴിക്കുന്നുണ്ടെന്ന് ഒരു കേന്ദ്രം പ്രസ്താവിക്കുന്നു. ലോകമെമ്പാടും കുറഞ്ഞത് 45 കോടിയാളുകൾ പട്ടിണിയിലാണെന്നും അവരുടെ സംഖ്യ വർദ്ധിക്കുകയാണെന്നുമുള്ള ഐക്യരാഷ്ട്ര സമിതിയുടെ ഒരു റിപ്പോർട്ടും പരിഗണിക്കുക. അല്പ വികസിതരാജ്യങ്ങളിൽ “ഓരോ വർഷവും 3 കോടിക്കും 4 കോടിക്കും ഇടയ്ക്ക് ആളുകൾ പട്ടിണിയാൽ മരണമടയുന്നു”വെന്ന് മറെറാരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. മരിക്കുന്നവരിൽ പകുതിയും അഞ്ചു വയസ്സിൽ താണ കുട്ടികളാണെന്നും അതു പറയുന്നു.
6 “ജോലിക്കാരിൽ 40 ശതമാനം സമ്പൂർണ്ണ ദാരിദ്ര്യത്തിലാണ് കഴിയുന്നത്” എന്ന് സൗത്ത് അമേരിക്കയിലെ ഒരു വലിയ രാജ്യത്തെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. അവിടത്തെ മറെറാരു രാജ്യത്ത് അതിന്റെ തലസ്ഥാനനഗരിയിലെ തൊഴിലില്ലായ്മ തൊഴിലാളികളുടെ 51 ശതമാനത്തെ ബാധിക്കുന്നു. ഒരു റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “26 കോടി ജനങ്ങളുള്ള ഒരു ഭൂഖണ്ഡം അര നൂററാണ്ടുകൊണ്ട് അത്യഗാധമായ മാന്ദ്യതയിലേക്ക് ആണ്ടുപോയിരിക്കുന്നു.” ഇനി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഈ മൂന്നു തലക്കെട്ടുകൾ ശ്രദ്ധിക്കുക: “‘ഭയജനക’മെന്നു വിളിക്കപ്പെടുന്ന ദാരിദ്ര്യനിരക്ക്.” “ദാരിദ്ര്യനിരക്ക് ഉയർന്നിരിക്കുന്നു.” “ദാരിദ്ര്യം, വേദനാജനകമായ അനുഭവം.” ഈ റിപ്പോർട്ടുകൾ അല്പവികസിതരാജ്യങ്ങളിൽനിന്നുള്ളവ ആയിരുന്നോ? അല്ല, അവ കാനഡയിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ഫെഡറിൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെയും ഉദ്യോഗസ്ഥൻമാരിൽനിന്നുള്ളവയായിരുന്നു. അതെ, സമ്പന്നരാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നവപോലും പ്രയാസങ്ങളിൽ പുതഞ്ഞിരിക്കുകയാണ്.
7. നമ്മുടെ കാലത്ത് വളരെ പ്രബലപ്പെട്ടിരിക്കുന്ന കുററകൃത്യത്തെയും അക്രമത്തെയും കുറിച്ച് എന്തു പ്രസ്താവനകൾ ചെയ്യപ്പെട്ടിരിക്കുന്നു?
7 അനേകം രാജ്യങ്ങളിൽ കാണുന്ന കുററകൃത്യങ്ങളുടെയും അക്രമത്തിന്റെയും ഒരു പ്രവാഹത്തിൽ ഈ പ്രശ്നങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ദൃഷ്ടാന്തമായി, അമേരിക്കൻ ഐക്യനാടുകളിൽ ഓരോ വർഷവും 50,000ത്തിലധികം അമേരിക്കക്കാർ കൊലചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നുണ്ടെന്ന് രോഗനിയന്ത്രണത്തിനുള്ള ഫെഡറൽ കേന്ദ്രങ്ങൾ പ്രസ്താവിക്കുന്നു. ന്യൂയോർക്ക് റൈറംസിലെ ഒരു മുഖപ്രസംഗം ഇങ്ങനെ ഉപസംഹരിച്ചു: “കാര്യങ്ങൾ നിയന്ത്രണാതീതമാണ്.” “ഇത് അന്തരാഷ്ട്ര അരാജകത്വത്തിന്റെ ഒരു കാലമാണ്” എന്ന് മറെറാരു മുഖപ്രസംഗം പ്രസ്താവിച്ചു. അതുകൊണ്ട്, നൂററാണ്ടുകളിലെ ശ്രമങ്ങളും അനുഭവ പരിചയവും സാങ്കേതിക പുരോഗതിയുമുണ്ടായിട്ടും തങ്ങളുടെ ജനങ്ങളിലനേകർക്കും അടിസ്ഥാനാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിന് ലോകനേതാക്കൾ അപ്രാപ്തരാണ്.
8. ചരിത്രരേഖ എന്തിനു സാക്ഷ്യം വഹിക്കുന്നു?
8 തീർച്ചയായും, മനുഷ്യന് സ്വന്തമായ പരിഹാരമാർഗ്ഗങ്ങൾ ഇല്ലെന്നാണ് പുരാതനവും ആധുനീകവുമായ ചരിത്രരേഖ സാക്ഷ്യപ്പെടുത്തുന്നത്. ഈ ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക, മത, നേതാക്കൻമാർക്ക് നാമാഗ്രഹിക്കുന്നതും നമുക്കാവശ്യമുള്ളതുമായ സമാധാനവും ഭദ്രതയും സന്തുഷ്ടിയും ആരോഗ്യവും ജീവനും കൈവരുത്താൻ ഒരിക്കലും കഴികയില്ല. അതുകൊണ്ട് ഈ ലോകം പോയേ തീരു! അതു പോകുകതന്നെ ചെയ്യും, എന്തുകൊണ്ടെന്നാൽ അതാണ് യഹോവ അതിന്നായിട്ട് ഉദേശിച്ചിരിക്കുന്നത്. അത് ബൈബിൾ പറയുന്നതുപോലെതന്നെയാണ്: “വൃക്ഷങ്ങളുടെ കടയ്ക്കൽ ഇപ്പോൾത്തന്നെ കോടാലി വെച്ചിരിക്കുന്നു; ആകയാൽ, നല്ല ഫലം ഉല്പാദിപ്പിക്കാത്ത ഏതു വൃക്ഷവും വെട്ടി തീയിലിടേണ്ടതാണ്.”—ലൂക്കോസ് 3:9.
ന്യായവിധിക്കുള്ള മറെറരു കാരണം
9. ലോകനേതാക്കൻമാർ പൊതുവേ യഹോവയുടെ ഉദ്ദേശ്യങ്ങളെ എങ്ങനെ കരുതുന്നു?
9 ഈ ലോകവും അതിലെ നേതാക്കൻമാരും ഉളവാക്കിയിരിക്കുന്ന ചീത്തഫലം യഹോവ ലോകത്തെ ത്രാസ്സിൽ തൂക്കി കുറവുള്ളതായി കണ്ടിരിക്കുന്നതിന്റെയും അതിനെ നശിപ്പിക്കാനിരിക്കുന്നതിന്റെയും ഒരു കാരണമാണ്. എന്നാൽ മറെറാരു കാരണമുണ്ട്. ലോകനേതാക്കൻമാർ യഹോവയെ—സ്രഷ്ടാവും സാർവ്വത്രിക പരമാധികാരിയുമായവനെ—പരിഗണിക്കാതെ വിട്ടിരിക്കുന്നു. അവന്റെ ഉദ്ദേശ്യങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിലും കാലങ്ങളിലും അവർക്ക് യഥാർത്ഥ താൽപ്പര്യമില്ല. അതുകൊണ്ടാണ് “ഈ വ്യവസ്ഥിതിയിലെ ഭരണാധികാരികളിലൊരുവൻ പോലും ഈ [ദിവ്യ] ജ്ഞാനം അറിഞ്ഞില്ല” എന്ന് ഒന്നു കൊരിന്ത്യർ 2:8 അവരെക്കുറിച്ച് കൃത്യമായി പറയുന്നത്. അങ്ങനെ, സങ്കീർത്തനം 146:3 നമ്മെ ബുദ്ധിയുപദേശിക്കുന്നു: “പ്രഭുക്കൻമാരിലോ ഭൗമിക മമനുഷ്യന്റെ പുത്രനിലോ ആശ്രയിക്കരുത്, രക്ഷ അവരുടെ വകയല്ല.”
10, 11. (എ) യഹോവയെ അറിയാനാഗ്രഹിക്കുന്നവർ എന്തു ചെയ്യണം? (ബി) മററുള്ളവർക്ക് അറിയാൻ പാടില്ലാത്തത് അറിയാൻ ദൈവദാസൻമാർ പ്രാപ്തരായിരിക്കുന്നതെങ്ങനെ?
10 പകരം, സദൃശവാക്യങ്ങൾ 3:5, 6 നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, നിന്റെ സ്വന്തം വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ പരിഗണിക്കുക, അവൻതന്നെ നിന്റെ പാതകളെ നേരെയാക്കും.” ഇതു ചെയ്യുന്ന ജനം ഈ ലോകത്തിലെ പ്രകാശരഹിതമായ നിരാശയിൽ കഴിയുകയില്ല. യഹോവ തന്റെ ആത്മാവു നൽകി അവരെ അനുഗ്രഹിക്കുമെന്നുള്ളതുകൊണ്ട് അവർ അവന്റെ ഉദ്ദേശ്യങ്ങളും അവർക്കുവേണ്ടിയുള്ള അവന്റെ സമയങ്ങളും കാലങ്ങളും അറിയാനിടയാകും. പ്രവൃത്തികൾ 5:32 പറയുന്നപ്രകാരം, യഹോവ “തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്ക്” തന്റെ പിശുദ്ധാത്മാവിനെ കൊടുക്കുന്നു.
11 അതുകൊണ്ട് ഈ ലോകത്തിലെ ഭരണാധിപൻമാർക്ക് അറിയാൻ പാടില്ലാത്തത് ദൈവദാസൻമാർക്കറിയാം. അവർക്ക് യഹോവയുടെ ഉദ്ദേശ്യങ്ങളും കാലങ്ങളും അറിയാം. കഴിഞ്ഞ കാലത്തു ദൈവദാസൻമാർ “തങ്ങളിലുള്ള ആത്മാവു ഏതു പ്രത്യേക കാലത്തെ അല്ലെങ്കിൽ ഏതുതരം കാലത്തെ സൂചിപ്പിക്കുന്നുവെന്നു പരിശോധിച്ചുകൊണ്ടിരുന്നു”വെന്ന് ഒന്നു പത്രോസ് 1:11 പറയുന്നു. ദൈവാത്മാവ് ഇതു സൂചിപ്പിച്ചതു നിമിത്തം “നിങ്ങൾക്ക് കാലം അറിയാം” എന്ന് അപ്പോസ്തലനായ പൗലോസിന് സഹാരാധകരോടു പറയാൻ കഴിഞ്ഞു. (റോമർ 13:11) യഹോവയുടെ ഇന്നത്തെ ദാസൻമാർ അവനെ ഭരണാധികാരിയായി അനുസരിക്കുന്നതുകൊണ്ട് ഇത് അവന്റെ കാഴ്ചപ്പാടിൽ ഏതു കാലമാണെന്ന് ദൈവവാത്മാവ് അവർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നു. ആമോസ് 3:7 ഇങ്ങനെ പറയുന്നു: “പരമാധികാരിയാം കർത്താവായ യഹോവ തന്റെ ദാസൻമാരായ പ്രവാചകൻമാർക്ക് തന്റെ രഹസ്യ കാര്യം വെളിപ്പെടുത്താത്തപക്ഷം യാതൊന്നും ചെയ്യുകയില്ല.”
മറെറാരു കാരണം കൂടി
12, 13. യഹോവ ഈ ലോകത്തെയും അതിലെ നേതാക്കൻമാരെയും കുറവുള്ളവരായി കണ്ടിരിക്കുന്നതിന്റെ മറെറാരു ശക്തമായ കാരണമെന്ത്?
12 ഇത് യഹോവ ഈ ലോകത്തെയും അതിലെ നേതാക്കൻമാരെയും കുറവുള്ളതായി കണ്ടിരിക്കുന്നതിന്റെയും അവരെ നശിപ്പിക്കുന്നതിന്റെയും മറെറാരു കാരണത്തിങ്കലേക്ക് നമ്മെ എത്തിക്കുന്നു. കഴിഞ്ഞ കാലത്ത് ഫറവോനും ബേൽശസ്സറും ഹെരോദും മററു ഭരണാധിപൻമാരും യഹോവയുടെ ദാസൻമാരോടു ചെയ്തത് ഓർക്കുക. അവർ അവരെ എതിർക്കുകയും പീഡിപ്പിക്കുകയും ചെയ്തു, കൊല്ലുകപോലും ചെയ്തു. ദൈവം ആ ഭരണാധിപൻമാരെ അതിന് ഉത്തരവാദികളാക്കി.
13 നമ്മുടെ നാളിലും സമാനമായ അവസ്ഥയാണ്. വിവിധ ലോകനേതാക്കൻമാർ യഹോവയുടെ സമാധാനകാംക്ഷികളായ ദാസൻമാരെ എതിർക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയുപോലും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഭരണാധികാരികൾ “അത്യുന്നതനെതിരായിപോലും സംസാരിക്കുകയും . . . പരമോന്നതന്റെ വിശുദ്ധൻമാരെതന്നെ തുടർച്ചയായി ഞെരുക്കുകയും ചെയ്യുന്നു.” (ദാനിയേൽ 7:25; 11:36) എന്നാൽ യെശയ്യാ 54:17 ലെ നിശ്വസ്തവിവരണം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിനക്കെതിരായി രൂപപ്പെടുത്തുന്ന യാതൊരു ആയുധവും വിജയിക്കുകയില്ല . . . ഇത് യഹോവയുടെ ദാസൻമാരുടെ പൈതൃകമാകുന്നു.” അതുകൊണ്ട്, കഴിഞ്ഞ കാലത്തെ മററുള്ളവരെപ്പോലെ സകല എതിരാളികളും നിലംപരിചാക്കപ്പെടും. മറിച്ച്, യഹോവ തന്റെ ജനത്തിന്റെ അതിജീവനവും അഭിവൃദ്ധിയും വാഗ്ദാനം ചെയ്യുന്നു.
അവസാനം സമയം അടുക്കുന്നു
14, 15. (എ) നാം ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്, നാം ഏതു മുന്നറിയിപ്പുകൾ അനുസരിക്കേണ്ടതാണ്? (ബി) ലോകനേതാക്കളുടെ ഏതു ശ്രമങ്ങളും ഗണ്യമാക്കാതെ, എന്ത് സത്വരം സമീപിച്ചുവരുന്നു?
14 അതുകൊണ്ട്, ദൈവത്തിന്റെ കാഴ്ചപ്പാടിൽ ഇത് ഏതു സമയമാണ്? ഇത് ഈ ലോകത്തിന്റെ അവസാന സമയമാണ്. അതിന്റെ സൂര്യൻ അസ്തമിക്കുകയാണ്, രാത്രി സത്വരം സമീപിച്ചുവരികയാണ്. അതിന്റെ ശീതകാലം മിക്കവാറും വന്നെത്തിയിരിക്കുകയാണ് നാം “വ്യവസ്ഥിതിയുടെ സമാപന”കാലത്തെ “അന്ത്യനാളുകളി”ലാണ് ജീവിക്കുന്നതെന്ന് ബൈബിൾ പ്രവചന നിവൃത്തിയായുള്ള സകല തെളിവും യഹോവയുടെ സമയപ്പട്ടികയും പ്രകടമാക്കുന്നു. (2 തിമൊഥെയോസ് 3:1-5; മത്തായി 24:3-14) അങ്ങനെ, “നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തു സംഭവിക്കാതിരിക്കാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക” എന്ന യേശുവിന്റെ മുന്നറിയിപ്പു നാം കാര്യമായി എടുക്കേണ്ടതുണ്ട്. (മത്തായി 24:20) ഈ ലോകത്തിന്റെ രാത്രി അഥവാ ശിതകാലം വരുമ്പോൾ യഹോവയുടെ പ്രീതി തേടാൻ സമയം തീരെ വൈകിപ്പോയിരിക്കും.
15 ദൈവത്തിന് അപമാനകരമായ ഈ ലോകത്തെ അവസാനിപ്പിക്കുന്നതിനുള്ള സമയം സത്വരം അടുത്തവരികയാണ്. അത് വരുമ്പോൾ യഹോവ സകല ലോകഭരണാധികാരികളെയും ബലമായി ഉദ്യോഗത്തിൽനിന്ന് നീക്കം ചെയ്യും. അവർ എത്ര ആത്മാർത്ഥതയുള്ളവരായിരുന്നാലും, അവരുടെ നിഷ്ഫലവും ആശാഹീനവുമായ പദ്ധതികൾ നിലച്ചുപോകും. ഭരണാധികാരികൾ സമാധാനത്തിനും സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള വിവിധ പദ്ധതികളും ആയുധക്കരാറുകളും കൊണ്ട് തങ്ങളുടെ ജനങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവത്തിന്റെ അർമ്മഗദ്ദോൻ യുദ്ധത്തിലെ അന്തിമ ബലപരീക്ഷണത്തിലേക്കുള്ള അഭിഗമനം അനവരതം തുടരുകയാണ്.—വെളിപ്പാട് 16:13-16.
16. യഹോവ ലോകഭരണാധിപത്യം ആർക്കു കൊടുത്തിരിക്കുന്നു?
16 കൂടാതെ, യഹോവ “രാജാക്കൻമാരെ നീക്കുക” മാത്രമല്ല, “രാജാക്കൻമാരെ വാഴിക്കുകയും” ചെയ്യുന്നുവെന്നോർക്കുക. (ദാനിയേൽ 2:21) അർമ്മഗദ്ദോനിലെ തന്റെ ന്യായവിധി നിർവ്വഹിക്കുന്നതിന് യഹോവ ഉപയോഗിക്കുന്ന സ്വർഗ്ഗീയ സൈന്യങ്ങൾ സർവ്വഭൂമിക്കുംവേണ്ടി അവൻ ‘വാഴിച്ചിരിക്കുന്ന’ ഭരണാധികാരിയാൽ നയിക്കപ്പെടും. അവൻ തന്റെ വിശ്വസ്ത പുത്രനായ ക്രിസ്തുയേശുവാണ്. ഇപ്പോൾ അവൻ സ്വർഗ്ഗീയ അധികാരത്തിലും മഹത്വത്തിലുമാണ് സ്ഥിതിചെയ്യുന്നത്. വെളിപ്പാട് 19:16 അവനെ “രാജാക്കൻമാരുടെ രാജാവും കർത്താക്കൻമാരുടെ കർത്താവും” എന്നു വിളിക്കുന്നു. ദാനിയേൽ 7:14 പറയുന്നു: “ജനങ്ങളും ദേശീയസംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ഭരണാധിപത്യവും പ്രതാപവും രാജ്യവും കൊടുക്കപ്പെട്ടു. അവന്റെ ഭരണാധിപത്യം നീങ്ങിപ്പോകുകയില്ലാത്ത, അനിശ്ചിതമായി നിലനിൽക്കുന്ന ഒരു ഭരണാധിപത്യമാകുന്നു, അവന്റെ രാജ്യം നശിപ്പിക്കപ്പെടുകയില്ലാത്ത ഒന്നാകുന്നു.”—ദാനിയേൽ 2:44. കൂടെ കാണുക.
17, 18. (എ) ദൈവത്തെയും ഈ ഭൂമിക്കുവേണ്ടിയുള്ള അവന്റെ നിയമിത ഭരണാധികാരിയെയും അംഗീകരിക്കാത്തവർക്ക് എന്തു സംഭവിക്കുമെന്ന് ദൈവവചനം പറയുന്നു?(ബി) അധികസമയം ശേഷിച്ചിട്ടില്ലെന്ന് വേറെ ആർക്കും അറിയാം?
17 യഹോവയേയും സർവ്വഭൂമിക്കും വേണ്ടിയുള്ള അവന്റെ നിയമിത രാജാവിനെയും അംഗീകരിക്കാത്തവർക്ക് എന്തു സംഭവിക്കുമെന്ന് ദൈവത്തിന്റെ പ്രവാചക വചനം വ്യക്തമായ ഭാഷയിൽ പറയുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതും ഞാൻ കണ്ടും, അവൻ മദ്ധ്യാകാശത്തിൽ പറക്കുന്ന സകല പക്ഷികളോടും ഒരു ഉറച്ച ശബ്ദത്തിൽ വിളിച്ചു പറഞ്ഞു: ‘രാജാക്കൻമാരുടെ മാംസള ഭാഗങ്ങളും ഉരുക്കുമനുഷ്യരുടെ മാംസള ഭാഗങ്ങളും കുരിരകളുടെയും അവയുടെമേൽ ഇരിക്കുന്നവരുടെയും മാംസള ഭാഗങ്ങളും സ്വതന്ത്രരുടെയും അതുപോലെതന്നെ അടിമകളുടെയും ചെറിയവരുടെയും വലിയവരുടെയുമായി എല്ലാവരുടെയും മാംസളഭാഗങ്ങളും തിന്നാൻ ഇവിടെ വരുവിൻ, ദൈവത്തിന്റെ വലിയ സന്ധ്യാ ഭക്ഷണത്തിന് ഒന്നിച്ചുകൂടുക.‘”—വെളിപ്പാട് 19:17, 18)
18 യിരെമ്യാവ് 25:23 അത് ഈ വിധത്തിൽ വർണ്ണിക്കുന്നു: “യഹോവയാൽ കൊല്ലപ്പെട്ടവർ അന്നാളിൽ ഭൂമിയുടെ ഒരററം മുതൽ മറേറ അററംവരെ തീർച്ചയായും കിടക്കും. അവരെക്കുറിച്ചു വിലപിക്കുകയില്ല, അവരെ കൂട്ടിച്ചേർക്കുകയോ കുഴിച്ചിടുകയോ ഇല്ല. അവർ ഭൂതലത്തിലെ വളംപോലെ ആയിത്തീരും.” അതെ, ഇതു സാത്താന്റെ ദുഷിച്ച മുഴു വ്യവസ്ഥിതിയുടെയും അവസാനസമയമാണ്. അവനുപോലും അതറിയാം. തനിക്ക് “അല്പ കാലഘട്ട”മാണുള്ളതെന്ന് അവനറിയാമെന്ന് വെളിപ്പാട് 12:12 പ്രസ്താവിക്കുന്നു.
ഇപ്പോൾ യഹോവയെ അന്വേഷിക്കുക
19. ഈ വ്യവസ്ഥിതി അവസാനിച്ചശേഷം ഏത് പുകളപ്രദമായ ദിവസവും കാലവും തുടങ്ങും?
19 സാത്താന്റെ വ്യവസ്ഥിതിയുടെ രാത്രി അഥവാ ശീതകാലം കഴിഞ്ഞാൽ പിന്നെയെന്ത്? പിന്നെ ശോഭനമായ ഒരു പുതുദിനം, പുളകപ്രദമായ ഒരു പുതിയ വസന്തകാലം, ആനയിക്കുന്നതിനുള്ള യഹോവയുടെ സമയമായിരിക്കും. അതു തന്റെ സ്വർഗ്ഗീയരാജാവായ യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ യഹോവയുടെ പുതിയ വ്യവസ്ഥിതി തുടങ്ങാനുള്ള സമയമാണ്. ആ പുതിയ വ്യവസ്ഥിതിയിൽ അക്രമവും അനീതിയും കഷ്ടപ്പാടും രോഗവും മരണവും മേലാൽ ഉണ്ടായിരിക്കയില്ല. മനുഷ്യൻ നിത്യജീവന്റെ കാഴ്ചപ്പാടോടെ പൂർണ്ണതയിലേക്ക് ഉയർത്തപ്പെടും. എത്ര ഉത്തേജനകമായ ഭാവിവീക്തണം!—സങ്കീർത്തനം 37:10, 11, 29; വെളിപ്പാട് 21:4.
20, 21. സകല രാഷ്ട്രങ്ങളിൽനിന്നുമുള്ള നിരവധിയാളുകൾ ഇപ്പോൾ യഹോവയെ എങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു?
20 എന്നിരുന്നാലും, ഈ വ്യവസ്ഥിതി അവസാനിച്ച് പുതിയ വ്യവസ്ഥിതി തുടങ്ങുന്നതിനു മുൻപ് ഭൂമിയിലെ സൗമ്യതയുള്ളവർക്കുവേണ്ടി മർമ്മപ്രധാനമായ ചിലതു ചെയ്യുന്നതിനുള്ള യഹോവയുടെ കാലമാണിത്. തന്നെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരെ, തന്റെ ഇഷ്ടത്തിനു വിധേയരാകാനാഗ്രഹിക്കുന്നവരെ, താൻ തെരഞ്ഞെടുത്ത രാജാവിനെ വണങ്ങുന്നവരെ, ഒന്നിച്ചുകൂട്ടാനുള്ള അവന്റെ സമയമാണിത്. അവർ അങ്ങനെ ചെയ്യുന്നതിനാൽ അവർ യഹോവയുടെ സംരക്ഷണത്തിൻ കീഴിൽ വരുന്നു: “യഹോവയുടെ നാമം ഒരു ബലമുള്ള ഗോപുരമാകുന്നു. നീതിമാൻ അതിലേക്ക് ഓടിച്ചെല്ലുകയും സംരക്ഷണം കൊടുക്കപ്പെടുകയും ചെയ്യുന്നു.”—സദൃശവാക്യങ്ങൾ 18:10.
21 ഇന്ന് നിരവധിയാളുകൾ, യഥാർത്ഥത്തിൽ ദശലക്ഷങ്ങൾ ഇപ്പോൾ ഇതു ചെയ്യുന്നുണ്ട്. അവർ ഭൂമിയിലെ എല്ലാ ജനതകളിൽനിന്നുമാണു വരുന്നത്. സെഖര്യാവ് 8-ാം അദ്ധ്യായം 20-ഉം 21-ഉം വാക്യങ്ങളിൽ അവരെ വർണ്ണിച്ചിരിക്കുന്നു: “സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നതു ഇതാണ്, ‘ഇനി അനേകം നഗരങ്ങളിലെ ജനങ്ങളും നിവാസികളും വരും; ഒരു നഗരത്തിലെ നിവാസികൾ തീർച്ചയായും മറെറാരു നഗരത്തിലെ നിവാസികളുടെ അടുക്കലേക്കു ചെല്ലുകയും: “നമുക്ക് യഹോവയുടെ മുഖത്തെ പ്രസാദിപ്പിക്കാനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാനും ആത്മാർത്ഥമായി പോകാം” എന്നു പറയുകയും ചെയ്യും.” 23-ാം വാക്യം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ജനതകളിലെ സകല ഭാഷകളിലും നിന്നുള്ള പത്തുപേർ ‘ഞങ്ങൾ നിങ്ങളോടുകൂടെ പോരും, എന്തുകൊണ്ടെന്നാൽ ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് ഒരു യഹൂദനായ മമനുഷ്യന്റെ [യഹോവയുടെ അഭിഷിക്ത സ്തുതിപാഠകർ] വസ്ത്രാഗ്രം പടിക്കുന്നത് ആ നാളുകളിൽ [അതെ, നമ്മുടെ കാലത്ത്] ആയിരിക്കും, അതെ, അവർ യഥാർത്ഥമായി പിടിക്കും.”
22. നാം യഹോവയുടെ കോപദിവസത്തെ അതിജീവിക്കണമെങ്കിൽ നാം എന്ത് വിലമതിക്കുകയും ചെയ്യുകയും വേണം?
22 അതുകൊണ്ട്, യഹോവയെ അവന്റെ ജനത്തോടൊന്നിച്ച് ആരാധിക്കുകയും അവന്റെ സുരക്ഷിതസ്ഥലത്തേക്കു വരുകയും ചെയ്യുക. ഇന്നു ഭൂമിയിൽ ചെയ്യപ്പെടുന്ന അതിപ്രധാനവേലയിൽ—അർമ്മഗദ്ദോനെ അതിജീവിക്കാനുള്ളവരും ഭൂമിയിൽ ഒരു പരദീസാ നട്ടുവളർത്തി അതിൽ എന്നേക്കും ജീവിക്കാനുള്ള അത്ഭുതകരമായ പ്രതീക്ഷ ഉള്ളവരുമായവരെ കൂട്ടിച്ചേർത്തു പരിശീലിപ്പിക്കുന്ന വേലയിൽ—പങ്കെടുക്കുക. ഇത് ഏതു സമയവും കാലവുമാണെന്ന് വിലമതിക്കുക. യെശയ്യാവ് 55:6 പ്രോത്സാഹിപ്പിക്കുന്നതു ചെയ്യുക: “ജനങ്ങളേ, യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവനെ അന്വേഷിക്കുക. അവൻ അടുത്താണെന്നു തെളിയുമ്പോൾ അവനെ വിളിച്ചപേക്ഷിക്കുക.” അതെ, “യഹോവയുടെ സ്വന്തം ന്യായത്തീർപ്പുകൾ ആചരിച്ചിട്ടുള്ള, ഭൂമിയിലെ സകല സൗമ്യരുമായുള്ളോരേ, അവനെ അന്വേഷിക്കുക. നീതി അന്വേഷിക്കുക, സൗമ്യത അന്വേഷിക്കുക. യഹോവയുടെ ക്രോധദിവസത്തിൽ നിങ്ങൾ മറെയ്ക്കപ്പെടാനിടയുണ്ട്.”—സെഫന്യാവ് 2:3. (w86 4/15)
പുനരവലോകന ചോദ്യങ്ങൾ
◼ ദൈവത്തിന്റെ ദൃഷ്ടിയിൽ ലോകനേതാക്കൻമാർ “കുറവുള്ളവരായി കണ്ടിരി”ക്കുന്നത് ഏതു വിധങ്ങളിൽ?
◼ ലോക ഭരണാധികാരികൾക്ക് കഴിയാത്തപ്പോൾ യഹോവയുടെ ദാസൻമാർക്ക് അവന്റെ സമയങ്ങളും കാലങ്ങളും അറിയാവുന്നതെന്തുകൊണ്ട്?
◼ ലോകനേതാക്കൻമാർ ദൈവത്തിന്റെ പ്രതികൂല ന്യായവിധി അർഹിക്കുന്നതെന്തുകൊണ്ട്?
◼ യഹോവയുടെ കാഴ്ചപ്പാടിൽ ഏതു സമയവും കാലവും വന്നെത്തിയിരിക്കുന്നു?
◼ ഇപ്പോൾ നാം യഹോവയെ എന്തുകൊണ്ട്, എങ്ങനെ അന്വേഷിക്കണം?
[24-ാം പേജിലെ ചിത്രം]
ഇപ്പോൾ വിശ്വാസം പ്രകടമാക്കുന്ന അനേകർ ഈ ലോകത്തിന്റെ അവസാന കാലത്തെ അതിജീവിക്കും