ബൈബിൾ അതിൽതന്നെ പൂർവാപര വിരുദ്ധമോ?
“ദൈവത്തിന് ഭോഷ്ക് പറയുക അസാദ്ധ്യമാണ്,” എന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു. (എബ്രായർ 6:18) അതുകൊണ്ട് ഈ പുസ്തകം നിറയെ പ്രത്യക്ഷമായ പൂർവാപരവൈരുദ്ധ്യങ്ങളും ഗണ്യമായ പിശകുകളും ഉണ്ടായിരിക്കുകയും അപ്പോഴും ദൈവവചനമെന്ന് വിളിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെയാണ്? അത് സാദ്ധ്യമല്ല. ‘എന്നിരുന്നാലും പൊരുത്തക്കേടുകളുള്ളതെന്തുകൊണ്ടാണ്’ എന്ന് നിങ്ങൾ ചോദിച്ചേക്കാം.
നൂററാണ്ടുകളിലൂടെ വളരെ ബുദ്ധിമുട്ടി കൈകൊണ്ട് പകർത്തിയെഴുതപ്പെടുകയും അതതു കാലങ്ങളിൽ ആളുകൾ സംസാരിച്ച ഭാഷകളിലേക്ക് തർജ്ജമ ചെയ്യേണ്ടതാവശ്യമായി വരികയും ചെയ്ത ഒരു പുസ്തകത്തിൽ എഴുത്തുകാരുടേതായ ചില പിശകുകൾ കടന്നുകൂടി എന്നത് നമുക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളു. എന്നാൽ അവയിൽ ഒന്നുപോലും ബൈബിളിന്റെ മൊത്തത്തിലുള്ള നിശ്വസ്തതയും അതിന്റെ ആധികാരികതയും സംശയിക്കാൻ തക്ക പരിമാണമോ തൂക്കമോ ഉള്ളവയല്ല. സൂക്ഷ്മ പരിശോധനയിലൂടെ പ്രത്യക്ഷത്തിൽ പരസ്പര വൈരുദ്ധ്യമെന്ന് തോന്നുന്ന പ്രശ്നങ്ങൾക്കെല്ലാം സത്യസന്ധമായ പരിഹാരമുണ്ട് എന്ന് കാണിക്കാൻ കഴിയും. മിക്കപ്പോഴും ബൈബിളിൽ വൈരുദ്ധ്യമുണ്ടെന്ന് പറയുന്നവർ സ്വന്തമായി അതിന്റെ ഒരു സൂക്ഷ്മ പരിശോധന നടത്താതെ ബൈബിൾ വിശ്വസിക്കാനോ അതിനാൽ ഭരിക്കപ്പെടാനോ ആഗ്രഹിക്കാത്ത ആളുകൾ അവരുടെമേൽ അടിച്ചേൽപ്പിച്ച ഈ അഭിപ്രായം സ്വീകരിക്കുകമാത്രമേ ചെയ്തിട്ടുള്ളു. ആരെങ്കിലും കേൾക്കുംമുമ്പേ ഒരു കാര്യം സംബന്ധിച്ച് ഉത്തരം പറഞ്ഞാൽ അത് അവന്റെ ഭാഗത്ത് ഭോഷത്തവും ലജ്ജാകാരണവുമാണെന്ന് സദൃശവാക്യങ്ങൾ 18:13-ൽ ബൈബിൾ മുന്നറിയിപ്പ് നൽകുന്നു.
ബൈബിളെഴുത്തുകാർ സംഖ്യകൾ സംബന്ധിച്ചും സംഭവങ്ങൾ നടന്ന ക്രമം സംബന്ധിച്ചും ഉദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്കുകളുടെ കൃത്യത സംബന്ധിച്ചും യോജിപ്പിലല്ല എന്നും മററും പറഞ്ഞുകൊണ്ട് ചിലപ്പോൾ ചിലർ എതിർക്കുന്നു. എന്നാൽ ഇതു പരിഗണിക്കുക: ഒരു സംഭവത്തിന്റെ പല ദൃക്സാക്ഷികളോട് അവർ കണ്ടതെന്തെന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ എല്ലാവരുടെയും വിവരണങ്ങൾ ഉപയോഗിക്കപ്പെട്ടിരിക്കുന്ന വാക്കുകളിലും വിശദാംശങ്ങളിലും പൂർണ്ണ യോജിപ്പിലായിരിക്കുമോ? അങ്ങനെയാണെങ്കിൽ ആ എഴുത്തുകാർ തമ്മിൽ പറഞ്ഞൊത്തിരിക്കുന്നുവെന്ന സംശയം നിങ്ങൾക്ക് തോന്നുകയില്ലേ? അതുപോലെതന്നെ ബൈബിളെഴുത്തുകാർ അവരവരുടെ സ്വന്തം ശൈലിയും ഭാഷയും നിലനിർത്താൻ ദൈവം അവരെ അനുവദിച്ചു, അതേ സമയം തന്റെ ആശയങ്ങളും പ്രസക്തമായ വസ്തുതകളും കൃത്യമായി അവതരിപ്പിക്കപ്പെടുമെന്ന് അവൻ ഉറപ്പു വരുത്തി.
നേരത്തെയുള്ള എഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽ പുതിയ എഴുത്തുകാരന്റെ ആവശ്യങ്ങളും ഉദ്ദേശ്യവും പരിഗണിച്ച് ചില നിസ്സാര മാററങ്ങൾ വരുത്തിയിട്ടുണ്ടായിരിക്കാം. എന്നാൽ അത് അതിന്റെ അടിസ്ഥാന അർത്ഥവും ആശയവും നിലനിർത്തിക്കൊണ്ടുതന്നെയാണ്. സംഭവങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന സംഗതിയിലും അതുതന്നെ പറയാൻ കഴിയും. ഒരെഴുത്തുകാരൻ കാലഗണനാക്രമം മാത്രം പരിഗണിച്ച് സംഭവങ്ങൾ കൂട്ടിച്ചേർത്തേക്കാം. എന്നാൽ മറെറാരാളാകട്ടെ ചില ആശയങ്ങളോടുള്ള ബന്ധത്തിൽ അവയെ പട്ടികപ്പെടുത്തിയേക്കാം. ചില സംഭവങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നത് എഴുത്തുകാരന്റെ വീക്ഷണത്തിന്റെയും കാര്യങ്ങൾ ചുരുക്കിപ്പറയാനുള്ള ശ്രമത്തിന്റെയും ഫലമായിട്ടാകാം. അപ്രകാരം മത്തായി രണ്ട് അന്ധരെ യേശു സൗഖ്യമാക്കിയതിനെപ്പററി പറഞ്ഞപ്പോൾ മർക്കോസും ലൂക്കോസും ഒരാളെയെ പരാമർശിക്കുന്നുള്ളു. (മത്തായി 20:29-34; മർക്കോസ് 10:46; ലൂക്കോസ് 18:35) മത്തായിയുടെ വിവരണം ഒരു വൈരുദ്ധ്യമല്ല. മർക്കോസും ലൂക്കോസും യേശു ആരോടു സംസാരിച്ചുവോ ആ ഒരുവനിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മത്തായി അവരുടെ എണ്ണം സംബന്ധിച്ച് കൂടുതൽ കൃത്യത പാലിച്ചു.
കൂടാതെ സമയം കണക്കാക്കുന്നതിൽ വ്യത്യസ്ത രീതികളുമുണ്ടായിരുന്നു. യഹൂദ ജനത രണ്ടു കലണ്ടറുകൾ ഉപയോഗിച്ചിരുന്നു—വിശുദ്ധ കലണ്ടറും ലൗകിക അല്ലെങ്കിൽ കാർഷിക കലണ്ടറും, ഇവ രണ്ടും വർഷത്തിന്റെ വ്യത്യസ്ത സമയങ്ങളിലാണാരംഭിച്ചിരുന്നത്. ഒരേ സംഭവത്തെ പരാമർശിക്കുന്ന എഴുത്തുകാർ മാസത്തിന്റെയും ദിവസത്തിന്റെയും കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ അവർ രണ്ടു വ്യത്യസ്ത കലണ്ടറായിരിക്കണം ഉപയോഗിക്കുന്നത്. പൗരസ്ത്യ എഴുത്തുകാർ സാധാരണയായി ഭിന്ന സംഖ്യകൾ ഉപയോഗിക്കാഞ്ഞതുകൊണ്ട് വർഷങ്ങളുടെ ഭാഗങ്ങൾ മുഴുവർഷങ്ങളായി എണ്ണിയിരുന്നു. അത് ഏററം അടുത്ത അഖണ്ഡ സംഖ്യയാക്കിമാററിയിരുന്നു. ഉദാഹരണത്തിന് ഉൽപ്പത്തി അഞ്ചാം അദ്ധ്യായത്തിലെ വംശാവലി രേഖകളിൽ ഇത് കുറിക്കൊള്ളുക.
“വൈരുദ്ധ്യങ്ങൾ” പൊരുത്തപ്പെടുത്തൽ
എന്നാൽ ബൈബിളിലെ ചില വാക്യങ്ങൾ മററു ചില വാക്യങ്ങൾക്ക് നേരെ വിപരീതമല്ലേ? ബൈബിളിന്റെ വിമർശകർ എടുത്തുകാട്ടിയിട്ടുള്ള ചിലത് നമുക്ക് പരിഗണിക്കാം.
യോഹന്നാൻ 3:22-ൽ യേശു “സ്നാനപ്പെടുത്തി” എന്ന് നാം വായിക്കുന്നു, എന്നാൽ അൽപ്പം കഴിഞ്ഞ് യോഹന്നാൻ 4:2-ൽ “യേശു തന്നെ ആരെയും സ്നാനം കഴിപ്പിച്ചില്ല” എന്ന് നാം വായിക്കുന്നു. എന്നാൽ ശേഷം വേദഭാഗം സൂചിപ്പിക്കുന്നതുപോലെ യേശുവിന്റെ നാമത്തിലും അവന്റെ മാർഗ്ഗനിർദ്ദേശപ്രകാരവും യേശുവിന്റെ ശിഷ്യൻമാരായിരുന്നു യഥാർത്ഥത്തിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്. ഇത് ഒരു ബിസ്സിനസ്സുകാരനും അയാളുടെ സെക്രട്ടറിയും ഒരു പ്രത്യേക കത്ത് എഴുതിയതായി അവകാശപ്പെടുന്നതുപോലെയാണ്.
ദൈവം തന്റെ എല്ലാ പ്രവർത്തനങ്ങളിൽനിന്നും നിവൃത്തനായി എന്ന ഉൽപ്പത്തി 2:2-ലെ പ്രസ്താവനയുമുണ്ട്. ഇതിന് വിപരീതമാണ് “ദൈവം ഇന്നോളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു” എന്ന യോഹന്നാൻ 5:17-ലെ യേശുവിന്റെ പ്രസ്താവന. എന്നാൽ സന്ദർഭം വ്യക്തമാക്കുന്നതുപോലെ ഉൽപ്പത്തിയിലെ രേഖ ദൈവത്തിന്റെ ഭൗതിക സൃഷ്ടിക്രിയകളെപ്പററി മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ യേശുവോ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ദിവ്യ മാർഗ്ഗനിർദ്ദേശത്തിന്റെയും സംരക്ഷണത്തിന്റെതുമായ ദൈവിക പ്രവൃത്തികളെ പരാമർശിക്കുകയായിരുന്നു.
പുറപ്പാട് 34:7-നെ യെഹെസ്ക്കേൽ 18:20-മായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് മറെറാരു വൈരുദ്ധ്യം കണ്ടുപിടിച്ചിട്ടുള്ളത്. ആദ്യവാക്യം “പിതാക്കൻമാരുടെ അകൃത്യത്തിന് മക്കളുടെമേലും മക്കളുടെ മക്കളുടെമേലും ദൈവം ശിക്ഷ വരുത്തും” എന്ന് പ്രസ്താവിക്കുന്നു, എന്നാൽ രണ്ടാമത്തെ വാക്യം “മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട” എന്ന് പ്രസ്താവിക്കുന്നു. ഈ വാക്യങ്ങൾ എന്തുകൊണ്ടാണ് പരസ്പര വിരുദ്ധമായി കാണപ്പെടുന്നത്. അവയെ അവയുടെ സന്ദർഭത്തിൽനിന്ന് അടർത്തിയെടുക്കുന്നതുകൊണ്ടാണ്. ചുററുമുള്ള ശേഷം വാക്യങ്ങളും അതിന്റെ പശ്ചാത്തലവും പരിശോധിക്കുക. ശിക്ഷ പിതാക്കൻമാരുടെമേൽ മാത്രമായിരിക്കാതെ മക്കളുടെമേലും മക്കളുടെ മക്കളുടെമേലും വരുന്നതിനെപ്പററി യഹോവ സംസാരിച്ചപ്പോൾ ഒരു ജനതയെന്നനിലയിൽ അവർ തനിക്കെതിരെ പാപം ചെയ്യുകയും അവർ അടിമത്തത്തിലേക്ക് പിടിച്ചുകൊണ്ടുപോകപ്പെടുകയും ചെയ്താൽ അവർക്ക് സംഭവിക്കുമായിരുന്നതിനെപ്പററി സംസാരിക്കുകയായിരുന്നു എന്നത് വ്യക്തമാകുന്നു. നേരെ മറിച്ച് മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട എന്നു പറഞ്ഞപ്പോൾ അവൻ വ്യക്തിപരമായ ഉത്തരവാദിത്വത്തെപ്പററി സംസാരിക്കുകയായിരുന്നു.
യേശുവിന്റെ ജനനം സംബന്ധിച്ച മത്തായി 1:18-25-ലെയും ലൂക്കോസ് 1:26-38-ലെയും പോലുള്ള വിവരണങ്ങളിലും വ്യത്യാസങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ അവ വൈരുദ്ധ്യത്തെ സൂചിപ്പിക്കുന്നുവോ?
വളരെ പ്രശസ്തനായ ഒരു വ്യക്തിയെ സംബന്ധിച്ച രണ്ടു ജീവചരിത്രങ്ങൾ നിങ്ങൾ എന്നെങ്കിലും വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവശ്യം വൈരുദ്ധ്യമില്ലാതെതന്നെ അവയ്ക്ക് വ്യത്യസ്തമായിരിക്കാൻ കഴിയുമെന്ന് നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. അതു മിക്കപ്പോഴും എഴുത്തുകാരന്റെ വ്യക്തിപരമായ ധാരണകളോ അയാൾ ഉപയോഗിച്ചിരിക്കുന്ന വിവര ഉറവുകളോ നിമിത്തമായിരിക്കാം. തന്റെ വിവരണത്തിൽ ഉൾപ്പെടുത്താൻ പ്രധാനമെന്ന് അയാൾ വിചാരിക്കുന്നതിനെയും അയാൾ വികസിപ്പിക്കുന്ന വീക്ഷണകോണത്തെയും തന്റെ കൃതി ആരെ ഉദ്ദേശിച്ചാണോ ആ സദസ്സിനെ മനസ്സിൽ വച്ചുകൊണ്ട് എഴുതുന്നതിനെയും ആശ്രയിച്ചാണതിരിക്കുന്നത്. അപ്രകാരം പുറജാതികളായ വായനക്കാരെ മനസ്സിൽ വച്ചുകൊണ്ടെഴുതിയ വിവരണങ്ങൾ അപ്പോൾതന്നെ ചില വസ്തുതകൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്ന യഹൂദൻമാർക്കുവേണ്ടി എഴുതിയവയിൽനിന്ന് വ്യത്യസ്തമായിരിക്കും.
ശ്രദ്ധാപൂർവം അപഗ്രഥനം ചെയ്യാഞ്ഞാൽ പരസ്പര വിരുദ്ധമെന്ന് തോന്നിയേക്കാവുന്നതായി ബൈബിളിലുള്ള വേദഭാഗങ്ങളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണിവ. എന്നാൽ ശ്രദ്ധാപൂർവം പരിശോധിക്കയും എഴുത്തുകാരന്റെ വീക്ഷണവും സന്ദർഭവും മനസ്സിൽ പിടിക്കുകയും ചെയ്യുമ്പോൾ അവ വൈരുദ്ധ്യങ്ങളല്ല, മറിച്ച് കൂടുതൽ ഗവേഷണം ആവശ്യമായിരിക്കുന്ന വേദഭാഗങ്ങൾ മാത്രമാണ്. മിക്കയാളുകളും അതിനാവശ്യമായ ശ്രമം ചെയ്യാൻ പരാജയപ്പെടുന്നു, എന്നാൽ “ബൈബിൾ പൂർവാപര വിരുദ്ധമാണ്” എന്നു പറയുക അതിലും എളുപ്പമാണെന്ന് അവർ കണ്ടെത്തുന്നു.
നമ്മുടെ വിശ്വാസം അർഹിക്കുന്നു
ബൈബിളെഴുത്തുകാർക്ക് തങ്ങളുടെ വിവരണങ്ങളെഴുതുന്നതിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് കുറെ സ്വാതന്ത്ര്യം അനുവദിച്ചു. (പ്രവൃത്തികൾ 3:21) അങ്ങനെ അവർക്ക് തങ്ങൾ നിരീക്ഷിച്ചതിന്റെ വർണ്ണഭംഗിയുള്ളതും കൃത്യവുമായ ഒരു ചിത്രം നൽകാൻ കഴിഞ്ഞു. അവർ തമ്മിലുള്ള വ്യത്യാസം കബളിപ്പിക്കലിന്റെയും ഒത്തുകളിയുടെയും ആരോപണമില്ലാതെ അവരുടെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പാക്കുകയേ ചെയ്യുന്നുള്ളു. (2 പത്രോസ് 1:16-21) എഴുത്തുകാർ അവരുടെ അവതരണത്തിൽ വ്യത്യസ്തരായിരുന്നെങ്കിലും അവരെല്ലാവരും ഒരേ ദിശയിൽ വിരൽ ചൂണ്ടി, അവർക്കെല്ലാം ഒരേ ഉദ്ദേശ്യമാണ് ഉണ്ടായിരുന്നതും: മനുഷ്യവർഗ്ഗത്തെ സന്തുഷ്ടമാക്കാൻവേണ്ടി യഹോവയാം ദൈവം എന്തു ചെയ്യുമെന്നും ദൈവത്തിന്റെ അംഗീകാരം ലഭിക്കാൻവേണ്ടി മനുഷ്യൻ തന്റെ ഭാഗത്ത് എന്തു ചെയ്യണമെന്നും കാണിച്ചു കൊടുക്കുക എന്നതുതന്നെ.—സദൃശവാക്യങ്ങൾ 2:3-6, 9.
ബൈബിൾ നമ്മുടെ ചിന്താപ്രാപ്തിയെ ആകർഷിക്കുന്ന ഒരു പുസ്തകമാണ്. അതു മുഴുവനായും പരസ്പര യോജിപ്പിലാണ്. അത് പൂർവാപര വിരുദ്ധമല്ല. അതിന്റെ 66 പുസ്തകങ്ങളും (ജെയിംസ് രാജാവിന്റെ ഭാഷാന്തരം അനുസരിച്ച് 1189 അദ്ധ്യായങ്ങളും 31173 വാക്യങ്ങളും) നമ്മുടെ പൂർണ്ണമായ വിശ്വാസം അർഹിക്കുന്നു. അതെ നിങ്ങൾക്ക് ബൈബിളിനെ ആശ്രയിക്കാൻ കഴിയും! (w88 2/1)
[6-ാം പേജിലെ ചതുരം]
നിങ്ങൾ ബൈബിളിൽ ഒരു “വൈരുദ്ധ്യം” കാണുന്നെങ്കിൽ അത്:
◆ ചില ചരിത്ര വസ്തുതകളെപ്പററിയും പുരാതന ആചാരങ്ങളെപ്പററിയും നിങ്ങൾക്ക് അറിഞ്ഞുകൂടാഞ്ഞിട്ടാണോ?
◆ സന്ദർഭം കണക്കിലെടുക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണോ?
◆ എഴുത്തുകാരന്റെ വീക്ഷണകോണം നിങ്ങൾ കണക്കിലെടുക്കാത്തതിനാലാണോ?
◆ ബൈബിൾ വാസ്തവത്തിൽ പറയുന്നതിനോട് ചില തെററായ മതവിശ്വാസങ്ങൾ പൊരുത്തപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നതുകൊണ്ടാണോ?
◆ നിങ്ങൾ കൃത്യതയില്ലാത്ത അല്ലെങ്കിൽ കാലഹരണപ്പെട്ട ഒരു ബൈബിൾ ഭാഷാന്തരം ഉപയോഗിക്കുന്നതിനാലാണോ?
[7-ാം പേജിലെ ചിത്രം]
യേശു രണ്ട് അന്ധരെ സൗഖ്യമാക്കിയതായി മത്തായി പറഞ്ഞു. മർക്കോസും ലൂക്കോസും ഒരാളെയെ പരാമർശിച്ചുള്ളു. അത് ഒരു വൈരുദ്ധ്യമാണോ?