തിരുവെഴുത്തുകളിൽ നിന്നുള്ള പാഠങ്ങൾ: ആമോസ് 1:1-9:15
ഒരു ജനതയുടെ മരണം
“നിന്റെ ദൈവവുമായി ഏററുമുട്ടാൻ ഒരുങ്ങിക്കൊൾക,” “സൈന്യങ്ങളുടെ ദൈവമായ യഹോവ” യിസ്രായേൽജനതയോട്പറയുന്നു. (ആമോസ് 4:12, 13) കാരണം? ഐശ്വര്യത്താൽ അന്ധരായി യിസ്രായേല്യർ അവന്റെ ന്യായപ്രമാണം മറന്നിരുന്നു. അവന്റെ വിശുദ്ധദേശത്തെ വിഗ്രഹാരാധനയും ദുർമ്മാർഗ്ഗവും രക്തച്ചൊരിച്ചിലും അക്രമവും കൊണ്ട് നിറച്ചതിൽ അവർ കുററക്കാരുമായിരുന്നു.
യഹോവയുടെ പ്രവാചകനെന്ന നിലയിൽ അവന്റെ സ്വന്തം യഹൂദാജനതയോടു മാത്രമല്ല, വിശേഷിച്ച് വടക്കെ യിസ്രായേൽ രാജ്യത്തോടും ഒരു മുന്നറിയിപ്പിൻ ദൂത് പ്രഖ്യാപിക്കാൻ ആമോസ് എഴുന്നേൽപ്പിക്കപ്പെടുന്നു. അവൻ യിസ്രായേലിന്റെ സ്വയാസക്തജീവിതരീതി നിമിത്തം അവളെ കുററം വിധിക്കുകയും ശത്രുജനതയുടെ കൈകളാലുള്ള അവളുടെ അന്തിമ മരണത്തെ മുൻകൂട്ടിപ്പറയുകയും ചെയ്യുന്നു. ക്രി.മു. 829-നും ക്രി.മു. 804-നും ഇടക്ക് ഏതോ ഒരു സമയത്ത് എഴുതപ്പെട്ട ആമോസിന്റെ പുസ്തകം വരാനിരിക്കുന്ന വിപത്തുകളെ മുൻകൂട്ടിക്കാണാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലേക്കുള്ള ഉൾക്കാഴ്ച നൽകുന്നു. അത് കാലോചിതമായ ചില മുന്നറിയിപ്പുകൾ നൽകുന്നു.
ദൈവത്തിന്റെ ശത്രുക്കളുടെ അഗ്നിനാശം
ആർക്കും ദൈവത്തിന്റെ ന്യായവിധികളെ ഒഴിഞ്ഞുപോകാൻ സാധ്യമല്ല. ഡമാസ്കസ് (സിറിയ), ഗസ്സ (ഫെലിസ്ത്യ), സോർ, ഏദോം, അമ്മോൻ, മോവാബ്, യഹൂദ എന്നീ ജനതകളുടെ കാര്യത്തിൽ ഇതെത്ര സത്യമെന്നു തെളിഞ്ഞു! അവരുടെ ദുഷ്പ്രവൃത്തിനിമിത്തം അവർക്കെതിരെയുള്ള തന്റെ കൈ യഹോവ ‘പിൻതിരിപ്പിക്കയില്ല.’ എന്നിരുന്നാലും മുൻകൂട്ടിപ്പറയപ്പെട്ട അവരുടെ അനർത്ഥം ദൈവവുമായുള്ള യിസ്രായേലിന്റെ ഉടമ്പടിബന്ധം പാലിക്കുന്നതിലും അവന്റെ നിയമങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലും നേരിട്ട പരാജയം നിമിത്തം അവർ അഭിമുഖീകരിച്ച ന്യായവിധിയെ ദൃഢീകരിക്കാൻ മാത്രമാണ് ഉതകിയത്.—ആമോസ് 1:1-2:16.
ദൈവത്തിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക. “ഭൂമിയിലെ സകല കുടുംബങ്ങളിലും വെച്ച് ഞാൻ നിങ്ങളെ മാത്രം അറിഞ്ഞിരിക്കുന്നു” എന്ന് യഹോവ യിസ്രായേലിനോട് പറയുന്നു. (ആമോസ് 3:2) എന്നിരുന്നാലും അവരുടെ പാപപൂർണ്ണമായ ഗതി ദൈവത്തിന്റെ നാമത്തോടും പരമാധികാരത്തോടുമുള്ള പുച്ഛത്തെ പ്രകടമാക്കി. അനേകർ തങ്ങളുടെ സ്വന്തം സഹോദരൻമാരുടെ ചെലവിൽ ‘ഒരു ഗ്രീഷ്മ ഭവനത്തിനു പുറമെ ഒരു ശീതകാല ഭവനത്തോടും’കൂടെ അലസമായ ആഡംബരത്തിൽ ജീവിച്ചുകൊണ്ട് സമ്പന്നരായിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. (ആമോസ് 3:15) കള്ളപ്പടികൾകൊണ്ട് അവർ സ്വാർത്ഥപൂർവം ദരിദ്രരെ വഞ്ചിച്ചിരുന്നു. അവരുടെ സത്യാരാധനയുടെ ഉപേക്ഷണം യഹോവയുടെ ശിക്ഷ വരാനിരുന്നു എന്ന് അർത്ഥമാക്കി. എന്നിരുന്നാലും ‘യഹോവ തന്റെ ദാസൻമാർക്ക് വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.’ അങ്ങനെ ആമോസ് യഹോവയുടെ ന്യായവിധികൾ മുൻകൂട്ടിപ്പറയുകയും “നിന്റെ ദൈവവുമായി ഏററുമുട്ടാൻ ഒരുങ്ങിക്കൊൾക” എന്ന് അവർക്ക് മുന്നറിയിപ്പ് കൊടുക്കയും ചെയ്യുന്നു.—ആമോസ് 3:1-4:13.
യഹോവ രക്ഷയാകുന്നു
അനുതപിക്കുന്നവരോട് ദൈവം കരുണകാണിക്കും “എന്നെ അന്വേഷിക്കുകയും തുടർന്ന് ജീവിക്കുകയും ചെയ്യുക” എന്നാണ് യിസ്രായേലിനോടുള്ള യഹോവയുടെ അഭ്യർത്ഥന. (ആമോസ് 5:4) “തിൻമയെ വെറുക്കുകയും നൻമയെ സ്നേഹിക്കുകയും ചെയ്യുക. (ആമോസ് 5:15) എന്നിരുന്നാലും അങ്ങനെയുള്ള വാക്കുകൾ അവഗണിക്കപ്പെടുന്നു. വിശ്വാസത്യാഗികൾ വ്യാജ ദൈവങ്ങൾക്ക് ബലികൾ അർപ്പിക്കാൻ വിഗ്രഹാരാധനാ കേന്ദ്രങ്ങളായിരുന്ന ബഥേലിലേക്കും ഗിൽഗാലിലേക്കും കയറിപ്പോകാൻ കൂടുതൽ ഇഷ്ടപ്പെട്ടു. (ആമോസ് 5:26; 1 രാജാക്കൻമാർ 12:28-30) അലങ്കരിക്കപ്പെട്ട ദന്തകട്ടിലുകളിൽ സുഖലോലുപരായ ദുഷ്പ്രവൃത്തിക്കാർ ഇഷ്ടവീഞ്ഞ് കുടിക്കുകയും അത്യുത്തമമായ ഭക്ഷ്യങ്ങളും എണ്ണകളും കൊണ്ട് തങ്ങളെത്തന്നെ ലാളിക്കയും ചെയ്യുന്നു. (ആമോസ് 5:11; 6:4-6) “യഹോവയുടെ ദിവസം” വരുന്നു, “തന്റെ സ്വന്തം ദേഹിയെക്കൊണ്ട്” ദൈവം യിസ്രായേലിന്റെ നാശത്തിന് ആണയിട്ടിരിക്കുന്നു. (ആമോസ് 5:18; 6:8) യിസ്രായേലിനെ ഞെരുക്കുന്നതിനും അവളെ പ്രവാസത്തിലേക്കു നയിക്കുന്നതിനും ഒരു ജനതയെ യഹോവ എഴുന്നേൽപ്പിക്കും.—ആമോസ് 5:1-6:14.
എതിരാളികളെയല്ല, യഹോവയെ ഭയപ്പെടുക. യിസ്രായേലിന്റെ നാശം ഒരു വെട്ടുക്കിളിക്കൂട്ടത്താലൊ സർവദാഹിയായ ഒരു തീയാലൊ വരുത്തപ്പെടാൻ കഴിയുമായിരുന്നു. ആമോസ് യിസ്രായേലിനുവേണ്ടി ദൈവത്തോട് അഭ്യർത്ഥിച്ചു, തന്റെ ന്യായവിധിയെക്കുറിച്ച് “യഹോവക്ക് ഖേദം തോന്നി,” തന്നിമിത്തം ഈ വിധത്തിൽ അത് നിർവഹിക്കപ്പെട്ടില്ല. എന്നിരുന്നാലും ഒരു തൂക്കുകട്ടകൊണ്ട് ചുവരിന്റെ ലംബനിരപ്പു പരിശോധിക്കുന്ന ഒരു പണിക്കാരനെപ്പോലെ യഹോവ യിസ്രായേലിന്റെ കാര്യത്തിൽ “കൂടുതലായ യാതൊരു ക്ഷമയും മേലാൽ കാട്ടുകയില്ല.” (ആമോസ് 7:1-8) ജനത ശൂന്യമാക്കപ്പെടണം. കാളക്കുട്ടിയാരാധനയുടെ ഒരു പുരോഹിതനായിരുന്ന അമസ്യാവ് പ്രവാചകന്റെ ദൂതിൽ കുപിതനായി ആമോസിന്റെ മേൽ വ്യാജമായി രാജദ്രോഹം ചുമത്തുകയും ‘യഹൂദാദേശത്തേക്ക് ഓടിപ്പോകാനും’ ബഥേലിൽ ‘മേലാൽ യാതൊരു പ്രവചിക്കലും നടത്താതിരിക്കാനും’ അവനോട് ആജ്ഞാപിക്കയും ചെയ്തു. (ആമോസ് 7:12, 13) ആമോസ് ഭയചകിതനാകുന്നുണ്ടോ? ഇല്ല! അവൻ നിർഭയം അമസ്യാവിന്റെ മരണവും അവന്റെ കുടുംബത്തിന് അനർത്ഥവും മുൻകൂട്ടിപ്പറയുന്നു. കൊയ്ത്തുകാലത്ത് ഫലം ശേഖരിക്കുന്നതുപോലെ യിസ്രായേലുമായി യഹോവക്ക് കണക്കു തീർക്കാനുള്ള സമയമാണിത്. ഒഴിഞ്ഞുപോവുക സാദ്ധ്യമല്ല.—ആമോസ് 7:1-8:14.
യഹോവയിൽ ആശ്രയിക്കുന്നവർക്ക് പ്രത്യാശയുണ്ട്. “യാക്കോബ് ഗൃഹത്തിന് ഞാൻ പൂർണ്ണമായി നിർമ്മൂലനാശം വരുത്തുകയില്ല” എന്ന് യഹോവ പറയുന്നു. യാക്കോബിന്റെ സന്തതികളിൽ ചിലർക്ക് ഇപ്പോഴും പ്രത്യാശയുണ്ട്, എന്നാൽ പാപികൾക്കില്ല. അവരുടെ നാശം തീർച്ചയാണ്. എന്നിരുന്നാലും യഹോവ യിസ്രായേലിന്റെ “ബന്ദികളെ തിരികെ കൂട്ടിച്ചേർക്കും.”—ആമോസ് 9:1-15.
ഇന്നത്തേക്കുള്ള പാഠങ്ങൾ: തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കിത്തീർക്കുന്നവർ മരണയോഗ്യരെന്ന് വിധിക്കപ്പെടും. എന്നിരുന്നാലും അനുതപിക്കാനുള്ള ദിവ്യ മുന്നറിയിപ്പിൻ ദൂത് ശ്രദ്ധിക്കുന്ന ആർക്കും യഹോവയുടെ കരുണ കിട്ടും. അവർ ജീവിച്ചിരിക്കും. നാം ദൈവത്തെ ഭയപ്പെടുന്നെങ്കിൽ അവന്റെ ഇഷ്ടം ചെയ്യുന്നതിൽ നിന്ന് നമ്മെ തടയാൻ നാം എതിരാളികളെ അനുവദിക്കയില്ല. (w89 4/1)
[28-ാം പേജിലെ ചതുരം]
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 1:5പുരാതനനഗരങ്ങൾക്ക് ഉയരമുള്ള മതിലുകളും വലിയ പടിവാതിലുകളും ഉണ്ടായിരുന്നു. ഈ പടിവാതിലുകൾ പൂട്ടുന്നതിന് അവയുടെ അകവശത്ത് അവക്കെതിരെ ഇരുമ്പുകൊണ്ടോ ഓടുകൊണ്ടോ ഉള്ള നീണ്ട ഓടാമ്പലുകൾ വെച്ചിരുന്നു. ഡമാസ്കസിന്റെ ഓടാമ്പലിന്റെ തകർക്കൽ സിറിയൻ തലസ്ഥാനം അശ്ശൂര്യരുടെ മുമ്പാകെ നിലംപതിക്കുമെന്ന് അർത്ഥമാക്കി. ഓടാമ്പലുകൾ തകർക്കപ്പെട്ടതുകൊണ്ട് നഗരപടിവാതിലുകൾ പൂട്ടാൻകഴിയാഞ്ഞതുപോലെയായിരിക്കുമായിരുന്നു.—2 രാജാക്കൻമാർ 16:8, 9.
● 4:1—ശമര്യയിൽ വസിച്ചിരുന്ന ആഡംബരപ്രിയരായിരുന്ന സ്ത്രീകൾ “ബാശാൻ പശുക്കൾ” എന്നു പരാമർശിക്കപ്പെട്ടു. ബാശാനിലെ സമൃദ്ധമായ മേച്ചൽസ്ഥലങ്ങൾ നല്ല മൃഗജാതികളുടെ ഉൽപ്പാദനത്തിനു സംഭാവന ചെയ്തു. (ആവർത്തനം 32:14; യെഹെസ്ക്കേൽ 39:18) ഈ സ്വാർത്ഥ “ബാശാൻ പശുക്കൾ” തങ്ങളുടെ സ്വന്തം “ദന്തഗൃഹങ്ങൾ” നിറക്കുന്നതിന് ദരിദ്രരിൽനിന്നു പണം പിഴിഞ്ഞെടുക്കാൻ പ്രത്യക്ഷത്തിൽ തങ്ങളുടെ “യജമാനൻമാരെ” അഥവാ ഭർത്താക്കൻമാരെ നിർബന്ധിച്ചു. (ആമോസ് 3:15) എന്നിരുന്നാലും അത്തരം പ്രവർത്തനങ്ങൾ ദിവ്യ പ്രതിക്രിയകളിൽ കലാശിച്ചു.
● 4:6—“പല്ലുകളുടെ ശുചിത്വം” എന്ന പദപ്രയോഗം “അപ്പത്തിന്റെ ദാരിദ്ര്യം” എന്ന സമാന്തര പദസംഹിതയാൽ വിശദീകരിക്കപ്പെടുന്നു. അങ്ങനെ, അത് ക്ഷാമകാലത്തെ പരാമർശിക്കുന്നതായി തോന്നുന്നു. അപ്പോൾ ഭക്ഷിക്കാനൊന്നുമില്ലാത്തതിനാൽ പല്ലുകൾ ശുചിയായിരിക്കുമല്ലോ. തെളിവനുസരിച്ച്, അവൻ പണ്ടേ മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, ദേശത്തേക്ക് ക്ഷാമം അയച്ചുകൊണ്ട് യഹോവ വിഗ്രഹാരാധികളായ പത്തുഗോത്ര രാജ്യത്തോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. (ആവർത്തനം 28:48) എന്നിരുന്നാലും, ദിവ്യന്യായവിധിയുടെ ഇതോ മററു പ്രകടനങ്ങളോ ഈ ഉടമ്പടിലംഘികളായ ജനത്തിന്റെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങിയില്ല.—ആമോസ് 4:6, 8-11.
● 5:2—ആമോസ് തന്റെ പ്രവചനം ഉച്ചരിച്ചകാലത്ത് ജനവും യിസ്രായേൽദേശവും ഒരു വിദേശശക്തിയാൽ കീഴടക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നില്ല. അങ്ങനെ അവർ ഒരു കന്യകയായി മൂർത്തീകരിക്കപ്പെട്ടു. എന്നിരുന്നാലും ചുരുക്കംചില വർഷങ്ങൾകൊണ്ട് യിസ്രായേൽകന്യക അശ്ശൂര്യരുടെ മുമ്പാകെ നിലം പതിക്കുകയും ഡമാസ്ക്കസിനപ്പുറത്തേക്ക് “പ്രവാസത്തിലേക്കു പോകുകയും ചെയ്യും”. (ആമോസ് 5:27) യിസ്രായേലിന്റെ അവിശ്വസ്തതനിമിത്തമുള്ള അവളുടെ നാശം സംബന്ധിച്ച് ആമോസിന് വളരെ ഉറപ്പുണ്ടായിരുന്നതുകൊണ്ട് അതു നടന്നുകഴിഞ്ഞതുപോലെ അവൻ അതിനെ വർണ്ണിക്കുന്നു.
● 7:1—“രാജാവിന്റെ വക അരിഞ്ഞ പുല്ല്” രാജാവിന്റെ മൃഗങ്ങൾക്കും കുതിരപ്പടക്കും തീററി കൊടുക്കുന്നതിന് രാജാവ് ഈടാക്കിയ നികുതിയെ അഥവാ കപ്പത്തെ പരാമർശിക്കാൻ നല്ല സാദ്ധ്യതയുണ്ട്. രാജാവിന്റെ നികുതി ആദ്യം കൊടുക്കണമായിരുന്നു. അതിനുശേഷം ജനങ്ങൾക്ക് സ്വന്തം ഉപയോഗത്തിന് “പുല്ല്” അല്ലെങ്കിൽ സസ്യങ്ങൾ എടുക്കാമായിരുന്നു. എന്നാൽ അവർക്ക് അത് ചെയ്യാൻ കഴിയുന്നതിനുമുമ്പ് ഈ പിൽക്കാല നടീൽ വെട്ടുക്കിളികൾ വന്നു തിന്നുതീർത്തു.
● 8:2—കൊയ്ത്തുകാലത്തിന്റെ അവസാനത്തോടടുത്ത് വേനൽക്കാല പഴങ്ങൾ പറിച്ചെടുത്തിരുന്നു. അങ്ങനെ കാർഷികവൽസരത്തിന്റെ അന്ത്യം യിസ്രായേൽ അതിന്റെ അന്ത്യത്തിൽ എത്തിയിരുന്നുവെന്ന് പ്രതീകപ്പെടുത്തുന്നു. “അവരോടു ഞാൻ മേലാൽ കൂടുതലായി ക്ഷമിക്കയില്ല,” യഹോവ പ്രഖ്യാപിച്ചു. ജനതയുടെമേൽ അവന്റെ ന്യായവിധി നടത്താറായിരുന്നു.
● 9:7—അവരുടെ വിശ്വസ്തരായ പൂർവികർ നിമിത്തം യഹോവ യിസ്രായേല്യരെ തിരഞ്ഞെടുക്കുകയും അവരുടെ പൂർവ പിതാക്കളെ ഈജിപ്ററിലെ അടിമത്വത്തിൽ നിന്നു വിടുവിക്കുകയും കനാലിലേക്ക് വരുത്തുകയും ചെയ്തിരുന്നു. എന്നാൽ അവർക്ക് ഇതിൽ അഹങ്കരിക്കാൻ അടിസ്ഥാനമില്ലായിരുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ ദുഷ്ടത കൂശ്യരുടെ അതേ നിലയാണ് അവർക്കു നേടിക്കൊടുത്തത് (റോമർ 2:25 താരതമ്യപ്പെടുത്തുക) അതുപോലെ ഈജിപ്ററിൽ നിന്നുള്ള വിടുതൽ മേലാൽ തുടർച്ചയായ ദിവ്യാംഗീകാരത്തിന്റെ ഉറപ്പായിരുന്നില്ല. ഫെലിസ്ത്യരും സിറിയക്കാരും അവരുടെ മുൻ പ്രദേശങ്ങളിൽ വസിക്കുന്നില്ലെന്നുള്ള വസ്തുതപോലെ തന്നെ. വിശ്വസ്തരായ ഗോത്രപിതാക്കൻമാരിൽനിന്നുള്ള ഉത്ഭവം യിസ്രായേല്യരെ രക്ഷിക്കാൻ പോകയായിരുന്നില്ല. ദൈവവുമായുള്ള ഒരു അംഗീകൃതനില അവന്റെ ഇഷ്ടത്തോടുള്ള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു.—ആമോസ് 9:8-10; പ്രവൃത്തികൾ 10:34-35.