തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: സെഖര്യാവ് 1:1–14:21
യഹോവ തന്റെ ജനത്തിന്റെ ആവേശത്തെ ഉണർത്തുന്നു
ക്രി.മു. 538-ന്റെ ഒടുവിലോ ക്രി.മു. 537-ന്റെ ആരംഭത്തിലോ “യഹോവയുടെ ആലയം പുനർനിർമ്മിക്കുന്നതിന്” യഹൂദൻമാർ ബാബിലോനിൽനിന്ന് യരൂശലേമിലേക്ക് മടങ്ങിപ്പോകണമെന്ന് പേർഷ്യൻരാജാവായ കോരേശ് ഒരു വിളംബരം പുറപ്പെടുവിച്ചു. (എസ്രാ 1:3) എന്നിരുന്നാലും, ക്രി.മു. 520 ആയിട്ടും ആലയം പുനർനിർമ്മിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് ജനത്തിന്റെ ആവേശത്തെ ഉണർത്തുന്നതിന് ഹഗ്ഗായിയോടൊത്തു പ്രവർത്തിക്കാൻ യഹോവ സെഖര്യാവ് പ്രവാചകനെ എഴുന്നേൽപ്പിച്ചു.
യഹോവ വിശ്വസ്തരായ യഹൂദൻമാരെ പിന്തുണക്കുന്നുണ്ടായിരുന്നുവെന്നും അവരുടെ വേലയെ അനുഗ്രഹിക്കുമെന്നും പ്രകടമാക്കിക്കൊണ്ട് സെഖര്യാവിന്റെ നിശ്വസ്തവചനങ്ങൾ അവരെ പുനരൂർജ്ജിതപ്പെടുത്തി. ഈ ബൈബിൾപുസ്തകത്തിൽ മശിഹൈകപ്രവചനങ്ങളും നമ്മുടെ കാലത്ത് നിറവേറിക്കൊണ്ടിരിക്കുന്ന മററു പ്രവചനങ്ങളും അടങ്ങിയിട്ടുള്ളതുകൊണ്ട്, അത് നമ്മെയും ഉത്സാഹിപ്പിക്കുന്നു.a അതു നമുക്കു വിലപ്പെട്ട പാഠങ്ങളും നൽകുന്നു.
യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നു
യഹോവക്ക് തന്റെ ജനത്തെക്കുറിച്ച് താൽപ്പര്യമുണ്ട്. യഹോവയിൽനിന്നു തങ്ങൾക്കു ലഭിച്ച ശിക്ഷണം നീതിനിഷ്ഠമായിരുന്നുവെന്ന് അവർ സമ്മതിച്ചശേഷം അവന് അവരോടു തുടർന്നുള്ള താൽപ്പര്യം പ്രകടമാക്കുന്ന മൂന്നു ദർശനങ്ങൾ സെഖര്യാവിനു ലഭിക്കുന്നു. ആദ്യത്തേതിൽ ദൂതസവാരിക്കാർ സഹിതമുള്ള കുതിരകളെ അവൻ കാണുന്നു. യഹൂദൻമാർക്ക് അനർത്ഥംവരുത്തിയ ജനതകൾക്ക് “കുഴപ്പമില്ലാ”തിരിക്കുന്നതിൽ ഒരു ദൂതൻ അസ്വസ്ഥനാകുന്നു. രണ്ടാമത്തേതിൽ, യഹോവ “നാലു കൊമ്പുകളെ”—തന്റെ ജനത്തെ ചിതറിച്ച ഭരണാധികാരികളെ—തള്ളിയിടാൻ തീരുമാനിക്കുന്നു. മൂന്നാമത്തെ ദർശനം യരൂശലേമിനെസംബന്ധിച്ച യഹോവയുടെ സ്നേഹപുരസ്സരമായ സംരക്ഷകപരിപാലനത്തെ വർണ്ണിക്കുന്നു.—1:1–2:13.
ദൈവത്തിന്റെ വിശ്വസ്തദാസൻമാർക്കു തടസ്സംസൃഷ്ടിക്കാൻ ആർക്കും കഴികയില്ല. നാലാമത്തെ ദർശനത്തിൽ, യഹോവയുടെ ജനത്തിന്റെ മുഖ്യ എതിരാളിയായ സാത്താൻ ഊററമായി ശാസിക്കപ്പെടുന്നു. (വെളിപ്പാട് 12:10 താരതമ്യപ്പെടുത്തുക.) അഞ്ചാമത്തേതിൽ, പർവതസമാനമായ തടസ്സങ്ങൾ ഗണ്യമാക്കാതെ ദൈവജനം അവന്റെ ഇഷ്ടം ചെയ്യുമെന്ന് സെഖര്യാവ് മനസ്സിലാക്കുന്നു. എങ്ങനെ? “‘ഒരു സൈന്യത്താലല്ല, ശക്തിയാലുമല്ല, പിന്നെയോ എന്റെ ആത്മാവിനാലാണ്’ എന്ന് സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നു.”—3:1–4:14.
ദൈവദാസൻമാർ “തിൻമയെ വെറുക്കുന്നു.” (സങ്കീർത്തനം 97:10, 11) ആറാമത്തെ ദർശനത്തിൽ, ഇത്രത്തോളം ശിക്ഷിക്കപ്പെടാതെ പോയ ദുഷ്പ്രവൃത്തിക്കാരുടെമേൽ ദൈവം ഒരു ശാപം ഉച്ചരിക്കുന്നു. ഏഴാമത്തേതിൽ, ദുഷ്ടതയുടെ ഒരു പ്രതിനിധാനം വ്യാജബാബിലോന്യമതത്തിന്റെ സ്ഥാനമായ “ശീനാർ ദേശത്തേക്ക്” വഹിച്ചുകൊണ്ടുപോകപ്പെടുന്നു. അതിനു പററിയ ഒരു സ്ഥലം! തിൻമക്ക് യഹോവയുടെ ജനത്തിന്റെ ഇടയിൽ സ്ഥാനമില്ല. അവർ അതിനെ വെറുക്കുന്നു. സെഖര്യാവ് അടുത്തതായി കുതിരകൾ വലിക്കുന്ന നാലു രഥങ്ങൾ കാണുന്നു—ഭൂമിയിലെ ദൈവദാസൻമാരെ സംരക്ഷിക്കാൻ നിയുക്തരായ ദൂതാത്മശക്തികൾതന്നെ.—5:1-6:8.
പ്രാവചനിക പൂർവദർശനങ്ങൾ
യഹോവയുടെ പ്രവാചകവചനത്തിന്റെ നിവൃത്തി പുളകപ്രദവും വിശ്വാസത്തെ ബലപ്പെടുത്തുന്നതുമാണ്. നമ്മുടെ നാളിലേക്കുള്ള സെഖര്യാവിന്റെ പ്രവാചക പൂർവദർശനങ്ങൾസംബന്ധിച്ച് ഇത് എത്ര സത്യം! യഹൂദപ്രവാസികൾ സംഭാവനചെയ്ത വെള്ളിയും പൊന്നും ഉപയോഗിച്ചുകൊണ്ട് അവൻ മഹാപുരോഹിതനായ യോശുവായിക്കുവേണ്ടി ഒരു മഹത്തായ കിരീടം ഉണ്ടാക്കണമായിരുന്നു. തന്നെയുമല്ല, “വിദൂരത്തുള്ളവർ [ബാബിലോനിൽ] വരുകയും യഥാർത്ഥമായി യഹോവയുടെ ആലയം പണിയുകയും ചെയ്യും,” 1919-നുശേഷം അനേകർ ആലയംപണിയിൽ സഹായിക്കാൻ മഹാബാബിലോനെ വിട്ടതുപോലെതന്നെ. ഉപവാസത്തെ സംബന്ധിച്ച തെററായ ആശയങ്ങളുടെ തിരുത്തൽ യരൂശലേമിന്റെ വരാനിരുന്ന സന്തോഷകരമായ അവസ്ഥകളുടെ ഒരു വർണ്ണനയിലേക്കു നയിച്ചു. ‘സകല ജനതകളിലുംനിന്നുള്ള പത്തു പുരുഷൻമാർ’ സത്യാരാധനയിൽ ആത്മീയ യഹൂദൻമാരോടു ചേരുമെന്ന് മുൻകൂട്ടിപ്പറയപ്പെട്ടു. (ഗലാത്യർ 6:16; വെളിപ്പാട് 7:4-10) “യരൂശലേംപുത്രിയേ, ജയഘോഷം മുഴക്കുക” എന്ന് യഹോവ പറയുന്നു. അവളുടെ രാജാവ് ഒരു കഴുതപ്പുറത്തു കയറിവരുന്നു. അവൻ “ജനതകളോടു സമാധാനം കൽപ്പിക്കും.”—6:9–9:11.
ദൈവവും ഇടയൻമാരും
മേൽവിചാരകൻമാർക്ക് ഭാരിച്ച ഒരു ഉത്തരവാദിത്തമുണ്ട്, ഉത്സാഹത്തോടെ സേവിക്കുകയും വേണം. തന്റെ ജനത്തെ രക്ഷിക്കുമെന്നു വാഗ്ദത്തംചെയ്തശേഷം യഹോവ അവിശ്വസ്തരായ ഇടയൻമാരോടുള്ള തന്റെ കോപം പ്രകടമാക്കുന്നു. യഹോവ തന്റെ ജനവുമായുള്ള ഉടമ്പടി ലംഘിക്കാൻതക്കവണ്ണം അത്രത്തോളം “മൂന്ന് ഇടയൻമാർ” ആട്ടിൻകൂട്ടത്തെ ദുഷിപ്പിക്കുന്നു. യരൂശലേം “ഭാരമുള്ള ഒരു കല്ല്” ആയിത്തീരും. അവളെ ആക്രമിക്കുന്ന ഏവനും “ഗുരുതരമായ പോറൽ ഏൽക്കും.” എന്നാൽ “യഹൂദയിലെ പ്രമാണിമാർ”—ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഇടയിൽ മേൽവിചാരണയുള്ളവർ—മുന്തിയ തീക്ഷ്ണതയോടെ “ഒരു തീപ്പന്തം പോലെ” ആയിരിക്കണം.—9:12-12:14.
യഹോവ കൃത്രിമങ്ങളെ വെറുക്കുന്നു. ദൈവത്തിന്റെ സഭയിൽ ‘വ്യാജം സംസാരിക്കുന്നതിൽ’ തുടരുന്ന ഏവരും ‘കുത്തിത്തുളക്കപ്പെടുകയും’ വിശ്വാസത്യാഗികളെന്ന നിലയിൽ തള്ളപ്പെടുകയുംചെയ്യുന്നു. ദേശത്തിൽ “രണ്ടു ഭാഗം” ഛേദിക്കപ്പെടും, അതേസമയം, മൂന്നാംഭാഗം തീയിൽ ശുദ്ധീകരിക്കപ്പെടും. ഇതിനു സമാന്തരമായി ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരിൽ—ക്രൈസ്തവലോകത്തിൽ പെട്ടവർ—ബഹുഭൂരിപക്ഷവും യഹോവയാൽ ഛേദിക്കപ്പെട്ടിരിക്കുന്നു. 1919 മുതൽ വിശ്വസ്തരും അഭിഷിക്തരുമായ ക്രിസ്ത്യാനികളുടെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമേ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുകയും അവന്റെ ശുദ്ധീകരണപ്രക്രിയക്കു വിധേയരാകുകയും ചെയ്തുള്ളു.—13:1-9.
യഹോവയുടെ ജനത്തിന് അവന്റെ സംരക്ഷണത്തിൽ ആശ്രയിക്കാൻ കഴിയും. ദൈവം തന്റെ ജനത്തെ സംരക്ഷിക്കുകയും സാത്താന്റെ കൂട്ടത്തെ തുടച്ചുനീക്കുകയും ചെയ്യും. ഒലിവുമലയുടെ പിളരൽ ഒരു പ്രതീകാത്മക താഴ്വര ഉളവാക്കുന്നു. അതിൽ അഭിഷിക്തർ യഹോവയുടെ സാർവത്രിക രാജ്യത്തിൻകീഴിലും അവന്റെ പുത്രന്റെ മശിഹൈകഗവൺമെൻറിൻകീഴിലും സംരക്ഷണം അനുഭവിക്കുന്നു. ദൈവത്തിൻറ വിശ്വസ്തദാസൻമാർക്ക് വെളിച്ചവും ജനതകൾക്ക് ഇരുട്ടും ഉണ്ടാകും. മനുഷ്യവർഗ്ഗം തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഒന്നുകിൽ യഹോവയുടെ ജനത്തോടൊത്ത് അവനെ ആരാധിക്കുക, അല്ലെങ്കിൽ നിത്യനാശമനുഭവിക്കുക.—14:1-21. (w89 6/15)
[അടിക്കുറിപ്പുകൾ]
a സെഖര്യാപ്രവചനത്തിന്റെ ഒരു പാദാനുപദ ചർച്ച വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധീകരിച്ച മനുഷ്യവർഗ്ഗത്തിന് പുന:സ്ഥിതീകരിക്കപ്പെട്ട പറുദീസ—ദിവ്യാധിപത്യത്താൽ! എന്ന പുസ്തകത്തിൽ കാണാം.
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 1:3—യഹൂദൻമാർ ക്രി.മു. 537-ൽ ബാബിലോനിൽനിന്ന് മടങ്ങിവന്നെങ്കിലും മുഴുദേഹിയോടുകൂടിയ അനുസരണത്തിലും ആരാധനയിലും ദൈവത്തിങ്കലേക്കു മടങ്ങാനും അവർ പ്രോൽസാഹിപ്പിക്കപ്പെട്ടു. ആലയം പൂർത്തിയാകുന്നതുവരെ പുനർനിർമ്മാണവേലയിൽ ഏർപ്പെടുന്നതിനാൽ അവർ ഈ മടങ്ങിവരവിന്റെ ദൃശ്യതെളിവു നൽകും.
● 2:1-5—യുവാവ് യരുശലേമിനു ചുററും ഒരു സംരക്ഷണമതിൽ പണിയാൻ അതിനെ അളക്കുകയായിരിക്കാനിടയുണ്ട്. എന്നാൽ നഗരത്തിന്റെ വളർച്ച ഒരു മതിലിനാൽ പരിമിതപ്പെടുത്താൻ പാടില്ലെന്ന് ദൈവദൂതൻ സൂചിപ്പിച്ചു. യാതൊരു മനുഷ്യനും യരൂശലേമിന്റെ തുടർച്ചയായ വളർച്ചയെ തടയാൻ കഴിയുമായിരുന്നില്ല. യഹോവ അതിന്റെ സംരക്ഷണമായിരിക്കും, അവൻ ഇന്ന് സ്വർഗ്ഗീയമായ പുതിയ യരൂശലേമിന്റെ ഭാഗമാകാനിരിക്കുന്ന അഭിഷിക്തശേഷിപ്പിനെ സംരക്ഷിക്കുന്നതുപോലെതന്നെ.—വെളിപ്പാട് 21:2.
● 6:11-15—മഹാപുരോഹിതനായ യോശുവായുടെ കിരീടധാരണം അവനെ ഒരു പുരോഹിതരാജാവാക്കിയില്ല. എന്തുകൊണ്ടെന്നാൽ അവൻ ദാവീദിന്റെ രാജവംശത്തിൽപെട്ടവനായിരുന്നില്ല. എന്നാൽ അത് യോശുവായെ മശിഹായുടെ ഒരു പ്രവാചകമാതൃകയാക്കി, അവനിൽ “മുള”യെ സംബന്ധിച്ച പ്രവചനം പൂർണ്ണമായി സാക്ഷാത്ക്കരിക്കപ്പെടുന്നു. (സെഖര്യാവ് 3:8; യിരെമ്യാവ് 23:5) യരൂശലേമിലെ ആലയംപണി പൂർത്തീകരിക്കാൻ യോശുവ സഹായിച്ചു. സ്വർഗ്ഗീയ പുരോഹിതരാജാവായ യേശുക്രിസ്തു ആത്മീയ ആലയംപണി പൂർത്തീകരിക്കുന്നു.
● 11:4-11—ചെമ്മരിയാടുതുല്യരായ ആളുകളെ ഭരണകർത്താക്കളായ ഇടയൻമാർ ചൂഷണംചെയ്യുകയായിരുന്നതുകൊണ്ട് അവരായിരുന്നു “കൊലക്ക് ഉദ്ദേശിക്കപ്പെട്ട ആട്ടിൻകൂട്ടം.” ആട്ടിൻകൂട്ടത്തെ നയിക്കാൻ ഒരു വടിയും മൃഗങ്ങളെ ഓടിക്കാൻ ഒരു കോലും വഹിക്കുന്ന ഒരു ഇടയനെപ്പോലെ “ഉല്ലാസം” എന്ന് വിളിക്കപ്പെട്ട ഒരു വടിയും “ഐക്യം” എന്ന മറെറാന്നും കൊണ്ട് സെഖര്യാവ് പ്രവർത്തിച്ചു. (സങ്കീർത്തനം 23:4) ഒരു ആത്മീയ ഇടയനായിരിക്കാൻ അയക്കപ്പെട്ടെങ്കിലും യഹൂദൻമാരാൽ തള്ളപ്പെട്ട യേശുവിനെ അവൻ മുൻനിഴലാക്കി. സെഖര്യാവ് ഉല്ലാസം എന്ന വടി ഒടിച്ചതുപോലെ ദൈവം യഹൂദൻമാരോട് ഉല്ലാസത്തോടെ ഇടപെടുന്നതു നിർത്തുകയും അവരുമായുള്ള അവന്റെ ഉടമ്പടി ലംഘിക്കുകയുംചെയ്തു. സെഖര്യാവ് ഐക്യം എന്ന കോൽ ഒടിച്ചതുപോലെ ഇസ്രയേലുമായുള്ള ന്യായപ്രമാണ ഉടമ്പടി ദൈവം റദ്ദാക്കിയത് യഹൂദൻമാർക്ക് ഐക്യത്തിന്റെ ദിവ്യാധിപത്യ ബന്ധം ഇല്ലാതാക്കി. അവരുടെ മതപരമായ അനൈക്യം ക്രി.വ. 70-ൽ റോമാക്കാർ യരൂശലേമിനെ നശിപ്പിച്ചതോടെ വിപത്ക്കരമായിത്തീർന്നു.
● 12:11—“ഹദദ്രിമ്മോനിലെ വിലാപം” യഹൂദയിലെ യോശീയാവു രാജാവിന്റെ മരണംസംബന്ധിച്ച വിലാപത്തെ പരാമർശിച്ചേക്കാം. ഹദദ്രിമ്മോൻ മെഗിദ്ദോ താഴ്വരയിലെ ഒരു സ്ഥാനമാണെന്നു തെളിവുണ്ട്. അവിടെ അവൻ ഫറവോൻനെഖോയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. യോശീയാവിന്റെ മരണത്തിൽ വിലാപമുണ്ടായിരുന്നു. യിരെമ്യാവ് വിലാപഗാനമാലപിക്കുകയും പാട്ടുകാർ വിലാപഗാനങ്ങളിൽ രാജാവിനെക്കുറിച്ചു പറയുകയുംചെയ്തു.—2 ദിനവൃത്താന്തം 35:20-25.
[32-ാം പേജിലെ ചിത്രം]
സെഖര്യാവ് മുൻകൂട്ടിപ്പറഞ്ഞതുപോലെ, സകല ജനതകളിലെയും ആളുകൾ ഇപ്പോൾ ആത്മീയ യിസ്രായേലിനോട് കൂടെ സഹവസിച്ചുകൊണ്ടിരിക്കുന്നു