യഹോവ എന്റെ സഹായി ആകുന്നു
“നല്ല ധൈര്യശാലികളായി ‘യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും’ എന്നു പറയുക.”—എബ്രായർ 13:6.
1, 2. (എ) സങ്കീർത്തനക്കാരനും അപ്പോസ്തലനായ പൗലോസും യഹോവയിൽ എന്ത് ആത്മവിശ്വാസം പ്രകടമാക്കി? (ബി) ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
യഹോവയാം ദൈവം സഹായത്തിന്റെ ഒരു വററാത്ത ഉറവയാണ്. സങ്കീർത്തനക്കാരൻ ഇത് അനുഭവത്തിൽനിന്ന് അറിഞ്ഞിരുന്നു, തന്നിമിത്തം അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല. ഭൗമിക മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6) അപ്പോസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് തന്റെ ദിവ്യനിശ്വസ്തലേഖനമെഴുതിയപ്പോൾ അവൻ സമാനമായ വികാരങ്ങൾ പ്രകടമാക്കി.
2 പ്രസ്പഷ്ടമായി സങ്കീർത്തനക്കാരന്റെ വാക്കുകൾ ഗ്രീക്ക് സെപ്ററുവജിൻറിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് എബ്രായ സഹാരാധകരോട് പൗലോസ് ഇങ്ങനെ പറഞ്ഞു: “നല്ല ധൈര്യശാലികളായി ‘യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?’ എന്നു പറയുക.” (എബ്രായർ 13:6) അപ്പോസ്തലൻ ഈ വിധത്തിൽ എഴുതിയതെന്തുകൊണ്ട്? നമുക്ക് സന്ദർഭത്തിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
യഹോവയുടെ സഹായത്തിന്റെ ആവശ്യം
3. (എ) ഏതു സാഹചര്യങ്ങളിൻകീഴിൽ യഹോവ പൗലോസിന്റെ സഹായി എന്നു തെളിഞ്ഞു? (ബി) എബ്രായക്രിസ്ത്യാനികൾക്ക് യഹോവയെ സഹായിയായി വിശേഷാൽ ആവശ്യമുണ്ടായിരുന്നതെന്തുകൊണ്ട്?
3 യഹോവ തന്റെ സഹായി ആണെന്നുള്ളതിന്റെ തെളിവുണ്ടായിരുന്ന ആത്മത്യാഗിയായിരുന്ന ഒരു സാക്ഷിയായിരുന്നു പൗലോസ്. ദൈവം അനേകം പ്രയാസങ്ങളിൽ അപ്പോസ്തലനെ സഹായിച്ചു. പൗലോസ് തടവിലാക്കപ്പെട്ടു, പ്രഹരിക്കപ്പെട്ടു, കല്ലെറിയപ്പെട്ടു. ഒരു ക്രിസ്തീയ ശുശ്രൂഷകനെന്ന നിലയിലുള്ള അവന്റെ സഞ്ചാരങ്ങളിൽ അവൻ കപ്പൽചേതങ്ങളും മററനേകം അപകടങ്ങളും അനുഭവിച്ചു. അവൻ അദ്ധ്വാനത്തോടും നിദ്രാവിഹീനരാത്രികളോടും വിശപ്പിനോടും ദാഹത്തോടും—നഗ്നതയോടുപോലും—സുപരിചിതനായിരുന്നു. “ബാഹ്യതരത്തിലുള്ള ആ കാര്യങ്ങൾക്കു പുറമേ, അനുദിനം എന്റെ മേൽ പാഞ്ഞുകയറുന്ന സകല സഭകളെയും കുറിച്ചുള്ള ഉത്ക്കണ്ഠയുമുണ്ട്” എന്ന് അവൻ പറഞ്ഞു. (2 കൊരിന്ത്യർ 11:24-29) പൗലോസിന് എബ്രായ ക്രിസ്ത്യാനികളെക്കുറിച്ച് അത്തരം ഉത്ക്കണ്ഠയുണ്ടായിരുന്നു. യരുശലേമിന്റെ നാളുകൾ എണ്ണപ്പെട്ടിരുന്നു, അപ്പോസ്തലന്റെ യഹൂദ്യയിലെ യഹൂദ സഹോദരീസഹോദരൻമാർ വിശ്വാസത്തിന്റെ വലിയ പരിശോധനകളെ അഭിമുഖീകരിക്കുമായിരുന്നു. (ദാനിയേൽ 9:24-27; ലൂക്കോസ് 21:5-24) അതുകൊണ്ട് അവർക്ക് യഹോവ സഹായി ആയിരിക്കേണ്ടയാവശ്യമുണ്ടായിരുന്നു.
4. എബ്രായർക്കുള്ള ലേഖനത്തിലുടനീളം ഏതു അടിസ്ഥാന പ്രബോധനം നൽകപ്പെട്ടിരിക്കുന്നു?
4 പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനം തുടങ്ങിയപ്പോൾ അവർ ദൈവപുത്രനായ യേശുക്രിസ്തുവിനെ ശ്രദ്ധിച്ചാൽ മാത്രമേ ദിവ്യസഹായം അനുഭവപ്പെടുകയുള്ളുവെന്ന് അവൻ പറഞ്ഞു. (എബ്രായർ 1:1, 2) ഈ ആശയം ലേഖനത്തിൽ വികസിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, ഈ ബുദ്ധിയുപദേശത്തെ പിന്താങ്ങാൻ, ഇസ്രായേല്യർ മരുഭൂമിയിൽവെച്ച് അനുസരണക്കേടു നിമിത്തം ശിക്ഷിക്കപ്പെട്ടുവെന്ന് അപ്പോസ്തലൻ തന്റെ വായനക്കാരെ ഓർമ്മിപ്പിച്ചു. എബ്രായക്രിസ്ത്യാനികൾ തങ്ങളോട് യേശു മുഖാന്തരം ദൈവം പറഞ്ഞതിനെ തള്ളിക്കളയുകയും ക്രിസ്തുവിന്റെ ബലിയാൽ നീക്കംചെയ്യപ്പെട്ട മോശൈകന്യായപ്രമാണത്തോടു പററിനിന്നുകൊണ്ട് വിശ്വാസത്യാഗികളായിത്തീരുകയും ചെയ്താൽ അവർ ശിക്ഷയിൽ നിന്ന് എങ്ങനെ തെററിയൊഴിയാനാണ്!—എബ്രായർ 12:24-27.
സഹോദരസനേഹം പ്രവർത്തനത്തിൽ
5. (എ) എബ്രായർക്കുള്ള ലേഖനം വേറെ ഏതു ബുദ്ധിയുപദേശം നൽകുന്നു? (ബി) പൗലോസ് സ്നേഹത്തെക്കുറിച്ച് എന്തു പറഞ്ഞു?
5 എബ്രായർക്കുള്ള ലേഖനം അവരുടെ മാതൃകാപുരുഷനായ യേശുക്രിസ്തുവിനെ എങ്ങനെ അനുഗമിക്കാമെന്നും ‘ദൈവിക ഭയാദരവുകളോടെ വിശുദ്ധസേവനം എങ്ങനെ അർപ്പിക്കാമെന്നും’ എങ്ങനെ യഹോവയെ തങ്ങളുടെ സഹായി ആക്കാമെന്നും സ്വർഗ്ഗീയ രാജ്യാവകാശികളായിത്തീരാനുള്ളവർക്ക് ബുദ്ധിയുപദേശം കൊടുത്തു. (എബ്രായർ 12:1-4, 28, 29) ക്രമമായി കൂടിവരാനും ‘സ്നേഹത്തിനും സൽപ്രവൃത്തികൾക്കും അന്യോന്യം ഉൽസാഹിപ്പിക്കാനും’ പൗലോസ് സഹവിശ്വാസികളെ പ്രോൽസാഹിപ്പിച്ചു. (എബ്രായർ 10:24, 25) ഇപ്പോൾ “നിങ്ങളുടെ സഹോദരസ്നേഹം തുടരട്ടെ”യെന്ന് അവൻ ബുദ്ധിയുപദേശിച്ചു.—എബ്രായർ 13:1.
6. യേശു തന്റെ അനുഗാമികൾക്ക് ഏതർത്ഥത്തിൽ സ്നേഹത്തെക്കുറിച്ച് “ഒരു പുതിയ കല്പന” കൊടുത്തു?
6 തന്റെ അനുഗാമികളുടെ അത്തരത്തിലുള്ള സ്നേഹം യേശു ആവശ്യപ്പെട്ടു, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന നൽകുകയാകുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണമെന്നുതന്നെ. നിങ്ങൾക്കു നിങ്ങളുടെ ഇടയിൽതന്നെ സ്നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടതിനെക്കാൾ കൂടുതൽ ആവശ്യപ്പെട്ടതിനാലാണ് അത് ഒരു “പുതിയ കല്പന” ആയിരുന്നത്, “നീ നിന്റെ കൂട്ടുകാരനെ [അഥവാ അയൽക്കാരനെ] നിന്നേപ്പോലെ സ്നേഹിക്കണം” എന്നാണ് ന്യായപ്രമാണം ആവശ്യപ്പെട്ടത്. (ലേവ്യപുസ്തകം 19:18) ഒരു വ്യക്തി തന്നേത്തന്നെ സ്നേഹിക്കുന്നതുപോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ ചെയ്യാൻ “പുതിയ കല്പന” ആവശ്യപ്പെട്ടു. മറെറാരാൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നതുവരെയുള്ള ആത്മത്യാഗപരമായ സ്നേഹം അതാവശ്യപ്പെട്ടു. യേശുവിന്റെ ജീവിതവും മരണവും അത്തരം സ്നേഹത്തിന്റെ നിദർശനമായിരുന്നു. തെർത്തുല്യൻ ലോകജനങ്ങളുടെ പ്രസ്താവനകൾ ഉദ്ധരിക്കുകയും “‘നോക്കൂ, അവർ അന്യോന്യം എത്ര സ്നേഹിക്കുന്നു . . . അവർ സ്വയം മററവനുവേണ്ടി മരിക്കാൻ എത്ര സന്നദ്ധരാണ്’” എന്ന് അവർ പറയുന്നുവെന്ന് പറയുകയും ചെയ്തപ്പോൾ അദ്ദേഹം ഈ തിരിച്ചറിയൽ അടയാളത്തെ പരാമർശിക്കുകയായിരുന്നു.—അപ്പോളജി, അദ്ധ്യായം XXXIX, 7.
7. ക്രി.മു. 33-ലെ പെന്തെക്കോസ്തിനുശേഷം സഹോദരസ്നേഹം എങ്ങനെ പ്രകടമായി?
7 ക്രി.വ. 33ലെ പെന്തെക്കോസ്തിനുശേഷം യേശുവിന്റെ ശിഷ്യൻമാരുടെ ഇടയിൽ സഹോദര സ്നേഹം പ്രകടമായിരുന്നു. തന്നിമിത്തം വിദൂരസ്ഥലങ്ങളിൽനിന്നു വന്ന് സ്നാപനമേററ അനേകം പുതുവിശ്വാസികൾക്ക് യരുശലേമിലെ തങ്ങളുടെ താമസം നീട്ടുന്നതിനും ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ ദൈവികകരുതലിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും കഴിഞ്ഞു. “വിശ്വാസികളായിത്തീർന്ന എല്ലാവരും സകലവും പൊതുവായി അനുഭവിക്കുന്നതിൽ ഒത്തുചേർന്നു, അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുക്കളും വിൽക്കുകയും ഓരോരുത്തനും ആവശ്യമുള്ളതനുസരിച്ച് എല്ലാവർക്കുമായി മുതൽ വിതരണംചെയ്യുകയും ചെയ്തു.”—പ്രവൃത്തികൾ 2:43-47; 4:32-37.
8. ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ ഇടയിൽ സഹോദരസ്നേഹം സ്ഥിതിചെയ്യുന്നുണ്ടെന്നുള്ളതിന് എന്തു തെളിവുണ്ട്?
8 നമ്മുടെ നാളിൽ യഹോവയുടെ സാക്ഷികളുടെ ഇടയിൽ അത്തരം സഹോദരസ്നേഹം നിലവിലുണ്ട്. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രണ്ടര വർഷം നീണ്ടുനിന്ന ഒരു ദുരിതാശ്വാസപ്രവർത്തനം നടത്താൻ അത്തരം സ്നേഹം ദൈവജനത്തെ പ്രോൽസാഹിപ്പിച്ചു. യുദ്ധത്താൽ ചീന്തപ്പെട്ട ആസ്ത്രിയാ, ബൽജിയം, ബൾഗേറിയാ, ചൈനാ, ചെക്കോസ്ളോവക്യ, ഡൻമാർക്ക്, ഇംഗ്ലണ്ട്, ഫിൻലണ്ട്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഇററലി, നെതർലാൻഡ്സ്, നോർവേ, ഫിലിപ്പീൻസ്, പോളണ്ട്, റുമേനിയ എന്നീ രാജ്യങ്ങളിലെ സഹവിശ്വാസികൾക്ക് കാനഡാ, സ്വീഡൻ, സ്വിററ്സർലണ്ട്, ഐക്യനാടുകൾ മുതലായ രാജ്യങ്ങളിലെ സാക്ഷികൾ വസ്ത്രവും ഭക്ഷണം വാങ്ങാനുള്ള പണവും സംഭാവനചെയ്തു. ഇത് ഒരു ദൃഷ്ടാന്തം മാത്രമാണ്, എന്തെന്നാൽ, ദൈവദാസൻമാർ കുറേക്കൂടെ അടുത്ത കാലത്ത് പെറുവിലെയും മെക്സിക്കോയിലെയും ഭൂകമ്പങ്ങളുടെയും ജമയിക്കായിലെ കൊടുങ്കാററുകളുടെയും മററുള്ളിടങ്ങളിലെ സമാന വിപത്തുകളുടെയും ക്രിസ്തീയ ഇരകളോട് അത്തരം സ്നേഹം പ്രകടമാക്കിയിട്ടുണ്ട്. ഈ വിധത്തിലും മററനേകം വിധങ്ങളിലും യഹോവയുടെ ജനം ‘തങ്ങളുടെ സഹോദരസ്നേഹം തുടരാൻ” അനുവദിക്കുന്നു.’
അതിഥിപ്രിയമുള്ളവരായിരിക്കുക
9. (എ) എബ്രായർ 13:2-ൽ ഏതു ദൈവികഗുണം പറയപ്പെട്ടിരിക്കുന്നു? (ബി) ചിലർ അറിയാതെ ‘ദൂതൻമാരെ സൽക്കരിച്ച’തെങ്ങനെ?
9 അടുത്തതായി, പൗലോസ് ക്രിസ്തുവിനെ അനുഗമിക്കുകയും ‘ദൈവിക ഭയാദരവുകളോടെ വിശുദ്ധസേവനമർപ്പിക്കുകയും’ യഹോവയെ തങ്ങളുടെ സഹായി ആക്കുകയും ചെയ്യുന്നവർ പ്രകടമാക്കുന്ന മറെറാരു ഗുണത്തെക്കുറിച്ചു പറഞ്ഞു. അവൻ ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “അതിഥിപ്രിയം മറക്കരുത്, എന്തെന്നാൽ അതിലൂടെ ചിലർ തങ്ങൾ അറിയുകയില്ലാത്ത ദൂതൻമാരെ സൽക്കരിച്ചു.” (എബ്രായർ 13:2) ആരാണ് അറിയാതെ “ദൂതൻമാരെ സൽക്കരിച്ച”ത്? ശരി, മൂന്നു ദൂതൻമാരുടെ ആതിഥേയൻ ഗോത്രപിതാവായിരുന്ന അബ്രാഹാമായിരുന്നു. (ഉല്പത്തി 18:1-22) അവരിൽ രണ്ടുപേർ വിട്ടുപോയി, അബ്രാഹാമിന്റെ സഹോദരപുത്രനായിരുന്ന ലോത്ത് സോദോമിലെ തന്റെ വീട്ടിലേക്ക് ഈ അപരിചിതരെത്തന്നെ ക്ഷണിച്ചു. അവർക്ക് കിടന്നുറങ്ങാൻ കഴിയുന്നതിനുമുമ്പ് ഒരു ജനക്കൂട്ടം “ആബാലവൃദ്ധം” അവന്റെ വീടു വളഞ്ഞു. തന്റെ അതിഥികളെ അസാൻമാർഗ്ഗിക ഉദ്ദേശ്യങ്ങൾക്കായി വിട്ടുകൊടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു, എന്നാൽ അവൻ ദൃഢമായി വിസമ്മതിച്ചു. ലോത്ത് ആദ്യം അറിഞ്ഞിരുന്നില്ലെങ്കിലും അവൻ ദൂതൻമാരെ സൽക്കരിച്ചു. പിന്നീട് ‘സോദോമിൻമേലും ഗോമോറാമേലും യഹോവ ആകാശത്തുനിന്ന് തീയും ഗന്ധകവും വർഷിച്ചപ്പോൾ’ മരണത്തിൽനിന്ന് ഒഴിവാകാൻ അവർ അവനെയും അവന്റെ പുത്രിമാരെയും സഹായിച്ചു.—ഉല്പത്തി 19:1-26.
10. അതിഥിപ്രിയമുള്ള ക്രിസ്ത്യാനികൾ എന്തനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?
10 അതിഥിപ്രിയമുള്ള ക്രിസ്ത്യാനികൾ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. അവർ തങ്ങളുടെ അതിഥികൾ പറയുന്ന സമ്പന്നമാക്കുന്ന അനുഭവങ്ങൾ കേൾക്കുകയും ആത്മീയമായി പ്രതിഫലദായകമായ അവരുടെ സഹവാസത്തിൽനിന്നു പ്രയോജനമനുഭവിക്കുകയും ചെയ്യുന്നു. സഹവിശ്വാസികളെ, “അങ്ങനെ അപരിചിതരെ,” അതിഥിപ്രിയത്തോടെ സ്വീകരിച്ചതിന് ഗായോസ് അഭിനന്ദിക്കപ്പെട്ടു, ഇക്കാലത്ത് യഹോവയുടെ ജനത്തിൽപെട്ട അനേകർ സഞ്ചാരമേൽവിചാരകൻമാരെ സൽക്കരിക്കുന്നതുപോലെതന്നെ. (3 യോഹന്നാൻ 1, 5-8) അതിഥിപ്രിയം ഒരു മൂപ്പനായി നിയമിക്കപ്പെടുന്നതിനുള്ള ഒരു യോഗ്യതയാണ്. (1 തിമൊഥെയോസ് 3:2; തീത്തോസ് 1:7, 8) യേശു തന്റെ അഭിഷിക്തസഹോദരൻമാർക്ക് അതിഥിപ്രിയത്തോടെ നൻമ ചെയ്യുന്ന വ്യക്തികൾക്ക് രാജ്യാനുഗ്രഹങ്ങൾ വാഗ്ദാനംചെയ്തതും ശ്രദ്ധാർഹമാണ്.—മത്തായി 25:34-40.
പീഡിപ്പിക്കപ്പെടുന്നവരെ ഓർക്കുക
11. എബ്രായർ 13-ലെ ബുദ്ധിയുപദേശം ഉചിതമായിരുന്നതെന്തുകൊണ്ട്?
11 യഹോവയുടെ സഹായം ലഭിക്കാനും ‘ദൈവികഭയാദരവുകളോടെ അവനു വിശുദ്ധസേവനമർപ്പിക്കാനും’ ആഗ്രഹിക്കുന്നവർ കഷ്ടപ്പെടുന്ന സഹവിശ്വാസികളെ മറക്കരുത്. ദുഷ്പെരുമാററം സഹിച്ച ക്രിസ്ത്യാനികളുടെ പ്രയാസങ്ങൾ പൗലോസ് മനസ്സിലാക്കി. കുറച്ചുകാലം മുമ്പ് ശിഷ്യൻമാർ പീഡനത്താൽ ചിതറിക്കപ്പെട്ടിരുന്നു, അവന്റെ സഹപ്രവർത്തകനായ തിമൊഥെയോസ് തടവിൽനിന്നു വിമോചിതനായതേയുണ്ടായിരുന്നുള്ളു. (എബ്രായർ 13:23; പ്രവൃത്തികൾ 11:19-21) ക്രിസ്തീയമിഷനറിമാരും പുതിയ സഭകൾ രൂപവൽക്കരിച്ചുകൊണ്ടോ നിലവിലുള്ളവയെ ആത്മീയമായി കെട്ടുപണിചെയ്തുകൊണ്ടോ അങ്ങുമിങ്ങും സഞ്ചരിക്കുന്നുണ്ടായിരുന്നു. അന്ന് സഞ്ചാരത്തിലായിരുന്ന സഹോദരീസഹോദരൻമാരിൽ അനേകർ വിജാതീയരായിരുന്നതുകൊണ്ട് ചില എബ്രായക്രിസ്ത്യാനികൾ അവരെക്കുറിച്ച് വേണ്ടത്ര ശ്രദ്ധാലുക്കളല്ലായിരുന്നിരിക്കാം. ആ സ്ഥിതിക്ക്, ഈ ബുദ്ധിയുപദേശം ഉചിതമായിരുന്നു: “കാരാഗൃഹബന്ധനങ്ങളിലുള്ളവരോടൊപ്പം നിങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെ അവരെയും ദുഷ്പെരുമാററത്തിനു വിധേയരാകുന്നവരെയും ഓർക്കുക, നിങ്ങളും ഇപ്പോഴും ഒരു ശരീരത്തിലിരിക്കുന്നതിനാൽത്തന്നെ.”—എബ്രായർ 13:3.
12. ദുഷ്പെരുമാററമനുഭവിച്ച ക്രിസ്ത്യാനികളെ ഓർക്കാനുള്ള ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം?
12 എബ്രായർ “തടവിലുള്ളവരോട് സഹതാപം കാണി”ച്ചിരുന്നു, എന്നാൽ അവർ യഹൂദൻമാരായിരുന്നാലും വിജാതീയരായിരുന്നാലും അങ്ങനെയുള്ള വിശ്വസ്തസഹാരാധകരെ മറക്കരുതായിരുന്നു. (എബ്രായർ 10:34) എന്നാൽ നമ്മേസംബന്ധിച്ചെന്ത്? ദുഷ്പെരുമാററത്തിനു വിധേയരായ ക്രിസ്ത്യാനികളെ നാം ഓർക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം? ചില കേസുകളിൽ, രാജ്യപ്രസംഗവേല നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിൽ വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ട സഹവിശ്വാസികളെ സഹായിക്കാനുള്ള ശ്രമത്തിൽ ഗവൺമെൻറ് അധികാരികളോട് എഴുത്തുകളിലൂടെ അഭ്യർത്ഥിക്കുന്നത് ഉചിതമായിരുന്നേക്കാം. വിശേഷിച്ച് അവരെ നാം പ്രാർത്ഥനയിലൂടെ ഓർക്കണം, സാദ്ധ്യമെങ്കിൽ ചിലരുടെ പേർ പറഞ്ഞുകൊണ്ടുതന്നെ. അവരുടെ പീഡനം നമ്മെ അഗാധമായി ബാധിക്കുന്നു, അവർക്കുവേണ്ടിയുള്ള നമ്മുടെ ആത്മാർത്ഥമായ അപേക്ഷകൾ യഹോവ കേൾക്കുന്നു. (സങ്കീർത്തനം 65:2; എഫേസ്യർ 6:17-20) നാം ഒരേ തടവറയിലല്ലാതിരിക്കെ, നാം അവരോടുകൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെയും സഹായവും പ്രോൽസാഹനവും കൊടുക്കാൻ പ്രാപ്തരായിരിക്കുന്നതുപോലെയുമാണ്. ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികൾ തീർച്ചയായും ദുഷ്പെരുമാററത്തിനു വിധേയരാകുന്ന അഭിഷിക്തരോട് സഹതപിക്കുന്നു. (1 കൊരിന്ത്യർ 12:19-26 താരതമ്യപ്പെടുത്തുക.) ഇവർക്ക് ഭൗമികപ്രത്യാശകളോടുകൂടിയ തങ്ങളുടെ പീഡിതകൂട്ടാളികളോട് സമാനമായ താല്പര്യമുണ്ട്. അവരും പീഡകരുടെ കൈകളാൽ പലതരം ദുഷ്പെരുമാററങ്ങൾക്കു വിധേയരാകുന്നുണ്ട്. അങ്ങനെയുള്ള സഹതാപം ഉചിതമാണ്, കാരണം നമ്മളെല്ലാം ഇപ്പോഴും ഒരു മാനുഷശരീരത്തിലാണ്, യഹോവയുടെ ആരാധകരെന്ന നിലയിൽ കഷ്ടപ്പാടിനും പീഡനത്തിനും വിധേയരാകാൻ ബാധ്യസ്തരുമാണ്.—1 പത്രോസ് 5:6-11.
വിവാഹം മാന്യമായിരിക്കണം
13. ചുരുക്കത്തിൽ, എബ്രായർ 13:4-ൽ പൗലോസ് എന്തു പറഞ്ഞു?
13 ക്രിസ്തുവിന്റെ മാതൃക പിൻപററുന്നതും ‘ദൈവികഭയാദരങ്ങളോടെ യഹോവക്കു വിശുദ്ധസേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതും’ പല വിധങ്ങളിൽ മററുള്ളവരോടുള്ള നമ്മുടെ താല്പര്യത്തെ ബാധിക്കണം. “നിങ്ങൾതന്നെയും ഇപ്പോഴും ഒരു ശരീരത്തിലിരിക്കുന്നു”വെന്നു പറഞ്ഞ സ്ഥിതിക്ക് പൗലോസ് മററുള്ളവരോട് ഉചിതമായ ആദരവു കാട്ടുന്നതിനുള്ള ഒരു അവസരം പ്രദാനംചെയ്ത ഒരു ശാരീരികവശത്തോടുകൂടിയ ഒരു ബന്ധത്തെ സൂചിപ്പിച്ചു. (എബ്രായർ 13:3) അവൻ എബ്രായക്രിസ്ത്യാനികൾക്ക് ഈ ഉദ്ബോധനം കൊടുത്തു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവം ദുർവൃത്തരെയും വ്യഭിചാരികളെയും ന്യായം വിധിക്കും.” (എബ്രായർ 13:4) റോമൻ സാമ്രാജ്യത്തിൽ ലൈംഗികദുർമ്മാർഗ്ഗം പ്രബലപ്പെട്ടിരുന്നതുകൊണ്ട് ഈ ബുദ്ധിയുപദേശം എത്ര സമുചിതമാണ്! ലോകത്തിന്റെ അധഃപതിച്ച ധാർമ്മികനിലവാരത്തിന്റെയും ലൈംഗികദുർമ്മാർഗ്ഗംനിമിത്തം ഓരോ വർഷവും ആയിരക്കണക്കിനാളുകൾ സഭയിൽനിന്നു പുറത്താക്കപ്പെടുന്നുവെന്ന വസ്തുതയുടെയും വീക്ഷണത്തിൽ ഇക്കാലത്തെ ക്രിസ്ത്യാനികൾക്കും ഈ വാക്കുകളനുസരിക്കേണ്ടതുണ്ട്.
14. വിവാഹം മാന്യമാണെന്നു നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
14 വിവാഹത്തിന് ഉയർന്ന മാന്യത കൊടുക്കാഞ്ഞവരിൽ പെട്ടവരായിരുന്നു പൗലോസിന്റെ കാലത്തെ എസ്സീൻസ്. അവർ സാധാരണയായി ബ്രഹ്മചാരികളായിരുന്നു, ദാമ്പത്യത്തെക്കാൾ വിശുദ്ധമാണ് ബ്രഹ്മചര്യമെന്ന് തെററായി കരുതുന്ന ഇന്നത്തെ വൈദികവൃത്തങ്ങളിലെ ചിലരെപ്പോലെതന്നെ. എന്നിരുന്നാലും, എബ്രായക്രിസ്ത്യാനികളോടു പൗലോസ് പറഞ്ഞതിലൂടെ അവൻ വിവാഹം മാന്യമാണെന്നു വ്യക്തമായി സൂചിപ്പിച്ചു. നവൊമി തന്റെ വിധവകളായ മരുമക്കളായിരുന്ന രൂത്തിനോടും ഓർപ്പയോടും ഈ ആഗ്രഹം പ്രകടമാക്കിയപ്പോൾ അതിനോടുള്ള ഉയർന്ന ആദരവ് പ്രകടമായിരുന്നു: “യഹോവ നിങ്ങൾക്ക് ഒരു ദാനം നൽകട്ടെ, നിങ്ങളിൽ ഓരോരുത്തരും തന്റെ ഭർത്താവിന്റെ ഭവനത്തിൽ വിശ്രമസ്ഥലം കണ്ടെത്തട്ടെ.” (രൂത്ത് 1:9) മറെറാരിടത്ത്, ‘പിൽക്കാലഘട്ടങ്ങളിൽ ചിലർ വിവാഹം വിലക്കിക്കൊണ്ട് വിശ്വാസത്തിൽനിന്നു വീണുപോകും’ എന്ന് പൗലോസ്തന്നെ ചൂണ്ടിക്കാട്ടി.—1 തിമൊഥെയോസ് 4:1-5.
15. എബ്രായർ 13:4-ൽ ദുർവൃത്തരും വ്യഭിചാരികളും എന്നു വിളിക്കപ്പെടുന്നവർ ആരാണ്, ദൈവം അവരെ ന്യായം വിധിക്കുന്നതെങ്ങനെ?
15 ഒരിക്കൽ ന്യായപ്രമാണത്തിൻകീഴിലായിരുന്നിട്ട് പുതിയ നിയമത്തിലേക്ക് എടുക്കപ്പെട്ട എബ്രായർക്ക് “നിങ്ങൾ വ്യഭിചാരം ചെയ്യരുത്” എന്ന കല്പന അറിയാമായിരുന്നു. (പുറപ്പാട് 20:14) എന്നാൽ അവർ ഒരു അധാർമ്മികലോകത്തിലായിരുന്നു, ഈ മുന്നറിയിപ്പ് അവർക്കാവശ്യമായിരുന്നു: “വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവം ദുർവൃത്തരെയും വ്യഭിചാരികളെയും ന്യായംവിധിക്കും.” ദുർവൃത്തരിൽ ലൈംഗികബന്ധങ്ങളിലേർപ്പെടുന്ന അവിവാഹിതർ ഉൾപ്പെടുന്നു. വ്യഭിചാരികൾ വിശേഷാൽ തങ്ങളുടെ സ്വന്തം വിവാഹശയ്യയെ മലിനീകരിച്ചുകൊണ്ട് തങ്ങളുടെ ഇണകളല്ലാത്തവരുമായി വേഴ്ചയിലേർപ്പെടുന്ന വിവാഹിതരാണ്. അനുതാപമില്ലാത്ത ദുർവൃത്തർക്കും വ്യഭിചാരികൾക്കും ദൈവത്തിന്റെ പ്രതികൂലന്യായവിധി അർഹിക്കുന്നതുകൊണ്ട് അവർ പുതിയ സ്വർഗ്ഗീയ യരുശലേമിലേക്കു പ്രവേശിപ്പിക്കപ്പെടുകയോ രാജ്യഭരണത്തിൻകീഴിൽ ഭൂമിയിലെ നിത്യജീവൻ ആസ്വദിക്കുകയോ ചെയ്യുകയില്ല. (വെളിപ്പാട് 21:1, 2, 8; 1 കൊരിന്ത്യർ 6:9, 10) വിവാഹശയ്യയെ മലിനീകരിക്കരുതെന്നുള്ള ഈ മുന്നറിയിപ്പ് തങ്ങളുടെ ഇണകളുമായുള്ള മലിന ലൈംഗികപെരുമാററം വിവാഹിതക്രിസ്ത്യാനികൾ ഒഴിവാക്കാനിടയാക്കേണ്ടതുമാണ്, എന്നാൽ ദാമ്പത്യബന്ധത്തിനുള്ളിലെ ഉചിതമായ ശാരീരിക അടുപ്പങ്ങൾ സംബന്ധിച്ച് യാതൊരു അശുദ്ധിയുമില്ല.—1983 മാർച്ച് 15-ലെ വാച്ച്ററവർ കാണുക, പേജുകൾ 27-31.
ഇപ്പോഴുള്ള വസ്തുക്കളിൽ തൃപതിപ്പെടുക
16, 17. എബ്രായർ 13:5-ൽ എന്തു പറയപ്പെട്ടു, എബ്രായർക്ക് ഈ ബുദ്ധിയുപദേശം ആവശ്യമായിരുന്നതെന്തുകൊണ്ട്?
16 യഹോവ നമ്മുടെ സഹായി ആണെന്നുള്ള ഉറപ്പോടെ നാം നമ്മുടെ മാതൃകാ പുരുഷനെ അനുഗമിക്കുകയും ‘ദൈവികഭയാദരങ്ങളോടെ വിശുദ്ധസേവനമർപ്പിക്കുകയും’ ചെയ്യുന്നുവെങ്കിൽ നാം തൃപ്തരാകും. ഭൗതികത്വവ്യാപാരങ്ങളിൽ ആഴത്തിൽ ഉൾപ്പെടുന്നത് വലിയ ഒരു പ്രലോഭനമായിരിക്കാൻ കഴിയും. എന്നാൽ ക്രിസ്ത്യാനികൾ അതിനു വഴിപ്പെടരുത്. എബ്രായരോട് ഇങ്ങനെ പറയപ്പെട്ടു: “നിങ്ങൾ ഇപ്പോഴുള്ള വസ്തുക്കളിൽ തൃപ്തരായിരിക്കെ നിങ്ങളുടെ ജീവിതരീതി പണസ്നേഹത്തിൽനിന്ന് വിമുക്തമായിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ, ‘ഞാൻ യാതൊരു പ്രകാരത്തിലും നിങ്ങളെ കൈവിടുകയോ നിങ്ങളെ ഉപേക്ഷിക്കുകയോ ഇല്ല’ എന്ന് അവൻ പറഞ്ഞിരിക്കുന്നു.” (എബ്രായർ 13:5) എബ്രായർക്ക് ഈ ബുദ്ധിയുപദേശമാവശ്യമായിരുന്നതെന്തുകൊണ്ട്?
17 ഒരുപക്ഷേ എബ്രായർ ക്ലൗദ്യോസ് കൈസറിന്റെ വാഴ്ചക്കാലത്തെ (ക്രി.വ. 41-54) “വലിയ ക്ഷാമം” ഓർത്തതുകൊണ്ട് അവർ പണത്തെക്കുറിച്ച് അമിതമായ വിചാരമുള്ളവരായിരുന്നു. ആ ക്ഷാമം വളരെ രൂക്ഷമായിരുന്നതുകൊണ്ട് യഹൂദ്യയിലെ തങ്ങളുടെ സഹോദരങ്ങൾക്ക് മററുള്ളിടങ്ങളിലെ ക്രിസ്ത്യാനികൾ ദുരിതാശ്വാസം അയച്ചുകൊടുത്തു. (പ്രവൃത്തികൾ 11:8, 29) യഹൂദചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച് ക്ഷാമം മൂന്നോ അധികമോ വർഷം നീണ്ടുനിന്നു, യഹൂദ്യയിലും യരുശലേമിലും ഞെരുക്കുന്ന ദാരിദ്ര്യം വരുത്തിക്കൂട്ടുകയുംചെയ്തു.—യഹൂദൻമാരുടെ പുരാതനത്വങ്ങൾ, XX, 2, 5; 5, 2.
18. എബ്രായർ 13:5-ലെ ബുദ്ധിയുപദേശം നമുക്ക് എന്തു പാഠം നൽകുന്നു?
18 ഇവിടെ നമുക്ക് ഒരു പാഠമുണ്ടോ? ഉവ്വ്, നാം എത്ര ദരിദ്രരായാലും നാം പണത്തെ സ്നേഹിക്കുകയോ അതുസംബന്ധിച്ചു അമിതമായി ഉത്ക്കണ്ഠപ്പെടുകയോ ചെയ്യരുത്. ഒരുപക്ഷേ അത്യാഗ്രഹം പൂണ്ടുപോലും ഭൗതികസുരക്തിതത്ത്വത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നതിനുപകരം, “നാം ഇപ്പോഴുള്ള വസ്തുക്കളിൽ തൃപ്തരായിരിക്കണം.” യേശു പറഞ്ഞു: “അപ്പോൾ, രാജ്യവും [ദൈവത്തിന്റെ] നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, ഈ മററു വസ്തുക്കളെല്ലാം നിങ്ങൾക്ക് കൂട്ടപ്പെടും” എന്ന് യേശു പറഞ്ഞു. (മത്തായി 6:25-34) ‘നമ്മുടെ ജീവൻ നമ്മുടെ സ്വത്തുക്കളിൽനിന്ന് കൈവരുന്നില്ലാ’ത്തതുകൊണ്ട് “ദൈവത്തിങ്കൽ സമ്പന്ന”നാകുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവൻ കാണിച്ചുതന്നു. (ലൂക്കോസ് 12:13-21) പണസ്നേഹം നമ്മുടെ ആത്മീയതയെ ഭീഷണിപ്പെടുത്തുന്നുവെങ്കിൽ, അപ്പോൾ, നമുക്ക് എബ്രായർക്കുള്ള പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കുകയും “സ്വയംപര്യാപ്തയോടുകൂടിയ ദൈവികഭക്തി” “വലിയ ആദായമാർഗ്ഗ”മാണെന്ന് ഓർക്കുകയും ചെയ്യാം.—1 തിമൊഥെയോസ് 6:6-8.
യഹോവയിൽ ആശ്രയിക്കുക
19. ദൈവം യോശുവായിക്ക് എന്തു ഉറപ്പു കൊടുത്തു, ഇതു നമ്മെ എങ്ങനെ ബാധിക്കണം?
19 ‘ദൈവികഭയാദരങ്ങളോടെ വിശുദ്ധസേവനമർപ്പിക്കാൻ’ ശ്രമിക്കുന്ന യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ നാം പണത്തിലല്ല, നമ്മുടെ സ്വർഗ്ഗീയപിതാവിൽ ആശ്രയം വെക്കേണ്ടതാണ്, അവന്റെ സഹായം മർമ്മപ്രധാനമാണ്. നാം എന്തു പ്രശ്നങ്ങളെ അഭിമുഖീകരിച്ചാലും “ഞാൻ യാതൊരു പ്രകാരത്തിലും നിന്നെ കൈവിടുകയോ ഏതെങ്കിലും പ്രകാരത്തിൽ ഉപേക്ഷിക്കുകയോ ഇല്ല” എന്ന അവന്റെ ഉറപ്പ് ഓർക്കണം. (എബ്രായർ 13:5) ഇവിടെ പൗലോസ് യോശുവയോടുള്ള ദൈവത്തിന്റെ വാക്കുകളെയാണ് പരാമർശിക്കുന്നത്: “ഞാൻ നിന്നെ ഉപേക്ഷിക്കുകയോ മുഴുവനായി കൈവിടുകയോ ഇല്ല.” (യോശുവാ 1:5; ആവർത്തനം 31:6, 8 താരതമ്യപ്പെടുത്തുക.) യഹോവ ഒരിക്കലും യോശുവയെ ഉപേക്ഷിച്ചുകളഞ്ഞില്ല, നാം അവനിൽ ആശ്രയിക്കുന്നുവെങ്കിൽ നമ്മെയും അവൻ ഉപേക്ഷിക്കുകയില്ല.
20. (എ) 1990-ലെ വാർഷികവാക്യം എന്താണ്? (ബി) നാം നിർഭയം എന്തുചെയ്യുന്നതിൽ തുടരണം?
20 ഭാവിമാസങ്ങളിൽ യഹോവയുടെ സാക്ഷികളുടെ ഇടയിൽ ദൈവത്തിന്റെ നിലച്ചുപോകാത്ത സഹായം ദൃഢീകരിക്കപ്പെടും, എന്തുകൊണ്ടെന്നാൽ അവരുടെ 1990-ലെ വാർഷികവാക്യം ഇങ്ങനെയാണ് വായിക്കപ്പെടുന്നത്: “നല്ല ധൈര്യശാലിയായി ‘യഹോവ എന്റെ സഹായി ആകുന്നു’ എന്നു പറയുക.” ഈ വാക്കുകൾ എബ്രായർ 13:6-ലാണ് കാണപ്പെടുന്നത്, അവിടെ പൗലോസ് സങ്കീർത്തനക്കാരനെ ഉദ്ധരിക്കുകയും എബ്രായരോട് ഇങ്ങനെ പറയുകയുംചെയ്തു: “നല്ല ധൈര്യശാലിയായി ‘യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും’ എന്നു പറയുക.” (സങ്കീർത്തനം 118:6) പീഡിപ്പിക്കപ്പെട്ടാലും നമുക്ക് ഭയമില്ല, എന്തുകൊണ്ടെന്നാൽ ദൈവം അനുവദിക്കുന്നതിനെക്കാൾ കൂടുതൽ മനുഷ്യർക്കു ചെയ്യാൻ കഴികയില്ല. (സങ്കീർത്തനം 27:1) നാം നിർമ്മലതാപാലകരെന്ന നിലയിൽ മരിക്കേണ്ടിവന്നാലും നമുക്ക് പുനരുത്ഥാനപ്രത്യാശയുണ്ട്. (പ്രവൃത്തികൾ 24:15) അതുകൊണ്ട് യഹോവ നമ്മുടെ സഹായി ആണെന്നുള്ള വിശ്വാസത്തോടെ ‘ദൈവികഭയാദരങ്ങളോടെ വിശുദ്ധസേവനമർപ്പിക്കുന്നതിൽ’ നമ്മുടെ മാതൃകാപുരുഷനെ അനുഗമിക്കുന്നതിൽ നമുക്കു തുടരാം. (w89 12/15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ എബ്രായക്രിസ്ത്യാനികൾക്ക് യഹോവയുടെ സഹായം വിശേഷാൽ ആവശ്യമായിരുന്നതെന്തുകൊണ്ട്?
◻ യഹോവയുടെ ജനം ‘തങ്ങളുടെ സഹോദരസ്നേഹം തുടരാൻ അനുവദിച്ചിരിക്കുന്ന’തെങ്ങനെ?
◻ അതിഥിപ്രിയരായിരിക്കേണ്ടതെന്തുകൊണ്ട്?
◻ ദുഷ്പെരുമാററമനുഭവിക്കുന്ന ക്രിസ്ത്യാനികളെ നാം ഓർക്കുന്നുവെന്ന് പ്രകടമാക്കാൻ നമുക്കെന്തു ചെയ്യാൻ കഴിയും?
◻ വിവാഹം മാന്യമായി സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?